അടുത്ത നിമിഷം അതിശക്തമായ ഒരിടി മുഴങ്ങി.കുറുനരികൾ കൂട്ടമായി ഓരിയിട്ടു.
നിഗൂഡതകൾ ഒളിപ്പിച്ച് ശാന്തമായൊഴുകിയ വള്ളക്കടത്ത് പുഴ സംഹാര രുദ്രയെപ്പോലെ കുലംകുത്തിയൊഴുകി.
ചീറിയടിച്ച കൊടുങ്കാറ്റിൽ വൻമരങ്ങൾ പൊട്ടിച്ചിതറി.
പ്രക്ഷുബ്ധമായ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനിടയിലെവിടെ നിന്നോ സംഹാരരുദ്രന്റെ ആഘോര മന്ത്രങ്ങൾ ഒഴുകി വന്നു.
രുദ്രശങ്കരന്റെ കർണ്ണ ഞരമ്പ് പൊട്ടിക്കാൻ വെമ്പൽ കൊണ്ട ശ്രീപാർവ്വതിയുടെ ചെവികളിൽ ഈയം ഉരുക്കി ഒഴിക്കും പോലെ അഘോര മന്ത്രം ഒഴുകിയിറങ്ങി.
അലറിക്കൊണ്ടവൾ രുദ്രനെ വിട്ട് പിന്നോട്ട് മാറി.വീണ്ടും അയാൾക്ക് നേരെ കുതിച്ചതും ആരോ എടുത്തെറിഞ്ഞ പോലെ രക്തദാഹിയായ ആ രക്ഷസ്സ് അകലേക്ക് തെറിച്ചു.
പകയോടെ അവൾ ചുറ്റും നോക്കി.ആരാത് അവൾ മുടിപടർത്തി രൗദ്ര ഭാവത്തിൽ അലറി.
അവളുടെ ചോദ്യത്തിന് ഉത്തരമെന്നോണം ഹര ഹര മഹാദേവാ എന്ന നാമം മാത്രം ഉയർന്നു.
താൽക്കാലികമായ പിന്മാറ്റമാണ് നല്ലതെന്ന ബോധം അവളെ രുദ്രനെ ഉപേക്ഷിച്ചു പോകാൻ തോന്നിപ്പിച്ചു.
നീ രക്ഷപെട്ടു എന്ന് കരുതണ്ടാ.മന്ത്ര ശക്തി നഷ്ട്ടമായ നിന്റെ അന്ത്യം എന്റെ കൈ കൊണ്ടാണ്.അവൾ ബോധം നശിച്ച് കിടക്കുന്ന രുദ്രനെ പകയോടെ നോക്കി.
ഇളകിയാടുന്ന മരക്കൂട്ടങ്ങൾക്കിടയിലൂടെ കടന്ന് വന്ന കോടമഞ്ഞിന്റെ അകമ്പടിയോടെ അവൾ എങ്ങോ മറഞ്ഞു.
രുദ്രാ….രുദ്ര ശങ്കരാ…. പതിഞ്ഞതും എന്നാൽ ആഞ്ജാശക്തിയുള്ളതുമായ ആ വിളി രുദ്രനെ ബോധതലത്തിലേക്ക് തിരിച്ചെത്തിച്ചു.
കണ്ണ് തുറന്ന അയാൾ ചാടിയെഴുന്നേറ്റു.അൽപ്പം മുൻപ് സംഭവിച്ച കാര്യങ്ങൾ അയാൾ ഓർത്തെടുത്തു.
ആരാണ് എന്നെ രക്ഷിച്ചത്.രുദ്രൻ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.
എന്റെ ആരാധനാ മൂർത്തികൾ പോലുമെന്നെ കൈവിട്ടപ്പോൾ ആരാണ് എന്നെ രക്ഷിച്ചത്.
അന്തരീക്ഷത്തിൽ ഉയർന്ന് പൊങ്ങിയ ഡമരു നാദമായിരുന്നു അയാൾക്കുള്ള മറുപടി.
ഡമരുവിന്റെ അഭൗമ നാദത്തിൽ പുറ്റുകളിൽ ഒളിച്ച സർപ്പങ്ങൾപ്പോലും മതി മറന്നു.
കുളത്തിലെ ഇരുണ്ട ജലത്തിൽ അന്തർദ്ധാനം ചെയ്ത നാഗങ്ങൾ കരയിൽ കയറി പത്തിവിരിച്ചാടി.
രൗദ്രഭാവത്തിൽ ഉറഞ്ഞു തുള്ളിയ മരങ്ങൾ ശാഖകൾ താഴ്ത്തി ആ നാദത്തിൽ ലയിച്ചു.
ഡമരു നാദം അടുത്ത് വന്നു. വള്ളിപ്പടർപ്പുകൾക്കിടയിലൂടെ ഉറച്ച കാലടികളോടെ നടന്നടുക്കുന്ന ആ മനുഷ്യനെ രുദ്രശങ്കരൻ സൂക്ഷിച്ചു നോക്കി.
നീണ്ട ദീക്ഷ,ജടകുത്തിയ മുടി ശിവ പെരുമാളിനെപ്പോലെ നിറുകയിൽ കെട്ടിയിരിക്കുന്നു.
കൈയ്യിൽ മന്ത്രച്ചരടുകൾ ബന്ധിച്ച ദണ്ഡ്.കഴുത്തിൽ തൂങ്ങിയാടുന്ന രുദ്രാക്ഷ മാലകൾ.മേലാസകലം ഭസ്മം പൂശിയിരിക്കുന്നു.
കണ്ണുകളിൽ അഗ്നി തോൽക്കുന്ന തിളക്കം.വലംകൈയ്യിൽ നാദ വിസ്മയം തീർക്കുന്ന ഡമരു.
രുദ്രശങ്കരന്റെ മനസ്സ് മാസങ്ങൾ പിന്നിലേക്ക് പാഞ്ഞു.ഒരു ഞെട്ടലോടെ അയാൾ ആ ഡമരുവിന്റെ അധിപനെ തിരിച്ചറിഞ്ഞു.സ്വാമി സിദ്ധവേധപരമേശ്.
കാശി യാത്രയിൽ താൻ ആക്ഷേപിച്ച് വിട്ട സ്വാമി സിദ്ധവേധപരമേശ് ഇന്നിവിടെ തനിക്ക് രക്ഷകനായിരിക്കുന്നു.
രുദ്രന്റെ മനസ്സിലേക്ക് ആ ദിനം ഓടിയെത്തി.കാശി യാത്രയുടെ മധ്യേയാണ് ആ അഘോരി സന്യാസി രുദ്രനെ കണ്ട് മുട്ടിയത്.
ചെറുപ്പക്കാരനായ രുദ്രശങ്കരനിൽ തെളിഞ്ഞു കണ്ട ഞ്ജാനഭാവവും മന്ത്രങ്ങളിലുള്ള അതീന്ത്രവഞ്ജാനവും ആ അഘോരിയെ രുദ്രനിലേക്ക് അടുപ്പിച്ചു.
മകനേ നിന്നിൽ ഞാൻ വളരെയധികം കഴിവുകൾ കാണുന്നു.നിനക്ക് ഞ്ജാനമില്ലാത്ത അഘോര മന്ത്രങ്ങൾ കൂടി അഭ്യസിക്കൂ.ഞാനവ നിനക്ക് പകർന്ന് നൽകാം.
എന്നാൽ ബ്രാഹ്‌മണനായ താൻ കേവലമൊരു അഘോരിയിൽ നിന്നും മന്ത്രം അഭ്യസിക്കുക എന്നത് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു രുദ്രന്.
അയാൾ ആ വൃദ്ധ സന്യാസിയെ തള്ളി മാറ്റി മുൻപോട്ട് നടന്നു.
രുദ്രാ ഇന്ന് നീ എന്നെ തള്ളിമാറ്റി.എല്ലാം തികഞ്ഞവനെന്ന നിന്റെ ഭാവം നിന്നെ അപകടത്തിലെത്തിക്കും.നിൽക്കൂ.
അഘോരിയുടെ വാക്കുകളെ ചിരിച്ചു തള്ളി രുദ്രൻ അകന്നു.
നനുത്തൊരു കാറ്റ് പോലെ രുദ്രാ എന്ന വിളി അയാളെ ചിന്തയിൽ നിന്നുണർത്തി.
തനിക്ക് മുൻപിൽ സാക്ഷാൽ ശ്രീപരമേശ്വരനെപ്പോലെ നിൽക്കുന്ന സ്വാമി സിദ്ധവേധപരമേശിനെ അയാൾ നിറഞ്ഞ കണ്ണുകളോടെ തൊഴുതു.
മുൻപിൽ നിൽക്കുന്ന ആ മഹാമനുഷ്യന്റെ കാൽക്കൽ സാഷ്ട്ടാംഗം പ്രണമിച്ചു കാളകെട്ടിയിലെ മഹാമാന്ത്രികൻ.
രുദ്രാ അന്ന് ഞാൻ നിന്നോട് പറഞ്ഞിരുന്നു നീ അപകടത്തിലാവുമെന്ന്.അന്ന് നീ അത് പുച്ഛിച്ചു.
തെറ്റ് ചെയ്തു കുട്ടീ നീ.എല്ലാം തികഞ്ഞവനെന്ന ഭാവം നിന്നെയിന്ന് ഒന്നുമില്ലാത്തവനാക്കിയല്ലോ.
അമിതാവേശത്തിൽ ഈ ശാപമണ്ണിൽ കാൽ കുത്തിയപ്പോൾ നീ ഒന്ന് മറന്നു.
ജന്മനക്ഷത്രത്തിൽ ബലിക്കല്ലിൽ തലയിടിച്ച് മരിച്ച കന്യകയുടെ രക്തത്താൽ കളങ്കിതമായ മണ്ണിലാണ് നീ കാൽ കുത്തിയത്.
ബ്രാഹ്മണനായ മാന്ത്രികൻ ദുർമരണം നടന്ന മണ്ണിൽ കാൽ വച്ചാൽ അവന്റെ സിദ്ധികൾ നഷ്ടമാവുമെന്നത് നീ ഓർക്കാതെ പോയി.
മടങ്ങൂ.ഏഴ് നാൾ അടച്ചിട്ട അറയിൽ തീർത്ഥ സേവ മാത്രം ചെയ്ത് നഷ്ട്ടമായ സിദ്ധികൾ വീണ്ടെടുക്കൂ.പോകൂ.മഹാദേവൻ അനുഗ്രഹിക്കട്ടെ.ഹര ഹര മഹാദേവാ.
അഹങ്കാരത്തിന്റെ അന്ധതയിൽ സർവ്വസിദ്ധിയും നഷ്ട്ടമായ രുദ്രശങ്കരൻ തല കുനിച്ച് നടന്നകന്നു.
************************************
രാഘവന്റെ വരവോടെ ദേവകിയമ്മയുടെ മരണമേൽപ്പിച്ച ആഘാതം കൃഷ്ണ മേനോനിൽ നിന്നും വിട്ടകന്നിരുന്നു.
അഭിമന്യു ശങ്കര നാരായണ തന്ത്രിയുടെ മടങ്ങിവരവ് കണക്ക് കൂട്ടി കാത്തിരുന്നു.
ലക്ഷ്മിയുടെ സഹായത്തിന് വന്ന അമ്മാളുവിന്റെ സൗന്ദര്യത്തിൽ മയങ്ങിയ രാഘവൻ അവളെ കീഴ്പ്പെടുത്താനുള്ള വഴികൾ നോക്കാൻ തുടങ്ങി.
കുമാരാ… രാഘവന്റെ ഉറക്കെയുള്ള വിളി കേട്ട കുമാരൻ ഓടിയെത്തി.ന്താ രാഘവാ എന്തിനാ ഇങ്ങനെ ഒച്ചയുയർത്തുന്നെ.
കുമാരാ ആ പെണ്ണ് അവളൊരു അപ്സരസ് ആണല്ലോ.എവിടുന്ന് ഒപ്പിച്ചു.
അയാൾ തൊടിയിൽ പുല്ല് അരിയുന്ന അമ്മാളുവിനെ ചൂണ്ടി ഒരു വഷളൻ ചിരിയോടെ ചോദിച്ചു.
മ്മ്മ്.വന്ന അന്ന് മുതൽ ഞാൻ കാണുന്നുണ്ട് നിന്റെയീ കണ്ണ് കൊണ്ടുള്ള ഉഴിച്ചിൽ.
അതൊരു പാവം പെണ്ണ് ആടോ.അതിനെ വിട്ടേക്ക്.ആരോരും ഇല്ലാത്ത ഒന്നാ.കുമാരനിൽ സഹതാപം നിറഞ്ഞു.
യ്യോ.തനിക്ക് എന്താ ഇത്രയും സഹതാപം.ആരോരും ഇല്ലാത്ത അവൾക്ക് ഞാനൊരു ജീവിതം കൊടുക്കാം.ന്താ.
ഞാൻ പോകുമ്പോൾ അവളെ കൂടെ വിട്ടേ.അവള് വിചാരിച്ചാൽ ലക്ഷങ്ങൾ ഉണ്ടാക്കാം.കിളുന്ത് പെണ്ണിന് ആളുകൾ പറയുന്നത് കൊടുക്കും.
രാഘവൻ ഉറക്കെ ചിരിച്ചു.അയാളിൽ കാമപിശാചിന്റെ ബാധ കൂടിയ പോലെ കുമാരന് തോന്നി.അയാൾ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു.
രാഘവൻ വീണ്ടും തന്റെ കഴുകാൻ കണ്ണുകളാൽ അമ്മാളുവിനെ നോക്കിയിരുന്നു.കുനിഞ്ഞു നിന്ന് പുല്ല് ചെത്തുന്ന അവളുടെ മാറിടങ്ങളിലേക്ക് അയാളുടെ നോട്ടം ചൂഴ്ന്നിറങ്ങി.
അമ്മാളു… ഉച്ചത്തിലുള്ള വിളി കേട്ട അമ്മാളു ഞെട്ടി.രാഘവനും പെട്ടന്ന് തലയുയർത്തി.അടികൊണ്ടത് പോലെ അയാളുടെ മുഖം വിളറി.
ലക്ഷ്മി തന്നെ തന്നെ തുറിച്ചു നോക്കുന്നു.അവളുടെ തീഷ്ണത നിറഞ്ഞ നോട്ടം സഹിക്കാൻ സാധിക്കാതെ അയാൾ തല താഴ്ത്തി അവിടെ നിന്നും മടങ്ങി.
നാശം അവൾക്ക് വരാൻ കണ്ട നേരം.രാഘവൻ നിരാശയോടെ മുഷ്ടി ചുരുട്ടി കട്ടിളയിൽ ആഞ്ഞിടിച്ചു.
ഇവളെ ഒതുക്കണം ഇല്ലെങ്കിൽ എന്റെ പ്ലാൻ നടക്കില്ല.മ്മ്മ് അവസരം വരട്ടെ.
അയാൾ മനസ്സിൽ പറഞ്ഞു.
കാളകെട്ടിയിൽ മടങ്ങിയെത്തിയ ശങ്കര നാരായണ തന്ത്രികൾക്ക് മകന് സംഭവിച്ച ദുരവസ്ഥ വിശ്വസിക്കാൻ സാധിച്ചില്ല.
ഏഴ് ദിവസമെന്ന കണക്ക് ശങ്കര നാരായണ തന്ത്രികളുടെ മനസ്സിനെ വല്ലാതെ മഥിച്ചു.
ഉണ്ണീ കൃഷ്ണ മേനോൻ എത്ര ദുഷ്ടൻ ആണെങ്കിലും അയാളെ രക്ഷിക്കാം എന്ന് ഞാൻ വാക്ക് കൊടുത്തതാണ്.
കാളകെട്ടിയിലെ മാന്ത്രികന്മാർ കൊടുത്ത വാക്കിന് വിലകല്പിക്കുന്നവരാണ്.എന്ത് വില കൊടുത്തും അവളെ ബന്ധിക്കണം.
ഇപ്പോൾ തന്നെ വേണ്ട ഒരുക്കങ്ങൾ ചെയ്തോളൂ.അയാൾ മകനെ നോക്കി.
മ്മ്മ്.അതിന് മുൻപ് എനിക്ക് മറ്റൊരാളെ കാണണം അച്ഛാ.അയാൾക്ക് നമ്മെ സഹായിക്കാൻ സാധിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു.
അതാരാ ഉണ്ണീ നിന്നെക്കാൾ വലിയൊരാൾ.തന്ത്രിയുടെ നെറ്റി ചുളിഞ്ഞു.
സ്വാമി സിദ്ധവേധപരമേശ് കാശി യാത്രയിൽ ഞാൻ കണ്ട് മുട്ടിയ അഘോരി സന്യാസി.
ഇന്ന് അദ്ദേഹത്തിന്റെ കരുണ കൊണ്ടാണ് ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ.എനിക്ക് അദ്ദേഹത്തെ കാണണം.രുദ്രശങ്കരൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
നല്ലത്.ഉണ്ണീ വിദ്യയും മന്ത്രവും പകരുന്നത് ആര് ആർക്ക് എന്നതിൽ പ്രസക്തിയില്ല.നല്ല കാര്യങ്ങൾ ആരിൽ നിന്നും അഭ്യസിക്കാം.
നിന്റെ ലക്ഷ്യം പൂർണ്ണമാക്കുവാൻ ഞാൻ അമ്മ മഹാമായയോട് അഭ്യർത്ഥിക്കാം.ഇപ്പോൾ തന്നെ യാത്രയായിക്കോളൂ.
രുദ്രശങ്കരൻ ശങ്കര നാരായണ തന്ത്രിയുടെ കാൽ തൊട്ട് തൊഴുതു.
വിജയീ ഭവ.ആ വയോവൃദ്ധൻ രുദ്രന്റെ തലയ്ക്ക് മുകളിൽ ഇരു കാര്യങ്ങളും ഉയർത്തി അനുഗ്രഹിച്ചു.
അച്ഛന്റെ അനുഗ്രവും നേടി തേവാര മൂർത്തികളെ തൊഴുത് സ്വാമി സിദ്ധവേധപരമേശിനെ തേടി രുദ്രൻ യാത്ര തിരിച്ചു.