രക്തരക്ഷസ്സ് 1

രക്തരക്ഷസ്സ് 1
Raktharakshassu Part 1 bY അഖിലേഷ് പരമേശ്വർ

ഉണ്ണീ യാത്രാ ക്ഷീണം മാറിയെങ്കിൽ എഴുന്നേറ്റ് കുളിക്കാൻ നോക്ക് , പടിഞ്ഞാറ്റയിൽ ഇരുട്ട് കയറി. വല്യമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് അഭി ചാടി എഴുന്നേറ്റ് ക്ലോക്ക്‌ നോക്കി, സമയം 6 കഴിഞ്ഞു..
സോപ്പും, മാറ്റും എടുത്തു പുഴയിലേക്ക് നടന്നു. വഴിയിൽ ഇരുട്ട് വീണു തുടങ്ങി, ഇപ്പോൾ നേരത്തെ സന്ധ്യയാവുന്നു. ഇരു കരയും നിറഞ്ഞു നിന്നിരുന്ന പുഴ മെലിഞ്ഞു തുടങ്ങിയിരിക്കുന്നു. പുഴയിലേക്ക് കാൽ നീട്ടിയതും ആരോ വെള്ളത്തിൽ നിന്ന് പൊങ്ങിയതും ഒന്നിച്ച്… ഞെട്ടി പിന്നോട്ട് മാറിയ അഭി മുന്നോട്ടു നോക്കി വെണ്ണക്കൽ കടഞ്ഞ പോലെ ഒരു പെണ്ണ്.
ആരാ, എന്താ തുറിച്ചു നോക്കണേ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ?? കണ്ടിട്ടുണ്ടോ ചോദിച്ചാൽ ഇത് പോലെ ഒന്നിനെ ആദ്യം കാണുവാ..ചെറു ചിരിയോടെ അഭി പറഞ്ഞു.. ഹും വഷളൻ! ഇത് സ്ത്രീകൾ കുളിക്കണ കടവാ അറിയോ?.
അതിനു പുറത്ത് ബോർഡ് കണ്ടില്ല അഭി പിന്നെയും ചിരിച്ചു. നല്ല അടി കിട്ടുമ്പോൾ കാണും അത്രെയും പറഞ്ഞു കൊണ്ട് ഒതുക്കു കല്ലിൽ ഇരുന്ന തുണിയും വാരി എടുത്ത് അവൾ ഓടി അകന്നു. അവളുടെ അഴിഞ്ഞു കിടക്കുന്ന ഇടതൂർന്ന മുടിയിൽ നിന്നും ജല കണികകൾ ഒഴുകി വീഴുന്നത് നോക്കി ചെറു ചിരിയോടെ തല കുടഞ്ഞു കൊണ്ട് അഭി പുഴയിലേക്ക് ഇറങ്ങി മുങ്ങി നിവർന്നു. കുളി കഴിഞ്ഞു തിരിച്ചു നടക്കുമ്പോൾ അവളെക്കുറിച്ച് മാത്രമായിരുന്നു അഭിയുടെ ചിന്ത. തൽക്കാലം ഒന്നും ആരും അറിയണ്ട, നാളെ എന്തായാലും അവൾ ആരാണ് എന്ന് അറിയണം.
പിറ്റേന്ന് രാവിലെ തന്നെ അഭി വീട്ടിൽ നിന്നിറങ്ങി.. വിളഞ്ഞു കിടക്കുന്ന പാടങ്ങൾ കടന്ന് പുഴയോരത്തെ ആലിന്റെ ചുവട്ടിൽ ഇരുന്നു. എന്താ പകൽ കിനാവ് കാണുവാ?? ചോദ്യം കേട്ട ദിശയിലേക്ക് അഭി എത്തി നോക്കി. അത്ഭുതവും സന്തോഷവും അയാളുടെ മുഖത്ത് മിന്നി മാഞ്ഞു. ഇന്നലെ പുഴയിൽ കണ്ട സുന്ദരി. ഹാഫ് സാരിയുടുത്ത് നെറ്റിയിൽ ചന്ദനക്കുറി അണിഞ്ഞു നിൽക്കുന്നു. കൈയ്യിലെ തൂശനില അഭിക്ക് നേരെ അവൾ നീട്ടി ദേവീ ക്ഷേത്രത്തിലെ പ്രസാദാ. ഇവിടെ ഏതാ ക്ഷേത്രം, ചന്ദനം എടുത്ത് തൊട്ടുകൊണ്ട് അഭി ചോദിച്ചു.. അതാ ആ കാണുന്നെ തന്നെ അവൾ കൈ ചൂണ്ടിയിടത്തേക്ക് അഭി നോക്കി,അൽപ്പം അകലെ ഒരു ക്ഷേത്രം, കാലപ്പഴക്കം കൊണ്ടാവാം ചുറ്റുമതിൽ ഇടിഞ്ഞു വീണിട്ടുണ്ട്. അകത്തെ കൽവിളക്കിൽ കത്തി നിൽക്കുന്ന തിരികൾ ഇളം കാറ്റിൽ പാളുന്നു. അഭി മൂക്ക് വിടർത്തി ശ്വാസം ആഞ്ഞു വലിച്ചു. അന്തരീക്ഷത്തിൽ പാലപ്പൂവിന്റെ മണം നിറഞ്ഞു നിൽക്കുന്നു. ഇപ്പൊ പാല പൂക്കുന്ന സമയമാണോ അയാൾ ചിന്തിച്ചു.

അല്ല മാഷിനെ മുൻപ് ഇവിടെ കണ്ടിട്ടില്ല്യ ലൊ എവിടുന്നാ? അവളുടെ ചോദ്യം അഭിയെ ചിന്തയിൽ നിന്നുണർത്തി.

ഞാൻ അഭിമന്യു, അഭിന്ന് വിളിക്കും ഇവിടെ മംഗലത്ത് തറവാട്ടിൽ ആണ് താമസം, മംഗലത്ത് ദേവകി അമ്മയുടെയും കൃഷ്ണ മേനോന്റെയും കൊച്ചു മകൻ ആണ്. ജോലി കൊൽക്കത്തയിൽ. അല്ല ടീച്ചർ ആരാണ്..
എന്താ കളിയാക്കാ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ ചോദിച്ചു.. യ്യോ അല്ലെ അല്ല അഭി കൈ തൊഴുതു. മ്മ് എന്റെ പേര് ശ്രീപാർവതി വാര്യർ. അച്ഛൻ ആ ക്ഷേത്രത്തിലെ കഴകക്കാരനാണ്,കൃഷ്ണ വാര്യർ. അവൾ അത് പറഞ്ഞതും കിഴക്കൻ കാറ്റ് ആഞ്ഞു വീശി. പറന്നുയർന്ന പൊടിയും കരികിലയും അഭിയുടെ കാഴ്ച മറച്ചു. കാറ്റ് അടങ്ങിയപ്പോൾ പാർവതി നിന്നിടം ശൂന്യമായിരുന്നു.

വീട്ടിൽ എത്തിയ പാടെ അഭി ദേവകി അമ്മ എന്തോ വായിച്ചു കൊണ്ട്
കസേരയിൽ ഇരിക്കുന്നത് കണ്ട് അങ്ങോട്ട്‌ ചെന്നു, ഒരു കസേര വലിച്ച് അടുത്തിരുന്നു,വല്യമ്മേ… മ്മ് ദേവകി അമ്മ പുസ്തകത്തിൽ നിന്ന് മുഖം ഉയർത്താതെ ഒന്ന് മൂളി.
ഞാൻ ഇന്ന് ഒരു പെൺ കുട്ടിയെ കണ്ടു. പെണ്ണ് ന്ന് പറഞ്ഞാൽ ശരിക്കും ദേവത.. ഓഹോ ന്നിട്ട് ദേവകി അമ്മ പുസ്തകം മടക്കി മുഖം ഉയർത്തി. പേര് പോലെ തന്നെ നല്ല ശ്രീത്വം ഉള്ള മുഖം.
മ്മ്, അവർ കൊച്ചുമകനെ തന്നെ നോക്കിയിരുന്നു.

കുറച്ചു നേരം മിണ്ടി. വീട് എവിടാണ്? ചോദിച്ചോ.
അയ്യോ അതില്യ പക്ഷെ വാര്യരുടെ മോളാ എന്ന് പറഞ്ഞു. ഏത് വാര്യരുടെ ദേവകി അമ്മയുടെ നെറ്റി ചുളിഞ്ഞു. വിയർപ്പു കണങ്ങൾ പതുക്കെ ഒഴുകി ഇറങ്ങാൻ തുടങ്ങി.

ഒരു ‘കൃഷ്ണ വാര്യർ’ പുഴയുടെ ഓരത്തുളള അമ്പലത്തിലെ കഴകക്കാരനാണ് എന്നാ പറഞ്ഞെ. ആ കുട്ടീടെ പേര് ശ്രീപാർവതി. അഭി അത് പറഞ്ഞതും തൊടിയിൽ എന്തോ വലിയ ശബ്ദത്തോടെ ഒടിഞ്ഞു വീണു. ഒപ്പം കാര്യസ്ഥൻ കുമാരേട്ടന്റെ ഭയന്നുള്ള ശബ്ദവും. ഇതിപ്പോ എന്താ ഒരു കാറ്റ് പോലും ഇല്ലാതെ മൂവാണ്ടൻ ഒടിഞ്ഞു വീണേ. അത് വല്ല കേടും ആയിരിക്കും അഭി പറഞ്ഞു. പക്ഷെ ദേവകി അമ്മയുടെ ഉള്ളിൽ ഭയത്തിന്റെ തിരിക്ക് തീ പിടിച്ചിരുന്നു. അമ്മ എന്തെ മിണ്ടാത്തത്. അഭിയുടെ ചോദ്യം അവർ കേട്ടില്ല എന്ന് നടിച്ചു കൊണ്ട് എഴുന്നേറ്റ് നടന്നു. അൽപ്പം നീങ്ങിയിട്ട് തിരിഞ്ഞു നിന്ന് അവർ അഭിയെ നോക്കി, ഉണ്ണീ സന്ധ്യ മയങ്ങിയാൽ പിന്നെ കറക്കം ഒന്നും വേണ്ട. ഈ മണ്ണിന് ഒരു ശാപമുണ്ട്, ഓർമ്മ വച്ചോളൂ കണ്ണൊണ്ട് കാണുന്നതും വാക്കിനാൽ കേൾക്കുന്നതും എല്ലാം സത്യാവില്ല്യ.

അഭിക്ക് ഒന്നും മനസ്സിലായില്ല. എന്ത് ശാപം? അത് പറയൂ വല്യമ്മേ. ദേവകിയമ്മ അതിനും മറുപടി പറഞ്ഞില്ല. അൽപ്പം നിരാശയോടെ അഭി കാര്യസ്ഥനെ നോക്കി കുമാരേട്ടാ എന്താ ആ ശാപം. എന്റെ കുഞ്ഞേ എന്നോട് ഒന്നും ചോദിക്കല്ലേ നിക്ക് ഒന്നും അറിയില്ല.

പോട്ടെ പറയണ്ട നമുക്ക് ആ കുട്ടി പറഞ്ഞ ക്ഷേത്രത്തിൽ ഒന്ന് പോണം, ഏത് ക്ഷേത്രത്തിൽ കുമാരൻ ചോദ്യ ഭാവത്തിൽ നോക്കി ? ആ ദേവി ക്ഷേത്രത്തിൽ അഭി പറഞ്ഞു.

കുട്ടീ അതിനു ആ ക്ഷേത്രത്തിൽ ഒരു തിരി തെളിഞ്ഞിട്ട് കാലങ്ങൾ ആയിരിക്കുന്നു. ദേവി എന്നേ അവിടം വിട്ടു പോയി. ഇന്നത് കാട് മൂടി പൊളിഞ്ഞു തുടങ്ങി.അവിടെ എന്തിനാ പോണേ? അവിടേക്ക് അറിയാതെ പോലും കടക്കരുത്. അത് പറയുമ്പോൾ അയാളുടെ മുഖത്ത് തെളിഞ്ഞ ഭയം അഭി ശ്രദ്ധിച്ചു. കാര്യസ്ഥൻ പറഞ്ഞ ഒരു കാര്യം അപ്പോഴും അഭിമന്യുവിനെ വല്ലാതെ അലട്ടി.
#*തുടരും..