രക്തരക്ഷസ്സ് 2

രക്തരക്ഷസ്സ് 2
Raktharakshassu Part 2 bY അഖിലേഷ് പരമേശ്വർ
previous Parts

ക്ഷേത്രത്തിൽ വിളക്ക് തെളിക്കാറില്ല എങ്കിൽ പിന്നെ എങ്ങനെയാണ് കൽ വിളക്കുകൾ തെളിഞ്ഞു കത്തിയത്. അത് തോന്നൽ ആയിരുന്നോ.. ഹേയ് അല്ല.. ഞാൻ കണ്ടതാണ് അഭിയുടെ മനസ്സ് അസ്വസ്ഥതമായിരുന്നു.
ഉണ്ണീ നീ എന്താ ഈ ആലോചിക്കണെ, എപ്പോ നോക്കിയാലും ആലോചന തന്നെ. നീ ഈ ലോകത്ത് ഒന്നുമില്ല്യാന്ന് തോന്നണു.
അല്ല വല്ല്യമ്മേ ഞാൻ അമ്മ പറഞ്ഞ കാര്യങ്ങൾ ആലോചിക്കുവാരുന്നു. ആരാണ് ആ കുട്ടി, എന്താ ഈ നാടിന്റെ ശാപം?

കുട്ടീ നിനക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല്യ. വല്ല്യച്ഛൻ അന്വേഷിക്കുന്നു,അങ്ങട് ചെല്ലൂ. അവരിൽ നിന്നും സത്യം അറിയാൻ സാധിക്കില്ല എന്ന് അഭിമന്യുവിന് ഉറപ്പായി, അയാൾ പൂമുഖത്തേക്ക് നടന്നു.

കൃഷ്ണ മേനോൻ പൂമുഖത്തെ ചാരുകസേരയിൽ കിടക്കുന്നു. അടുത്ത് തന്നെ കാര്യസ്ഥൻ കുമാരൻ നിൽക്കുന്നുണ്ട്. ഭാര്യ മരിച്ച കുമാരന് ഒരു മകൾ മാത്രമാണുള്ളത്. കാലങ്ങളായി കുമാരൻ കൃഷ്ണ മേനോന്റെ കൂടെയാണ്. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത കുമാരൻ മംഗലത്ത് തറവാടിന്റെ പത്തായപ്പുരയിലാണ് താമസം.

പ്രായം 70നോട് അടുത്തു എങ്കിലും ചെറുപ്പത്തിന്റെ പ്രസരിപ്പും തെളിച്ചവും മേനോനിൽ പ്രതിഫലിച്ചിരുന്നു. കഴുത്തിൽ സ്വർണ്ണം കെട്ടിയ 6 മുഖമുള്ള രുദ്രാക്ഷ മാല. മാലയുടെ അറ്റത്തുളള സ്വർണ്ണ ഏലസ്സിൽ “ഓം ദുർഗ്ഗ”എന്ന് സംസ്‌കൃതത്തിൽ എഴുതിയിരിക്കുന്നത് അഭി ശ്രദ്ധിച്ചു. ഒരു കാലത്ത് വള്ളക്കടവ് എന്ന ഗ്രാമത്തിന്റെ സർവ്വാധിക്കാരം കൃഷ്ണ മേനോനിൽ നിക്ഷിപ്തമായിരുന്നു. ഇന്നും ആ പ്രതാപത്തിന് കുറവൊന്നുമില്ല. കുമാരനോട് ഗൗരവപൂർവ്വം എന്തോ സംസാരിക്കുകയായിരുന്ന കൃഷ്ണ മേനോൻ അഭിമന്യുവിനെ കണ്ടതോടെ സംസാരം നിർത്തി.

ആ ഉണ്ണീ എന്താ ഇനി നിന്റെ പരിപാടികൾ. പ്രായം 14 അല്ല അതോർമ്മ വേണം. അതിപ്പോ വല്ല്യച്ഛൻ പറഞ്ഞു വരണത്.
ആ അതന്നെ നീ ഒരു പെണ്ണിന് പുടവ കൊടുക്കണം.. അറിയാലോ ഞങ്ങൾക്ക് രണ്ടാൾക്കും പ്രായം കൂടി വരാണ്. അച്ഛനും അമ്മയും ഇല്ലാത്ത നിന്നെ ഇത്രേം ആക്കി ഇനിയിപ്പോ നീ ഒരു കുട്ടീടെ കൈ പിടിക്കണ കണ്ടിട്ട് വേണം എനിക്കൊന്നു കണ്ണടയ്ക്കാൻ.

അതിപ്പോ വല്ല്യച്ഛാ, ഞാൻ….
മ്മ്മ്.. മേനോൻ കൈ ഉയർത്തി, അഭി പറഞ്ഞു വന്നത് പിടിച്ചു നിർത്തും പോലെ നിർത്തി.