ഭാനു

“ഭാനു ആ സാരി തലപ്പ് തലയിൽ ഇട്ടോളൂ .. മഞ്ഞുണ്ട് നന്നായിട്ട്… ”

മുറ്റത്തേക്കിറങ്ങിയ ഭാനു ഒന്നു തിരിഞ്ഞു നോക്കി ബാലേട്ടന്റെ അമ്മയാണ് . തന്നെ മരുമകൾ ആയല്ല മകളായി തന്നെയാണ് സ്നേഹിക്കുന്നത്… സ്കൂൾ ടീച്ചറായ താനും ഒപ്പം അമ്മയും ഈ നാട്ടിലേക്ക് ട്രാൻസ്ഫർ ആയി വന്നിട്ട് ഒരു മാസമാകുന്നതേ ഉള്ളൂ.. ബാലേട്ടൻ ദുബായിലാണ്…പെണ്മക്കളോടൊപ്പം നിൽക്കാതെ അമ്മ എന്നും തനിക്കൊപ്പം തന്നെ ആയിരുന്നു.ബാലേട്ടൻ ഗൾഫ് മതിയാക്കി പോരാത്തത് ആ ചോദ്യം പേടിച്ചിട്ടാണ്..

ഒരമ്മുമ്മ ആകാനുള്ള ഭാഗ്യം നൽകാൻ തനിക്കും ബാലേട്ടനും ഇത് വരെ കഴിഞ്ഞിട്ടില്ല … തങ്ങളെ പോലെ തന്നെ ആ സങ്കടം ഉള്ളിലുണ്ടെങ്കിലും അമ്മയത് ഒരിക്കലും പുറത്ത് കാട്ടിയിട്ടില്ല…

ഒരു നെടുവീർപ്പോടെ തിരിഞ്ഞു നടക്കുമ്പോൾ ഭാനു അറിയാതെ തന്റെ മാറിടം ഒന്നു തൊട്ടു… കൊതിക്കുന്നുണ്ട് താനും അതിയായി, ഒരു കുഞ്ഞിനു വേണ്ടി പാൽ ചുരത്താൻ..

മനസിനെ പഴയ പടിയാക്കി തിരിഞ്ഞു നടക്കുമ്പോൾ ആണ് ദൂരെ കുളക്കടവിൽ ഇരിക്കുന്ന 13വയസ് പ്രായം തോന്നിക്കുന്ന ഒരാണ്കുട്ടിയെ കണ്ടത്…

“ന്താ മോളെ ഞങ്ങൾടെ നാട് നല്ലോണം ഇഷ്ടായി തോന്നുന്നല്ലോ,

“ആ നാണിയമ്മേ ഒരുപാടിഷ്ടായി… എവിടെക്കാ ഇത്ര രാവിലെ തന്നെ . ഈ മഞ്ഞിന്..”

“മോളും മരുമോനും വന്നിട്ടുണ്ട് ഇന്നലെ രാത്രി… ഞങ്ങൾ കട്ടൻ ചായ ആണ് പതിവ് പക്ഷെ അവരിക്ക് അങ്ങനെ കൊടുക്കാൻ പറ്റുമോ…ഓൾക് അല്ലേ അതിന്റെ മാനക്കേട്… ഞാനിത്തിരി പാല് സരസുനോട് ചോയിച്ചിട്ടുണ്ട് പോയ്‌ വാങ്ങീട്ട് വരാം. മോള് വൈകും ന്റെ പായാരം കേട്ട്… പൊക്കോ ..

വളരെ നല്ല ആൾകാർ തന്നെ.. കണ്ണൂരിലെ പോലെ തന്നെ വായനാട്ടുകാരും… മാറ്റം കിട്ടിയത് ഇവിടേക്കാണ്‌ അറിഞ്ഞപ്പോൾ ആദ്യം ഓർത്തത് പ്രകൃതി ഭംഗി ആസ്വദിക്കാ ലോ എന്നാണ് …പക്ഷെ എത്തിയപ്പോ നല്ല തണുത്ത കാലാവസ്ഥ.. മൂടി പുതച്ചുറങ്ങാൻ ആണ് തോന്നുക…

“മോളെ പത്രം നാളെ തൊട്ട് ഇടാം എന്ന് പറഞ്ഞിട്ടുണ്ട്.. മോള് ഇന്ന് ശകലം വൈകിയോ… മോള് പോകാറുള്ള ബസ് പോയി.. വിഷമിക്കേണ്ട കാൽ മണിക്കൂറിനുള്ളിൽ അടുത്ത ബസ് വരും…

ആലോചനയിൽ മുഴുകി ബസ് സ്റ്റോപ്പ്‌ എത്തിയതറിഞ്ഞിരുന്നില്ല… ബസ് സ്റ്റോപ്പിനടുത്തുള്ള ചായക്കടയിലെ കുമാരേട്ടനാണ് ആലോചനയിൽ നിന്നും ഉണർത്തിയത് .

കുമാരേട്ടനെ ഒന്നു നോക്കി ചിരിച്ചു തലയാട്ടി തിരിയുമ്പോഴാണ് എന്നും കുളക്കടവിൽ കാണാറുള്ള ആ കൊച്ചു പയ്യനെ കണ്ടത്… എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ

ബസ് വരാൻ ഇനിയും സമയമുണ്ട് കുമാരേട്ടനോട് വെറുതെ ഒന്നു ചോദിച്ചാലോ.. എന്തോ ഒരു ആകാംക്ഷ..

“കുമാരേട്ടാ.. ആ കുട്ടി ഏതാ ഞാൻ എന്നും അവനെ വരും വഴിക്കുള്ള കുളക്കടവിൽ കാണാറുണ്ട്… എവിടെയോ കണ്ടു മറന്ന മുഖം പോലെ…

“അയ്യോ ന്റെ പൊന്നു ടീച്ചറെ അതിനോടൊന്നും മിണ്ടാൻ പോകണ്ട അതാ വര്ഗീസിന്റെ മോനാ തള്ള ഇല്ലാത്ത ചെറുക്കനാ…”

“എവിടെയാ കുമാരേട്ടാ അവന്റെ വീട്.. എന്തിനാ എന്നും അവനാ കുളക്കടവിൽ ഇരിക്കുന്നത്…കുമാരേട്ടനൊന്നും തോന്നരുത് ഞാനിങ്ങനെ ചോദിക്കുന്നത് കൊണ്ട്… എവിടെയോ എനിക്കറിയാവുന്ന ഒരാളെ ഓർമിപ്പിക്കുന്നു ഇവന്റെ മുഖം.. അതാ ഞാൻ… ”

“ന്റെ മോളെ ന്ത് തോന്നാൻ… നസ്രാണിയായ വർഗീസിനൊപ്പം ഒളിച്ചോടി വന്നതാ അവന്റമ്മ ശ്രീദേവി.. ആദ്യമൊക്കെ നല്ല സ്നേഹത്തിലായിരുന്നു.. ഈ ചെറുക്കൻ ഉണ്ടാകും വരെ.. പിന്നീട് അവൻ കുടി തുടങ്ങി പിന്നേ എന്നും തല്ലും പിടിയും… പിന്നീടെപ്പോഴോ ശ്രീദേവി,അവന്റെ അമ്മ അവള്ടെ ശവം ചത്തു പൊങ്ങിയത് ആ കുളത്തിലാ… ചാടി ചത്തതെന്നും അല്ല കെട്ട്യോൻ കൊന്നു കൊണ്ടിട്ടതെന്നും സംസാരമുണ്ട്… ഈ ചെറുക്കൻ എന്നും രാവിലേം വൈകീട്ടും അവിടെ ചെന്നിരിക്കും.. പിന്നേ നാട്ടിലെ തെണ്ടി പിള്ളേരുടെ ഒപ്പം കൂടി ഉള്ള തോന്ന്യവാസങ്ങളൊക്കെ ഉണ്ട്…”

“ശ്രീദേവി… ?അറിയാതെ ആ പേര് ഒന്നുറക്കെ പറഞ്ഞ് പോയി ഭാനു…

“അതെ മോളെ കണ്ണൂരിലെ ഏതോ വല്യ വീട്ടിലെ കൊച്ചാ അത് … പാലത്തറക്കെൽ എന്നാൽ പ്രസിദ്ധതറവാടാത്രേ,

അവിടുത്തെ ഏക പെൺതരി…പഠിക്കുന്ന സമയത്ത് ഈ പിശാചിന്റെ സ്നേഹത്തിൽ വീണു പോയതാ… ഈ ദുഷ്ടന്റെ ഒപ്പം വന്നു അതിന്റെ ജന്മം നശിച്ചു…

ഇതൊക്കെ ആ പെൺകൊച്ചിന്റെ മരിപ്പിന് വന്ന ബന്ധുക്കൾ പറഞ്ഞ അറിവാട്ടൊ മോളെ… ഈ ചെറുക്കനെ അവര് കൊണ്ട് പോകാൻ നിന്നതാ, ആ തന്തക്കാലൻ സമ്മതിച്ചില്ല…

”ശ്രീദേവി….. എവിടെയോ…. അല്ല തനിക്കൊപ്പം ഡിഗ്രി വരെ പഠിച്ച.. ഡിഗ്രി പാതിയിൽ നിർത്തി പോയ തന്റെ ശ്രീകുട്ടിടെ മോനാണോ അത് ..

അതെ തന്റെ ആത്മാർത്ഥ സുഹൃത്തു ശ്രീകുട്ടിടെ മോൻ… അപ്പോ അവനിലേക് എന്റെ നോട്ടം എത്തിച്ചത് നീയായിരുന്നോ ശ്രീക്കുട്ടി…പഠിക്കുന്ന കാലത്ത് അവൾക് ഒരിഷ്ടം ഉണ്ടായിരുന്നു എന്നത് തനിക്കും അറിയാമായിരുന്നു,അന്യ മതത്തിൽ പെട്ട ആളെന്നും..ഇടയ്ക് കോളേജിൽ വരാതെ ആയപ്പോൾ അന്വേഷിച്ചു..പക്ഷെ വിവരം ഒന്നും കിട്ടിയില്ല. പിന്നേ താനും തന്റെ തിരക്കിൽ മുഴുകി..

അന്ന് മുഴുവൻ, മനസ്സിൽ അവളായിരുന്നു ശ്രീക്കുട്ടി.. അസ്വസ്‌ഥമായ മനസ്സോടെ പഠിപ്പിക്കാൻ വയ്യ.. ഹാഫ് ഡേ ലീവെടുത്തു തിരിച്ചു പോരുമ്പോ എന്തിനോ ശ്രീദേവിയുടെ മകനെ കാണാൻ തോന്നി..

വീട് അന്വേഷിച്ചു ചെന്നപ്പോൾ കണ്ടത് കുടിച്ചു ലക്ക് കെട്ടിരിക്കുന്ന ശ്രീകുട്ടിടെ അച്ചായനെ ആണ്…

“ഞാൻ ഭാനു.. ശ്രീകുട്ടിടെ.. അല്ല ശ്രീദേവിയുടെ സുഹൃത്തായിരുന്നു…ഇവിടെ സ്കൂളിലേക്ക് ട്രാൻസ്ഫർ ആയി വന്നതാ…

മകനെ വഴിയിൽ വച്ചു കണ്ടു.. അവന്റെ മുഖം ആരെയോ ഓര്മിപ്പിച്ചപ്പോ തിരക്കി അറിഞ്ഞു കാര്യങ്ങൾ… ഒന്നിവിടെ വരെ വരണം തോന്നി… അതാ… ” അയാളുടെ കഴുകൻ കണ്ണുകൾ തെന്നി മാറിയ സാരിക്കിടയിലൂടെ തന്റെ അണിവയറിലും മാറിടങ്ങളിലും കൊത്തിവലിക്കുകയാണെന്നു അറിഞ്ഞ ഭാനു മറുപടി കാക്കാതെ ഇറങ്ങി നടന്നു…

പതിയെ ആ ഗ്രാമ ഭംഗി ആസ്വദിച്ചു നടക്കുമ്പോഴാണ് ദൂരെ കുന്നിൻ ചെരിവിൽ അവനെ കണ്ടത്.. ശ്രീകുട്ടിടെ മോൻ… നേരെ നടന്നു അവന്റടുത്തേക്… അടുത്തെത്താറായപ്പോ അവൻ അവിടെ നിന്നും നടന്നു നീങ്ങി…

എത്ര ശ്രമിച്ചിട്ടും അവനോട് അടുക്കാനോ ഒന്നു മിണ്ടാനോ പോലും സാധിച്ചില്ല…

ഒരു ദിവസം കുളക്കടവിൽ അവനിരിക്കുമ്പോ അവന് മറികടന്ന് പോകാൻ കഴിയാത്ത വണ്ണം തടഞ്ഞു നിർത്തി.

“ഞാൻ പറയുന്നത് മുഴുവൻ കേൾക്കാൻ നില്കാതെ നീ പോയാൽ ന്റെ ശ്രീകുട്ടിടെ ശവം പൊങ്ങിയ പോലെ നാളെ എന്റെ ശവം ഇവിടെ പൊങ്ങും…

അവന്റെ കണ്ണുകൾ ഒരു ഞെട്ടലോടെ തന്റെ മുഖത്തേക്കായപ്പോൾ ഞാൻ പതിയെ അവനോട് പറഞ്ഞു തുടങ്ങി

“മോനെ ഞാൻ നിന്റെ അമ്മയുടെ ആത്മാർത്ഥ സുഹൃത്തായിരുന്നു.. പേര് ഭാനു… നിന്നെ എനിക്ക് കാണിച്ചു തന്നത് നിന്റെ അമ്മ തന്നെയാണ്… അല്ലെങ്കിൽ ഈ നാട്ടിൽ എത്ര കുട്ടികൾ ഇങ്ങനുണ്ട്… നിന്നെ മാത്രം എന്റെ കണ്മുന്നിൽ കൊണ്ട് വന്നിട്ടത് അവൾക് തരാൻ കഴിയാതെ പോയ സ്നേഹം എന്നിലൂടെ നിനക്ക് നൽകാൻ വേണ്ടിയാകും.. കുഞ്ഞുങ്ങളില്ലാത്ത എനിക്കും അത് സന്തോഷമാകും കരുതി ആകും…

”നിന്നെ ഞാൻ സ്നേഹിക്കട്ടെ ന്റെ മകനായി, ചീത്ത കൂട്ടു കെട്ട് നിർത്തി നീ പഠിക്കണം ജോലി നേടണം ഞാൻ പഠിപ്പിക്കും നിന്നെ…

പിന്നീട് ശ്രീകുട്ടിടെ മോൻ ചന്തു ഭാനുവിന് മകനായി… ബാലനും അമ്മയ്ക്കും അത് ഒരുപാട് സന്തോഷം നൽകി… വർഷം രണ്ടു കഴിഞ്ഞു… ഇടയ്‌ക്കു വർഗീസിന്റെ കൊത്തി വലിക്കുന്ന നോട്ടം ഒഴിച്ച് മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലാതെ ജീവിതം സന്തോഷമായി തന്നെ മുന്നോട്ടു പോയ്‌..

പത്താം ക്ലാസ്സിലെത്തിയ ചന്തുവിനെ വീട്ടിൽ തന്നെ നിർത്തിയാലോ.. അപ്പൊ നന്നായിട്ടു നിനക്കവനെ പഠിപ്പിക്കാൻ കഴിയുമല്ലോ എന്ന് ആദ്യം പറഞ്ഞതു ബാലേട്ടനായിരുന്നു.. കൂടെ അമ്മയുടെ പിന്തുണയും കണ്ടപ്പോ മനസ്സൊരുപാട് സന്തോഷിച്ചു.. താൻ എങ്ങനെ പറയും കരുതി മടിച്ചതാ അവരിങ്ങോട്ട്…

ചന്തുവിനു അതിത്തിരി സങ്കടാക്കി എന്ന് മനസിലായെങ്കിലും അത് കണ്ടില്ലെന്നു നടിച്ചു …എത്രയൊക്കെ ശ്രമിച്ചിട്ടും നാട്ടിലെ പൊട്ട കുട്ട്യോൾടെ കൂട്ട് വിടാൻ അവന് കഴഞ്ഞിരുന്നില്ല.. താൻ അറിയാതെ അവൻ നടത്തുന്ന പുകവലിയൊക്കെ നില്കുമല്ലോ അതാണവന്റെ സങ്കട കാരണം എന്നറിയാമായിരുന്നിട്ടും കണ്ടില്ലെന്നു നടിച്ചു…

കാര്യം പറഞ്ഞപ്പൊ ചോര വലിച്ചു കുടിച്ച് അയാളും ‘സമ്മതം നൽകി

ആദ്യമൊക്കെ ഇത്തിരി ഇഷ്ടക്കേട് കാട്ടിയെങ്കിലും പിന്നീടവൻ പൊരുത്തപ്പെട്ടു…അമ്മൂമ്മയുടെ പുന്നാര കുട്ടിയും ബാലേട്ടന്റെ മകനുമായപ്പോ തന്നെ അവൻ ഒരിക്കൽ പോലും അമ്മ എന്നു വിളിച്ചിട്ടില്ല ടീച്ചറെ എന്നും.. ഭാനുസ് എന്നായിരുന്നു അവൻ വിളിച്ചത് അവന്റമ്മ വിളിച്ച പോലെ…

അമ്മയ്ക്കും ചന്തുവിനും ചോറ് കൊടുത്തു താനും കഴിച്ച ശേഷം ബാലേട്ടനുമായി എന്നുമുള്ള സ്നേഹസംഭാഷണവും കഴിഞ്ഞു ഉറങ്ങാൻ കിടന്നപ്പോഴാണ് പട്ടിക്ക് അന്ന് ഒന്നും കൊടുത്തില്ലല്ലോ എന്നു ഓർമ വന്നത്… തനിയെ പുറത്ത് പോകുന്നതെങ്ങനെ… വേണ്ട രണ്ടു പേരും നല്ല ഉറക്കമാവും

എഴുന്നേറ്റു പട്ടിക്കു ചോറ് കൊടുത്തു തിരികെ നടക്കാൻ ഒരുങ്ങിയപ്പോഴാണ് രണ്ടു കൈകൾ തന്റെ വാ മുറുകെ പിടിച്ചമർത്തിയത്… ഒന്നു നിലവിളിക്കാൻ പോലും ആകാതെ കുതറി മാറാൻ ശ്രമിച്ച തന്നെ ആ കൈ ബലമായി എന്തോ മണപ്പിച്ചത് താനറിഞ്ഞു… അബോധാവസ്ഥയിൽ ആയിരുന്നില്ല എങ്കിലും ഒന്നിനും കഴിയാത്ത അവസ്ഥ…

ആ ശരീരം തന്റെ മേലെ അമരുന്നതും ആ കൈകൾ തന്റെ മാറിടം ഞെരിച്ചുടയ്ക്കുന്നതും തന്റെ വയറിൽ ആ ചുണ്ടുകൾ ആർത്തി പൂണ്ടു ഓടി നടക്കുന്നതും വേദനയോടെ സഹിക്കാനേ കഴിഞ്ഞുള്ളു…

ശ്രീക്കുട്ടിയുടെ അച്ചായന്റെ കൊത്തിവലിക്കുന്ന കണ്ണുകൾ… പെട്ടെന്നൊരു ഞെട്ടലോടെ ബോധത്തിലേക് താനുണരുമ്പോ പുലർച്ചെ ആയിരുന്നു… സൂര്യൻ ഉദിച്ചു തുടങ്ങിയിരിക്കുന്നു… നഗ്നമായ തന്റെ ശരീരത്തിലേക് നോക്കി അവൾ ശബ്ദമില്ലാതെ കരഞ്ഞു… ആരെന്നറിയാതെ മറ്റൊരുവനാൽ താൻ….

അമ്മയും ചന്തുവും എഴുന്നേൽക്കും മുൻപ് അവൾ മുറിയിലെത്തി കുളിക്കാൻ കയറി… തണുത്ത വെള്ളം ശരീരത്തിൽ വീണപ്പോ പലയിടവും നീറി പുകഞ്ഞു…

കുളി കഴിഞ്ഞു സാരി ചുറ്റി അവൾ അടുക്കളയിൽ കയറി അമ്മക്കും ചന്തുവിനും ഒരുപോലെ ഇഷ്ടമായ പുട്ടും കറിയും ഉണ്ടാക്കി… അവര് കഴിക്കുന്നതും നോക്കി നിന്ന ഭാനുവിൽ നിന്നും ഇടയ്ക് കണ്ണീർതുള്ളികൾ അനുസരണയില്ലാതെ പുറത്ത് ചാടി..

സ്കൂളിൽ വിളിച്ചു ലീവ് പറഞ്ഞൂ… അമ്മയോട് മെൻസസ് ആയത് കൊണ്ട് വയ്യെന്ന് ഒരു കള്ളവും… മേലാകെ വേദന… വൈകും വരെ ഒരേ കിടപ്പ് കിടന്നു… അമ്മ വന്നു വിളിച്ചുമില്ല.. വയ്യാത്തോണ്ട് കിടക്കട്ടെ കരുതിക്കാണും പാവം

ചന്തു വരുമ്പോഴേക്കും വല്ലോം കഴിക്കാൻ ഉണ്ടാക്കണമെന്ന ചിന്തയിലാണ് ഉണർന്നത്… അടുക്കളയിൽ എത്തുമ്പോഴേക്കും അമ്മ ഇലയട ഉണ്ടാക്കിയിരിക്കുന്നു…

“അമ്മേ… ചന്തു വരാറായില്ലേ ഞാൻ ആ കുളക്കടവിൽ കാണും… എന്തോ മുറിയടച്ചിരുന്നിട്ട് ഒരു അസ്വസ്ഥത.. അവൻ വരുമ്പോ അവനൊപ്പം പോരാം… ”

കുളക്കടവിൽ വെറുതെ ഇരിക്കുമ്പോഴും തലേന്ന് രാത്രിയിലെ കാര്യങ്ങൾ ആലോചിച്ചു മനസ് ഞെരിപിരി കൊണ്ടു .

“ന്താടോ ഭാനുസ്… ഇവിടെ വന്നൊരു ഇരുത്തം.. ന്റെ അമ്മക്ക് കമ്പനി കൊടുക്കുവാണോ…

പെട്ടെന്നുള്ള ചന്തുവിന്റെ ചോദ്യം ഓർമയിൽ നിന്നും ഞെട്ടി ഉണർത്തി…

അവന്റെ മുഖത്തേക് നോക്കിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി…

“അപ്പൊ ഞാൻ നിനക്ക് അമ്മയല്ലേ ചന്തു ?

“ന്താ ഭാനുസ് ഞാൻ വെറുതെ പറഞ്ഞതാ .. എന്തിനാ അതിന് കരയുന്നത്… വാ വീട്ടിലേക് പോകാലോ ”

ഇതാരുടേതെന്നറിയുമോ ചന്തൂന്…. ചന്തുവിന് നേരെ ആ സ്വർണ കൈ ചെയിൻ തൂങ്ങി ആടി….

” ഇന്നലെ എന്നിൽ വികാരം ശമിപ്പിച്ച… ഒരു നായയുടേത്… എന്നെ വെറും പെണ്ണായി കണ്ട്‌… എന്നിൽ കാമം തീർത്തവന്റെ… ”

ഒരൊറ്റ തള്ളലിന് ഭാനു ചന്തുവിനെ ആ കുളത്തിലേക്കു പിടിച്ചു തള്ളി…

“നിനക്ക് നീന്തലറിയില്ലെന്നു നീ എന്നോട് മുൻപേ പറഞ്ഞിട്ടുണ്ട് ചന്തു …നിന്റമ്മ മരിച്ചു പൊങ്ങിയ ഇടത്തു തന്നെ നീയും അവസാനിക്കട്ടെ…

അവളെന്നെ ശപിക്കില്ല… കാരണം

അവളെയാണ് നീ നശിപ്പിച്ചത്… അവളിലാണ് നീ നിന്റെ കാമം തീർത്തത്… കാരണം അവളായിരുന്നു ഞാൻ… അവൾ മുലയൂട്ടിയ എന്റെ മാറിലാണ് നീ കൊതിയോടെ നൊട്ടി നുണഞ്ഞത്… നിന്നെ പത്തു മാസം ചുമന്ന വയറിലാണ്‌ നീ നിന്റെ ആർത്തി തീർത്തത്…

നിന്നെ വേദന സഹിച്ചു ഭൂമിയിലേക് പിറവി നൽകിയിടത്തിലാണ് നീ നിന്റെ പുരുഷത്വം തെളിയിച്ചത്…

ചന്തുവിലെ അവസാന നീർകുമിളയും അവസാനിച്ചപ്പോ ഭാനു എഴുന്നേറ്റു വീട്ടിലേക്കു നടന്നു …ചന്തുവിന്റെ കഴിഞ്ഞ പിറന്നാളിന് താൻ നൽകിയ ആ സ്വർണ്ണ ചെയിൻ അവൾ കയ്യിൽ മുറുകെ പിടിച്ചു…

എത്രയൊക്കെ സ്നേഹം നൽകിയാലും ഭൂരിഭാഗം പേരും പെണ്ണിൽ പെണ്ണിനെ മാത്രമേ തിരയൂ..അവസരം ലഭിക്കുമ്പോ ആണിലെ പുരുഷത്വം അവൻ പുറത്ത് കാട്ടുക തന്നെ ചെയ്യും…

ഭാനു അറിയാതെ പോയത്…മറന്നു പോയത്… അവൻ ശ്രീകുട്ടിടെ മാത്രം മകൻ ആയിരുന്നില്ല ക്രൂരനായ വർഗീസിന്റെ കൂടെ മകൻ ആയിരുന്നു എന്നതായിരുന്നു ..

പെറ്റമ്മയെ പോലും മടിയില്ലാതെ ടെറസിൽ നിന്നു തള്ളിയിട്ടു കൊല്ലുന്ന ഈ കാലത്ത് പോറ്റമ്മയിൽ കാമം മാത്രം കാണുന്ന ചന്തുമാർ ഇനിയും ഉണ്ടാകും…

സൂക്ഷിക്കുക

….പെണ്ണായി പിറന്ന ഓരോരുത്തരും… നമ്മുടെ സുരക്ഷ നമ്മളിൽ മാത്രമാണ്… കരുതിയിരിക്കുക അവസരം വരുമ്പോ ചാടി വീഴുന്ന വേട്ടനായകളിൽ നിന്നും രക്ഷപ്പെടാൻ…

കൊന്നു തള്ളുക ഇനി അഥവാ അവരുടെ വിയർപ്പു തുള്ളികൾ നമ്മളിൽ പറ്റിയിട്ടുണ്ടെങ്കിൽ….