അബൂന്റെ പെണ്ണ് കാണൽ

ഒമാനിൽ നിന്നും കരിപ്പൂരിലേക്ക് പറന്നുയർന്ന വിമാനത്തിലിരുന്നു അബുവിനു വീർപ്പു മുട്ടി വിമാനത്തിൽ കയറി ദിവസങ്ങൾ ആയ പോലൊരു തോന്നൽ….

ഇത്തവണ വീട്ടുകാർ കണ്ട്‌ ഉറപ്പിച്ചു വെച്ച പെണ്ണിനെ ബീവിയാകാനുള്ള വരവാണ്..

വയസ്സ് ഇരുപത്താറ് കഴിഞ്ഞിട്ടും വീട്ടുകാർക്ക് താൻ പെണ്ണ് കെട്ടി കാണാനുള്ള പൂതി ഇല്ലേന്ന സങ്കടത്തിൽ ആയിരുന്നു അബു…

നാല് കൊല്ലമായി പ്രവാസ ജീവിതം ആരംഭിച്ചിട്ട് ഇതിനിടക്ക് ഒരിക്കൽ വന്നു പോയി…

കഴിഞ്ഞ തവണ വന്നപ്പോൾ കല്യാണ ഖാദർ കൊണ്ട് വന്ന ആലോചന ബാപ്പ
‘ഓൻ കെട്ടാനായിട്ടില്ല ഖാദറെ ഒന്നു കൂടി പോയി വരട്ടെന്ന് ‘ പറഞ്ഞു ഒഴിവാക്കിയപ്പോൾ ആരും കാണാതെ സങ്കടം കടിച്ചമർത്തി ഒരു പോക്ക് കൂടി പെട്ടെന്ന് പോയി വരാൻ ലീവ് തീരുന്നതിനു മുമ്പ് തിരിച്ചു പോയ ആളാണ് അബു…

നാട്ടിൽ നിന്നും വരുന്ന ഓരോ കോളിലും ഉമ്മയുടെ വായിൽ നിന്ന് കല്യാണ കാര്യം വല്ലതും വരുന്നുണ്ടോന്നു അബു പ്രതീക്ഷയോടെ കാതോർക്കും…

“ഇജ്ജ് വരുമ്പോ വള്ളം കലക്കണ ടാങ്കും എമർജൻസിയും കൊണ്ടരാൻ മറക്കണ്ട ട്ടാ ന്ന് പറഞ്ഞു മൂപ്പത്തി സലാം പറഞ്ഞു ഫോൺ കാട്ടാക്കും…
മുമ്പേ വാങ്ങി വച്ച എമർജൻസിയിലേക്ക് നോക്കി ഒരു ദീർഘ ശ്വാസം വിട്ട് ഓൻ അങ്ങനെ കിടന്ന് കിനാവ് കാണും…

അങ്ങനെ ഒരു വെള്ളിയാഴ്ച ജുമാ കഴിഞ്ഞു വന്നപ്പോൾ നാട്ടിൽ നിന്നും രണ്ടു മിസ്സ്‌ കാൾ… പടച്ചോനെ കഴിഞ്ഞ തവണ കൊണ്ട് പോയ ഇസ്തിരി പെട്ടി കേടു വന്നോ..? അല്ലാതെ ഇപ്പോ ഇങ്ങനെ ഒരു മിസ്സ്‌ കോളിന് കാര്യം എന്താന്നു ചിന്തിച്ചു തിരിച്ചു വിളിച്ചു…

‘മോനെ.. അനക് ഇഞ്ഞി എന്നാ ലീവ് കിട്ടാ?

‘ലീവ് ഇപ്പളൊന്നും കിട്ടൂലമ്മാ ന്ത്യേ ?

‘ ഞമ്മളെ കാദർ ഒരു കാര്യം കൊണ്ടന്ന്ട്ടുണ്ട് വല്ല്യേ കൊയപ്പം ഇല്ല്യാത്ത കാര്യം ആണ് ഓൽക്ക് നിക്കാഹ് പെട്ടെന്ന് നടത്തണാല അനക് പെട്ടെന്ന് ലീവ് കിട്ടേർന്നെങ്കിൽ ഇത് നോകെർന്ന്…

‘അബൂന്റെ ഖൽബിൽ ഒന്നര ഡസൻ ലഡ്ഡു ഒന്നിച്ചു പൊട്ടി… സ്വപ്നം അല്ലെന്നു ഉറപ്പിക്കാൻ കയ്യിൽ ഒരു പിച്ചും പിച്ചി…

‘അനക് പെട്ടെന്ന് ലീവ് കിട്ടൂല ലേ? ഇഞ്ഞി ന്താ ചെയ്യാ?

‘ചോദ്യം കേട്ടു അബു പെട്ടെന്ന് ഷോക്കിൽ നിന്ന് മോചിതനായി …

‘ഞാൻ കഫീലിനോട് ചോദിച്ചു നോകീട്ടു വിളിക്കാം ഉറപ്പില്ല നോക്കട്ടെ…. അബു നല്ലോണം ഗൗരവം വാരി വിതറി…

അങ്ങനെ തഞ്ചത്തിൽ ലീവും ഒപ്പിച്ചു കൊണ്ടുള്ള വരവാണ്

വീട്ടുകാരൊക്കെ അപ്പോഴേക്കും പോയി കണ്ട്‌ ഫോട്ടോയൊക്കെ അബൂന് വാട്സാപ്പിൽ വിട്ടു കൊടുത്തിരുന്നു ഫോട്ടോ കണ്ട് വണ്ടറടിച്ച അബു അപ്പോ തന്നെ സമ്മതവും കൊടുത്തു പെണ്ണിന്റെ പേര് ഷബ്‌ന

അബു സലീം ഷബ്‌ന ഹ്മ്മ്…. ഒരു ചേർച്ചയൊക്കെ ഉണ്ട് മനസ്സിൽ പേരുകൾ വായിച്ചു അബു സ്വയം പറഞ്ഞു….

പെണ്ണിന്റെ ഫോട്ടോ നോക്കിയിരുന്ന അബൂന്റെ ഖൽബിനെ മുഹബ്ബതിന്റെ പ്രാവുകൾ കൊത്തി വലിച്ചു കൊണ്ടിരിക്കുമ്പോഴാണ് റൂമിലെ റിയാസ് ഫോൺ തട്ടി പറിച്ചത്

“ഞാനും ഒന്ന് കാണട്ടെടോ അന്റെ മൊഞ്ചത്തീനെ..

” ഇജ്ജ് ഫോൺ കൊണ്ട റിയാസേ

“നോകീട്ടു താരാടെ… ആള് സൂപ്പറാണ് ട്ടാ..

അത് കേട്ടു അബു റിയാസിന്റെ അടുത്തേക്ക് നീങ്ങിയിരുന്നു

“രസണ്ടാ?

“രസണ്ടടാ… പക്ഷെ ഇത് യൂ കാമിൽ എടുത്ത ഫോട്ടോ ആണ്

” യൂ കാമോ അതെന്താ സാധനം?

“അതിൽ ഈ കാണാൻ വല്ല്യ രസല്ല്യാതോരൊക്കെ ഫോട്ടോ എടുത്താൽ നല്ല രസണ്ടാവും കളറൊക്കെ കൂട്ടാം..

ആസ്വദിച്ചു തിന്നു കൊണ്ടിരുന്ന ഉഴുന്ന് വടയിൽ കുരുമുളക് കടിച്ച പോലെയായി അബു…

ഫോട്ടോ നോക്കി സമ്മതം കൊടുത്തു നികാഹും ഉറപ്പിച്ചു .. പടച്ചോനെ ഇനിയിപ്പോ എന്താ ചെയ്യാ?

അങ്ങനെയുള്ള നൂറു ചോദ്യങ്ങളും ആയാണ് അബു നാട്ടിലേക്കു വിമാനം കയറിയത്….

രണ്ട് കൊല്ലത്തിനു ശേഷം നാട്ടിലേക്കു വരുന്ന അബുവിന്റെ കണ്ണുകൾ സാധാരണ പ്രവാസികളെ പോലെ പ്രകൃതിയിൽ ആയിരുന്നില്ല… ഉള്ളിൽ നിറയെ യൂ കാം നിറച്ച ഭീതിയായിരുന്നു…

വീട്ടിലെത്തി കുളിയും വിശാലമായ ബിരിയാണി തീറ്റയും കഴിഞ്ഞ് ഒരു ഉറക്കവും പാസാക്കി കഴിഞ്ഞ് കോലായിൽ വന്നിരുന്ന അബു കേൾക്കുന്നത് നികാഹിന്റെ ചർച്ച ആയിരുന്നു

ചർച്ചയെ കീറിമുറിച്ചു അബു എല്ലാവരോടുമായി പറഞ്ഞു

ആദ്യം എനിക്ക് പെണ്ണിനെ ഒന്ന് കാണണം എന്നിട്ട് മതി നികാഹിന്റെ ചർച്ച !!

പെട്ടെന്ന് ചർച്ച നിലച്ചു…

പെണ്ണിനെ ഇജ്ജ് കണ്ടതല്ലേ

അത് ഫോട്ടോൽ അല്ലെ അത് പോരാ നേരിട്ട് കണ്ട് സംസാരിക്കണം… അബു തറപ്പിച്ചു പറഞ്ഞു…

മറുത്തൊന്നും പറയാതെ ബാപ്പ ബ്രോക്കർ ഖാദറിനെ വിളിച്ചു കാര്യം പറഞ്ഞു…

ഒരു മണിക്കൂറിന് ശേഷം ഖാദർ തിരിച്ചു വിളിച്ചു
“അപ്പളേ അവർ ഒരു ചെറ്യേ വിരുന്ന് റെഡി ആക്കിക്കണ് ഇങ്ങള് പെരക്കാർ എല്ലാരും മറ്റന്നാൾ അങ്ങോട്ടു പോയിക്കോളീം…

അങ്ങനെ അത്യന്തം ആകാംക്ഷയോടെ അബു പെണ്ണിനെ കാണാൻ യാത്രയായി..

അസ്സലാമു അലൈകും… പെണ്ണിന്റെ ബാപ്പ അബുവിനെ ആലിംഗനം ചെയ്തു അകത്തേക്ക് ക്ഷണിച്ചു…

പെണ്ണിന്റെ ബാപ്പാന്റെ ചോദ്യങ്ങൾക്കെല്ലാം വല്ല്യ താല്പര്യം ഇല്ലാത്ത പോലെ അബു മറുപടി കൊടുത്തു…

“മോളെ ഇജ്ജാ ചായ ഇങ്ങട്ട് കൊണ്ടോരെ..
പെണ്ണിന്റെ ബാപ്പ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു…

പിന്നീടുള്ള നിമിഷങ്ങൾ അബു കണ്ണും കാതും കൂർപ്പിച്ചിരുന്നു… ഗ്ലാസുകൾ കൂട്ടിയിടിക്കുന്ന ശബ്ദം അടുത്തെത്തി… ടേബിളിൽ ചായ വെച്ചു കഴ്ഞ്ഞപ്പോൾ അബു മെല്ലെ മുഖമുയർത്തി നോക്കി..

അപ്പോഴേക്കും പെണ്ണ് തിരിഞ്ഞു ഉമ്മയുടെ പുറകിൽ മറഞ്ഞിരുന്നു…

വീണ്ടും സസ്പെൻസ്..

“ഇങ്ങക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആ റൂമിൽക് ഇരുന്നോളിൻ… പെണ്ണിന്റെ ബാപ്പയുടെ ശബ്ദം ഒരു കുളിർ മഴ പോലെ അബൂന്റെ കാതിൽ പതിച്ചു…

റൂം ലക്ഷ്യമാക്കി അബു നടന്നു.. പാഞ്ഞൂന്ന് പറയുന്നതാണ് നല്ലത്..

അലമാരക്ക് മറവ് പിടിച്ചു തലകുനിച്ചു നിൽപ്പാണ് കക്ഷി…

ചോദിക്കുന്നതിനൊക്കെ മറുപടി കിട്ടുന്നുണ്ട് പക്ഷെ പെണ്ണ് മുഖത്തേക്ക് നോക്കുന്നില്ല.. ആകെ അങ്കലാപ്പിലായി അബു തിരിച്ചു നടന്നു…

പുറത്തേക്കു നടക്കുന്നതിനിടയിൽ അബു പെട്ടെന്ന് ഒന്ന് തിരിഞ്ഞു നോക്കി..
തലയുയർത്തി നിന്നിരുന്ന പെണ്ണിന്റെയും അബുവിന്റേം കണ്ണുകൾ തമ്മിൽ ഉടക്കി…

ജനലിലൂടെ അരിച്ചെത്തിയ വെളിച്ചത്തിൽ അബു കണ്ടു തന്റെ ബീവിയാകാൻ പോകുന്നവളുടെ മുഖം…. ഒരു മൂന്നു സെക്കൻഡ്… അതിനുള്ളിൽ തന്നെ ആ മുഖം പടച്ചോൻ തന്ന ഡി എസ് എൽ ആറിൽ ഒപ്പിയെടുത്തു ഖൽബിൽ സേവ് ചെയ്തു വച്ചിരുന്നു….

നിക്കാഹിനു സമ്മതവും കൊടുത്തു തിരിച്ചു വരുന്ന വഴിയിൽ ആണ് റിയാസ് വിളിച്ചത്…

“എന്തായി അബൂ പെണ്ണിനൊയൊക്കെ കണ്ടോ??

“ഇജ്ജ് മുണ്ടണ്ട ദജ്ജാലേ അന്റെ ഒലക്കമ്മലെ ഒരു യൂ കാം…