ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 10

ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 10
Bahrainakkare Oru Nilavundayirunnu Part 10 | Previous Parts

ഗൾഫിലെത്തിയ വിവരമറിയിക്കാൻ പെട്ടെന്ന് തന്നെ ഫോണെടുത്ത് ഉമ്മയെ വിളിച്ച് റൂമിൽ എത്തിയെന്നും അറബി ഐർ പോ ർട്ടിലേക്ക് കൊണ്ടുപോകാൻ വന്നിരുന്നു എന്നൊക്കെയുള്ള എന്റെ വിശേഷങ്ങൾ കേട്ട് കഴിഞ്ഞതും ഉമ്മ പറഞ്ഞു ” അനൂ ഞാനൊരു സന്തോഷം പറയട്ടെ നീ സുബഹിക്ക് പോയതിന് ശേഷം രാവിലെ ഞങ്ങൾ ചായ കുടിയൊക്കെ കഴിഞ്ഞിരിക്കുമ്പോഴാണ് നമ്മളെ സാജിക്ക് ഒരു വല്ലായ്മ്മ.. എന്നോടൊന്നും പറഞ്ഞിരുന്നില്ല. റൂമിന്റെ വാതിലടച്ചതോണ്ട് ആരും അറിഞ്ഞില്ല. നീ പോയ വിഷമം കൊണ്ടാവും പുറത്തേക്ക് വരാത്തത് എന്ന് കരുതി ആദ്യം നോക്കിയതുമില്ല പിന്നെ ഓള് പൊതുവേ പുറത്തേക്കൊന്നും അങ്ങനെ ഇറങ്ങാത്ത ആളും അല്ലേ.. കുറെ നേരമായിട്ടും റൂം തുറക്കാഞ്ഞത് കണ്ടപ്പോൾ ഞാൻ ചെന്ന് വാതിലിൽ മുട്ടി വിളിച്ച് തുറന്ന് നോക്കി എന്താണ് കിടക്കുന്നതെന്ന്.. ? ചോദിച്ചപ്പോഴാണ് അവള് സുഖമില്ലെന്ന് പറഞ്ഞത്‌ .

ഞാനപ്പോൾ തന്നെ ഉപ്പയെ കൊണ്ടൊരു വണ്ടി വിളിപ്പിച്ച് ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോ ന്താ ണ്ടായതെന്നു അറിയോ.. ? എന്നുമ്മ പറയുമ്പോഴെല്ലാം
” ഉമ്മാ ഇങ്ങളിതൊന്ന് നിർത്താമോ.. ?” എന്ന് പറയാൻ കഴിയാതെ അവളുടെ വിശേഷങ്ങൾ ഇഷ്ടമില്ലാതെ കേട്ട് നിൽക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ ഉമ്മയെന്റെ നെഞ്ച് പിളരുന്ന വേദന സമ്മാനിക്കുന്ന അക്കാര്യം കൂടി പറഞ്ഞത്‌
“ന്റെ കുട്ടി ഉപ്പയാകാൻ പോവ്വാ… സാജി ഗർഭിണിയാണ് ട്ടോ …!” ആ വിശേഷമങ്ങോട്ട് കേട്ടതും ‘അല്ലാഹ് ‘ എന്നൊരു വിളി എന്റെയുള്ളിൽ നിന്നും ഞാനറിയാതെ പുറത്തേക്ക് വന്നു..!

മരുമകൾക്ക് വിശേഷമുണ്ടെന്ന് പറഞ്ഞപ്പോൾ മകന്റെ സന്തോഷം കൊണ്ടാണെന്ന് കരുതിയാവണം ഉമ്മയെന്റെ ഖൽബ് പിടഞ്ഞ ആ വേദന ശ്രദ്ധിക്കാതെ ചിരിച്ചത്..

ഉമ്മയോട് കൂടുതലൊന്നും പറയാനും ചോദിക്കാനും പിന്നെയെനിക്ക് കഴിഞ്ഞില്ല. തൊണ്ട വരണ്ട് പോയ ഞാൻ പിന്നെ വിളിക്കാമെന്ന് പറഞ്ഞൊപ്പിച്ച് ഫോൺ വെച്ച് കുറച്ച് വെള്ളം കുടിച്ചു .

നല്ലോണം കിതക്കുന്നുണ്ടായിരുന്നു. ഗൾഫിലെത്തിയ ഉടനെ ഭാര്യ ഗർഭിണിയാണ് എന്നറിയുമ്പോൾ സന്തോഷിക്കാത്ത ഭർത്താക്കന്മാർ ഉണ്ടോകുമോ.. ?? ഉണ്ടാവുമെങ്കിൽ അതിലൊന്ന് ഞാനായിരുന്നു. കാരണം എങ്ങനെയാ ഞാൻ നിനക്ക് പറഞ്ഞു തരിക !!! എന്ന് പറഞ്ഞ് അൻവർ നിർത്തിയതും ഞാൻ ചോദിച്ചു
” എനിക്ക്‌ മനസ്സിലാവും എന്നാലും പറ
നീ അവളുമായി … ???” എന്ന് സംശയ മുനയോടെ ചോദിച്ച എന്നോട് മറുപടി പറയാതെ തല താഴ്ത്തിയിരിക്കുന്ന അൻവറിന്റെ ചുമലിൽ കൈ വെച്ച്
” എന്നോട് പറ.. മടിക്കണ്ട.. ഇതിനേക്കാൾ വലിയത് നീ എന്നോട് പങ്കുവെച്ചില്ലേ പറ.. ” എന്നൊക്കെ പറഞ്ഞ് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് ക്ഷമയുടെ പർവ്വതം പോലെയുള്ള ഒരു മനസ്സിനുടമയാണ് എന്റെ അൻവർ എന്ന് ബോധ്യപ്പെടുന്നത്.

അവനോട് കാര്യങ്ങളെല്ലാം കൂടുതൽ നിർബന്ധിച്ച് ചോദിച്ചറിഞ്ഞപ്പോൾ അവൻ തന്റെ ഭാര്യയുമായി ആദ്യത്തെ മാസമല്ലാതെ കൂടുതൽ അടുത്തിട്ടില്ലെന്ന സത്യവും, ഇപ്പോഴിങ്ങനെ അവൻ കാരണം അവൾ ഗർഭിണിയാവാൻ ഒരു വഴിയും കാണുന്നില്ലെന്നും, പടച്ചോന്റെ പരീക്ഷണത്തിന്റെ വേറിട്ടൊരു മുഖമാണിതെന്നും അവന്റെ സംസാരത്തിലൂടെ ഞാനറിയുന്നത്.

അതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒരു സീറ്റിൽ ഞാനും മറ്റേ സീറ്റിൽ അവനും ഒന്നും പറയാതെ, പറയാൻ കിട്ടാതെ ശ്വാസമടക്കിപ്പിടിച്ച് കുറെ നേരമിരുന്നു . അവന്റെ അവസ്ഥ കണ്ടു പേടിച്ച എന്റെ മരവിച്ച മനസ്സിനെ ആശ്വാസിപ്പിക്കുകയാണെന്ന് തോന്നിപ്പിക്കും വിധം നെടുവീർപ്പുകൾ പുറത്തേക്കിറങ്ങി കൊണ്ടിരുന്നു .

ഒരു പുരുഷനെങ്ങനെ ഇത്രക്ക് ക്ഷമിക്കാൻ കഴിയുന്നു എന്നോർത്തപ്പോൾ അവനോടെനിക്ക് വല്ലാത്ത ബഹുമാനം തോന്നുകയായിരുന്നു.

എത്ര നേരം ഞങ്ങളങ്ങനെ മിണ്ടാതിരുന്നെന്ന് അറിയില്ല. മനസ്സടങ്ങിയതോടെ ഞാനവനോട്
” അൻവർ പറ പിന്നെ എന്താണുണ്ടായത്.. ?” എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു.

ഉമ്മ ഫോണിലൂടെ പറഞ്ഞ വിശേഷങ്ങൾ കേട്ടപ്പോൾ ഞാനന്നൊരു ഭ്രാന്തനെ പോലെയാവുമെന്ന് തോന്നുകയുണ്ടായി . അത്രക്ക് തളർന്നു പോയിരുന്നു . എനിക്കപ്പോൾ എന്താണ് ചെയ്യേണ്ടത് എന്നറിയില്ലായിരുന്നു ‌. ആ മരുഭൂമിയിൽ ആരോട് ചെന്നിട്ടാണ് ഞാനിതൊക്കെ പറയുക… ആശ്വാസവാക്കുകൾ പോലും എനിക്ക്‌ കിട്ടാതെ പോയ നിമിഷങ്ങൾ.

പിറ്റേന്ന് മുതൽ ജോലിയിൽ കയറിയ എന്നെ നോക്കി നിൽക്കാതെ ദിവസങ്ങൾ പരിഹസിച്ചോടി മറഞ്ഞിട്ടും എനിക്കൊന്നും ചെയ്യാനോ പറയാനോ കഴിഞ്ഞില്ല. ഇടക്ക് വീട്ടിലേക്ക് വിളിക്കുമെന്നല്ലാതെ ഞാനവൾക്ക് വിളിക്കുകയോ അവളെ കുറിച്ച് ചോദിക്കുകയോ ചെയ്യാറില്ലായിരുന്നു .

ഒരു ദിവസം ജോലി കഴിഞ്ഞ് വന്ന് റൂമിൽ ഓരോന്നാലോജിച്ചിരിക്കുമ്പോഴാണ്
നാട്ടിൽ നിന്നും എന്റെ ഇത്താത്ത ഫോൺ ചെയ്യുന്നത്. ഇത്തയോട് സംസാരിക്കുമ്പോൾ ‘ നീ അവളോടി ചെയ്യുന്നത് ശരിയല്ലെന്നും അവൾ നിന്നെ അനുസരിക്കാത്തവളും, വെറുപ്പിക്കുന്നവളും ഒക്കെയാണെന്ന് ഇത്താക്ക് അറിയാം പക്ഷേ ഒന്നുമില്ലെങ്കിലും അവൾ നിന്റെ ഭാര്യയും ഇപ്പൊ നിന്റെ കുഞ്ഞിനെ ജന്മം നൽകാൻ പോകുന്നവളും ആണെന്ന്” പറഞ്ഞപ്പോൾ കൂടുതൽ കേള്ക്കാൻ നിൽക്കാതെ ഞാൻ വിളിക്കാം ജോലിയിലാണ് എന്ന് പറഞ്ഞ് ഫോൺ വെച്ചു.

അവൾക്കെങ്ങനെ ഞാൻ വിളിക്കും..? എനിക്കതിന് കഴിയില്ലായിരുന്നു. ചിന്തകളെ ദുഃഖങ്ങൾ തളർത്തി കളഞ്ഞപ്പോൾ ആശ്വാസമായി വന്ന ഉറക്കം അന്നന്നെ കുറെ നേരത്തേക്ക് ഈ ലോകത്ത് നിന്നും തട്ടിക്കൊണ്ടു പോയി.

രാത്രിയാണ് അന്ന് ഞാൻ ഉറക്കത്തിൽ നിന്നും ഉണരുന്നത്. ഉണർന്ന് ഫ്രഷായി നമസ്ക്കരിച്ച് ഞാൻ കുറെ നേരം പ്രാർത്ഥിച്ചു . ചിന്തിക്കാതെ എന്തെങ്കിലും ചെയ്ത് എന്നെ ഒറ്റപ്പെടുത്തരുതേ എന്നും എനിക്കെന്തെങ്കിലും വഴി കാണിച്ച് തരണേ എന്നൊക്കെയുള്ള നീറി കരഞ്ഞപേക്ഷിച്ച എന്റെ തോരാത്ത കണ്ണീര് കണ്ടത് കൊണ്ടാവണം പടച്ചോനെനിക്ക് അപ്പോഴെന്റെ ഉസ്താദിനെ വിളിക്കാൻ തോന്നിപ്പിച്ചത് .

മുസല്ല മടക്കി വെച്ച് വൈകാതെ തന്നെ നാട്ടിലുള്ള എന്റെ ഉസ്താദിനെ വിളിച്ചു. എന്നെ മദ്രസ്സയിൽ പഠിപ്പിച്ച ഉസ്താദാ.. കൂടെ ഇന്നെന്റെ നല്ലൊരു സുഹൃത്തും കൂടിയാണ്. മനസ്സ് താളം തെറ്റുമ്പോൾ, ജീവിതത്തിലെ ചില കിട്ടാത്ത സംശയങ്ങൾ വരുമ്പോൾ പോയി ചോദിക്കാൻ എനിക്കീ ലോകത്ത് നേരിട്ട് പരിചയമുള്ള ഒരേയൊരു പണ്ഡിതൻ.

ഫോണെടുത്തതും ഉസ്താദിനോട് സലാം പറഞ്ഞ് അൻവർ ആണെന്ന് പറഞ്ഞപ്പോൾ ഉസ്താദ് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി സംസാരത്തിനിടയിൽ ഒരു സുഹൃത്തിന് വേണ്ടിയാണ് ത്വലാഖിനെ കുറിച്ചും, അത് ചെയ്യുന്നതിനെ കുറിച്ചും അറിയാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ ഉസ്താദ് പറഞ്ഞു ” അൻവർ ഇന്നത്തെകാലത്ത് മുസ്ലിമായ ചില ആണുങ്ങൾക്കും, പെണ്ണുങ്ങൾക്കും ഈമാന്റെ ഭാഗമായ ക്ഷമ കുറഞ്ഞ് കൊണ്ടിരിക്കുന്ന ഒരു സമയമാണ്. ഒരു ഭർത്താവ് തന്റെ ഭാര്യയുടെ ഭാഗത്ത് നിന്നും സംഭവിക്കുന്ന ക്ഷമിക്കാൻ കഴിയുന്ന ചെറിയ ചെറിയ ന്യൂനതകൾക്ക് വരെ അവളെ ത്വലാഖ് ചൊല്ലുന്ന അവസ്ഥ ഇന്ന് നമുക്കിടയിലുണ്ട്. അതുപോലെ ഒരു കുട്ടിയൊക്കെ ആയി കഴിഞ്ഞാൽ സ്വന്തം ഇഷ്ടത്തിന് നടക്കാൻ ഭർത്താവ് സമ്മതിച്ചില്ലെങ്കിൽ ആ ഭർത്താവിന്റെ പോരായ്മകൾ കണ്ടെത്തി അവളുടെ ജീവിതത്തേക്കാൾ പണത്തിന് മുൻ‌തൂക്കം നൽകുന്ന വീട്ടുകാരോടൊപ്പം വേർപിരിയാൻ ധൃതി കാണിച്ച് നഷ്ടപരിഹാരം കിട്ടണമെന്നൊക്കെ വാശിപിടിച്ച് കോടതിയിലും മറ്റും കയറിയിറങ്ങുന്ന ഭാര്യമാരും കൂടി കൊണ്ടിരിക്കുന്നു . ഇതെല്ലാം മുമ്പുള്ളതിനേക്കാൾ ദിവസവും വർദ്ധിച്ച് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണ് ഇന്ന്.

ത്വലാഖ് നമുക്ക് അനുവദിക്കപ്പെട്ടത് ഒരു ആണിനോ പെണ്ണിനോ വിവാഹം കഴിഞ്ഞതിന് ശേഷം മനസ്സറിഞ്ഞ് സ്നേഹിക്കുവാൻ കഴിയാത്ത കാരണങ്ങൾ ഉണ്ടാവുകയും പൊരുത്തപ്പെട്ട് പോകുവാൻ എത്ര ശ്രമിച്ചിട്ടും കഴിയാതെ വരികയും ചെയ്‌താൽ പിന്നെ ആ ബന്ധം കൊണ്ട് പ്രയോജനമില്ല എന്ന് മാത്രമല്ല അതുകൊണ്ട് പല ബുദ്ധിമുട്ടുകളും പിന്നീടവരുടെ ജീവിതത്തിൽ സംഭവിച്ചേക്കും. അങ്ങനെ നിവർത്തിയില്ലാതെ വരുന്നവർക്ക് പിരിയാൻ വേണ്ടി മാത്രമാണ് ത്വലാഖ് .

അല്ലാതെ തോന്നുമ്പോൾ കെട്ടുകയും തോന്നുമ്പോൾ ഒഴിവാക്കാനും വേണ്ടിയല്ല ഇസ്ലാം ത്വലാഖ് അനുവദിച്ചത് പക്ഷേ ഇസ്ലാം എന്താണ് പറഞ്ഞതെന്ന് നോക്കാതെയും , അതെന്താണെന്ന് പഠിക്കാതെയും ചെറിയ ചെറിയ കാരണങ്ങൾക്ക് വരെ വിവാഹത്തിന്റെ പവിത്രതയും ദാമ്പത്യ ജീവിതത്തിന്റെ മഹത്വവും നഷ്ടപ്പെടുത്തി ചിലർ ത്വലാഖ് ചൊല്ലുന്നു .

കൂടെ എല്ലാവരും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ത്വലാഖ് എന്ന് പറയുന്നത് പടച്ച റബ്ബ് അവനിഷ്ടമില്ലാതെ വെറുപ്പോടെ സമ്മതിച്ച ഒരൊറ്റ കാര്യമാണെന്നുള്ളതും , അവന്റെ സിംഹാസനം പോലും ത്വലാഖുകൾ വിറപ്പിക്കുമെന്നുള്ളതും, ഇബ്ലീസ് ത്വലാഖ് ചിന്തിച്ച് നടക്കുന്നവരെ പിന്തുടർന്ന് അത് ചെയ്യാൻ പ്രേരിപ്പിക്കുകയും അവരെ കൊണ്ടത് ചെയ്യിപ്പിക്കുകയും, ചെയ്യുമെന്നുള്ള കാര്യങ്ങൾ പലരും ഓർക്കുന്നില്ല.

ത്വലാഖ് ചൊല്ലുന്നതിന് മുൻപ്‌ ചൊല്ലുവാൻ നിൽക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.

ഭർത്താവ് ദേഷ്യത്തിന്റെ പുറത്ത് ത്വലാഖ് ചൊല്ലിയാലും , തമാശയിൽ ത്വലാഖ് ചൊല്ലി പോയാലും ബന്ധം മുറിയും. പിന്നെ ദേഷ്യം മാറുമ്പോഴും, തമാശയായിരുന്നു എന്ന് തോന്നുമ്പോഴും മാറ്റി പറയാൻ കഴിയില്ല …!

ഒരു വട്ടമോ രണ്ട് വട്ടമോ ത്വലാഖ് ചൊല്ലി പോയ ഭർത്താവിന് അവനവളെ വീണ്ടും തിരിച്ചെടുക്കാൻ സാധിക്കും. അല്ലാതെ മൂന്നുവട്ടം ത്വലാഖ് ചൊല്ലി പോയാൽ പിന്നെയവന് ആ പെണ്ണിനെ വീണ്ടും ഭാര്യയായി സ്വീകരിക്കണമെങ്കിൽ അവളെ വേറെയാരെങ്കിലും വിവാഹം ചെയ്ത് അയാളവളെ മൊഴി ചൊല്ലണം, അതുകൊണ്ടാണ് വിവാഹത്തിന് അത്രയും മഹത്വം കൽപ്പിക്കുന്ന ഇസ്ലാം നമ്മളോട് ത്വലാഖ് കൊണ്ട് കളിക്കുകയോ അതിന്റെ ഗൌരവം മറക്കുകയോ ചെയ്യരുതെന്ന് ആവർത്തിച്ച് പഠിപ്പിച്ചത് .

ത്വലാഖ് ചൊല്ലുന്നവൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പ്രധാനപ്പെട്ടത് ഒഴിവാക്കാനുള്ള കാരണം തന്നെയാണ്. വെക്തമായ കാരണം ഇല്ലാതെ ത്വലാഖ് ചൊല്ലാൻ പാടുള്ളതല്ല. കാരണങ്ങൾ ഉണ്ടെങ്കിലും ആദ്യം ചെയ്യേണ്ടത് വിട്ടുവീഴ്ചകൾക്ക് രണ്ടുകൂട്ടരും തയ്യാറാവാൻ കഴിയുമെങ്കിൽ അതിനായിരിക്കണം മുൻ‌തൂക്കം നൽകേണ്ടത്.

കൂടിയിരുന്ന് കാര്യങ്ങൾ സംസാരിക്കാൻ കാരണവന്മാർ മുന്നിട്ടിറങ്ങണം. ബന്ധം മുറിക്കാൻ അവരൊരിക്കലും അറിഞ്ഞ് ശ്രമിക്കരുത്.