അജ്ഞാതന്റെ കത്ത് ഭാഗം 5

അജ്ഞാതന്റെ കത്ത് ഭാഗം 5
Ajnathante kathu Part 5 bY അഭ്യുദയകാംക്ഷി | READ ALL PART

ഓടിക്കയറുമ്പോൾ സ്റ്റെപ്പിൽ വീണു കാലിലെ തൊലിയിളകി വേദനിച്ചു.മാരണങ്ങൾ ഓരോന്നായി എന്റെ തലയിൽ തന്നെയാണല്ലോ വന്നു പതിക്കണത്.ഇവിടെയുള്ളത് എന്താണാവോ?
ടെറസിലെത്തിയപ്പോൾ അടപ്പു മാറ്റിയ ടാങ്കിലേക്ക് നോക്കി നിൽക്കുകയാണ് അരവിന്ദ് .

“എന്താ അരവി ?”

അവൻ എന്നെ തന്നെ തുറിച്ചു നോക്കി. പിന്നീട് വീണ്ടും ടാങ്കിലേക്ക് നോക്കി. ഞാനും എത്തി നോക്കാൻ ശ്രമിച്ചെങ്കിലും അരവിയുടെ അത്രയില്ലാത്ത ഉയരക്കുറവ് കാരണം ഒന്നും കാണുന്നില്ലായിരുന്നു.
സൈഡിൽ വെച്ചിരുന്ന രണ്ട് ഇഷ്ടിക വെച്ച് ഞാൻ ഉയരക്കുറവ് പരിഹരിച്ചു. മുക്കാലും തീർന്ന വെള്ളത്തിനകത്ത് ആദ്യം പതിഞ്ഞത് മഞ്ഞയിൽ പിങ്ക് പൂക്കളുള്ള ഒരു ബെഡ്ഷീറ്റാണ്. തുണി വിരിച്ചിട്ടപ്പോൾ പറന്നു വീണതാകും.

” ബെഡ്ഷീറ്റ് വീണതിനാണോ നീയിപ്പോൾ കിടന്നു കാറിയത്?”

അവനെ നോക്കി ഞാൻ.

“സൂക്ഷിച്ച് നോക്ക് “

എന്ന് പറഞ്ഞ് അവനെന്നെ അപ്പോഴും തുറിച്ചു നോക്കുകയായിരുന്നു.

പക്ഷേ ഈ കളർ ബെഡ്ഷീറ്റ് ഇവിടെയില്ലല്ലോ എന്ന് ചിന്തിച്ചു കൊണ്ടാണ് വീണ്ടും നോക്കിയത്. കണ്ണുകൾ ടാങ്കിനകത്തെ മങ്ങിയ ഇരുട്ടുമായി പൊരുത്തപ്പെട്ടപ്പോൾ കണ്ണുകളിൽ ഇരുട്ട് മൂടിയത് എനിക്കാണ്.
പുറത്തൊരു വാഹനം വന്നു നിൽക്കുന്ന ശബ്ദം .അരവി താഴേക്കിറങ്ങി പോയി.
അതിനകത്തുള്ളത് മനുഷ്യൻ തന്നെയെന്നറിഞ്ഞ ഞാൻ തളർന്നു. വേഷം കൊണ്ട് അതൊരു സ്ത്രീയാണ് ഒടിഞ്ഞു മടങ്ങി കിടക്കുന്നതിനാൽ മുഴുവൻ കാണാൻ പറ്റുന്നില്ല. ഞാൻ ടെറസിൽ ഇരുന്നു പോയി.

” എവിടെ “

എന്ന ചോദ്യത്തോടെ അരവിക്കൊപ്പം അലോഷ്യസ് കയറി വന്നു. ഞാൻ യാന്ത്രികമായി ടാങ്കിലേക്ക് ചൂണ്ടി.
ടാങ്കിനകത്തും പുറത്തും അലോഷ്യസ് നന്നായി നോക്കി.

” അരവിന്ദ് പോലീസിൽ അറിയിച്ചോ ?”

” ഇല്ല”

“ഉടനെ അറിയിക്കൂ “

അരവി ഉടൻ തന്നെ സ്റ്റേഷനിൽ വിളിച്ചു വിവരം പറഞ്ഞു.
തുടർന്ന് രാവിലെ രാത്രി മുതൽ തൊട്ടു മുന്നേ വരെയുള്ള കാര്യങ്ങൾ പറഞ്ഞു.
ഞാൻ സത്യം പറഞ്ഞാൽ തളർന്നു തുടങ്ങിയിരുന്നു. താങ്ങായി അരവി കൂടി ഇല്ലെങ്കിൽ……

“വേദ താഴേക്ക് പോയ്ക്കോളൂ”

എന്റെ അവസ്ഥ മനസിലാക്കിയ അലോഷ്യസ് പറഞ്ഞു.
വേണ്ടായെന്ന് ഞാൻ തലയാട്ടി.
പത്ത് മിനിട്ടിനുള്ളിൽ പോലീസ് വാഹനം വന്നു.അതിൽ നിന്നും ജെയിംസ് ജോർജ്ജിറങ്ങി വന്നു. അടുത്ത വീടിന്റെ മതിലിൽ രണ്ടു തലകൾ കണ്ടു.
എങ്ങനെയാണെന്നറിയില്ല ചാനലുകാർ വീടുവളഞ്ഞു തുടങ്ങിയിരുന്നു. അക്കൂട്ടത്തിൽ സ്വന്തം ചാനലും, ആരേയും മുകളിലേക്ക് കടത്തിവിടാതെ പോലീസ്കാർ സെക്യൂരിറ്റി തീർത്തു.
എന്നിട്ടും സമീപത്തെ വീടിന്റെ ടെറസിലും മലിലും അവർ അട്ടയെ പോലെ പറ്റിപ്പിടിച്ചിരുന്നു.

” ആരാ ബോഡി ആദ്യമായി കണ്ടത്?”

“ഞാനാ “

അരവി മുന്നോട്ട് വന്നു.

“നിങ്ങൾ വേദയുടെ …..?”

“ഒരുമിച്ചാണ് ചാനലിൽ വർക്ക് ചെയ്യുന്നത് പിന്നെ അയൽവാസിയുമാണ്. “

” ഇത്…..?”

അലോഷ്യസിനെ ചൂണ്ടിയാണ് ചോദിച്ചത്.അരവി എന്തോ പറയാൻ തുനിയുന്നതിനിടയിൽ കയറി അലോഷ്യസ് പറഞ്ഞു.

“ഞങ്ങൾ ഫ്രണ്ട്സാണ്. ഇങ്ങനെയൊരു സംഭവം നടന്നു എന്നറിഞ്ഞപ്പോൾ ഓടി വന്നതാണ്.”

സ്വന്തം ഐഡന്റിറ്റി മറച്ചു വെച്ചാണ് അദ്ദേഹം പറഞ്ഞത്.

” ഈ ബോഡിയുള്ളതെങ്ങനെ മനസിലായി വേദ ?”

എന്നോടുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞത് അരവിയായിരുന്നു.

“കൈ വാഷ് ചെയ്യുമ്പോൾ വെള്ളത്തിലെ കളറുമാറ്റവും രക്ത ഗന്ധവും കണ്ടാ ഞാനോടി വന്നു നോക്കിയത്.”

” ഇതിനകത്ത് ബോഡിയുണ്ടെന്നു നിങ്ങൾക്കുറപ്പുണ്ടായിരുന്നോ? “

പരിഹാസം പോലെയായിരുന്നു ചോദ്യം.

” ഇല്ല സർ, രക്ത ഗന്ധം അനുഭവപ്പെട്ടപ്പോൾ എന്തോ എനിക്കങ്ങനെ ഓടിവരാൻ തോന്നി. ടാങ്കിൽ എന്തോ അത്യാഹിതം നടന്നെന്നു മനസു പറഞ്ഞിരുന്നു.”

SI ഒന്നിരുത്തി മൂളി.
ബോഡി ടാങ്കിൽ നിന്നും എടുക്കപ്പെട്ടു .ടെറസിൽ വെച്ച സ്ട്രെച്ചറിൽ കിടത്തി.ആ പെണ്ണുടലിനു തല ഇല്ലായിരുന്നു.
മൂർച്ചയേറിയ ഏതോ ആയുധത്താൽ മുറിച്ചുമാറ്റിയ കഴുത്ത് ഭാഗത്തെ മാംസം വെള്ളത്തിൽ കിടന്നതിനാൽ രക്തമയം വാർന്ന് വെളുത്ത് കാണപ്പെട്ടു.
ഭയം കാരണം എന്റെ മുഖവും വിളറി വെളുത്തിരുന്നു. വിശദമായ ചോദ്യോത്തരങ്ങൾക്ക് ശേഷം ബോഡി കൊണ്ടുപോയി. ഞാൻ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ സുനിതയുടെ മുറി Si വിശദമായി പരിശോദിച്ചു.കൂട്ടത്തിൽ അലോഷ്യസും.

“വേദ ഇനി മുതൽ ഈ വീട്ടിൽ താമസിക്കുന്നത് സേഫല്ല. ഒരു ഹോസ്റ്റലിലേക്കോ ബന്ധു വീട്ടിലേക്കോ മാറുന്നതാണ് ഉചിതം.”

ഇറങ്ങാൻ നേരം എസ് ഐ പറഞ്ഞു. അയൽപക്കത്തുള്ളവരും പിരിഞ്ഞു പോയി. എല്ലാം തകർന്നതു പോലെ ഞാനിരുന്നു.

“വേദ …..”

അരവിയുടെ ശബ്ദം ഞാൻ തലയുയർത്തി.

“നീയിനി എല്ലാ കാര്യത്തിലും വല്ലാതെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തെ പോലും “

” ഉം “

ഞാൻ മൂളി..

” അരവി വേദ ഇനി മുതൽ നിന്റെ വീട്ടിൽ നിൽക്കട്ടെ.അവിടാകുമ്പോൾ ആളുണ്ടാവുമല്ലോ”

അലോഷ്യസ് കണ്ട പോംവഴിയാണിത്.

” അവരെന്നെ കൊല്ലില്ല സർ, “

എന്റെ ഉറച്ച സ്വരം കേട്ടാവാം രണ്ടുപേരുടേയും മുഖത്ത് ഞെട്ടൽ.

” എന്നെ ഭയപ്പെടുത്തണം അതാണവരുടെ ലക്ഷ്യം. അതിൽ അവർ ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു എന്ന് ഞാനും സമ്മതിക്കാം. പക്ഷേ, അവരുടെ ലക്ഷ്യം നടക്കില്ല.”

“നീയെന്താ പറഞ്ഞു വരുന്നത്?”

അരവിയുടെ ചോദ്യം.

“ഭയന്നോടാൻ വയ്യാന്ന്. ചാവുന്നെങ്കിൽ ചാവട്ടെ, എന്ന് കരുതി ഒളിച്ചിരിക്കണോ ഞാൻ? ഭീരുക്കൾക്ക് ചേർന്ന ജോലിയല്ല ജേർണലിസമെന്ന് എനിക്ക് നന്നായിട്ടറിയാം. കാര്യങ്ങൾ പഴയതുപോലെ തന്നെ പോകട്ടെ.”

” പക്ഷേ വേദ കരുതുന്നതു പോലെ അല്ല കാര്യങ്ങൾ, എതിരാളികൾ ആരെന്നോ, അവരുടെ ലക്ഷ്യമെന്തെന്നോ അറിയാനിതുവരെ കഴിഞ്ഞിട്ടില്ല.”

അലോഷ്യസിന്റെ സംസാരത്തെ പാടെ അവഗണിച്ചു കൊണ്ട് ഞാൻ മുറിയിലേക്ക് പോയി. തിരികെ വരുമ്പോൾ ഞാൻ ഓരോ എപ്പിസോഡിന്റേയും ഫുൾ റിപ്പോർട്ട് തയ്യാറാക്കിയ ഫയൽ ഉണ്ടായിരുന്നു.അത് അലോഷ്യസിന്റ നേരെ നീട്ടി.

” ഇതിൽ 2013 ൽ ആരംഭിച്ച എന്റെ പ്രോഗ്രാമിന്റെ ഡീറ്റയിൽസ് അക്കമിട്ട് 152 ഫയലുകളുള്ളതിൽ നിന്നും കുറച്ചു ഫയലുകൾ മിസ്സിംഗാണ്. കറക്റ്റായി പറഞ്ഞാൽ 2013 ഏപ്രിൽ 4,11,18, 25 എന്നീ ദിവസത്തെയും 2016 ഓഗസ്റ്റ് 18, 25 സെപ്റ്റംബർ 1ലേയും ഫയലുകൾ ചേർത്ത് നഷ്ടമായത് 7 ഫയലുകൾ.”

” അതേത് ഫയലാണ്. ആരുടെ കേസാണ് എന്ന് പറ”

അലോഷിയുടെ ജിജ്ഞാസ.

“ഓഫീസിലെ സിസ്റ്റത്തിൽ നോക്കണം. എന്റെ ലാപ് സാമുവൽ സാറിന്റെ വീട്ടിലാണ്.”

പറഞ്ഞു തീരും മുന്നേ അലോഷ്യസിന്റെ ഫോൺ ശബ്ദിച്ചു അദ്ദേഹം കോൾ അറ്റന്റ് ചെയ്തു കൊണ്ട് പുറത്തേയ്ക്കു പോയി അൽപ സമയത്തിനുള്ളിൽ തിരികെ വന്നു.
അദ്ദേഹത്തിന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.

“സർ,എന്തെങ്കിലും ന്യൂസ്?”

രണ്ടും കൽപിച്ച് ഞാൻ ചോദിച്ചു.

” ഉം….. സുനിതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു. പ്രതീക്ഷിക്കാത്ത പലതും അതിലുണ്ട്.”

“സർ തെളിച്ചു പറ”

” ഭർത്താവു മരിച്ചിട്ട് വർഷങ്ങളോളമായ സുനിതയുടെ ഗർഭപാത്രത്തിൽ ആഴ്ചകൾ പ്രായമുള്ള ഭ്രൂണമുണ്ടായിരുന്നു “

ഞെട്ടൽ തോന്നിയെനിക്ക് അഞ്ച് വർഷമായി കൂടെയുണ്ടായിരുന്ന വിശ്വസ്ഥയായ ജോലിക്കാരി .

” അതു മാത്രമല്ല അവളുടെ വലതു കൈപ്പത്തി മുറിച്ചുമാറ്റിയിട്ടുണ്ടായിരുന്നു. ആന്തരാവയവങ്ങളിൽ ഹൃദയം കിഡ്നി ചെറുകുടൽ തുടങ്ങിയ ഉണ്ടായിരുന്നില്ല.ഷോൾഡറിന്റെ പിൻഭാഗത്ത് ആഴത്തിൽ മുറിവുണ്ടായിട്ടുണ്ട്. കഴുത്തിലെ മുറിവിൽ നിന്നുണ്ടായ രക്തസ്രാവമാണ് മരണകാരണം.”

തരിച്ചിരിക്കാനെ എനിക്കു കഴിഞ്ഞുള്ളൂ .എന്റെ അതേ അവസ്ഥയിൽ തന്നെയായിരുന്നു അരവിയും.

“പിന്നെ ഒരു കാര്യം ഞാനെന്തായാലും മുരുകേശനെ ഒന്നു തപ്പട്ടെ.അതിനു മുന്നേ നിങ്ങൾ ഞാനുമായി കോൺഡാക്റ്റ് ചെയ്യാൻ ഇനി മുതൽ ഈ ഫോൺ മാത്രം ഉപയോഗിക്കുക. ഇതിൽ നിന്നു എന്നെ മാത്രമേ വിളിക്കാവൂ. ഞാൻ ആരാണെന്ന ചോദ്യത്തിന് നിങ്ങളുടെ സുഹൃത്ത് എന്ന മറുപടി മാത്രമേ ആർക്കും നൽകാവൂ.”

മുന്നിലേക്ക് രണ്ട് ഫോണുകൾ നീട്ടിയാണ് അലോഷ്യസ് പറഞ്ഞത്.

“എതിരാളികൾ ചില്ലറക്കാരല്ലാത്ത സ്ഥിതിക്ക് നിങ്ങളുടെ ഫോൺ കോളുകൾ ചോർത്തിയെടുക്കാൻ സാദ്ധ്യതയുണ്ട്.. “

അലോഷ്യസ് പോയി കുറേ നേരം കഴിഞ്ഞിട്ടും ഞാനതേ പോലെ തന്നെ ഇരിക്കുകയായിരുന്നു.അരവിയിൽ അന്നുവരെ ഇല്ലാത്ത ഒരു ഭയം ഞാൻ കണ്ടു.

“നിനക്ക് പേടിയുണ്ടോടാ ?”

” പേടിയല്ലടി, അവരുടെ ലക്ഷ്യമെന്താണെന്നറിയാഞ്ഞിട്ടുള്ള ഒരു എന്താ പറയാ…… “

ഞാൻ കൈയെടുത്തു തടഞ്ഞു.

“മതി മതി ഉരുളണ്ട. സുനിത ഒന്നുകിൽ അവർക്കൊപ്പം നിന്നു നമ്മളെ ചതിച്ചു അല്ലെങ്കിൽ നിർബന്ധിതയായതാവാം. അതിന്റെ ശിക്ഷ മരണമായി വാങ്ങി”

അരവി വെറുതെ കേട്ടിരുന്നതേ ഉള്ളൂ.

” അരവി നമുക്കാ അലമാര തുറക്കാൻ ശ്രമിക്കാം. ചിലപ്പോൾ എന്തെങ്കിലും കച്ചിത്തുരുമ്പു കിട്ടിയാലോ?”

അവന്റെ കണ്ണിലും ഒരു പ്രതീക്ഷ. ഞങ്ങൾ പലതരത്തിൽ ശ്രമിച്ചു നോക്കി.ഒടുവിൽ നേർത്ത ചെറിയ അലൂമിനിയം കമ്പി വളച്ച് തിരിച്ച് ഒരു വിധത്തിൽ അലമാര തുറന്നു.
വൃത്തിയായി മടക്കി വെച്ച തുണിത്തരങ്ങൾ, പാതി തീർന്ന ഒരു സ്പ്രേ ബോട്ടിൽ, ഒരു ഡയറി, ഫെഡറൽ ബാങ്കിലെ പാസ് ബുക്ക് ഉണങ്ങിയ ആലിലയിൽ ക്ഷേത്രത്തിലെ കളഭവും പൂവും, ഒരു ഷോൾഡർ ബാഗിൽ കുറച്ചു പഴന്തുണി, ചില്ലറത്തുട്ടുകളിടുന്ന ഒരു കാശുകുടുക്ക, ഒരു സ്പടികപാത്രത്തിന് സമാനമായ സിന്ദൂരച്ചെപ്പ്,കൂടാതെ ഒരു തലയാട്ടും തഞ്ചാവൂർ ബൊമ്മയും, കളിമണ്ണിൽ തീർത്ത ഒരു വിളക്കേന്തിയ വനിതയുടെ പ്രതിമയും.
വിളക്കേന്തിയ വനിത ഞാൻ തന്നെയാണ് സുനിതയ്ക്ക് നൽകിയത്. നൽകിയതല്ല ദൂരെ കളയാൻ വേണ്ടി കൊടുത്തതാണ്.
ആ പ്രതിമയിൽ അച്ഛന്റെയും അമ്മയുടേയും രക്തമുണങ്ങിക്കിടപ്പുണ്ട്.
ആക്സിഡണ്ട് നടക്കുമ്പോൾ കാറിലുണ്ടായിരുന്നതാണ് അത്.
കണ്ണ് നിറയുന്നുണ്ട്.

ഡയറിയിൽ ഒന്നുമെഴുതിയിട്ടില്ല. 35 വയസു തോന്നിരുന്ന യുവാവിന്റെ പഴയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ.മരണപ്പെട്ട ഭർത്താവായിരിക്കാം.പാസ് ബുക്ക് ഞാൻ നോക്കി രണ്ടു മാസം മുന്നേ എടുത്ത എക്കൗണ്ട് .

അരവിയുടെ കൈ തട്ടി സിന്ദൂരചെപ്പ് തറയിലേക്കുരുണ്ടു വീണു. ഉരുണ്ടുരുണ്ടവ അലമാരയ്ക്ക് കീഴേക്ക് പോയി.അരവിയത് കുനിത്തെടുക്കാൻ ശ്രമിച്ചു. അലമാരയുടെ താഴെക്ക് കൈ നീട്ടി. കൈ പിൻവലിച്ചപ്പോൾ അവന്റെ കൈയിൽ സുനിതയുടെ ഫോണിന്റെ ഫ്രണ്ട് ഭാഗവും ബാറ്ററിയും ഉണ്ടായിരുന്നു.
ഒന്നുകൂടി തപ്പിയപ്പോൾ സിമ്മും പിന്നിലെ കേയ്സും കൂടി കിട്ടി. ഫോൺ നാല് പാർട്ടായി പോകണമെങ്കിൽ ശക്തമായി തെറിച്ച് വീഴണം. അതിനർത്ഥം ഈ മുറിയിൽ വെച്ച് പിടിവലി നടന്നിട്ടുണ്ടാവും അപ്പോഴാവും ഫോൺ തെറിച്ച് പോയത്.സിമ്മും ബാറ്ററിയും നന്നായി ചെയ്യ് സെറ്റ് ഓൺ ചെയ്തു. അതിലെ കാൾ ലിസ്റ്റ് പരിശോധിച്ചു.
ലാസ്റ്റ് ഇൻകമിംഗും ഔട്ട് ഗോയിംഗൂം ഒരേ നമ്പർ.

“ഈ നമ്പർ നിനക്ക് പരിജയമുണ്ടോ?”

അവസാനം 144 വരുന്ന Devendhran എന്ന് സേവ് ചെയ്ത നമ്പർ കാണിച്ച് അരവിന്ദ് ചോദിച്ചു. ഇല്ലെന്ന് ഞാൻ തലയാട്ടി.

” ഈ നമ്പറിലേക്കാണ് ഇതിൽ നിന്നും കൂടുതൽ കോളുകൾ പോയിട്ടുള്ളത്. പക്ഷേ കാൾ ഡ്യൂറേഷൻ ഒന്നോ രണ്ടോ മിനിട്ടേ ഉള്ളൂ.”

“നീ ദീപ്തിയോട് ഇതിന്റെ ഡീറ്റയിൽസ് എടുത്തു തരാൻ പറ”

വോഡാഫോണിൽ വർക്ക് ചെയ്യുന്ന അരവിയെ ഇഷ്ടമുള്ള ഒരു പെൺകുട്ടിയാണ് ദീപ്തി.തിരിച്ചായിഷ്ടം അവനില്ലെങ്കിലും പലപ്പോഴായി ഇതുപോലുള്ള സഹായങ്ങളുടെ പേരിൽ ഞങ്ങളാ ഇഷ്ടം മുതലെടുത്തിട്ടുണ്ട്.

“സുനിതയുടെത് വോഡാഫോണാണോ?”

ചുണ്ടിൽ ഒരു ചിരിയോടെ അവൻ ചോദിച്ചു.

” ഉം…. മാത്രമല്ല ദേവേന്ദ്രനെന്ന ഈ നമ്പറും വോഡാഫോണാവാനാ സാധ്യത. നീ ട്രൂകാളർ നോക്ക് “

അവന്റെ ഫോണിൽ ട്രൂ കോളറിൽ ആ നമ്പർ വോഡാഫോൺ കേരള എന്നു മാത്രമേ കാണുന്നള്ളായിരുന്നു.
അവൻ ദീപ്തിയെ വിളിച്ചു കാര്യം പറഞ്ഞു.

“ഉച്ച കഴിഞ്ഞ് സെൻഡ്രൽ മാളിൽ ചെല്ലാൻ. അവൾ എല്ലാം എടുത്തു തരുന്ന്. നീയെന്നെ കൊലയ്ക്കു കൊടുക്കുമല്ലോ?”

കണ്ണിറുക്കി ചിരിച്ചു ഞാൻ.കമ്പനിയറിഞ്ഞാൽ അവളുടെ ജോലി പോലും പോവുന്നതാണെന്ന് അറിയാമായിരുന്നിട്ടും അവളത് ചെയ്യുമെന്ന് എനിക്കും അരവിക്കും അറിയാമായിരുന്നു.

“നീയെന്നെ സാമുവൽസാറിന്റെ വീട്ടിൽ വിടാമോ. അവിടെയാണ് കാറുള്ളത്. ലാപ് എടുക്കണം. അത്യാവശ്യമായി മിസ്സായ ഫയലേതൊക്കെയാണെന്നു കണ്ടു പിടിക്കണം. എങ്കിലേ മുന്നോട്ട് പോകാൻ പറ്റു. ?”

” നീ റെഡിയാവ് പിന്നെ സുനിതയുടെ ഫോൺ ഓഫ് ചെയ്ത് തന്നെ ഇരിക്കട്ടെ.”

” ഉം. നീ ജോണ്ടിയെ ഒന്ന് വിളിക്ക് അവന്റെ കസിൻ കലൂരിൽ ഒരു ഹോസ്റ്റലിലാ, അവിടെ താമസം റെഡിയാക്കണം.”

ഒരു ട്രാവൽ ബേഗിൽ അത്യാവശ്യം സാധനങ്ങൾ നിറച്ച ശേഷം ഞാനവനോട് പറഞ്ഞു.
ഫോണെടുത്തപ്പോൾ അതിനകത്ത് 15 മിസ്ഡ് കോൾ.അതിൽ 4 എണ്ണം സാമുവൽസാറിന്റേത്. 2 എണ്ണം ഗായത്രീ മേഡത്തിന്റേത്. ഒരെണ്ണം ജോണ്ടിയുടേത്.ഞാൻ സാമുവേൽ സാറിനെ തിരിച്ചുവിളിച്ചു. കുറേ നേരത്തെ റിംഗിനു ശേഷം ഫോൺ എടുത്തു.

“സാർ…. “

” എന്താണു കുട്ടീ ഞാനീ കേട്ടത് ?”

“സർ ഞാനങ്ങോട്ടിറങ്ങുകയാണ്. വന്നിട്ട് പറയാം.”

” ഞാനും വൈഫും വീട്ടിലില്ല ഇന്നലെ വൈകീട്ട് വൈഫിന്റെ അമ്മയ്ക്ക് വയ്യാതായി, ഞങ്ങൾ വൈഫൗസിലാണ്. ന്യൂസ് കണ്ടപ്പോൾ മുതൽ വിളിക്കുന്നു.പേടിക്കണ്ട സത്യസന്ധമായ പത്രപ്രവർത്തകർക്കു നേരെ ഇങ്ങനെയൊക്കെയുണ്ടാവും അതോർത്തു ഭയം വേണ്ട.”

“ഭയമില്ല സർ, പിന്നെ എനിക്ക് കാറെടുക്കണമല്ലോ? എന്തെങ്കിലും വഴി?

“ഗേറ്റിന്റെ കീ ഞാൻ കോളനി സെക്യൂരിറ്റിയെ ഏൽപിച്ചിട്ടുണ്ട് ഞാൻ വിളിച്ചു പറയാം നീ ചെല്ല് “

“ഞാൻ 40 മിനിട്ടിനുള്ളിൽ വരുമെന്ന് പറയണേ “

ഫോൺ കട്ടായി .തുടർന്ന് ഗായത്രീ മേഡത്തിനെ വിളിച്ചെങ്കിലും കിട്ടിയില്ല.

സാമുവേൽ സാറിന്റെ വീടെത്തി. സെക്യൂരിറ്റി കീയുമായി വന്നിട്ടുണ്ടായിരുന്നു.എന്റെ നിർബന്ധത്തിനു വഴങ്ങി അരവിയും ഇറങ്ങി.അരവി സെക്യൂരിറ്റിയുമായി സംസാരിക്കുന്ന സമയം ഞാൻ ട്രാവൽബേഗ് വണ്ടിയിൽ വെക്കാൻ പോയി. ഡിക്കി തുറന്ന ഞാൻ ഭയത്താൽ രണ്ടടി പിന്നോട്ട് വേച്ചുപോയി ഒരു വേള എന്റെ ശ്വാസം നിലച്ചു.

“അരവീ…. “

എന്റെ ശബ്ദമുയർന്നു.അരവി ഓടി വന്നു. ഡിക്കിയിൽ വിരിച്ച ഷീറ്റിൽ മൊത്തം കട്ടപിടിച്ച രക്തത്തിനൊപ്പം ഒരു മൂർച്ചയേറിയ രക്തക്കറ പുരണ്ട കത്തിയും ഒരു പ്ലാസ്റ്റിക് കൂടും. ഞാൻ ധൈര്യത്തോടെ നിൽക്കാൻ ശ്രമിച്ചെങ്കിലും പതറിപ്പോയി
ശബ്ദം കേട്ട് സെക്യൂരിറ്റി ഓടി വന്നു. അയാളിൽ അന്ധാളിപ്പ്. കവറിൽ തൊടാനാഞ്ഞ അരവിയെ ഞാൻ തടഞ്ഞു.

” അരവി വേണ്ട തൊടണ്ട ഇതെന്നെ പൂട്ടാനുള്ള വഴിയാണ്. നീ പിന്നാലെ വാ ഞാൻ സ്റ്റേഷനിലേക്ക് പോകുകയാ.”

ഡിക്കിയടച്ച് ബേഗ് സീറ്റിലേക്കു വെച്ച് ഡ്രൈവിംഗ് സീറ്റിലേക്കിരുന്നപ്പോൾ എനിക്ക് വല്ലാത്ത ധൈര്യമായിരുന്നു.

“എടീ ലാപ് …..”

അരവി പാതിക്കു നിർത്തി.ഞാനതേപറ്റി മറന്നു പോയിരുന്നു. ഭയത്തോടെ ഞാൻ പിൻസീറ്റിലേക്ക് നോക്കി. ലാപിന്റെ ബേഗുകാണുന്നുണ്ട്.
ഞാനിറങ്ങി ബേക്ക് ഡോർ തുറന്ന് ബേഗെടുത്തു പരിശോധിച്ചു. ഭാഗ്യം ലാപ് അതിനകത്തുണ്ട്.

” സേഫ് ഡാ”

അരവിക്ക് കൈ കാണിച്ചു.

“നീ കാക്കനാട് സ്റ്റേഷനിലേക്കല്ലെ?”

അവന്റെ ചോദ്യത്തിനു അതെയെന്നു തലയാട്ടി ഞാൻ.

കാർ സ്പീക്കറിലേക്ക് ഫോൺ കണക്ട് ചെയ്ത് ഞാൻ സാമുവേൽ സാറിനോട് കാര്യം പറഞ്ഞു.സ്റ്റേഷനിൽ കാറുമായി ഹാജരാവാനാണ് അദ്ദേഹവും പറഞ്ഞത്.
ഇനിയൊരിടത്തും പതറരുത്.
സ്റ്റേഷനിൽ എത്തിയപ്പോൾ സമയം 1.52 കഴിഞ്ഞിരുന്നു.
എസ് ഐ ഊണുകഴിക്കാൻ പോയതിനാൽ കുറച്ചു നേരം വെയ്റ്റ് ചെയ്യേണ്ടി വന്നു.ഞാൻ കാറിൽ പോയിരുന്നു.അപ്പോഴാണ് ഫോൺ ശബ്ദിച്ചത്, ഗായത്രീ മേഡമാണ്.

“വേദ നീയെവിടെ കുട്ടി?”

ആധി കയറിയ സ്വരം.

” ഞാൻ സ്റ്റേഷനിലാണ് മാം”