ആ യാത്രക്കൊടുവിൽ

“ആ ബ്രായുടെ വള്ളി ഒന്ന് അകത്തൊട്ടാക്കിക്കേ.. ”

റോഡിൽകൂടി പോകുന്നവർ അതുനോക്കി വെള്ളമിറക്കുന്നതുകണ്ട് സഹികെട്ടിട്ടാണ് ബുള്ളെറ്റിനു പിറകിൽ അലക്ഷ്യമായിരിക്കുന്ന മേബിളിനോട് ഞാനത് പറഞ്ഞത്..

അത് കേട്ടിട്ടും കേൾക്കാത്ത മട്ടിലുള്ള അവളുടെ ഇരിപ്പ് കണ്ടപ്പോൾ എനിക്ക് അടിമുടി ചൊറിഞ്ഞുകയറി..

നാശംപിടിക്കാൻ, ഏത് നേരത്താണാവോ അമ്മച്ചിടെ വാക്ക്കേട്ട് പിറകിലിരിക്കണ മാരണത്തെയുംകൊണ്ട് ഞാനീ യാത്രക്കിറങ്ങിയത്

അമ്മച്ചിയുടെ പഴേകളിക്കൂട്ടുകാരിയുടെ മകളാണ് മേബിൾ. അവർ കുടുംബമായി ഡെൽഹിയിലായിരുന്നു താമസം,.. മേബിളിന്റെ അച്ഛന്റെ അപ്രതീക്ഷിത മരണത്തോടെ ആ കുടുംബം തൃശൂരിലുള്ള അവരുടെ അമ്മവീട്ടിലേക്ക് താമസം മാറ്റി..

മേബിൾ ഡൽഹിയിൽ ഫ്ലോറികൽച്ചറിൽ എന്തോ ഗവേഷണം ചെയ്യുകയാണെന്നും അവൾക്ക് എന്നെക്കൊണ്ടെന്തോ സഹായം വേണമെന്നും അമ്മച്ചി പറഞ്ഞപ്പോൾ എതിർത്ത് പറയാൻ കഴിഞ്ഞില്ല..

ആ വീട്ടിലെത്തി ഓളെ കണ്ടപ്പോഴാണ് സംഗതി ഇച്ചിരി ഗുരുതരമാണെന്ന് മനസിലായത്..

കള്ളിമുണ്ടും മാടികുത്തിയുള്ള എന്റെ വരവ് അവൾക്കൊട്ടും പിടിച്ചിട്ടില്ലെന്ന് ആ മുഖഭാവം കണ്ടപ്പോഴേ ഞാനൂഹിച്ചു.. അത് കഴിഞ്ഞു ഓൾടെ വക ഒരു ഇന്റർവ്യൂ..

ബൈക്ക് ഓടിക്കാൻ അറിയോ?, ലൈസെൻസ് ഉണ്ടോ?

ഇജ്ജാതി ചോദ്യങ്ങൾ കേട്ടപ്പഴേ എനിക്ക് പ്രാന്തായി..

അപ്പോഴാണ് അവൾ കാര്യങ്ങൾ വിവരിച്ചത്..

അങ്ങ് ദൂരെ ‘മഥേരാൻ’ എന്നൊരിടത്തു “വൈഷ്ണകമലം” എന്നൊരു അപൂർവയിനം പുഷ്പമുണ്ടത്രേ..

ആ പൂവിനെക്കുറിച്ചു കൂടുതൽ അറിയാൻ വേണ്ടി മേബിളിന് മഥേരാനിലേക്ക് ഒരു യാത്ര പോകണം,…

പ്രകൃതിഭംഗി ആസ്വദിച്ചു ഒരു ബുള്ളറ്റ് യാത്രയാണ് അവൾ ഉദ്ദേശിക്കുന്നത്,.. അതിനുവേണ്ടി ഒരു ബുള്ളറ്റും, വിശ്വസ്തനായ ഒരു ഡ്രൈവറെയും അവൾക്ക് ഞാൻ സംഘടിപ്പിച്ചു കൊടുക്കണം…

മേബിളിന്റെ അമ്മച്ചിക്ക് ഓളെ അത്ര വിശ്വാസം ഇല്ലാത്തതുകൊണ്ടാണോ, എന്നെ കൂടുതലായി വിശ്വസിക്കുന്നതുകൊണ്ടാണോ എന്നറിയില്ല, മകൾക്ക് കൂട്ടിനായി ഉറ്റകൂട്ടുകാരിയുടെ മകനായ ഞാൻ തന്നെ പോകണം എന്ന വാശിയിലായിരുന്നു..

യാത്രകൾ ഏറെ ഇഷ്ടമായതുകൊണ്ട് അവരോട് എതിർപ്പൊന്നും പറയാതെ ഞാൻ അവിടെന്നിറങ്ങി നേരെ ചെന്നത് ഹരിയേട്ടന്റെ വർക്ക്‌ഷോപ്പിലേക്കായിരുന്നു.

അവിടൊരു മൂലയിൽ പൊടിപിടിച്ചിരിക്കുന്നൊരു ബുള്ളറ്റിൽ കണ്ണുടക്കിയപ്പോഴാണ് അതിനെക്കുറിച്ച് ഹരിയേട്ടനോട് തിരക്കിയത്..

മുപ്പത് വർഷത്തോളം പഴക്കമുള്ള വണ്ടിയാണെന്നും, വിൽപ്പനക്കായി ഇട്ടിരിക്കുവാണെന്നും ഹരിയേട്ടൻ പറഞ്ഞതു കേട്ടപ്പോൾ എനിക്കാവേശമായി..

ഇത് പഴേ വണ്ടിയല്ലേ സ്റ്റാർട്ട്‌ ചെയ്യാനൊക്കെ ഒത്തിരി ബുദ്ധിമുട്ടാവില്ലേ എന്ന എന്റെസംശയം കേട്ടപ്പോൾ അയാളൊന്ന് ഉറക്കെ ചരിച്ചു..

“തെങ്ങിൽനിന്നും ഒരു മച്ചിങ്ങ അടർന്നു ആ കിക്കറിൽ വീണാൽമതി,അവൻ സ്റ്റാർട്ടായിക്കോളും.. ”

പുള്ളിക്കാരന്റെ ആ ഒറ്റ ഡയലോഗിൽ തന്നെ ഞാൻ വീണു.. ഒരാഴ്ചത്തേക്ക് ആ വയസൻ ബുള്ളെറ്റിനെ വാടകക്ക് പറഞ്ഞുറപ്പിച്ചാണ് ഞാനവിടുന്നിറങ്ങിയത്

അങ്ങനെയിറങ്ങിയതാണ് ഈ യാത്ര… തൃശ്ശൂരിൽനിന്നും എങ്ങാണ്ടോ കിടക്കുന്ന മാഥേരാനിലേക്ക്, പിറകിൽ മേബിൾ എന്ന മാരണത്തെയും വഹിച്ചുകൊണ്ട്…

അലുവയും മത്തിക്കറിയും പോലായിരുന്നു ഞാനും മേബിളും തമ്മിൽ, എല്ലാ അർത്ഥത്തിലും വിപരീത ദിശയിലുള്ള രണ്ടുപേർ..

ഇട്ടിരിക്കുന്ന ഡ്രസ്സിൽ തുടങ്ങി ഞങ്ങൾ തമ്മിലുള്ള പൊരുത്തക്കേട്..

ദൂരയാത്രയല്ലേ, അൽപ്പം കാറ്റ് കിട്ടിക്കോട്ടെ എന്ന് കരുതി സ്വർണ്ണകസവുള്ള വെള്ളമുണ്ടും, കോളറിൽ മുത്തുമണികൾ പിടിപ്പിച്ച ചൊമല ഷർട്ടുമായിരുന്നു യാത്രയുടെ ആദ്യ ദിവസത്തിൽ എന്റെ വേഷം..

അത് മേബിളിന് പിടിച്ചില്ലത്രെ..

താൻ കല്യാണത്തിന് പോകൂന്നതാണോ അതോ ട്രിപ്പ്‌ വരുന്നതാണോ എന്നുള്ള അവളുടെ ചോദ്യത്തിൽ നിന്ന് അതിലുള്ള കുത്തൽ ഞാൻ മനസിലാക്കിയെടുത്തു..

അവളെന്തോ നിക്കർ പോലുള്ള സാധനവും ഇറുകിയ ബനിയനും ധരിച്ചായിരുന്നു ബുള്ളറ്റിനു പിറകിൽ കയറിയത്..

നോക്കീം കണ്ടും ഇരുന്നോണം ഇജ്ജാതി ഉടുപ്പിട്ട് എന്നെ തട്ടാനും മുട്ടാനും വന്നേക്കരുത് എന്ന് പറഞ്ഞുകൊണ്ട് അവളുടെ വസ്ത്രധാരണത്തോടുള്ള വിയോജിപ്പ് ഞാനും പ്രകടിപ്പിച്ചു..

അടുത്ത പ്രധാനപ്രശ്നം ഭക്ഷണത്തിന്റെ കാര്യത്തിലായിരുന്നു..

മേബിളിന് ഇഷ്ടപെട്ട വല്യ റെസ്റ്റോറന്റിൽ കേറി ഓള് വായിലൊതുങ്ങാത്ത കണകുണ പേരുകൾ ഓരോന്ന് ഓർഡർ ചെയ്തപ്പോൾ വെല്യ വിശപ്പില്ലാത്തതുകൊണ്ട് ഞാൻ നൈസായിട്ട് രണ്ട് ഐറ്റം ഓർഡർ ചെയ്തു..

“ഒരു സെറ്റ് പുഴുങ്ങ്യ താറാംമൊട്ടേം ഒരു ജീരക ഷോഡയും ”

തൊപ്പിവെച്ച വൈറ്ററും ഒപ്പം മേബിളും അതുകേട്ട് വാ പൊളിച്ചു നിൽക്കുന്നത് കണ്ട് ഞാൻ അമ്പരന്നു.. അതിന്റെ പേരിൽ ഞങ്ങൾ കൊർച് നേരം അവിടിരുന്നു തർക്കിച്ചു..

അവസാനം ബില്ല് കൊടുക്കാൻ നേരത്ത് ബാക്കിവന്ന തുകയിൽ നിന്നും നൂറുപ്യ അനാഥരായവരെ സഹായിക്കാൻ വെച്ചിരിക്കുന്ന ചില്ല് ബോക്സിലേക്ക് തിരുകി വെക്കുന്ന മേബിളിനെ കണ്ടപ്പോൾ എനിക്കെന്തോ സന്തോഷം തോന്നി..

‘എന്തൊക്കെയായാലും മനസ്സിൽ നന്മയുണ്ട് ഈ പെണ്ണിന് ‘

യാത്രക്കിടയിൽ ബോറടിച്ചപ്പോൾ ഞാൻ വെറുതെ രണ്ടുവരി പാട്ടൊന്നു മൂളിതുടങ്ങിയപ്പോഴേക്കും പിറകിൽ നിന്നും മേബിളിന്റെ സ്വരമുയർന്നു..

“ഇഷ്ട്ടായി, നിർത്തിക്കേ..”

നല്ലറോഡിലൂടെ ബുള്ളറ്റ് പറത്തികൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് തോളിൽ തട്ടികൊണ്ട് മേബിൾ വണ്ടിനിർത്താൻ ആവശ്യപ്പെടും.. വണ്ടിയിൽ നിന്നും ചാടിയിറങ്ങി റോഡരികിലുള്ള പറമ്പിലേക്കോ, പൊന്തക്കാട്ടിലേക്കോ അവൾ ഓടിപിടഞ്ഞു പോകുന്നത് കാണുമ്പോൾ ആദ്യമൊക്ക ഞാൻ കരുതി “അതിന് മുട്ടിയിട്ടല്ലേ, പോയി സാധിച്ചിട്ടു വരട്ടെ എന്ന്..”

പക്ഷെ ഈ പരിപാടി ഇടയ്ക്കിടെ ആവർത്തിച്ചപ്പോൾ ഒരുതവണ ഞാനും ഓൾടെ പിറകെ കാട്ടിലേക്ക് കേറി നോക്കി..
ന്താ ഏർപ്പാടെന്നു അറിയണല്ലോ…

ആ കാട്ടിൽ അങ്ങിങ്ങായി വിരിഞ്ഞു നിൽക്കുന്ന പൂക്കളുടെ ഫോട്ടോയും എടുത്ത് അവയെയൊക്കെ ശ്രദ്ധാപൂർവം വീക്ഷിക്കുന്ന മേബിളിനെ കണ്ട് ഞാൻ മൂക്കത്തു വിരൽവെച്ചു..

“ഇതിനായിരുന്നോ ഈ പെണ്ണ് പരക്കംപാഞ്ഞു ഇങ്ങോട്ട് ചാടിപിടഞ്ഞു കേറിയത് വെറുതെ തെറ്റിദ്ധരിച്ചു. ”

നാല് ദിവസം കൊണ്ട് മഥേരാൻ എത്താമെന്നാണ് മേബിൾ ഉദ്ദേശിച്ചതെങ്കിലും ഇടക്ക് പെയ്ത മഴ ഞങ്ങളുടെ യാത്രയെ ചെറുതായൊന്നു ചുറ്റിച്ചു, ഒരുപകൽ കൂടി ഞങ്ങൾക്ക് ബുള്ളറ്റിൽ യാത്ര ചെയ്യേണ്ടിവന്നു..

ആദ്യത്തെ മൂന്ന് ദിവസങ്ങളിലും എന്നോട് അടികൂടിയ മേബിൾ നാലാംദിനം ആയപ്പോഴേക്കും പതിയെ ഞാനുമായി കമ്പനിആയി തുടങ്ങി..

യാത്ര വിരസമാകാതിരിക്കാൻ ഞാനവൾക്ക് നാട്ടിലെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടുക്കുമ്പോൾ ഒരു കൊച്ചുകുഞ്ഞിന്റെ കൗതുകത്തോടെ മേബിൾ അതെല്ലാം ആസ്വദിച്ചു കേൾക്കുന്നുണ്ടായിരുന്നു.. ഡൽഹിയിൽ ജനിച്ചു വളർന്ന മേബിളിന് നാട്ടിലെ അമ്പുപെരുന്നാളും, ബാൻഡ്മേളവും, ഉത്സവവും ആനയുമെല്ലാം കേട്ട് പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു

നമ്മടെ ഇടവകപള്ളീൽ പെരുന്നാളിന് വൈകീട്ട് മ്മടെ അമ്മച്ചി ഉണ്ടാക്കിയ പോത്തെറച്ചി അമ്മച്ചിവരട്ട് കൂട്ടി രണ്ടെണ്ണം പിടിപ്പിച്ചു പള്ളിപ്പറമ്പില് നിക്കണ സുഖം അങ്ങ് ഡൽഹിൽ നിന്നാ കിട്ടോ ന്ടെ മേബിളെ..?

ഞാനത് ചോയ്ച്ചപ്പോൾ മേബിളാകെ ത്രില്ലടിച്ചതുപോലെ എന്നോട് ചേർന്നിരുന്നു.. അവളുടെ ശരീരത്തിലെ ചൂടും മാർദ്ദവവും എന്റെ ചുമലിൽ പതിയുന്നത് ഞാനറിയുന്നുണ്ടായിരുന്നു

“അതെന്തോന്നാ ഈ അമ്മച്ചി വരട്ട്..? ”

ആവേശത്തോടെ അവളത് എന്റെ ചെവിക്കരുകിലേക്ക് മുഖമെത്തിച്ചു ചോയ്ച്ചപ്പോൾ ചുടുനിശ്വാസം ചെവിയിൽ പതിഞ്ഞു.. കൈകാലുകളിൽ ഒന്ന് കുളിരുകോരി..

‘ഈ പെണ്ണെന്നെ പ്രാന്ത് പിടിപ്പിക്കുലോ തമ്പുരാനെ.. ‘

ഞാനത് പിറുപിറുത്തപ്പോൾ മേബിൾ വീണ്ടും ചോദ്യം ആവർത്തിച്ചു..

“അമ്മച്ചിവരട്ടിനെ പറ്റി പറയൂന്നേ.. ”

അതുപിന്നെ, എന്റെ അമ്മച്ചീന്റെ ഒരു സ്പെഷ്യൽ ഐറ്റം ആണത്, മ്മടെ പള്ളിപെരുന്നാളിന്റെ അന്ന് ഉച്ച ആവുമ്പോഴേക്കും ഒരു കുഞ്ഞുരുളി നിറയെ പോത്തിറച്ചി വരട്ടിവെക്കും അമ്മച്ചി.. വൈകുന്നേരം ആവുമ്പോഴേക്കും ഞാനത് മുഴേനും തിന്നുതീർക്കും.. അങ്ങിനെ ഞാനതിനു ഇട്ട പേരാണ് “പോത്തിറച്ചി അമ്മച്ചിവരട്ട് ”

അവളതു കേട്ട് കുടുകുടാ ചിരിക്കുന്നതും ആ വെളുത്ത മുഖം ചുവന്നുതുടുക്കുന്നതും ഞാൻ കണ്ണാടിയിലൂടെ കാണുന്നുണ്ടായിയുന്നു..

അപ്പോഴും ഞാനിങ്ങനെ പിറുപിറുത്തു..

“ഈ പെണ്ണെന്നെ പ്രാന്താക്കും.. ”

അല്ല മേബിളെ ഈ പറഞ്ഞ പൂവിന്റെ ശരിക്കും നിറം എന്തൂട്ടാ, ചൊമപ്പ് ആണേൽ നമ്മടെ പള്ളിപ്പറമ്പിലെ സെമിത്തേരിയിൽ ഈ പറഞ്ഞമാതിരിയുള്ള ചൊമലപൂക്കൾ ഒന്ന് രണ്ട് തവണ ഞാൻ കണ്ടിട്ടുണ്ട്, ഇപ്പൊ എനിക്കൊരു സംശയം ഇനി അതാണോ ഈ വൈഷ്ണകമലം..?

“ഹഹ, വൈഷ്ണകമലത്തിന്റെ നിറം കടും നീലയാണ്.. ആ പുഷ്പത്തിൽനിന്നുയരുന്ന ഗന്ധം ആഞ്ഞൊന്നു ശ്വസിച്ചാൽ അത് നമ്മുടെ തലച്ചോറിനെ വരെ മന്ദീഭവിപ്പിക്കും.. അതായത് കുറച്ചു നേരത്തേക്ക് ഫിറ്റായതുപോലെ തോന്നുമെന്ന്‌. ”

“ആഹാ.. എന്നാപ്പിന്നെ കൊർച്ച്‌ നേരം അവിടെയിരുന്നു ആ പൂവിന്റെ മണം വലിച്ചു കേറ്റിട്ട് തന്നെ കാര്യം..” ഞാനതും പറഞ്ഞു ബുള്ളറ്റിന്റെ ഗിയർ മാറി..

മഥേരാനിലേക്ക് കഷ്ടിച്ച് അൻപതു കിലോമിറ്ററോളം ഉള്ളപ്പോൾ വീണ്ടുമൊരു മഴപെയ്തു.. എവിടെയെങ്കിലും കേറിനിൽക്കാമെന്നു ഞാൻപറഞ്ഞപ്പോൾ മേബിൾ സമ്മതിച്ചില്ല, ആ മഴ നനഞ്ഞു വീണ്ടും ഞങ്ങൾ യാത്ര തുടർന്നു..

കുറച്ചൂടെ മുന്നോട്ടു ചെന്നപ്പോൾ മഴ മാറി പകരം ചുറ്റിനും കോടമഞ്ഞുയർന്നു.. ഇരു വശങ്ങളിലും അഗാധഗർത്തങ്ങളുള്ള റോഡിന്റെ വെളുത്തവര നോക്കി സാവധാനത്തിൽ ബുള്ളറ്റ് നീങ്ങുമ്പോൾ ആ കോടമഞ്ഞിലേക്ക് മിന്നാമിന്നികൾ പ്രകാശം പൊഴിച്ചുകൊണ്ട് കൂട്ടത്തോടെ പറന്നുയരുന്നത് കാണാമായിരുന്നു..

ഇതാണ് ഭൂമിയിലെ സ്വർഗ്ഗമെന്നു തോന്നിപ്പിക്കുംവിധമുള്ള കാഴച്ചയിരുന്നു അത്.. അത് കണ്ടിട്ടാകണം പിറകിലിരിക്കുന്ന മേബിളിന്റെ കണ്ണിൽ ആയിരം വൈഷ്ണകമലങ്ങൾ പൂത്തുനിൽക്കുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു…

കോടമഞ്ഞിന്റെ കണികകൾ പാറിപ്പറന്നുവന്നെന്റെ താടിരോമങ്ങളിൽ പറ്റിപിടിച്ചിരിക്കുന്നത് കണ്ടിട്ടാവണം പിറകിൽനിന്നും ഒരുകൈ നീണ്ടുവന്നെന്റെ കവിളിൽ തലോടിയത്..

ആ കുളിരിലും ഞാനൊന്ന് ഉഷ്ണിച്ചു..

“കിളിക്കൂട് പോലെയുണ്ട് നിങ്ങളുടെ താടി.. ” അവളെന്റെ താടിരോമത്തിനിടയിലൂടെ കൈവിരൽ ഓടിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ ഞാനൊരു മിന്നാമിന്നിപോൽ പറന്നുയരുകയായിരുന്നു..

മേബിളിനെ കഴിഞ്ഞാൽ ആ യാത്രയിലുടനീളം എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യം ഞാനുപയോഗിക്കുന്ന ആ വാഹനം തന്നെയായിരുന്നു.. ആ വയസ്സൻ ബുള്ളറ്റ് യാത്രയിലൊരിക്കൽപോലും ഞങ്ങളെ ബുദ്ധിമുട്ടിച്ചില്ലെന്നു മാത്രമല്ല, ക്ഷീണമേതുമില്ലാതെ അവൻ ഞങ്ങളെയുംകൊണ്ട് മഥേരാനിലേക്ക് പാഞ്ഞു..

മഥേരാൻ.. അൾസഞ്ചാരം കുറവുള്ള, കുന്നും മലകളും നിറഞ്ഞ ഒരു ഗ്രാമമായിരുന്നു.. ടാറിങ് നടന്നിട്ട് വർഷങ്ങൾ പിന്നിട്ട അവിടുത്തെ റോഡിലൂടെ

തെന്നിത്തെന്നിയുള്ള ബൈക്ക് യാത്ര എന്നെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്..

എങ്കിലും അല്പസമയംകൊണ്ട് ഞങ്ങൾ വൈഷ്ണകമലം എന്ന അപൂർവപുഷ്പം പൂത്തുനിൽക്കുന്ന മഥേരാനിലെ താഴ് വാരത്തിലെത്തി..

ബുള്ളറ്റ് സൈഡിലൊതുക്കി ഞാനിറങ്ങുമ്പോഴേക്കും പിറകിൽനിന്നും മേബിൾ ചാടിയിറങ്ങി മുന്നോട്ട് കുതിച്ചിരുന്നു.

യാത്രാക്ഷീണത്താൽ ഒന്ന് മൂരിനിവർന്നു ചുറ്റുമൊന്നു കണ്ണോടിച്ചപ്പോൾ ആ കാഴ്ച്ചകണ്ടു..

കിഴക്കുദിക്കിലെ ഒരു പൊയ്കമുഴുവൻ നീലനിറ ത്താൽ മൂടപ്പെട്ടിരിക്കുന്നു..ഒന്നല്ല രണ്ടല്ല ആയിരമായിരം കടുംനീല പൂക്കൾ.. ആ പൂവിൻതണ്ടുകൾ കാറ്റിൽ ഇളകിയാടുന്നു…

അതേ.., അതാണ്‌ മേബിൾ തിരക്കിയിറങ്ങിയ ‘വൈഷ്ണകമലം’..

ആ പൂക്കളിൽനിന്നുയരുന്ന ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നു എന്ന തോന്നലിൽ ഞാനൊന്ന് ശ്വാസം ആഞ്ഞുവലിച്ചു.. ശരിയാണ് മേബിൾ പറഞ്ഞതുപോലെ ആ പുഷ്പഗന്ധം തലച്ചോറിൽ കയറിയിറങ്ങി വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്…

പാതിയടഞ്ഞ കണ്ണുകൾ ആയാസപ്പെട്ട് തുറന്നു നോക്കുമ്പോൾ ആ കടുംനീല പൂക്കൾക്കിടയിൽ മറ്റൊരു പൂവായി മേബിൾ വിടർന്നു നിൽക്കുന്നത് കണ്ടു….

###################

കയറിയ കയറ്റങ്ങളെല്ലാം ബുള്ളറ്റിൽ തിരികെ ഇറങ്ങികൊണ്ടിരിക്കെ ചെവിക്കരുകിൽ മേബിളിന്റെ നനുത്ത സ്വരം കേട്ടു..

“പോകുമ്പോൾ പാടിനിർത്തിയ ആ പാട്ട് ഒന്നുകൂടെ പാടിക്കെ.. ”

“മിഴിയിൽനിന്നും മിഴിയിലേക്ക് തോണിതുഴഞ്ഞു പോയീ നമ്മൾ… മെല്ലേ.. മെല്ലെ… ”

ഞാൻ മൂളിയ ആ പാട്ട് അവസാനിക്കുമ്പോഴേക്കും മേബിൾ എന്റെ ചുമലിൽ തലചേർത്തു ഉറങ്ങിക്കഴിഞ്ഞിരുന്നു…

ആ യാത്ര ആവസാനിച്ചു ബുള്ളറ്റ് തിരികെ മേബിളിന്റെ വീടിന്റെ പടിക്കൽ എത്തിച്ചപ്പോൾ തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ അവൾ വീട്ടിനുള്ളിലേക്ക് കയറിപോകുന്നത് കണ്ട് എന്റെ ചങ്കൊന്ന് വേദനിച്ചു…

യാത്രാക്ഷീണം തീർക്കാൻ വിസ്തരിച്ചുള്ള കുളിയും കഴിഞ്ഞു ടർക്കിയുമുടുത്തു ബെഡിലേക്ക് ചെരിയുമ്പോൾ മൊബൈലിൽ മേബിളിന്റെ മെസ്സേജ് കിടപ്പുണ്ടായിരുന്നു..

“അടുത്ത പള്ളിപെരുന്നാളിന് നിങ്ങളുടെ വീട്ടിലെ കുഞ്ഞുരുളീന്ന് അമ്മച്ചിവരട്ട് കഴിക്കാൻ ഞാനും ഉണ്ടാവും ട്ടോ. ”

“ഈ പെണ്ണെന്നെ പ്രാന്താക്കും. ”

എന്റെ ചുണ്ടുകൾ അങ്ങിനെ പിറുപിറുക്കുമ്പോൾ കുറച്ചു ദൂരെ മേബിളിന്റെ റൂമിൽനിന്നും ആ പാട്ടുയരുന്നുണ്ടായിരുന്നു…

“മിഴിയിൽനിന്നും മിഴിയിലേക്ക് തോണിതുഴഞ്ഞു പോയീ നമ്മൾ.. മെല്ലേ.. മെല്ലേ…”