ചിറക് മുളച്ച ശലഭങ്ങൾ

ചിറക് മുളച്ച ശലഭങ്ങൾ
Author : രേഷ്മ
പെയ്തിറങ്ങിയിട്ടും റബ്ബർ മരങ്ങളുടെ ചില്ലയിൽ കുടുങ്ങി താഴേയ്ക്കിറങ്ങാനാകാതെ ഇരുട്ടിനോട് തോൽവിയേറ്റു ഭൂമിയെ ചുംബിക്കാനാകാതെ നിന്നു നിലാവ്. ചീവീടുകളുടെ മൂളൽ കൂടി വന്നു, അവരുടെ അംഗസംഖ്യ കൂടിയെന്നു തോന്നുന്നു. പാത്രങ്ങളെല്ലാം മോറിവെച്ച് …. (പാത്രമെന്നു പറയാൻ ഒന്നുമില്ല എണ്ണി തിട്ടപ്പെടുത്താൻ പാകത്തിൽ വറ്റുകൾ ഉള്ള കഞ്ഞിവെള്ളം മാത്രം ഉണ്ടാക്കുന്ന കഞ്ഞിക്കലം) ഇരുട്ടിന്‍റെ മറപറ്റി അമ്മച്ചി കുളിക്കാൻ പോയി. ഞാൻ അടുക്കളപ്പടിയിലിരുന്ന് കൊത്തങ്കൽ കൂട്ടി വെച്ചു ചൊല്ലി,

‘കീരി കീരി കിണ്ണം താ….
കിണ്ണത്തിലിട്ടു കുലുക്കി താ… കല്ലും മുള്ളും പെറുക്കി താ….
കല്ലായ്പ്പാലം കടത്തി താ..
എന്‍റെ മോളെ കെട്ടുമ്പോൾ
പത്തും നൂറും കീരി വരും..”

ഇരുട്ടിന്‍റെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ചുമയ്ക്കുന്ന ശബ്‌ദം എന്‍റെ ചെവിയിലേക്ക് വന്നണഞ്ഞു.

“അമ്മച്ചീ അപ്പച്ചൻ വരുന്നുണ്ട്.”
എന്‍റെ ശബ്ദത്തിൽ ഭയം കലർന്നിരുന്നു. അമ്മച്ചി വേഗം അകത്തോട്ടു കയറി, നനഞ്ഞ മുടി തോർത്തുകൊണ്ടു തലയ്ക്കു മുകളിൽ കെട്ടി വെച്ചിട്ടുണ്ട്. എന്നോടമ്മച്ചി അകത്തു കയറി കിടന്നൊള്ളാൻ പറഞ്ഞു. അല്ലെങ്കിലും അമ്മച്ചി അങ്ങിനെയാ അപ്പച്ചൻ വരുമ്പോൾ എന്നെ അവിടെ ഇരുത്തില്ല. ആഴ്ച്ചയിൽ രണ്ടു വട്ടമൊക്കെയെ അപ്പച്ചൻ വരത്തുള്ളൂ, ടൗണിൽ കൂപ്പിൽ ആണ് പണി. ഇടയ്ക്ക് വരുന്നത് അമ്മച്ചി റബ്ബർ വെട്ടിയുണ്ടാക്കുന്ന പണം കൊണ്ടുപോകാനാണ്. കുടിച്ച് ആടിയാടിയാണ് വരുക, കൈയിൽ ഒരു കുപ്പിയും കാണും, അന്ന് രാത്രി അമ്മച്ചിയെ തല്ലി സന്തോഷിക്കും അയാൾ. ഓടിവരാൻ അടുത്തൊന്നും അയൽക്കാരില്ല, വേദനകൊണ്ട് അമ്മച്ചി ഉച്ചത്തിൽ കരയും, അയാളപ്പോൾ അസഭ്യങ്ങൾ വിളിച്ചു പറയും. അമ്മച്ചിയുടെ ശരീരത്തിലെ തുണിയെല്ലാം അയാൾ വലിച്ചു പറിച്ചിടും, വീടിന് പുറത്തോട്ട് ഓടാതിരിക്കാൻ. ഒരിക്കൽ ഞാൻ ഓടിച്ചെന്നതാ അപ്പച്ചനെ പിടിച്ചുമാറ്റാൻ, അന്നെനിക്ക് അഞ്ചു വയസ്സ് പ്രായമേയുള്ളൂ, ഒരു ദാക്ഷിണ്യവും കൂടാതെ അപ്പച്ചൻ എന്നെ തൂക്കിയെടുത്തോരേറ് ….. എന്‍റെ നെറ്റിയെല്ലാം പൊട്ടി ചോരയൊലിച്ചു. അതിൽപ്പിന്നെ അമ്മച്ചി അപ്പച്ചൻ വരുന്നത് കണ്ടാൽ എന്നോട് അകത്തു പോയിരിക്കാൻ പറയും, എനിക്കും അതേപ്പിന്നെ അപ്പച്ചനെ കണ്ടാലേ മുട്ടു വിറയ്ക്കും….. പേടിച്ചിട്ടു ഞാൻ വാതിലിന്‍റെ പുറകിൽ ഒളിച്ചിരിക്കും.

അപ്പച്ഛൻ വീട്ടിലേക്ക് കയറി എന്നു മനസ്സിലായി… അസഭ്യങ്ങളുടെ പെരുമഴക്കാലം ആരംഭിച്ചിരിക്കുന്നു. ഞാൻ വാതിലിനിടയിലൂടെ ഒളിഞ്ഞു നോക്കി. അമ്മച്ചി ആണെങ്കിൽ അപ്പച്ചൻ ചോദിക്കും മുൻപേ പണമെടുത്ത് കൊടുത്തു, അതയാൾക്കിഷ്ടമായില്ല… അമ്മച്ചിയുടെ കൈ തട്ടിത്തെറുപ്പിച്ചു,
“നീയെന്താടി എനിക്ക് പണം വെച്ചു നീട്ടുന്നോ…. എന്നെ വേഗം പറഞ്ഞുവിട്ടിട്ട് നിനക്കേതവനെ വിളിച്ചു കയറ്റാനാടി പുലയാടിച്ചി….. ആ തോമസിന് നിന്‍റെ മേൽ നോട്ടമുണ്ടെന്നെനിക്കറിയാം… അവനെയും കാത്തിരിക്കുവാണോടി നീ കുളിച്ചൊരുങ്ങി”.

അമ്മച്ചിയുടെ നില തെറ്റി തുടങ്ങി,
“ദേ…. കുടിച്ചിട്ടുണ്ടേൽ വയറ്റിൽ കിടക്കണം, അല്ലാതെ ഇവിടെ വന്നു തോന്നിവാസം വിളിച്ചു കൂവരുത്”

അപ്പച്ചനരിശം കയറി, ചാടിയെണീറ്റ് അമ്മച്ചിയുടെ മാക്സിയുടെ കഴുത്തിൽ പിടിച്ചു വലിച്ചൊരു കീറൽ…. മാക്സി നെടുങ്ങനെ കീറി. അയാൾ അടി തുടങ്ങിക്കഴിഞ്ഞു, തടുക്കുന്നുണ്ടെങ്കിലും അമ്മച്ചിക്ക് അയാളോട് പിടിച്ചു നിൽക്കാനാകുന്നില്ല. കുടിച്ചെങ്കിലും തല്ലാൻ നേരം അയാൾക്ക് ശക്തി കൂടും. പുറത്തോട്ടിറങ്ങാനായി വാതിലിനടുത്തേക്ക് ഓടിയ അമ്മച്ചിയുടെ ബാക്കി വന്ന വസ്ത്രം കൂടെ അയാൾ വലിച്ചു കീറി. അമ്മച്ചി കൈയിൽ കിട്ടിയ പാത്രമെടുത്തു അയാളെ എറിഞ്ഞു. കൃത്യമായി അതയാളുടെ തലയിൽ പതിച്ചു. അയാൾ കലിതുള്ളി അടുക്കളയിൽ ഉണ്ടായിരുന്ന വെട്ടുകത്തിയുമായി അയാൾ അമ്മച്ചിയെ വെട്ടാനായോടിയടുത്തു, ഞാൻ മുറിയിൽ നിന്നും പുറത്തേക്കോടി വന്നു. അമ്മച്ചി പ്രാണരക്ഷാർത്ഥം പുറത്തേക്കോടി, നഗ്നമായ ശരീരവുമായി, മരണം മുൻപിലെത്തുമ്പോൾ ഒന്നും ചിന്തിക്കാൻ സമയം ഉണ്ടാകില്ലല്ലോ…..!
അമ്മച്ചി ഓടി, പുറകെ അപ്പച്ചൻ വെട്ടുകത്തിയുമായി…..

ഞാൻ ഓടി മുറ്റത്തിറങ്ങി, ഇരുട്ടിൽ എങ്ങോട്ട് പോകണമെന്നെനിക്കു മനസ്സിലായില്ല. ഞാൻ ഇരുട്ടിലേക്ക് നോക്കി നിന്നു, ഇരുട്ടിനെ ഞാൻ ഭയന്നില്ല….എനിക്കല്ലേലും അപ്പച്ചനെ മാത്രമേ ഭയമുള്ളൂ.
അമ്മച്ചിയേം കാത്തു ഞാൻ ഇരുട്ടിലേക്ക് നോക്കി നിന്നു, എന്‍റെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു,

“അമ്മച്ചീ….. “

രക്തത്തിൽ കുളിച്ച അമ്മച്ചിയുടെ മുഖം ഇന്നുമുണ്ട് ഓർമ്മയിൽ.

“മോളെ നീ ഇതുവരെ ഉറങ്ങിയില്ലേ.. .? നാളെ നേരത്തെ എഴുന്നേൽക്കേണ്ടതല്ലേ.. എനിക്ക് പള്ളിയിൽ നേർച്ചയുണ്ട്, അത് കഴിഞ്ഞേ ഞാൻ അങ്ങോട്ടു എത്തത്തുള്ളൂ. പിന്നെ മോള് വക്കീൽ സാറിനെ വിളിച്ചു ഓര്മിപ്പിച്ചില്ലേ…. ചേച്ചിയേയും പിള്ളേരെയും വിളിച്ചിട്ടില്ലേ….?”

ഞാൻ ഡയറി മടക്കിവെച്ചു അമ്മച്ചിയെ നോക്കി പുഞ്ചിരിച്ചു.

“എന്‍റെ പൊന്നമ്മച്ചീ…. എന്തിനാ ഇങ്ങിനെ ടെൻഷൻ, എല്ലാം ഞാൻ ചെയ്തിട്ടുണ്ട്. അമ്മച്ചിയുടെ അദ്ധ്വാനത്തിന്‍റെ ഫലമാണ് നാളെ ഞാൻ ആരംഭിക്കുന്ന ആർക്കിടെക് കമ്പനി. വക്കീലങ്കിൾ അല്ലേ ഉദ്ഘാടനം അപ്പോൾ നേരത്തെ കുടുംബസമേതം എത്തും. ഇനി ഏതായാലും എന്‍റെ അമ്മച്ചി ജോലിയ്ക്ക് പോകണ്ട…. “

“അയ്യോ…. വക്കീൽ സാർ സഹായിച്ചില്ലേൽ മോളെ ഇത്രയും പഠിപ്പിക്കാൻ ഈ അമ്മച്ചിക്ക് താങ്ങില്ലായിരുന്നു. കുറെ കടമുണ്ട് തീർക്കാൻ, അവിടുത്തെ അടുക്കള പണി ചെയ്ത് ഞാനത് വീട്ടിക്കൊളാ….”

“അതെല്ലാം ഞാൻ സംസാരിക്കാം അങ്കിളിനോട്, കടമെല്ലാം ഞാൻ വീട്ടും. അമ്മച്ചി ഇനിയെങ്കിലും റെസ്റ്റ് എടുക്കു”

അമ്മച്ചി ചിരിച്ചുകൊണ്ട് എന്‍റെ നെറ്റിയിലൊരു മുത്തം തന്നു, അമ്മച്ചിയെ കെട്ടിപ്പിടിച്ചപ്പോൾ ആ കഴുത്തിലെ താഴോട്ടു നീളുന്ന തുന്നിട്ട മുറിവിലൂടെ എന്‍റെ വിരലുകളോടി….. എന്‍റെ കണ്ണിൽ നിന്നും രണ്ടു നീർത്തുള്ളികൾ അനുസരണയില്ലാതെ ആ തോളിലേക്ക് ചാടാൻ തുനിഞ്ഞെങ്കിലും ഞാൻ വിരലുകൾകൊണ്ടു അവരുടെ വഴി തടഞ്ഞു.

“മോള് സമാധാനമായി കിടന്നുറങ്ങു…. ഒന്നും ചിന്തിക്കേണ്ട.”

അമ്മച്ചി പോയതും ഞാൻ ലൈറ്റ് അണച്ചു കിടന്നു. കണ്ണടയ്ക്കുമ്പോൾ ജീവിതത്തിലെ കൊഴിഞ്ഞുപോയ ഓരോ ഏടുകൾ കണ്മുന്പിൽ വന്നുനിന്നു.
അന്നമ്മച്ചിയുടെ കഴുത്തിൽ വെട്ടുകത്തികൊണ്ട് അപ്പച്ചൻ ആഞ്ഞു വെട്ടിയപ്പോൾ ഇരുട്ട് മാത്രമായിരുന്നു സാക്ഷി…കഴുത്തിലെ വെട്ടുമാറി പുറത്തേക്ക് നീങ്ങിയതിനാൽ ഞാൻ അനാഥയായില്ല. രക്തത്തിൽ കുളിച്ച അമ്മച്ചി പ്രാണരക്ഷാർത്തം അപ്പച്ചനെ ആഞ്ഞുതള്ളി, അപ്പച്ചൻ നിന്നത് പാറക്കെട്ടിന്റെ അരികിൽ ആയതിനാൽ കാലുതെറ്റി താഴേക്ക് പതിച്ചു. അയൽപ്പക്കത്തെ ചന്ദ്രേട്ടനും തോമസേട്ടനും ആ സമയത്ത് അത് വഴി വരാൻ തോന്നിയതും….അമ്മച്ചിയുടെ നിലവിളി കേട്ടോടിചെന്നതും, അമ്മച്ചിയ്ക്ക് എന്നെ ഒറ്റയ്ക്കാക്കി പോകാൻ ഇഷ്ടമില്ലാത്തതുകൊണ്ടുമാകും മാതാവ് എനിക്കെന്റെ അമ്മച്ചിയെ തിരിച്ചു തന്നത്. അന്നാശുപത്രി കിടക്കയിൽ വെച്ചു അമ്മച്ചി ത്രേസ്യചേട്ടത്തിയോട് കരഞ്ഞു പറഞ്ഞത് ഇപ്പോഴുമുണ്ട് മനസ്സിൽ…..

വെട്ട് കൊണ്ടോടുമ്പോഴും എന്‍റെ മനസ്സിൽ മോളായിരുന്നു, അവളെ ഈ ലോകത്തിൽ ഒരു അനാഥയാക്കി ഞാൻ പോകത്തില്ല…. എന്‍റെ അവസാന ശ്വാസം വരെ ഞാൻ എന്തിനോടും യുദ്ധം ചെയ്യും അതിപ്പോ മരണത്തോടാണെങ്കിലും… ഇരുട്ടിൽ നിൽക്കുന്നിടമൊന്നും എനിക്ക് മനസ്സിലായില്ല ചേട്ടത്തീ, കൊല്ലുമെന്ന് പേടിച്ചു തള്ളിയതാ…. അയാൾ അല്ലെങ്കിലും ഞങ്ങൾക്ക് ഉപദ്രവമാ, ഇങ്ങനൊരു അച്ഛനുള്ളതിലും ഭേദം ഇല്ലാത്തതാ…. എന്റെ മോളെ എത്ര കഷ്ടപ്പെട്ടും ഞാൻ വളർത്തും. ഇനി എന്റെ മോളുടെ ഭാവി ….. ഞാനായിട്ട് തുലച്ചല്ലോ ചേട്ടത്തീ എല്ലാം.

നീ കരയാതിരിക്ക് കുഞ്ഞേ … തോമസച്ചയൻ തമ്പി വക്കീലിനെ കാണാൻ പോയിട്ടുണ്ട്, അദ്ദേഹം സഹായിക്കും. നീ പേടിക്കേണ്ട…. നല്ലൊരു മനുഷ്യസ്നേഹിയ അദ്ദേഹം.. സാമൂഹ്യസേവനവും ഉണ്ട്. നീ കരുതിക്കൂട്ടി ചെയ്തതല്ലാലോ, അയാൾ കാൽതെറ്റി വീണതല്ലേ….. ഒന്നും വരില്ല. മോളെ ഞാൻ നോക്കിക്കൊള്ളാ നീ വിഷമിക്കാതെ.

അമ്മച്ചി കുറച്ചുകാലം കഷ്ട്ടപ്പെട്ടെങ്കിലും തമ്പിവക്കീലിന്റെ വാദത്തിൽ കോടതി അമ്മച്ചിയെ വെറുതെ വിട്ടു. വക്കീലങ്കിൾ കേസ് വാദിക്കാൻ ഫീസൊന്നും വാങ്ങിയില്ല. അമ്മച്ചി വക്കീലങ്കിളിന്റെ വീട്ടിൽ വീട്ടുജോലിയ്ക്ക് പോയിത്തുടങ്ങി. വക്കീലങ്കിൾ ആയിരുന്നു പിന്നീട് എന്നെ പഠിക്കാൻ സഹായിച്ചത്, പഠിക്കാൻ മിടുക്കിയായതിനാൽ അങ്കിളിന് ഇഷ്ടമായിരുന്നു എന്നെ. മുന്പോട്ടുള്ള പഠനമെല്ലാം വക്കീലങ്കിളിന്റെ സഹായത്തോടെയാണ് നടന്നത്. ഒരു മകളുടെ സ്ഥാനം ആ വീട്ടിൽ എല്ലാവരും എനിക് തന്നു. ഒരിക്കലും വീട്ടി തീർക്കാൻ സാധിക്കാത്ത ബാധ്യത ഉണ്ട് വക്കീലങ്കിളിന്റെ കുടുംബത്തോട്.
ചിന്തകളും ഓർമ്മകളും മനസ്സിലൂടെ ഓടിനടക്കവേ കണ്ണുകൾ മയക്കത്തിലേക്ക് ഊളിയിട്ടു….

രാവിലെ എഴുന്നേറ്റ് റെഡിയായി ഇറങ്ങാൻ നേരം അമ്മച്ചി ഓടി വന്നു,
“ഞാൻ പള്ളിയിൽ പോയിട്ട് വേഗം എത്തിക്കൊള്ളാം, എനിക്കൊന്നു ബ്രോക്കറെയും കാണണം”

“വണ്ടി ഏല്പിച്ചിട്ടുണ്ട്, അതിൽ വന്നാൽ മതി. പിന്നെ ബ്രോക്കറെ കാണാനൊന്നും നിക്കേണ്ട, കമ്പനി നല്ല രീതിയിൽ പേരെടുക്കുക എന്നതാണിപ്പോൾ എന്റെ മുൻപിലുള്ളത്. എനിക്ക് എന്നെ മനസ്സിലാക്കുന്ന എന്റെ അമ്മച്ചിയെ പൊന്നുപോലെ നോക്കുന്ന ഒരാളെയാ വേണ്ടത്, അത് ഞാൻ കണ്ടെത്താം. അമ്മച്ചിയെ ഒരിക്കലും വിഷമിപ്പിക്കില്ല.”
അമ്മച്ചിയെ കെട്ടിപ്പിടിച്ചു കവിളിലൊരു മുത്തം കൊടുത്തു, അനുഗ്രഹവും വാങ്ങി. കണ്ണിൽ ഉരുണ്ടുകൂടിയ നീർത്തുള്ളികളെ അടക്കിപ്പിടിച്ചുവെച്ചു.
“എല്ലാവരും എത്തിക്കാണും അമ്മച്ചി, പോയിട്ട് കുറച്ചു പണി കൂടെയുണ്ട്… ഞാനിറങ്ങുവാ”

തിടുക്കത്തിൽ നടക്കുമ്പോഴും ഞാൻ വെറുതെയൊന്ന് തിരിഞ്ഞു നോക്കി, അമ്മച്ചി എന്നെത്തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു. കണ്ണുതുടച്ചു ഞാൻ വേഗം നടന്നു…. അനാഥത്വത്തിൽ നിന്നും രക്ഷപ്പെട്ട ബാല്യത്തിലെ പുഞ്ചിരിയുമായ്…..

***രേഷ്മ***