മാർജ്ജാരം

ധന്യമായ ഗൃഹാതുരചിന്തകളുള്ളവർക്കും, പൊൻവെയിലിൽ ചിരിച്ചുല്ലസിക്കുന്ന ചോളപ്പാടങ്ങളും കൊടിയുയർത്തിയ ക്ഷേത്രങ്ങളിൽ നിന്നുതിരുന്ന മീരാ ഭജൻസും ഏറെയിഷ്ടപ്പെടുന്നവർക്കും ആനന്ദം പ്രദാനം ചെയ്യുന്നൊരു തെളിമാന ദിവസമായിരുന്നു അത്. നീത്താ അജ്ഗൗക്കർ, ബംഗ്ലാവിലെ തന്റെ കിടപ്പുമുറിയിലിരുന്നു കൊണ്ട് പതിവ് ചോദ്യം ചോദിച്ചു തുടങ്ങി:

” ലേഡി മാക്ബത്തിന് എത്ര മക്കളുണ്ടായിരുന്നു?”

പിന്നെയവർ, തന്റെ വെളുത്തതും ശുഷ്കിച്ചതുമായ കൈവിരലുകൾ മടക്കി( എന്നാൽ ക്യൂട്ടക്സിട്ട്, പോളീഷ് ചെയ്ത് വെടിപ്പാക്കിയവ) എണ്ണി തുടങ്ങി.

ഒന്ന്, രണ്ട്, മൂന്ന്…വീണ്ടും ഒന്നുകൂടി എണ്ണി. ഒന്ന്, രണ്ട്, മൂന്ന്…

ഒന്നാമത്തേതിനും മൂന്നാമത്തേതിനും മാത്രമല്ലേ പേരുള്ളു. രണ്ടാമത്തേതിനില്ലല്ലോ. അവർ ചിന്തിച്ചു. മറ്റു രണ്ടുപേരേയും പോലെ അത് എന്റെ മുലകുടിച്ചിട്ടില്ലല്ലോ. തൊട്ടിലിൽ കിടന്ന് താലോലമാടുകയും മോണകാട്ടി ചിരിക്കുകയും ചെയ്തിട്ടില്ലല്ലോ. പ്രീഫെക്ട് എന്ന ബാഡ്ജ് തൂക്കിയ ഷർട്ടും ഞൊറിയുള്ള പാവാടയും ധരിച്ചുകൊണ്ട് സ്കൂളിൽ പോയിട്ടില്ലല്ലോ. കൗമാരങ്ങളിൽ, നെഞ്ചിലൊരു നിലാപ്പുഴയൊഴുക്കുകയും, ആൺകുട്ടികൾ നൽകിയ റോസാ പുഷ്പങ്ങൾ വാങ്ങി, മിനുത്ത കവിളുകളിൽ ചെഞ്ചായ രേണുക്കൾ പകരുകയും ചെയ്തിട്ടില്ലല്ലോ. സ്വന്തമായി പറന്നു പോകാനൊരു ലോകവും അവൾ സൃഷ്ടിച്ചില്ല . അമ്മേയെന്ന് വിളിക്കാനും പഠിച്ചില്ല. ജനിച്ചുവെന്നേയുള്ളു. ഉടൻ പോവുകയും ചെയ്തു.

പിന്നീട് അവർ പണ്ട് പഠിപ്പിച്ച ഷേക്സ്പിയർ കൃതികളെ ഓർത്ത് ഓരോന്ന് പറയാൻ തുടങ്ങി:

” വിധി സഹോദരികളെ ആർത്തട്ടഹസിക്ക്. ഇരുൾഭൂതമേ വന്നെന്നെ പിടിച്ചോ. ഈ പൂച്ചയ്ക്കിത്ര കാര്യവിവരവും വികാരവുമുണ്ടായിരുന്നെന്ന് ആരു നിരൂപിച്ചു! പല്ലവീ കുറച്ച് സോപ്പും വെള്ളവും കൊണ്ടെത്താ. ലേഡി മാക്ബത്തിന് എത്ര മക്കളുണ്ടായിരുന്നു? ഒന്ന്, രണ്ട്..”

“മൂപ്പത്തിയാർക്ക് വീണ്ടും പിരിയിളകീന്നാ തോന്നണേ. ഇനിയിവിടെ ഒരു വക ജോലി ചെയ്യാൻ സമ്മതിക്കില്ല”

വീട്ടുജോലിക്കായി വന്നിരുന്ന പല്ലവി അടുക്കളയിൽ നിന്നുകൊണ്ട് പിറുപിറുത്തു.

പൂച്ച ഏതാണ്ട് ഉപവസിക്കുന്നു എന്നൊരു മട്ടിലായിരുന്നു. അത് സോഫയിൽ നിന്ന് താഴേക്ക് ചാടി ഒന്നു ഞെളിഞ്ഞ് നിവർന്ന് കോട്ടുവായിട്ടു. പിന്നെ ഏതാനും അടി മുന്നോട്ട് വന്ന് അലമാരയിലെ കണ്ണാടിയിൽ കുറച്ചുനേരം നോക്കി നിന്നു. അതിനങ്ങനെയൊരു പതിവുണ്ട്. ക്യാറ്റ് ഫുഡ് ഉടനെങ്ങും കിട്ടാൻ വഴിയില്ല. പല്ലവിയുടെ അടുക്കളത്തിരക്ക് കഴിഞ്ഞാലെ പൂച്ചയ്ക്കുള്ളത് എടുത്തു വയ്ക്കൂ. അത് വീണ്ടും സോഫയിലേക്ക് കയറി, ജനാലയിലൂടെ അടുത്തുള്ള കണിക്കൊന്നയിൽ അണ്ണാറക്കണ്ണൻമാർ ചിലയ്ക്കുന്നത് നോക്കിയിരുന്നു. പിന്നീട് വീണ്ടും ചുരുണ്ട് കിടന്നുള്ളൊരുറക്കത്തിന് വട്ടം കൂട്ടി.

ഇരുൾനിറഞ്ഞൊരു മൂകതയായിരുന്നു ബംഗ്ലാവിലാകമാനമുണ്ടായിരുന്നത്. കഴിഞ്ഞ കുറേക്കാലമായി അങ്ങനെതന്നെയാണ്. പ്രഭാതങ്ങളിൽ ജനാലകൾക്കിടയിലൂടെ കടന്നുവരുന്ന സൂര്യരശ്മികളും രാത്രികാലങ്ങളിൽ വല്ലപ്പോഴും വീഴുന്ന നിലാവുമൊഴിച്ചാൽ ഏറെക്കുറേ ഇരുൾ നിറഞ്ഞതായിരുന്നു അവിടെല്ലാം. വെളിച്ചത്തെ പ്രതിബിംബിപ്പിക്കുന്ന മിനുസമേറിയ പ്രതലങ്ങൾ വിരളമായിരുന്നു. തെളിമയാർന്ന മനുഷ്യമനസ്സുകളും ജാസ്തി.

പകൽ സമയങ്ങളിൽ പല്ലവി ഒരു ലൈറ്റോ മറ്റോ ഇടുകയാണെങ്കിൽ നീത്താ അജ്ഗൗക്കർ വല്ലാതെ ഒച്ചയെടുക്കും:

“എനിക്കിഷ്ടമില്ലാന്നറിയില്ലേ..ലൈറ്റണയ്ക്ക്. ഒന്നും ഇതുവരെ പഠിച്ചില്ലാ ല്ലേ?”

അവരുടെ തന്നെ ശബ്ദമൊഴിച്ചാൽ ബംഗ്ലാവ് ആകെ മൂകമായിരുന്നു. എന്നാൽ പുറത്ത്, പകലെങ്ങും കിളികളുടെ ശബ്ദമുണ്ട്. വല്ലപ്പോഴും അണ്ണാറക്കണ്ണൻമാർ ചിലച്ചുകൊണ്ട് ജനൽ കടന്ന് വരാറുണ്ട്. ചിലപ്പോഴൊക്കെ ഒരു അരിപ്രാവോ തത്തമ്മയോ മുറിക്കകത്തേക്ക് അകപ്പെട്ട് ചിറകടിച്ച് ചുറ്റിക്കറങ്ങി തിരിച്ചുപോകും. അപ്പോഴൊക്കെ പൂച്ച മുകളിലേക്ക് വട്ടംചുറ്റി വീക്ഷിച്ചതിന് ശേഷം തന്റെ പതിവ് സോഫയിൽ കൈ കാലുകൾ നിവർത്തി അലസതയോടെ കിടക്കുമെന്നല്ലാതെ അതിന് അണ്ണാറക്കണ്ണൻമാരിലും പക്ഷികളിലുമൊന്നിലും താല്പര്യമുണ്ടായിരുന്നില്ല.

പലപ്പോഴും നീത്തായുടെ മുറിയിൽ നിന്ന് തേങ്ങിക്കരച്ചിലുകൾ കേട്ടിരുന്നു. വലിയ ഒപ്പാരും ഹൃദയം നുറുങ്ങുന്ന തേങ്ങലും തന്നെ.

” അമ്മയെന്തിനിങ്ങനെ ഒരാവശ്യവുമില്ലാതെ കരയുന്നു? അവിടിങ്ങനെ ഒറ്റയ്ക്ക് കഴിയാതെ ഞങ്ങളുടെ കൂടെ വന്നു താമസിച്ചുകൂടേ? ഞങ്ങൾക്കൊരു കൂട്ടുമാകും. പിള്ളേർക്ക് എന്തിഷ്ടമാണെന്നോ അവരുടെ അമ്മൂമ്മയെ!”

അമേരിക്കയിൽ സെറ്റിൽഡ് ആയ മക്കൾ അൻജിതയും അൻവിതയും ഫോൺ വിളിക്കുമ്പോഴൊക്കെ നിർബന്ധിച്ചുകൊണ്ടിരുന്നു.

എന്നാലവരൊട്ട് പോകില്ല. താൻ ജനിച്ച് വളർന്ന സിന്ധുദുർഗിലെ ചോളപ്പാടങ്ങളേയും കണ്ട്, ഓർമ്മകളിൽ നീന്തിത്തുടിച്ച് ശിഷ്ടകാലം ജീവിക്കാനാണ് നീത്താ ആഗ്രഹിച്ചത്.

ഒരിക്കലൊരു ഇന്റർവ്യൂവിൽ അവർ പറഞ്ഞു:

” ഒരു പെൺകുട്ടി ഓർമ്മിക്കാനാഗ്രഹിക്കുന്നത് അവളുടെ കൗമാരം മുതലുള്ള ജീവിതമാകാം. പ്രണയത്തിന്റെ രശ്മികൾ അവൾ തിരിച്ചറിയുന്ന കാലമാണത്. അന്നുമുതലാണ് അവൾ ജീവിച്ച് തുടങ്ങുന്നത്. ഒരു വേഴാമ്പലിനെപോലെ അവൾ പ്രണയത്തിന്റെ ആദ്യ ശ്വേതരേണുക്കളെ കാത്തിരിക്കുന്നു. അത് എക്കാലവും ഓർമ്മയിൽ പച്ചപ്പോടെ നിലകൊള്ളും. എന്നെ സംബന്ധിച്ചിടത്തോളും അവ സിന്ധുദുർഗിലെ ഞങ്ങളുടെ ചോളപ്പാടങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. എന്റെ ഭർത്താവ് നീലേഷ് അജ്ഗൗക്കറെ കണ്ടതു മുതൽ അവ തുടങ്ങുകയാണെന്നും വേണമെങ്കിൽ പറയാം. അതിന് മുൻപുള്ള ഓർമ്മകളെ വെടിയുവാൻ ഞാനൊരുക്കമാണ്. സന്നദ്ധയുമാണ്. ഒരു പക്ഷേ എന്റെ മാത്രം അഭിപ്രായമാകാമിത്”

ഇരുളടഞ്ഞ മുറിയിൽ, നീത്താ, മുഖത്തൊരു പുഞ്ചിരിയുമായി കണ്ണടച്ചു കിടക്കുമ്പോഴെല്ലാം പല്ലവി മനസ്സിൽ പറഞ്ഞു:

“മൂപ്പത്തിയാര് കെട്ടിയോനുമായുള്ള പണ്ടത്തെ പ്രേമരംഗങ്ങളെല്ലാം ഓർത്തെടുക്കുകയാണ്”

തങ്ങളുടെ തന്നെ പാടത്ത്, ആടിയുലഞ്ഞുല്ലസിക്കുന്ന ചോളങ്ങൾക്കിടയിലൂടെ നവവരനും നവവധുവും കൈകോർത്തു നടന്ന കാലത്തെക്കുറിച്ച് അവർ ഓർത്തു രസിച്ചു. മരത്തണലിൽ വിരിച്ച പരവതാനിയിൽ, ഭർത്താവിന്, സ്വന്തം കൈകൾ കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ വിളമ്പിക്കൊടുക്കുമ്പോൾ അനുഭവിച്ചിരുന്ന നിർവൃതിയും സന്തോഷവും അവർ വീണ്ടും ആസ്വദിക്കാൻ കൊതിച്ചു. വയൽച്ചെടികൾക്കിടയിൽ കെട്ടിപ്പുണർന്ന് ചുംബിച്ച് കിടക്കുമ്പോൾ ഭർത്താവ്, മാനത്ത് പറക്കുന്ന വയൽക്കൊതി കത്രികകളേയും ഞാറ്റുവേലക്കിളികളേയും ചൂണ്ടിക്കാണിച്ചു കൊടുക്കും. അദ്ദേഹം ഡോക്ടറായിരുന്നെങ്കിലും പക്ഷി നിരീക്ഷണത്തിൽ വലിയ കമ്പമുള്ളയാളായിരുന്നു. നിലാവുള്ള രാവുകളിൽ, സൽവാർ കമ്മീസ് ധരിച്ച ഭാര്യയുടെ മടിയിൽ തല വച്ച് കിടന്നുകൊണ്ട് ചിലപ്പോൾ അദ്ദേഹം പറയും:

” നിശബ്ദരായിരുന്നാൽ നമുക്ക് രാപ്പാടിയുടെ പാട്ട് കേൾക്കാം”

അത് കേൾക്കുമ്പോൾ നീത്താ ശുണ്ഠിയെടുക്കും.

” ന്നാ എന്നെ വിട്ടിട്ട് രാപ്പാടിയുടെ കൂടെ പൊയ്ക്കോ”

ദേഷ്യം വരുമ്പോൾ ഭാര്യയുടെ കവിളിലേയും കണ്ണുകളിലേയും ശോഭകൂടുന്നത് കാണാൻ അദ്ദേഹത്തിനിഷ്ടമായിരുന്നു.

നിന്റെ ചന്തം കാണാനാണ് ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നതെന്നും പറഞ്ഞ് അദ്ദേഹമൊരു രമ്യത കൈവരിക്കാൻ ശ്രമിക്കും. ഇതൊക്കെയാണ് നീത്താ ഇപ്പോൾ ഓർത്ത് രസിക്കാറ്.

മധുവിധു കാലത്തുതന്നെ അവർ അറിയപ്പെട്ടു തുടങ്ങിയിരുന്നു. ‘എലിസബത്തൻ സാഹിത്യകൃതികളിലെ സ്ത്രീശബ്ദങ്ങൾ’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് സ്വീകരിക്കാനായി , കുടുംബത്തോടൊപ്പം പ്രതിശ്രുതവരനുമൊത്താണ് നീത്താ എത്തിയത്. ഒരു കാലഘട്ടത്തിന്റെ തന്നെ ഏറ്റവും വലിയ ഷേക്സ്പിയർ നിരൂപക എന്ന ബഹുമതിയാണ് പിൽക്കാലത്ത് അവരെ കാത്തിരുന്നത്. ഇന്ത്യയിൽ പ്രൊഫസർ ആയിരിക്കുമ്പോൾ തന്നെ, റോയൽ ഷേക്സ്പിയർ കമ്പനിയുടേയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടേയും ക്ഷണം സ്വീകരിച്ച് ലണ്ടനിൽ നിരവധി പ്രഭാഷണങ്ങൾ നടത്തി. ‘ ബ്രാഡ്ലി പറയാത്തത്’, ദി ബാർഡ് ദി ഫെമിനിസ്റ്റ് ‘ എന്നീ പ്രബന്ധങ്ങൾ ഷേക്സ്പിയർ നിരൂപണത്തിൽ പുതിയ മാനങ്ങൾ സൃഷ്ടിച്ചു.

ഇന്ത്യയിൽ നിന്ന് ഇത്ര ശക്തമായൊരു സ്ത്രീപക്ഷ വാനാമ്പാടിയോ എന്നത്ഭുതപ്പെട്ടുകൊണ്ടിരുന്ന അക്കാലത്തെ ശ്രോതാക്കളുടെ മുന്നിൽ, തന്റെ യൗവ്വനകാലത്ത് തന്നെ നീത്താ മനസ്സ് തുറന്നിരുന്നു:

” വ്യക്തിപരമായി ഞാനൊരു ഫെമിനിസ്റ്റൊന്നുമല്ല. അങ്ങനെയാവാൻ കഴിയുമെന്നും തോന്നുന്നില്ല. കുപ്പിവളകളിലും, കൺമഷിയിലും കൊലുസിലുമെല്ലാം ചഞ്ചലപ്പെടുന്ന ഒരു പെൺമനസ്സാണ് എനിക്കുമുള്ളത്. മാത്രവുമല്ല ഞാനൊരു പ്രണയത്തിലുമാണ്. മിസ്റ്റർ നീലേഷ് അജ്ഗൗക്കർ അച്ഛന്റെ ഉറ്റ സുഹൃത്തിന്റെ മകനാണ്. അത്രയ്ക്ക് വിശുദ്ധയുമല്ല ഞാൻ. ഒരിക്കൽ എന്റെ വായനാമുറിയിലേക്ക് അദ്ദേഹം കയറിവന്നു. അഗാധമായ വായനയിലായിരുന്നു ഞാൻ. നിരൂപിച്ചിരിക്കാതെ അദ്ദേഹമെന്നെ, ബൃഹത്തായ നാല് പുസ്തകങ്ങൾക്കിടയിൽ വച്ച് പുണർന്നു ചുംബിച്ചു. ബെറ്റ്വീൻ ഫെയറി ക്വീൻ ആൻഡ് ടെംപെസ്റ്റ്. ബെറ്റ്വീൻ കാന്റർബറി ടേൽസ് ആൻഡ് സാംസൺ ആഗണിസ്റ്റസ്”

” എ വൈഡ് സ്പാൻ ഓഫ് ത്രീ ഹൺഡ്രഡ് ഇയേഴ്സ്” ശ്രോതാക്കളിലൊരു വിദ്വാൻ വിളിച്ചു പറഞ്ഞു. സദസ്സ് പൊട്ടിച്ചിരിച്ചു കരഘോഷം മുഴക്കി. ഇങ്ങനെ തന്റെ ജീവിതത്തിൽ കടന്നുപോയ നല്ല സായാഹ്നങ്ങളെയോർത്ത് ഒരു പുഞ്ചിരിയോടെ അവർ കിടക്കാറുണ്ട്.

ചിലപ്പോൾ മുറിക്കകത്തിരിക്കുമ്പോൾ, ജനാലയിലൂടെ നോക്കിക്കൊണ്ട് അവർ പല്ലവിയോട് ചോദിക്കും:

” പല്ലവി ആരാ അവിടെ വാതിലിൽ വന്നു നിൽക്കുന്നത്? ആരൊക്കയാ പുറത്ത്?”

“ആരുമില്ല നാനി. നാനിക്ക് വെറുതെ തോന്നുന്നതാണ്”

” നീ വരാന്തയിലേക്ക് ചെന്ന് നോക്ക്. കാണുന്നില്ലേ? അതാ നോക്ക്. ആരൊക്കെയാ കണിക്കൊന്നയുടെ ചുവട്ടിൽ വരിവരിയായിരിക്കുന്നത്? പാടത്തെ പണിക്കാരാണോ? അവർക്ക് ചപ്പാത്തിയും ഭാജിയും എടുത്ത് കൊടുക്ക്. ഡോക്ലായുണ്ടെങ്കിൽ അതും. വിശന്നിരുത്താൻ പാടില്ലാന്നറിയില്ലേ?”

“അവിടെയാരുമിരിപ്പില്ല. ഉണ്ടെങ്കിൽ ഞാൻ ആഹാരം കൊടുക്കില്ലേ നാനി? ആ വാതിലടച്ചു കിടന്നോളൂ”

കുറച്ചുനേരം നിശബ്ദം. പിന്നെയും ചോദിക്കും:

” ആരാ വന്നത്? നീലേഷാണോ. കൂജയിലെ വെള്ളമെടുത്ത് കൊടുക്ക്. ഞാൻ കിടക്കുകയാണെന്ന് പറയ്. ഫ്ലാസ്കിൽ കാപ്പിയുണ്ടാക്കിക്കൊണ്ട് മേശപ്പുറത്ത് വയ്ക്ക്. അധികം മധുരം വേണ്ട”

” ഡാക്കിട്ടർ മരിച്ചില്ലേ നാനി? പിന്നെയെങ്ങനാ ഇപ്പോ വരിക?”

“മരിച്ചുവോ? എങ്ങനേ?”

ഈ കിളവിയെക്കൊണ്ട് തോറ്റു എന്നും പറഞ്ഞ് പല്ലവി പിറുപിറുക്കും.

കുറച്ചു സമയത്തിനുള്ളിൽ ചിലപ്പോൾ ഉച്ചത്തിലൊരു തേങ്ങൽ കേൾക്കാം.

” നമ്മുടെ കുഞ്ഞ് പോയില്ലേ! ഞാനൊന്നുണർന്നു ചുംബിക്കുന്നതിന് മുൻപേ ജീവനെടുത്തില്ലേ! അയ്യോ ഇനി ഡോക്ടർമാരാരെങ്കിലും കൊന്നതാകുമോ? കൂടെയുള്ളവരോട് ചോദിക്കാമായിരുന്നില്ലേ? എനിക്കൊന്നുകൂടി അവളെ ഗർഭം ധരിക്കാൻ കഴിഞ്ഞെങ്കിൽ!

എന്താ ഒന്നും മിണ്ടാത്തത്. ഇങ്ങടുത്ത് വന്നിരിക്കണം. പല്ലവിയെവിടെ? പുതിയ ഒരു ബ്ലാങ്കറ്റും തലയിണയും ഇങ്ങെടുക്ക്. അയ്യോ നമ്മുടെ കുഞ്ഞു പോയി!”

“നാനി ഇങ്ങനെ തേങ്ങിക്കരയാൻ മാത്രം ഇവിടെന്തുണ്ടായി? അയൽപക്കത്താൾക്കാരില്ലേ! ദയവ് ചെയ്ത് കരയാതിരിക്കു”

പല്ലവി മുറിയുടെ വാതിൽക്കൽ വന്ന് ദേഷ്യപ്പെട്ടിട്ട് അടുക്കളയിലേക്ക് തിരികെ പോകും.

ഒരു പാതിമയക്കത്തിൽ ഞെരിപിരികൊണ്ട് ചിലപ്പോൾ അവർ പറയും:

” ആരാ അത്? പ്രൊഫസ്സർ തിമോത്തി കോൾമാനോ? ഞാൻ വരില്ലായെന്ന് എത്ര പ്രാവശ്യം പറഞ്ഞു! അങ്ങ് പൊയ്ക്കോളു. എന്റെ കൈയ്യിൽ മുത്തമിട്ടുകൊണ്ടിങ്ങനെ മുട്ടുകുത്തിയിരിക്കണ്ടാ…

മിസ്റ്റർ എഡ്മണ്ട് ഹീനിയോ? അയ്യോ വെറുതെയിരിക്കൂ. നീലേഷ് അടുത്ത റൂമിലുണ്ട്. കണ്ടാൽ എന്തു വിചാരിക്കും! ഒരിക്കലെന്നെ ചുംബിച്ചപ്പോൾ എതിർത്തില്ലായെന്നും പറഞ്ഞ് എപ്പോഴുമോ? വേണ്ടാ.. വേണ്ടാ..”

ഈ സമയമെല്ലാം പല്ലവി പതുങ്ങി വന്ന് ചെവി വട്ടം പിടിച്ചു കേൾക്കും. പിന്നെ കൂട്ടുകാരിയോ മറ്റോ വിളിക്കുമ്പോൾ വള്ളിപുള്ളി തെറ്റാതെ പകരുകയും ചെയ്യും.

” കിളവി ചില്ലറക്കാരിയൊന്നുമല്ല. ഇപ്പോഴൊക്കെയല്ലേ കള്ളി വെളിച്ചത്താവണത്. വലിയ എഴുത്തും പത്രാസ് കാരിയുമൊക്കെയായിരുന്നില്ലേ. ആരൊക്കെ എവിടെയൊക്കെയുണ്ടായിരുന്നുവെന്ന് ആരറിഞ്ഞു! നല്ല കാലത്ത് ആരും കൊതിച്ചുപോണ ചന്തമായിരുന്നൂന്നല്ലേ പറഞ്ഞ് കേക്കണ്! മാത്രവുമല്ല മൂപ്പത്തിയാര് കുറേക്കാലം ബോംബെയിലും സായിപ്പിന്റെ നാട്ടിലുമൊക്കെയായിരുന്നില്ലേ. അവിടെയൊക്കെയുള്ളവരാകും. ഡാക്കിട്ടർ മരിച്ചപ്പോൾ കുറേ സായിപ്പിൻമാർ വന്നത് എനിക്കോർമ്മയുണ്ട്”

ഉണർന്നൊന്നു ചുംബിക്കുന്നതിന് മുന്നേ പോയ കുഞ്ഞിനെയോർത്ത്, ഭർത്താവിനും കുട്ടികളോടുമൊത്ത് സമ്പുഷ്ടമായൊരു കുടുംബജീവിതം നയിക്കുന്ന കാലത്തൊന്നും നീത്താ വിഷമിച്ചിരുന്നില്ല. ഒരേ സമയം കുടുംബിനിയായും, എഴുത്തുകാരിയായും, അദ്ധ്യാപികയായും, പ്രഭാഷകയായും ശോഭിച്ച നിർമ്മലമായ ജീവിതകാലത്തൊന്നും ഓർമ്മയിൽ ആ കുഞ്ഞ് കടന്നുവന്നില്ല എന്നുവേണം പറയാൻ. എന്നാൽ ഇപ്പോഴാകട്ടെ, അവരുടെ വാർദ്ധക്യ സ്വപ്നങ്ങളിൽ, നോവുണർത്തുന്ന ഓർമ്മകളിൽ അത് വന്ന് മോണകാട്ടിച്ചിരിച്ചു. അമ്മേ എന്ന് വിളിക്കാൻ ശ്രമിച്ചു. മുലപ്പാലിനായി കൊതിച്ചു.

എല്ലാ തേങ്ങലുകളും അവസാനം ആ കുഞ്ഞിലെത്തി നിന്നു. തനിക്കവളെ ഒന്നുകൂടി അവളെ ഗർഭം ധരിക്കണം എന്നാരോടെന്നില്ലാതെ പറയുന്ന വേളകളിലെല്ലാം, അതു കേൾക്കുന്ന പല്ലവി ഉള്ളിൽ പൊട്ടിച്ചിരിക്കും.

” വയസ്സാൻ കാലത്ത് പെറ്റെണീക്കാനുള്ള കിളവിയുടെ ഒരു പൂതി”

മക്കൾ കുടുംബസമ്മേതം അവധിക്കാലമാഘോഷിക്കാൻ വരുമ്പോളെല്ലാം അമ്മയെക്കൊണ്ടൊരു റെഗുലർ മെഡിക്കൽ ചെക്കപ്പ് നടത്തിക്കാറുണ്ട്. അമ്മയിൽ ഈയിടെയുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഡോക്ടറോട് സംസാരിച്ചപ്പോൾ അദ്ദേഹവും പറഞ്ഞിതിങ്ങനെയാണ്:

” കുറച്ചൊക്കെ കണ്ടില്ലെന്ന് നടിക്കണം. കുറേ നമ്മളും അംഗീകരിച്ചു കൊടുക്കണം. വയസ്സായാൽ എല്ലാവരും ഇങ്ങനെയൊക്കെയല്ലെ. ഹാലൂസിനേഷൻ കാരണം പറയുന്നകാര്യങ്ങളെ മറുത്തുപറയാൻ നിൽക്കണ്ടാ എന്നു പറയു കൂടെ നിൽക്കുന്ന ആ കുട്ടിയോട്. കടുത്ത വിഷാദത്തിലാണെന്ന് തോന്നുന്ന സമയത്ത്, ഉറക്കഗുളികകളോ മൂർച്ചയുള്ള വസ്തുക്കളോ അടുത്തു വയ്ക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി”

മണി പന്ത്രണ്ടടിച്ചു.

ക്ലോക്കിന്റെ ശബ്ദം കേട്ടപ്പോൾ പൂച്ച കണ്ണു തുറന്നെണീറ്റ് വീണ്ടും ഞെളിഞ്ഞു നിവർന്നു. സോഫയിലിരുന്നു കൊണ്ട് വാലും ശരീരവും കാലുകളും നക്കിത്തുടച്ചു വൃത്തിയാക്കി. പിന്നെ താഴേക്ക് ചാടി

അടുക്കളയിലേക്ക് നടന്നു ചെന്നു.

” കിടന്നു വിളിക്കണ്ട. നാനിക്കുള്ള ഭക്ഷണം എടുത്ത് വച്ചിട്ട് തീറ്റി തരാം” പല്ലവി അല്പം കെറുവിപ്പോടെ പറഞ്ഞു.

ഉച്ചഭക്ഷണവും, പുതിയ മാഗസീനും, പത്രവും ഏതാനും കത്തുകളുമൊക്കെ മേശപ്പുറത്ത് നിരത്തി വച്ചതിന് ശേഷം, പല്ലവി അലമാരയിൽ നിന്ന് കുറച്ച് ക്യാറ്റ്ഫുഡും പാലുമെടുത്ത് താഴേക്ക് വച്ചുകൊടുത്തു.

ഭക്ഷണം കഴിക്കുന്ന നേരത്താണ് നീത്താ കത്തുകളും മാഗസിനുകളുമൊക്കെ വായിച്ചിരുന്നത്. ഈയിടെയായി അതിലും വലിയ താല്പര്യമുണ്ടായിരുന്നില്ല. ഏതെങ്കിലും മാഗസിൻ മറിച്ചുനോക്കി ” നാനിയെപ്പറ്റി ഇതാ എഴുതിയിരിക്കുന്നു” എന്നോ മറ്റോ പല്ലവി പറയുകയാണെങ്കിൽ മാത്രം പേരിന് അതൊന്ന് വായിച്ചുനോക്കും. തന്നെപ്പറ്റി പുകഴ്ത്തിയാണ് എഴുതിയിരിക്കുന്നതെങ്കിൽ വിരസതയോടെ മാഗസിൻ മടക്കിക്കൊണ്ട് അവർ പറയും:

“ഇതൊക്കെ എടുത്തങ്ങ് അലമാരിയിൽ വച്ചേക്ക്”

കുറേക്കാലം മുമ്പുതന്നെ പ്രശംസകളെല്ലാം അവർ മടുത്തുപോയിരുന്നു.

അമ്മയ്ക്ക് പത്മശ്രീ കിട്ടിയതറിയിക്കാൻ മക്കൾ സന്തോഷത്തോടെ വിളിച്ചപ്പോൾ അവാർഡൊക്കെ കൊണ്ടുപോയി കടലിൽ കളയ്, എനിക്ക് തീരെ താല്പര്യമില്ലാ, ഞാൻ പോവില്ലാ ഇതിനൊന്നും എന്നൊക്കെയായിരുന്നു അവരുടെ മറുപടി.

” അമ്മ വാശി കളയുന്നുണ്ടൊ.. അർഹിക്കപ്പെട്ട അവാർഡ് തിരസ്കരിക്കേ? അമ്മയ്ക്ക് വേണ്ടങ്കിലും ഞങ്ങൾക്ക് വേണം” ഇളയമകൾ ദേഷ്യത്തോടെ പറഞ്ഞു. വളരെ നിർബന്ധിച്ചിട്ടാണ് മക്കൾക്ക് അമ്മയെകൊണ്ട് ചടങ്ങിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞത്.

കുറേ വർഷങ്ങളായി ഇന്റ്റർവ്യൂകളും അനുവദിച്ചിരുന്നില്ല അവർ. എൻഡിടിവിയിൽ നിന്ന് ഒരിക്കലൊരു മാധ്യമ പ്രവർത്തക അഭിമുഖത്തിനായി സമയം ചോദിച്ചപ്പോൾ അവർ പറഞ്ഞു:

” പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞില്ലേ? എഴുതിയും കഴിഞ്ഞു. ഇനിയൊന്ന് സ്വസ്ഥയാകട്ടെ”