അളകനന്ദ 4
Alakananda Part 4 | Author : Kalyani Navaneeth | Previous Part
താൻ വീണ്ടും തല കുനിച്ചു നിൽക്കുന്നത് കണ്ടു , ” നന്ദ പറയില്ലെന്ന് തീരുമാനിച്ചോ “
എന്ന സാറിന്റെ ചോദ്യത്തിന് രണ്ടു കൈ കൊണ്ടും മുഖം പൊത്തിനെഞ്ച് പൊട്ടിയുള്ള കരച്ചിലായിരുന്നു എന്റെ മറുപടി ……..
തിരിച്ചു ഞാൻ ആ പായയിലേക്കു, ഒന്നു പറയാതെ വന്നു കിടക്കുമ്പോൾ,… ഒന്ന് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ കൊതിച്ച പോലെ സാർ എന്നെ നോക്കുന്നുണ്ടായിരുന്നു ………
ഒത്തിരി കരഞ്ഞു ഉറങ്ങിയത് കൊണ്ടാവാം ….. രാവിലെ എഴുന്നേറ്റപ്പോൾ എന്റെ മനസ്സിലെ ഭാരം എല്ലാം കുറഞ്ഞിരുന്നു …
അസ്വാഭികമായി ഒന്നു സംഭവിച്ചിട്ടില്ലാത്ത പോലെ ഞാൻ അടുക്കളയിൽ അമ്മയോടൊപ്പം കളിച്ചും ചിരിച്ചും കൂടി …..
എത്ര ആഴത്തിൽ ഉള്ളത് ആണെങ്കിലും എന്റെ നെഞ്ചിലെ മുറിവുകളൊക്കെ എത്ര പെട്ടെന്നാണ് ഉണങ്ങുന്നത് എന്നെനിക്കു തോന്നി ……….
എന്റെ കണ്ണുനീർ സാറിന്റെ ഉള്ളിൽ വീണു പൊള്ളിയിരുന്നു എന്ന് സാറിന്റെ മുഖത്ത് നിഴലിച്ചിരുന്ന വിഷാദം , പറയാതെ പറയുന്നുണ്ടായിരുന്നു …..
അധികം വൈകാതെ തന്നെ എന്റെ ബി .എഡിനുള്ള അഡ്മിഷൻ ശരിയായി …. കോളേജിൽ പോകുന്നതിനു തലേദിവസമാണ് സാർ പറഞ്ഞത് , ക്ലാസ്സിൽ പോകുമ്പോൾ സിന്ദൂരവും താലിമാലയതും ഒന്നും അണിയണ്ടാന്നു ….
വല്ലാത്തൊരു ഷോക്കോടെ ഞാൻ സാറിനെ നോക്കി .
” വേറെ ഒന്നും കൊണ്ടല്ല, കല്യാണം കഴിഞ്ഞ കുട്ടികളെ കൂടെ ഉള്ളവർ ഒരു ചേച്ചിയായിട്ടേ കാണുള്ളൂ … മാത്രമല്ല, കുടുംബവും പ്രാരാബ്ധവും അതിനിടയിൽ പഠിക്കാൻ വരികയാണെന്ന് ചില ടീച്ചർമാർക്കെങ്കിലും തോന്നും , അതിനൊന്നും ഒരു ചാൻസ് കൊടുക്കണ്ട , നന്നായി പഠിക്കണം……..” സാർ അത് പറയുമ്പോൾ തിരിച്ചൊന്നും പറയാനാവാതെ ഞാൻ നിന്നു…..
പക്ഷെ അന്ന് രാത്രി, ‘അമ്മ പാത്രങ്ങൾ ഒക്കെ കഴുകുമ്പോൾ , പിറകിൽ ചെന്ന് കെട്ടിപിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു …. എനിക്ക് പഠിക്കണ്ടമ്മേ…. ‘അമ്മ സാറിനോട് ഒന്ന് പറയൂ ….
. മാത്രമല്ല താലി അഴിച്ചു വച്ച് ക്ലാസ്സിൽ പോകാനാണ് പറയുന്നത് …. താലി അഴിച്ചു വയ്ക്കാൻ എനിക്ക് പറ്റില്ലമ്മേ …. എത്ര പ്രാർത്ഥിച്ചിട്ടാണെന്നു അറിയോ ,,? ഇത് കഴുത്തിൽ വീണത് ….
മോളെ നിന്നെ പഠിപ്പിക്കുന്ന കാര്യത്തിൽ എനിക്ക് ഒന്നും പറയാൻ പറ്റില്ല …..അത് അവന്റെ ഇഷ്ടമാണ് , എത്രയോ പെൺകുട്ടികൾ കല്യാണം കഴിഞ്ഞിട്ട് , പഠിക്കാൻ ആഗ്രഹിച്ചിട്ടും , നടക്കാതെ പോകുന്നു …..
ഇതൊരു ഭാഗ്യമായി കരുതിയാൽ മതി …. പക്ഷെ താലിയൊന്നും അഴിച്ചു വയ്‌ക്കേണ്ട ആവശ്യം ഇല്ല ….അത് സാരിയുടെ പുറത്തു , കാണുന്ന വിധത്തിൽ ഇടാതെ ഇരുന്നാൽ മതിയല്ലോ … അത് ഞാനവനോട് പറയാം ….
അടുത്ത ദിവസം തന്നെ ക്ലാസ്സിൽ പോയി തുടങ്ങി,….. അടുത്തുള്ള ബസ് സ്റ്റോപ്പിൽ കോളേജ് ബസ് വരും… സ്റ്റോപ്പ് വരെ സാർ ബൈക്കിൽ കൊണ്ട് പോയി വിടും …..
സാറിന്റെ പിന്നിൽ ബൈക്കിൽ ഇരിക്കുമ്പോൾ , ഒന്ന് വട്ടം ചുറ്റി പിടിക്കാൻ വെമ്പുകയായിരിക്കും മനസ്സ് ……. എന്നാലും ഞാൻ ഒരു അകലം പാലിച്ചു ഇരിക്കും ….
ബി.എഡ് എന്നാൽ അധികം ഒന്നും പഠിക്കാൻ കാണില്ല എന്ന അത്ര നാളത്തെ എന്റെ ചിന്ത, മൊത്തത്തിൽ തെറ്റാണെന്നു ആദ്യത്തെ ദിവസം തന്നെ മനസ്സിലായി ….
കുന്നോളം ഉണ്ടായിരുന്നു പഠിക്കാൻ … പോരാത്തതിന്, എട്ടു , ഒൻപതു , പത്തു എന്നീ ക്ലാസ്സുകളിലെ പാഠപുസ്തകവും, അരച്ച് കലക്കി കുടിക്കണം ആയിരുന്നു … ഓരോ വിഷയത്തിനും റെക്കോർഡുകളും….
സൈക്കോളജി , ടെക്നോളജി, ഫിലോസഫി , ഈ മുന്ന് വിഷയങ്ങളും എല്ലാ ഓപ്ഷൻസിൽ ഉള്ളവർക്കും പൊതുവായി പഠിക്കണം എന്നുള്ളത് കൊണ്ട് തന്നെ… ആ ക്ലാസ്സിൽ കുട്ടികൾ കൂടുതൽ ആയിരുന്നു …. ഓഡിറ്റോറിയത്തിൽ വച്ച് മൈക്ക് ഉപയോഗിച്ചാണ് , ടീച്ചർ പഠിപ്പിച്ചിരുന്നത് ….
ആദ്യത്തെ ദിവസം തന്നെ എട്ടിന്റെ പണി കിട്ടിയ പോലെയാണ് തിരിച്ചു വീട്ടിൽ എത്തിയത് …… പക്ഷെ സാറിന്റെ മുഖം അന്ന് പതിവിനെക്കാൾ സന്തോഷത്തിൽ ആയിരുന്നു …..
ആവശ്യം ഇല്ലാതെ ഉള്ള നിന്റെ ചിന്തകളും, കരച്ചിലും ഒക്കെ ഇതോടെ തീരുമെന്ന് ആ മുഖത്ത് എഴുതി വച്ച പോലെ തോന്നി ……
സന്ധ്യയ്ക്ക് നാമ ജപം കഴിഞ്ഞു , ‘അമ്മ പതിവായി കാണുന്ന സീരിയലിന്റെ മുന്നിൽ വെറുതെ ഒന്ന് ഇരുന്നതേ ഉണ്ടായുള്ളൂ ….. അപ്പോൾ തന്നെ വന്നു സാറിന്റെ വിളി ….
” നന്ദേ, ഇന്ന് ക്ലാസ്സിൽ എടുത്തത് എന്തൊക്കെയാണെന്ന് ടേബിളിൽ എടുത്തു വച്ചേ … ഞാൻ നോക്കിയിട്ടു, മനസ്സിലാകാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരാം ….”
അതൊരു തുടക്കം ആയിരുന്നു …. പിന്നീടുള്ള ഓരോ ദിവസങ്ങളിലും , ക്ലാസ്സിൽ എടുത്തത് അന്ന് തന്നെ പഠിച്ചിട്ടേ ഉറങ്ങാൻ സമ്മതിക്കൂ….
ഇത്രയും പഠിച്ചിട്ടു, എന്നോട് പറയ് ചോദിക്കാം….. എന്ന് പറഞ്ഞു സാർ ഏതെങ്കിലും ബുക്ക് എടുത്തു വായിക്കും ….
സ്വപ്നം കാണാൻ ഏറ്റവും നല്ലതു പഠിക്കുന്ന നേരം ആണെന്ന് ഒരിക്കൽ കൂടി തോന്നി എനിക്ക് …. ബുക്കിന്റെ സ്സൈഡിൽ കളം വരച്ചും, ഡിസൈൻ ചെയ്തും ഒക്കെ ഞാനിരിക്കും …..
അത് സർ കണ്ടു പിടിച്ചതോടെ , അടുത്ത് വന്നു എഴുതിയത് ഓരോന്നും എക്സ് പ്ലെയിൻ ചെയ്തു തരാൻ തുടങ്ങി …. പണ്ടത്തെ കെമിസ്ട്രി ക്ലാസ്സിൽ ഞാൻ മാത്രം ഇരുന്നു പഠിച്ചാൽ എങ്ങനെയായിരിക്കും… അത് പോലെ തോന്നി …
ഇത്ര അടുത്ത് ഇരുന്നു പഠിപ്പിക്കുബോൾ ആണ് ആ മുഖത്തിലെ ഗൗരവവും , ഭംഗിയുള്ള മീശയും , താടിയിലെ ചുഴിയും ഒക്കെ ശരിക്കും കൗതുകം ആയി തോന്നുന്നത് ……
പലപ്പോഴും കൺ ചിമ്മാതെയുള്ള എന്റെ നോട്ടം കാണുമ്പോൾ ഒക്കെ , “പറയുന്നത് ശ്രദ്ധിക്കാതെ എന്റെ മുഖത്ത് നോക്കി ഇരിക്കയാണോ” എന്ന് ദേഷ്യത്തോടെ ചോദിക്കുന്ന ആൾ …. പിന്നീട് എപ്പോഴോ എന്റെ ആ നോട്ടത്തിനു മുന്നിൽ പതറാൻ തുടങ്ങി ….. വല്ലാത്തൊരു വെപ്രാളം സാറിന്റെ മുഖത്തും കണ്ടു തുടങ്ങി …..
സാറിന്റെ മനസ്സിലേക്ക് ഇനി അധിക ദൂരം ഇല്ലന്ന് തോന്നി തുടങ്ങി ..
ബി. എഡ് കോളേജിലെ അന്തരീക്ഷവുമായി ഞാൻ പതിയെ പൊരുത്തപ്പെട്ടു… പഠിക്കണം എന്നൊരു തോന്നൽ എന്റെ മനസ്സിലും വന്നു……
സാർ പറയാതെ തന്നെ പഠിക്കാനും, റെക്കോർഡ് എഴുതാനും ഒക്കെ തുടങ്ങി …. എന്റെ ആ മാറ്റം സാറിനും മനസ്സിലായെന്നു തോന്നുന്നു …. എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കൂ എന്ന് പറഞ്ഞു , ചിലപ്പോൾ അച്ഛന്റെ കൂടെയിരുന്നു ക്രിക്കറ്റ് കാണാനും, ഷട്ടിൽ കളിക്കാനും ഒക്കെ പോയി തുടങ്ങി ….
ഒരു ദിവസം ഞാൻ ക്ലാസ്സിൽ നിന്നു വന്നപ്പോൾ, സർ പണ്ട് താമസിച്ചിരുന്ന വീടിനു , അടുത്ത വീട്ടിലെ ഒരു ചേച്ചിയും , മകളും വീട്ടിൽ വന്നിട്ടുണ്ടായിരുന്നു …..
ഒരു അഹങ്കാരി പെണ്ണ് …. ഇതാണോ നന്ദ , അളകനന്ദ എന്ന് പുച്ഛത്തോടെ ചോദിച്ചു കൊണ്ട്, സാറിനോട് പറഞ്ഞു ….. കുഞ്ഞേട്ടന് വേറെ ഒരു പെണ്ണിനേയും കിട്ടിയില്ലേ …? ഇങ്ങനെ കാണാൻ പാവം പോലെ ഉള്ള പെണ്ണുങ്ങളെ വിശ്വസിക്കാൻ പറ്റില്ല … മനസ്സ് മുഴുവൻ കള്ളത്തരം ആയിരിക്കും ….”
എന്നിട്ടു എന്നോടായി “തന്നെ അല്ലാട്ടോ … പൊതുവെ പറഞ്ഞതാണ് …. “
ഞാൻ അവളെ മിഴിച്ചു നോക്കിയത് ശ്രദ്ധിക്കാതെ അവൾ സാറിനെ നോക്കി പറയുവാ …
” കുഞ്ഞേട്ടന് എന്നെ പോലെ ഒരു വായാടി പെണ്ണിനെ ആയിരിക്കും ചേരുന്നത് …. അതാകുമ്പോൾ മനസ്സിൽ ഉള്ളതൊക്കെ തുറന്നു പറയും … പക്ഷെ ഉള്ളു ശുദ്ധമായിരിക്കും …..
എന്റെ കണ്ണ് ഇപ്പൊ തുളുമ്പും എന്നും തോന്നും വിധത്തിൽ നിന്നു …..
അവളുടെ അമ്മയും , സാറിന്റെ അമ്മയും അടുക്കളയിൽ നിന്ന് സംസാരിക്കുകയായിരുന്നു ….. ചായയുമായി വന്ന ‘അമ്മ എന്ന്നെ കണ്ടു … ആ നന്ദ വന്നോ….? എന്നിട്ട് ആ സാധനത്തിന്റെ അമ്മയെ , “പ്രഭേ… ഇങ്ങു വാ എന്റെ നന്ദ മോൾ എത്തി” ന്നു പറയുമ്പോൾ …. അവൾ പുച്ഛഭാവത്തിൽ മുഖം തിരിച്ചു …..
ആ മോൾക്ക് പറ്റിയ ‘അമ്മ തന്നെ …. ചിരിച്ചു കൊണ്ടാണ് അവർ വന്നതെങ്കിലും , ആ ചിരിയിൽ എന്തോ ദേഷ്യം ഉള്ള പോലെ തോന്നി …..
അവൾ സാറിന്റെ അടുത്തേക്ക് ചെന്നിട്ടു , കുഞ്ഞേട്ടന്റെ ഫോൺ തന്നേ.. ഒരു സെൽഫി എടുക്കാമെന്ന് പറഞ്ഞു കൊണ്ട് സാറിന്റെ ഫോൺ വാങ്ങിയെടുത്തു ……..
സങ്കടവും ദേഷ്യവും കൊണ്ടെനിക്ക് പ്രാന്ത് പിടിക്കുമെന്നു തോന്നി …… ഞാൻ പോലും ഇതുവരെ ആ ഫോണിൽ ഒന്ന് തൊട്ടിട്ടില്ല …. ഇങ്ങനെ ചേർന്ന് നിന്നിട്ടുമില്ല …. ഒരു മര്യാദ ഇല്ലാത്ത സാധനം തന്നെ … പേരോ ശ്രീക്കുട്ടി പോലും,…. ശ്രീക്കുട്ടി അല്ല അവൾ ചീക്കുട്ടി ആണ് …..
അവളുടെ കരണം നോക്കി ഒന്ന് കൊടുക്കാൻ എനിക്ക് തോന്നി …. എന്റെ സാറിനോട്, അമ്മയും പെങ്ങമ്മാരും അല്ലാതെ ആര് അടുത്ത് പെരുമാറിയാലും ഞാൻ സഹിക്കില്ല …. അടുത്ത് പെരുമാറുന്നതും പോരാ , കയ്യിലും ഒക്കെ പിടിക്കുന്നു …. എന്റെ ഉള്ളിൽ ഒരു യക്ഷി ഉണരുന്നുണ്ടെന്നു എനിക്ക് തോന്നി …..
ദേഷ്യത്തോടെ അവളെ തന്നെ നോക്കി കൊണ്ടുളള എന്റെ നിൽപ് കണ്ടപ്പോൾ,…. അവളുടെ ‘അമ്മ എന്നെ നോക്കി കൊണ്ട് പറഞ്ഞു ….
” എന്റെ ശ്രീക്കുട്ടിക്ക് , വൈശാഖ് എന്ന് പറഞ്ഞാൽ ജീവനായിരുന്നു ….. ഇവനെ കണ്ടില്ലെങ്കിൽ പണ്ട് ചോറ് പോലും കഴിക്കില്ലായിരുന്നു …..
അന്നൊക്കെ ഇവൾ ഏതു നേരവും വീണയുടെയും, വിദ്യയുടെയും കൂടെ ആയിരിക്കും ,… ഞായറാഴ്ച ആയാൽ ഇവളെ കാണണം എങ്കിൽ ഇവരുടെ വീട്ടിൽ പോണം ആയിരുന്നു ….. അവർ വിളിക്കുന്നത് കേട്ടാണ് ഇവളും കുഞ്ഞേട്ടാന്നു വിളിച്ചു തുടങ്ങിയത് …..
പെട്ടെന്ന് അല്ലായിരുന്നോ … ഇവർ അവിടന്ന് ഇങ്ങോട്ടേക്കു താമസം മാറ്റിയത് ….ഒരു കണക്കിന് നന്നായി , ദിവസവും ഒന്നര മണിക്കൂർ വച്ച് രണ്ടു നേരവും യാത്ര ചെയ്യാൻ പാട് തന്നെ ആണേ ….. ഇതാകുമ്പോൾ സ്കൂളിന് അടുത്ത് അല്ലയോ ….
സത്യം പറഞ്ഞാൽ ശ്രീക്കുട്ടിയെ വൈശാഖിനു തന്നെ കൊടുക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം …”
എന്റെ നെഞ്ചിനുള്ളിൽ , ഇടിയും മിന്നലും പേമാരിയും ഒക്കെ ഒരുമിച്ചു വരുന്നത് പോലെ തോന്നി …. അത് പുറത്തു കാണിക്കാതെ , ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് വരാമെന്നു പറഞ്ഞു റൂമിലേക്ക് പോന്നു…..
അവർ മാത്രം എന്റെ കൂടെ റൂമിലേക്ക് വന്നു ….. ഉള്ളിലൊളിപ്പിച്ച കൂരമ്പു എന്റെ നേർക്ക് എയ്യാനാണെന്നു എനിക്ക് മനസ്സിലായില്ല ….
” ഞങ്ങൾ ശ്രീകുട്ടിടെ കല്യാണം വൈശാഖുമായി വാക്കാൽ എങ്കിലും ഉറപ്പിച്ചു വയ്ക്കണം എന്നൊക്കെ ആലോചിച്ചു ഇരിക്കയായിരുന്നു ….” ആണോ എന്ന് പറഞ്ഞു കൊണ്ട് ഞാൻ മുഖത്ത് ചിരി വരുത്തി …..
.
“പക്ഷെ ഇവിടെ കൊച്ചു രണ്ടും കൽപ്പിച്ചു അല്ലായിരുന്നോ …? ചട്ടകം വച്ച് പൊള്ളിക്കുന്നു … ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുന്നു …. എന്നിട്ടും കൊച്ചിന് വല്ല അനക്കവും ഉണ്ടായിരുന്നോ ,,,? കല്ല് പോലെ ഉറച്ചു നിർന്നിട്ടല്ലേ സാറിനെ മതിയേ ന്നു പറഞ്ഞത് ….
അപ്പൊ ചേട്ടനാണ് പറഞ്ഞത് വല്ല പെണ്ണിന്റെയും ശാപം , ശ്രീകുട്ടിടെ തലയിൽ വീഴണ്ട ന്നു ….
എന്തായാലും നല്ല ബെസ്റ് ഫാമിലി തന്നെ ….. അവസാനം താലി കെട്ടിന്റെ അന്ന് അച്ഛനും, മോളും, ഒന്നായി … അഞ്ചു പൈസ ചിലവില്ലാതെ , മോൾടെ കല്യാണം നല്ലൊരു ചെറുക്കനെ കൊണ്ട് നടത്താൻ , അച്ഛനും, മോളും കൂടി നടത്തിയ നാടകം ആണെന്നൊക്കെ നാട്ടുകാർ പറഞ്ഞു എന്നാണ് അറിഞ്ഞത് …..”
തിരിച്ചൊന്നും പറയാനാവാതെ ആകെ അപമാനിതയായ പോലെ ഞാൻ നിന്നു…..
അപ്പോഴാണ് ‘അമ്മ അങ്ങോട്ട് വന്നത് … അപ്പോൾ അവർ ചിരിച്ചു കൊണ്ട് പറഞ്ഞു ….” മോളെ ഞങ്ങൾ ഉച്ചയ്ക്ക് മുന്നേ വന്നതാണ് …. ഇനി എന്തായാലും ഇറങ്ങാൻ നോക്കട്ടെ …. “
നിറയുന്ന കണ്ണുനീർ തുടച്ചു കൊണ്ട് ഞാൻ നിന്നു …. ഇറങ്ങാൻ നേരം സാറിന്റെ കഴുത്തിലൂടെ കയ്യിട്ടു ഒരു കെട്ടിപ്പിടിത്തം ….. സർ ഒരു സെക്കന്റ് കൊണ്ട് തന്നെ അവളെ പിടിച്ചു മാറ്റിയെങ്കിലും,….
എന്റെ ഹൃദയം ആയിരം കഷണങ്ങളായി മുറിയുന്നു എന്ന് തോന്നി ….. ഒന്ന് പൊട്ടിക്കരയാൻ പോലും പറ്റാതെ ഞാൻ നിന്നു ….
അന്ന് പഠിക്കാൻ ഒരു മൂഡും, ഉണ്ടായിരുന്നില്ല …. ബുക്കിന്റെ മുകളിൽ തല വച്ച് ഞാൻ കിടക്കുമ്പോൾ … സാറിനെ എനിക്ക് നഷ്ടമാകാൻ പോകുന്നു എന്ന് തോന്നി …..
സർ അടുത്ത് വന്നു…” എന്താ പറ്റിയേ നന്ദാ ” എന്ന് ചോദിക്കുമ്പോൾ , തലവേദന കൊണ്ട് വയ്യ കുറച്ചു നേരം കിടക്കട്ടെ എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി …. രാത്രി ഭക്ഷണം കഴിക്കാൻ , ‘അമ്മ വന്നു വിളിച്ചിട്ടും ഒന്നും കഴിക്കാൻ തോന്നിയില്ല …..
അച്ഛൻ അന്ന് ബിസ്സിനെസ്സ് ആവശ്യത്തിനായി കോയമ്പത്തൂരിൽ പോയിട്ട് അപ്പൊ വന്നതേ ഉണ്ടായുള്ളൂ ….. എനിക്കെന്തെക്കയോ സ്പെഷ്യൽ സാധനം കൊണ്ട് വന്നു എന്ന് പറഞ്ഞു അച്ഛനും വന്നു വിളിച്ചു ……
ആരും വിളിക്കണ്ട , നന്ദ വരും… എത്ര തലവേദന ആണെങ്കിലും, ഭക്ഷണം കഴിക്കാതെ പറ്റില്ല, എഴുന്നേൽക്കു , എന്ന് പറഞ്ഞു കൊണ്ട് സാർ എന്നെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു …..
സാർ വിളിച്ചാൽ ഞാൻ വരും എന്നറിഞ്ഞു കൊണ്ടാവും , ‘അമ്മ എനിക്ക് ഭക്ഷണം വിളമ്പി വച്ചിരുന്നു ….
അതിന്റെ മുന്നിൽ വന്നിരുന്നു വെറുതെ കളം വരയ്ക്കുമ്പോൾ ആണ് … ഒട്ടും പ്രതീക്ഷിക്കാതെ , സർ ഒരു ഉരുള ചോറ് എന്റെ വായിലേക്ക് നീട്ടിയത് ….. അറിയാതെ എന്റെ വായ തുറന്നു പോയി ….. പിന്നെ ഓരോ ഉരുളയും തരുമ്പോൾ എന്റെ കണ്ണിൽ നിന്നും ധാരയായി കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു ……
പിന്നെ ഒരു ഉരുള തരുമ്പോൾ , ആ കണ്ണിലേക്കു നോക്കി ആ കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ പൊട്ടി പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു …. എനിക്ക് ഇഷ്ടമാണ് , ഈ ജന്മം ഒരാൾക്കും വിട്ടു കൊടുക്കാൻ എനിക്ക് ആവില്ല …. ഒരു പെണ്ണും തമാശയ്ക്കു പോലും ഒന്ന് തൊടുന്നത് ഞാൻ സഹിക്കില്ല …. വാക്കുകൾ പലയിടത്തും മുറിഞ്ഞു പോയിരുന്നു ….
അച്ഛനും അമ്മയും അടുത്തുണ്ടെന്നു പോലും ചിന്തിക്കാതെ …. ഞാൻ വീണ്ടും സാർ എന്റെയാ … എന്റെ മാത്രം എന്ന് പറയുമ്പോൾ …. ഗിരിജേ പ്രഷർ ന്റെ മരുന്ന് എടുത്തു വയ്ക്കു എന്ന് പറഞ്ഞു അച്ഛൻ അവിടെ നിന്നു പോയി .. പിറകെ അമ്മയും …..
എന്റെ തലവേദന ഒക്കെ എവിടെ പോയെന്നു എനിക്ക് തന്നെ അത്ഭുതം തോന്നി …..
അന്ന് കിടക്കാൻ നേരം ‘അമ്മ റൂമിലേക്ക് വന്നു പറഞ്ഞു …. “ഇവിടെ ഒരു പായ ഉണ്ടായില്ലേ… അത് എനിക്ക് വേണം ആ ബെഡിൽ കിടന്നിട്ടു നടു വേദനിക്കുന്നു …. ഇതിൽ ഒന്ന് കിടന്നു നോക്കട്ടെ …. “
‘അമ്മ അത് പറയുമ്പോൾ ആ പായ ഞങ്ങളുടെ റൂമിൽ നിന്നും എന്നെന്നേക്കുമായി മാറ്റിയതാണെന്നു എനിക്ക് മനസ്സിലായി …..
അന്ന് തുടങ്ങി ആ ബെഡിന്റെ ഓരം ചേർന്ന് ഞാനും കിടക്കാൻ തുടങ്ങി ..
കോളേജും , റെക്കോർഡും, സാറിനോടുള്ള പ്രണയവും ഒക്കെ ആയി ദിവസങ്ങൾ കടന്നു പോയി… ആകെ ഒരു സമാധാനം , സാർ എന്നെ സ്നേഹിച്ചു തുടങ്ങി എന്നൊരു തോന്നൽ മാത്രം ആയിരുന്നു ….
അങ്ങനെയിരിക്കെ, ഞങ്ങളുടെ കല്യാണം നടന്ന അമ്പലത്തിലെ ഉത്സവം വന്നു …. വിദ്യയേച്ചിയും വീണേച്ചിയും , കുട്ടികളും ഒക്കെ വന്നു … വീട്ടിലും ഒരു ഉത്സവ പ്രതീതി ആയി ….
ഒരു ദിവസം രാത്രി , അത്താഴം കഴിഞ്ഞു എല്ലാവരും കൂടി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു …. വീണേച്ചി, ഭർത്താവിന്റെ കയ്യിൽ പിടിച്ചു കൊണ്ടും, വിദ്യേച്ചി ഭർത്താവിന്റെ ചുമലിൽ ചാരിയും, ഇരുന്നു …. അച്ഛനും സാറും ഒരുമിച്ചും , ഞാൻ അമ്മയുടെ കൂടെ താഴെയും ഇരുന്നു …..
ഞാനിനി എന്നാണ് ഇങ്ങനെ സാറിന്റെ കൂടെ ചേർന്ന് ഇരിക്കയെന്നു മനസ്സിൽ കരുതി , വെറുതെ സാറിനെ ഒന്ന് നോക്കുമ്പോൾ , എന്റെ മനസ്സ് വായിച്ചെടുക്കും പോലെ,. സർ എന്നെ തന്നെ
നോക്കിയിരിക്കുകയായിരുന്നു …
ഒരു ചമ്മലോടെ ഞാൻ ആ നോട്ടം പിൻവലിച്ചു …. രണ്ടു മൂന്നു മിനിട്ടു കഴിഞ്ഞപ്പോൾ , സാർ എഴുന്നേറ്റു, ഞാൻ അമ്മയുടെ മടിയിൽ തല വച്ചു കിടന്നിട്ടു എത്ര നാളായി , എന്ന് പറഞ്ഞു കൊണ്ട് അമ്മയുടെ മടിയിൽ വന്നു കിടന്നു …..
ഞാൻ പെട്ടെന്ന് എഴുന്നേൽക്കാൻ പോയപ്പോൾ …. നന്ദ എവിടെ പോകുന്നു അവിടെ ഇരിക്കൂ…. ഈ കാലൊന്നു മസ്സാജ് ചെയ്യൂ എന്ന് പറയുമ്പോൾ ആ ചുണ്ടിൽ എനിക്ക് മാത്രം വായിച്ചെടുക്കാൻ പാകത്തിൽ ഒരു പുഞ്ചിരി ഒളിഞ്ഞിരുന്നു …….
എന്റെ ഉള്ളിൽ എന്തോ വല്ലാത്ത ഒരു പരിഭ്രമം , നെഞ്ച് പെരുമ്പറ കൊട്ടുന്നു … ആദ്യമായാണ് ഇങ്ങനെ കാലിൽ തൊടുന്നത് …. അന്ന് ഒരു ആവേശത്തിൽ കയ്യിൽ പിടിച്ചു കരഞ്ഞെങ്കിലും പിന്നീട് ,… എനിക്ക് എങ്ങനെ അങ്ങനെ ചെയ്യാൻ കഴിഞ്ഞു എന്ന് തോന്നിയിരുന്നു …..
എന്റെ കൈ ഫ്രിഡ്ജിൽ വച്ച പോലെ തണുത്തു … ആ കാലിൽ തൊട്ടതും കൈ വിറയ്‌ക്കാനും തുടങ്ങി …..
മറ്റുള്ളവർക്ക് അതൊന്നും ഒരു വിഷയമായി തന്നെ തോന്നി കാണില്ല … അവർ പലതും പറഞ്ഞു കൊണ്ട് ചിരിയും സംസാരവും തുടർന്നു…..
അവർ പറയുന്നതിനൊക്കെ മറുപടി പറയുന്നുണ്ടെങ്കിലും, സാറിന്റെ ശ്രദ്ധ എന്നിൽ തന്നെ ആയിരുന്നു ….. ഓരോ നിമിഷം കഴിയും തോറും , എന്റെ കയ്യിലെ തണുപ്പ് കൂടി വന്നു … നാക്കില വെള്ളം വറ്റിയ പോലെ …… പുറത്തു അറിയും പോലെ എന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങിയിരുന്നു …..
സർ പെട്ടെന്ന് എഴുന്നേറ്റു, എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു …. നന്ദേ പെട്ടെന്ന് വന്നേ … ഇന്ന് പത്തുമണിക്ക് മുന്നേ നിന്റെ പ്രൊജക്റ്റ് മെയിൽ ചെയ്തു കൊടുക്കണം എന്നുള്ളത് മറന്നോ …? എനിക്ക് ഒന്നും മനസ്സിലായില്ല ….
ഒരു മെയിൽ അയക്കാനുണ്ട് ഇപ്പൊ വരാം എന്ന് എല്ലാവരോടുമായി പറഞ്ഞു കൊണ്ട് , സർ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് റൂമിലേക്ക് വന്നു ….
സർ കയ്യിൽ പിടിച്ചത് കൊണ്ട് മാത്രം ഞാൻ അവിടെയെത്തി … അത്രയും എന്റെ കയ്യും, കാലും ഒക്കെ തണുത്തു മരവിച്ചു പോയിരുന്നു ……..
എന്റെ മഹാദേവാ .. എനിക്ക് എന്താ ഇങ്ങനെയൊക്കെ വരുന്നതെന്ന് ആലോചിക്കും മുന്നേ , റൂമിലെത്തിയതും , സാർ ഡോർ അടച്ചതും ഒരുമിച്ചായിരുന്നു …..
എന്താ സംഭവിക്കുന്നത് എന്ന് ചിന്തിക്കും മുന്നേ സാർ എന്നെ വല്ലാതെ അങ്ങ് കെട്ടിപിടിച്ചു …. ആ നെഞ്ചിൽ വീണു പൊട്ടിക്കരയണം എന്ന് എത്രയോ വട്ടം ആഗ്രഹിച്ചിരുന്നു എങ്കിലും, ആ നിമിഷം എന്റെ കണ്ണുനീരൊക്കെ എവിടെ പോയെന്നു ഞാൻ അത്ഭുതപ്പെട്ടു ……
അടർന്നു മാറാൻ ഞാൻ ശ്രമിക്കും തോറും , ആ കൈകൾ എന്നെ കൂടുതൽ ശക്തിയോടെ പുണർന്നു …. നെറുകയിൽ ആദ്യ ചുംബനം തരുമ്പോൾ, ശരീരം ആകെ ഒരു കുളിരു വന്നു മൂടുന്ന പോലെ തോന്നി ……
എത്ര നേരം അങ്ങനെ നിന്ന്നുവെന്നു അറിയില്ല ….. എന്റെ കയ്യും കാലും ഒക്കെ തണുപ്പും , വിറയലും, മാറി സാധാരണ അവസ്ഥയിൽ ആകും വരെ … സർ എന്നെ നെഞ്ചിൽ ചേർത്ത് തന്നെ നിർത്തി ……
പിന്നെ ആ കൈ കുമ്പിളിൽ എന്റെ മുഖം കോരിയെടുത്തു കൊണ്ട് ചോദിച്ചു …. “ഇത്ര പേടിയാണോ നന്ദൂട്ടന് എന്നെ ?” നന്ദൂട്ടൻ എന്നോ ….? എന്താ വിളിച്ചത് എന്ന് ഒരിക്കൽ കൂടി ചോദിക്കണം എന്ന് തോന്നി …. സാറിന്റെ നിശ്വാസം മുഖത്ത് പതിച്ചപ്പോൾ എന്റെ കണ്ണുകൾ പതിയെ അടഞ്ഞു …..
തിരിച്ചു എല്ലാവരും ഇരിക്കുന്നിടത്തേക്കു വന്നിട്ടും , ഞാൻ ഏതോ സ്വപ്ന ലോകത്തു തന്നെ ആയിരുന്നു …. ആരും പറഞ്ഞതും , ചോദിച്ചതും ഒന്നും ഞാൻ കേട്ടില്ല ……
പിറ്റേന്ന് വൈകിട്ട് എല്ലാവരും ഉത്സവത്തിന് പോകാൻ റെഡി ആയി …. ഞാൻ ഒരു സിമ്പിൾ പച്ച കളർ സാരിയാണ് ഉടുത്തതു … മുടി പിറകിൽ കോതി വച്ചു …. എനിക്കറിയാം സാറിന് അധികം തിളക്കം ഒന്നും ഇഷ്ടമല്ലെന്ന് …. പക്ഷെ സർ എന്നെ കണ്ട ഭാവം പോലും നടിച്ചില്ല …..
ഇന്നലെ ഇത്രയധികം പ്രണയത്തോടെ എന്നെ നോക്കിയ ആൾ, ഇന്ന് എന്നെ മൈൻഡ് പോലും ചെയ്യില്ലന്നു ആയപ്പോൾ എനിക്ക് സങ്കടം വന്നു ….. എന്നാലോ അമ്മയുടെയും , ചേച്ചിമാരുടെയും സാരിയെ പറ്റിയൊക്കെ പുകഴ്ത്തി പറയുന്നും ഉണ്ട് ….
അവരുടെ കൂടെ ഞാൻ ഉണ്ടെന്നു പോലും ശ്രദ്ധിക്കുന്നില്ല …. അമ്പല മുറ്റത്തെത്തിയിട്ടും , അളിയന്മാരുടെ തോളിൽ കയ്യിട്ട് വിശേഷങ്ങൾ പറയുമ്പോഴും , ഞാൻ സാറിനെ പാളി നോക്കി …
.ഇല്ല എന്റെ തോന്നൽ അല്ല എന്നെ ശ്രദ്ധിക്കുന്നില്ല അത് തന്നെയാണ് സത്യം …… എന്റെ നീൾമിഴികളിൽ ഒഴുകാൻ വിതുമ്പി നിന്നൊരു പുഴ ….
നാടകം ആ സ്റ്റേജിൽ ,…. ഗാനമേള ഈ സ്റ്റേജിൽ,…എന്നൊക്കെ പറഞ്ഞു എല്ലാവരും കൂടി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ എന്നെയും വലിച്ചു കൊണ്ട് പോകുമ്പോഴും ഞാൻ ഏതോ ലോകത്തു ആയിരുന്നു ….
ഈ തിരക്കിനിടയിൽ ഒന്നും കരയാൻ പോലും പറ്റുന്നില്ലല്ലോ … പലപ്പോഴും തുളുമ്പി വന്ന മിഴികൾ, നിയന്ത്രിക്കാൻ ഞാൻ നന്നേ പാടുപെട്ടു …. എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ മതിയെന്നായി …..
ഇതൊന്നും കഴിയാതെ ആരും വീട്ടിലേക്കു പോകില്ലെന്ന് മനസ്സിലായപ്പോൾ , ഞാൻ അമ്മയോട് പറഞ്ഞു , എനിക്ക് വീട്ടിൽ പോകാൻ തോന്നുന്നു അമ്മെ…, തലചുറ്റുന്നു , ഉറക്കം വരുന്നു എന്നൊക്കെ ….
തല ചുറ്റുന്നോ ,,? എന്നാൽ ഒരു കാര്യം ചെയ്യാം … വൈശാഖിനെ കൂട്ടി വിടാം , വീട്ടിൽ പോയി റസ്റ്റ് എടുത്തോളൂ, നന്നായി ഒന്ന് ഉറങ്ങുമ്പോൾ എല്ലാം ശരിയാകും …. സാറിനെ വിളിച്ചു എനിക്ക് വയ്യ വീട്ടിൽ കൊണ്ട് പോകാൻ ‘അമ്മ പറഞ്ഞപ്പോൾ ,…. സാർ എന്നെ നോക്കിയോ എനിക്ക് അറിയില്ല …..
ഈ നേരം മുഴുവനും ഒരു നോട്ടം പോലും, നോക്കാത്തയാൾ ഇനി നോക്കുമെന്നു തോന്നിയില്ല …..
ഒരു താക്കോൽ അച്ഛന്റെ കയ്യിൽ ഉണ്ട് .. നിങ്ങൾ കിടക്കും മുന്നേ …താക്കോൽ ഡോറിൽ നിന്നും എടുത്തു മാറ്റിയേക്കണേ …. പോകാൻ നേരം ‘അമ്മ പറഞ്ഞു …
തല ചുറ്റൽ തോന്നിഎന്ന് ‘അമ്മ പറഞ്ഞത് കൊണ്ടാവാം , സർ എന്റെ കയ്യിൽ പിടിച്ചു, ” പതിയെ വാ ” എന്ന് പറഞ്ഞു ….
ആ തിരക്കിൽ നിന്നു മാറി … ഒരു ഓട്ടോ വിളിച്ചു …. ഓട്ടോയിൽ എന്നോടു ചേർന്നിരുന്നു … “എന്തുപറ്റി ” എന്ന് ചോദിക്കുമ്പോൾ ഞാൻ മനഃപൂർവം ഒന്നും മിണ്ടിയില്ല ….. മിണ്ടിയാൽ സകല നിയന്ത്രണവും അവിടെ പോകും എന്നറിഞ്ഞു കൊണ്ട് തന്നെ ഞാൻ കരച്ചിൽ അടക്കി പിടിച്ചു….
ഒടുവിൽ വീടെത്തിയപ്പോൾ … സർ എന്റെ നന്ദൂട്ടന് എന്തുപറ്റിയെന്നു ചോദിച്ചതും , ഞാൻ ആ നെഞ്ചിൽ വീണു ഏങ്ങലടിച്ചു കരഞ്ഞു …..
” ഈ നേരം വരെ എന്താ എന്നെ നോക്കാതിരുന്നേ …..? എത്ര നേരം ഞാൻ നോക്കി നോക്കി നിന്നുവെന്നു അറിയോ …? എന്നിട്ടും ഒരു വട്ടം പോലും എന്നെ നോക്കാതിരിന്നപ്പോൾ എന്റെ നെഞ്ച് പൊട്ടുകയായിരുന്നു….”
അതിനുള്ള മറുപടിയായി മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടുകയായിരുന്നു ….. എന്റെ മുഖം കയ്യിലെടുത്തു കൊണ്ട് സർ പറഞ്ഞു,… “നിന്നെ നോക്കിയാൽ എനിക്ക് എന്ന്നെ നഷ്ടപ്പെടും എന്ന് തോന്നി , അത്രയും ഞാൻ നിന്നെ സ്നേഹിക്കുന്നു നന്ദാ …
ആ നിമിഷം ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാൻ ആണെന്ന് തോന്നിപോയി ….
ഇഷ്ടമാണെന്നു സാറിന്റെ വായിൽ നിന്നും കേൾക്കാൻ ഒരു ജീവിതം മുഴുവൻ ഉഴിഞ്ഞു വച്ചവൾക്കു കിട്ടിയ വരം ….
ഇനി ഞാൻ കുഞ്ഞേട്ടാന്നു വിളിച്ചോട്ടെ ….? അതു മുഴുമിയ്ക്കാൻ സമ്മതിക്കാതെ ഉമ്മകൾ കൊണ്ട് മൂടുമ്പോൾ … താൻ സ്നേഹിക്കുന്നതിലും എത്രയോ ഇരട്ടി സാർ എന്നെ സ്നേഹിക്കുന്നു എന്ന് തോന്നി …..
എപ്പോഴോ അഴിഞ്ഞുലഞ്ഞ മുടിയുമായി സാറിന്റെ നെഞ്ചിൽ തല വച്ചു കിടക്കുമ്പോൾ…. ഞാൻ ചോദിച്ചു , ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ …? മും ചോദിക്കു ,… എപ്പോഴെങ്കിലും , ഞാൻ വളർത്തു ദോഷം ഉള്ള പെണ്ണാണെന്ന് തോന്നിയിട്ടുണ്ടോ ….?
അതിനുത്തരം കൊടുക്കാതെ അവളുടെ മാറിലേക്ക് വൈശാഖ് മുഖം പൂഴ്ത്തി
..അവിടെ നന്ദയുടെ സ്വപനവും ജീവിതവും എല്ലാം പൂവണിയുകയായിരുന്നു . … നിള പോലെ….. ഒരു പ്രണയ കവിത പോലെ…..