അജ്ഞാതന്‍റെ കത്ത് 2

അജ്ഞാതന്‍റെ കത്ത് 2
Ajnathante kathu Part 2 bY അഭ്യുദയകാംക്ഷി | Previous Part

എന്റെ നെഞ്ചിടിപ്പ് എനിക്ക് ശരിക്കും അറിയാമായിരുന്നു. വീടിനകത്തെ കരച്ചിലിന്റെ ശക്തി കുറഞ്ഞു. ഒടുവിൽ അത് നിലച്ചു.
ഞങ്ങൾ നിൽക്കുന്നതിന് ചുറ്റും ഇരുട്ട് നിറയാൻ തുടങ്ങി. വീടിനു വെളിയിൽ ഒരു വാഹനം സ്റ്റാർട്ടാവുന്ന ശബ്ദം. ഞാൻ ജോണ്ടിയെ കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു. അവൻ ക്യാമറയുമായി വീടിനോരം ചേർന്നു മുന്നിലേക്ക് പോയി. ഒരു ചുവന്ന ഇൻഡിക ഗേറ്റ് കടന്ന് വെളിയിലേക്ക് പോയി. കാറിൽ നിന്നും കറുത്തു തടിച്ച ഒരാളിറങ്ങി വന്നു ഗേറ്റടച്ചു വീണ്ടും കാറിൽ കയറി.
വീടിനു ചുറ്റുമുള്ള ചപ്പുകൾ അവിടെ ആൾപാർപ്പില്ലായെന്ന് വിളിച്ചു പറഞ്ഞു.വീടിനകത്തു കടക്കാൻ ഒരു ചെറുപഴുതു പോലുമില്ലായിരുന്നു. അകത്ത് മരണപ്പെട്ടത് കുര്യച്ചനാവുമോ?
അങ്ങനെയെങ്കിൽ കാറിൽ കയറി പോയ തടിയൻ ആരായിരിക്കും? ഡ്രമ്മിനകത്തു കണ്ട കൈ ഇപ്പോൾ കാണാനേയില്ല അതും തിളച്ച ടാറിനകത്തേയ്ക്ക് താണുപോയിരുന്നു. ഗ്യാസ് സ്റ്റൗ ഇപ്പോ ഓഫായിരിക്കുന്നു. ആരെങ്കിലും ഓഫ് ചെയ്തതാണോ അതോ ഗ്യാസ് തീർന്നതോ?

അരവിന്ദിനെ വിളിക്കാൻ ഫോണെടുത്തപ്പോൾ അവനെ നേരത്തെ വിളിച്ച കോൾ അപ്പോഴും കട്ടാകാതെ ഇരിക്കുന്നത് കണ്ടത്.പതിഞ്ഞ ശബ്ദത്തിൽ കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു.

” ഞാൻ വീടിനു വെളിയിലുണ്ട്.”

“നീ വരണ്ട ഇവിടേക്കിപ്പോൾ. ഞങ്ങൾ പുറത്തിറങ്ങുകയാണ്.പകൽ വെളിച്ചത്തിൽ മാത്രമേ ഈ വീടു പരിശോധന നടക്കൂ.അതിനു മുന്നേ കുറച്ച് കാര്യങ്ങളുണ്ട്. ഞാനത് വന്നിട്ട് പറയാം.”

ഫോൺ കട്ട് ചെയ്ത് പോക്കറ്റിലിട്ട് ഞങ്ങൾ പഴയതുപോലെ മതിലു ചാടി പുറത്തെത്തി. മതിലിനു വെളിയിൽ നിതിൻ നിൽപ്പുണ്ടായിരുന്നു.
ബൈക്കിനടുത്തേക്കുളള യാത്രയിൽ എനിക്കൊത്തിരി അറിയാനുണ്ടായിരുന്നു നിതിനിൽ നിന്നും. എല്ലാത്തിനും വ്യക്തമായ ഉത്തരങ്ങൾ ലഭിച്ചപ്പോൾ എന്റെ മനസ് പലവിധ ചിന്തകൾ നിറഞ്ഞു. ബൈക്കുമുന്തി ടാർറോഡിലെത്തിയപ്പോൾ അവിടെ അരവിന്ദനുണ്ടായിരുന്നു. ഞാൻ അരവിന്ദിന്റെ ബൈക്കിൽ കയറി, ജോണ്ടിയും നിതിനും ഞങ്ങൾക്ക് പിന്നിൽ ബൈക്കിൽ വന്നു.

“അരവീ നമ്മൾ വിചാരിച്ച പോലെ രാത്രി അതിനകത്ത് പരിശോദന റിസ്ക്കാണ്.ഒന്നാമത് അഞ്ചാറു വർഷമായി ആ വീട്ടിൽ ആൾപ്പാർപ്പില്ലാതെ. ആ വീട്ടിലെ താമസക്കാരായ അലക്സാണ്ടർ മറിയം ദമ്പതികൾ രണ്ട് വർഷം മുന്നേ ഏക മകളായ ടെസ്സയ്ക്കൊപ്പം ആസ്ട്രേലിയയിലേക്ക് പോയതാണ്.വീട്ടിൽ ഇടയ്ക്ക് വന്ന് തേങ്ങയിടീക്കുന്നത് വീട്ടുടമസ്ഥന്റെ സഹോദരീ പുത്രനായ എൽദോ ആണ്. “

” എൽദോയെ പിടിക്കണം ല്ലേ?”

“അതെ പക്ഷേ കാര്യം അത്ര എളുപ്പമല്ല. എൽദ്ദോ നമ്മുടെ എംഎൽഎ യുടെ ബ്രദർ ഇൻലോ കൂടിയാണ്.”

“എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടല്ലോ വേദ.എൽദോയുടെ താമസസ്ഥലം കിട്ടിയോ?”

” നിതിനു കറക്റ്റ് അറിയില്ല. കടുങ്ങാച്ചിറയാണ് എന്നൊരൂഹം പറഞ്ഞു. അത് നമുക്ക് കണ്ടു പിടിക്കാവുന്നതേയുള്ളൂ.”

“ആദ്യം സാമുവൽസാറിന്റെ പാർട്ടിക്ക് പോവണം, സാറിനോട് ഇക്കാര്യത്തെ പറ്റി പറയണം”

സാമുവൽ സാറായിരുന്നു വിഷൻ മീഡിയാ ചാനലിന്റെ ജീവനാഡി. അച്ഛന്റെ ആത്മാർത്ഥ സുഹൃത്ത്.
സാമുവേൽ സാറ് വരുന്ന സമയത്ത് വിഷൻ മീഡിയ വെറുമൊരു ലോക്കൽ ചാനലു മാത്രമായി പാട്ടും സിനിമയുമായി കഴിയുകയായിരുന്നു .
ചാനൽ ഓണറായിരുന്ന ശിവറാമിന്റെ അകാലമരണത്തിൽ പലരും ചാനൽ വിൽക്കാൻ നിർബന്ധിച്ചെങ്കിലും മക്കളില്ലാത്ത ഗായത്രിശിവറാം ഒരു കുഞ്ഞിനെ എന്ന പോലെ ചാനലിനെ സ്നേഹിക്കുകയായിരുന്നു.

സാമുവൽസാർ വന്നതിനുശേഷം ചാനലിൽ മൊത്തം അഴിച്ചുപണി നടത്തി. പിതൃതുല്യനായി എല്ലാവരും അദ്ദേഹത്തെ കണ്ടു ബഹുമാനിച്ചു.
പ്രായവും ജേർണലിസം മേഖലയിലെ പ്രവർത്തിപരിചയവും കൊണ്ട് സാമുവേൽ സാർ വിഷൻ മീഡിയയെ റേറ്റിംഗിന്റെ കാര്യത്തിൽ മുൻപന്തിയിലെത്തിച്ചു.

സത്യമാണദ്ദേഹത്തിന്റെ അജണ്ട.
സ്നേഹമാണ് മുദ്രാവാക്യം.
ഇന്നത്തോടെ അദ്ദേഹം വിഷൻ മീഡിയയോട് വിട പറയുകയാണ്. വികാരഭരിതമായ രംഗങ്ങൾ കാണേണ്ടി വരും.
ലെമെറാഡൂണിലാണ് പാർട്ടി വെച്ചിരിക്കുന്നത്.

” അരവി ഇന്ന് വൈകീട്ട് ഒരു സംഭവം നടന്നു.”

എനിക്ക് വന്ന കത്തിലെ ഉള്ളടക്കം ആദ്യാവസാനം പറഞ്ഞപ്പോൾ അവനുറക്കെ ചിരിക്കാൻ തുടങ്ങി.

” ജേർണലിസ്റ്റാണത്രെ മണ്ടി…..”

അവൻ വീണ്ടും ചിരിച്ചു തുടങ്ങി.

“എടി അത് പറ്റിക്കാനാരേലും ചെയ്തതാവും”

” ആവോ….. എനിക്കറീല്ല അരവി.എന്തോ ചെറിയൊരു ഭയം തോന്നി തുടങ്ങി. “

പിന്നെ കുറേ നേരം മൗനത്തിലായിരുന്നു. മൗനം ഭേതിച്ചത് അരവിയായിരുന്നു.

” വേദ അതിന്റെ വീഡിയോ ജോണ്ടിയുടെ കൈവശമല്ലേ?”

” ഉം “

“നമുക്കത് സ്റ്റുഡിയോയിൽ വെച്ചിട്ട് പോവാം. നീയവനെ വിളിച്ച് സ്റ്റുഡിയോയിൽ വരാൻ പറ”

ഫോണെടുത്തപ്പോൾ അത് സ്വിച്ചോ ഫായിരുന്നു വീണ്ടും

“അരവീ നിന്റെ ഫോൺ തന്നെ എന്റേത് ചത്തു.

“എടി എച്ചി ആ ഫോണൊന്നു മാറ്റി വാങ്ങരുതൊ? ജാംബവാന്റെ കാലത്തെ സാധനവുമായി ഇറങ്ങിയേക്കാ.”

ഫോൺ തരുമ്പോൾ അവൻ കളിയാക്കി.

” പിന്നേ ജാംബവാനുപയോഗിച്ച ഫോണല്ലെ ഇത്, അസമയത്തെ തമാശ ബോറാ”

തിരിച്ച് മറുപടി കൊടുത്തു ഞാൻ.
ഫോൺ തുറന്നപ്പോൾ 17 മിസ്ഡ് കോൾ ജോണ്ടിയുടേത്.
മനസിൽ എന്തോ അപകടം മണത്തു. തിരികെ വിളിച്ചപ്പോൾ ജോണ്ടിയുടെ ഫോൺ ഔട്ട് ഓഫ് കവറേജ് ഏരിയാ

കാര്യം അരവിയോട് പറഞ്ഞു. എവിടെയോ ഒരു അപകടം മണത്തു.
തിരികെ പോയിട്ട് കാര്യമുണ്ടോ?
അരവി വണ്ടി എടുത്തു, കലൂർ സ്റ്റേഡിയം കഴിഞ്ഞപ്പോൾ മുതൽ പിന്നിൽ ഒരു വൈറ്റ് സ്ക്കോഡ ഫോളോ ചെയ്യുന്നതായി തോന്നി.

“അരവീ നമ്മളെ ആരോ ഫോളോ ചെയ്യുന്നുണ്ടോ എന്നൊരു സംശയം “

” ഉം….. ഞാനത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ സ്ക്കോഡ അത്താണി മുതൽ നമുക്ക് പിന്നിലുണ്ട്.”

“ഡാ ഏതേലും ഇടവഴി നോക്കി കയറ്റ് “

കലൂരിന്നു റൈറ്റ് കട്ട് ചെയ്ത് പൊറ്റക്കുഴി വഴിതിരിഞ്ഞു.സ്ക്കോഡയും പിന്നാലെ തന്നെ.
മെയിൻ റോഡ് വിട്ട് പോക്കറ്റ് റോഡ് തുടങ്ങി. പിന്നാലെ സ്ക്കോഡ ഇല്ല.
ഭാഗ്യം!
ഇടവഴി ഏതൊക്കെയോ കയറി ഞങ്ങൾ നാഷണൽ ഹൈവേയിൽ കയറി.

” സ്റ്റുഡിയോയിൽ നമുക്ക് പിന്നെ വരാം. ആദ്യം സാമുവേൽ സാറിനെ കാര്യം ധരിപ്പിക്കണം.”

അരവി പറഞ്ഞു.
ലെമെറാഡൂണിൽ എത്തുമ്പോൾ പാർട്ടി തുടങ്ങിയിരുന്നു.
പച്ച പട്ടുസാരിയിൽ ഗായത്രി ശിവറാം പാർട്ടിയുടെ കേന്ദ്ര ബിന്ദുവായി ജ്വലിച്ചു നിന്നു.

“എന്താണിത് വേദാ, പാർട്ടിക്കു വരുമ്പോഴെങ്കിലും ഡ്രെസ്സിന്റെ കാര്യത്തിൽ ഒന്നു ശ്രദ്ധിക്കണ്ടെ?”

ഒരമ്മയുടെ കരുതലോടെ പതിയെ ശാസനയായി അവർ ചോദിച്ചു.
ഞാനും അതേപ്പറ്റി അപ്പോഴാണ് ശ്രദ്ധിച്ചത്. ജോണ്ടിയുടെ കാൾ വന്നപ്പോൾ ഒരു പഴയ ജീൻസുമിട്ട് ഇറങ്ങുകയായിരുന്നു.
ഞാനതിനു മറുപടിയായി തല കുലുക്കി ഒന്നു ചിരിച്ചു.
അപ്പോഴാണ് സാമുവേൽസർ അവിടേക്ക് വന്നത്.

” ഹാ ഹാ വെൽകം മൈ ഏയ്ഞ്ചൽ വേദപരമേശ്വർ…….”

സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം എന്നെയും ശേഷം അരവിന്ദിനേയും ആലിംഗനം ചെയ്തു.

” ഇത്രയും ലേറ്റായപ്പോൾ ഞാനോർത്തു ഇനി താൻ ഉരുചുറ്റല് കഴിഞ്ഞെത്തിക്കാണില്ലാ എന്ന്. “

എതിരെ കൊണ്ടുവന്ന ഒരു ഓറഞ്ച് ജ്യൂസ് എടുത്ത് കൊണ്ട് ഞാൻ പറഞ്ഞു.

“ഞാൻ ഉച്ചകഴിഞ്ഞപ്പോഴെക്കും എത്തി സർ, അതിനിടയിൽ ഒരു വർക്കും കിട്ടി, പിന്നതിന്റെ പിന്നാലെയായി പോയി. “

“സീ മിസ്റ്റർ അരവിന്ദ് “

സാമുവേൽ സർ അരവിന്ദിനു നേരെ തിരിഞ്ഞു.

“ഇതാണ് മറ്റുള്ളവരിൽ നിന്നും വേദ പരമേശ്വറിനെ വ്യത്യസ്ഥയാക്കുന്നത്. പരമേശ്വറിന്റെ അതേ വീര്യം സ്വഭാവം.”

എതിരെ നടന്നു വരുന്ന ചെറുപ്പക്കാരനെ നല്ല പരിചയം തോന്നി.
അയാൾ സാമുവേൽ സാറിനു ഷേക്ക്ഹാന്റ് കൊടുക്കുമ്പോൾ ചെരിഞ്ഞ് എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.
മുഖം മുന്നേ എവിടെയോ കണ്ടതായി ഓർത്തെങ്കിലും എവിടെയെന്ന് മാത്രം വ്യക്തതയില്ല.
ചാനലിലെ ന്യൂസ് റീഡർ ചെൽസിസിറിയക്ക് വന്നു അയാളോട് കുശലം പറഞ്ഞപ്പോഴും അയാൾ എന്നെ തന്നെ ശ്രദ്ധിക്കുകയായിരുന്നു..

അരവിയുടെ ഫോൺ ശബ്ദിച്ചു അവൻ ഫോണുമായി പുറത്തോട്ട് പോയി.

“സാറിനോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.”
ഞാൻ സാമുവേൽ സാറിനോട് പറഞ്ഞു.

“കുഴപ്പാണോടോ “

” ഉം….. കുറച്ച് “

ഞാനും പറഞ്ഞു.
അപ്പോഴേക്കും തിടുക്കപ്പെട്ട് അരവിന്ദ് വന്നു.

“വേദ അർജ്ജന്റ് ഒരിടം വരെ പോകണം. സർ ഞങ്ങൾ പാർട്ടി തീരും മുന്നേ എത്താം Sure.വേദ കം പാസ്റ്റ് “

സാമുവേൽ സാറിന്റെ മറുപടിക്കു കാക്കാതെ ഞാനവന്റെ പിന്നാലെ നടന്നു.ചെറിയ കാര്യങ്ങൾക്കൊന്നും ടെൺഷനടിക്കാത്ത അവന്റെ പ്രകൃതം എനിക്ക് നന്നായറിയാവുന്നതാണ്. കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട്.

“എന്താ അരവി പ്രശ്നം?”

“ജോണ്ടിയായിരുന്നു വിളിച്ചത് ”
ബൈക്ക് സ്റ്റാർട്ട് ചെയ്ത് കൊണ്ടവൻ പറഞ്ഞു.

ജോണ്ടിക്കെന്തോ അപകടം പിണഞ്ഞിരിക്കുന്നു അതുറപ്പായി.
അകാരണമായ ഭയത്താൽ ഞാനിടയ്ക്കിടെ പിൻതിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.
ലുലു പാർക്കിംഗിൽ വണ്ടി പാർക്ക് ചെയ്ത് അവനൊപ്പം ഞാനെത്താൻ ഓടുകയായിരുന്നു.
സ്പാർക്കിയിലെ തിരക്കിൽ അരവിന്ദ് ആരെയോ തിരക്കി നടന്നു. ഒടുവിൽ ജോണ്ടിയെ ഞങ്ങൾ കണ്ടു.
അവനാകെ ഭയന്നു വിറച്ചിരിക്കയായിരുന്നു. ഞങ്ങളെ കണ്ടപാടെ അവൻ ഓടി വന്നു. എന്തേലും ചോദിക്കുന്നതിനു മുൻപേ അരവിന്ദ് അവനേയും കൂട്ടി നടന്നിരുന്നു. അവന്റെ കണ്ണുകൾ ചുറ്റിനും പരതുന്നുണ്ടായിരുന്നു.

താഴെ എത്തിയപ്പോൾ അരവിന്ദ് പറഞ്ഞു.
” ബൈക്ക് യാത്ര എന്തായാലും സേഫല്ല. നമുക്ക് പിന്നിൽ ആരോ ഉണ്ട്.ഞാൻ യൂബർ വിളിക്കാം.”

മൂന്ന് മിനിട്ടിനുള്ളിൽ യൂബർ വന്നു. എനിക്ക് ചോദിക്കാനും പറയാനും കുറേ ഉണ്ടായിരുന്നെങ്കിലും അപരിചിതനായ ഡ്രൈവറെ ഭയന്ന് മൂന്നു പേരും സംസാരിച്ചില്ല.
വിഷൻ മീഡിയായിലെ എന്റെ ക്യാബിനിൽ എത്തുംവരെ ആരും സംസാരിച്ചിരുന്നില്ല.
എന്റെ ക്ഷമ നശിച്ചിരുന്നു.

“എന്താ ജോണ്ടി ണ്ടായത്?”

“ചേച്ചിയാദ്യം ഇതെല്ലാം കോപ്പി ചെയ് .എന്റെ കൈയിലിത് സേഫല്ല.”

ക്യാമറയെടുത്തവൻ സിസ്റ്റത്തിനടുത്തു വെച്ചു.

“നിങ്ങളവിടുന്നു പോന്നതിന് ശേഷം ഞാൻ നേരെ പാർട്ടിക്ക് പോവാമെന്നോർത്തതായിരുന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ എനിക്ക് പിന്നിൽ ഒരു വൈറ്റ് സ്ക്കോഡ വന്നു. എത്ര സൈഡ് കൊടുത്തിട്ടും അത് കയറി പോയില്ല. എനിക്ക് എന്തോ പന്തികേട് തോന്നി. തൊട്ടടുത്ത ജംഗ്ഷനിൽ ഞാൻ വണ്ടിയൊതുക്കി അവിടെയൊരു കടയിൽ കയറി. സ്ക്കോഡ ജംഗ്ഷൻ കടന്നു പോയി.പിന്നീടെന്തോ ഒറ്റയ്ക്ക് വരാൻ ധൈര്യമില്ലായിരുന്നു. നിങ്ങളെ രണ്ടു പേരേയും വിളിച്ചുകൊണ്ടിരിക്കവെ ഫോണിലെ ചാർജ്ജും തീർന്നു.എന്നിൽ നിന്നും ആ റെക്കോർഡ്സ് നഷ്ടാവാതിരിക്കാൻ ഞാനൊരുപായം കണ്ടു. പിന്നീട് വന്ന കാറിനു കൈ കാണിച്ചു. അതൊരു തമിഴന്റെ വണ്ടിയായിരുന്നു. അവരുടെ കൂടെ ലുലുവിൽ എത്തി. കാറിൽ ഫോൺ ചാർജ്ജലിട്ടതിനാൽ വിളിക്കാൻ പറ്റി. “

” അതേ വൈറ്റ് സ്ക്കോഡ തന്നെയാവാം ഒരുപക്ഷേ നമ്മളേയും ഫോളോ ചെയ്തത്.”

അരവി പറഞ്ഞു.
ഞാനപ്പോഴേക്കും ഓഫീസ് സിസ്റ്റത്തിലും എന്റെ ഹാർഡ്ഡിസ്ക്കിലും കൂടാതെ അച്ഛന്റെ മെയിലിലേക്കും അവ സെന്റ് ചെയ്തു. പ്രധാനപ്പെട്ട എല്ലാ മെയിലുകളും ഞാൻ ഇതേ പോലേ അയക്കാറുണ്ട്.

“ആരായിരിക്കും ഇതിന് പിന്നിൽ? നമുക്കിത് പോലീസിനെ അറിയിച്ചാലോ?”
ജോണ്ടിയുടെ ചോദ്യം.

” അത് അബദ്ധമാണ്. “

“വണ്ടി നമ്പർ നോട്ട് ചെയ്താർന്നോ നീ? “

എന്ന എന്റെ ചോദ്യത്തിന്

” നമ്പർ ഓർത്തെടുക്കാൻ പറ്റുന്നില്ലെങ്കിലും അതൊരു കർണ്ണാടക റജിസ്ട്രേഷൻ വണ്ടിയാണ്.”

കൈയിലൊരു പൊതിയുമായി റിപ്പോർട്ടർ സാബു ചേട്ടൻ അവിടേക്ക് വന്നു.പൊതി എനിക്ക് നേരെ നീട്ടിയിട്ടവർ പറഞ്ഞു.

” കഴിഞ്ഞാഴ്ച്ച തനിക്ക് വന്ന പാർസലാ. താൻ ലീവായതിനാൽ ഞാനെന്റെ ക്യാബിനിൽ എടുത്തു വെച്ചു”