അജ്ഞാതന്‍റെ കത്ത് 8

അജ്ഞാതന്‍റെ കത്ത് 8
Ajnathante kathu Part 8 bY അഭ്യുദയകാംക്ഷി | Previous Parts

വാതിലിലെ മുട്ട് കൂടി കൂടി വന്നു.
രേഷ്മ ചുവരിലെ ഷെൽഫ് ചൂണ്ടി അവിടേക്ക് കയറി നിൽക്കാൻ ആഗ്യം കാണിച്ചു. ഞാൻ എന്റെ സ്പെക്സ് ഊരി ടേബിളിന്റെ മീതെ വെച്ചതിനു ശേഷം അവൾ കാണിച്ചു തന്ന അലമാരയ്ക്കുള്ളിലേക്ക് കയറി. ഞാൻ ഡോറടച്ചതിനു ശേഷമേ അവൾ വാതിൽ തുറന്നുള്ളൂ. അകത്തെന്തു സംഭവിക്കുന്നുവെന്ന് കാണാൻ കഴിയുന്നില്ല കൂറ്റാകൂറ്റിരുട്ട്.
ഡോർ തുറക്കുന്ന ശബ്ദം.

” വാതിൽ തുറക്കാനെന്താ വൈകിയത്?”

റോഷന്റെ ശബ്ദം.

” അത്…. ഞാൻ ടോയ്ലറ്റിലാരുന്നു.”

” നിന്റെ സാലറി ഇട്ടിട്ടുണ്ട്. പിന്നെ ഞാൻ മേഡത്തോട് നമ്മുടെ കാര്യം സംസാരിച്ചു കഴിഞ്ഞു.നിന്റെയും എന്റെയും വീട്ടിൽ മേഡം തന്നെ സംസാരിക്കാമെന്നും പറഞ്ഞിട്ടുണ്ട്.

അതിന് രേഷ്മയുടെ മറുപടിഇല്ല.

” രേഷ്മാ നിനക്കെന്താ ഒരു സന്തോഷമില്ലാത്തത്?”

“തലവേദനിക്കുന്നു റോഷൻ “

” നീ പോയി കുളിച്ചിട്ടു വാ ഞാൻ വെയ്റ്റ് ചെയ്യാം “

“ഇന്നു വയ്യ. എന്തായാലും കല്യാണക്കാര്യത്തിൽ ഒരു തീരുമാനമായല്ലോ? നാട്ടുകാരറിഞ്ഞു കെട്ടുമോ അതോ ഇതിനകത്തു വെച്ചോ? “

അവളുടെ ശബ്ദത്തിൽ പരിഹാസം നിറഞ്ഞിരുന്നു.

” രേഷ്മാ നീയെന്താ പറയുന്നത്?”

“റോഷൻ ഒരു കൂട്ട വിവാഹം നടത്തേണ്ടി വരുമല്ലോ?! എന്നെ മാത്രമല്ല അമലയേയും ടീനയേയും കൂടി വിവാഹം ചെയ്യുമോ?”

അവളുടെ ശബ്ദം ഉയർന്നു.

“ഓഹോ അപ്പോ അതാണ് കാര്യം….. ചെയ്തേക്കാം അതിനെന്താ?. അവളുമാർ കാര്യം പറഞ്ഞു അല്ലേ? നിങ്ങളുടെ മരണം വരെ ഈ മഠം വിട്ട് പോവാൻ കഴിയാത്ത സ്ഥിതിക്ക് മൂന്നു പേരേയും ഞാൻ തന്നെ വിവാഹം ചെയ്യുന്നതല്ലേ നല്ലത്”

അവന്റെ സ്വരം മാറിയിരുന്നു.

“പെണ്ണിന്റെ ബലഹീനത പ്രണയമാണെന്ന് തിരിച്ചറിഞ്ഞ് മുതലെടുക്കാൻ നാണമില്ലെ നിനക്ക്?”

മറുപടിക്കു പകരം ഒരു അടിയുടെ ശബ്ദം കേട്ടു.

“അതെടി എനിക്ക് നാണമിത്തിരി കുറവാണ്.അഹങ്കരിച്ചാൽ കൊന്നുകളയും. നിന്നെ മാത്രമല്ല എല്ലാറ്റിനേയും”

“കൊല്ലെടാ ഇതിലും ഭേതം അതാണ്. ചാവുന്നതിനു മുമ്പേ നീയാരാണെന്ന് ഞാൻ ലോകത്തെയറിയിക്കും. നീയിവിടെ നടത്തുന്ന പരീക്ഷണങ്ങളെ പറ്റിയും “

വീണ്ടും ഒരടി ശബ്ദവും അവൾ മറിഞ്ഞു വീണത് അലമാരയുടെ സൈഡിലേക്കായതിനാൽ ഞാൻ ഭയന്നു പോയി. എന്റെ ശക്തമായ ചുവരു പറ്റൽ കാരണമാകാം അലമാരയുടെ മറു ഭാഗം ഒരു ഡോറു പോലെ പതിയെ തുറന്നു.
കട്ടപിടിച്ച ഇരുട്ടിനോടു പെരുതി ഞാൻ സ്വയം കാഴ്ചയേകിയപ്പോൾ അത് ഓട്ടുരുളിയും പഴയ സാധനങ്ങളും കൂട്ടിയിട്ട മുറിയാണെന്നു ബോധ്യമായി. പാതി തുറന്നു ചാരിയിട്ട വാതിലുകൾ എനിക്കാശ്വാസമായി.

“നിന്നെക്കൊണ്ട് ഒരു ചുക്കും കഴിയില്ലെടീ. നീയീ മുറിവിട്ടിനി പുറത്തിറങ്ങിയാലല്ലേ എന്തും നടക്കൂ.അതിനി ഉണ്ടാവില്ല. നീയിവിടെ കിടന്നു കൂവിയാലും ഒരാളും വരില്ല.എന്നും രാത്രി നീ തന്നെയാ 8 മണിക്കൂർ ബോധംകെട്ടുറങ്ങാനുള്ള മരുന്ന് രോഗികൾക്ക് കൊടുക്കുന്നത്.ഈ വീട് ഇടിഞ്ഞു പൊളിഞ്ഞാലും 8 മണിക്കൂർ കഴിയാതെ അവർ അറിയില്ല.”

റോഷന്റെ ശബ്ദം കേൾക്കാം.

” രേഷ്മാ ഇനി നീ അറിയാതിരിക്കണ്ട ഞാനെന്താണിവിടെ ചെയ്യുന്നതെന്ന്.”

ഞാൻ ചെവി ചുവരിനോട് ചേർത്തുവെച്ചു

“ഏറ്റവും മാരകമായ ഹെറോയിനിൽ നിന്നും മനുഷ്യനെ ഭ്രാന്തനാക്കാൻ കഴിവുള്ള ഒരു മരുന്ന് വികസിപ്പിച്ചെടുക്കുകയാണ് ചെയ്തത്.ഒന്നര രണ്ട് മാസത്തെ തുടർച്ചയായ ഉപയോഗം മൂലം ഒരിക്കലും പഴയ അവസ്ഥയിലേക്ക് തിരിച്ചുവരാൻ കഴിയില്ല ആർക്കും. എന്റെ പ്രവർത്തനങ്ങളിൽ എതിരെ നിന്നവരെ എല്ലാം ഞാൻ തട്ടി മാറ്റിയിട്ടേയുള്ളൂ. ഇവിടുള്ള ഓരോ രോഗിയും എന്റെ പരീക്ഷണമൃഗങ്ങളാവാൻ പോവുകയാണ്.ഈ നീയടക്കം.ഹഹഹഹ”
അവൻ ഉറക്കെയുറക്കെചിരിച്ചു.

” ഇത് കൊണ്ട് നിന്റെ നാശമാണ് വരാൻ പോകുന്നത് അത് നീ ഓർത്തോ “

“നാശമല്ലെടീ നേട്ടം. ലോകം കണ്ട സമ്പന്നന്മാരിലേക്ക് ഈ ബിസിനസ് വഴി ഞാൻ ഉയരും. കൂടെ നിന്നാൽ നിനക്കായിരുന്നു നേട്ടം. എതിർത്തതിന്റെ പേരിൽ ഞാൻ ആദ്യം തീർത്തത് എന്റെ പിതാവിനെ തന്നെയാണ്.”

” ഇതു പോലെയുള്ള നേട്ടം എനിക്ക് വേണ്ട. നീയൊക്കെ മനുഷ്യ ജന്മം തന്നെയോ? ത്ഫൂ….”

ഞാൻ പതിയെ ഡോർ ലക്ഷ്യമാക്കി നടന്നു.പുറത്തു കടന്നു ഇരുവശത്തും കുഞ്ഞുകുഞ്ഞു മുറികൾ. അവയിൽ ഉള്ളവരെല്ലാം നല്ല മയക്കത്തിൽ.എങ്ങും എണ്ണയുടെയും പച്ചമരുന്നുകളുടേയും ഗന്ധം. വഴി കണ്ടെത്താൻ ഞാൻ പാടുപെട്ടു.കഴിഞ്ഞു പോയ മുറികൾക്കു മുമ്പിലൂടെ തന്നെ ഞാൻ വീണ്ടും വീണ്ടുമെത്തിയതെന്ന് അത്ഭുതത്തോടെ ഞാൻ മനസിലാക്കിയിരുന്നു.
ഭയം മനസിനെ ഗ്രസിച്ചു തുടങ്ങി. രേഷ്മയെ രക്ഷപ്പെടുത്തണമെങ്കിൽ അലോഷിക്കൊപ്പമെത്തണം. അവിടെത്താൻ കഴിഞ്ഞില്ലെങ്കിൽ എന്റെ മരണവും നടക്കും.
ഇടത്തോട്ടുള്ള വഴി ഇറങ്ങിയപ്പോൾ അത് കുറേയേറെ താഴേക്ക് പോയി. അവിടെ മൊത്തം വല്ലാത്ത വെളിച്ചമായിരുന്നു. സൈഡിലെ വലിയ ബൾബിൽ നിന്നും വിന്യസിച്ച വെളിച്ചത്തിൽ അതൊരു തുരങ്കമാണെന്നു തോന്നി. കെട്ടിക്കിടക്കുന്ന ചളിയുടേയും അഴുകിയ മാംസത്തിന്റേതും ഇടകലർന്ന ഗന്ധം.എനിക്കു മനംപിരട്ടി. പെടുന്നെനെ വെളിച്ചം അണഞ്ഞു. ഞാൻ ഇരുട്ടിൽ കുറച്ചു കൂടി മുന്നോട്ട് പോയി.തൊട്ടു മുന്നിൽ ആ വഴി അവസാനിച്ചതായി തോന്നി എന്റെ നീട്ടിപ്പിടിച്ച കൈകൾ ചുവരിൽ തട്ടി നിന്നു.. തണുപ്പ് കൂടിക്കൂടി വന്നു. കൈകൾ കൂട്ടിത്തിരുമ്മി ഞാൻ നടന്നു. ആരോ നടന്നു വരുന്ന ശബ്ദം പോലെ ഇരുട്ടിൽ ഒന്നും വ്യക്തമാവുന്നില്ല എവിടെയോ ഒരു പെണ്ണിന്റെ കരച്ചിൽ. അത് രേഷ്മയാവുമോ?ഞാൻ പിൻതിരിഞ്ഞപ്പോൾ എനിക്കു പിന്നിൽ ആരോ ഉള്ളതുപോലെ. കൈയെത്തിച്ചു ഞാൻ നോക്കിയപ്പോൾ ഇളം ചൂടുള്ള ഒരു പതുപതുപ്പ്. അത് ഷർട്ടിടത്ത ഒരു പുരുഷനാണെന്നു തിരിച്ചറിയും മുന്നേ ഞാനയാളുടെ കൈക്കുള്ളിൽ ഞെരിഞ്ഞമർന്നു. വായും മൂക്കും ഒരുമിച്ചു പൊത്തിയതിനാൽ എതിർക്കാനുള്ള ശക്തി കുറഞ്ഞു. പിടുത്തം വിട്ടു. ഞാൻ തറയിലേക്ക് വീണു. തല എന്തിലോ ശക്തിയായി ചെന്നിടിച്ചു. കണ്ണിനു മുന്നിൽ സ്വർണ നക്ഷത്രങ്ങൾ മിന്നി മാഞ്ഞു. അയാളുടെ ദേഹം എന്റെ ദേഹത്തേയ്ക്കമരാനുള്ള ശ്രമമാണെന്നു തിരിച്ചറിഞ്ഞു. വൃത്തികെട്ട മണമുള്ള അയാളുടെ വായ എന്റെ ചുണ്ടു ലക്ഷ്യം വെച്ചു താണു.

ഞാൻ മുഖം തിരിച്ചു.ഇരുളിലെവിടെയോ ഒരു പെണ്ണിന്റെ കരച്ചിൽ വീണ്ടും. അയാളുടെ ശ്രദ്ധ മാറി. വലതുകൈയിലെന്തോ തടഞ്ഞു.കല്ലിനു സമാനമായ മറ്റെന്തോ. ഒന്നും നോക്കിയില്ല ഒരൊറ്റയടി അത് വെച്ച് ആ തടിയന്റെ തല ലക്ഷ്യം വെച്ച്.അത് കൊണ്ടു. ഒരു വികൃത ശബ്ദമുണ്ടാക്കി അയാൾ തലപൊത്തി എഴുന്നേറ്റു. ആയൊരു ടൈം മതിയായിരുന്നു എനിക്ക്.
ഞാൻ എഴുന്നേറ്റ് ഓടി.എവിടെയൊക്കെയോ വീണു കാൽമുട്ടിന് വല്ലാത്ത വേദന. തല പൊട്ടിപ്പൊളിയുന്നതു പോലെ. എവിടെയോ പെൺകുട്ടികളുടെ കൂട്ടക്കരച്ചിൽ.ഒരു വെളിച്ചം കണ്ടു. എന്റെ കൈപ്പത്തിയാകെ ചോര.ഞാനത് നോക്കി ഓടി. അയാളെന്റെ പുറകിന് വരുമെന്ന ഭയം മാഞ്ഞു.

ആരുടെയോ സംസാരം കേൾക്കാം. എനിക്കിപ്പോൾ രേഷ്മയുടെ മുറിയുടെ വാതിൽ കാണാം. അവിടെ നിൽക്കുന്ന പെൺകുട്ടികളെ കാണാം. തുറന്നിട്ട വാതിൽ വിടവിലൂടെ പുറം തിരിഞ്ഞു നിൽക്കുന്ന അലോഷിയെ കാണാം.

” സർ പ്ലീസ്……”

പറഞ്ഞു വന്നത് ഞാൻ മുഴുവൻ പറഞ്ഞുവോ? കണ്ണിൽ ഇരുട്ടടിച്ചു കാലുകൾ കുഴഞ്ഞു.ശരീരം വെറുമൊരു പഞ്ഞിത്തുണ്ടു പോലെയായി. ആരൊക്കെയോ എന്റടുത്തേക്ക് ഓടി വരുന്നുണ്ട്.
മുകളിൽ കറങ്ങുന്ന ഫാനാണ് ആദ്യം കണ്ടത്.ചുറ്റിലും മുഖങ്ങൾ തെളിഞ്ഞു. അലോഷി പ്രശാന്ത് രേഷ്മ, പേരറിയാത്ത മൂന്നാല് പെൺകുട്ടികൾ.അവരെല്ലാവരും എന്റെ മുഖത്തേക്ക് ഉറ്റുനോക്കുകയാണ്. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു.

“താൻ കിടന്നോളൂ. “

‘അലോഷിയുടെ ശബ്ദം. ഞാൻ രേഷ്മയുടെ ബെഡിലാണ്. മുറിയിലെ ചെയറിൽ കൈകൾ ചേർത്ത് ബന്ധിപ്പിച്ച നിലയിൽ റോഷൻ ഉണ്ട്. ചുണ്ട് പൊട്ടി ചോരയൊലിക്കുന്നു.
സമയമെന്തായെന്നു ഞാൻ വാച്ചിൽ നോക്കി. 5.17. രേഷ്മ ഒരു ചെറുപുഞ്ചിരിയോടെ ബെഡിൽ വന്നിരുന്നു.

“നേരം പുലർന്നോ? “

ഞാൻ ചോദിച്ചു.

“പുലർന്ന് വരുന്നു”

അലോഷിയുടെ ശബ്ദം. പുറത്ത് ബൂട്ടുകളുടെ ശബ്ദം.

“സർ അവരെത്തി “

പ്രശാന്ത് പറഞ്ഞത് കേട്ട് അലോഷ്യസ് പുറത്തേക്ക് പോയി. ഉടനെ തന്നെ തിരികെ വന്നു.കൂടെ നാല് പോലുസുകാരുണ്ടായിരുന്നു. റോഷന്റെ കൈകൾ പിന്നിലേക്ക് ചേർത്ത് വിലങ്ങ് വെച്ചു.

“സർ പെൺകുട്ടികളോടും ഇറങ്ങാൻ പറയൂ.അവരേയും രോഗികളേയും കൊണ്ടുപോകാനുള്ള വാഹനം പുഴക്കക്കരെ നിൽപുണ്ട്.”

വന്നവരിലെ എസ്ഐ പറഞ്ഞു.
രേഷ്മയുടെ കൺകളിൽ സന്തോഷം. അത് മറ്റുള്ളവരിലേക്കും പടർന്നു.

“സർ “

ഞാൻ വിളിച്ചു. അലോഷിയും പോലീസുകാരും തിരിഞ്ഞു നോക്കി.

” താഴെ തുരങ്കത്തിൽ ഒരാളുണ്ട് “

” ആ തമിഴനെയല്ലേ തന്നെ ഉപദ്രവിച്ച?”

” ഉം “

” പിടിച്ചു. “

തുടർന്ന് കണ്ണിറുക്കി ചിരിച്ചു.
ഞാൻ പതിയെ എഴുന്നേറ്റു. നടക്കാൻ നല്ല പ്രയാസം തോന്നി. കാൽമുട്ടിനാണ് വേദന.മേശപ്പുറത്ത് വെച്ച കണ്ണാടിയെടുത്തു മുഖത്ത് വെച്ചു. രോഗികളെയാണ് ആദ്യം അക്കരെയെത്തിച്ചത് പിന്നീട് നഴ്സുമാരെ പിന്നെ റോഷനെയും തൊമ്മിയേയും കൊണ്ടിറങ്ങും മുന്നേ പോലീസ് മഠം പൂട്ടി സീൽ വെച്ചിരുന്നു.
തൂക്കുപാലം കയറുമ്പോൾ അലോഷിയുടെ കൈകൾ സഹായിച്ചു. എന്തൊക്കെയോ ചോദിച്ചറിയാനുണ്ടായിരുന്നു.എന്റെ മുഖഭാവം കണ്ടാവാം
തിരികെ കാറിലിരിക്കെ അലോഷിപറഞ്ഞു.

“വേദ വലിയൊരു റാക്കറ്റിലേക്കെത്താനുള്ള ആദ്യ കണ്ണിയാണ് അവൻ. അവനിലൂടെ വേണം പിടിച്ചു കയറാൻ .അവനാരാണെന്ന് അറിയാമോ നിനക്ക്?”

ഇല്ല എന്നർത്ഥത്തിൽ ഞാൻ തല ചലിപ്പിച്ചു.

” പള്ളിക്കൽ ഫിലിപ്പോസിന്റെ മകനാ”

“ഏത് എഴുത്തുകാരൻ….?!”

“അതെ. മൂന്നു മാസം മുന്നേ ഹൃദയാഘാതം വന്നു മരണപ്പെട്ട ഫിലിപ്പോസിന്റെ “

ഞാനുമായി ഒരിക്കലദ്ദേഹം ഒരഭിമുഖത്തിൽ സംസാരിക്കയുണ്ടായി.

“സർ ഫിലിപ്പോസിന്റേത് കൊലപാതകമാണോ?”

എന്നിലെ അന്വേഷി ഉണർന്നു.

“അല്ല ഹൃദയസ്തംഭനം”

തുടർന്ന് ഞാൻ രേഷ്മയുടെ മുറിയിൽ ഒളിച്ചിരുന്നു കേട്ട കാര്യങ്ങളെല്ലാം അലോഷിയോടു പറഞ്ഞു.

“നിന്നെ കാണാതായത് ഞാനറിയുന്നത് ഒരു പെണ്ണിന്റെ കരച്ചിൽ കേട്ടപ്പോഴാണ്. അകത്ത് നീയാണെന്നോർത്തിട്ടാണ് വാതിൽ ചവിട്ടിത്തുറന്നത്. ഞങ്ങളാ സമയം അവിടെത്തിയില്ലായിരുന്നെങ്കിൽ ആ പെൺകുട്ടി ഇപ്പോൾ ജീവനോടെ ഉണ്ടാവില്ലായിരുന്നു. കുറച്ചു നേരം അവനുമായി ഗുസ്തി പിടിക്കേണ്ടി വന്നുവെങ്കിലും. അവനെക്കൊണ്ടല്ലാം പറയിച്ചു.”

” പോലീസിലെങ്ങനെയറിയിച്ചു.?”

ഇവിടെ ബോഡർ ആയതിനാൽ കേരളാ പോലീസ് ആണോ എന്ന കാര്യത്തിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു. ലാന്റ് ഫോണിൽ നിന്നും സിഎം നെ വിളിച്ചു കാര്യം പറഞ്ഞു. ചാച്ചന്റെ പഴയൊരു കളിക്കൂട്ടുകാരനാണ് സി.എം.ന്യൂസ് ലീക്കാവാതിരിക്കാൻ ഞാൻ പ്രത്യേകം സുപാർശ ചെയ്തിട്ടുണ്ട്. ബാക്കി അവർ നോക്കിക്കോളും “

” ഇനിയിപ്പോ അടുത്ത സ്റ്റെപ്പ്?”

” തന്നെയേതെങ്കിലും ഒരു ഹോസ്പിറ്റലിൽ കാണിക്കണം”

ഞാൻ വെറുതെ ചിരിച്ചു.

” അത് കഴിഞ്ഞ് തുളസിയിലേക്ക്.എത്തിപ്പിടിക്കാൻ ആകെയുള്ളത് റോഷൻ തന്ന മൊബൈൽ നമ്പറാണ്.”

അതും പറഞ്ഞ് അലോഷി പോക്കറ്റിൽ നിന്നും ഫോണെടുത്ത് ഓൺ ചെയ്തു. ഞാനും അത് മറന്നിരിക്കയായിരുന്നു.

മുത്തങ്ങ സ്റ്റേഷനിൽ പോയതിന് ശേഷമാണ് ഞങ്ങൾ മടങ്ങിയത്. വഴിയിലൊരു തട്ടുകട കണ്ടതോടെ വിശപ്പ് കൂടി .

” പ്രശാന്ത് നമുക്കിവിടുതെന്തേലും കഴിക്കാം.”

ഞങ്ങളിറങ്ങി കപ്പയും കഞ്ഞിയും നല്ല കാന്താരി പൊടിച്ചതും കഴിഞ്ഞപ്പോൾ ക്ഷീണമൊക്കെ പറന്നു പോയി. അലോഷിയുടെ ഫോൺ ശബ്ദിച്ചു.

“ഹലോ ഷരവ്…”
………
“എപ്പോ ?”
…….
“ഉറപ്പാണല്ലോ അല്ലെ?”
…….
” റിട്ടേൺ എന്നാണ് ”
……..
“രണ്ടു പേരും ഉണ്ടോ?”
…….
“ഒകെ.താങ്ക്സ് “