അജ്ഞാതന്‍റെ കത്ത് 6

അജ്ഞാതന്‍റെ കത്ത് 6
Ajnathante kathu Part 6 bY അഭ്യുദയകാംക്ഷി | Previous Parts

ദേവദാസിന്റെ ഭ്രാന്തൻ ചിരിയിൽ
മുഖമടച്ചൊന്ന് കൊടുക്കാനാണ് തോന്നിയതെങ്കിലും ഞാൻ ക്ഷമ പാലിച്ചു. എത്ര ശ്രമിച്ചിട്ടും അയാൾ KT മെഡിക്കൽസിനെ കുറിച്ചൊന്നും പറഞ്ഞില്ല. അപ്പോഴെല്ലാം ഉറക്കെയുറക്കെ ചിരിച്ചു.അലോഷ്യസ് ക്യാമറ ഓഫ് ചെയ്യാൻ ആഗ്യം കാണിച്ചപ്പോൾ അരവി ഓഫ് ചെയ്തു.
അലോഷ്യസിന്റെ ഫോൺ ശബ്ദിച്ചു.
അയാളുടെ മുഖഭാവത്തിൽ നിന്നും മനസിലായത് മറുവശത്ത് നിന്നും വരുന്ന വാർത്ത കാര്യമായതെന്തോ ആണെന്ന്. കാൾ കട്ടായതും അലോഷ്യസിന്റെ കറങ്ങി തിരിഞ്ഞ ഒരടിയിൽ കസേരയോടൊപ്പം ദേവദാസ് തെറിച്ചു വീണു.
എന്നെപ്പോലെ തന്നെ മറ്റുള്ളവരും തരിച്ചു പോയി.

” നീയും അവന്മാരും ചേർന്ന് ഹിൽ പാലസിന്റെ മുന്നിൽ നിന്നും കടത്തിക്കൊണ്ടു ആ പെൺകുട്ടി ഏതാ? നീയവളെ കൊന്നോ?”

ദേവദാസിന്റെ ചിരി നിന്നു.

“എനിക്കറിയില്ല. ഞാനാരേയും കൊന്നിട്ടില്ല. ജോലി ചെയ്താൽ കൂലി തരും”

അവൻ മുരണ്ടു.മുഖമടച്ച് കിട്ടിയ അടിയിൽ ദേവദാസിന്റെ ചുണ്ടിലൂടെ ചോരയും ഉമിനീർ കൊഴുപ്പും ഒഴുകി. ആയൊരു ചെരുമാറ്റത്തിൽ അവൻ നോർമൽ അല്ലേ എന്നു പോലും ഞാൻ ചിന്തിച്ചു.

” പറയെട പന്ന &**……….* മോനെ അതേതാ പെൺകുട്ടി?”
അലോഷ്യസ് വിടാൻ ഭാവമില്ലായിരുന്നു.

” അത് നിങ്ങളന്വേഷിക്കുന്ന TK മെഡിക്കൽസിന്റെ ഉടമ തൗഹ ബിൻ പരീത് സാറിന്റെ മകളാണ്.”

അവൻ വീണ്ടും ഉറക്കെയുറക്കെചിരിച്ചു.

“ഇവന് പലതും അറിയാം. അടുത്ത നടപടികളിലേക്ക് പോകേണ്ടി വരും.”

കൂട്ടത്തിലൊരാളോട് പറഞ്ഞതിനു ശേഷം എന്നോടായി പറഞ്ഞു.

“വേദ ഇനി നിൽക്കണ്ട, നിങ്ങളെ രണ്ടുപേരേയും പ്രശാന്ത് വീടെത്തിക്കും.”

“സർ, ആ പെൺകുട്ടി.?”

” അത് തന്റെ വാട്ടർ ടാങ്കിൽ കണ്ട ബോഡിയാവാനാണ് ചാൻസ്. നാളെ ഐഡന്റി ഫൈ ചെയ്യാം.”

ഞാൻ പിന്നെയും ചില സംശയങ്ങളുമായി തഞ്ചി. അലോഷ്യസിന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി.
എന്റെ സംശയങ്ങൾ അദ്ദേഹത്തിനു മനസിലായെന്നു തോന്നി.

“നിന്നെ ഫോളോ ചെയ്ത കാറിനെ ഫോളോ ചെയ്ത് ഞങ്ങളല്ലാതെ മറ്റൊരു വാഹനം കൂടി ഉണ്ടായിരുന്നു. ഒരു ട്രാവലർ അത് തൃപ്പുണിത്തുറ മുതൽ അവർക്കു പിന്നാലെയുണ്ടായിരുന്നു. നിങ്ങൾ വയലിലേക്കിറങ്ങിയപ്പോൾ ട്രാവലറിൽ ഉണ്ടായിരുന്ന യഥാർത്ഥ കൊലപാതകിക്ക് ഇതൊരു ട്രാപ്പ് ആണെന്ന കാര്യം മനസിലായിക്കാണും. വൈറ്റ്സ്ക്കോഡ കത്തിച്ചത് ചിലപ്പോൾ മുന്നേഫിറ്റു ചെയ്ത ബോംബിനാലാവാം. അല്ലെങ്കിൽ വാഹനം കടന്നു പോകുമ്പോൾ എറിഞ്ഞതുമാകാം. കാറിൽ നിന്നും അവരാരും നിനക്കും പ്രശാന്തിനും അടുത്തെത്താതിരിക്കാനാണ് ആ അപകടം കൊലയാളി ക്രിയേറ്റ് ചെയ്തത്. . പക്ഷേ കാറിലിരുന്നവർ അതിനും മുന്നേ ഇറങ്ങിയിരുന്നു.എന്റെ കാഴ്ചശരിയാണെങ്കിൽ ആ ട്രാവലറിൽ ഒരു സ്ത്രീയാണുണ്ടായിരുന്നത്. “

“സർ നമുക്ക് മുരുകേശൻ വഴി ഒരന്വേക്ഷണം നടത്തിയാലോ?”

നിഷേധാർത്ഥത്തിൽ അലോഷ്യസ് തലയാട്ടി.

“അതിനി നടക്കില്ല.കാർ കത്തിയപ്പോൾ മരണപ്പെട്ടത് മുരുകേശനാണ്. മുരുകേശൻ പറഞ്ഞതനുസരിച്ചാണ് വേദയെ കാത്ത് സ്ക്കോഡയിലെ ഡ്രൈവർ സ്റ്റുഡിയോയുടെ മുൻപിൽ നിന്നത്. നീ കയറിയ ടാക്സിയെ അവർ പിന്തുടർന്നു വഴിക്ക് വെച്ച് മുരുകേശനും മൂന്നു പേരും കാറിൽ കയറി. നിന്നെ പിന്തുടർന്ന് പിടിക്കാനായിരുന്നു അവരുടെ പ്ലാൻ.
അത് നടന്നില്ല, എന്നു മാത്രമല്ല കൊലയാളിയുമായി ബന്ധപ്പെട്ട ഏക കണ്ണി മുരുകേശ് കൊല്ലപ്പെടുകയും ചെയ്തു.ആയതിനാൽ നമുക്കുള്ള ഏക കച്ചിത്തുരുമ്പ് ദേവദാസാണ്. താൻ സൂക്ഷിക്കണം കുറച്ചു കൂടി.ഒറ്റയ്ക്കുള്ള യാത്ര പൂർണമായും ഉപേക്ഷിക്കണം. എന്തെങ്കിലും വിവരമുണ്ടെങ്കിൽ അറിയിക്കാം. ശുഭരാത്രി. അവരെ 4 പേരേയും വിശദമായി ഒരിക്കൽക്കൂടി ചോദ്യം ചെയ്യണം. പിന്നെ നിയമത്തിനോ പുറം ലോകത്തിനോ ഇവരുടെ അറസ്റ്റിനെ പറ്റി അറിയില്ല”

സ്ക്കോഡയിൽ നിന്നും പിടിച്ച നാലു പേരെയോർത്താവാം അലോഷി പറഞ്ഞു. പിന്നീട് വലതുകൈയിലെ വാച്ചിന്റെ സ്ട്രാപ് ഊരിക്കൊണ്ട് അലോഷ്യസ് തിരിഞ്ഞു നടന്നു.
ഞങ്ങൾ ഇറങ്ങി.
ബോട്ടിലിരിക്കുമ്പോൾ ആരും ഒന്നും ശബ്ദിച്ചില്ല.

” എവിടെക്കാണ് പോവേണ്ടത്?” കാറിൽ കയറിയപ്പോൾ പ്രശാന്ത് ചോദിച്ചു.

” സ്റ്റുഡിയോയിൽ….. “

ഞാൻ പറഞ്ഞു.

” അരവിന്ദിനെയോ?”

“എന്നെ ഇടപ്പള്ളിയിൽ വിട്ടാൽ. മതി. ടു വീലർ അവിടെയാ.”

അരവിയെ ഇടപ്പള്ളിയിൽ വിട്ട് ഞങ്ങൾ തിരിച്ചു. എന്നെ സ്റ്റുഡിയോയിൽ വിട്ട് പ്രശാന്ത് മടങ്ങി.
രാത്രി സ്റ്റാഫുകൾ നന്നേ കുറവായിരിക്കും ഞാൻ നേരെ വാഷ് റൂമിൽ പോയി മുഖം കഴുകി കണ്ണാടിയിലെ പ്രതിഭിംബത്തിന് പ്രായമേറെയായതുപോലെ, കണ്ണുകൾക്കു ചുറ്റു കറുത്തവലയം ഉറക്കമില്ലായ്മ വിളിച്ചു പറഞ്ഞു.
തിരികെ ഗായത്രിയുടെ ഓഫീസ് മുറിയിൽ അവരുണ്ടായിരുന്നില്ല.
എതിരെ വരുന്ന സാബുവിനോട് ചോദിച്ചപ്പോൾ

” മേഡം നേരത്തെ വീട്ടിൽ പോയല്ലോ”

എന്ന മറുപടിയായിരുന്നു. എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. കാന്റീൻ പോയപ്പോൾ കാര്യമായൊന്നുമില്ലായിരുന്നു. ഒരു ഡബിൾ ഓംലറ്റും ഒരു സ്ട്രോംഗ് കട്ടനും കഴിച്ചു.
ഇന്ന് രാത്രി സ്റ്റാഫ് റൂമിൽ തങ്ങാമെന്തായാലും. മനസിലോർത്തു.

സ്റ്റാഫ് റൂമിലെ ചെറിയ സെറ്റിയിൽ ഞാൻ ചാരിക്കിടന്നു. മനസിലപ്പോൾ 2016 ഓഗ്സ്ത് 18ലേക്ക് നീങ്ങി. ഓഗസ്റ്റ് 3നാണ് ട്രക്ക് ഡ്രൈവർ അവിനാഷിന്റെ കൊലപാതകം. മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചു കൊക്കയിലേക്ക് മറിഞ്ഞ അവിനാഷിന്റെ പൊടി പോലും കിട്ടിയില്ല. പരസ്പര വിരുദ്ധമായി സംസാരിച്ച അവിനാഷിന്റെ ഭാര്യയെ അവിനാഷിന്റെ മരണത്തിന്റെ മൂന്നാം നാളു മുതൽ കാണാനില്ല.അവിനാഷിന്റെ മരണത്തെപ്പറ്റി പലതും അവൾക്കറിയാമെന്നറിയുന്ന ബോധത്താൽ ശത്രു വക വരുത്തിയതാകാം.അന്നത് വലിയ ഒച്ചപ്പാടുണ്ടാക്കിയ കേസായിരുന്നു.കോയമ്പത്തൂരിൽ നിന്നും ചരക്കുമായി വരുന്ന വഴിക്കായിരുന്നു അപകടം.മറ്റെ ട്രക്ക് ഡ്രൈവർ ഇപ്പോഴും ഒളിവിലാണ്.

കണ്ണിൽ ഉറക്കം നൃത്തംചവിട്ടിത്തുടങ്ങി.
എന്റെ ഫോൺ റിംഗ് ചെയ്തു.
നമ്പർ നോക്കാതെ ഞാൻ അറ്റന്റ് ചെയ്തു.

“വേദ കുര്യച്ചനും ഒരു പെണ്ണും ഹോട്ടൽ ഹിൽവ്യൂവിനായി പുതുതായി പണിയുന്ന ബിൽഡിംഗിൽ ഉണ്ട്. നീയും കൂടി വരാമോ?”

അരവിയുടെ ശബ്ദം.
ഇല്ലെന്നു പറഞ്ഞില്ല.

” വരാം”

” വേഗം വാ ഞാനിവിടെ ഗ്രൗണ്ടിലുണ്ട്.”

ഞാൻ എഴുന്നേറ്റു .കൂടെ വരാൻ ഒരാളു വേണം. അത്യാവശ്യമാണെന്ന് പറഞ്ഞപ്പോൾ ട്രയിനിംഗിലുള്ള അമൽ എന്ന പയ്യൻ റെഡി. അവന്റെ ബൈക്കിനു പിന്നിൽ ഞങ്ങൾ ആളൊഴിഞ്ഞ ഹിൽവ്യൂ ന്യൂബിൽഡിംഗി എത്തിയപ്പോൾ സമയം 1.17 am. കൂറ്റാക്കൂരിരുട്ടിൽ ഒരൊറ്റ ജീവിയില്ല ഞാൻ ഫോണെടുത്ത് അരവിയുടെ നമ്പർ ഡയൽ ചെയ്തു.നാലു ബെല്ലിനു ശേഷം അവൻ കോൾ എടുത്തു.

“ഹലോ “

ഉറക്കച്ചവടിൽ അവന്റെ ശബ്ദം

“നീയെവിടെ ഞാൻ ഹിൽവ്യൂയുടെ പുതിയതായി പണിയുന്ന ബിൽഡിംഗിനു മുമ്പിലുണ്ട്.”

” ഞാൻ വീട്ടിൽ… നീയെന്തിനാ അവിടെ പോയത്.?”

” നീയല്ലേ വിളിച്ചു ഇവിടെ വരാൻ പറഞ്ഞത്?”

“ഞാനോ? നിനക്കെന്താ വേദാ വട്ടായോ?”

അവന്റെ സ്വരം തീരും മുന്നേ ഇരുളിൽ രണ്ട് കണ്ണുകൾ തെളിഞ്ഞു. അതൊരു കാറിന്റെ ഹെഡ് ലൈയാറ്റാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ അമലിന്റെ ചെവിയിൽ പറഞ്ഞു.

” അമൽ വണ്ടി തിരിച്ചോ. എവിടെയോ ഒരു ചതിവ് പറ്റി. “

അമൽ വണ്ടിയെടുക്കുമ്പോഴേക്കും കാർ തൊട്ടടുത്തെത്തിയിരുന്നു. ബൈക്കിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു അതിൽ നിന്നും കറുത്ത സാരിയിൽ ചുവന്ന ബോഡറുള്ള സാരിയുടുത്ത ഒരു സ്ത്രീ ഇറങ്ങി വരുന്നത്. നെറ്റിയിൽ വലിയ ചുവന്ന പൊട്ട്, കൺമഷി നിറച്ചെഴുതിയ കൺകളിൽ കാന്ത രശ്മി ഒളിച്ചിരുന്നു. കാഴ്ചയിൽ ആറടി ഉയരമുള്ള ആ സ്ത്രീയെ മുമ്പെവിടെയും കണ്ടതായി ഓർക്കുന്നില്ല. ഒരിക്കൽ കണ്ടാൽ മറക്കാൻ കഴിയാത്ത മുഖം. ഒരു മാതിരി സർപ്പ സൗന്ദര്യം തന്നെ.

“വേദാ പരമേശ്വർ !”

ചില്ലുടയുന്ന ശബ്ദം പോലെ.

“ഞാൻ ശിവാനി ഋഷികേഷ്, അങ്കമാലിയിൽ ഷാക്യൂൺ ഫാൻസി നടത്തുന്നു.നിന്നെ ഇവിടെ വിളിച്ചു വരുത്തിയത് ഞാനാണ്. കുറച്ചു ഡോക്യുമെൻസ് നിനക്ക് എത്തിക്കണമെന്ന് തോന്നി.”

ഞാനെന്തെങ്കിലും പറയുന്നതിനു മുമ്പേ അവർ കാറിൽ നിന്നും ഒരു മഞ്ഞ ഫയൽ എടുത്തു .
” ഇതിൽ സീനയുടെ കൊലപാതകത്തിലേക്കുള്ള ചില സൂചനകളുണ്ട്. നീയീകേസിലേക്കെത്തിയ കാര്യം ഞാനിന്നാണ് അറിഞ്ഞത്. പകൽ നിന്നെ കുറിച്ചൊരു ന്യൂസ് വന്നിരുന്നു. നിനക്കെതിരെയുള്ള ആക്രമണം നടത്തിയത് കുര്യച്ചന്റെ ആളുകളാണെന്ന്.
എന്തായാലും സൂക്ഷിക്കുക. ഇന്ന് മരിച്ച പെൺകുട്ടിയെ തിരക്കി പോവാതിരിക്കുക.കാരണം അത് നിങ്ങൾക്കുള്ള ഇരയാണ്. അവരിലേക്ക് നിങ്ങളെ എത്തിക്കാൻ വേണ്ടി മാത്രം.
പിന്നെ ഞാനാരാണെന്ന് തിരക്കി വരരുത്. എന്റെ ഈ മുഖം പോലും
ഈ നിമിഷം മറക്കണം .ഒന്നോർക്കുക. ശത്രു വല്ല ഒരിക്കലും എന്നു വെച്ച് മിത്രമാണെന്നും കരുതരുത്.”

കൂർത്ത ചില്ലുകൾ തുളഞ്ഞിറങ്ങുന്നതു പോലെയുള്ള വാക്കുകൾ. ഞാൻ എന്തെങ്കിലും പറയും മുന്നേ അവർ തിരിഞ്ഞു നടന്നിരുന്നു.അഴിച്ചിട്ട കേശഭാരത്തിൽ പിൻഭാഗം മുഴുവൻ മറഞ്ഞിരുന്നു. കാർ ഞങ്ങളെ കടന്ന് മുന്നോട്ട് പോയെങ്കിലും ഞാൻ ശരിക്കും സ്തംഭിച്ചിരിക്കുകയായിരുന്നു. എന്റെ കണ്ണുകൾ നമ്പർ പ്ലേറ്റിലുടക്കി. ഞെട്ടിയതാണോ ഭയന്നതാണോ?
ആ നമ്പർ എന്റെ കാറിന്റെ നമ്പറായിരുന്നു.

” ചേച്ചീ….. “

അമലിന്റെ ശബ്ദം എന്നെ ബോധമണ്ഡലത്തിലെത്തിച്ചു.

” അമൽ തിരിച്ചു പോകാം”
ഞാനവന്റെ തോളിൽ തട്ടി. അവൻ തിരിക്കും മുന്നേ ഫോൺ റിംഗ് ചെയ്തു.അരവിന്ദാണ്. ഞാൻ കോൾ അറ്റന്റ് ചെയ്തു.

“വേദാ…. “

അവന്റെ ശബ്ദം കാതിൽ

” അരവീ കുഴപ്പമൊന്നുമില്ല. ഞങ്ങൾ തിരിച്ചു സ്റ്റുഡിയോയിലേക്ക് പോവുകയാ. ബാക്കി രാവിലെ പറയാം”

ഫോൺ കട്ട് ചെയ്തു.ഈ ഫയലിൽ എന്താവും?
എത്രയും വേഗം അതിനകത്തെന്താണെന്നറിയണം മനസിലെ ക്ഷമകെട്ടു തുടങ്ങിയിരിക്കുന്നു.
ഓഫീസ് റൂമിലെത്തി ഞാൻ ഫയലുകൾ തുറന്നു.ഓരോ ഫയലുകളും നമ്പറടിസ്ഥാനത്തിൽ വേർതിരിച്ചിരുന്നു. മൊത്തം 13 ഫയലുകൾ.
1) ആദ്യ ഫയലിൽ ഇങ്ങനെ എഴുതിയിരുന്നു.
ശബ്ദമില്ലാത്ത മരണമാണ്. അളവുകൾ പ്രധാനം. സ്ലോ പോയ്സൺ മരണം വൈകിക്കുന്നു.
പിന്നെ കുറേ രാസനാമങ്ങളും അപരിചിതമായ മറ്റേതോ ഭാഷയിൽ എഴുതിച്ചേർത്ത കുറേയേറെ കാര്യങ്ങൾ.
രണ്ടാമത്തെതു് വായിച്ചു.
ക്രിഷ്ണപ്രിയ വസുദേവിന്റെ തിരോധാനത്തെക്കുറിച്ച് മാതൃഭൂമി സപ്ലിമെന്റിൽ വന്ന വൺ പേജ് ഫീച്ചർ ഈ കേസ് നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഞാനന്ന് ജേർണലിസം പഠിക്കുകയായിരുന്നു.
നഴ്സിംഗ് വിദ്യാർത്ഥിയായ കൃഷ്ണപ്രിയ വസുദേവ് ക്ലാസ് മുറിയിൽ തലകറങ്ങി വീഴുകയും ഒരാഴ്ച കഴിഞ്ഞിട്ടും എത്ര ശ്രമിച്ചിട്ടും ബോധം തിരിച്ചു വന്നില്ലാ എന്ന് മാത്രമല്ല ബോധക്ഷയത്തിനു കാരണം എന്താണെന്ന് തെളിയിക്കാൻ വൈദ്യശാസ്ത്രത്തിന് പോലും കഴിഞ്ഞിരുന്നില്ല. ബോധം പോയതിന്റെ ഏഴാം നാൾ മുതൽ കൃഷ്ണയെ .ഐസിയുവിൽ നിന്നും കാണാതായി. അന്ന് ആശുപത്രിക്കെതിരെ മാസങ്ങളോളം കോലാഹലങ്ങളുണ്ടായിരുന്നു.
അവയവ മാഫിയ വളർന്നു പന്തലിച്ചതിനാൽ ആ വഴിയും അന്വേഷണം നടത്തിയിരുന്നു.
പിന്നെ പുതിയ പുതിയ വിഷയങ്ങൾ കിട്ടിയതോടെ മാധ്യമങ്ങൾ അവയ്ക്ക് പിന്നാലെയായി.

നാലാമത്തെ ഫയൽ തോട്ടുമുക്കത്തെ ഒരു മയക്കു മരുന്ന് മാഫിയയെ പറ്റിയുള്ള വിവരങ്ങളാണ്. സ്ക്കൂളുകളെ ചുറ്റിപ്പറ്റി നടത്തിയ മയക്കുമരുന്ന് വിൽപനയിൽ പിടിക്കപ്പെട്ടവരെ കുറിച്ച്.
അഞ്ചാമത്തേത്. അർജ്ജുൻ കേശവൻ, 17 വയസുള്ളപ്പോൾ നിരന്തരമായ മയക്കുമരുന്നിന്റെ ഉപയോഗത്തിൽ സമനില തെറ്റിയ ഒരു പയ്യൻ.
ഓവർഡോസ് മെഡിസിൻ ശരീരത്തിലെത്തിയതിനാൽ മരണമാണെന്ന് വൈദ്യലോകം വിധിയെഴുതി. പോസ്റ്റ്മോർട്ടം ടേബിളിൽ വെച്ച് അപ്രത്യക്ഷമായ അർജ്ജുനന്റെ ഡെഡ് ബോഡിയെ പറ്റി ആശുപത്രി തകർത്ത സംഭവം ഓർത്തെടുത്തു ഞാൻ.
ആറാമത്തെ ഫയൽ ചെറുതുരുത്തിയിലെ രണ്ട് സ്ക്കൂൾ കുട്ടികളുടെ തിരോധാനത്തെ പറ്റിയാണ്.5 ഉം ഏഴും വയസുള്ള രണ്ട് ആൺകുട്ടികൾ വീടിനടുത്തുള്ള കളിസ്ഥലത്ത് ആടിനെ തീറ്റിക്കുകയായിരുന്നപ്പോൾ കാണാതാവുകയാണ് ഉണ്ടായത്.ദിവസങ്ങൾക്കുള്ളിൽ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ദു:ഖത്തിൽ അവരുടെ മാതാപിതാക്കൾ ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
ഏഴാമത്തെ ഫയൽ ഓപൺ ചെയ്യാനിരുന്നപ്പോഴാണ് ടോയ്ലറ്റിന്റെ ഭാഗത്തു നിന്നും ഒരു പെൺകുട്ടിയുടെ കരച്ചിലു കേട്ടത്. എന്തായാലും സ്റ്റാഫ് കുറവായിരുന്നതിനാലും ജിജ്ഞാസയിലും ഞാനും ഇറങ്ങിയോടി. അടച്ചിട്ട ടോയ്‌ലറ്റിനു പുറത്തെ ടൈൽസിൽ ചോരപ്പുകൾ കണ്ടതോടെ തൊട്ടടുത്തെത്തിയ അപകടം ഞാൻ തിരിച്ചറിഞ്ഞു.