കണ്ണീർമഴ

കണ്ണീർമഴ 1-14
Kannir Mazha Part 1 to 14
Author : അജ്ഞാത എഴുത്തുകാരി

അമ്മിക്കുട്ടീടെ മോളിൽ കേറി ഇരിക്കല്ലെ മോളേ….! അമ്മായി ഉമ്മേടെ നെഞ്ച് കല്ലായിത്തീരും… ” ഉമ്മാമ എന്നോട് സ്ഥിരം പറയുന്ന ഡയലോഗ്. എന്നാൽ എനിക്കും ശാഹിക്കാക്കും അതിന്റെ മോളിലിരുന്ന് ഭക്ഷണം കഴിച്ചാലേ വയറ് നിറയൂ .അതിലിരിക്കുന്ന സുഖം ഒന്ന് വേറെ തന്നെ….. ചെറിയാത്ത തേങ്ങ ചുരണ്ടുമ്പോൾ അതീന്ന് കുറച്ചെടുത്ത് വായിൽ കുത്തിക്കേറ്റി ഓടുന്നതും എന്റെ ഹരമാണ്. “ന്റെ ,റബ്ബേ ! ഈ പെണ്ണ് തേങ്ങാ മുയുമനും തിന്നു തീർക്കാ…. ഇന്നെക്കൊണ്ടു പറ്റൂലാ ബാക്കി ചൊരണ്ടാൻ. ചെറീത്താടെ കൊര കേട്ട് നിസ്കാര പായയിൽ കാലു നീട്ടി ഇരുന്ന് തസ്ബീഹ് ഉരവിടുന്ന ഉമ്മാമാന്റെ അടുത്ത നയം വരും.” ന്റെ, ശാദിക്കുട്ടിയേ…. ഉമ്മാമാടെ മോള് ഇങ്ങനെ തേങ്ങ ബാരിത്തിന്നാല് അന്റെ നിക്കാഹിന് പെരുത്ത് മയപെയ്യൂ ട്ടോ… “ഇതൊക്കെ പഴമക്കാരുടെ പെരുമ എന്ന മട്ടിലായിരിക്കും ഞാൻ .കല്ല്യാണപ്പെണ്ണായിച്ച മഞ്ഞിരിക്കുമ്പോൾ പുറത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും എന്റെ മനസ്സിൽ തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു. മൊഞ്ചത്തിപ്പെണ്ണിന്റെ മനസ്സിലെ വർണ്ണമഴ. കല്ല്യാണം കഴിഞ്ഞാണ് ഉമ്മാമ പറഞ്ഞ മഴ പെയ്തത്.അതെന്റെ കണ്ണിലാണെന്ന് മാത്രം.നല്ല ചൂടുള്ള മഴ .
ഇനി ഞാനെന്നെ പരിചയപ്പെടുത്താം. ശാദിയ ശഹബാസ്. കാണാൻ ഞാൻ സുന്ദരിയാട്ടോ…. സുന്ദരീന്ന് വെച്ചാൽ കവികൾ വർണ്ണിക്കുമ്പോലെ തുടുത്ത കവിളും ചുവന്ന അധരവും, അങ്ങനെയൊന്നുമല്ലാട്ടോ. അത്യാവശ്യം.അത് കൊണ്ട് തന്നെ പത്താം ക്ലാസ് കഴിഞ്ഞ് പoനം നിർത്തേണ്ടി വന്നു. പൂവാലശല്യം. കുറച്ച് കണിശക്കുടുoബമായത് കൊണ്ട് വാശി പിടിക്കാനും നിന്നില്ല. എന്നെക്കുറിച്ച് പറഞ്ഞ് ബോറടിപ്പിക്കുന്നില്ല. കൂടുതൽ സാഹിത്യം കലർത്തി പറയുന്നുമില്ല. ഇനി വീട്ടുകാരെ പരിചയപ്പെടാം. ഉമ്മ ഷരീഫ. ഷുഗറും കൊളസ്ട്രോളും ഒക്കെയുണ്ട്. ഉപ്പ….. ഉപ്പാനെ കുറിച്ച് പറയുമ്പോൾ ഞാൻ കരയും .ആക്സിഡന്റായിരുന്നു’ മസ്തിഷ്ക മരണം. അന്ന് മുതൽ ഉമ്മ ഒരു രോഗിയായി.ഓർമ വെച്ച നാളു മുതൽ ഉപ്പ ഗൾഫിലായിരുന്നു. നല്ല കമ്പനിപ്പണി. വർഷത്തിൽ ഒരു മാസം ലീവ്.നാട്ടിൽ വന്നാൽ മൊത്തം കറക്കാണ്.വീട്ടിൽ നിൽക്കാറേ ഇല്ല., ഉപ്പാടെ തറവാട്ടിൽ പോയി വന്ന് ഞങ്ങളെ വീട്ടിലാക്കി ഇപ്പം വരാന്ന് പറഞ്ഞ് പോയതാ. പിന്നെ ഞാൻ ഉപ്പാനെ കാണുന്നത് ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ്. ബാക്കി ……?? പിന്നെ എനിക്കുള്ളത് ഷാഹിദ് ഇക്കാക്ക.ഗൾഫില് ഉപ്പാന്റെ കമ്പനിയിലാ ഇപ്പൊ ഇക്കാക്ക.കുടുംബം കരകേറ്റാൻ ചെറുപ്രായത്തിലെ പ്രവാസിയായി. കല്യാണം കഴിഞ്ഞു. അമാന എന്നാ അമ്മായിടെ പേര്. ഒരു മോനുണ്ട്. മിറാഷ് .ഞാനിട്ട പേരാണ്.അർത്ഥമൊന്നും നോക്കീല്ല. അമ്മു ന് [സ്നേഹത്തോടെ അമാനായെ ഞാൻ അമ്മൂന്നാ വിളിക്കുന്നത്.] പ്രഗ്നന്റ് റിസൾട്ട് കിട്ടിയത് മുതൽ ഞാൻ ഉറപ്പിച്ചതാ, പെണ്ണാണേൽ മിർഷ എന്നും ആണെങ്കിൽ മിറാഷെന്നും.ഷാഹിക്ക എതിർത്തൊന്നും പറഞ്ഞില്ലെന്ന് മാത്രമല്ല അമ്മു എന്നെ സപ്പോർട്ടും ചെയ്തു. അവർ രണ്ടു പേരുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്സ് .പിന്നെയുള്ളത് ഒരനിയൻ’ ഷാനിദ്.ആറാം ക്ലാസിൽ പഠിക്കുന്നു. അവന് ഞാൻ റാണി ത്തയാണ്. ഒറ്റ മോളായത് കൊണ്ട് ഒരു റാണിയെ പോലെയാ എല്ലാരും എന്നെ വളർത്തിയത്.കുഞ്ഞുനാളിൽ ഉപ്പ എന്നെ എന്റെ റാണി എവിടെ എന്ന് ചോദിക്കും പോലും, അങ്ങനെ ഞാൻ റാണിയായി.ഇതാണ് എന്റെ കുടുoബം ‘അമ്മുനെ അമ്മായി ആയി കിട്ടിയത് കൊണ്ട് നല്ല രീതിയിൽ കുടുംബം മുന്നോട്ട് പോയി.പെരുന്നാളിനൊക്കെ എളേമമാരും മറ്റും അയ്യായിരവും ആറായിരവും കൊടുത്ത് ഡ്രസ്സ് എടുക്കുമ്പോൾ അമ്മു അഞ്ഞൂറ റുനൂറിൽ ഡ്രസ്സൊതുക്കും. ഞാൻ നല്ലതന്നെ വാങ്ങിക്കണമെന്ന് ഷാഹിക്ക വിളിച്ചു പറയും. എങ്കിലും ചെറിയ വിലയുടെ ഡ്രസ്സേ ഞാനും എടുക്കാറുള്ളൂ. ഉമ്മാന്റെ ചികിത്സ, അനിയന്റെ പoനം, എന്റെ കാര്യം, വീട്ടു ചിലവ്, അങ്ങനെ ഓരോ കാര്യത്തിനും ഷാഹിക്ക തന്നെ വേണ്ടേ. അത് കൊണ്ട് ഞാനും അനിയനും ഒന്നിനും വാശി പിടിക്കാറില്ല. ഉമ്മാടെയും ഉപ്പാടെയും നല്ല സ്നേഹമുള്ള ആൾക്കാറാണ്. അത്യാവശ്യം അവരും എന്തെങ്കിലും തരും.. നല്ലപോലെ കിട്ടണമെങ്കിൽ റമളാൻ ആവണമെന്ന് മാത്രം.

കാറ്റിൽ പറത്തിയ കടലാസ് പോലെ ദിവസങ്ങൾ ആഴ്ചകളും മാസങ്ങളും വർഷങ്ങളുമായി കടന്ന് പോയി. എനിക്ക് 17 വയസ്സ് തികഞ്ഞു. ഒരു പാട് പ്രൊപ്പോസിൽ വന്നെങ്കിലും ഷാഹിക്കാക്ക് ഒന്നും ഇഷ്ടപ്പെട്ടില്ല. എന്റെ റാണിക്ക് നല്ലൊരു രാജകുമാരൻ വരണം. എങ്കിലേ ഞാൻ നിന്നെ കെട്ടിക്കൂ. വിളിച്ചാലൊക്കെ ഷാഹിക്കാക്കുള്ള സ്ഥിരം പല്ലവിയാണിത്. ഉപ്പാന്റെ ചങ്ങായി സൈദാലിക്ക ഒരു ആലോചനയും കൊണ്ടുവന്നു.ഇക്കാക്കാനോ ട് പറഞ്ഞപ്പോൾ അവനും പെരുത്ത് ഇഷ്ടായി.ചെക്കൻ ഗൾഫിലാണ് .പത്ത് ദിവസായി നാട്ടിൽ വന്നിട്ട് .പെട്ടെന്ന് കല്യാണം നടത്തണം. രണ്ട് മാസമേ ലീവുള്ളൂ. ശരിക്കും എല്ലാ ഡീറ്റേൽസൂം അറിഞ്ഞ് ഷാനിക്ക പറന്നെത്തി. ഒരു പാട് ഇടവേളക്ക് ശേഷം വീണ്ടും സന്തോഷത്തിന്റെ നാളുകൾ.
ഒരാഴ്ചയ്ക്കുള്ളിൽ പെണ്ണ് കാണാൻ വരും. ഡ്രസ്സ് എടുക്കലും ബന്ധുക്കളെ ക്ഷണിക്കലും ആകെയൊരുബഹളം തന്നെ.ദിവസം എത്ര പെട്ടെന്നാ കടന്ന് പോയത്. നാളെയാണ് എന്നെക്കാണാൻ ആളു വരുന്നത്. എനിക്ക് വല്ലാതൊരു നാണം തോന്നി.”ഷാഹിക്കാടെ റാണിക്ക് നാളെ കൂട്ടിന് ആളു വരുമല്ലോ….. ഇതും പറഞ്ഞ് ഷാഹിക്ക പുറത്തേക്ക് പോയി.

ഉറക്കമെണീറ്റ ഉടനെ ബ്രഷുമായി പുറത്തേക്ക് പോയി.ഷാഹിക്ക ഇരു കൈയിലും ഇറച്ചിക്കെട്ടുമായി പാചക്കാരുടെ അടുത്തേക്ക് ധൃതിയിൽ പോകുന്നുണ്ട്. കിച്ചണിൽ അമ്മായിമാരുടെയും എളേമമാരുടെയും ചിരിയും ബഹളവും. ഉപ്പ മരിച്ച ശേഷം ആദ്യമായിട്ടാണ് കുടുംബക്കാർ ഇത്ര സന്തോഷത്തോടെ ഒത്തുകൂടുന്നത്. ഞാൻ ക്ലോക്കിലേക്ക് നോക്കി. സമയം പത്തര കഴിഞ്ഞു.സുബിഹ് നിസ്കാരം കഴിഞ്ഞ് കിടന്നതാണ്. അറിയാതെ ഉറങ്ങിപ്പോയി. പതിവില്ലാത്തതാണ്. ഉപ്പയുള്ള കാലം തൊട്ടെ സുബഹിക്ക് ശേഷം ആരും കിടക്കാറില്ല. പടച്ചോൻ റിസ്ഖിറക്കുന്ന സമയമാണത്രെ. ഇന്നിപ്പൊ, ഇത്ര നല്ല ദിവസമായിട്ട്…… അമ്മുവും കിടക്കാറില്ല. സുബഹിക്ക് എല്ലാരെയും വിളിച്ചുണർത്തുന്നത് അമ്മുവാണ്.ശ്ശൊ, ഞാനിങ്ങനെ കയറി എവിടെയാ പോണത്. അല്ലെങ്കിലും ഉപ്പാന്റെ ഓർമ്മ മനസ്സിൽ തട്ടുമ്പോൾ ഞാനിങ്ങനെയാ…. ” ന്റെ റാണി ഇതുവരെ ഒരുങ്ങിയില്ലെ …..” ഷാഹിക്കാടെ പെട്ടെന്നുള്ള ചോദ്യം …. ഒരു മാത്ര ഞാൻ ഷാഹിക്കാനെ നോക്കി, മുഖമാകെ വിളറിയിരിക്കുന്നു. കണ്ണ് കണ്ടാലറിയാം രണ്ടു മൂന്ന് ദിവസമായി ശരിക്കൊന്നുറങ്ങിയിട്ടെന്ന്. പാവം എന്റെ ഇക്ക.ഞാൻ കുളിച്ച് ഫ്രഷായി വന്നു.” ശാദീ, പെട്ടെന്ന് വാ! അമ്മുവാണ്. എന്നെ ഒരുക്കം കൂട്ടാൻ വിളിക്കുകയാ…..” അമാനാ….! കൂടുതൽ മേക്കപ്പൊന്നും വേണ്ടാ ട്ടോ….! പുറത്തീന്ന് ഷാഹിക്കയാണ്. “ഇല്ല ഇക്കാ. പൗഡർ മാത്രേ ഉള്ളൂ…. ” അമ്മു ചിരിച്ചു കൊണ്ട് മറുപടി നൽകി. ചുരിദാറായിരുന്നു എന്റെ വേഷം.എൻഗേജ്മെന്റിന് ഇടാൻ പറ്റിയ മോഡൽ. ചോളിയും ലാച്ചയൊക്കെ ഇട്ട് ഒരുങ്ങുന്നതിനോട് ഉമ്മയും ഷാഹിക്കയും എതിരാണ്. ഒരുക്കം കഴിഞ്ഞ് ഞാൻ ഷാഹിക്കാടെ അടുത്തേക്കോടി’ ഷാഹിക്ക ടാബിളും കസേരയും സെറ്റാക്കുന്ന തിരക്കിലാ.” ഷാഹിക്കാ, റാണി മോൾ എങ്ങനെ എന്ന് നോക്കിയേ.” “ന്റെ മോൾ ചുന്ദരി ആയിരിക്കണല്ലോ” മോള് കണ്ണാടി നോക്കിയേ, എന്റെ കണ്ണാടി തന്നെയാ എന്റെ ഷാഹിക്ക.ഞാൻ തമാശ രൂപത്തിൽ പറഞ്ഞു.ഷാഹിക്ക എന്നെ കെട്ടിപിടിച്ചു. ഞാൻ ആകെ വല്ലാണ്ടായി. ഇക്കാക്കേടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.” “ആങ്ങളേയും പെങ്ങളും കൂടി കൊഞ്ചുവാണോ ” പിന്നിൽ നിന്ന് ഉമ്മയാണ്. ഉപ്പാന്റെ ആളൊക്കെ വന്നിട്ടുണ്ട്. ശാദീ, മോള് ചെല്ല്. ഉമ്മ എന്നെ അവരെ സ്വീകരിക്കാനയച്ചു. ഉപ്പാന്റെ അനുജൻമാരെ ഭാര്യമാരും ഒരു പെങ്ങളുംതലേ ദിവസം തന്നെ എത്തിയിരുന്നു. മറ്റൊരുരു പെങ്ങളും മക്കളും മരുമക്കളൊക്കെ ആയിരുന്നു അവർ.
എല്ലാവരോടും ചിരിച്ച് കളിച്ച് ഓരോന്ന് പറഞ്ഞ് നടക്കുന്നുണ്ടെങ്കിലും മനസ്സിൽ വല്ലാത്ത ടെൻഷനായിരുന്നു. ആണും പെണ്ണും പത്തമ്പത് പേരെങ്കിലും കാണുമെന്നാ പറയണകേട്ടത്..ചെക്കനെ ഞാനാദ്യായിട്ടാ കാണുന്നത് പരസ്പരം ഫോട്ടോ മാത്രമേ കണ്ടിട്ടുള്ളൂ. പേരു മാത്രമറിയാം. റഫീൽറാഷിദ്.സ്കൂളിൽ SSLC എക്സാമിന് ഒരു ദിവസം അരമണിക്കൂർ ലൈറ്റായാണ് എത്തിയത്.അതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ ടെൻഷൻ.ഇതിപ്പോ അതിന്റെ ഇരട്ടിയാണ്. എവിടെയും ഇരിപ്പുറക്കുന്നില്ല. തൊണ്ട വരളും പോലെ.” ശാദീ ,എന്ത് പറ്റി. “ആകെയൊരു വല്ലായ്മ ” അമ്മു ന്റെ ചോദ്യത്തിന് വിളറിയ ചിരി ചിരിച്ച് ഞാൻ ഉത്തരം അതിലൊതുക്കി.” ശാദീ …… ശാദുട്ടി …”[ആൾക്കാരെ മുന്നീന്ന് ഇക്കാക്ക എന്നെ റാണീന്ന് വിളിക്കാറില്ല.] പെങ്ങളോടുള്ള സ്നേഹത്തിൽ കണ്ണു തട്ടുമെത്ര ] “ന്താ ഇക്ക., ആ….. മോളേ! അവരെ കാണുമ്പോൾ മോൾ എഴുന്നേറ്റ് നിക്കണം. അവരിങ്ങെത്തി.ഇതും പറഞ്ഞു ഇക്കാക്ക പോയി.
ടെൻഷൻ കൂടി കൂടി വന്നു. അറയിലിരുന്നു ഞാനാകെ വിയർത്തു. പെട്ടെന്ന് അറയിലേക്ക് രണ്ട് സ്ത്രീകൾ കടന്നു വന്നു. ഒരാളുടെ മുഖം അൽപം ഗൗരവത്തിലാണ്.മറ്റേ സ്ത്രീയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ട്. “പടച്ചോനേ. ഇതിൽ ഏതായിരിക്കും അമ്മായി ഉമ്മ.ഗൗരവമുള്ളതാവോ?അന്ന് ആ അമ്മിക്കല്ലിൽ ഇരിക്കേണ്ടിയിരുന്നില്ല. …….ഉമ്മാമാ…… അറിയാതെ ഞാൻ വിളിച്ചു പോയി.

ചെറിത്താടെ പിറകിൽ ഒന്നിനൊന്നായി സ്ത്രീകൾ വരാൻ തുടങ്ങി. ഇതു വരെ എങ്ങും കണ്ടിട്ടില്ലാത്ത പുതുമുഖങ്ങൾ.ഷാഹിക്ക പറഞ്ഞ പോലെ ഞാൻ മുൻപേ എഴുന്നേറ്റിരിന്നു.” എല്ലാരും പന്തലിലോട്ട് പോര്.” ഉപ്പാന്റെ മൂത്ത പെങ്ങൾ ജമീലാത്ത വന്നു പറഞ്ഞു. അവരെയും കൂട്ടി പുറത്തേക്ക് പോയി. അതിലൊരാൾ എന്റെ കൈ പിടിച്ചു, ചെവിയിൽ മന്ത്രിച്ചു. “ഞാൻ രണ്ടാമത്തെ നാത്തൂനാ ….. പേര് റാഹില! എന്നു ചെവിയിൽ മന്ത്രിച്ച്, എന്നെയും വലിച്ച് നടന്നു.
മുറ്റത്തെ പന്തലിൽ നിരത്തി വെച്ച ടാബിളിനു ചുറ്റും എല്ലാവരും ഇരുന്നിട്ടുണ്ട്. അമ്പത് പേരെന്ന് പറഞ്ഞിട്ട്, ഇതിപ്പൊ ഒരെഴുപത്തഞ്ചിൽ കുറയില്ല. ചെറിയ പന്തൽ മതീന്ന് എളേപ്പമാരൊക്കെ പറഞ്ഞപ്പൊ ഷാഹിക്കാന്റെ നിർബന്ധമാണ് വലുതെന്നെ വേണം ന്ന്. കുട്ടികളൊക്കെ ആകുമ്പോൾ ആളുണ്ടാകുമെന്ന് ഷാഹിക്ക കണക്ക് കൂട്ടിയിരുന്നു കാണും. ന്റെ ഷാഹിക്കാ നമിച്ചു……
ഭക്ഷണം കഴിച്ച് രണ്ടു മൂന്ന് പേർ എന്നെ അറയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അമ്മുന്റെ അറയിലാണ്.ഷാഹിക്ക ആദ്യേ പറഞ്ഞിരുന്നു.പുതിയ ഷീറ്റൊക്കെ പിരിച്ച് കിടക്കയൊക്കെ ഭംഗിയാക്കാൻ .അമ്മു തന്നെയാ അവരെ അറയിലേക്ക് ആനയിച്ചും
അങ്ങണ ഒരു വിധം എന്തൊക്കെയോ കോപ്രായം കാട്ടി അവരെന്നെ ഒരുക്കി.ലാച്ചയായിരുന്നു വേഷം. അതണിഞ്ഞ് ഷാഹിക്കാടെയും ഉമ്മാടെയും മുഖം നോക്കാൻ എനിക്ക് പറ്റിയില്ല. തിരക്കിനിടയിൽ അങ്ങോട്ടിങ്ങോട്ട് ഓടുമ്പോഴും എന്റെ ഇക്കാക്കാടെ കണ്ണ് എന്റെ നേരെയായിരുന്നു.
കുറച്ച് മുമ്പ് പെങ്ങളെന്ന് പരിചയപ്പെട്ടുത്തിയ പെണ്ണ് ഒരു ചെക്കന്റെ കൈയ്യും പിടിച്ച് അറയിലേക്ക് വന്നു..” റാഷിയാപ്പ വന്നേ….! അവരെ കൂടെ വന്ന ഒരു പെൺകുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു. ഞാൻ ഒളികണ്ണിട്ട് അവരെ നോക്കി. സുബ്ഹാനള്ളാ ……. ഒരു നിമിഷം ഞാൻ അന്ധാളിച്ചു പോയി…

എന്റെ മുന്നിൽ നിൽക്കുന്നത് മറ്റൊരു ഷാഹിക്ക.ഇത് എന്നെ കാണാൻ വന്ന പയ്യനാണോന്ന് പോലും ഞാൻ സംശയിച്ചു.അത്രയ്ക്കും സാമ്യമുണ്ടായിരുന്നു ഷാഹിക്കയുമായി റാഷിക്കാടെ രൂപം.ഷാഹിക്കാനെ പിരിയേണ്ടി വരുമ്പോൾ പടച്ചോൻ എനിക്ക് സമ്മാനിച്ച മറ്റൊരു നിധി.അൽഹംദുലില്ലാഹ്. റാഷിക്ക എന്റെ അടുത്ത് വന്നു. എന്നെ നോക്കി ജസ്റ്റ് ഒന്നു ചിരിച്ചു. ആ ചിരിയിൽ തന്നെ എന്നെ ഇഷ്ടപ്പെട്ടെന്ന് ഞാൻ ഊഹിച്ചു. “റാഷീ ….. പെണ്ണിന്റടുത്തീന്ന് ഒന്ന് മാറിനിക്കടാ !ഇനി അന്റെ പെണ്ണന്യാഓള് ,ആരും കൊണ്ടോവൂല.” കൂട്ടത്തിൽ മുതിർന്ന സ്ത്രീ പറഞ്ഞു.ചെക്കനെ കണ്ടു. പകുതി സമാധാനമായി. ഇനി അടുത്തത് ഉമ്മ. ആരും ഉമ്മയെ പരിചയപ്പെടുത്തിത്തന്നില്ല. ഞാൻ ചുറ്റും കണ്ണോടിച്ചു. “ഒരുക്കം കൈഞ്ഞില്ലേടീ, റാ ഹീ…. ആ മാല ഇങ്ങെട്ക്ക്.”ആ സംസാരത്തിൽ നിന്നു തന്നെ എനിക്ക് ആളെ മനസ്സിലായീ. റാഷിക്കാടെ ഉമ്മ.ഒരു അമ്പത്തഞ്ച് വയസ്സ് തോന്നിക്കും. വെളുത്ത മുഖം. ചെറിയ തോതിൽ പുഞ്ചിരിയുണ്ട്. പിന്നെ ഞാൻ നോക്കിയത് അവരുടെ നെഞ്ചിലേക്കാണ്. പടച്ചോനേ! അത് കല്ലായിരിക്കുമോ?ആണെങ്കിൽ അതിനെ നീ മഞ്ഞാക്കണമേ… വീണ്ടും ഞാൻ ഉമ്മുമാനേം അമ്മിക്കല്ലും ഓർത്തു. ഉമ്മ അടുത്ത് വന്ന് എനിക്ക് മാല അണിയിച്ചു.പിന്നെ ഫോട്ടോയ്ക്കായുള്ള പോസിംഗ്…………..
അങ്ങനെ വിശാലമായ ഒരു പെണ്ണുകാണൽ ചടങ്ങ് സമാപിച്ചു.അന്ന് രാത്രി ജമീലാത്ത മാത്രമാണ് ബന്ധുവായി വീട്ടിലുണ്ടായിരുന്നത്. ബാക്കിയെല്ലാവരും സ്കൂളിന്റെയും മദ്‌റസയുടെയും പേര് പറഞ്ഞു തടി തപ്പി. ഒരു കണക്കിന് അത് നന്നായി. അല്ലെങ്കിൽ അമ്മൂന് രാത്രിയും പണി കിട്ടിയേനേ.
ഞാൻ പോയി കിടന്നു.
“ശാദീ ….., ദാ ഇക്കാക്ക വിളിക്കണു. [രാവിലത്തെ ചമയവും ലാച്ച പൊറുത്തുള്ള നടത്തവും എന്നെ വല്ലാതെ തളർത്തിയിരുന്നു.]ഉമ്മാന്റെ വിളിയാണ്.ഇക്കാക്കാക്ക് എന്തേലും പറയാനുണ്ടാവും.” ഇതും പറഞ്ഞ് ഉമ്മ ജമീലാ ത്താൻറടുത്ത് പോയി. ഞാൻ ഇക്കാക്കാന്റെ റൂമിലേക്ക് നടന്നു.അമ്മു ഷീറ്റൊക്കെ തട്ടിക്കുടയുന്നു. മിർഷു മോൻ താഴെ കിടന്ന് ഉറങ്ങുന്നു.ഇക്കാക്ക കണക്ക് പുസ്തകത്തിൽ എന്തൊക്കെയോ കുറിച്ചിടുന്നു. എന്നെ കണ്ടതും പുസ്തകം മടക്കി വെച്ച് ഒന്ന് പുഞ്ചിരിച്ചു. “ന്റെ റാണി മോള് ഇങ്ങടുത്ത് വാ, ഇക്കാക്ക കട്ടിലിലിരുന്ന് എന്നെ വിളിച്ചു. ഞാനും കട്ടിലിനടുത്തിരുന്നു. ഞാനും ഇക്കാക്കായും സംസാരം തുടങ്ങുമ്പോ അമ്മു അവിടന്ന് അപ്പുറത്തേക്ക് പോയി..പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം എന്ന മട്ടിൽ.ഈ അമ്മു അങ്ങനെയാ ആരെന്തേലും പറയുന്നുണ്ടെങ്കിൽ അവിടെ നിക്കൂലാ. ആ സ്വഭാവം ഷാഹിക്കാക്ക് വല്ല്യ ഇഷ്ടാണ്. എനിക്കും.ഷാഹിക്ക എന്നോട് എന്ത് പറഞ്ഞാലും ഞാനത് അമ്മൂന്റടുത്ത് പറയും. ഞാൻ കാരണം അമ്മൂനൊരു വിഷമമാവാൻ പാടില്ലല്ലോ. ഇനി എത്ര ചോര ആയാലും കെട്ടിയോൻ ബാക്കിയുള്ളോരോട് ഒരിത്തിരി അധികം സ്നേഹം കാണിച്ചാൽ അത് ഏത് പെണ്ണുംസഹിക്കില്ലത്രെ ശരിയാണോന്ന് എനിക്കറിയില്ല. ഒരു പുസ്തകത്തിൽ വായിച്ചതാ… ഓ …..!അതൊക്കെ വിട്ട് കള.ഞാൻ പറഞ്ഞു വന്നത് ഇക്ക വിളിച്ച കാര്യം ………എന്റെ കൈയ്യിൽ ചെറിയൊരു പൊതിവെച്ച് ഷാഹിക്ക പറഞ്ഞു. “ഇത് അനക്ക് തരാൻ റാഷി ന്നെ ഏൽപിച്ചതാ…. ഓന്റെ പൊരക്കാർ അറിയണ്ടാന്നും പറഞ്ഞു. മൊബൈലാണത്രെ. അത്ര നിർബന്ധമാണേൽ ഞാൻ വാങ്ങിക്കൊടുക്കാം ന്ന് ഞാൻ പറഞ്ഞതാ. ഓൻ കേട്ടില്ല. മൊബൈൽ കിട്ടീന്ന് കരുതി ന്റെ മോള് കൂടുതൽ നേരം ബർത്താനൊന്നും പറയണ്ടാ.നിക്കാഹ് കൈയ്യാണ്ട് അതൊന്നും അത്ര നല്ലതല്ല.പിന്നെ പുലരോളം ഇതും കുത്തിപ്പിടിച്ച് നിന്നാൽ ന്റെ റാണിടെ മൊഞ്ചൊക്കെ പോകും. അത് ഇക്കാക്ക് സഹിക്കൂ ലാ …..

“മൊബൈലിന്റെ കവർ പൊട്ടിച്ച് സിo അതിലിട്ട് യൂസ് ചെയ്യേണ്ട രീതിയും ഇക്ക പറഞ്ഞു തന്നു ” അതും വാങ്ങി ഞാനെന്റെ റൂമിലേക്ക് ചെന്നു. വീട്ടുകാർ അറിയണ്ടാന്ന് പറഞ്ഞതെന്തിനായിരിക്കും. അതെന്നെ വല്ലാണ്ട് അലട്ടി.ഫോൺ കട്ടിലിൽ വെച്ച് ബാത്ത് റൂമിൽ പോയി വുളു ഉണ്ടാക്കി രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ചു. എന്നിട്ട് പൊട്ടിക്കരഞ്ഞു പോയി. എന്തിനാന്നറിയോ. ശാഹിക്കാനെ എന്റെ ഇക്കയായി റബ്ബ് തന്നതിന്.എന്റുപ്പാനെ നേരത്തെ കൊണ്ടു പോയെങ്കിലും ഇതുപോലൊരു പൊന്നിക്കാനെതന്നില്ലെ എനിക്ക്. അതിന് ഞാൻ അവനോടല്ലാതെ മറ്റാരോടാ നന്ദി പറയേണ്ടത്.
രാവിലെ അമ്മുവന്ന് വിളിച്ചപ്പോഴാണെണീറ്റത്.കരഞ്ഞു തളർന്ന് നിസ്കാരപ്പായയിൽ തന്നെ ഉറങ്ങിപ്പോയിരുന്നു.സുബഹ് നിസ്കാരവും കഴിഞ്ഞ് വാതിലടച്ച് വെറുതെ ഒന്ന് ഫോൺ നോക്കി.
മൈ ജാൻ എന്ന് സൈവ് ചെയ്തിരിക്കുന്ന നമ്പറിൽ നിന്നും 17 മിസ്സ്ഡ് കോൾ. ഞാനാകെ വല്ലാണ്ടായി. റാഷിക്ക എന്ത് വിചാരിച്ച് കാണും. പടച്ചോനേ….. ചിന്തയ്ക്ക് തീപിടിച്ചെരിയുമ്പോൾ കൈയ്യിലിരുന്ന മൊബൈൽ ശബ്ദിച്ചു.അൽപം ഭയത്തോടെ ഞാൻ അറ്റന്റ് ചെയ്തു.
“ഹ …. ഹലോ …..”:-
ഹലോ..അസ്സലാമു അലൈക്കും…..
വ അലൈക്കുമുസ്സലാം. “എന്താ ശാദീ ഫോണെടുക്കാതിരുന്നെ….. പ്രതീക്ഷിച്ച അതേ ചോദ്യം. “അത് ഞാൻ ഉറങ്ങിപ്പോയി… ”
താൻ നല്ലയാളാ….. ഞാൻ കരുതി താനെന്റെ ഫോണിന് വേണ്ടി കാത്തിരിക്കുന്നുണ്ടാകുമെന്ന് ” .ചമ്മലോടെ ഞാൻ ചിരിക്കാൻ ശ്രമിച്ചു .” അപ്പോഴാണ് ആരോ കതകിന് മുട്ടിയത്. ഞാൻ കോൾ കട്ട് ചെയ്തു.വാതിൽ തുറന്നു.

വീടും കഴിഞ്ഞ് ഒരഞ്ചു |മിനുറ്റ് നടന്ന തേ ഉള്ളു.ഇക്ക എന്റെ കൈയ്യിൽ പിടിച്ചു തന്നെയുണ്ട്. ഓരോ ചവിട്ടടി വെക്കുമ്പോഴും എന്റെ ഹൃദയം പടപടാ ന്ന് മിടിക്കാൻ തുടങ്ങി. റബ്ബേ ! ഞാൻ പഠിച്ച മദ്രസയുടെ മുറ്റത്തെത്തി. ഇക്കാക്ക് ഇവിടെ എന്താണാവോ കാര്യം. മദ്ര സേന്ന് പഠിപ്പ് അവസാനിപ്പിച്ച് തന്നെ വർഷം ഏഴായി. അന്ന് പഠിപ്പിച്ച ഉസ്താദുമാരൊക്കെ സ്ഥലം മാറിപ്പോയി.പിന്നെ… എന്തിനാ ഇങ്ങോട്ട്.. മദ്റസേ ടെ ഫ്രണ്ടിലായാണ് പള്ളി. ഇക്ക മദ്സേടെ പിന്നിൽകൂടി പള്ളിയുടെ സൈഡ് വശത്തേക്ക് എന്നെ കൊണ്ടുപോയി. അവിടെ വിശാലമായ ഖബർസ്ഥാനി. എന്റെ കണ്ണിൽ ഇരുട്ട് കയറണ പോലെ തോന്നി.ഞാൻ ഇക്കാന്റെ കൈ മുറുകെ പിടിച്ചു.ഇക്ക എന്നെ ചേർത്തു പിടിച്ചു. ഒരു പാട് ഖബറിനിടയിൽ എന്റെ ഉപ്പാന്റെ ഖബർ .ശരീരം ആകെ വിയർത്തു. ഞങ്ങളാ ഖബറിനരികിലെത്തി. ഇക്ക എന്നെ പിടിവിട്ടിട്ടില്ല. ഞാൻ തല ഉയർത്തി ഇക്കാനെ നോക്കി. ഇക്കഇരു കണ്ണും മുറുകെ അടച്ചിരിക്കുന്നു.ആ കണ്ണിൽ നിന്ന് രണ്ടിറ്റു കണ്ണുനീർ തുള്ളിഎന്റെ കവിളിൽ പതിഞ്ഞു. ഒരു യാസീൻ ഓതി ദുആ ചെയ്ത് ഞാനൽപം മാറി നിന്നു.ഇക്ക ഇരു കൈ കൊണ്ടു മുഖമർത്തി അവിടെ തന്നെ നിന്നു. ഒരു വലിയ ദൗത്യം ഏൽപിച്ചല്ലേ ഉപ്പ പോയത്. ആ ദൗത്യം നാളെ പൂർത്തിയാക്കും അതിനു ന്റുപ്പാനെറ് പൊരുത്തം വേണം. ഇതൊക്കെയാവും എന്റെ പൊന്നിക്കാക്ക ഉപ്പാന്റടുത്ത് പറയുന്നുണ്ടാവുക. എന്നാലും ഒരു സന്തോഷം വരുമ്പോ ഈ റാണി മോള് ഉപ്പാനെ മറന്നല്ലോ. പണ്ടേ മനസ്സിൽ കണക്ക് കൂട്ടിവെച്ചതാ. എന്ത് സന്തോഷം വരുമ്പോഴും ഈ ഖബറിനരികിൽ വരണമെന്ന് .എന്നിട്ടിപ്പൊ ജീവിതത്തിലെ പ്രധാനമായ ഒരു കാര്യം വന്നിട്ടുപോലും …… “മോളേ! പോകാം. ഇക്ക വീണ്ടും എന്റെ കൈ പിടിച്ച് നടന്നു.വീടെത്തുംവരെ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല. വീട്ടിലെല്ലാവരും ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ജമീലാ ത്താക്കും മറ്റും അറിയായിരുന്നു, സിയാറത്തിന് പോയുള്ള വരവാണെന്ന്. അത് കൊണ്ട് തന്നെ ആരും ഒന്നും ചോദിക്കാനും നിന്നില്ല. എല്ലാരും ഓർത്തുവെച്ചു. മോളായ ഞാൻ മാത്രം, എന്റുപ്പാനെ………
മഗ് രിബ് ബാങ്ക് കൊടുക്കുമ്പോൾ തന്നെ വീട്ടു മുറ്റത്ത് ട്യൂബ് ലൈറ്റുകൾ മിന്നി.കൂട്ടുകാരെയൊന്നും ഞാൻ അധികമായി വിളിച്ചിട്ടില്ല. വന്ന കൂട്ടുകാരികളോട് ഓരോരാന്ന് പറഞ്ഞ് സമയം പോയതറിഞ്ഞില്ല. രാത്രി പരിപാടി കഴിഞ്ഞപ്പോഴേക്കും മണി പന്ത്രണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ ഞാൻ കണി കണ്ടത് ഷാഹിക്കാനെയാ.ധൃതിയിൽ തോർത്തുമെടുത്ത് കുളിക്കാനായി ഓടുന്നു.പത്ത് മണിക്കാണ് നിക്കാഹ് .ആളുകൾ വരാൻ തുടങ്ങി. റാഷിക്കാടെ വീട്ടീന്നാ നിക്കാഹ് .ഷാഹിക്ക കുളി കഴിഞ്ഞ് വെള്ള ഫുൾസ്ലീവ് ഷർട്ടും വെള്ള തുണിയുടുത്ത് ഉമ്മാക്ക് അരികിൽ ചെന്നു.ഉമ്മ ഇക്കാനെ കെട്ടിപിടിച്ചു രണ്ടു പേരുംപൊട്ടി കരഞ്ഞു.ഉമ്മാമയും ജമീലാത്തയും എല്ലാരും അവരെ പിടിച്ചു മാറ്റി. കുളി കഴിഞ്ഞ് ഞാൻ വാതിൽപടിയിൽ ചാരിനിൽക്കുന്നുണ്ടായിരുന്നു.ഇക്ക എന്റെ അരികിലേക്ക് വന്നു. എന്റെ മൂർദ്ധാവിൽ അമർത്തിയൊരു മുത്തം തന്ന് എല്ലാവരോടും സലാം പറഞ്ഞ് ഇക്ക ഇറങ്ങി..അമ്മുടെ അറയുടെ ഒരു മൂലയിലിരുന്ന് ജമീലാ ത്താവും അനിയത്തി സഫിയാത്തായും കരയുന്നുണ്ട്. ഉപ്പാനെ ഓർത്തായിരിക്കും. ഇരുപത്തി ഏഴാം വയസ്സിൽ ഒരു വലിയ കർമ്മത്തിന് സാക്ഷിയാവാനാ എന്റെ ഷാഹിക്ക പോയിരിക്കണത്.
ഉച്ച ആയപ്പോഴേക്കും ജനസാഗരം കൊണ്ട് പന്തൽ നിറഞ്ഞു. ചമഞ്ഞിരുന്ന എന്റെ അരികിലേക്ക് ഓരോരുത്തരായി വന്നു തുടങ്ങി. എല്ലാവരോടും പരിചയഭാവത്തിൽ ഞാൻ പുഞ്ചിരിച്ചു.മൂന്ന് മണി ആയപ്പോഴേക്കും മണവാളനം കൂട്ടരുമെത്തി.അവരുടെ ബഹളം കഴിഞ്ഞതിനു പിന്നാലെ ചമയച്ചരക്കുമായി മഹിളകളും.
റാഷിക്കാടെ വീട്ടുകാർ എന്നെ ചമയിച്ചു കൂടുതൽ മൊഞ്ചത്തിയാക്കി. ഇനി ബാക്കിയുള്ളത് യാത്ര പറഞ്ഞിറങ്ങേണ്ട ആ വലിയ ചടങ്ങ്. റാഹില എന്റെ കൈയിൽ പിടിച്ച് ഉമ്മാന്റെ അരികിലേക്ക് കൊണ്ടുപോയി. എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. പോയി വരാം എന്ന് പറയാൻ തുടങ്ങുമ്പോഴേക്കും ഉമ്മ എന്നെകെട്ടിപിടിച്ചു കരയാൻ തുടങ്ങി. പിടിച്ചു മാറ്റാൻ അപ്പോഴേക്കും ജമീലാത്ത എത്തി.Sവൽ കൊണ്ടു മുഖം തുടച്ചു. എന്റെ കണ്ണുകൾ അവിടെ കൂടിയിരുന്നവരിലേക്കായി. മൂത്താക്കാ എളേപ്പമാർ അമ്മായി അമ്മു,ഉമ്മാമ ചെറീത്ത അങ്ങനെ എല്ലാരും എന്റെ ചുറ്റിലുണ്ട്. എല്ലാരെ കണ്ണിലും നനവുണ്ട്. എങ്കിൽ ഞാൻ പരതുന്നത് എന്റെ …

എന്റെ പൊന്നിക്കാനെയാ….. എവിടെപ്പോയി. “ഇറങ്ങാം…..’ റാഷിക്ക ഇടയിൽ വന്നു പറഞ്ഞു. ഊം……റാഹില മൂളി. “ഞാൻ….. എനിക്ക് …….ഇക്ക എനിക്കെന്റെ ……ഷാഹിക്കാനെകാണണം. ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു.” അള്ളോ! അത് ശരിയാണല്ലോ… ഈ നേരത്ത് ഓനിതെബ്ടെപോയി. “ചെറിയാപ്പ നെടുവീർപ്പെട്ടു. മുറ്റത്ത് പന്തലിന്ന് അമ്മു ഷാഹിക്കാനേം കൂട്ടി വന്നു.ഷാഹിക്ക എന്നെ നോക്കി .ആ ചുണ്ടുകൾ വിറയലോടെ പല വാക്കുകളും പായാൻ കൊതിച്ച് അടക്കിപ്പിടിക്കുന്നുണ്ടായിരുന്നു.എന്റെ തലയിൽ കൈ വെച്ച് ഷാഹിക്ക അനുഗ്രഹിച്ചു. “പെങ്ങൾ യാത്രയാവുന്നത് കാണാൻ പറ്റാത്തോണ്ട് മാറി നിന്നതാല്ലേ.”കൂടി നിന്നവരിൽ ആരോ പറഞ്ഞു.ഷാഹിക്ക ചിരിക്കാൻ ശ്രമിച്ചെങ്കിലും ആശ്രമം പരാജയപ്പെട്ടു.എന്നെ ചേർത്തു പിടിച്ചു ഇക്ക പൊട്ടിക്കരഞ്ഞു. എനിക്കും പിടിച്ച് നിൽക്കാൻ പറ്റിയില്ല. ഞാനൽപം ശബ്ദത്തോടെ തന്നെ കരഞ്ഞു.റാഹില ഇക്കാന്റെ നെഞ്ചിൽ നിന്നും എന്നെ അടർത്തിമാറ്റി. “ന്നാ പിന്നെ ഞങ്ങൾ പോയി വരാം.” എന്നും പറഞ്ഞ് എന്റെ വീടിന്റെ പടി വിട്ടിറങ്ങി. എനിക്കൊന്ന് പിന്നിലോട്ട് തിരിഞ്ഞു നോക്കണം ന്നുണ്ടായിരുന്നു.. എന്തോ! അതിന് കഴിഞ്ഞില്ല. ഞാനും റാഷിക്കായും റാഹി ലാ യും പിന്നെ എനിക്കറിയാത്ത മൂന്ന് പേരും റോഡ് സൈഡിൽ നിർത്തിവെച്ച കാറിൽ കയറി. ഞങ്ങളെയും വഹിച്ച് ആ കാർ യാത്രയായി. എന്റെ പുതിയ ജീവിതത്തിലെക്കുള്ള തുടക്ക യാത്ര…….

പതിനഞ്ചു മിനുട്ടിനുള്ളിൽ കാർ ഷാഹിക്കാന്റെ ……. ന്റെ റബ്ബേ…. സോറിട്ടോ….. എന്ത് പറയുമ്പോഴും ഷാഹിക്കാടെ പേരാനാവിൽ തുമ്പിൽ വരുന്നത്. ചെറുപ്പത്തിലേ ഉപ്പാ എന്ന് വിളിക്കുന്നതിന് പകരം ഷാഹിക്കാന്നല്ലെ വിളിച്ചത് .അത് കൊണ്ടാട്ടോ…… അപ്പൊ, കാർ …… റാഷിക്കാടെ വീട്ടുമുറ്റത്തെത്തി. ഡോറ് തുറന്ന് ഓരോരുത്തരായി പുറത്തിറങ്ങി.ഞാനിറങ്ങുമ്പോൾ റാഷിക്കാടെ ഉമ്മ വന്ന് എന്നെയും കൂട്ടി അകത്തേക്ക് നടന്നു.[ ബിസ്മിയും ചൊല്ലിവലതുകാൽ വെച്ചാണ് ഞാൻ അകത്ത് കയറിയത് ] ഹാളിന് തൊട്ടടുത്തായിരുന്നു എന്റെ മുറി.ഓടും വാർപ്പും ചേർന്ന് കാണാൻ അത്ര മോശമല്ലാത്ത പുരയിടം. റാഹിലാത്ത എനിക്ക് ഒരു ഗ്ലാസ് ജ്യൂസും തന്ന് ഒരു ചിരി ചിരിച്ച് സാരീടെ ഞൊറിയിൽ കുത്തിയ പിന്നും [മൊട്ടുസൂചി ] അഴിച്ചു കൊണ്ട് അപ്പുറത്തേക്ക് പോയി. കുറേ സമയം മുറിയിൽ ഇരുന്ന എനിക്ക് ബോറടിച്ചു. ഇത്താത്താടെ മക്കളും അയൽപക്കത്തെ കുട്ടികളൊക്കെ വന്ന് എന്നെ തൊട്ടു നോക്കാനും തലയിൽ ചൂടിയ മുല്ലപ്പൂ വലിക്കാനൊക്കെ തുടങ്ങി. ഒന്നും പറയാൻ പറ്റില്ലല്ലോ. ഒരു വിധം സഹിച്ച് അവറ്റകളുടെ കോപ്രായത്തിന് നിന്നു കൊടുത്തു. കുറച്ച് കഴിഞ്ഞ് രണ്ട് മൂന്ന് പേരു വന്ന് മോതിരവും കമ്മലും ഒക്കെ തന്ന് സ്വയം പരിചയപ്പെടുത്തി. ശരിക്കും അവരെ മനസ്സിലായില്ലെങ്കിലും കാര്യപ്പെട്ടവരാണെന്ന് തോന്നി. റാഹിത്താന്റെ വക ബ്രൈസ് ലെറ്റായിരുന്നു. റാഷിക്കാടെ ഉമ്മ ചെറിയൊരു മാല. റാഹിത്ത എല്ലാം വാങ്ങി ഒരു ഹാന്റ് ബാഗിലിട്ടു എന്റെ കൈയ്യിൽ തന്നു.
കാറീന്ന് ഇറങ്ങിയ ശേഷം റാഷിക്കാനെ ഞാൻ കണ്ടതേ ഇല്ല. മഗ് രിബ് നിസ്കാരത്തിന്റെ സമയമായി.മുറിയിലേക്ക് പിന്നെ ആരും വരാത്തത് കൊണ്ട് ഞാനെഴുന്നേറ്റ് കിച്ചണിലേക്ക് പോയി. മിച്ചം വന്ന ചോർ ഓരോ പാക്കറ്റിലാക്കി ഉമ്മ ഓരോരുത്തർക്കും വിഹിതം വെക്കുന്നുണ്ട്. “രണ്ട് മുയുമനും ബെക്കണ്ട, ഒന്നര മതീന്ന് ഞാൻ പറഞ്ഞില്ലെ റാഷീ അന്നോട് ,അപ്പൊ ജ്ജ് ന്താ പറഞ്ഞേ, തെക യൂലാന്ന്. ഇപ്പൊ ന്തായീ “കനപ്പിച്ചുള്ള ഉമ്മാന്റെ ശബദത്തിനു മുന്നിൽ ചൂളി നിക്കുകയായിരുന്നു റാഷിക്ക.എന്തോ മറുപടി പറയാൻ തുടങ്ങിയപ്പോഴേക്ക് റാഷിക്ക എന്നെ കണ്ടു.മൂപ്പര് എന്നെ നോക്കിയൊന്ന് ചിരിച്ചു. “ജ്ജ് ഇതുവരെ ഉടുപ്പൊന്നും മാറില്ലേ. റായ്യേ. ഇതിന് ബേണ്ടതെന്താന്ന് വെച്ച കൊട്ക്ക്.. ഉമ്മാന്റെ ആജ്ഞ പോലുള്ള സ്വരം കേട്ട് റാഹിത്ത ഓടി വന്നു.
ഡ്രസ്സ് മാറി രാത്രി ഭക്ഷണത്തിനു ശേഷം നാട്ടു നടപ്പനുസരിച്ച് ഞാനും റാഷിക്കയും എന്റെ വീട്ടിലേക്ക് പോകാൻ കാറിൽ കയറി .ജീവിതത്തിലാദ്യായിട്ടാ ഒരാണിന്റെ കൂടെ കാറിൽ മുമ്പിൽ കയറി പോണത്.ഷാഹിക്കാടെ കൂടെ പലയിടത്തും പോയിട്ടുണ്ട്. അമ്മുവും ഷാഹിക്കായും നിർബന്ധിച്ചാലും ഞാൻ മുന്നിൽ ഇരിക്കാറില്ല.
റാഷിക്ക പതിയെയാണ് ഡ്രൈവ് ചെയ്തത്.ഇങ്ങോട്ട് വരുമ്പോൾ എന്ത് സ്പീഡായിരുന്നു. ഡ്രൈവിംഗ് സ്ലോ, എന്നോട് എന്തേലും പറയേണ്ട കെണിയാണെന്ന് ഞാൻ ഊഹിച്ചു. സെക്കന്റും തേർഡും ഗിയറിടു മ്പോഴൊക്കെ റാഷിക്ക മെല്ലെ എന്റെ കൈയ്യിൽ ടച്ച് ചെയ്തു. ആദ്യമൊക്കെ ഒന്നു കൈവലിച്ചെങ്കിലും പിന്നെ പിന്നെ……… എനിക്കും ……. അതിഷ്ടായി….. ഇടയ്ക്കിടയ്ക്ക് ഹമ്പുള്ളത് ഗിയറിടലിന്റെ എണ്ണവും കൂടി .സ്പർശനത്തിന്റെ കാഠിന്യവും.
വീടെത്താറാവുമ്പോഴേക്കും റാഷിക്കാന്റെ മൊബൈൽ ശബ്ദിച്ചു. ” അന്റെ ആങ്ങളയാ…. കാണാഞ്ഞിട്ട് വിളിക്കുന്നതായിരിക്കും.” റാഷിക്ക കോൾ അറ്റന്റ് ചെയ്തു.” ദാ, അളിയാ ഞങ്ങളെത്തി.ഫോൺ കട്ട് ചെയ്തതും കാർ ഗൈറ്റ് കടന്ന് വീട്ടിലെത്തിയതും ഒരുമിച്ചായിരുന്നു.
റാണിത്ത വന്നൂ …. ഷാനി കിച്ചണീന്ന് വിളിച്ച് പറയുന്നത് സിറ്റൗട്ട് വരെ കേൾക്കാമായിരുന്നു.. കാറിന്റെ ഒച്ച കേട്ടപ്പോൾ തന്നെ ഷാഹിക്ക പുറത്തേക്ക് വന്നു. റാഷിക്ക ഷാഹിക്കാടെ കൈ പിടിച്ച് സലാം പറഞ്ഞ് അകത്തു കയറി. പിന്നാലെ ഞാനും – എനിക്ക് ഷാഹിക്കാടെ മുഖം നോക്കാൻ ചമ്മലായി. “ന്താ ശാദീ …..

റാഷിനെ കിട്ടുമ്പോ ഈ ഷാഹിക്കാനേ മറന്നോ ജ്ജ്.” പ്രതീക്ഷിക്കാതെയുള്ള ഷാഹിക്കാടെ വാക്കു കേട്ടു ഞാൻ വല്ലാണ്ടായി. ” എന്റെ മുഖത്ത് മിന്നി മറിഞ്ഞ ചിരി പെട്ടെന്ന് മാഞ്ഞു. എനിക്ക് നന്നായി വേദനിച്ചെന്ന് ഷാഹിക്കാക്ക് മനസ്സിലായി. “ഷായിക്ക, ഒരു തമാശ പറഞ്ഞേല്ലെ ” ന്നും പറഞ്ഞ് ഇക്കാക്ക എന്റെ ചുമലിൽക്കൂടി കൈയ്യിട്ട് കിച്ചനിലോട്ട് എന്നേം കൂട്ടിപോയി. “പെങ്ങളെ കണ്ടപ്പോ ആങ്ങളേടെ സന്തോഷം കണ്ടോ, ഇത്രേം നേരം ഇരിപ്പുറക്കാതെ പെറാൻ കൊണ്ടോയ പെണ്ണിന്റെ പുയ്യാപ്ല നെ പോലെ അങ്ങോട്ടിങ്ങോട്ടും നടക്കായിരുന്നിവൻ.”ഇതും പറഞ്ഞോണ്ടാണ് സഫിയാത്തഎന്റെ ട്ത്ത് വന്നത്.ഷാഹിക്ക പൊട്ടിച്ചിരിച്ചു. ന്റെ ഇക്ക നാട്ടിൽ വന്ന ശേഷം ഇങ്ങനെ മനസ്സ് തുറന്നൊന്ന് ചിരിക്കണത് ഞാനാദ്യായിട്ടാ കാണുന്നത്.
മിർഷുവും എളേമ്മമാരെ മക്കളൊക്കെ കിച്ചണിലെ അറയിൽ തലങ്ങും വിലങ്ങുമായി കിടന്നുറങ്ങുന്നുണ്ട്. “ന്തൊക്കെ പൊന്നാ ശാദ്യേ അവിടന്ന് കിട്ടിയേ…. ” ചോദ്യം ചോദിച്ചതിനോടൊപ്പം തന്നെ ജമീലാത്ത എന്റെ കൈയ്യിന്ന് ഹാൻഡ് ബാഗ് വാങ്ങി തുറന്ന് നോക്കി. അമ്മുവും സഫിയാത്തായും ബാക്കി എല്ലാവരും ജമീലാ ത്താക്ക് ചുറ്റും കൂടി.”രണ്ടു മൂന്ന് മോതിരം, രണ്ട് കോയിൻസ്, കമ്മൽ വേറൊന്നുല്ലെ ശാദി …….ജമീലാഞ്ഞാടെ രണ്ടാമത്തെ ചോദ്യം, “പിന്നെ, ദേ ഈ മാലയും ഈ ബ്രേസ് ലേറ്റും. കൈയ്യും കഴുത്തും കാട്ടി ഞാൻ പറഞ്ഞു.ഈ ജമീലാത്ത ഇങ്ങനെയാ എല്ലാകാര്യേം അറിയണം. മോശായിട്ടൊന്നുമല്ല ട്ടോ….. നാട്ടുനടപ്പൊക്കെ അവർക്കുണ്ടോന്നറിയാനാ…. കുടുംബത്തില് എന്ത് പരിപാടി വരുമ്പോഴും ജമീലാത്ത ഇണ്ടാവും. അല്ലെങ്കിൽ ഞാനടക്കം എല്ലാർക്കും വലം കൈ നഷ്ടപ്പെട്ട പോലെയാ.
കിച്ചണിൽ സ്വർണ്ണത്തിന്റെ എണ്ണം നോക്കുമ്പോഴേക്കും ഹോളിൽ പുരുഷാരത്തിന്റെ ഉഗ്രനൊരു ഫുഡ് മത്സരം കഴിഞ്ഞിരുന്നു.
റാഷിക്ക റൂമിൽ കയറിയത് കണ്ടിട്ടാവണം, ജമീലാത്ത ഒരു ഗ്ലാസ് പാലും എന്റെ കൈയിൽ തന്ന് എന്നെ റാഷിക്കാന്റെ പിന്നാലെ അയച്ചു. അറയിലേക്ക് പോകുന്നതിനിടയിൽ ഞാൻ അമ്മൂനേം ഉമ്മാനേം മാറി മാറി നോക്കി. അമ്മു ഒരു കള്ളച്ചിരി ചിരിച്ചെങ്കിലും ഉമ്മ എന്തോ ആലോചനയിലായിരുന്നു.
ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും കാര്യപ്പെട്ട മുഹൂർത്തം. പാലുമായി ഞാൻ അറയിൽ കയറി. വാതിലടച്ചു

രാവിലെ എട്ട് മണിക്ക് ശേഷമാണ് ഞാൻ കതകു തുറന്നത്. എന്റെ ബെഡ് റൂമിന്റെ നേരെ ഓപ്പോസിറ്റാണ് ഷാഹിക്കാടെ മുറി. അത് കൊണ്ട് വാതിൽ തുറന്ന പാടെ കണ്ടത് മുറിയിൽ നിന്നും ഷാഹിക്ക പുറത്തേക്ക് വരുന്നതാണ്. ഞാനൊന്നു പരുങ്ങി.ഷാഹിക്ക എന്നെ തറപ്പിച്ചൊരു നോട്ടം നോക്കി. ആ നോട്ടത്തിന് അൽപം കനം കൂടിയിരുന്നു.സുബഹിക്ക് എഴുന്നേറ്റ് നിസ്കരിച്ചില്ല എന്നാണ് ഇക്ക ധരിച്ചിരിക്കുന്നത്. രണ്ടു മൂന്ന് പ്രാവശ്യം എനിക്ക് ഇങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. അത് കൊണ്ട് ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് പെട്ടെന്ന് മനസ്സിലായി.
സത്യത്തിൽ അന്നായിരുന്നു ഞാൻ ശരിക്കും സുബഹി ബാങ്ക് കേട്ടത്.കഴിഞ്ഞ റമളാനിലെ മുപ്പതാമത്തെ നോമ്പിനായിരുന്നു ഞാൻ അവസാനമായി ആ ബാങ്ക് കേട്ടത്.പിന്നീടൊക്കെ അമ്മു നിസ്കരിച്ചാണ് എല്ലാവരെയും വിളിക്കുന്നത്. അത് കൊണ്ട് ബാങ്ക് കേൾക്കാറില്ല.സുബഹി ഖളാ ആവാറുമില്ല. ഇന്നിപ്പോ ബാങ്ക് കേട്ടത് കൊണ്ട് പെട്ടെന്നെഴുന്നേറ്റ് ഞാൻ നിസ്കരിക്കുകയും ചെയ്തു. ബാത്ത് റൂം അറ്റാച്ച് ഡ് ആയത് ഇക്ക എന്നെ പുറത്ത് കണ്ടതില്ല. ഇക്കാന്റെ തെറ്റിദ്ധാരണ മാറ്റണംന്നുണ്ടായിരുന്നു. “എന്താ ശാദീ ….. അവിടെത്തന്നെ നിന്ന് കളഞ്ഞത്. ഇന്നലെ രാത്രീ ണ്ടായ സംഭവം ഓർക്കാ ഇജ്ജ്.. ദേ ഈ മുട്ടേം ചായേം റാഷിക്ക് കൊണ്ടു കൊടുക്ക്….? അമ്മു കീഴ് ചുണ്ട് കടിച്ച് തലയാട്ടി ഒരു കള്ളച്ചിരിയോടെ ചായ്യേം മുട്ടേം ന്റെ കൈയ്യിൽ തന്നു.
ഇന്നലെ രാത്രി, പടച്ചോനേ, എന്താ ഇണ്ടായേ, ഇനി എങ്ങനെയാ റാഷിക്കാടെ മുഖം നോക്കുക…… എനിക്കാകെ നാണം തോന്നി.സുബഹിക്ക് എഴുന്നേറ്റ് ഞാൻ ഇക്കായെ വിളിച്ചതാ… അപ്പൊ പുള്ളി പറയുവാ…. ” ശാദീ– ” ഞാൻ പിന്നെ നിസ്കരിച്ചോളാം. ജ്ജ് നിസ്കരിക്ക്.” അയ്യേ! സുബഹി കളാക്കേ, ഇവിടെ പറ്റൂലാ അതൊന്നും.” ഞാൻ റാഷിക്കാനെ കുലുക്കി വിളിച്ചു. ” ഞാൻ ഗൾഫീന്ന് ഒറ്റ സുബഹി പോലും ഖളാ ആക്കാറില്ല.” ഉറക്കച്ചടവോടെ റാഷിക്ക പറഞ്ഞു തീർത്തു. “ന്റെ, റാഷിക്കാ ആ പടച്ചോൻ തന്നെ ഇവടെ നാട്ടിലുള്ളത്. ഇങ്ങളൊന്ന് എണീക്ക് “ഇതൊന്നും എന്റെട്ത്ത് പയറ്റൂലാന്ന് മനസ്സിലാക്കി എന്നോണം റാഷിക്ക എണീറ്റു നിസ്കരിച്ചു. ചായയുമായി അറയിൽ കയറുമ്പോഴേക്കും റാഷിക്കഡ്രസ്സൊക്കെ ചെയ്ഞ്ച് ചെയ്ത് ഫ്രഷായി നിൽക്കുന്നുണ്ടായിരുന്നു.
നാസ്ത കഴിക്കുമ്പോഴാണ് റാഷിക്ക പോകുമ്പോൾ എന്നേം കൂട്ടുന്ന കാര്യം ഷാഹിക്കാട് പറഞ്ഞത്.ഷാഹിക്ക എന്തോ ആലോചിച്ച പോലെ ചായ കുടി മതിയാക്കി പെട്ടെന്ന് എഴുന്നേറ്റു.”റാഷീ …. അപ്പൊ, അന്റെ വീട്ടാറ് ഇങ്ങട് ബരുന്നൊന്നു ല്ലെ. അങ്ങനെയൊരു ചടങ്ങുണ്ടല്ലോ…. ”
അതൊന്നും വേണ്ട. ന്റെ പൊരക്കാർ മുമ്പ് വന്നല്ലോ ഇബടെ, ഇനി ഇൻഷാ അള്ളാ ഇങ്ങള് ബരാനുള്ളേരേം കൂട്ടി അങ്ങട്ട് പോരീം .ഷാഹിക്കാടെ ചോദ്യത്തിന് മറുറപടി എന്നോണം റാഷിക്ക പറഞ്ഞു.
ഞാൻ കുളിച്ച് ഫ്രഷായി. ഡ്രസ്സൊക്കെ ചെയ്ഞ്ച് ചെയ്ത് പൊന്നണിയുമ്പോഴാണ് അറയിലേക്ക് ഷാഹിക്കാടെ വരവ്. റാഷിക്ക ഹാളിൽ എളേപ്പമാരോടൊക്കെ സംസാരിക്കുന്നു. രാവിലെ പുതിയാപ്ലേടെ കൂടെ ചായ സൽക്കാരത്തിന് ക്ഷണിച്ചതാ അവരെയൊക്കെ.ഷാഹിക്ക എന്തോ പറയാൻ വരുന്നതാണെന്ന് ഞാൻ ഊഹിച്ചു. “റാണി, മോള് സുന്ദരി ആയിരിക്കണല്ലോ…. ” ഷാഹിക്കാനെ നോക്കി ഞാനൊന്ന് ചിരിച്ചു. ” ന്റെ മോളോട് ഇക്കാക്ക് ഒരു കാര്യം പറയാനുണ്ട്. മോള് ശ്രദ്ധിച്ച് കേക്കണം.” “ഊം….. ഞാൻ തലയാട്ടി. “ന്റെ മോളിപ്പോ, ഒരു ഭാര്യയാണ്.അന്റെ അമ്മു അമ്മായി നെ പോലെ, ഇന്ന് പോയാൽ പിന്നെ, റാഷിടെ വീടാ ന്റെ മോളേം വീട്. ആ ടെള്ളോരെല്ലാം ന്റെ മോളേം ആൾക്കാറാ….. കുറച്ച് അല്ലറ ചില്ലറ പ്രശ്നോക്കെണ്ടാവും. ന്റെ മോള് ഒക്കെ സഹിക്കണം.ബടെ ഇള്ളെ ആൾക്കാരെ പോലെ ആവണം ന്നില്ല ഓര്.ഇബ്ടെത്തെ കാര്യം അബ ടേം അബs ത്തെ കാര്യം ഇബടേം വന്ന് പറയണ്ടാ. അപ്പളാ ഓരോ പ്രശ്നോം ഇണ്ടാണത്. എന്ത് ണ്ടേലും ന്റെ മോള് ഇക്കാക്ക് വിളിച്ചാ മതി.ന്റെ ചങ്കില് റൂഹുള്ള കാലോളം ഇക്ക അന്റെ കൂടെ ഇക്കണ്ടാവും – മനസ്സിലാണുണ്ടോന്റെ മോക്ക്.” പറഞ്ഞ് കഴിയുമ്പോളേക്കും ഇക്കാന്റെ കണ്ണ് നിറഞ്ഞിരുന്നു. ഉടുത്തിരുന്ന തുണി ടെ അറ്റം കൊണ്ട് ഇക്ക കണ്ണ് തുടച്ചു.

” അപ്പൊ എറങ്ങാല്ലേ”ന്നും പറഞ്ഞ് കൊണ്ട് റാഷിക്കയും അറയിലോട്ട് വന്നു.
ഹാളിൽ എളേപ്പയും മറ്റും ഇരിക്കുന്നുണ്ട്. ഇറങ്ങാൻ നേരം, ചെറിയാപ്പ ദുആ ചെയ്തു. അത് കേട്ട് കിച്ചണീന്ന് ഉമ്മയും അ മ്മുവും എല്ലാരും ഹാളിന്റെ ഇടയിലുള്ള റൂമിൽ സ്ഥാനം പിടിച്ചു. “ആമീൻ ആമീൻ ബി റഹ്മത്തിക്ക യാ അർഹമുറാഹീ മിം…..ദു ആ അവസാനിച്ചു.ചുറ്റും കൂടിയവർ ആമീൻ പറഞ്ഞു. എല്ലാരോടും സലാം പറഞ്ഞ് ഞാനും റാഷിക്കയും ഇറങ്ങി.കാർ വരെ എല്ലാരും അനുഗമിച്ചു. ഞാനിരുന്ന ശേഷം ഷാഹിക്കയാണ് ഡോ റ് അടച്ചത്.ഷാഹിക്കാടെ മുഖത്ത് സങ്കടം തളം കെട്ടി നിന്നിരുന്നു.കാറിന്റെ ഗ്ലാസ് താഴ്ത്തി ഞാൻ അവിടെ കൂടി നിന്നവരുടെ നേരെ കൈ വീശി. കാറ് നീങ്ങിത്തുടങ്ങി. യുദ്ധം ചെയിച്ച യോദ്ധാവിന്റെ മുഖം പോലെ ശോഭനമായിരുന്നു റാഷിക്ക. അങ്കത്തട്ടിലിറങ്ങുന്ന പോരാളിയുടെ മുഖമായി ഞാനും………

പന്തലൊക്കെ അഴിച്ചത് കൊണ്ട് വീടിന്റെ മുറ്റമാകെ വെളിച്ചം നിറഞ്ഞിരുന്നു. “വേറൊരു കല്യാണ ണ്ടായ തോണ്ട് ഓര് രാവിലെ പണി തൊടങ്ങി.ഇബട്ന്ന് അയ്ച്ചിട്ട് ബേണം പോലും പന്തല് അ ബ്ടെ കെട്ടാൻ .” ഞങ്ങൾ വീട്ടിൽ കയറുന്നതിനിടയിൽ റാഷിക്കാനോടായി ഉമ്മ പറഞ്ഞു.എന്റെ പുരയിലുള്ള പോലെ കൂടുതലാളെയൊന്നും അവിടെ കണ്ടില്ല…….
ഇനി,റാഷിക്കാടെ കുടുംബത്തെ പരിചയപ്പെടാം.
റാഷിക്കാക്ക് നേരെ മൂത്തതാണ് റാഹിലാത്തയും റനീഷാത്തയും’ റനീഷാത്ത കുടുംബസമേതം ഗൾഫിലാണ്. കല്യാണത്തിനും ഉണ്ടായില്ല. കുട്ടികൾക്കൊക്കെ സ്കൂളിന്ന് ലീവനുവദിച്ചില്ലെത്ര . റാഹിലാത്ത തറവാട് വീടിനോട് ചേർന്ന് വേറൊരു വീടെടുത്താണ് താമസം. അളിയൻ ഗൾഫിലാ. താമസം മാത്രേ അവിടെ ഉള്ളൂ. വെപ്പും കുടിയൊക്കെ തറവാട്ടിൽ തന്നെയാ….. [മക്കളായി രണ്ട് പെണ്ണും ഒരാണും .]……..റാസിഖും മർസൂഖും റുബൈദും ഇക്കാക്ക് ഇളയ അനിയൻമാർ. പിന്നെ ഒരു കുഞ്ഞി പെങ്ങൾ, റുഫൈദ .റാസിഖും ഗൾഫിലാണ്. ഗൾഫിൽ റനീഷാത്താടെ ചുറ്റുവട്ടത്ത് തന്നെയാ റാസിഖും. മർസൂഖ് ടൗണിലുള്ള ഒരു ഫുട് വെയറിൽ സെയിൽസ്മാൻ.റുഫൈദ അഞ്ചിലും റുബൈദ് എട്ടിലും പഠിക്കുന്നു. റാഷിക്കാടെ ഉപ്പ മർസൂഖ് കുഞ്ഞായിരുന്നപ്പോൾ നാട് വിട്ടതാണത്ര. പിന്നെ കുറച്ച് വർഷം വർഷം കഴിഞ്ഞ് തിരിച്ചു വന്നെങ്കിലും ഉമ്മാക്ക് റുബൈദിനെയും റുഫൈദാനെയും സമ്മാനിച്ച് വീണ്ടും പോയി.അതിനു ശേഷം പിന്നെ തിരിച്ചു വന്നില്ല.
എല്ലാവരോടും സൊറ പറഞ്ഞും അടുത്തുള്ള രണ്ട് മൂന്ന് വീട്ടിൽ കയറിയും ആ ദിവസം അങ്ങനെ കഴിഞ്ഞു.പിറ്റേന്ന് രാവിലെ സുബഹി ബാങ്കിന് പിന്നാലെ ഞാൻ ഞാനെഴുന്നേറ്റു. നിസ്കാരം കഴിഞ്ഞ് കിച്ചൺ വരെ പോയി നോക്കി. ഒരു കുഞ്ഞു പോലും എണീട്ടിറ്റില്ല.എനിക്കാണെങ്കിൽ ഉറക്കം വന്നതുമില്ല. വീണ്ടും അറയിൽ റാഷിക്കാടെ അരികിൽ ചെന്നിരുന്നു. അമ്മൂനേം ഷാഹിക്കാനേം ഉമ്മാനേ മൊക്കെ ഓർത്തു.അമ്മൂന് വീട്ടുപണിയൊക്കെ ഏകദേശം കഴിഞ്ഞു കാണും. ഷാഹിക്ക ഇപ്പൊ എന്താക്കുന്നുണ്ടാവും ആവോ! ഷാഹിക്കാക്ക് വിളിക്കാൻ ഫോണെടുത്തതും ഷാഹിക്കാടെ കോൾ ഇങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു.”ഹലോ ! ഇക്ക ഞാനങ്ങോട്ട് വിളിക്കാൻ തുടങ്ങുകയായിരുന്നു.”ഇങ്ങോട്ട് ഹലോ ന്ന് പറയും മുൻപേ ഞാൻ പറഞ്ഞു തീർത്തു.”ശാദീ …., ഞാൻ അമ്മുവാ…. ഇക്ക വിളിക്കാൻ പറഞ്ഞ് വിളിച്ചതാ….. ” “സുഖല്ലെ അമ്മു.ഷാഹിക്ക എവിടെ?ഊം….. പള്ളീൽ പോയി വന്നില്ല. നിസ്കാരം കഴിഞ്ഞുSനെ നിന്നെ വിളിക്കണംന്ന് ഏൽപിച്ച് പോയതാ…. പുതുപ്പെണ്ണല്ലെ, അറിയാതെ ഉറങ്ങി പോയാൽ പിന്നെ അമ്മായി പോര് കാണേണ്ടി വരുംന്ന് ഇക്ക ഓർത്ത് കാണും. അല്ലെ ശാദി …..” അമ്മൂടെ പറച്ചിൽ കേട്ട് ഞാൻ ചിരിച്ചു. “അമ്മു അതിനിവിടെ നേരം വെളുത്തില്ലെന്ന് പറയണംന്നുണ്ടായിരുന്നു. അപ്പോഴാ ഷാഹിക്കാന്റെ വാക്ക് ഓർമ്മ വന്നത്. അവിടത്തെ കാര്യം ഇവിടെയും … ” ശാദീ ഇങ്ങോട്ട് വരുന്നുണ്ടേൽ ഒന്നു വിളിച്ചു പറയണേ….. അമ്മു ഫോൺ കട്ട് ചെയ്തു.
റാഷിക്ക നിസ്കാരം കഴിഞ്ഞ് കിടന്നതാണ്. സമയം എട്ട് കഴിഞ്ഞു,ഓരോരുത്തരായി എഴുന്നേറ്റ് വരാൻ തുടങ്ങി.സുബഹില്ലാതെ കിടന്നുറങ്ങിയതിൽ എനിക്കവരോട് വല്ലാത്ത അമർഷം തോന്നി. പിന്നീടാമനസ്സിലായത് സുബഹി മാത്രമല്ല .ബാക്കി നാല് വഖ്ത്തും ഇവർക്ക് അന്യമാണെന്ന്.
വിരുന്നും മറ്റുമായി ദിവസമങ്ങനെ കടന്ന് പോയി. അറിഞ്ഞിടത്തോളം ഉമ്മാക്കും റാഹിത്താക്കും എന്നോട് പൊരുത്തക്കേടൊന്നുമില്ല. അവരോടൊപ്പം എന്നെക്കൊണ്ടാവുന്ന രീതിയിൽ ജോലി ചെയ്യാനൊക്കെ ഞാനും കൂടും…….
എത്ര പെട്ടെന്നാ ഒരു മാസം കഴിഞ്ഞ് പോയത്.ഇവിടെ വന്നതിനു ശേഷം മൂന്നോ നാലോ പ്രാവശ്യം മാത്രാ ഞാൻ എന്റെ പുരയിൽ പോയത്. എന്നെ കാണണമെന്ന് തോന്നുമ്പോഴൊക്കെ ഷാഹിക്ക ഓരോരോ കാരണമുണ്ടാക്കി വരും.എത്ര നിർബന്ധിച്ചാലും ഒന്നും കഴിക്കാനൊന്നും നിൽക്കാറില്ല.” ഇവിടെ അടുത്ത് ഒരാളെ കാണാൻ വന്നതാ അപ്പൊ ഒന്ന് കേറീ ന്നേ ഉള്ളൂ. ഇൻ ഷാ അള്ളാ ഇനിയും വരാല്ലോ…” ഇങ്ങനെയൊക്കെ പറഞ്ഞ് ഇക്ക ഒഴിഞ്ഞു മാറും.
ലീവ് കഴിഞ്ഞു.നാളെയാണ് റാഷിക്കാക്ക് ഗൾഫിലേക്ക് പോവേണ്ടത്. എനിക്കാണേൽ ആകെ വെപ്രാളമായി. കല്യാണം പെട്ടെന്ന് വേണം ലീവില്ല എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി കല്യാണം നടക്കാനുള്ള അടവാണെന്ന്. ഇതിപ്പോ….. ഇത്ര പെട്ടെന്ന്…….. എനിക്ക് സങ്കടം വന്നു……
മഗ് രിബിന് ശേഷം ആളുകൾ വന്ന് തുടങ്ങി.ഇശാ നിസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നും രണ്ടു ഉസ്താദുമാരെയും കൂട്ടി മർസൂഖ് വന്നു.ഉസ്താദുമാരെ കണ്ടതും സിറ്റൗട്ടിന്ന് റാഹിലാത്തയും പാർട്ടിയും അപ്പുറത്തേക്ക് പോയി. ബദർ മൗലീദാണ്. ദൂരയാത്രക്ക് പോവുമ്പോൾ കാര്യവിജയത്തിന് വേണ്ടി ഇതാണത ചൊല്ലേണ്ടത് .റാഹിലാ ത്താന്റെ ഈ കമന്റ് കേട്ട് എനിക്ക് ചിരി വന്നു.ഞാൻ കളിയാക്കിച്ചിരിച്ചതല്ല റാഹിലാത്ത പറഞ്ഞത് ശരിയാണ്.ഇതിലും വലിയ യാത്രയ്ക്ക് വേണ്ട ഒരുക്കം ഒരു നിസ്കാരമായിട്ടും അത് പോലും ചെയ്യാത്ത റാഹിലാത്ത പറഞ്ഞത് കൊണ്ടാണ് എനിക്ക് ചിരി വന്നത്.

മൗലൂദും കഴിഞ്ഞ് ദുആ അവസാനത്തിലേക്ക് എത്തിയപ്പോഴാണ് എന്റെ വീട്ടുകാരെത്തിയത്. എല്ലാരും ഉണ്ടായിരുന്നു. ജമീലാ ത്താനേയും ഉമ്മാനേം അമ്മൂനേമൊക്കെ കണ്ടപ്പോൾ എനിക്ക് ഇത്തിരി എങ്കിലും സമാധാനമായി. ജമീലാത്ത കൈയ്യിലുണ്ടായിരുന്ന കവറൊക്കെ ഒരു മൂലയിൽ വെച്ചു. “അയ്ല് കൊറച്ച് പത്തിരീം എറച്ചീം അടേം പൊരീടേം ഒക്കെ ണ്ട്. അത് റാഷിക്ക് കൊണ്ടോവാൻ കൊടുക്കാനാ….. “അമ്മു എന്റെ ചെവീൽ പറഞ്ഞു.ഉസ്താദുമാരൊക്കെ പോയ ശേഷാ ഞാൻ ഷാഹിക്കാടെ അടുത്തേക്ക് പോയത്.ഷാഹിക്ക പുറത്തിരുന്ന് ഫോൺ ചെയ്യുന്നുണ്ടായിരുന്നു. എന്നെ കണ്ടപാടെ “കൊറച്ച് കയ്ഞ്ഞ് ബിളിക്കാട്ടോ ” എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.” ഇക്കഎന്നെയും കൂട്ടി എന്റെ റൂമിലേക്ക് നടന്നു.” ഇക്കാടെ മോക്ക് സുഖോല്ലെ. മോള് നേരത്തെ എണിക്കാറുണ്ടല്ലോ… ഉമ്മയൊക്കെ…… മോക്ക് ബെഷ മോള്ള തൊന്നും …… ” ഇക്കാന്റെ തൊണ്ടയിടറി…. “എന്റെ പൊന്നു ഷാഹിക്ക, നിക്കിവിടെ പെരുത്ത് സുഖാണ്. ന്റെ ഷാഹിക്ക ഒന്നോണ്ടും ബേജാറാക്കണ്ട.ഉമ്മാ യും റാഹിത്തായൊക്കെ നല്ല സ്നേഹത്തോടെയാ പെരുമാറുന്നത്. ഇനി എന്തേലും വെഷമുണ്ടേൽ ഈ പാവം ഇക്കാനെ ഞാൻ അറിച്ചോളാ…. പോരെ ….” ഇതും പറഞ്ഞ് ഞാൻ രണ്ടു കൈ കൊണ്ടും ഷാഹിക്കാന്റെ കവിൾ തടം വലിച്ച് എന്നിലേക്ക് ചേർത്ത് പിടിച്ച് എന്റെ നെറ്റിത്തടം കൊണ്ട് ഇക്കാടെ നെറ്റിക്കൊരു കൊട്ടു കൊടുത്തു.ഇക്കാക്ക ചിരിച്ചു. അപ്പോഴാണ് സലാം പറഞ്ഞോണ്ട് റാഷിക്ക കടന്ന് വന്നത്. “എത്ര മണിക്കാ ഇറങ്ങുന്നേ, ഷാഹിക്ക ചോദിച്ചു. ” സുബഹി കഴിഞ്ഞ ഉടനെ, ” റാഷിക്ക മറുപടി കൊടുത്തു.” “ട്രൈനിലല്ലേ പോന്നെ, ഇൻഷാ അല്ലാ പറ്റു വാണേങ്കി ഞാൻ സേറ്റഷനിലോട്ട് വരാം.” ആ ,പിന്നെ, റാഷി …. ഇയ്യ്, അവിടെത്തിയേഷം രണ്ടീസം ശാദീനെ പൊരേ ലോട്ടൊന്നയക്കണം. അന്നെ പിരിഞ്ഞ വെശമൊന്ന് മാറിക്കി ട്ടോല്ലോ…..ഷാഹിക്ക കൂട്ടിച്ചേർത്തു.” ഇൻഷാ അള്ളാ…..” റാഷിക്ക സമ്മതിച്ചു.
ഷേവ് ചെയ്യാനും രണ്ടു മൂന്ന് പേരെ കാണാനുണ്ടെന്നും പറഞ്ഞ്
വൈകുന്നേരം പോയതാ. ഫോൺ വിളിച്ച് പോലും എടുത്തില്ല. ഞാനൽ പം പരിഭവം കാണിച്ച് ഒന്നും മിണ്ടാതെ അപ്പുറത്തേക്ക് പോയി.
ഭക്ഷണമൊക്കെ കഴിച്ച് എല്ലാരും പോയപ്പോഴോക്കും പന്ത്രണ്ടര മണിയായി.റബ്ബേ !ഇനി ഞാനെന്റെ ഇക്കാനോടൊത്ത് ഏതാനും മണിക്കൂർ മാത്രം. പാത്രങ്ങളൊക്കെ കഴുകി വെച്ച് ഞാനറയിലേക്ക് നടന്നു. റാഷിക്ക ഷെൽഫീന്ന് പാസ്പോർട്ടും ടിക്കറ്റൊക്കെ എടുത്ത് ട്രോളിബാഗിൽ വെക്കുന്നുണ്ട്. ഞാൻ കട്ടിലിൽ കേറി കിടന്നു.എന്റെ നെഞ്ച് പിടച്ചു. ആ പാസ്പോർട്ട് എന്റെ കൈയ്യിൽ കിട്ടിയാൽ കീറിക്കളയണമെന്ന് വരെ തോന്നി. ഇക്കാനെ നോക്കും തോറും എനിക്ക് സങ്കടം കൂടിക്കൂടി മനസ്സ് പൊട്ടി കണ്ണീരായത് പുറത്ത് വന്നു. എന്റെ വിങ്ങൽ കേട്ട് ഇക്ക എന്നരികിൽ കിടന്ന് എന്നെ നെഞ്ചോട് ചേർത്തു. ഞാൻ ഇക്കാനെ കെട്ടിപ്പിടിച്ചു.പൊട്ടിക്കരഞ്ഞു. “അയ്യേ!ന്നെ സമാധാനിപ്പിക്കേണ്ട ഇയ്യ് കരയാ! ന്താ ശാദീ …..ദ്….. മ്
.ഇക്ക വലത്തേ കൈ കൊണ്ട് എന്റെ
മുടിയിൽ തലോടി. ഇക്ക പതിയെ ഉറക്കിലേക്ക് വഴുതി വീണു. എനിക്കുറക്കും വന്നില്ല. കുറേ നേരംഇക്കാടെ മുഖം നോക്കിയിരുന്നു. സമയം ആരെയും കാത്ത് നിന്നില്ല. ഇക്കാന്റെ മൊബൈലിൽ നാല് മണിക്കുള്ള അലാറം മുട്ടി. ഇക്ക ഞെട്ടി എണീറ്റു.
സമയം അഞ്ചോടടുക്കാറായി. എല്ലാരും എഴുന്നേറ്റിട്ടുണ്ട്.ഞാൻ അറയിൽ തന്നെ ഇരുന്നു. കുളിയും കഴിഞ്ഞ ഇക്ക റൂമിലെത്തി.ഡ്രസ്സ് ചെയ്ഞ്ച് ചെയ്യുമ്പോഴൊക്കെ ഞാനൊരു കുട്ടിയെ പോലെ ഇക്കാനെ നോക്കി. ഷെൽഫിന്നരികിൽ കൊണ്ടു പോകാൻ വേണ്ടി കെട്ടിവെച്ച പെട്ടി എന്നെ നോക്കി ചിരിക്കുന്ന പോലെ തോന്നി.
“റാഷീ, അന്റെ ഒരുക്കം കൈഞ്ഞില്ലേ .ദേ വണ്ടി വന്നു.” പുറത്ത് നിന്ന് ഉമ്മ വിളിച്ചു പറഞ്ഞു. “ദാ ഉമ്മ വരുന്നു”.ഇക്ക എന്റെ അരികിൽ വന്ന് കെട്ടിപിടിച്ച് ഇരു കവിളിലും അമർത്തി മുത്തം തന്ന് സലാം പറഞ്ഞ് മുറി വിട്ടിറങ്ങി.കണ്ണു തുടച്ച് കൊണ്ട് പിന്നാലെ ഞാനും.സുബഹി ആയത് കൊണ്ട് ആളുകൾ കുറവായിരുന്നു. ഉമ്മയും റാഹിലാത്തയും ഉമ്മാന്റെ വകയിലുള്ള രണ്ട് അമ്മായിമാരും മാത്രേ ഉണ്ടായിരുന്നു. ഗുളി കേടെ പേരും പറഞ്ഞു എന്റുമ്മ അമ്മൂടെ കൂടെ സ്ഥലം വിട്ടിരുന്നു. മർസൂഖ് പെട്ടിയും ട്രോളിയുമെടുത്ത് കാറിൽ കൊണ്ട് വെച്ചു.റാഷിക്ക എല്ലാവരോടും സലാം പറഞ്ഞ് പുറത്തിറങ്ങിയതും അവിടെ ഉള്ളവരുടെ നോട്ടം എന്റെ നേർക്കായി.തട്ടം കൊണ്ട് മുഖം പൊത്തിപ്പിടിച്ച് ഞാൻ അറയിലേക്കോടി…..

പകലിന് ഇത്രയേറെ ദൈർഘ്യമുണ്ടെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്. റാഷിക്ക ഉണ്ടായിരുന്നപ്പോൾ സമയം തികയില്ലായിരുന്നു. ഒന്ന് രാത്രിയായിക്കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു പോയി.ഉമ്മാടേം റാഹിലിത്താടേം മുഖത്ത് വല്യ സങ്കടോന്നുംകണ്ടില്ല.എനിക്കാണേൽ സങ്കടം സഹിക്കാനും പറ്റുന്നില്ല. രാത്രിയായിരുന്നു റാഷിക്കാടെ യാത്ര എങ്കിൽ അത്ര പ്രശ്നമില്ലായിരുന്നു. ഉറങ്ങി എണീക്കുമ്പോഴേക്കും ഒരീസം കഴിയുമല്ലോ ഇതിപ്പോ ….. ….ഉച്ചയൂണിന് ശേഷം ഞാൻ അറയിലേക്ക് പോയതേയില്ല. ഇക്ക ഇണ്ടാവുമ്പോ ചോറും കഴിച്ചൊരു കിടത്തമുണ്ട്. ഇവിടെ എല്ലാരും കിടക്കുന്നോണ്ട് അത്ര വല്യ പ്രശ്നോയില്ല. ഇക്ക കിടന്നാലുടനെ ഉറങ്ങും. ഞാൻ ഉറങ്ങാൻ സമ്മതിക്കാറില്ല.” ന്റെ ശാദീ, നിക്ക്നി ഗൾഫിലോട്ട് പോയാ പിന്നെ ഇങ്ങനെ ഒറങ്ങാനൊന്നും കയ്യൂല. കമ്പനി ഡ്രൈവറായോണ്ട് ഓര് വിളിക്കുന്ന സമേത്തൊക്കെ ചെല്ലണം. അതിനി ഡ്യൂട്ടി കൈഞ്ഞ് റൂമിലെത്തിയോടനായാലും ശരി. ” റാഷിക്ക ഇത് പറയുമ്പോഴേക്കും ഞാൻ പിണങ്ങി അൽപം മാറി കിടക്കും. അപ്പൊ, റാഷിക്ക “അപ്പളേക്കും പെണങ്ങിയോടി പെണ്ണേന്നും ” പറഞ്ഞ് എന്നെ നെഞ്ചോട് ചേർത്ത് പിടിക്കും. ആ സുഖമൊന്ന് വേറെ ത്തന്നയാ…… അത് കൊണ്ട് പിണങ്ങാൻ ഓരോ ദിവസവും ഞാൻ ഓരോ കാരണം കണ്ടു പിടിക്കും.
വൈകുന്നേരമായിട്ടും റാഷിക്ക ഒന്നു വിളിച്ചതുപോലുമില്ല. റാഷിക്കാനെ കുറ്റം പറയാനൊക്കില്ല ….. ഏത് നമ്പറിലോ ട്ടാ വിളിക്യ … ന്റ് കൈയിലിപ്പോ ഫോണില്ലല്ലോ …..എൻഗേജ്മെന്റിന് തന്ന ഫോൺ ഇക്കാടെ വീട്ടുകാരറിയണ്ടാന്ന് പറഞ്ഞോണ്ട് ഞാൻ പൊരേന്ന് കൊണ്ടോന്നിട്ടൂല്ല്യ.
രാത്രി ആയപ്പെഴാ ഞാൻ അറയിൽ കയറിയത്.വാതിൽ തുറന്നപ്പോ തന്നെ ഇക്കാടെ മണം…… ഡ്രസ്സ്സ്റ്റാന്റിൽ തൂക്കിയിട്ടിരിക്കുന്ന ഷർട്ടിൽ നിന്നാ മണം വന്നത്. അതിനടുത്ത് തന്നെ ഇന്നലെ രാത്രി ഉടുത്ത ലുങ്കിയും ഉണ്ടായിരുന്നു. ഞാൻ അത് രണ്ടും കൈയിലെടുത്ത് മണത്തുമുത്തി. റബ്ബേ ! ഈ മണം പലതും ഓർമിപ്പിക്കുന്നു.
“ജ്ജ്, തനിച്ച് കെടക്കേണ്ട, ഒരു തലേണേം പൊതപ്പൂട്ത്ത് ന്റെ അറേലോട്ട് പോര് “വാതിലിന് പുറത്തീന്ന് ഉമ്മ വിളിച്ചു പറഞ്ഞു. അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല.പുതപ്പിനു പകരം ഇക്കാടെ തുണിയുമെടുത്ത് ഉമ്മാടെ പിന്നാലെ നടന്നു .

കിടക്കയൊക്കെ നന്നായി വിരിച്ചു വച്ചിട്ടുണ്ടെങ്കിലും സീലിംഗൊക്കെ മാറാല പിടിച്ച് കിടക്കുന്നുണ്ട്.ഷാഹിക്കാക്ക് തീരെ ദഹിക്കാത്ത കാര്യാ ഈ മാറാല .കട്ടീനടീന്നു പോലും അമ്മുനെക്കൊണ്ട് ഇക്ക മാറാല അടിപ്പിക്കും.
ഉമ്മാടെ കട്ടിലിന് നേരെയാ ലാന്റ് ഫോണുള്ളത്.ന്റെ കൈയ്യിൽ ഫോണില്ലേലും ഇക്കാക്ക് ഇതിൽ വിളിക്കായിരുന്നല്ലോ – വിളിക്കുമായിരിക്കും. ഞാൻ സമാധാനിച്ചു.
കട്ടില് ചുമരോടടുപ്പിച്ച സ്ഥലത്ത് ഞാനും സൈഡിൽ ഉമ്മയും കിടന്നു. റാഹിലാത്തായും കുട്ട്യോളും എന്റെ അറയിലാ കിടന്നത്. റാഷിക്കാടെ തുണികൊണ്ട് കാല് മുതൽ കഴുത്ത് വരെ ഞാൻ മൂടി.തിരിഞ്ഞും മറിഞ്ഞും കിടന്നു.ഉറക്കം വരുന്നില്ല. റാഷിക്ക ഒന്ന് വിളിച്ചിരുന്നെങ്കിൽ …….
പന്ത്രണ്ടര ആയപ്പോൾ ഫോൺ ശബ്ദിച്ചു. ഞാൻ ചാടി എണീറ്റു. റിസീവർ എടുക്കാൻ തുടങ്ങുമ്പോഴേക്കും അതുമ്മ കൈവശപ്പെടുത്തി.” വ അലൈകു മുസ്സലാം, ഇയ്യ് എ ത്യോ റാഷ്യേ….. ആ ഓള് നേരത്തേ ഒറങ്ങി. ബേജാ റൊന്നുല്ല്യ. ഈടെ റായും
കുട്ട്യോളക്കെ ഉണ്ടല്ലോ. ആ ഇയ്യിപ്പോ ബെച്ചോളി .ഞാനോളട്ത്ത് പറഞ്ഞോളാം. ഉമ്മ ഫോൺ കട്ട് ചെയ്തു.ഉമ്മാന്റ ട്ത്ത് സലാം പറഞ്ഞേശം ഇക്ക എന്നെ ചോയ്ച്ചതാ…… ഞാനൊറങ്ങാതിരുന്നത് ഉമ്മ കണ്ടിട്ടും ……. ഉമ്മ ഫോൺ തരാതിരുന്നതിനേക്കാളും സങ്കടം റാഷിക്ക എന്നെ കുറിച്ച് എന്ത് കരുതിക്കാണും എന്നോർത്തിട്ടായിരുന്നു.
ഇതുവരെ മാലാഖ പോലെ പെരുമാറിയ ഉമ്മ പെട്ടെന്ന് ചെകുത്താനെ പോലെ ആവണമെങ്കിൽ …… പടച്ചോനേ ഇനി എന്തായിരിക്കും എന്റെ അവസ്ഥ ………….
പതിവുപോലെ ഞാൻ രാവിലെ നേരത്തെ എണീറ്റു.ഉമ്മാനെ നിസ്കരിക്കാൻ വിളിച്ചെങ്കിലും ഉമ്മ എണീറ്റില്ല. ഞാനെന്റെ റൂമിലേക്ക് ചെന്നു. വാതിൽ അകത്ത് നിന്നും പൂട്ടിയിരിക്കുന്നു. എങ്ങനെ നിസ്കരിക്കും. നിസ്കാരക്കുപ്പായം എന്റെ റൂമിലാണല്ലോ….. രണ്ടു മൂന്ന് പ്രാവശ്യം ഞാൻ കതകിന് മുട്ടി. റാഹിലാത്ത വാതിൽ തുറന്നില്ല.ഉമ്മാടെ ഉള്ളിലെ സ്വഭാവം ഇന്നലേത്തതോടെ ഏകദേശം മനസ്സിലായി. ഇനി റാഹിലാത്ത എങ്ങനെയായിരിക്കുമെന്തോ….. ഏതായാലും നിസ്കാരം ഖളാ ആക്കാൻ പറ്റില്ല. വാതിലിൽ ശക്തിയായി ഒന്നും കൂടി തട്ടി .എന്തൊക്കെയോ പിറുപിറുത്തോണ്ട് റാഹിലാത്ത വാതിൽ തുറന്നു. വീണ്ടും ചെന്നു കിടന്നു. അകത്ത് കയറിയ എനിക്ക് നല്ലതണുപ്പ് തോന്നി. പുറത്ത് ഭയങ്കര ചൂടായിരുന്നല്ലോ. ഇവിടെ തണുപ്പ്……ഏസി ഇട്ടു കൊണ്ടായിരുന്നു ഉമ്മാടെം മക്കളേം കിടത്തം. കട്ടിലിന്റെ ഒരു മൂലയിൽ റുഫൈദയും ഉണ്ട്.ഞാൻ കതകിന് മുട്ടുമ്പോൾ റാഹിലാത്ത ഏസീ ടെ റിമോർട്ട് ബട്ടണ് ഓ ഫാക്കി എങ്കിലും ചുമരിലെ സ്വിച്ച് ഓഫാക്കാൻ വിട്ടു പോയി. ഇവരെ ഏസി റൂമിൽ കിടത്താനാണ് ഉമ്മ എന്നേം വിളിച്ച് ആ കുടുസുമുറിയിലോട്ട് പോയത്. നിസ്കാരപ്പായ എടുത്ത് ഞാൻ ഹാളിൽ ചെന്നു നിസ്കരിച്ചു. ഒരു യാസീനും ഹദീദ് സൂറത്തും ഓതി.ഷാഹിക്കാന്ന് കിട്ടിയ ശീലാണ്.ഈ രണ്ട് സൂറത്തും.രാവിലത്തെ കടുപ്പോള്ള സുലൈമാനീ ന്നാ ഷാഹിക്ക സൂറ:യാസീനെ പറയാറ്, ശരി തന്നെയാ…. നല്ല ഉന്മേശാ സുബഹിക്ക് ശേഷം യാസീനോതി യാൽ കിട്ടുന്നത്. സൂറ:ഹദീദ് നാൽപത്തൊന്ന് ദിവസം അടുപ്പിച്ച് ഓതിയാൽ കടത്തീന്ന് രക്ഷപ്പെടുമെത്രെ. ന്റെ കല്യാണത്തിന് കുറച്ച് കടം വന്ന് സങ്കടം പറഞ്ഞപ്പോൾ പള്ളീന്ന് ഖത്തീബ് പറഞ്ഞതാണത്രെ.ഇക്കാക്ക അമ്മൂനോട് പറയുന്നത് ഞാൻ കേട്ടതാ….. [ഇത് രണ്ടും അനുഭവിച്ചറിഞ്ഞ സത്യം] സുബഹിക്ക് ശേഷം പറ്റുമെങ്കിൽ പതിവാക്കുക] നിസ്കാരവും ഓത്തും കഴിഞ്ഞ് ഞാൻ കിച്ചണിലേക്ക് പോയി. ചായയും പലഹാരവും ഉണ്ടാക്കി. അലക്കാനുള്ള വസ്ത്രവുമായി ഞാൻ മുറ്റത്തേക്കിറങ്ങി. അപ്പോഴേക്കും ഉമ്മയും റാഹിലാത്തയും എഴുന്നേറ്റ് വന്നു. അലക്കിക്കഴിഞ്ഞ് ഉണക്കാൻ വിരിക്കുമ്പോഴേക്കും ഉമ്മ ഒരു വലിയ ഭാണ്ഡക്കെട്ടുമായി പുറത്തേക്ക് വന്നു. എന്നെ കണ്ട മാത്രയിൽ ആകെട്ടിൽ നിന്നും ഓരോന്നെടുത്ത് ബക്കറ്റിൽ വെള്ളമൊഴിച്ച് ഡി റ്റേർജൻന്റും ഇട്ട് അതിൽ പൂഴ്ത്തിവെച്ചു.ഉമ്മ അകത്തേക്കു പോയി. കുപ്പിയിൽ നിന്നെടുത്ത ഭൂതം പോലെ ഒരു പണി കഴിയുമ്പോഴേക്കും മറ്റൊന്ന്…… ഷാഹിക്കാ ഈ റാണി മോള് നല്ലൊരു രാജകൊട്ടാരത്തിലേക്ക് തന്നെയാ എത്തിപ്പെട്ടത് …….. കിരീടമില്ലാത്ത റാണി യായ്………

റാഷിക്ക എത്തി എന്നുള്ള വിവരമല്ലാതെ മറ്റൊന്നും അറിഞ്ഞില്ല. എന്റിക്കാനെ ഒന്നു സംസാരിക്കാൻ കിട്ടിയിരുന്നെങ്കിൽ….. പോയിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഉമ്മ സ്വഭാവം മാറ്റി. ഒരു ജോലി തീർക്കുമ്പോൾ മറ്റൊന്ന് എന്നായി ഉമ്മാന്റെ രീതി. ഇക്ക പോയി ഒരാഴ്ചയോ മറ്റോ കഴിഞ്ഞാണ് ഉമ്മാടെ ഈ മാറ്റമെങ്കിൽ കുറച്ചും കൂടി ആശ്വാസമായേനേ, ഇതിപ്പൊ അങ്ങനെയല്ലല്ലോ …. അടിക്കുമ്പോഴും തുടയ്ക്കുമ്പോഴൊക്കെ എന്റെ ശ്രദ്ധ ഫോൺ റിംഗ് ചെയ്യുന്നുണ്ടോ എന്ന് മാത്രാ യിരുന്നു.രാവിലേത്തെ ചായ കുടിയും കഴിഞ്ഞ് റാഹിലാത്ത അവരെ വീട്ടിലേക്ക് പോയി. ഇവിടന്ന് തിന്നുക മാത്രമല്ല. കുട്ടിക്ക് സ്കൂളിലേക്കുള്ള ഫുഡും ഇവിടന്ന് തന്നെ വേണം. മിക്കവാറും മർസൂഖിനൊപ്പാണ് താത്താടേം കുട്ടികളുടെയും പ്രാതൽ.പത്ത് മണി ആവുമ്പോഴേക്കും എല്ലാരും അവരവരെ വഴിക്ക് പോയിട്ടുണ്ടാവും. മർസൂഖ് ഷോപ്പിലേക്ക് പോകുമ്പോൾ തന്നെ റുഫൈദയും റുബൈദും സ്കൂളിലേക്ക് അവന്റൊന്നിച്ച് പോകും. അവന്റെ ഷോപ്പിനടുത്താണ് സ്കൂൾ. ജോലിയൊക്കെ തീർത്ത് ചായ കുടിക്കാനിരിക്കുമ്പോഴേക്കും ചുട്ടുവെച്ചിരിക്കുന്നതൊക്കെ കഴിഞ്ഞിരിക്കും. തലേന്നുണ്ടാക്കിയ ഫുഡ് ബാക്കി ഫ്രിഡ്ജിലുണ്ടെങ്കിൽ മിക്കവാറും അതായിരിക്കും എന്റെ ഭക്ഷണം. എങ്ങനെയായാലും ഉമ്മ എന്നെക്കൊണ്ടത് ചൂടാക്കിക്കഴിപ്പിക്കും. ഭക്ഷണം കളയാൻ പാടില്ലത്രെ……ശരിയാ ഭക്ഷണം കളയാൻ പാടില്ല. ഒരു വറ്റ് താഴെ പോയാൽ പോൽ ഷാഹിക്ക എട്ത്ത് കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അത് അന്നന്നത്തെ ഭക്ഷണമാണെന്ന് മാത്രം.വാരിവലിച്ച് ഫുഡു -ണ്ടാക്കാനൊന്നും ഇക്ക സമ്മതിക്കില്ല. തീർന്നു പോയാൽ വീണ്ടും ഉണ്ടാക്കാലോ, അല്ലാതെ കുറെ ഉണ്ടാക്കി വെച്ച് മിച്ചം വരുത്തരുത്. ഇതാണ് ഇക്കാടെ നയം.
രാവിലെ പോയിക്കഴിഞ്ഞാൽ റാഹിലാത്ത പിന്നെ വരുന്നത്,കൃത്യം ഉച്ചയൂണിന്റെ സമയത്തായിരിക്കും. ഒന്നു പാത്രം കഴുകി എടുക്കാൻ പോലും എന്നെ സഹായിക്കാറില്ല. വല്ല വീട്ടുജോലിക്കും പോയിരുന്നെങ്കിൽ മാസത്തിൽ ശമ്പളമെങ്കിലും എണ്ണി വാങ്ങാമായിരുന്നെന്ന് മനസ്സ് മന്ത്രിച്ചു.. റാഷിക്ക ഉണ്ടായിരുന്നപ്പൊ എന്തൊരു സ്നേഹായിരുന്നു എന്നോട്.
ഉച്ചയ്ക്ക് ചോറ് കഴിക്കുമ്പോഴാണ് ഫോൺ ശബ്ദിച്ചത്. ഉമ്മ ഓടിച്ചെന്ന് ഫോണെടുത്തു.പടച്ചോനേ!റാഷിക്ക തന്നെയാണേ….. “ശാദീ …… മോളേ….!, അനക്കാ ഫോൺ .” ഉമ്മ എന്നെ നീട്ടി വിളിച്ചു. വായിലേക്കിടാൻ തുടങ്ങിയ ചോറുരുള പ്ലൈറ്റിൽ തന്നെ തിരികെ വെച്ച് ഞാൻ ഫോണിനടുത്തേക്കോടി .
“ഹ ….. ഹലോ…… “

“ഹലോ മോളേ അസ്സലാമു അലൈക്കും.”
എന്റെ പ്രതീക്ഷകൾ തകിടം മറിഞ്ഞു.ഷാഹിക്കയായിരുന്നു. ഫോണിൽ. “ഹലോ !.മോളേ! ശാദി യേ…. ഇക്കാടെ മോളെന്താ ഒന്നും മിണ്ടാത്തെ….. ” ഇക്കാടെ ഈ ചോദ്യത്തിന് ശേഷാണ് ഞാൻ സലാം മടക്കിയത്.” അത് പിന്നെ ഇക്കാ…. ഞാൻ…….”
“ന്താ! ഇക്കാടെ മോക്ക് പറ്റിയേ…? ശബ്ദോക്കേ ബല്ലാണ്ട് മാറിയിരിക്ക്ണല്ലോ….. ” “ഇല്ലിക്കാ….. ഇക്കാക്ക് തോന്നണ താ…. റാഷിക്ക പോയിട്ട് ഇത് വരെ ഇങ്ങള് വിളിക്കാത്തോട്ട് ഞാൻ കരുതി ഇക്കന്നെ മറന്നൂന്ന്. ഇപ്പൊ പെട്ടെന്ന് ശബ്ദം കേട്ടപ്പോ….. ന്തോ…. വല്ലാതെ….” എനിക്കാ വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല……
” ന്റെ, പൊന്ന് റാണി മോളേ, ഇക്ക മറക്ക്യേ…… ഹ്മ് ….. നല്ല ശേലാ ഇത്. ഇക്ക രാവിലെ വിളിച്ചാര്ന്നു. അപ്പോ ഉമ്മ പറഞ്ഞു, ജ്ജ് ഒറങ്ങാണെന്ന്, ന്നാ പിന്നെ, അന്നെ ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി. ”
എന്റെ റബ്ബേ. ഞാൻ ഉറങ്ങാനോ. ഉമ്മ എന്തിനാണാവോ ഇക്കാനോട് കള്ളം പറഞ്ഞത്. ഇവിടെ എനിക്ക് പരമ സുഖാണെന്ന് വിശ്വസിപ്പിക്കാനോ ….. നേരത്തേ വിളിച്ച മോളേ എന്ന വാക്കിൽ തന്നെ എനിക്ക് മനസ്സിലായി. ഉമ്മ നല്ല പിള്ള ചമയാണെന്ന്.
” ആ ,പിന്നെ മോളേ, ഞാനിന്നലെ റാഷിനെ യാത്രയാക്കാൻ സ്റ്റേഷൻ വരെ പോയാര്ന്നു. അന്നെ ഇങ്ങോട്ട് കൂട്ടണകാര്യം ഒന്നൂടെ ഞാൻ സൂചിപ്പിച്ചു. അവൻ അവിടെ എത്തിയേ ശം കൂട്ടിക്കോളൂന്നും പറഞ്ഞു. അന്നെ കൂട്ടാൻ ഇക്ക ഇൻഷാ അള്ളാ നാളെ വരും.”
ഈ ഉമ്മ ഇക്കാടെ കൂടെ നാളെ എന്നെ വിടോ….. എന്നോട് എന്ത് കാണിച്ചാലും ഇക്കാടെ മുന്നിന്ന് ഒന്നും പറയാതിരുന്നാൽ മതിയായിരുന്നു.
“ഇക്ക, വേറൊരു കോള് വരുന്നുണ്ടെന്ന് കള്ളം പറഞ്ഞ് ഒന്ന് സലാം പോലും പറയാതെ ഞാൻ ഫോൺ കട്ട് ചെയ്തു.ഇക്കാ നോട് ഇനിയും സംസാരിച്ചാൽ ഞാൻ കരഞ്ഞുപോകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. റിസീവർ വെച്ച ഉടനെ ഫോൺ വീണ്ടും ശബ്ദിച്ചു.ഉമ്മ വരുന്നതിന് മുൻപ് ഞാൻ പെട്ടെന്ന് അറ്റന്റ് ചെയ്തു.
“ഹലോ !………
“ഹലോ………. അസ്സലാമു അലൈക്കും.റബ്ബേ !റാഷിക്ക
“വ അലൈകു മുസ്സലാം…….. സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു.ഇക്ക, സുഖാണോ..? എന്താ ഇക്ക ഇതുവരെ വിളിക്കാതിരുന്നേ….. ഞാനെത്ര നേരായി കാത്തിരിയ്ക്കണെന്നറിയോ…… ആ ടെത്തുമ്പോളേക്കും ഇക്കാക്ക് ഞാൻ ആരു അല്ലാണ്ടായോ….. റൂമിലെ പ്പെഴാ എത്തിയെ? ഇക്ക എന്തേലും കഴിച്ചോ …..? ഇപ്പൊ എവിടെയാളെള….. ?” സലാം പറഞ്ഞതല്ലാതെ ഇക്കാനെ ഇങ്ങോട്ട് ഒന്നും പറയാൻ സമ്മതിച്ചില്ല ഞാൻ –
” ന്റെ, പെണ്ണേ! നീയൊന്നു ശ്വാസം വിട്. ” ഇക്ക പറഞ്ഞത് കേട്ട് ഞാൻ ചെറുതായൊന്നു ചിരിച്ചു. “ഇങ്ങക്കറിയില്ല.കെട്ടിയ പെണ്ണിനെ തനിച്ചാക്കി പോമ്പോ ഓളെ ഉള്ളിലുള്ള വെഷമം.” അൽപം പരിഭവത്തോടെയാണ് ഞാനത് പറഞ്ഞത് .” ഊം, കണ്ടിന് അന്റെ വെഷമം ഞാൻ.” അതോണ്ടല്ലെ,ജ്ജ് ഞാൻ എത്തണേയ്ന് മുന്നേ കെടന്ന് ഒറങ്ങ്യേത്.” ഇക്കാടെ ആ പറച്ചലിന് എന്ത് പറയണം ന്നറിയാതെ ഞാൻ കുഴങ്ങി.
” അത് ,പിന്നെ ,ഇക്കാ…… റിസീവറിന്റെ വയറ് കൈ വിരല് കൊണ്ട് ചുരുട്ടി പറയാൻ തുടങ്ങുമ്പോഴേക്കും പിന്നിൽ നിന്നും തൊണ്ട അനക്കിയൊരു ശബ്ദംകേട്ടു .ഉമ്മയാണ്. എന്നെ നോക്കി ആരാ എന്ന് കൈ കൊണ്ട് അംഗ്യം കാണിച്ചു ചോദിച്ചു.ഇക്കയാണെന്ന് ഞാൻ പതിയെ മറുപടി പറഞ്ഞു.ഞാൻ സംസാരിക്കുമ്പോൾ ഉമ്മ റൂമിൽ തന്നെ ചുറ്റിപ്പറ്റി നിന്നു. എനിക്കാണേൽ ഒന്നും മിണ്ടാനും പറ്റിയില്ല.
ഇങ്ങനെ പോയാൽ ഞാനിവിടന്ന് നീറി നീറി മരിക്കും. എന്ത് പണി വേണേലും ചെയ്യാം – പട്ടിണീം കിടക്കാം.പക്ഷേ ഇക്ക വിളിക്കുമ്പോൾ ഒരു ദിവസമെങ്കിലും സമാധാനത്തോടെ ഞങ്ങളുടേതായ ലോകത്തീന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ….. ആ ആഗ്രഹം പൂവണിയണമെങ്കിൽ എങ്ങനെ എങ്കിലും ഒരു മൊബൈൽ ഫോൺ കിട്ടിയേ തീരൂ…… പക്ഷേ, എങ്ങനെ?
പിറ്റേന്ന്, വൈകുന്നേരം ഞാൻ എന്റെ ഷെൽഫീന്ന് തുണിയൊക്കെ അടക്കി വെക്കുകയായിരുന്നു. അപ്പോഴാണ് കോളിംഗ് ബെൽ കരഞ്ഞത്. ഉമ്മയും റാഹിലാത്തയും ടീവി കാണുകയായിരുന്നു. ഇവിടെ ഏത് നേരവും അത് ഓണിൽ തന്നെയാ. അതിപ്പൊ മഗ് രിബ് ഇശായ്‌ക്ക് ഇടയിലായാലും ശരി.കോളിംഗ് ബെൽ കേൾക്കുമ്പോൾ ടീ വീടെ മുന്നീ ന്നെണീറ്റ് ഉമ്മ നേരെ കിച്ചണിലോട്ട് പോകും.ഉമ്മ ടിവി നോക്കുന്നത് ആരും അറിയാണ്ടിരിക്കാനുള്ള ഉമ്മാടെ സൂത്ര അത് .കോളിംഗ് ബെൽ കരഞ്ഞുകൊണ്ടേ ഇരുന്നു. ആരും വാതിൽ തുറക്കാത്തത് കൊണ്ട് ഞാൻ പോയി തുറന്നു…… ന്റെ അള്ളോ….. ആരൊക്കെയാ ഇത് ….

സലാം കേട്ടാണ് ഉമ്മ ഹാളിലേക്ക് വന്നത്. [എന്ത് കേട്ടാലും ടീവിടേ മുന്നിന്ന് എഴുന്നേൽക്കാത്ത ആളാ…..] “ജ്ജ് അബടെന്നെ നിക്ക്യാ….. ഔത്തോട്ടിരിക്ക്. ഷാഹ്യേ …..” ഉമ്മ പറഞ്ഞു. ഷാഹിക്ക കയറി ഇരുന്നു.. ഷാനിദും മിർഷു മോനും കൂടെ ഉണ്ടായിരുന്നു. ഷാനീ ടെ കൈയ്യീന്ന് ഞാൻ മോനെ വാങ്ങി. അല്ലങ്കിൽ എത്ര ചോദിച്ചാലും ഷാനി കുഞ്ഞിനെ തരാറില്ല. ഇന്നിപ്പോ….. അകന്നിരിക്കുമ്പോഴാ സ്നേഹത്തിന്റ ആഴം അറിയുന്നത് എന്ന് പറയുന്നത് എത്ര ശരിയാ ….. ഷാനിക്ക് മോനെ തരാൻ ഒരു മടിയും കണ്ടില്ല.ഷാഹിക്ക എന്നെ കൊണ്ടു പോകാനാ വന്നതെന്ന് എനിക്ക് ഉറപ്പായി….. ഉമ്മാനോട് ചോദിച്ചാൽ ഉമ്മ ഷാഹിക്കാനോട് ദേഷ്യപ്പെട്ടുമോ എന്ന് ഭയന്ന് ഞാൻ മാറി നിന്നു.
റാഹിലാത്ത ടീവീടെ മുന്നീന്ന് എണീറ്റതേ ഇല്ല. ചായ കുടിയൊക്കെ കഴിഞ്ഞ് ഇറങ്ങാൻ നേരത്താണ് ഷാഹിക്ക താൻ വന്ന കാര്യം പറഞ്ഞത്. “അയ്നെന്താ…. ഞാൻ ഓളേ അയക്കണംന്ന് ബിജാരിച്ചെ ള്ളൂ. റാഷി പോയ ബേജാറ്ണ്ടാവല്ലേ ഓളെ മനസ്സില് .ഇപ്പൊ ജ്ജ് കൂട്ടീട്ട് രണ്ടീസം കൈഞ്ഞ് അയച്ചാളീ….. “കുട്ട്യോളൊക്കെ പോയിക്കയിഞ്ഞാ ഞാനീടെ ഒറ്റയ്ക്യാ….. റാഷിടെ നിക്കാഹ് കൈഞ്ഞേശം റായും ബ്ടെ ബരണ കൊറവാ ….. ഉമ്മാക്കിപ്പൊ ശാദീ ണ്ടല്ലോ കൂട്ടിനെന്നാ ഓള് പറയാറ്.
ചായ കുടിച്ച ഗ്ലാസും കഴുകി വെച്ച് ഹാളിലേക്ക് വന്ന ഞാൻ ഷാഹിക്കാട് ഉമ്മ പറഞ്ഞത് കേട്ട് ഞെട്ടി.എങ്ങനെയാ ഉമ്മാക്ക് ഇങ്ങനെ കള്ളം പറയാൻ പറ്റണതെന്ന് ഞാൻ ചിന്തിച്ചു. കുറച്ച് മുൻപ് വരെ കണ്ട ഉമ്മയായിരുന്നില്ല അപ്പോൾ . എന്തൊരു ചിരിയാ ആ മുഖത്ത്.ഈ ഡബിൾ റോൾ കളി വല്ല സിനിമേലും ആയിരുന്നെങ്കിൽ ഉമ്മാക്ക് ഓസ്കാർ വരെ കിട്ടിയേനെ. എന്തൊക്കെയായാലും ഷാഹിക്കാടെ മുന്നിൽ ഒന്നും പറഞ്ഞില്ലല്ലോ. എനിക്കത് മതി .അതിലുപരി ഇവിടന്ന് തൽക്കാലം രക്ഷപ്പെടാല്ലോന്ന സന്തോഷവും.

ഉമ്മാനോട് യാത്ര പറഞ്ഞിറങ്ങി. ഷാഹിക്ക എന്നെ കാറിൽ മുന്നിലിരുത്തി. പരമാവധി ഒഴിയാൻ നോക്കി എങ്കിലും ഇക്കസമ്മതിച്ചില്ല.ഹമ്പെത്തുമ്പോഴും ഗിയറിമ്പോഴൊക്കെ റാഷിക്കാനെ ഓർമ്മ വന്നു.
“അന്നെ കൂട്ടാൻ ബൈക്കെടുത്ത് വരാനൊരുങ്ങിയതാ. ഇവരും കൂടി വരുന്നെന്ന് പറഞ്ഞപ്പോൾ പിന്നെ കാറെടുത്തിങ്ങ് പോന്നു “ഷാഹിക്ക ഓരോന്ന് പറയുമ്പോഴും എന്റെ മനസ്സ് റാഷിക്കാടെ വീട്ടിലായിരുന്നു. റബ്ബേ…. രണ്ട് ദിവസം കഴിഞ്ഞാൽ പിന്നേം ചെല്ലേണ്ടത് ആ നരകത്തിലേക്കല്ലെ. അതോർക്കുമ്പോ നെഞ്ചൊന്നു പിടച്ചു.
ടൗണിലൊക്കെ ചുറ്റിത്തിരിഞ്ഞാണ് വീട്ടിലെത്തിയത് .കാറിന്ന് ഇറങ്ങുമ്പോൾ കണ്ടത് അമ്മുനെയാണ്.ഉമ്മറപ്പടിയിലിരുന്നു പച്ച ഓലകൾ കൊണ്ട് ചൂലുണ്ടാക്കുന്നു.. ഈ അമ്മു ഇങ്ങനെയാ. ഒരു മിനുറ്റ് പോലും വെറുതെ ഇരിക്കില്ല. ഞങ്ങളെ കണ്ടപ്പോൾ ഓലയും ചൂലൊക്കെ ഒരു സൈഡിൽ ഒതുക്കി ചൂരിദാറും തട്ടിക്കുടഞ്ഞ് എഴുന്നേറ്റു വന്നു..മിർഷു ഉമ്മാനെ കണ്ടയുടനെ കരയാൻ തുടങ്ങി. ” ഇത്രം നേരം ന്റെ കൈയ്യിൽ ണ്ടായിട്ട് അടങ്ങി ഇരിന്നിട്ടിപ്പൊ, അന്റുമ്മാനെ കണ്ടപ്പോ ഓന്റെ കളി കണ്ടില്ലെ. കള്ളൻ ” പരാതി പറഞ്ഞ് കവിളിൽ ഒരു കടിയും കൊടുത്ത് ഷാനി മിർഷൂനെ അമ്മൂനേൽപ്പിച്ചു.
ഉമ്മ നിസ്കാരപ്പായിൽ ഇരുന്ന് ഖുറാൻ ഓതുകയായിരുന്നു. ഉപ്പ മരിച്ച ശേഷം അങ്ങനെ അനാവശ്യമായൊന്നും ഉമ്മ പുറത്തിറങ്ങാറില്ല. കിട്ടുന്ന സമയത്തൊക്കെ ഖുറാൻ ഓതിക്കൊണ്ടിരിക്കും.ഉമ്മാനോട് സലാം പറഞ്ഞ് ഞാൻ അകത്ത് കയറി.
ഞനെന്റെ റൂമിന്റെ വാതിൽ തുറക്കുമ്പോ റാഷിക്കാനെ ഓർമ്മ വന്നു. റൂമിൽ എങ്ങും റാഷിക്കാടെ മണം.. പർദ്ദ മാറ്റി വെച്ച് ഞാൻ നേരെ ഉമ്മാമാടെ വീട്ടിൽ പോയി. റാഷിക്ക ഉണ്ടാവുമ്പോഴും വീട്ടിലെത്തിയ ഉടനെ ഞാൻ അങ്ങോട്ടോടും. അത് കാണുമ്പോ റാഷിക്ക പറയും .ഉമ്മാമാടെ പൊര ഇത്ര മുറ്റത്തയതോണ്ടല്ലെ ജ്ജ് അവിടെ കഥകള്‍.കോംപോണത്. അല്ലെങ്കിൽ ഈ സ്നേഹോന്നും അനക്ക് കാണില്ലായിരുന്നെന്ന്. എന്താന്നറിയില്ല.എനിക്ക് അവിടെ പോയാലേ മനസ്സിനൊരു തൃപ്തി വരൂ…. ഉമ്മാമയും ചെറിയാത്തയും മാത്രേ ഉണ്ടായിരുന്നവിടെ. മൂത്താക്കയുടെയും ചെറിയാക്കയുടെയും ഭാര്യമാർ അവരവരുടെ വീട്ടിൽ പോയിരുന്നു.എന്റെ കല്യാണത്തിന് ഒരാഴ്ച മുമ്പേ വന്നതാ. ഇനി ഒന്നോ രണ്ടാഴ്ച അവിടെ നിന്നേ അവരൊക്കെ മടങ്ങി വരൂ….. ചെറിയാത്തയും ഉമ്മാമയും രണ്ട് മരുമക്കളുമാണ് തറവാട്ടിൽ .ചെറിയാത്ത ഇടയ്ക്കിടെ ഉമ്മാമാനെ കാണാൻ തറവാട്ടിൽ വരും. കല്യാണ ശേഷം ചെറിയാത്ത ഭർത്താവിന്റെ വീട്ടിൽ തന്നെയാ…..” ഉമ്മാമാടെ ശാദിക്കുട്ടി എപ്പഴാ വന്നെ”?
“ഇപ്പൊ വന്നെ ഉള്ളു…. അപ്പൊ പിന്നെ ഇങ്ങളെയൊക്കെ കാണാന്ന് കരുതി. അതോണ്ട് വന്ന ഉടനെ ഇങ്ങോട് പോന്നു.”റാഷീ ടെ പൊരെലെല്ലാർക്കും സുഖല്ലേ മോളേ ” ചോദ്യം ചെറിത്താടെ വകയായിരുന്നു.ഓലെ ത്ര സുഖം ദുനിയാവില് വേറെ ആർക്കാന്ന് പറയണംന്നുണ്ടായിരുന്നെനിക്ക്……
മഗ്‌രിബിന് മുമ്പേ അവിടന്ന് ഞാൻ വീട്ടിലേക്ക് വന്നു.
ഇശാ നിസ്കാരം കഴിഞ്ഞ് അമ്മു ഭക്ഷണമുണ്ടാക്കാനായി കിച്ചണിലായിരുന്നു.ഞാൻ ഹെൽപ് ചെയ്യാനായി പിന്നാലെ ചെന്നു. അന്ന് വരെ അമ്മൂന്നെ ഒന്നിനും സഹായിക്കാതെ കാര്യം ഓർത്തപ്പോൾ എനിക്ക് കുറ്റബോധം തോന്നി. “ന്താ! ശാദി ….. ഇജ്ജ് പതിവില്ലാത്ത കിച്ചണിൽ ചുറ്റിത്തിരിയണ്. “അത് ,പിന്നെ…. ഒന്നൂല്ലാ…. അല്ല.. അമ്മൂ… ഞാനൊന്ന് ചോയ്ച്ചാ ങ്ങക്ക് ബെശമാവോ…?
ആദ്യം അന്റെ ചോദ്യം കേക്കട്ടെ …. എന്നിട്ട് തീരുമാനിക്ക ബെശമാക്കണോ ബേണ്ടേന്ന്….? ഞാൻ കുറച്ച് സമയം മിണ്ടാണ്ടിരുന്നു.
“ജ്ജ്, ചോയിക്കടി ”
“അത്… ഇങ്ങള് ഇക്കാട് പറയണ്ട.നിക്കൊരു സംശയം ചോയിക്കാനാ…..”
” വളച്ച് കെട്ടാതെ ചോയ്ക്ക് നീ …. ഞാനിക്കാടൊന്നും പറയില്ല.ന്താ അനക്ക് പറ്റ്യേ… ”
കല്യാണം കൈഞ്ഞ് ഇക്ക ഗൾഫിലോട്ട് പോയേശം ഇങ്ങക്ക് എങ്ങനെയാ ബേജാ റൊക്കെ പോയേ….. ” എന്റെ ചോദ്യം കേട്ട് ആദ്യം അമ്മു ചിരിച്ചെങ്കിലും എന്തോ ഒന്നോർത്തെടുത്ത പോലെ പറഞ്ഞു തുടങ്ങി.
“ഇക്ക, എറങ്ങണേയ്ന് മുമ്പേ ജമീലാത്ത പറഞ്ഞായ്രുന്നു. മോളേ…..!ഷാഹി എറങ്ങുമ്പോ അനക്ക് ബെശമൊക്കെ ണ്ടാവും. ന്ന് വെച്ച് കരയാനൊന്നും നിക്കണ്ട. ഓ ൽക്ക് ഇഷ് ടോണ്ടായതോണ്ട് പോണതോന്നു അല്ലല്ലോ …. പിന്നെ ഈടെ നിന്നിറ്റ് ഓലെ ന്താക്കാനാ… ഒന്നു കരകയറിപ്പറ്റണ്ടേ ന്നൊക്കെ…..
പിന്നെ പോയി എത്തിയോടനെ ഷാഹിക്ക വിളിച്ചു. കൊറേയൊക്കെ സമാധാനിപ്പിച്ചു.ആ വിളിയും സമാധാനാക്കെ പോരെ എല്ലാ ബെശമോം മാറാൻ….. ഇപ്പൊ ഇയ്യ് ഇതൊക്കെ ചോയ്ക്കാൻ കാരണം…. ”
“ഒന്നൂല്ല. അമ്മൂ…. എന്നെപ്പോലെ എല്ലാർക്കും ബെശമോണ്ടോ ന്നറിയാൻ ബേണ്ടി ചോയ്ച്ചെന്നേ ഉള്ളൂ.”
” അന്റെ ചോദ്യയ്പ്പോ ജോറായെ …. കെട്ട്യേംമാർ പോമ്പോള്ളെ നെഞ്ചിലെ ആ നീറ്റൽ അത് ആരിക്കായാലും ഇല്ലാണ്ടിരിക്കോ പെണ്ണേ…. റബ്ബേ…… അത് അനുഭവിച്ചന്നെ അറിയണം.”
“അമ്മൂ… ഒന്നും കൂടി ചൊയ്ച്ചോട്ടെ “..
“ജ്ജ് ഓരോന്ന് ചോയ്ച്ച് ന്നേം കൂടി ബെശമിപ്പിക്ക്യാ…..”
അതല്ല…. അമ്മൂ…..
ഇയ്യൊന്നും പറയണ്ട…. ശാദ്യേ….നിക്ക് മനസ്സിലാവും അന്റെ ഇപ്പള്ത്തെ ബേജാറ് . ഓലെ പൊരേന്ന് പണി എടുക്കാനും മറ്റെന്തിനും ഒരു മൂഡ് കിട്ടൂലാ…..
” അത് അല്ലെലും കിട്ടാറില്ല അമ്മൂ…. ”
അയ്ന് ഞാനനക്കൊരു മരുന്ന് പറഞ്ഞരാ…” നല്ല സമാധാനോം കിട്ടും…
” ന്താ! അത് ” സമാധാനം കിട്ടുമെന്ന് പറഞ്ഞപ്പോഴന്നെ എനിക്ക് പകുതി സമാധാനമായി:
രാവിലെ നിസ്കാരൊക്കെ കൈഞ്ഞ് അടുക്കളേൽ പണി എടുക്കുമ്പോളൊക്കെ സ്വലാത്ത് ചൊല്ലി അങ്ങ് തൊടങ്ങ്….. എളുപ്പം പണീം തീരും ചൊല്ലിയതിന്റെ കൂലീം കിട്ടും നല്ല സമാധാനോം കിട്ടും. [ പരീക്ഷിച്ചു നോക്കുക …..വിജയം ഉറപ്പ്…..] ഊം… ഇൻ ഷാ അള്ളാ….. എന്നും പറഞ്ഞ് ഞാൻ അറയിലേക്ക് പോയി.അങ്ങനെയാണെങ്കിൽ അവിടെന്ന് ഒരു ദിവസം മുഴുവൻ സ്വലാത്ത് ചൊല്ലേണ്ടി വരൂന്ന് അമ്മൂനറിയില്ലല്ലോ …. അത്ര നല്ല ഉമ്മയാണല്ലോ ന്റെ റാഷിക്കാടേത്….. സ്വലാത്ത് ചൊല്ലി ഒരു പണി തീർക്കുമ്പോൾ ദേ കിട്ടും അടുത്ത പണി …….?
തലേന്ന് ഉച്ചയ്ക്കാണ് അവസാനമായി റാഷിക്കാടെ ശബ്ദം കേട്ടത്. ഇപ്പൊ ഇത്രേം സമയായിട്ടും ഒന്നു വിളിച്ചതു പോലൂല്ല. പിന്നെങ്ങനെയാ അമ്മു പറഞ്ഞ പോലെ ഇക്കാടെ വർത്താനം കേട്ടെങ്കിലും സമാധാനപ്പെടേണ്ടത്. വല്ലാത്തൊരു വിധി തന്നെയാ ഇത്…..
കിടക്കാൻ നേരത്താണ് റാഷിക്ക എൻഗേജ്മെന്റിന് തന്ന ഫോണിന്റെ കാര്യം ഓർമ്മ വന്നത് .അതെടുക്കാനായി ഷെൽഫ് തുറന്നു.അത് അവിടെ ഇല്ലായിരുന്നു. കല്യാണത്തലേന്ന് ഷെൽഫിൽ വെച്ചതാണ്.പിന്നെ അതിന്റെ ആവശ്യം വന്നില്ല. ഓർമ്മയുള്ള സ്ഥലങ്ങളിൽ മൊത്തം പരതി നോക്കി. കിട്ടിയില്ല….. റബ്ബേ ! ആകെയുള്ള പ്രതീക്ഷയായിരുന്നു ആ ഫോൺ .ഇനി ഇപ്പൊ എന്ത് ചെയ്യും…….

പിറ്റേന്ന് രാവിലെ മുതൽ വീണ്ടും അന്വേഷണം തുടങ്ങി.ആ അന്വേഷണം അവസാനിച്ചത്
ആക്രി സാധനം ഇട്ടു വെക്കുന്ന ഒരു തകരപ്പെടിയിലായിരുന്നു. അതിൽ നിന്നും ഓരോന്നും വാരിവലിച്ചിട്ട് തിരയാൻ തുടങ്ങി. അപ്പോഴാണ് ഒരു കടലാസിൽ പൊതിഞ്ഞ് ഭദ്രമായി കെട്ടിവെച്ച ഒരു കവർ എനിക്ക് കിട്ടിയത്……അതെടുത്ത് പൊട്ടിച്ചു നോക്കി…….അൽഹംദുലില്ലാഹ്…. ഒരു പാട് നാളു മുൻപ് ഞാൻ അന്വേഷണം നടത്തി പരാജയപ്പെട്ട സാധനം ……..

ഓർമ്മയുടെ നൊമ്പരങ്ങൾ കൂട്ടി വെച്ച ഒരു കുഞ്ഞു പുസ്തകം. അതെ,അതു തന്നെ നിങ്ങളുടെ ഭാഷയിൽ “ഓട്ടോ ഗ്രാഫ് ”
കഴിഞ്ഞകാല സ്മരണകൾ പുതുക്കാൻ വേണ്ടിയുള്ള ഒരവസരം…. ഫോൺ കിട്ടിയില്ലെങ്കിലെന്താ ….? എനിക്കിതുമതി. തൽക്കാലം ഒരു ആശ്വാസത്തിന് .ബാക്കി വരുന്ന സാധനങ്ങളൊക്കെ തകരപ്പെട്ടിയിൽ തിരികെ വെച്ച് ഓട്ടോഗ്രാഫുമായി ഞാൻ അറയിലേക്ക് നടന്നു. ലാന്റ് ഫോൺ കണക്ഷൻ എടുത്ത സമയത്ത് കൂട്ടുകാരെ വിളിക്കാൻ വേണ്ടിയാണ് ഇതിനായി ഞാനൊരു അന്വേഷണം നടത്തിയത് .പിന്നെ കല്ല്യാണം ക്ഷണിക്കാൻ വേണ്ടിയും.
കട്ടിലിൽ കമിഴ്ന്ന് കിടന്ന് കൊണ്ട് ഒരു തലയണ അമർത്തി പിടിച്ചാ പുസ്തകം തുറന്ന് ഓരോ പേജും മറിക്കാൻ തുടങ്ങി.
v ശാല മനസ്സേ
v രോധം അരുതേ
v ധിയുണ്ടെങ്കിൽ
v ണ്ടും കാണാം
———————————-
പൂ പറയുന്നു പറിക്കരുത്.
മരം പറയുന്നു വെട്ടരുത്.
ഞാൻ പറയുന്നു മറക്കരുത്.
———————————————-
ഓരോ പേജിലേയും അർത്ഥമുറ്റതായ വരികൾ …. എല്ലാവരുടേയും ഡയലോഗിന് പിന്നാലെ ഒരു റിക്വസ്റ്റ് എന്ന പോലെ അവസാന വരി…. NB :വിവാഹത്തിന് ക്ഷണിക്കാൻ മറക്കരുത്.അഡ്രസും ഫോൺ നമ്പറും അടക്കമുണ്ട്.
എല്ലാവരെയും വിളിക്കണമെന്ന് കരുതിയതാ….. എന്നിട്ടും എനിക്കെന്തോ … അതിന് കഴിഞ്ഞില്ല.
പുസ്തകത്താളിലെ ആ പഴയ മണം എന്നെ എന്റെ സ്കൂൾ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. മട്ടത്രികോണവും ന്യൂന ത്രികോണവും പഠിപ്പിച്ച സുനിത ടീച്ചർ.റേഡിയോ കണ്ടു പിടിച്ച മാർക്കോണിയേയും വൈദ്യു തിയുടെ പിതാവ് ഫാരഡെയും അറിയിച്ചു തന്ന എന്റെ പ്രിയപ്പെട്ട ജയ ടീച്ചർ ….ജാലിയൻ വാലാബാഗും ഉപ്പുസത്യാഗ്രഹവും കഥാരൂപത്തിൽ പറഞ്ഞു തന്ന പ്രേമലത ടീച്ചർ ……കൂടെ പഠിച്ച കൂട്ടുകാർ ….. അറിവിന്റെ അക്ഷരക്കനി തുറന്നു തന്ന എന്റെ പ്രിയപ്പെട്ട മറ്റു അധ്യാപകർ …….
എന്തു രസായിരുന്നു ആ കാലം. മലയാളം II – ലെ രണ്ട് വരക്കോപ്പി.പ്രബന്ധം ബുക്ക്.
ക്ലാസ് ലീഡറായത് കൊണ്ട് എല്ലാ കുട്ടികളോടും ഈ രണ്ട് പുസ്തകവും വാങ്ങിച്ച് സ്റ്റാഫ് റൂമിൽ ക്ലാസ് ടീച്ചർ ഇരിക്കുന്ന സ്ഥലത്ത് ഡസ്കിന്റെ അറ്റത്ത് വെക്കണം. ഞാൻ അൽപം ഗമയോടാണ് കൊണ്ടു വെക്കാറുള്ളത്. ക്ലാസിൽ ടീച്ചറില്ലാത്ത സമയത്ത് ഡിസിപ്ലിൻ പാലിക്കാത്ത കുട്ടികളുടെ പേരെഴുതാൻ പറയുമ്പോൾ ഓരോരുത്തരുടെയും പേരെഴുതാതിരിക്കാൻ കുറച്ച് കൂടുതൽ സ്നേഹം കാണിക്കുന്ന കൂട്ടുകാർ.സെന്റ് ഓഫ് നടക്കുന്ന ദിവസം സെറ്റ്
പാവാടയും ബ്ലൗസും ധരിച്ച് വരണമെന്ന് പറഞ്ഞ കൂട്ടുകാരിടെ നിർദ്ദേശം എല്ലാവരും അംഗീകരിച്ചപ്പോൾ അതിനു വേണ്ടി ഉമ്മയോട് വാശി പിടിച്ച ദിവസങ്ങൾ ….. അങ്ങനെ എത്ര എത്ര ഓർമ്മകൾ….. ഇനി തിരികെ കിട്ടുമോ ആ കാലം …. ടെൻഷനില്ലാതെ ആരെ കുറിച്ചോർത്തും ആവലാതിപ്പെടാനില്ലാത്ത സുന്ദരമായ കാലം ….. തിരിച്ചു കിട്ടുമെന്ന് ഉറപ്പില്ലാത്തത് കൊണ്ടാണല്ലോ ആ കാലം അത്ര സുന്ദരമായിരുന്നത് അല്ലെ…..
വേണ്ടായിരുന്നു. കല്യാണവും കെട്ട്യോനും കുടുംബവും ഒന്നും വേണ്ടായിരുന്നു. ആ പഴയ സ്കൂൾ കുട്ടിയായിരുന്നെങ്കിൽ …….. എന്റെ കണ്ണിൽ നിന്നും രണ്ടിറ്റു കണ്ണുനീർ തുള്ളിആ ഓർമ്മ പുസ്തകത്തിൽ പതിച്ചു.
” ശാദ്യേ…. അനക്കൊരു ഫോണുണ്ട്….. കതകിൽ തട്ടി വിളിച്ചു കൊണ്ട് അമ്മു പറഞ്ഞു.
“ആരാ….? അമ്മു…..
” റാഷിയാ…… ജ്ജ് ഒന്നു പെട്ടെന്ന് വാ ….. കട്ട് ആക്കിയിട്ടില്ലാ….. ന്തോ അർജെന്റ് പറയാനുണ്ടെന്ന് ….”
ന്റ, റബ്ബേ… റാഷിക്കാക്ക് വല്ല അപകടോം ….. എനിക്കാകെ പേടിയായി .
ഓട്ടോഗ്രാഫും മടക്കി വെച്ച് ഞാൻ ഫോണെടുക്കാനായി പോയി. അറ്റന്റ് ചെയ്തപ്പോഴേക്കും കോൾ ഡിസ്കണക്ടായി. ടെൻഷൻ കൂടി കൂടി വന്നു. ഇപ്പൊ വിളിക്കും എന്ന പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നു.പതിനഞ്ചു മിനുറ്റിനു ശേഷമാണ് റാഷിക്ക വീണ്ടും വിളിച്ചത്.
ഒരു പ്രാവശ്യം റിംഗ് ചെയ്യുമ്പോൾ തന്നെ ഞാൻ അറ്റന്റ് ചെയ്തു.
“ഹലോ !റാഷിക്ക…. സുഖല്ലേ …..
മറുപടിയൊന്നും വന്നില്ല …. ഹലോ…..”
ഹലോ…! അനക്കല്ലെ ഇപ്പൊ സുഖം.ജ്ജ് ആരോട് ചോയ്ച്ചാ അന്റെ പൊരേ ലോട്ട് പോയെ….. എന്റെ ചോദ്യത്തിന് ഒരു മറുപടിയും തരാതെ റാഷിക്ക ഗർജ്ജിച്ചു…..
“ഇക്ക! അത് പിന്നെ…. ”
വേണ്ടാ…… ഇയ്യ് ഇനി ഒന്നും പറയണ്ടാ….. ന്റുമ്മ അന്നോട് ഇപ്പൊ പോവണ്ടാ …. ഉമ്മാക്ക് സുഖ ല്ല്യാന്ന് പറഞ്ഞേല്ലേ….. എന്നിട്ട് അന്റെ ആങ്ങളേനെ കണ്ടപ്പോ തന്നിഷ്ടത്തിന് എറങ്ങിപ്പോയില്ലെ ഇയ്യ്… ”
എനിക്ക് ചുറ്റും ഭൂമി കറങ്ങണ പോലെ തോന്നി. റബ്ബേ… ഈ ഉമ്മ എന്ത് വിഷാ ന്റിക്കാ ടെ മനസ്സിൽ കുത്തിക്കേറ്റിയത്.
“ഇക്കാ….! ഇങ്ങള് ഞാൻ പറേന്നൊന്ന് കേക്ക്…. ” ഞാൻ ഉമ്മാടെ….. “ഇക്ക എന്നെ മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല.
ബേണ്ടെടീ …’ ഇനി ഇയ്യൊന്നം പറയണ്ടാ…. നാളെ നേരം പൊലരും മുമ്പ് ഇയ്യ് ന്റെ പൊരേൽ എത്തിക്കൊള്ളണം. അല്ലെങ്കിൽ ന്റെ തനിസ്വാഭാവം അന്നെ അറിയിക്കും ഞാൻ…..”
എന്നെ അങ്ങോട്ടൊന്നും പറയാൻ സമ്മതിക്കാതെ ഇക്ക ഫോൺ കട്ട് ചെയ്തു. ഇനി എന്ത് എന്ന ചോദ്യം മാത്രം എന്നിൽ ബാക്കി .. ഞാൻ പെട്ടെന്ന് പോയാൽ ഷാഹിക്കാക്ക് സംശയം തോന്നും. എന്റെ അനുഭവം ഷാഹിക്ക അറിഞ്ഞാൽ ആ പാവം ചങ്ക് പൊട്ടി മരിക്കും…. ഞാൻ പോയില്ലെങ്കിൽ അമ്മായി ഉമ്മയും കെട്ട്യോനും കൂടി വാക്കെന്ന കത്തി കൊണ്ട് ഇഞ്ചിഞ്ചായി കൊല്ലും. ഏതായാലും സഹിക്കുക തന്നെ….. മധുവിധുമാറും മുമ്പേ മറു നാട്ടിലേക്ക് പറിച്ചുനട്ട മാരന്റെ മധുവൂറും വാക്കിനു വേണ്ടി കാത്തിരുന്ന എനിക്ക് കിട്ടിയ സമ്മാനം .എന്നാലും റാഷിക്ക ഇത്ര പെട്ടെന്ന്…… അതും എന്നോട്…… ഒറ്റപ്പെട്ടു പോയ പെണ്ണിനെ സമാധാനിപ്പിക്കേണ്ടതിന്നു പകരം … എനിക്കത് ഓർക്കാൻ കൂടി പറ്റുന്നില്ല. ഇല്ല. ഞാൻ…… ഞാൻ റാഷിക്കായിൽ നിന്ന് ഇങ്ങനൊരു മാറ്റം …… തീരെ പ്രതീക്ഷിച്ചില്ല.
രാത്രി ഉറങ്ങാൻ നേരം ഞാൻ വീണ്ടും എന്റെ ഓർമ്മ പുസ്തകമെടുത്ത് തുറന്ന് നോക്കി. ഓരോ കൂട്ടുകാരുടേയും സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളിൽ ഒന്നു കൂടി കണ്ണോടിച്ചു. ഇല്ല …. എനിക്കിനി ആ നഷ്ടപ്പെട്ട സ്കൂൾ ജീവിതം ഒരിക്കലും തിരിച്ചുകിട്ടില്ല. എനിക്കെന്നല്ല ആർക്കും …. ഓരോന്ന് ചിന്തിച്ച് എപ്പോഴോ ഉറക്കിലേക്ക് വഴുതി വീണു.

പതിവുപോലെ രാവിലെ അമ്മു വന്ന് കതകിന് മുട്ടി. നിസ്കാരവും മറ്റും കഴിഞ്ഞ് കിച്ചണിലേക്ക് വരുമ്പോൾ ഷാഹിക്ക വിളിച്ചു.
” ന്റെ റാണി മോളേ !ഇയ്യ് ഇപ്പൊ അടുക്കളേ ലോട്ട് കേറണ്ട. ഇക്കാടെ മോള് പോയി കൊറച്ചൊറങ്ങിക്കോ….. റാഷീ ടെ പൊരേന്ന് നേരത്തെ എണീക്കുന്നതല്ലെ “ഞങ്ങൾ ആണുങ്ങൾക്ക് ഗൾഫീന്ന് നാട്ടിൽ വരുന്ന പോലെയാ…. ഇങ്ങള് പെണ്ണ് ങ്ങക്ക് കെട്ടിയോന്റെ പെരേന്ന് സ്വന്തം പെരേലേക്ക് വരുമ്പോ ….. കൊറച്ച് റസ് റ്റൊക്കെ ബേണ്ടേ….. ”
ഒരു ഭാഗത്ത് സ്നേഹം കൊണ്ട് പൊതിയുന്ന ഇക്കാക്ക.മറുഭാഗത്ത് സ്നേഹം എന്തെന്നെന്ന് പോലുമറിയത്ത ഭർത്താവിന്റെ കൂട്ടര്.ഇതിന് രണ്ടിനും ഇടയിൽ ഞെരിഞ്ഞമരുന്ന ഈ ശാദിയ എന്ന പെണ്ണിന്റെ ജീവിതവും.
ഇക്കാക്ക എത്ര നിർബന്ധിച്ചിട്ടും ഞാൻ പോയി കിടന്നില്ല.
അമ്മു രാവിലെ തന്നെ പാത്രങ്ങളോട് മല്ലിടൽ തുടങ്ങി….
അമ്മൂനെ സഹായിക്കാൻ ഞാനും ഒപ്പം ചേർന്നു.പല തവണ അമ്മു വിലക്കിയെങ്കിലും ഞാനതൊന്നും കേട്ടതായി നടിച്ചില്ല. റാഷിക്കാടെ വീട്ടിൽ എല്ലാ പണിയും ഒറ്റയ്ക്ക് ചെയ്യുമ്പോൾ റാഹിലാത്ത എഴുന്നേറ്റു ഒന്നു സഹായിച്ചിരുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് പോലെയായിരിക്കുമല്ലോ അമ്മൂന്റെ മനസ്സിലും. അമ്മൂനെ ഓർത്തപ്പോൾ എനിക്ക് സങ്കടം തോന്നി. കല്യാണം കഴിഞ്ഞന്നു മുതൽ തുടങ്ങിയതാ അമ്മൂന് ഈ കിച്ചൺ ജോലി .എല്ലാ പെണ്ണിന്റെ അവസ്ഥയും ഇതു തന്നെയാണല്ലോ…..അല്ലെ.
ഒരു കണക്കിന് നോക്കിയാൽ അമ്മു ഭാഗ്യവതിയാ….. ശാസിക്കാനും കുത്തുവാക്കു പറയാനും അമ്മായി ഉമ്മ വരില്ല. മനസ്സ് നോവുമ്പോൾ നെഞ്ചോട് ചേർത്ത് സ്വാന്തനിപ്പിക്കാൻ ഷാഹി ദെന്ന എന്റെ ഇക്കാക്ക.പണിയൊക്കെ കഴിഞ്ഞ് സൊറ പറഞ്ഞിരിക്കാനും മനസ്സൽപം ശാന്തമാക്കാനും മുറ്റത്ത് തന്നെ ഉമ്മാമയും മരുമക്കളും. പിന്നെ എന്തിനും വഴികാട്ടിയായി ജമീലാത്തയും മറ്റുള്ളവരും .ഇതൊക്കെ തന്നെയല്ലെ ഒരു പെണ്ണിന്റെ ഏറ്റവും നല്ല ഭാഗ്യം. ഇങ്ങനെ സ്നേഹസമ്പന്നമായൊരു കുടുംബത്തിൽ ജനിച്ചിട്ടും എനിക്ക് കിട്ടിയതോ……
പടച്ചോന്റെ തീരുമാനമല്ലെ ….. മാറ്റാനൊക്കില്ലല്ലോ ….. വിധി എന്ന് കരുതി സമാധാനിക്കാം. അത്ര തന്നെ.
ഉച്ചയ്ക്ക് ചോറ് കഴിക്കാനിരിക്കുമ്പോഴാണ് ടൗണീന്ന് ഷാഹിക്കാടെ വരവ്. കൈയ്യിലൊരു പൊതിയുമുണ്ട്.ഭക്ഷണം കഴിച്ച് പാത്രങ്ങളൊക്കെ കഴുകി വെച്ച് ഞാനും അമ്മുവും ഉമ്മാ യും കൂടി ഓരോന്ന് പറഞ്ഞിരിക്കുമ്പോൾ ഷാഹിക്ക ആ പൊതിയുമായി ഞങ്ങളുടെ അരികിലേക്ക് വന്നു. കവർ പൊട്ടിച്ച് അതിൽ നിന്നാ സാധനം എടുക്കുമ്പോൾ തന്നെ അതെന്താണെന്നും ആ സാധനം എനിക്ക് തന്നെയാണെന്നും എനിക്ക് മനസ്സിലായി….. പക്ഷേ, എനിക്കെന്തിനാ അത് ഷാഹിക്ക സന്തോഷത്തോടെ അതെനിക്കു നേരെ നീട്ടി. വിറയാർന്ന കൈകളോടെ ഞാനാ സമ്മാനം സ്വീകരിച്ചു…… എന്റെ ഇക്കാക്കാടെ സ്നേഹവും ലാളനയും സന്തോഷവും ഒക്കെയുണ്ടായിരുന്നു ആ സമ്മാനത്തിന് …..

ഇക്ക തന്ന സമ്മാനം ഞാൻ ആദ്യം കാണിച്ചത് അമ്മൂനെ തന്നെയാ…. ജസ്റ്റ് ഒന്നു നോക്കി പുഞ്ചിരിച്ച് കൊണ്ട് അവളതെന്നെ തിരിച്ചേൽപ്പിച്ചു.
എൻഗേജ്മെന്റിന് റാഷിക്ക തന്ന ഫോൺ നോക്കിയ 11 10 …… ഇപ്പൊ ഷാഹിക്ക തന്നത് അതിലും വില കൂടിയ ഫോൺ നോക്കിയ 3110
ക്യാമറ , ബ്ലൂടൂത്ത്, മ്യൂസിക്ക് എന്തൊക്കെ സിസ്റ്റങ്ങളാ ഇതിൽ ….ഷാഹിക്കാടെ കൈയിൽ നിന്നതു വാങ്ങുമ്പോൾ ഞാൻ അമ്മൂടെ മുഖത്തേക്കൊന്നു നോക്കിയിരുന്നു. അമ്മുടെ മുഖത്ത് നല്ല സന്തോഷമായിരുന്നു.എന്ത് നല്ല പെണ്ണാ എന്റെ അമ്മു….. മനസ്സിൽ ഒരു തരിമണി പോലും അസൂയയില്ലാത്ത ഒരു പാവം പെണ്ണ്.
ഷാഹിക്ക ഫോണിന്റെ ഓരോ സിസ്റ്റവും പറഞ്ഞു തന്നു. എന്നിട്ട് അതിൽ നിന്നും ഓരോ പാട്ടും കേൾപ്പിച്ചു തന്നു. എന്ത് നല്ല പാട്ടുകൾ ….ഇഷ്ടമുള്ള പാട്ട് സെലക്ട് ചെയ്താൽ അത് റിംഗ് ട്യൂണായി വെക്കാൻ പറ്റുമെത്ര …. ഞാനൽ പം കൗതുകത്തോടെ തന്നെ ആ ഫോണിനെ നോക്കി.”ഇക്കാക്ക, ഇക്കായ്ക്ക് ഇഷ് ടോള്ള പാട്ട് സെലക്റ്റ് ചെയ്താ മതി…. നിക്കൊന്നും അറിയുന്നില്ല.
“മോളേ …..! ഓരോരുത്തര് ബിളിക്കുമ്പോ ഓരോരോ പാട്ട് ട്യൂണായി ബെക്കാൻ പറ്റും …. റാഷി ബിളിക്കുമ്പോ ഈ പാട്ട് വെക്കാ….. ഇയ്യൊന്ന് കേട്ട്നോക്ക്…. “ഇക്കാക്ക ഫോണിൽ ബട്ടൺ അമർത്തി ::
“നീ എന്റെതല്ലെ ഞാൻ നിന്റെതല്ലെ …
നമ്മൾ രണ്ടും ഒന്നല്ലെടീ
നമുക്കൊരു മനമല്ലെയോ- പെണ്ണേ
നിയെന്റെ സ്വന്തമല്ല ടീ.. – ?
ആ പാട്ട് കേട്ടപ്പോ ചിരിക്കണോ കരയണോന്നറിയാതെ ഞാൻ ഇക്കാക്കാന്റെ മുഖം നോക്കി…..
” ന്റിക്കാക്കാ…. നിക്കാ പാട്ടൊന്നും വേണ്ട. ഇക്കാക്ക ബിളിക്കുമ്പോ കേക്കാൻ അയിന് പറ്റിയ പാട്ട് മതി”
ഷാഹിക്ക ഒന്നു പുഞ്ചിരിച്ചു.എന്നിട്ട് വീണ്ടും സെർച്ചിങ് തുടങ്ങി ….. ഒടുവിൽ ഒരു പാട്ട് കണ്ടെത്തി.അത് കേൾക്കുമ്പോ തന്നെ എന്റെ കണ്ണ് നിറഞ്ഞു
” തരാം തരാം മുത്തം
ഈ പൂങ്കവിളിൽ നിത്യം
ഇക്കാക്കാന്റെ പൊന്നുമോളേ – നീ ഉറങ്ങണം വേഗം —- ”
” മതിയോ ശാദ്യേ ഇത് ”
ഞാനിക്കാക്കാന്റെ മുഖം നോക്കി തന്നെ നിന്നു…..
“ശാദ്യേ…മോളേ അന്നോടാ ചോയ്ച്ചേ…. ഇത് മതിയോ: അനക്ക്: ”
“മ്മ്…. ന്താ ഇക്കാ….. ഇക്കാ ഇപ്പൊ ന്താ ചോയ്ച്ചെ നിക്ക് മനസ്സിലായില്ല ”
” അനക്ക് ഞാൻ മനസ്സിലാക്കിത്തരാം ….. ഇയ്യാ ഫോണും കൊണ്ട് അപ്പുറത്ത് ഹാളിൽ പോയി നിക്ക് ….” ഇക്കാക്ക പറഞ്ഞ പോലെ ഞാൻ ഫോണുമായി ഹാളിലേക്ക് പോയി.
പെട്ടെന്ന് എന്റെ കൈയ്യിന്ന് വൈബ്രഷനോട് കൂടി ഫോൺ കരയാൻ തുടങ്ങി….
“തരാം തരാം മുത്തം …..
ഞാൻ സ്ക്രീനിലേക്ക് നോക്കി….ഷാഹിക്കാടെ പേരും അസ്സലൊരു ഫോട്ടോയും …. എന്ത് സുന്ദരനാ ന്റിക്കാക്ക ഈ ഫോട്ടോയിൽ ….. ഞാൻ സ്ക്രീനിൽ തന്നെ നോക്കി നിന്നു….. മതി …. ഇനി എനിക്കിതുമതി. എന്ത് സങ്കടം വരുമ്പോഴും ഈ ഫോണെടുത്ത് നോക്കിയാൽ ഇതിൽ എന്റെ ഇക്കാനെ കാണാലോ…. എനിക്ക് …. എനിക്കതുമതി…. ഈ മുഖത്തേക്കാളും വലുതായി ഈ ശാദിക്ക് വേറെന്തുണ്ടീ ദുനിയാവിൽ ……
എത്ര പെട്ടെന്നാ ഒരാഴ്ചയങ്ങ് കടന്ന് പോയത്. അത് പിന്നെ അങ്ങനയാ….. സ്വന്തം പൊരേല്‌ നിക്കുമ്പോ മിനുറ്റുകൾ മണിക്കൂർ പോലെയാ ഓടുന്നത്.കെട്ട്യോന്റെ വീട്ടിലാണെങ്കിൽ ഒരു ദിവസം ഒരു വർഷം പോലെയും.അവിടെന്ന് ഒരു മാസം തട്ടിക്കൂട്ടാനുള്ള പാട് ഒരു പെണ്ണിനേ അറിയൂ ….
വന്നിട്ട് ഒരാഴ്ച തികഞ്ഞിട്ടും റാഷിക്കായോ, റാഷിക്കാടെ വീട്ടിന്നോ ഒരാളും വിളിച്ചില്ല.ഇനി നിൽക്കുന്നത് പന്തിയല്ല, ഇൻഷാ അള്ളാഹ്.. നാളെ പോണം.
ഷാഹിക്കാനോട് റാഷിക്കാടെ വീട്ടിൽ കൊണ്ടു വിടണംന്ന് പറഞ്ഞപ്പഴേ ഇക്കാക്കാടെ മുഖമൊക്കെ അങ്ങ് വാടി….

പിറ്റേന്ന് മനസ്സില്ലാ മനസ്സോടെ എല്ലാ രോടും യാത്ര പറഞ്ഞ്
ഇക്കാടെ കൂടെ ഞാനാ പടി ഇറങ്ങി….
റാഷിക്കാടെ വീടെത്താനാകുമ്പോൾ എന്റെ ഉള്ളം പട പടാന്ന് മിടിക്കാൻ തുടങ്ങി. “ഫോണെടുത്തോ … വല്ലതും എടുക്കാൻ മറന്നോ” എന്നൊക്കെ ഇക്കാക്ക ചോദിക്കുന്നുണ്ട്. എനിക്കൊന്നും വ്യക്തമായില്ല. എന്റെ മനസ്സ് മുഴുവൻ റാഷിക്കാടെ ഉമ്മാന്റെ ഭയപ്പെടുത്തുന്ന രൂപമായിരുന്നു….
വീട്ടുപടിക്കൽ തന്നെ ഉമ്മയും റാഹിലാത്തയും നിൽക്കുന്നുണ്ട്. കാറിൽ നിന്നുമിറങ്ങുമ്പോൾ തന്നെ ഇരു കാൽ മുട്ടുകളും കൂട്ടിയിടിക്കാൻ തുടങ്ങി. അറവുശാലയിലേക്ക് കൊണ്ടു പോകുന്ന ആട്ടിൻ കുട്ടിയെ പോലെ ഷാഹിക്കാടെ പിന്നിലായി ഞാൻ വീടിന്റെ അകത്ത് കയറി….. സ്കൂളിൽ ചേർത്ത കുട്ടിയെ അധ്യാപകരെ ഏൽപ്പിച്ച് രക്ഷിതാക്കൾ പാത്തും പതുങ്ങിയും പോകും പോലെ ഷാഹിക്ക പോയി. എന്നോട് യാത്ര പോലും പറയാതെ ….. എന്റിക്കാ ടെ മനസ്സ് അത്ര മാത്രം വേദനിച്ചിരിക്കണം. എന്നെ പിരിയുമ്പോൾ …..
ഉമ്മയും റാഹിലാത്തയും എന്നോടൊന്നും മിണ്ടിയില്ല. കുറ്റം ചെയ്യാതെ ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നയാളുടെ അവസ്ഥയായിരുന്നു എനിക്ക്. എന്നെക്കാണുമ്പോൾ മാത്രം റാഹിത്തായും ഉമ്മയും കൂടി എന്തൊക്കെയോ പറഞ്ഞ് ചിരിക്കും.മർസൂഖും അവര് പറഞ്ഞതിനപ്പുറമില്ല. ആകെയുള്ള സമാധാനം എന്നെക്കാണുമ്പോഴുള്ള റുഫൈദയുടെ ചിരി മാത്രമാണ്. ലാന്റ് ഫോൺ പല തവണയായി റിംഗ് ചെയ്യുന്നുണ്ട്. ഉമ്മ എടുത്ത് സംസാരിക്കുന്നുണ്ട്. ആരാന്ന് മാത്രം എനിക്കറിയില്ല.
മഗ്രിബിന് വുളു ചെയ്യാൻ വേണ്ടി ബാത്ത് റൂമിലേക്ക് പോകുമ്പോഴാണ് ഫോൺ വീണ്ടും ശബ്ദിച്ചത്. ഇത്തവണ അറ്റൻറ് ചെയ്തത് റാഹിലാത്തയായിരുന്നു.
“ഹലോ’ റാഷി :..രണ്ട് മൂന്ന് ദെവസായല്ലോ ഇയ്യ് വിളിച്ചിട്ട്.
ഇല്ല റാഷ്യേ ഓള് വന്നില്ല. ഞാനും ഉമ്മയും കൊറെ പ്രാവശ്യം ഫോൺ ചെയ്താ ര്ന്ന് – അന്റെ നിക്കാഹി നേ ശം അന്റെ അളിയൻ ന്നെ ഇങ്ങട്ട് ബെരാനന്നെ സമ്മയ്ക്കണില്ല.അന്റെ ഓളുണ്ടല്ലോന്നാ മൂപ്പര് പറയണ്.പിന്നെ ജ്ജ് പോയേ ശം തൊടങ്ങീതാ ഉമ്മാക്ക് പനീം തല കറക്കൊക്കെ .അന്റെ കെട്ട്യോള് ഉമ്മാനെ തനിച്ചാക്കി പോയെന്നെച്ച് നിക്കയ്ന് പറ്റ്വോ…. പെറ്റുമ്മ ആയി പോയില്ലേ….. ” റാഹിലാത്ത ഇക്കാക്കാനെ ഓരോന്ന് പറഞ്ഞ് വശീകരിക്കുന്നു. കേൾക്കാൻ കൊതിയുണ്ടായത് കൊണ്ട് കേട്ടു നിന്ന തൊന്നുമല്ല ഞാൻ… പടച്ചോനായിട്ട് കേൾപ്പിച്ച് തന്നതാ….. എനിക്ക്.
റാഹിലാത്ത ഇനി എന്ത് തന്നെ പറഞ്ഞാലും എന്റിക്കാക്ക് എന്നെ അറിയാതെ പോയല്ലോ…. അതായിരുന്നു എന്റെ വിഷമം….കോൾ കട്ട് ചെയ്ത് ഞാനൊന്നുമറിയില്ലേ എന്ന മട്ടിൽ റാഹിലാത്ത എന്റെ മുന്നിലൂടെ ഒരു കള്ളച്ചിരിയും ചിരിച്ച് കടന്നു പോയി.
രാത്രി കിടക്കാൻ നേരം ഉമ്മ എന്നെ വിളിച്ചില്ല. റാഹിലാത്ത എന്റെ അറയിലോട്ടും വന്നില്ല .ഇനി ഇതിനും വല്ല കുതന്ത്രവും പണി തോ എന്തോ….?
ഞാൻ വാതിലടച്ചു കിടന്നു.ഷാഹിക്ക തന്ന ഫോണെടുത്ത് ഓരോ സിസ്റ്റവും പഠിക്കാൻ നോക്കി. പെട്ടെന്ന് ആരോ കതകിന് തട്ടി. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തലയണക്കടിയിൽ വെച്ചു.അൽപം ഭയത്തോടെ വാതിൽ തുറന്നു.
“ഞാനിവിടെ കെടന്നോട്ടെ, നിക്ക് അപ്പർത്ത് കെട്ന്ന് ഒർക്കം ബെരണില്ല.” അൽപം കൊഞ്ചലോടെ പറഞ്ഞ് റുഫൈദ അകത്ത് കയറി കിട്ടലിൽ സ്ഥാനം പിടിക്കുകയും ചെയ്തു.
എനിക്ക് കിടക്കാൻ കൂട്ടിന് ആളെ കിട്ടിയെങ്കിലും അവൾ ഫോൺ കാണുമോ എന്ന പേടി ഉണ്ടായിരുന്നു മനസ്സിൽ ……
” ഇങ്ങള് ആ എ സി ഒന്ന് ഓൺ ചെയ്യോ….? റുഫൈദ മുഖം താഴ്ത്തിക്കൊെണ്ടെന്നോട് ചോദിച്ചു.
അപ്പൊ ഉറക്കം വരാത്തത് തണുപ്പില്ലാത്തത് കൊണ്ടാ….. മനസ്സിൽ ചിരിച്ച് കൊണ്ട് ഞാൻ ഏസീ ടെ സ്വിച്ച് ഓൺ ചെയ്ത് റിമോർട്ട് പരതി.മുറി മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും റിമോർട്ട് കിട്ടിയില്ല. അപ്പോൾ റുഫൈദ ചിരിച്ചു കൊണ്ട് എന്റെ കാതിൽ വന്നു പറഞ്ഞു.
” ഇങ്ങളത് ഇനി തെരയണ്ട.റാഹിലാത്തയും ഉമ്മാ യും ചേർന്ന് അത് ഒളിപ്പിച്ചു വെച്ചു.ന്നിട്ട് മർസൂക്കാട് ഇങ്ങള് പൊരേ ലോട്ട് പോമ്പോ കൊണ്ടോയി ന്നാ പറഞ്ഞേക്ക്ണെ …. ഞാൻ പറഞ്ഞെന്ന് ഇനി ഇങ്ങള് ആരോടും പറയണ്ട ”
സുബ്ഹാന ള്ളാ …..എന്തൊക്കെയാ ഈ പൊ രേല് നടക്കണേ….. ഞാൻ മനസ്സിൽ ചിന്തിക്കാത്ത കാര്യങ്ങളാ ഓരെല്ലാരും കൂടി ചെയ്ത് വെക്കണത്. ആരെ ബോധിപ്പിക്കാൻ വേണ്ടിയാ….. അതിന് മാത്രം എന്ത് തെറ്റാ ഞാൻ ഓലോട് ചെയ്യുന്നത്. പണ്ടുള്ളോര് പറയുന്നത് ശരിയാ ….. ഇനി ആരെന്ത് ചെയ്താലും അത് കളാ വാക്കാൻ ശ്രമിച്ചാലും സത്യത്തിന്റെ ഒരംശമെങ്കിലും ബാക്കി കിടക്കുമെന്ന് .ആ ഒരംശമാ ഈ റുഫൈദ മോള് .
ഞാൻ ഓരോന്ന് ചിന്തിക്കുമ്പോഴേക്കും അവൾ കിടന്നു..ഉറങ്ങി എന്ന് ഉറപ്പു വരുത്തിയ ശേഷം ഞാൻ മെല്ലെ തലയണയ്ക്കടിയിൽ നിന്നും ഫോണെടുത്ത് ഓൺ ചെയ്തു. റാഷിക്കാക്ക് വിളിക്കണംന്ന് തോന്നി. ” റാഷിക്കാടെ നമ്പർ എനിക്കെ വിടന്നാ റബ്ബേ ഒന്നു കിട്ടുക.” അവിടിരുന്ന് ഞാനെന്നോട് തന്നെ ചോദിച്ചു പോയി…. ഫോണിൽ ഷാഹിക്കാടെ ഫോട്ടോ നോക്കി കണ്ണടച്ച് ആ നെറ്റിത്തടത്തിൽ ഒരു മുത്തം കൊടുത്തു. എപ്പൊഴോ ഉറങ്ങിപ്പോയി……
രാവിലെ അലക്കലൊക്കെ കഴിഞ്ഞ് അകത്ത് കയറിയപ്പഴാണ് റാഹിലാത്ത എന്നോട് പൊട്ടിത്തെറിച്ചത്.
“ഞാൻ അന്റെ മുറീൽ കെ ടക്കൂന്ന് പേടിച്ച് ജ്ജ് നേരത്തെ കെടന്നൊറങ്ങീതല്ലെ….”
ഇത്താത്ത കതക് ചവിട്ടിപ്പൊളിച്ച് കെടക്കണായിരുന്നു. ഓളെ പൊരേന്ന് കൊണ്ടോ ന്ന സ്വത്തൊന്നു അല്ലല്ലോ … ഇത്താത്ത പോരാഞ്ഞിട്ടാ…. റാഹിലാത്താടെ പൊട്ടിത്തെറിക്ക് മറുപടി എന്നോണം മർസൂഖ് അതേറ്റ് പിടിച്ചു….
“മർസു … പറഞ്ഞെ ശരിയാ ….. ഓൻക്ക് വെവരോ ണ്ട്…. അനക്ക് അങ്ങനെ ചെയ്യായ് ര്ന്നല്ലോ. റായ്യേ….. പിന്നാലെ വന്നു ഉമ്മാന്റെയും കമന്റ്. ഇവരുടെ മൂന്ന് പേരുടെയും കുത്തുവാക്ക് കേട്ട് ബോധരഹിതയായി ഞാൻ നിലത്തേക്ക് വീണു ……

കണ്ണുതുറന്ന് നോക്കുമ്പോൾ ഞാൻ ടൗണിൽ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു.
എന്റെ ചുറ്റും റാഷിക്കാടെ വീട്ടുകാരും എന്റെ വീട്ടുകാരും ഉണ്ട്.ഷാഹിക്ക ദയനീയമായി എന്നെ നോക്കി നിക്കുന്നു .
കഴുത്തിൽ സ്റ്റതസ്കോപ്പും തൂക്കി സുന്ദരനായ ഒരു യുവ ഡോക്ടർ റൂമിലേക്ക് വന്നു. ഗൈനക്കോളേജിസ്റ്റാണ്.കൂടെ ഒരു നഴ്സും.
ഇപ്പൊ ക്ഷീണമൊക്കെ എങ്ങനെയുണ്ട്….? ഡോക്ടറുടെ ചോദ്യം:
“കുറവുണ്ട്.തലയ്ക്ക് പിന്നിൽ നല്ല വേദനയുണ്ട്. ബെഡിൽ നിന്നും എഴുന്നേറ്റ് പറയാൻ തുടങ്ങിയ ഞാൻ വീണ്ടും അവിടെ തന്നെ കിടന്നു.
“തലയടിച്ച് വീണതു കൊണ്ട് സംഭവിച്ചതാണ്. ചെറിയ ഒരു പൊട്ടുണ്ട്. മരുന്ന് കഴിച്ച് കുറവില്ലെങ്കിൽ സ്കാൻ ചെയ്യാം…..”
ആർ യൂ മാരീഡ്….?

പോകാൻ തുടങ്ങിയ ഡോക്ടർ എന്തോ ആലോചിച്ച പോലെ വീണ്ടും അകത്തു കയറി ചോദിച്ചു…..
യെസ്… ഡോക്ടർ. ഉത്തരം പറഞ്ഞത് ഷാഹിക്കയാണ്.
“ഹസ്ബന്റ്”
“ഓൻ കയ്ഞ്ഞാഴ്ച പോയി സാറേ ….” ഷാഹിക്ക മറുപടി പറയും മുമ്പ് റാഷിക്കാടെ ഉമ്മ ഇടയിൽ കേറി പറഞ്ഞു.
“ഓകെ, ഒന്നു യൂറിൻ ടെസ്റ്റ് ചെയ്യണം.” പേഷ്യന്റിനെ ലാബിലോട്ട് കൂട്ടി വന്നോളൂ …. റിസൾട്ട് വന്ന ശേഷം വൈകുന്നേരം വീട്ടിലേക്ക് പോകാം ….”
“ഊം…. ഉമ്മ മൂളി.
കൂടെ വന്ന നഴ്സിനോട് എന്തോ പറഞ്ഞ് ഡോക്ടർ പോയി.
റാഹിലാത്ത യായിരുന്നു എന്റെ കൈ പിടിച്ച് ലാബിലോട്ട് കൊണ്ട് പോയത്. ഞാൻ രാവിലെ കണ്ട മുഖമായിരുന്നില്ല അവർക്ക് .
എന്തൊരു സ്നേഹമായിരുന്നു. ആര് കണ്ടാലും കൊതിച്ചു പോകും. ഇങ്ങനെയൊരു നാത്തൂനെ കിട്ടാൻ ….. യൂറിൻ ടെസ്റ്റിന് കൊടുത്ത് ഞങ്ങൾ റൂമിലേക്ക് വന്നു.
അര മണിക്കൂറിന് ശേഷം ഷാഹിക്കയാണ് റിസൾട്ടുമായി വന്നത്.ഇക്കാടെ മുഖം തെളിഞ്ഞിരിക്കുന്നു. ആ മുഖത്തീന്ന് തന്നെ വായിച്ചെടുക്കാം. റിസൾട്ട് പോസിറ്റീവാണെന്ന്.എങ്കിലും ഇക്ക പറയാതെ എങ്ങനെയാ സന്തോഷിക്കുക.
ഇക്ക റിസൾട്ട് ഉമ്മാടെ കൈയ്യിൽ കൊടുത്ത് ആർക്കോ അർജന്റായി ഫോൺ വിളിച്ചോണ്ട് പുറത്തേക്ക് പോയി.
അമ്മുവാണ് ആസന്തോഷ വാർത്ത പറഞ്ഞത്…..
ശാദ്യേ….ഇയ്യൊരു ഉമ്മയാവാൻ പോകുന്നു.
അൽഹംദുലില്ലാഹ്….. ഞാൻ വയറിനു മുകളിൽ കൈ വെച്ച് അള്ളാഹുവിനെ സ്തുതിച്ചു.
[ പ്രഗ്നൻസി റിസൾട്ട് വന്ന ഉടനെ ഭർത്താവിനോടു പറയും മുമ്പ് വയറിനു മുകളിൽ കൈ വെച്ച് അൽ ഹംദുലില്ലാഹ് എന്ന് പറഞ്ഞ് അള്ളാഹുവിനെ സ്തുതിക്കുക .] ഒരു പെണ്ണിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ടാമത്തെ ഘട്ടം. ഭാര്യ എന്ന പദവിയിൽ നിന്നും ഉമ്മ എന്ന അതിമഹത്തായ പദത്തിലേക്ക് …. ഇത്ര വലിയ സന്തോഷ ഘട്ടത്തിൽ ഏതൊരു പെണ്ണും ആഗ്രഹിച്ചു പോകും. ഭർത്താവിന്റെ സാമീപനം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള സംസാരം. പക്ഷേ എന്റെ മുന്നിൽ ഇവ രണ്ടും അന്യമാണ്……
ഷാഹിക്ക ഫോണിൽ സംസാരിച്ച് കൊണ്ടാണ് റൂമിലേക്ക് കയറിയത്.
“ആ ഓക്ക് ഞാൻ കൊടുക്കാം ….” എന്നു പറഞ്ഞു ഇക്ക എന്റെ കൈയ്യിൽ ഫോൺ തന്നു.ഉമ്മയും റാഹിലാത്തയും അമർഷത്തോടെ എന്നെ നോക്കി…..
“ഹ … ഹ…. ഹലോ…..”
ഹലോ…… മോളേ സുഖല്ലേ അനക്ക്…. റാഷിക്കാടെ സ്നേഹത്തിൽ പൊതിഞ്ഞ ചോദ്യം.
ഞാനൊന്നും മിണ്ടിയില്ല. എന്തിന് മിണ്ടണം. പോയിക്കഴിഞ്ഞ് സ്നേഹത്തോടെ ഒരു പ്രാവശ്യം ….. ഒരൊറ്റ പ്രാവശ്യം എനിക്ക് വിളിച്ചിരുന്നെങ്കിൽ …. ഇതിപ്പോ ഷാഹിക്ക എല്ലാം പറഞ്ഞു കാണും. അത് കൊണ്ട് ഒരു പക്ഷേ കുംബസാരം നടത്താൻ വേണ്ടി വിളിക്കുന്നതായിരിക്കും. വിശ്വസിക്കാൻ പറ്റില്ല. ആട്ടിൻ തോലണിഞ്ഞ ചെന്നായ് കൂട്ടങ്ങളാ ഇവറ്റകൾ….. എന്നാലും പൊട്ടിത്തെറിക്കാൻ പറ്റില്ലല്ലോ … മഹ്റ് തന്ന പുരുഷനായിപ്പോയില്ലെ……
“എന്താ മോളെ…..! ഇയ്യാന്നും മിണ്ടാത്തെ… റാഷിക്കാടെഈ ചോദ്യം കേട്ടപ്പോഴാണ് എനിക്ക് പരിസര ബോധം വന്നത്….
“ഊം പറഞ്ഞോളൂ …..”
“അനക്ക് പെണക്കാണോ ന്നോട്…. എന്തേലും ഒന്ന് പറ ഇയ്യ്….. ഇങ്ങനെ മിണ്ടാണ്ടിക്കല്ലെ.നിക്ക് സങ്കടാവുട്ടോ…..”
ഹും…. സങ്കടം:… അതിനർത്ഥം എന്തെന്നറിയോ ഇങ്ങക്ക് .അതറിഞ്ഞിരുന്നേൽ ഇങ്ങള് ഇങ്ങനെ പെരുമാറില്ലായിരുന്നു.അങ്ങനെ പലതും പറയണമെന്ന് തോന്നി. എല്ലാവരും ചുറ്റും ഉണ്ടായത് കൊണ്ട് എനിക്ക് വാക്കുകളൊക്കെ തൊണ്ടയിൽ കുരുങ്ങി .ഫോണും കൈയിൽ പിടിച്ച് എന്ത് പറയണം ന്നറിയാതെ ഞാനാ കോൾ കട്ട് ചെയ്തു.. എന്റെ കണ്ണിൽ നിന്നും കണ്ണീർ തുള്ളി ഇറ്റി വീഴുന്നുണ്ട്. സന്തോഷക്കണ്ണീരാണോ സഹനക്കണ്ണീരാണോ എന്നറിയാതെ…..
ഓപ്പോസിറ്റ് ബെഡിലിരുന്ന ഇക്കാക്ക എന്റെ കണ്ണീരു കണ്ടു നേരെ വന്നു എന്റെരികിൽ ചേർന്നിരുന്നു.എന്റെ കൈ ഇക്കാടെ കൈയിൽ ചേർത്തു പിടിച്ചു.
“ന്തിനാ ന്റെ മോള്കരയണെ…. സന്തോഷിക്ക്യല്ലെ ബേണ്ടേ….. ഈ സമയത്തിനി കരയാൻ പാടില്ല.അന്റെ അമ്മൂനെ ഇക്ക പൊന്നു പോലെയാ നോക്ക്യേ….. അത് പോലെയതന്യാ അന്റെ റാഷീം ….. അന്നെ പൊന്നുപോലെ നോക്കും .ഇക്കാക്ക് ഒറപ്പാ….
അത് കേൾക്കേണ്ട താമസം റാഹിലാത്തയും ഉമ്മയും എന്നെ നോക്കി മുഖം കൊണ്ട് ഗോഷ്ടി കാട്ടി റൂമീന്ന് പുറത്തേക്ക് പോയി…..
ഡോക്ടർ പറഞ്ഞ പോലെ വൈകുന്നേരം ഡിസ്റ്റ് ചാർജായി. ഇക്കാക്ക് എന്നേം കൂട്ടി വീട്ടിലോട്ട് പോണംന്നുണ്ടായിരുന്നു.ഉമ്മാടെ മുഖഭാവം കണ്ടിട്ടാവണം. ഇക്കാക്ക നിർബന്ധിച്ചില്ല.
.ഷാഹിക്ക കൊണ്ടുവീടാന്ന് പറഞ്ഞതാ…. “വേണ്ട ഞങ്ങള് കിട്ടുന്ന വണ്ടിക്ക് പോയിക്കോളാം” എന്ന് ഉമ്മ വാശി പിടിച്ചു. അമ്മുവും ഇക്കാക്കയും ഉമ്മയും കൂടി കാറിൽ യാത്രയായി….. എല്ലാ മാസവും കൃത്യായി ചെക്കപ്പിന് വരണം ന്ന് പറയാനും ഷാഹിക്ക മറന്നിരുന്നില്ല.
റാഹിലാത്ത ഒരു ഓട്ടോയും പിടിച്ച് വന്നു. ഞങ്ങൾ മൂന്ന് പേരും അതിൽ കയറി.ടൗൺ വഴി വീട്ടിലേക്ക് നല്ല ഹൈവേ റോഡുണ്ടായിട്ടും ഡ്രൈവറിന് റാഹിലാത്ത കാണിച്ചു കൊടുത്തത് കുണ്ടും കുഴിയും മാത്രമുള്ള ചെങ്കൽ പാതയാ യിരുന്നു. വളരെ ദുസ്സഹനീയമായ യാത്ര…..
വീട്ടിലെത്തുമ്പോഴേക്കും ഒന്നുകിൽ ഞാൻ …. അല്ലെങ്കിൽ എന്റെ കുഞ്ഞ്…. രണ്ടിൽ ഏതെങ്കിലും ഈ ലോകത്തോട് വിട പറയേണ്ടി വരും എന്ന അവസ്ഥയിലായി.രണ്ടു പേരും മുമ്പേ കരുതിക്കൂട്ടി ചെയ്യുന്ന ഒരു തിരക്കഥ പോലെ…….. ആ വണ്ടി ഞങ്ങളേയും കൊണ്ട് മുന്നോട്ട് നീങ്ങി…..