പാദസരം

പൊതുപ്രവർത്തനം കഴിഞ്ഞു വീട്ടിലെത്തുമ്പോ രാവിലെ ഏഴുമണി….. ഇന്നലെ വൈകിട്ട് ചായ കുടിക്കാൻ നേരം വന്നു വിളിച്ചതിന്റെ പിറകെ ഇറങ്ങി ഓടി…..

ഇന്ന് വരുന്നതിനു ഭാര്യയെന്ന മഹിളാ രത്നം ഒന്നും പറയില്ല…. പക്ഷെ അമ്മ വിടില്ല…. ഉള്ള ജോലിക്ക് പോയാൽ പോരെ….. പക്ഷെ അമ്മയ്ക്ക് അറിയില്ലല്ലോ നാട്ടില് ചില്ലറ കാര്യങ്ങളില് ഇടപെടുമ്പോളും നമ്മക്ക് ചില്ലറ തടയും…. പിന്നെ ജനസമ്മതി….
തിരഞ്ഞെടുപ്പ് ഒക്കെ അടുത്ത സമയവും…. ഒരു സീറ്റ്‌ എങ്ങാനും കിട്ടിയാലോ…. ഒരു പഞ്ചായത്തു മെമ്പർ…. അങ്ങനെ ഒരു മല സീറ്റ്‌ എങ്ങാനും… ഇതെല്ലാം ഏന്റെ ഒരു രഹസ്യ ധാരണ….. ഇന്നലെ ഒരു പൂവാല ശല്യം തീർക്കൽ…. അത് വഴി നടക്കൽ പ്രശ്നമായി എത്തി….. അല്ലെങ്കിലും ഇപ്പോഴത്തെ പിള്ളേര് ഓരോന്ന് വലിച്ചു കയറ്റി എന്താ കഥ…..

അപ്പോഴാണ് വാതിൽക്കൽ ഏന്റെ ആലോചനയും നോക്കി നിൽക്കുന്ന ഏന്റെ പ്രിയതമ… പ്രിയ…. ഇവളെന്താ പതിവില്ലാത്തൊരു നോട്ടം… ഇതില്ലാത്തത് ആണല്ലോ….

” എന്തെ പ്രിയേ എന്നെ ആദ്യായിട്ട് കാണാനോ ? ” ഞാൻ അങ്ങു ചോദിച്ചു….

” അല്ല… ഇന്നലെ ചായ കുടിക്കുമ്പോൾ ഇറങ്ങിപ്പോയ ആളാണ്…. പോകുമ്പോൾ പരിപ്പ് വാങ്ങികൊണ്ടോരൻ ഞാൻ പറഞ്ഞിരുന്നു…. ഇപ്പൊ പരിപ്പ് കൊണ്ടു വരുന്ന ആളെക്കണ്ടു ചോദിച്ചതാ…. ” അവൾ അവിടെ തന്നെ നിന്ന് താടിക്കു കയ്യും കൊടുത്തു ചോദിച്ചു….

” ഒരു ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകൻ അങ്ങനെ നേരം കാലം ഒക്കെ നോക്കി വരാൻ പറ്റില്ലാന്ന് നിനക്ക് ഇതുവരെയും അറിയില്ലേ പ്രിയേ…. സ്ഥാനമാനങ്ങൾ അല്ല എനിക്ക് നാടിന്റെ ക്ഷേമം ആണ് വലുത്…. “ഞാൻ അഭിനമാനത്തോടെ പറഞ്ഞു….

അവൾ സ്വല്പം സ്വരം താഴ്ത്തി പറഞ്ഞു… ” ഒരു പഞ്ചായത്ത്‌ മെമ്പർ എങ്കിലും ആകുമോ ?”

ഒന്നും ആലോചിക്കാതെ ഞാൻ പെട്ടന്ന് പറഞ്ഞു ” ഞാൻ ചരട് വലിക്കുന്നുണ്ട് നീ പേടിക്കണ്ട… പിന്നല്ലാതെ ഇതൊക്കെ എന്തിനാ… ഞാനാരാ…. “

പറഞ്ഞു കഴിഞ്ഞാണ് ആ ആവേശത്തിന്റ അർത്ഥം ഞാനും ഓർത്തത്…. ബോൾ ഏന്റെ കയ്യിന്നു പോയി…. നല്ല നൈസ് ആയിട്ടു അവളങ്ങു വാങ്ങി….

ഒന്ന് ചിരിക്കപോലും ചെയ്യാണ്ട് അവള് പറഞ്ഞു….. ” നിങ്ങളെ തിരുത്താൻ ഞാൻ ആളല്ല… പഠിച്ചത് ചെയ്യൂ…. കുട്ടികൾക്ക് നാലക്ഷരം പറഞ്ഞു കൊടുത്ത ഒരു ടീച്ചർ ആണല്ലോ ഞാൻ…. എന്നോട് ആ ജോലിക്കും പോകണ്ട എന്ന് പറഞ്ഞു…. അമ്മയ്ക്ക് സുഖമില്ലെന്ന് കാരണം…. ആ അമ്മ ഇന്നും എന്നോട് മോള് പൊയ്ക്കോന്ന് പറയും….. ഞാൻ പറഞ്ഞിട്ടില്ല ഏന്റെ നാഥന് അതിഷ്ടല്ലാന്ന്….. ” അവളുടെ സംസാരത്തിലെ ഒരു സങ്കടം എനിക്ക് മനസ്സിലായി…..

” എന്നിട്ടെന്താ നീ വീട്ടില് കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നില്ലേ….. അതും പൈസയൊന്നും വാങ്ങാതെ…. ഞാൻ അത് സമ്മതിച്ചില്ലേ…. നമുക്ക് അതോണ്ട് ഒരു ലാഭവും ഇല്ലല്ലോ ” ഞാൻ അവിടെ സോഫയിൽ ഇരുന്നു കൊണ്ട് പറഞ്ഞു……

” എല്ലാം ലാഭം നോക്കി നമുക്ക് ചെയ്യാൻ പറ്റുമോ ഏട്ടാ…..അങ്ങനെ ലാഭം നോക്കിയാൽ നമ്മളൊക്കെ മൗനമാകുന്ന കാര്യങ്ങൾ ഇല്ലേ… ” അവൾ അത് പറഞ്ഞു അകത്തേക്ക് നടന്നു……

” ആ ശെരിയാ…. ഒരുപാട് ചികിത്സയൊക്കെ നടത്തിയിട്ടു നിനക്കൊരു കുഞ്ഞിനെ തരാൻ കഴിയില്ല എന്നറിഞ്ഞും ഞാൻ നിന്നെ സ്നേഹിക്കുന്നില്ലേ അതുപോലെ അല്ലെ…. ” അപ്പോഴത്തെ വിജയത്തിനായി ഞാൻ അതും പറഞ്ഞു അവളെ ഒന്നെത്തി നോക്കി…..

നടന്നുപോകുമ്പോ അവൾ തിരിഞ്ഞു നോക്കിയില്ല….. ഛെ…. വേണ്ടായിരുന്നു…. ഇത്തിരി കൂടി പോയില്ലേ…. അവളൊരു പാവമാണ്…. പിന്നെ പഠിപ്പിക്കാൻ പോണ്ടാന്ന് പറഞ്ഞത് എത്ര ആയാലും എനിക്ക് മുകളിൽ ഏന്റെ ഭാര്യ വരുന്നത് എന്തോ ഇഷ്ടമല്ല….. അതാണ്…… അവൾ ഈ വീട്ടില് ഇങ്ങനെ ഓടിനടക്കും ആ കുഞ്ഞുകാലിലെ പൊൻ പാദസരം കിലുക്കി ഓടുന്നത് കാണാൻ ഒരു ചന്ദമാണ് … ഒരു ചെറിയ കുട്ടിയെപ്പോലെയാ…. സത്യം…. കുട്ടികളില്ലാത്തതിന്റെ സങ്കടം അവൾ തന്നെയാ ഞങ്ങൾക്ക് മാറ്റുന്നെ…. അവള് വീട്ടിപ്പോയാൽ ഇവിടെ ഉറങ്ങും…. അടുത്തുള്ളോരൊക്കെ ചോദിക്കും….. അവൾ അവിടെയൊക്കെ പോകാറുണ്ട്… അവിടത്തെ ചെറിയ കുട്ടികളുടെ കൂടെ കളിക്കാറുണ്ട്…… എനിക്ക് അതൊന്നും ഇഷ്ടമല്ലാത്തോണ്ട് അവൾ ഞാൻ വരുമ്പോഴേക്കും ഓടിവരും….. ആ അവളോട്‌ അത് പറയണ്ടായിരുന്നു…. ഞാൻ ഓർത്തു……

” മോളെ…. നാരാണേട്ടത്തിക്ക് അവിടെ പുതിയൊരു പശുക്കുഞ്ഞു ഉണ്ടായിട്ടോ….. ” അമ്മ വിളിച്ചു പറഞ്ഞു……

അത് കേൾക്കേണ്ട താമസം അവൾ അതാ ഓടിവരുന്നു….. വേഗം പുറത്തേക്ക് ഓടി…… അവളുടെ കാലിലെ പാദസരം അത് ഇന്ന് കാണുന്നില്ലല്ലോ….. ഞാൻ അതും നോക്കിയിരുന്നു….

ഈ 32 ആം വയസ്സിൽ എനിക്ക് പോലും അതുപോലെ ഓടാൻ പറ്റുന്നില്ല…… ഞാൻ ഏന്റെ വയറിൽ ഒന്ന് തൊട്ടുനോക്കി…ഹാ ലാലി ലാലിലെ ലോ….. നാളെ മുതൽ ഓടാൻ പോകാം അതാ നല്ലത്…. അതും ഓർത്തു വേഗം എണീറ്റു….

കുളി കഴിഞ്ഞു വന്നപ്പോ അമ്മയോട് വിളിച്ച് ചോദിച്ചു ” അമ്മേ… നമ്മുടെ പശു ഡോക്ടർ എത്തിയില്ലേ…. കാണുന്നില്ലല്ലോ…. “

അമ്മയുടെ ഭാഗത്തുനിന്നും ഒരുമറുപടി വന്നില്ല……

അപ്പോഴാണ് ഞാൻ ഉമ്മറത്തേക്ക് നോക്കിയത് അവിടെ ആരോ വന്നപോലെ…. ഞാൻ വേഗം അങ്ങോട്ട്‌ ചെന്നു…

രണ്ട് വീട് അപ്പുറമുള്ള ഗോമതിയമ്മ ആണ്…. ഇവരെന്താ ഇപ്പൊ…. ഇനി വല്ല നിവേദനവും ആണോ…..

” കേറി വരൂ….. എന്തുപറ്റി അമ്മേ … ” ഞാൻ വിനയത്തോടെ ചോദിച്ചു…..

” മോനെ കയറുന്നില്ല….. ഞാൻ പ്രിയമോളെ കാണാനാ വന്നേ…. ” അവര് പറഞ്ഞു……

ഉള്ളിലെ ചമ്മൽ ഞാൻ തന്നെ അടക്കിയൊതുക്കി പറഞ്ഞു….
“അവൾ ഇപ്പൊ ഇവിടില്ലല്ലോ…. അടുത്ത വീട്ടിലോ മറ്റോ ആണ്…. എന്താന്ന് പറഞ്ഞ ഞാൻ പറയായിരുന്നു….. “

” അത് ഏന്റെ മോളെ കല്യാണത്തിന് ഞാൻ പ്രിയ മോളോട് ഇത്തിരി പൈസ ചോദിച്ചിരുന്നു….. മോൾടെ കയ്യിൽ അപ്പൊ കാശില്ലാഞ്ഞിട്ട് സ്വർണം തന്നിരുന്നു അന്ന്….. അത് തിരിച്ചുകൊടുക്കാൻ വേണ്ടി വന്നതാ…. ഇത് പണയം വെച്ചിട്ടു അത് നടത്തി…. അത് തിരിച്ചു എടുത്തു ഇപ്പൊ…. ഇത് മോൾക്ക്‌ കൊടുക്കണം….. മോൾക്ക്‌ നല്ലതേ വരൂ.. ”
അതും പറഞ്ഞു അവർ കയ്യിലെ പൊതി എനിക്ക് തന്നു…..

ഞാൻ അത് വാങ്ങിയപ്പോൾ…. അവർ പിന്നെയും പറഞ്ഞു…..
“മോളോട് പറയണം എല്ലാം ഇല്ലെന്നു നോക്കാൻ…. ഒരുപാട് ആ മോള് ഞങ്ങളെ സഹായിച്ചിട്ടുണ്ട്……. മോന് അതറിയില്ല….. അത് ഇഷ്ടാകോ എന്നും അറിയില്ല അതാണ് പറയാൻ മടിച്ചത്….. മോന് കിട്ടിയ ഒരു ഭാഗ്യാനു അത്…. അതിനെ പൊന്നുപോലെ നോക്കണംട്ടോ…. ഒരുപാട് നന്ദിയുണ്ട്…. ഇക്കാലത്തു ആരും ചെയ്യില്ല….. സ്വർണം ഇട്ട് നടക്കുമ്പോ അതിനു കണ്ണിലെ തിളക്കം മാത്രം തരുന്നു….. പക്ഷെ അത് ഒരു ജീവൻ നിലനിർത്തുമ്പോ അതിന്റെ വില ഏറുന്നു….. അതാ ആ മോളു പറഞ്ഞെ….. ഞാൻ പോട്ടെ… ” അവര് കൈ കൂപ്പി…. തിരിഞ്ഞു കണ്ണ് തുടച്ചു പറഞ്ഞു……

” നിനക്ക് ഇപ്പൊ എന്ത് തോന്നുന്നു…… ” പിന്നിൽ നിന്ന് ഒരു ചോദ്യം കേട്ട് നോക്കുമ്പോൾ അമ്മ….