പാഴ്‌ജന്മം – 2

ഈ വൃദ്ധസദനത്തിന്റെ പടവുകളിൽ നമ്മൾ കണ്ടുമുട്ടുമെന്ന് എന്നെങ്കിലും നീ സ്വപ്നം കണ്ടിരുന്നോ ?

ഇല്ല …..

എന്നാൽ ഞാൻ പ്രാർത്ഥിച്ചിരുന്നു … മരണം എന്നെ കൈപ്പിടിയിൽ ഒതുക്കുന്നതിനുമുമ്പ് ഒന്ന് കണ്ടിരുന്നെങ്കിൽ , ഒരുപാട് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ , നീ അന്ന് നൽകാതെ ഉള്ളിലൊതുക്കിയ ഇഷ്ടത്തിന്റെ ഒരു അംശമെങ്കിക്കും അനുഭവിച്ചറിയാൻ പറ്റിയിരുന്നെങ്കിൽ . അങ്ങനോക്കെ ആഗ്രഹിച്ചിരുന്നു …

എനിക്ക് എല്ലാം ഒരു സ്വപ്നമായി തോന്നുന്നു ശ്രീ .. ശെരിയാണ് എന്റെ ഉള്ളിൽ ഞാൻ അറിയാതെ വളർന്നുവന്ന ഒരിഷ്ടമുണ്ടായിരുന്നു നിന്നോട് . അതിനെ എത്രയൊക്കെ തല്ലികെടുത്താൻ ശ്രെമിക്കുമ്പോഴും ഒരു നോക്കുപോലും കാണാതെ നീ നിന്റെ പ്രണയംകൊണ്ട് എന്നെ വീർപ്പുമുട്ടിക്കുവായിരുന്നു . കണ്ടിട്ടും കാണാത്ത ഭാവം നടിച്ചു ഞാൻ . ഞാൻ ആഗ്രഹിച്ചതിലുമപ്പുറം സ്നേഹം നീ എന്നിലേക്ക് ചൊരിയുമ്പോഴും ഞാനെല്ലാം വേണ്ടന്ന് വച്ചത് എന്തിനാണെന്ന് നിനക്കറിയില്ലേ ..?

അറിയാം…. എല്ലാം അറിയാം ഒരുപക്ഷെ എന്നെപോലെ നിന്നെ മനസ്സിലാക്കാൻ ഈ ലോകത്ത്‌ മറ്റാർക്കും കഴിഞ്ഞിട്ടുണ്ടാവില്ല . നിന്റെ ഓരോ ചലനങ്ങൾ പോലും കണ്ണെത്താ ദൂരത്തിരുന്ന് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു . ഒടുവിൽ ദൂരെനിന്ന് ഒരുനോക്ക് കണ്ടുമടങ്ങാൻ നിന്റെ സമ്മതമില്ലാതെ നിന്നെ തേടി ഞാൻ വരുമ്പോൾ നിന്റെ കണ്മുന്നിൽ വരാതിരിക്കാൻ ഞാൻ ശ്രെമിച്ചിരുന്നു പക്ഷെ ദൈവത്തിന്റെ തിരുമാനം നമ്മൾ കണ്ടുമുട്ടണമെന്നായിരുന്നു . അന്ന് ആ തീവണ്ടിയിൽ നീയെന്നെ യാത്രയാകുമ്പോൾ ഞാൻ അനുഭവിച്ച വേദന നീ അറിഞ്ഞിരുന്നോ റിൻസി …

മ്മ് … അറിയാരുന്നു . എന്നോടുള്ള നിന്റെ സ്നേഹവും എന്നെ പിരിയുമ്പോൾ നിന്നിൽ ഉടലെടുക്കുന്ന വേദനയും ഞാൻ തിരിച്ചറിഞ്ഞില്ലെങ്കിൽ ദൈവം പോലും എന്നോട് പൊറുക്കില്ല . അത്രക്കായിരുന്നില്ലേ ഒന്ന് കാണുകപോലും ചെയ്യാതെ 3 വർഷക്കാലം മനസ്സിലിട്ട് സ്നേഹിച്ചത് , സ്വപ്‌നങ്ങൾ കണ്ടത് . അന്ന് നിന്നെ യാത്രയാക്കി മടങ്ങുമ്പോൾ വിവാഹമേ വേണ്ടാന്ന് ഞാൻ കരുതിയതായിരുന്നു പക്ഷെ ….നിനക്കറിയാല്ലോ പപ്പാ , മമ്മി എന്റെ സഹോദരങ്ങൾ അവരെ വേദനിപ്പിച്ചുകൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അവരാണ് എന്റെ എല്ലാമെന്ന് . പിന്നെ വിവാഹത്തിനുമുന്നെ പ്രണയം വേണ്ടാന്ന് പറഞ്ഞുനടന്ന എന്റെ മനസ്സിലേക്കാണ് നീ ആദ്യമായ് അതിന്റെ വിത്തുകൾ പാകുന്നത് . പ്രണയം എപ്പോ എങ്ങനെ

നമ്മളിലേക്ക് കടന്നുവരുമെന്ന് ആർക്കും പറയാൻ കഴിയില്ലെന്ന നിന്റെ വാക്കുകൾ അവിടെ സത്യമാവുകയായിരുന്നു …..

നീ പറഞ്ഞതുപോലെ ഒരുപാട് ഇഷ്ടമായിരുന്നു ഇച്ചായന്‌ എന്നെ . നിനക്ക് എന്നോട് തോന്നിയ അത്രയും ഇഷ്ടം ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല . ഇടക്ക് പിണക്കവും പരിഭവവുമൊക്കെ ഉണ്ടായിരുന്നെങ്കിലും . ഞാനല്ലാതെ ഇച്ചായന്‌ വേറൊരുലോകം ഇല്ലായിരുന്നു . എന്റെ ആഗ്രഹങ്ങൾക്കൊന്നും എതിര് പറയില്ല എല്ലാം സാധിച്ചുതരും . ഇഷ്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കും . ഞങ്ങൾ പുതിയൊരു സ്വർഗം പണിയുവായിരുന്നു ഒപ്പം നിന്നെ എന്റെ മനസ്സിൽനിന്നും എന്നെന്നേക്കുമായി പറിച്ചെറിയുകയും ചെയ്തു . പക്ഷെ ഞാനെന്നും പറയാറുണ്ടായിരുന്നില്ലേ നാളെ നമ്മുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് ഒരിക്കലും ചിന്തിക്കാൻകൂടി പറ്റില്ലെന്ന് . അതെനിക്ക് ഇപ്പൊ പൂർണ്ണമായും ബോധ്യമായി . നിന്റെ മനസ്സിൽ എന്നോടുള്ള ഒടുങ്ങാത്ത പ്രണയമാകും ഇപ്പൊ ഇവിടെ ഇങ്ങനെ ……..

മ്മ് … എന്തേയ് ഇവിടെ ഇങ്ങനെ ഒറ്റപ്പെടാൻ കാരണം ? അലക്സ് ?

ഇച്ചായൻ പോയിട്ട് ഇപ്പൊ 8 കൊല്ലം ആവുന്നു . ഞങ്ങൾക്ക് 4 മക്കളായിരുന്നു . 3 പെണ്ണും ഒരാണും . നല്ല വിദ്യാഭ്യാസം കൊടുത്തു വളർത്തി വലുതാക്കി നല്ലനിലയിൽ എത്തിച്ചു . കുടുംബങ്ങളുമായി എന്നിട്ടെന്താ ഇപ്പോഴത്തെ മക്കളുടെ സ്ഥിരം ഡയലോഗ് .. തിരക്കാണ് എല്ലാർക്കും …. ഇച്ചായൻ പോയതോടെ പലയിടത്തായി ജീവിതം. അത് മടുത്തപ്പോൾ എനിക്കായ് ഇച്ചായൻ കെട്ടിയ ഞങ്ങടെ ആ കൊച്ചു സ്വർഗത്തിലേക്ക് ഞാൻ തിരിച്ചുപോന്നു ഇനി എങ്ങോട്ടും ഇല്ലാന്ന് തറപ്പിച്ചു പറഞ്ഞു . സഹായത്തിനു രണ്ടാളുകളെയും ആക്കിത്തന്നിട്ട് അവര് വീണ്ടും അവരുടെ തിരക്കിലേക്ക് പോയി . ഇപ്പൊ ഒരാൾക്ക് കാശിന്റെ അത്യാവശ്യം കുടുംബവീട് വിൽക്കണം . അപ്പോ ബാക്കിയുള്ളോർക്കും വേണം അതിന്റെ ഓഹരി . വിൽക്കുകയോ പൊളിക്കുകയോ എന്തുവേണോ ചെയ്തോളാൻ പറഞ്ഞു . ആരും എന്നെ കൊണ്ടുപോകാൻ നോക്കണ്ട ഞാൻ വരുകേലാന്ന് പറഞ്ഞു അങ്ങനെ എല്ലാരും ചേർന്നെടുത്ത തിരുമാനമാ ഇത് . ഇവിടാകുമ്പോൾ ഞായറാഴ്ച്ച ഇച്ചായനെയും ഒന്ന് കാണാം .

നമ്മൾ പറയാറില്ലേ നമ്മുടെ മാതാപിതാക്കളെ നമ്മൾ എങ്ങനെ നോക്കുന്നോ അതുപോലെയാകും നമ്മുടെ മക്കൾ നമ്മളെ നോക്കുന്നതെന്നു . എല്ലാം കളവാണ് . എല്ലാർക്കും ഇപ്പൊ പണമാണ് മമ്മിയും പാപ്പയുമൊക്കെ ……..

ഹേയ് കരയരുത് നീ …..അത് അവർക് കിട്ടുന്ന ശാപമാണ് . ഒരിക്കൽ അവരുടെ ഈ അമ്മച്ചി അനുഭവിച്ച വേദന അവരോർക്കും . അന്ന് അവരുടെ കണ്ണിൽ നിന്നും വീഴുന്ന കണ്ണുനീർ വേറൊരു ലോകത്ത്‌ നിന്റെ ഇച്ചായനോടൊപ്പം ഇരുന്ന് നീ കാണും അന്ന് അവർക്ക് മാപ്പുകൊടുക്കാൻ നിങ്ങക്ക് കഴിയണം . ആരിൽനിന്നും ഒന്നും നമ്മൾ പ്രതീക്ഷിക്കരുത് റിൻസി നമ്മുടെ കടമകൾ നമ്മൾ ചെയ്യണം . പണ്ട് നീ ചെയ്തതുപോലെ ……

മ്മ് ….. ശ്രീയെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ ? കുടുംബം കുട്ടികൾ ?

കുറേ വർഷങ്ങൾക്കുമുൻപ് ഞാൻ ആഗ്രഹിച്ചിരുന്നു സ്വപ്നം കണ്ടിരുന്നു അങ്ങനെ ഒരു ജീവിതത്തെക്കുറിച്ച് . പക്ഷെ അന്ന് ആ ട്രെയിനിൽ യാത്ര തുടങ്ങുമ്പോൾ കണ്ണിൽ നിന്നും മായുന്നവരെ ഞാൻ നിന്നെ നോക്കിനിന്നു . സ്റ്റോപ്പുകൾ ഓരോന്നായി കടന്നുപോയി ഒടുവിൽ എന്റെ സ്റ്റോപ്പ്‌ എത്തി അതും കടന്ന് പോയി ഞാൻ ഒന്നും കാണുന്നില്ലായിരുന്നു കണ്മുന്നിൽ നീയായിരുന്നു . മനസ്സ് നിറയെ നെയ്തുകൂട്ടിയ സ്വപ്നങ്ങളായിരുന്നു . എവിടെയൊക്കയോ അലഞ്ഞു . വിശപ്പകറ്റാൻ എന്തൊക്കയോ ജോലികൾ ചെയ്തു . വീടും വീട്ടുകാരും ഒന്നും മനസ്സിലില്ലായിരുന്നു നിന്റെ വിവാഹം കഴിഞ്ഞതും ഞാൻ അറിഞ്ഞില്ല . ഭ്രാന്തമായ ചിന്തകളിലൂടെ എവിടേക്കെന്നില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്നു . ഒടുവിൽ ഒരു പൈപ്പിൻ ചുവട്ടിൽ വെള്ളം കുടിച്ചുകൊണ്ടിരിക്കുമ്പോൾ . മകനെ ചോറുട്ടുന്ന ഒരമ്മയെ കണ്ടു . ഒരുപാട് ഉരുളകൾ ഈ വായിലേക്ക് വച്ചുതന്നെ സ്നേഹംകൊണ്ട് മൂടിയ എന്റെ അമ്മയെ ഓർമ്മവന്നു . പിന്നെ മടക്കയാത്ര തുടങ്ങി . ആർക്കും തിരിച്ചറിയാൻ കഴിയാത്ത രൂപത്തിൽ തിരിച്ചെത്തിയപ്പോൾ തിരിച്ചറിഞ്ഞ ഒരേയൊരാൾ അച്ഛനായിരുന്നു . എന്റെ ജീവിതം , കുടുംബം കുട്ടികൾ ഇതൊക്കെ ഒരുപാട് ആഗ്രഹിച്ചിരുന്ന എന്റെ അമ്മ അവസാനനിമിഷം എന്നെയൊന്നു കാണാൻപോലും കഴിയാതെ പോയെന്ന് അച്ഛൻ പറഞ്ഞപ്പോൾ ആ കാലുകളിൽ കെട്ടിപിടിച് ഒരുപാട് കരഞ്ഞു . പക്ഷെ അച്ഛൻ എന്നെ ശപിച്ചില്ല പകരം ആശ്വസിപ്പിച്ചു . ……

നീ കരഞ്ഞാൽ അമ്മക്ക് സങ്കടാകും .. എന്ത്‌ തെറ്റ് നീ ചെയ്താലും അവൾ നിന്നോട് ഷെമിക്കുമായിരുന്നില്ലേ . ഇപ്പൊഴും അമ്മക്ക് നിന്നോട് പിണക്കമോ ദേഷ്യമോ ഒന്നും ഇല്ലെന്ന് എനിക്കറിയാം . അവൾ ആഗ്രഹിച്ചിരുന്നു നിന്റെ കൈപിടിച്ച്

കേറിവരുന്ന ഒരു കുട്ടിയെ മകളെപ്പോലെ കൊണ്ടുനടക്കാൻ നിങ്ങടെ കുഞ്ഞുങ്ങളെ ലാളിക്കാൻ പക്ഷെ അതൊക്കെ അവളിലൂടെ മണ്ണിൽ അലിഞ്ഞു ചേർന്നു . അവസാനമായി അവൾ പറഞ്ഞത് നീ ഒരിക്കൽ വരും വരുമ്പോൾ എന്റെ കൊച്ചിനെ ആരും വഴക്കൊന്നും പറഞ്ഞേക്കരുതെന്നായിരുന്നു ……

അച്ഛന്റെ ആ വാക്കുകൾ എന്നെ വേദനയുടെ അഗ്നിയിൽ ദഹിപ്പിക്കുവായിരുന്നു . അച്ഛനെ കെട്ടിപിടിച് കരയുമ്പോഴും ആ കണ്ണുനീരിന് ഒരു വിലയും ഇല്ലെന്ന് എനിക്കറിയാമായിരുന്നു . പിന്നെ അച്ഛനായിരുന്നു എന്റെ എല്ലാം . അമ്മയ്ക്ക് കാണാൻ കഴിയാത്ത കുടുംബവും കുട്ടികളും ഇനി എനിക്ക് വേണ്ടാന്ന് അന്ന് തിരുമാനിച്ചതാ പക്ഷെ അച്ഛന്റെ നിർബന്ധം …… ഒടുവിൽ അച്ഛന്റെ മോഹമെങ്കിലും സാധിച്ചുകൊടുക്കാൻ തീരുമാനിച്ചു …..

വിവാഹദിവസമാണ് പെണ്ണിനെ കാണുന്നതും മിണ്ടുന്നതും . നിലവിളക്കുമായി മകന്റെ ജീവിതത്തിലേക്ക് കയറിവന്നവൾ മൂന്നിന്റന്ന് കാമുകനുമായി ഓടിപ്പോയ വാർത്ത അച്ഛനെ കിടപ്പിലാക്കി . പിന്നെ അധികം താമസിയാതെ അച്ഛനും പോയി . കൂടെപ്പിറപ്പിനെ ബുദ്ധിമുട്ടിക്കാൻ നിന്നില്ല . മാതാപിതാക്കളോട് ചെയ്ത പാപം തീരാൻ ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട കുറേ മാതാപിതാക്കളോടൊപ്പം ജീവിക്കാൻ തീരുമാനിച്ചു . അത് നീ ജനിച്ചുവളർന്ന നിന്റെ നാട്ടിലാകണമെന്നു മനസ്സ് പറഞ്ഞു . അങ്ങനെ ഇവിടെയെത്തി . അറിയാവുന്ന ജോലിയോകെ ചെയ്ത് ഇവിടുള്ള അമ്മമാർക്കും അച്ചന്മാർക്കും ഒരു സഹായമായി കൂടി . പിന്നെ പ്രായം അദ്ധ്വാനിക്കാൻ തടസ്സമായപ്പോ ഇവരിൽ ഒരാളായി …. അപ്പോഴും ഞാൻ പ്രതീക്ഷിച്ചില്ല നീ ഇവിടെ ഇങ്ങനെ . എന്നെങ്കിലും ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്നു മോഹിച്ചിരുന്നു ……

മ്മ് ……

അയ്യേ എന്തിനാ നീ കരയണേ ….?

അമ്മ എന്നെ ഒരുപാട് ശപിച്ചിട്ടുണ്ടാകും അല്ലേ ..?

ഇല്ല ഒരിക്കലുമില്ല അമ്മയ്ക്കും അച്ഛനും ആരെയും ശപിക്കണോ വെറുക്കാനോ കഴിയില്ല അവർക്ക് സ്നേഹിക്കാൻ മാത്രേ അറിയുമായിരുന്നുള്ളു . അതുകണ്ടാണ് ഞാൻ സ്നേഹിക്കാൻ പഠിച്ചത് . ആ സ്നേഹമാണ് അന്ന് ഞാൻ നിനക്കായ് വച്ചുനീട്ടിയത് …

പക്ഷെ ഞാൻ …

എല്ലാം എനിക്കറിയാം . ഈശ്വരനെപോലും ഞാൻ കുറ്റം പറയില്ല . മരിക്കുന്നതിന് മുൻപ് നിന്നെയൊന്ന് കാണാൻ കഴിഞ്ഞല്ലോ . മിണ്ടാൻ കഴിഞ്ഞല്ലോ ഇനിയുള്ള പുലരികളിലും സായാഹ്നങ്ങളിലും സന്ധ്യകളിലും നിന്റെ സാമീപ്യമുണ്ടാകുമല്ലോ . ഈ കൈകോർത്ത്‌ ഇവിടമാകെ നടക്കാല്ലോ അതുമതി അതേ ആഗ്രഹിച്ചിരുന്നുള്ളു അന്നും ഇന്നും …..

മ്മ് ….. നീ ….. ഇപ്പൊഴും എഴുതാറുണ്ടോ ശ്രീ ….

ഇല്ല അവസാനമായി അന്ന് ആ രാത്രി ഞാനെന്തോ എഴുതിയിരുന്നു . അതോടെ എന്റെ തൂലികയുടെ ജീവൻ നിലച്ചു …..

ഇല്ല ….. നിന്റെ തൂലിക , അത് നിന്നിലൂടെ അല്ലാതെ മരണപ്പെടില്ല …. എഴുതണം ഇനിയും . മനസ്സിലെ നൊമ്പരങ്ങളെക്കുറിച്ച് , അനുഭവിച്ച വേദനകളെക്കുറിച്ച് , ഇപ്പോഴത്തെ ഈ സന്തോഷത്തെ കുറിച്ച് … ആ തൂലിക ഇനിയും പുനർജനിക്കണം ശ്രീ … എനിക്ക് വായിച്ച് ആസ്വദിക്കാനെങ്കിലും … എഴുതില്ലേ നീ …..

മ്മ് ….. എഴുതാം . നിനക്കായ് എഴുതി അവസാനിപ്പിച്ചിടത്തുനിന്നും നിനക്കായിത്തന്നെ തുടങ്ങാം …

എന്നാൽ നമ്മളെക്കുറിച്ചെഴുത് .. നമ്മുടെ ജീവിതത്തെ കുറിച്ച് …

ആ ശിരസ്സുകൾ അവന്റെ തോളോട് ചേർന്നു …..

മ്മ് … എഴുതാം ഞാൻ ….നിനക്കായ്‌ മാത്രം …..

നേരം ഒരുപാടായി … എന്നാപ്പിന്നെ നീ മുറിയിലേക്ക് പൊയ്ക്കോ . നാളെ കാണാം …..

നാളെ ഇച്ചായന്റെ ഓർമ്മദിവസമാണ് രാവിലെ പള്ളിയിൽ പോണം . നീയും വരണം എന്നോടൊപ്പം …

വരാമെന്ന് തലയാട്ടി സമ്മതിക്കുമ്പോൾ അന്ന് അവസാനമായി ആ റയിൽവേ സ്റ്റേഷനിൽ വച്ച് എന്റെ കൈകളിൽ മുറുകെ

പിടിച്ചത് ആവർത്തിച്ചിരുന്നു . ഒപ്പം ആ കണ്ണുനീരും കൂട്ടിനുണ്ടായിരുന്നു . നടന്നകലുന്ന അവളെ ഞാൻ നോക്കിനിന്നു . എന്തിനാണ് ആ കണ്ണുകൾ നനഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല ……

……………………………………………………………………………

ആ രാത്രി വീണ്ടും അയാളുടെ തൂലിക ചലിച്ചു . കാലം ഒരിക്കൽ തന്നിക്ക് സമ്മാനിച്ച സ്നേഹം തിരിച്ചെടുത്ത് ഒറ്റപെടുത്തിയെങ്കിലും വീണ്ടും തന്നിലേക്ക് ചേർത്തുവച്ച ഓർമ്മകൾ ഓരോന്നായി ആ കടലാസുകഷ്ണങ്ങളുടെ മാറിൽ കുറിച്ചിട്ടു . അതൊരു കഥയായി പൂർത്തിയായപ്പോൾ അതിനുമുകളിൽ തലചായ്ച്ച് കിടന്നു . നേരം അതിക്രമിച്ചതിലാകാം നിദ്ര വിഴുങ്ങിയ അയാളെ ഉണർത്തിയത് കാലം അയാൾക്ക്‌ കരുതിവച്ച മറ്റൊരു പ്രഹരത്തിലൂടെയായിരുന്നു …… ..

പറയാൻ വാക്കുകളോ കരയാൻ കണ്ണുനീരോ ഇല്ലാതെ . വർഷങ്ങൾക്കുശേഷം തന്റെ തൂലികയിൽനിന്നും അവൾക്കായ്‌ ജന്മമെടുത്ത അവരുടെ കഥയുമായി .
ആളൊഴിഞ്ഞ ആ കല്ലറകൾക്കുമുന്നിൽ അയാൾ നിന്നു . അലക്സ് ജോൺ ….. റിൻസി അലക്സ്‌ ….
കല്ലറയിൽ കൊത്തിവച്ച ആ പേരുകൾ അയാളുടെ മനസ്സ് വായിച്ചെടുത്തു …

അവരുടെ ജീവിതം ഒപ്പിയെടുത്ത കടലാസുകഷ്ണങ്ങൾ അവളുടെ കല്ലറയ്ക്കുമുകളിൽ വച്ചു മടങ്ങുമ്പോൾ . അവളുടെ കൈകോർത്തു നടക്കാൻ കൊതിച്ച അയാളുടെ മനസ്സിൽ അലക്സിന്റെ കൈകോർത്തുപോകുന്ന അവളുടെ രൂപമായിരുന്നിരിക്കാം . അപ്പോഴും ആ കടലാസ്സ് കഷ്ണങ്ങൾ കാറ്റിൽ പറന്ന് നടക്കുന്നുണ്ടായിരുന്നു …..