വിസിറ്റിംഗ് കാർഡ്‌

“ഡാ സ്റ്റണ്ട് കിടിലാണല്ലേ..??”എം ജി റോഡിലെ പി വി ആർ സിനിമാസ്സിൽ നിന്നും ഒരു മലയാള സിനിമ കണ്ടറിങ്ങുമ്പോൾ വായ്നോക്കുന്നത് ഒരു രസമാണ്.അതുകൊണ്ടുതന്നെ നിധിൻ പറഞ്ഞതോന്നും ഞാൻ അപ്പോൾ കേട്ടില്ല.ശനിയാഴിച്ചയതുകൊണ്ടാവാം തീയേറ്ററിൽ മലയാളി തരുണീമണികളുടെ നല്ല തിരിക്കും..

“ഹേ.. നീ എന്താ പറഞ്ഞേ..?”
“ഡാ..സ്റ്റണ്ട് കിടിലനാക്കിയില്ലേ..?”മോഹൻലാൽ ഫാനായ അവന്റെ മുഖത്തെ പ്രസാദം കണ്ടു ഞാനൊന്നും ചിരിച്ചു.പകുതിമനസ്സ് തിയേറ്ററിൽ നിന്നിറങ്ങുന്ന പെണ്പടകളിലും പകുതിമനസ്സു അവനു കൊടുത്തുകൊണ്ടായിരുന്നു എന്റെ ചോദ്യം.
‘അല്ല,മോനെ..ശെരിക്കും പുലിയായിട്ട് ഫൈറ്റ് ചെയ്തിട്ടണ്ടാകുമോ..?’

‘പിന്നെ..നീ മൈക്കിങ് വീഡിയോസ് ഒന്നു കണ്ടില്ലേ…?’ അവൻ അഭിമാനത്തോടെ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ ഞാൻ അതിനെക്കുറിച്ചൊന്നു പറഞ്ഞില്ല.ഡിസംബറിലെ തുളച്ചുകയറുന്ന തണുപ്പിൽ ജാക്കറ്റുമിട്ട് നടക്കുമ്പോൾ രാത്രി പതിനൊന്നായതിന്റെ പ്രതീതിയോന്നു ആ തിരക്കുമുള്ള റോഡിലില്ലായിരുന്നു. ഡൽഹിയിലെ തണുപ്പുകാലത്തെ സ്ഥിരം കാണാറുള്ള കാഴ്ച്ചയാണ് വഴിയോരത്തെ കടലക്കച്ചവടക്കാർ..കടലക്ക പ്രിയനായ നിധിൻ ഒരു കടല വണ്ടിയുടെ മുന്നിലെത്തിയപ്പോൾ,

“ഡാ ഒന്നു വാങ്ങിയാലോ..കൊറിച്ചുകൊണ്ട് നടക്കാൻ രസയായിരിക്കും?”അവന്റെ വായിൽ വെള്ളമൂറിയതു പോലെ തോന്നി..

“ആാാാ”..ഞാൻ മൂളി.

പ്രകാശപൂരിതമായ ആ നഗരത്തിന്റെ മുകളിലൂടെ പായുന്ന മെട്രോയിൽ നിന്നും നിധിൻ സിനിമയെക്കുറിച്ച് വാചാലനായികൊണ്ടേയിരുന്നു..ശബ്ദംകൂട്ടിയുള്ള നമ്മുടെ സംസാരം ശ്രദ്ധിച്ചിട്ടാവണം നമ്മളെ തന്നെ നോക്കി മറുവശത്തിരിക്കുന്ന ഒരു സ്ത്രീയെ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്..എന്റെ നോട്ടം അവരുടെ മുഖത്തായപ്പോൾ എന്നെ നോക്കി അവർ ചിരിച്ചു..ഞാനും പുഞ്ചിരിച്ചുകൊണ്ട് തല തിരിച്ചു.. ചെമ്പിച്ച അലസമായി പറക്കുന്ന മുടിയും,തിളങ്ങുന്ന കണ്ണുമായി മറുവശത്തിരിക്കുന്ന അവരിൽ എന്തോ ഒരു ആകര്ഷണമുള്ളപോലെ തോന്നി. മെട്രോയുടെ അവസാന സ്റ്റോപ്പായ ഹൂഡ സിറ്റി സെന്ററിൽ നിന്നും നടക്കാനുള്ള ദൂരമേ നമ്മുടെ റൂമിലേക്കുള്ളു.

തണുപ്പത്തു കൈയും വീശി മെല്ലെനടക്കുമ്പോൾ അടുത്തെത്തിയ ഒരു കാൽപരുമാറ്റം കേട്ടിട്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത്.ബാഗും തൂക്കി നേരത്തെ കണ്ട അതെ സ്ത്രീ പുറകിൽ. എന്റെ നോട്ടം കണ്ടിട്ടെന്നവണ്ണം ഓവർ ലിപ്സ്റ്റിക്കിട്ട ആ വാ തുറന്ന്,..

“എന്താ മക്കളെ ഇങ്ങനെ നോക്കുന്നെ..? എന്നെ ഇഷ്ടമായോ നിങ്ങൾക്ക്.?”ഹിന്ദിയിൽ ആ ചോദ്യം കേട്ടപ്പോൾ എന്താ പറയേണ്ടതെന്നറിയാതെ നമ്മളൊന്നും അംമ്പരന്നു..

“വേണമെങ്കിൽ ഞാൻ ഇന്ന് നിങ്ങളുടെ കൂടെ താമസിക്കാം..!!” രണ്ടാം ഗാന്ധിയെന്ന വിളിപ്പേരുള്ള നിഷ്കളങ്കബാലൻ നിധിയോടനു അവർ ചോദിച്ചത്.വായിലെ ഉമിനീരിറക്കി,ലേശം പരിഭവത്തോടെ അവൻ വേണ്ടെന്നു പറഞ്ഞു.എന്നിട്ടു ഞങ്ങളെ വിടാൻ ഭവമില്ലാത്തെപ്പോലെ

“നിങ്ങളുടെ റൂമിന്റെ മുന്നിലാണ് ഞാൻ താമസികുന്നത്,നിങ്ങളെ ഞാൻ മുന്പും കണ്ടിട്ടുണ്ട്… നിങ്ങളുടെ റൂമിൽ പ്രോബ്ലം ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്റെ റൂമിലേക്ക്‌ വരാമല്ലോ… എന്റെ റൂമിൽ വേറെ ആരും ഇല്ല..”ആദ്യമായിട്ടാണ് ഞങ്ങൾക്കിങ്ങനെയൊരു അനുഭവം.

“നമ്മൾക്ക് താല്പര്യമില്ല..”എടുത്തടിച്ചപോലെ ഞാൻപറഞ്ഞെങ്കിലും നമ്മളെ വിടാൻ ഭവമില്ലാതെ അവർ തുടർന്നു

“നിങ്ങൾ യുവാക്കൾ അല്ലേ, എന്നിട്ടും എന്തെ ?..എന്നെ ഇഷ്ടായില്ലേ ?”മറുപടി കൊടുത്തില്ലേൽ ഒഴിവാകുമെന്ന ധാരണയുള്ളതുകൊണ്ട് നമ്മൾ ഒന്നു മിണ്ടാതെ നടന്നു..”കണ്ട്രോൾ കളയല്ലേ എന്റെ പറശിനിക്കടവ് മുത്തപ്പാ…” എന്ന് മനസിൽ ചിന്തിച് ഞങ്ങൾ നടത്തത്തിന്റെ വേഗത കൂട്ടി,എന്നിട്ടും രക്ഷയില്ല അവരും ഒപ്പം തന്നെ ഉണ്ട്..

“ലോകത്തിലെ ഏറ്റവും സുഖകരമായ കാര്യം ചെയ്യാൻ നിങ്ങൾക്ക് താല്പര്യമില്ലേ..?”അവരുടെ ചോദ്യം കേട്ടപ്പോൾ ഇതിന്റെ മുഖമടച്ചു ഒന്നു കൊടുത്താലോ എന്നുവരെ ഞാൻ ചിന്തിച്ചുപോയി..
“ഇനി..ഇവൾ നമ്മളെ ആണത്തത്തെ കളിയാക്കിയതാണോ..?..ഏയ് അങ്ങനെയാവില്ല .” അങ്ങനെ ചിന്തിച്ചുകൊണ്ട് ഞാൻ പറഞ്ഞു

“നമ്മൾ നല്ല ക്ഷിണിതരാണ് ഒന്നിനും താല്പര്യമില്ല..” ഇതു കേട്ടതും അവളെന്തോ ആലോചിച്ചിട്ട്

“ഒഹ്.. ശെരി.എന്നാൽ നിങ്ങൾക്ക് താല്പര്യം വരുമ്പോൾ എന്നെ മറക്കേണ്ട..” ഇതു പറഞ്ഞു നടക്കുന്നതിനിടയിൽ അവർ ബാഗിൽ നിന്നും ഒരു വിസിറ്റിംഗ് കാർഡ്‌ എടുത്ത്‌ എനിക്കുനേരെ നീട്ടി.

“ഇവളുമാർക്കും വിസിറ്റിംഗ് കാർഡോ…”മനസിൽ അങ്ങനെ പറഞ്ഞു ഞാൻ അത് വാങ്ങി..പേരും നമ്പരുമല്ലാതെ വേറെയൊന്നുമതിലല്ല.മങ്ങിയ വെളിച്ചത്തിൽ പേരുപോലും നോക്കാതെ ഞാനത് പേഴ്സിലിട്ടു.നമ്മുടെ ഒരുമിച്ചുനടക്കുയല്ലാതെ വേറെയൊന്നും പിന്നെ അവർ മിണ്ടിയില്ല.നിശബ്ദയുടെ മൂടുപടം പൊട്ടിച്ചവൾ വീണ്ടും

“നിങ്ങളുടെ നാടവിടെയാണ്.. ?”
“ഞങ്ങൾ രണ്ടുപേരും കേരളത്തിലാണ് ഇവിടെ ജോലി ചെയുന്നു.” എനിക്കെന്തോ മറുപടി കൊടുക്കാതിരിക്കാൻ പറ്റിയില്ല..

“ഓഹോ.. എന്നിട്ടും നിങ്ങൾ നന്നായി ഹിന്ദി പറയുന്നു.”,ഒരു ചിരിയിൽ അതിന്റെ ഉത്തരമൊതുക്കി നമ്മൾ നടന്നു..
‘ഞാൻ ഭോപ്പാൽ ആണ്.. പതിനാറുവര്ഷമായി ഇവിടെ.” , നമ്മൾ ഒന്നു ചോദിച്ചില്ലെങ്കിലും തന്നെപറ്റിയവൾ തുടർന്നു,

“എനിക്ക് ഒരു മോളാണ് അവൾ പ്ലസ് ടുന് പഠിക്കുകയാണ്.. ഇപ്പോൾ നാട്ടിലെ ഒരു ബോർഡിങ്‌ സ്കൂളിൽ ആണ് ‘.മകളെക്കുറിച്ചു പറയുമ്പോളുള്ള അവരുടെ കണ്ണിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു..
“അവൾ നന്നായി പഠിക്കുമോ..?”എന്റെ വായിൽ അങ്ങനെയാണ് അപ്പോൾ വന്നത്..

“ആഹ്.. മിടുക്കിയാണിവൾ,അവൾക്ക് വേണ്ടിയാണു ഞാൻ ജീവിക്കുന്നതുതന്നെ.”ഇരുട്ടിൽ അവരുടെ കണ്ണിൽനിന്നും ഒലിച്ചിറങ്ങിയ കണ്ണീർ ശ്രദ്ധിക്കാതെ നമ്മൾ നടന്നു.റൂമിന്റെ അടുത്തെത്തിയപ്പോഴേക്കും

“ശെരി. നമ്മൾ പോട്ടെ.”
“ആഹ്‌.. മക്കളെ നിങ്ങളെന്റെ കൂടെവരേണ്ട, പക്ഷെ എനിക്കൊരു നൂറു രൂപതരാമോ.. ‘ ഞാൻ പോക്കെറ്റിൽ കൈ ഇടുമ്പോഴേക്കും നിധിൻ അവരുടെ നേരെ നൂറുരൂപാ നോട്ട് നീട്ടിയിരുന്നു. ഗേറ്റ് അടച്ചു റൂമിൽ കേറുമ്പോഴും നമ്മൾ തിരിഞ്ഞും നോക്കിയില്ല.ആ രാത്രി ആ സ്ത്രിയെ കുറിച്ചായിരുന്നു എന്റെ ചിന്തകൾ മുഴുവനും .തിരിഞ്ഞും കിടന്നു നോക്കിയപ്പോൾ നിധിയും കണ്ണുതുറന്നു കിടക്കുന്നു ചിലപ്പോൾ അവനു അവരെപ്പറ്റിയായിരിക്കും ചിന്തിക്കുന്നത്…..

ദിവസങ്ങൾ പലതും കഴിഞ്ഞു,പിന്നീടവരെ കാണാത്തതുകൊണ്ടാവണം അവരെപ്പറ്റിത്തന്നെ മറന്നു കഴിഞ്ഞിരുന്നു.ഞാനൊരു ലീവ് ദിവസം റോഡിലുടെ നടക്കുമ്പോൾ അവൾ തന്റെ റൂമിന്റെ മുന്നിലെ ഗെയ്റ്റിൽ ചാരിനിന്നു ഫോൺ വിളിക്കുന്നതു ഞാൻ ദൂരെ നിന്നെ കണ്ടു .അവരുടെ അടുത്തെത്തുബോഴേക്കും ഫോൺ കട്ടാക്കി ചിരിക്കുന്ന മുഖത്തോടെ

“എന്നെ ഓർമ്മയുണ്ടോ..?” ഉണ്ടെന്നർത്ഥത്തിൽ ഞാൻ തലയാട്ടി…

“നാട്ടിൽ പോകാറില്ലേ ?” ഞാൻ കുശലം ചോദിച്ചു.

‘കുറെയായി പോയിട്ട്. മോളെ കാണാൻ അവധിക്കാലത്താണ് പൊതുവെ പോകാറുള്ളത്..”

അന്ന് കുറച്ചു നേരം അവരോടു സംസാരിക്കണമെന്ന് തോന്നി സംസാരത്തിനിടയിൽ അവളുടെ ജീവിതകഥയുടെ ചുരുളുകളോരോന്നായി എനിക്കുവേണ്ടി തുറന്നു. പ്രണയത്തിന്റെ ചതിയിൽപ്പെട്ടാണ് അവർ ഡൽഹിയിലെ ജെ ബി റോഡിലെ ഇരുൾമുറികളിൽ എത്തിപ്പെട്ടത്.വിശ്വസിച്ച കാമുകൻ അവരെ വിറ്റതാണ്..പുതുമയുടെ പുറമോടി കഴിഞ്ഞപ്പോൾ അവൾക്കവിടെനിന്നു ഇറങ്ങേണ്ടിവന്നു.അവിടെനിന്നും ആകെയുള്ള സമ്പാദ്യമായി കിട്ടിയതാവട്ടെ ഒരു പെൺകുഞ്ഞും,നാട്ടിൽ അമ്മമാത്രമേ സ്വന്തമെന്നു പറയാനുള്ളു.മകളെ അമ്മയുടെ അടുത്താക്കി ജീവിക്കുന്നതിനുവേണ്ടി ഡൽഹയിൽ അവൾ സ്വയം മാംസക്കച്ചവടകാരിയായി.പിന്നീട് അമ്മ മരിച്ചപ്പോഴാണ് മകളെ ബോര്ഡിങ്ങിൽ ആക്കിയത്.ഇനിയുള്ള ജീവിതം അവൾക്കു വേണ്ടിയാണു മകളെ ഒന്നുമറിയിക്കാതെ നല്ല നിലയിലെത്തിക്കണം. അവൾക്കും വേണ്ടിയാണു അവർ ജീവിക്കുന്നതു.. കണ്ണീർ തുടച്ചുകൊണ്ടാണ് അവൾ പറഞ്ഞുനിർത്തിയത്.അവരോടു യാത്ര പറഞ്ഞു മടങ്ങാൻ നേരം എന്നിലെന്തോ പ്രതീക്ഷയർപ്പിച്ചട്ടവണം അവളെന്നോട് ഒരു സഹായം ചോദിച്ചത്.

“എനിക്ക് ഇങ്ങനെ ജീവിക്കണമെന്ന് അഗ്രമില്ല സാറേ… മകൾ വലുതായി.. സാർ വിചാരിച്ചാൽ എനിക്കൊരു ജോലി എവിടെങ്കിലും വാങ്ങിതരാൻ കഴിയുമോ..?”എനിക്ക് പറ്റില്ലെന്നുറപ്പുണ്ടയിട്ടും

“നോക്കാം “എന്നും പറഞ്ഞു ഞാൻ തിരഞ്ഞു നടന്നു.മനസ്സിലെന്തോ ഒരു ഭാരം പോലെ..

അവരെ കുറിച്ച് തന്നെയായിരുന്നു അന്നത്തെ ചിന്ത.”അഹ്..ലോകത്തങ്ങനെ കുറെ പേർ കഷ്ടപെടുന്നുണ്ട് അവരെയൊക്കെപ്പോലെ ഒരാളാണ് അവരും.. ഇവരെയൊക്കെ രക്ഷിക്കാൻ ഞാൻ ദൈവമൊന്നല്ലലോ.”മനസിൽ അങ്ങനെ പറഞ്ഞിരിക്കുമ്പോഴാണ് പെട്ടെന്ന് ഓർമ്മകളിൽ പുറകോട്ടു പോയത്.ചില നല്ല ഓർമ്മകളിൽ ചിലപ്പോഴൊക്കെ അവളുടെ മുഖം കയറി വരാറുണ്ട്.ശില്പ…ശില്പ അയ്യങ്കാർ….

ബംഗ്ലൂരിൽ ജോലിചെയ്യുന്ന സമയത്ത്. ‘കോമ്രേഡ്സ് ഇൻ ബാംഗ്ലൂർ ‘എന്ന വാട്സപ്പ് ഗ്രൂപ്പിന്റെ ഒത്തുചേരലിൽ പരിചയപെട്ടതാണവരെ. എനിക്ക് വളരെ ബഹുമാനം തോന്നിയ അവിവാഹിതയായ ഒരു ടെക്കി. അവരെ കൂടാതെ അവരുടെ വീട്ടിൽ നാല് അനാഥരായ പെണ്കുട്ടികളും..അവരുടെ അക്കയാണ് ശില്പ.. തന്റെ വരുമാനം അവരുടെ ജീവിതത്തിനു നിറം നൽകിയ ഒരു യഥാർത്ഥ കോമ്രേഡ്..കൊള്ളിയാൻവെട്ടം പോലെ എന്റെ മനസിൽ ശില്പ വന്നു. ആലോചിക്കാനൊന്നു നിന്നില്ല ശിൽപയെ ഫോണിൽ വിളിച്ചു ഇവരുടെ കാര്യം പറഞ്ഞു.. താൻ ഡൽഹയിലേക്കു വരാമെന്ന് അവളേറ്റു…..

“നീ എപ്പോഴാ പോകുന്നെ?” നല്ല അയലക്കറിയും കൂട്ടി ചോറ്കഴിക്കുന്നതിനിടയിൽ അമ്മയുടെ ചോദ്യം
‘നാളെ പോണം അമ്മേ..ബംഗ്ലൂരിൽ ഒരു ഫ്രണ്ട്നെ കാണണം..’

“ഇത്തവണയും വിഷുനു നീ ഉണ്ടാവില്ലല്ലോ.. നിനക്ക് നാട്ടിൽ വല്ലതും നോക്കികൂടെ..?’അമ്മയുടെ സ്ഥിരം പരിഭവം,.

തിരിച്ചുപോകുന്നതിനു മുന്നേ ബംഗ്ലൂരിൽ വന്നിട്ടേ പോകാവുന്നതും ശില്പ പറഞ്ഞിരുന്നു.ബംഗ്ലൂരിൽ അവളുടെ വീട്ടിൽ എത്തിയപ്പോഴക്കും ഉച്ചയായിരുന്നു.വാതിലിൽ തുറന്നത് ശില്പായരുന്നു. അതിഥിസത്കാരത്തിനിടയിൽ അടുക്കളഭാഗത്തേക്കു നോക്കിയവൾ അവരെ വിളിച്ചു

“ദീദി..” ശില്പ വിളിച്ചപ്പോഴേക്കും അവർ ചിരിച്ചുകൊണ്ട് എന്റെ മുന്നിലെത്തി.നാല് മാസംകൊണ്ടവർ ഒരുപാട് മാറിയിരിക്കുന്നു.ഇപ്പോ അവരുടേത് ചെമ്പിച്ച മുടിയല്ല.. കുറച്ചു തടിച്ചിരിക്കുന്നു, എന്നെ നോക്കി ചിരിച്ചു നില്കുന്ന അവരോടു,എന്ത് ചോദിക്കണമെന്നറിയാതെ കുഴഞ്ഞു.

“മോളെവിടെ..?”
“അവൾ എന്ട്രൻസ് കോച്ചിംഗ്നു പോകുന്നുണ്ട്..” ശിൽപയാണ് മറുപടി പറഞ്ഞത്..

“അവളേളരെക്കാളും മിടുക്കിയാണ്…” ശിൽപയുടെ ആ വാക്കുകൾ അവരെ ഒത്തരി സന്തോഷിപ്പിച്ചെന്നു അവരുടെ മുഖം കാണിച്ചുതന്നു.കുട്ടികളുടെ കാര്യവും വീട്ടുജോലിയും നോക്കിയവർ സന്തോഷത്തോടെ ജീവിക്കുന്നു..എന്റെ മനസിലെന്തോ ഇതുവരെ തോന്നാത്തൊരു സംതൃപ്തി.യാത്ര പറഞ്ഞവിടെനിന്നറങ്ങുമ്പോൾ അവർ എന്നെ തൊഴുതുകൊണ്ട് പറഞ്ഞു..

“സാറേ.. സർ എന്റെ ദൈവമാണ്…”

കൈകൂപ്പി നില്കുന്ന അവരുടെ മുഖത്തിന്‌ ഒരു ചിരി സമ്മാനിച്ച്‌ ദൈവം അവിടെനിന്നറങ്ങി.നൂറുരൂപ കൊടുത്തപ്പോൾ നാലുരൂപ ചേഞ്ച്‌ താ സാറേ എന്ന് ദൈവത്തോട് കണ്ടക്ടർ.ചേഞ്ച്‌ തപ്പിന്നതിനിടയിൽ ദൈവത്തിന്റെ നോട്ടം പോയത്‌ പേഴ്സിൽ അരുണ നാഗ് എന്ന എഴുതിയ ആ വിസിറ്റിങ് കാർഡിലേക്കായിരുന്നു….