അമ്മ മനസ്സ്

സേതു…..അമ്മയുടെ തുടരെത്തുടരെയുള്ള വിളി കേട്ടാണ് അവൻ ഉറക്കമുണർന്നത്. ‘എന്തൊരുറക്കമാടാ ഇത്…ഓഫീസിലൊന്നും പോകുന്നില്ലേ? ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാ ഭാവം! എല്ലാത്തിനും ഞാൻ വേണം…’ അവൻ ഇതൊക്കെ കേട്ട് ചിരിച്ചുകൊണ്ട് അമ്മയുടെ അടുത്തേക്ക് ചെന്നു..’അമ്മേ..അമ്മയ്ക്ക് മടുക്കുന്നില്ലേ…ഒരേ ഡയലോഗ് എപ്പോഴും ഇങ്ങനെ പറയാൻ? ഏതെങ്കിലും പുതിയത് പറ…എനിക്കും ഇത് കേട്ടു മടുത്തു’ അമ്മ പറഞ്ഞു..’ഹും….വൈകി എണീറ്റതും പോരാ..ചെക്കൻ കൊഞ്ചാൻ വന്നിരിക്കുകയാ… പോ..പോയി കുളിച്ചിട്ടു വാ…..’

അയാൾ കുളിച്ചിട്ടു വന്നപ്പോൾ അമ്മ അയാളുടെ നെറ്റിയിൽ ചന്ദനക്കുറി തൊട്ടു…കഴിക്കാൻ ഇരുന്നപ്പോൾ ഒരു ഗ്ലാസ്സ് പായസവും കൂടി കൊടുത്തു… അയാൾ ചോദിച്ചു ‘ആഹാ.. ഇന്നെന്താ വിശേഷം? പായസവും ചന്ദനവും’ അമ്മ പറഞ്ഞു’ ഇന്നെന്റെ പിറന്നാളാണ്’ അയാൾക്ക് പെട്ടെന്ന് സങ്കടം തോന്നി. അയാൾ അയാൾ പറഞ്ഞു’ അമ്മേ.. സോറി…ഞാൻ ഈ ദിവസം മറക്കാൻ പാടില്ലായിരുന്നു…ഇന്ന് വൈകുന്നേരം നമുക്ക് ആഹാരം പുറത്തുപോയി കഴിക്കാം’…അമ്മ പറഞ്ഞു…അതൊക്കെ പിന്നെ…

നിനക്ക് ഇപ്പൊത്തന്നെ വൈകി..ചെല്ല്…ഇനി ഇതിന്റെ പേരിൽ ഓഫിസിൽ നിന്നും ചീത്ത കേൾക്കണ്ട..’ അവൻ അമ്മയോട് യാത്ര പറഞ്ഞിട്ട് ഓഫീസിലേക്ക് പുറപ്പെട്ടു…പോകുന്ന വഴിക്ക് അവൻ ആലോചിച്ചു..’ഞാൻ എത്ര ഭാഗ്യവാനാണ്…ഇതുപോലൊരു അമ്മയെ കിട്ടിയതിൽ..അച്ഛൻ മരിച്ചിട്ട് വേറൊരു കല്യാണം പോലും കഴിക്കാതെ…എനിക്ക് വേണ്ടി എല്ലാം വേണ്ടെന്ന് വച്ച് ഒരു ആഗ്രഹങ്ങളും പറയാതെ..എന്റെ എല്ലാ കാര്യങ്ങളും അമ്മ അറിഞ്ഞു സാധിച്ചു തരികയാണ്..എന്തെങ്കിലും വാങ്ങികൊടുക്കാം എന്ന് വിചാരിച്ചാൽ അമ്മക്ക് ഒന്നും വേണ്ട എന്ന് പറയും.

പക്ഷെ..ഇപ്രാവശ്യം അമ്മയെ ഞെട്ടിക്കണം…കയ്യിലൊരു വള പോലുമില്ല പാവത്തിന് കയ്യിൽ…എല്ലാം എന്റെ പഠിത്തത്തിന് വേണ്ടി വിറ്റതാണ്. ഇങ്ങനെ ഒന്നും പ്രതീക്ഷിക്കാതെ മറ്റൊരാൾക്ക് വേണ്ടി ജീവിക്കാൻ സാധിക്കുന്ന ഒരു ബന്ധം അമ്മ മാത്രമായിരിക്കും.’ അങ്ങനെ ഓരോന്ന് ചിന്തിച്ച് അയാൾ ഓഫീസിൽ എത്തിച്ചേർന്നു…അന്ന് ഉച്ചയ്ക്ക് ഹാഫ് ഡേ ലീവിന് എഴുതിക്കൊടുത്ത് അയാൾ ജുവല്ലറി ലക്ഷ്യമാക്കി ഇറങ്ങി..ജൂവല്ലറിയുടെ മുൻപിലെത്തിയതും ഒരു ഫോൺ കോൾ. അയൽവീട്ടിലെ നന്ദുവാണ്…അയാൾ ഫോൺ അറ്റൻഡ് ചെയ്തു…ചേട്ടാ…ഒന്ന് വീട് വരെ വരാവോ? ആന്റിക്ക് എന്തോപോലെ….

അമ്മ ആന്റിയുടെ അടുത്തിരിക്കുകയാ…’ അയാൾ വേഗം വീട്ടിലേക്ക് ചെന്നു…നോക്കിയപ്പോൾ അമ്മ കിടകകുകയാണ്..നന്ദുവിന്റെ അമ്മ സേതുവിനെ കണ്ടതും പുറത്തോട്ടിറങ്ങി വന്നു..’ നീ ഇങ്ങോട്ട് വന്നേ…ഇന്നൊരു സംഭവം ഉണ്ടായി…നീ ജോലിക്ക് പോയതിനുശേഷം ചേച്ചി എന്റെ വീട്ടിൽ വന്നിരുന്നു…പായസം തരാൻ….ഞാൻ പാത്രം തിരിച്ചുകൊടുക്കാൻ നോക്കിയപ്പോൾ ചേച്ചിയെ കണ്ടില്ല….ഞാൻ ഇവിടെ വന്നപ്പോൾ ഇവിടെയും കാണാനില്ല…നോക്കിയപ്പോൾ എന്റെ ചങ്ക് പിടച്ചുപോയി. കിണറ്റിന്റെ അടുത്ത് പോയി നിൽക്കുകയാ…ഞാൻ വല്ലവിധേനയും പിടിച്ചുകൊണ്ടുവന്ന് ഇവിടെക്കിടത്തിയിട്ട് നിന്നെ ഫോൺ വിളിക്കാൻ എണീറ്റപ്പോൾ ചേച്ചി പിന്നെയും അങ്ങോട്ട് പോകാൻ തുടങ്ങുന്നു….

എന്നെ വിളിക്കുന്നു എനിക്ക് പോണം എന്നും പറഞ്ഞ്..അതാ ഞാൻ നന്ദുവിനെക്കൊണ്ട് വിളിപ്പിച്ചേ…’ സേതു എന്തുപറയണം എന്നറിയാതെ നിൽക്കുകയായിരുന്നു…’നീ എന്ത് ആലോചിച്ചോണ്ടു നിൽക്കുകയാ…ഞാനും വരാം…നമുക്ക് ചേച്ചിയെ ഒരു നല്ല സൈക്കാർട്ടിസ്റ്റിനെ കാണിക്കണം…’ നന്ദുവിന്റെ അമ്മ പറഞ്ഞു…സേതു അവർ പറഞ്ഞതുപോലെ തന്നെ അമ്മയെയും കൂട്ടി അവരോടൊപ്പം ചെന്നു..പോകുന്ന വഴിയിൽ നന്ദുവിന്റെ അമ്മ സേതുവിനെ നോക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു…അവർ ഒന്നും പറയാൻ പോയില്ല…

ഡോക്ടറുടെ ക്ലിനിക്കിൽ ചെന്നപ്പോൾ പേഷ്യന്റ്സ് കുറവായിരുന്നു…അവർക്ക് വളരെ പെട്ടെന്ന് തന്നെ ഡോക്ടറെ കാണാൻ സാധിച്ചു…അദ്ദേഹം സേതുവിനോടും നന്ദുവിന്റെ അമ്മയോടും പുറത്തിരിക്കാൻ പറഞ്ഞു..കുറച്ചു കഴിഞ്ഞ് അവർ രണ്ടുപേരെയും അകത്തേക്ക് വിളിച്ചു ചോദിച്ചു…’ഇതിനു മുൻപ് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ? ഇല്ല..ഇതാദ്യമായാ…’ സേതു പറഞ്ഞു..’അല്ല…ഇതാദ്യമായല്ല…’ നന്ദുവിന്റെ അമ്മ പറഞ്ഞപ്പോൾ അയാൾ ഞെട്ടലോടെ അവരെ നോക്കി. സാർ,കുറച്ചുദിവസമായി ചേച്ചിയുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ…ഞങ്ങൾ ഒന്നിച്ചാണ് അമ്പലത്തിൽ പോകുന്നത്..ഈയിടയ്‌ക്കൊരു ദിവസം അമ്പലത്തിൽ പോയി തിരിച്ചു വരുന്ന വഴിക്ക് ചേച്ചി വേറൊരു വഴിയിൽകൂടി നടക്കാൻ തുടങ്ങി..

ഞാൻ എത്ര പറഞ്ഞിട്ടും കേട്ടില്ല..എനിക്ക് വീട്ടിലേക്കുള്ള വഴി തെറ്റിയതാണെന്നും ചേച്ചി പോകുന്നതാ ശരിക്കുള്ള വഴിയെന്നുമൊക്കെ പറഞ്ഞു…ചേച്ചി വേറെ എന്തോ ഓർമ്മയിൽ പറഞ്ഞതാകും എന്നാ ഞാൻ കരുതിയത്… പക്ഷെ…ഇന്നലെയും ഇത് തന്നെ ആവർത്തിച്ചു. അത് ഇവനോട് പറയാൻ ഇരുന്നപ്പോഴാ ഇന്നത്തേത്.’ അപ്പോഴാണ് അയാൾ വേദനയോടെ ഓർത്തത് ഈയിടയ്‌ക്കൊരു ദിവസം അമ്മക്ക് കഴിക്കാനായി അമ്മ ഏറെ ഇഷ്ടപ്പെട്ടിരുന്ന മസാല ദോശ താൻ വാങ്ങിക്കൊണ്ടു വന്നത്, മൂന്നെണ്ണം വാങ്ങിയിരുന്നു….താൻ കുളി കഴിഞ്ഞുവന്നപ്പോൾ കണ്ടത് പ്ലേറ്റ് കാലിയായി ഇരിക്കുന്നതാണ്, അമ്മയെ നോക്കിയപ്പോൾ അമ്മ ഉറക്കം പിടിച്ചിരുന്നു. അടുത്ത ദിവസം രാവിലെ എന്തോ ആവശ്യത്തിനായി അലമാര തുറന്നപ്പോൾ അതിനകത്തുണ്ട് ആ മൂന്ന് ദോശയും!

അതിനെപ്പറ്റി അമ്മയോട് ചോദിച്ചപ്പോൾ അമ്മ അങ്ങനെ ചെയ്തിട്ടില്ല എന്നാണ് പറഞ്ഞത്, വീണ്ടും വീണ്ടും ചോദിച്ചപ്പോൾ ഓ…അത് ഞാൻ മറന്നതാകും എന്നും പറഞ്ഞു…അതുപോലെ….രാത്രി ടിവി കണ്ടുകൊണ്ടിരുന്നപ്പോൾ അടുക്കളയിൽ നിന്നും മിക്സിയുടെ തുടർച്ചയായ ശബ്ദം കേട്ട് താൻ ചെന്ന് നോക്കിയപ്പോൾ കണ്ടത് മിക്സി ഓണാണ്..അമ്മയെ അവിടെയെങ്ങും കാണാനില്ല…അത് ഓഫ് ചെയ്തിട്ട് എന്താ അതിൽ എന്നുനോക്കിയപ്പോൾ അതിൽ ഒന്നും തന്നെ ഇട്ടിട്ടില്ല, അമ്മയോട് ചോദിച്ചപ്പോൾ ഞാൻ ഇട്ടതാണല്ലോ എന്നാ മറുപടി തന്നത്…താൻ വിചാരിച്ചത്…അമ്മ എന്തോ ഓർമ്മപ്പിശകിൽ ചെയ്തതായിരിക്കും എന്നാണ്…ഇപ്പോൾ മനസ്സിലാകുന്നു…

പക്ഷേ…തന്റെ കാര്യങ്ങളിൽ ഒരു കുറവും വരുത്തിയും ഇല്ല…ഡോക്ടർ പറഞ്ഞു…’അതങ്ങനെയാണ്…അവർക്ക് വളരെ വേണ്ടപ്പെട്ടവരുടെ കാര്യങ്ങൾ അവരുടെ മെമ്മറിയിൽ വളരെ ശക്തമായി പതിഞ്ഞിട്ടുണ്ടാകും..പക്ഷെ ഇനിയത് കുറഞ്ഞുവരും.. നമുക്ക് കുറച്ച് ടെസ്റ്റുകൾ ചെയ്തു നോക്കാം.. ചില സ്കാനിങ് ഒക്കെ ചെയ്യാനുണ്ട്..പേടിക്കാതിരിക്കൂ….തല്ക്കാലം ഞാൻ കുറച്ച് മരുന്നുകൾ തരാം.. കുറച്ച് ദിവസത്തേക്ക് സേതു അമ്മയെ വിട്ട് എങ്ങും പോകരുത്…അമ്മക്ക് കരുതൽ വളരെ ആവശ്യമുള്ള സമയമാണ്.’ അയാൾ ഡോക്ടറിനോട് കുറിപ്പും വാങ്ങി പുറത്തുവന്നപ്പോൾ അമ്മ എങ്ങോട്ടോനോക്കി ചിരിച്ചുകൊണ്ടിരിക്കുകയാണ്…അയാൾ നോക്കിയപ്പോൾ രണ്ട് കുട്ടികൾ ഓടിക്കളിക്കുന്നു..

അവരിൽ ഒരാളെപ്പോലെത്തന്നെ അമ്മ അതാസ്വദിക്കുകയാണ്..അയാൾ പുറത്തോട്ടു വന്ന കണ്ണുനീര് ആരും കാണാതെ തുടച്ചിട്ട് അമ്മയെ വിളിച്ചു..’അമ്മേ..വാ പോവാം….’ അവർ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അയാളുടെ കൂടെ ചെന്നു. തന്റെ അമ്മയ്ക്കെന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് അയാൾക്ക് മനസ്സിലായി…അപ്പോഴാണ് ഓഫീസിലെ ഒരു കൂട്ടുകാരൻ അവന്റെ അച്ഛന്റെ കാര്യം പറഞ്ഞത് അയാൾക്ക് ഓർമ്മ വന്നത്..അയാൾ കൂട്ടുകാരനെ വിളിച്ച് അച്ഛന്റെ രോഗവിവരങ്ങൾ മുഴുവനും ചോദിച്ചു മനസ്സിലാക്കി. ഏകദേശം ഇതേ പ്രശ്നങ്ങൾ തന്നെയായിരുന്നു അവന്റെ അമ്മയ്ക്കും…സേതുവിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല…. അയാൾ കണ്ണുകൾ തുടച്ചിട്ട് നോക്കിയപ്പോൾ അമ്മയെ കാണാനില്ല! പഴയ സാധനങ്ങൾ വച്ചിരിക്കുന്ന മുറിയിൽ ബഹളം കേട്ട് അങ്ങോട്ട് ചെന്ന് നോക്കിയപ്പോൾ താൻ കുഞ്ഞിലേ കളിക്കാൻ ഉപയോഗിച്ചിരുന്ന ഒരു കളിപ്പാട്ടം എടുത്ത് നോക്കി രസിക്കുകയാണ് അമ്മ. സേതു കരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു…അവർ പെട്ടെന്ന് ഞെട്ടിയപോലെ നോക്കി..

അയാളുടെ കണ്ണിലെ കണ്ണുനീര് കണ്ടപ്പോൾ അവർ ആദ്യം ഒന്ന് പകച്ചു..പിന്നെ അവന്റെ കണ്ണുകൾ തുടച്ചു…കരയല്ലേ…കരയല്ലേ എന്ന് ഇടയ്ക്കിടയ്ക്ക് പറയുകയും ചെയ്തു. അയാൾ അന്ന് മുഴുവൻ അമ്മയുടെ അടുത്ത് നിന്നും മാറിയതേയില്ല..അടുത്ത ദിവസം രാവിലെ നന്ദുവിന്റെ അമ്മ വന്നു…’എന്താ..സേതു ഇത്…നീയും ഇങ്ങനെ തുടങ്ങിയാലോ? ചെല്ല്, ചെന്ന് മുഖമൊക്കെ കഴുകി കാപ്പി കുടിക്ക്. ഞാൻ അടുക്കളയിൽ കൊണ്ട് വച്ചിട്ടുണ്ട്…അമ്മയ്ക്കും കൊടുക്ക്’ അയാൾ പറഞ്ഞു’ എനിക്കൊന്നും വേണ്ട ചേച്ചി…ഒരു ഹെല്പ് ചെയ്യാമോ? ഞാൻ ഓഫീസിൽ ചെന്ന് ലീവിന് എഴുതിക്കൊടുക്കണം…അത്രയും നേരം ചേച്ചി ഇവിടെ കാണുമോ?’ അവർ പറഞ്ഞു ‘എന്തു ചോദ്യമാടാ ഇത്.. നീ ധൈര്യമായി ചെല്ല്.. ഞാനുണ്ട് ഇവിടെ…പിന്നീടുള്ള ദിവസങ്ങളിൽ അയാളുടെ കണ്ണുകൾ തോർന്നതേയില്ല..ഡോക്ടർ സ്കാനിങ് റിപ്പോർട്ട്സ് കണ്ടിട്ട് പറഞ്ഞു..’സേതു..ഞാൻ പ്രതീക്ഷിച്ചതു തന്നെ..

അമ്മയ്ക്ക് അൽഷിമേഴ്‌സ് ആണ്.. ഇതൊരു രോഗാവസ്ഥയാണ്…ഇതിന്റെ പ്രത്യേകത…ഈ അസുഖമുള്ളവർക്ക് പഴയ കാര്യങ്ങൾ ഓർമ്മയുണ്ടാകും..പക്ഷേ….ഇപ്പോഴുള്ള ഒന്നും അവരുടെ ഓർമ്മകളിൽ കാണുകയില്ല..ഇനി സേതുവിന് നല്ല ക്ഷമ വേണം..അമ്മ ഇപ്പോൾ ഒരു കൊച്ചുകുട്ടിയാണ്..അത് പൂർണമായും സേതു മനസ്സിലാക്കണം….സേതുവിന്റെ സ്‌നേഹപൂർണമായ പരിപാലനം ചിലപ്പോൾ അമ്മയിൽ വലിയ ആഘാതങ്ങൾ വരുത്താതെ വരാം…