ശവക്കല്ലറയിലെ കൊലയാളി 4

ശവക്കല്ലറയിലെ കൊലയാളി 4
Story : Shavakkallarayile Kolayaali 4 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

ഇൻക്വസ്റ്റ് പൂർത്തിയാക്കി ബോഡി ജനറല്‍ ആശുപത്രിയിലേക്ക് നീക്കാൻ നിർദ്ദേശം നൽകിയ ശേഷം എസ്.ഐ ജോണ്‍ സക്കറിയ ചിന്താധീനനായി തണുപ്പിനെ പ്രതിരോധിക്കാനെന്നോണം പോക്കറ്റില്‍ നിന്നും ചാർമിനാർ സിഗററ്റ് എടുത്ത് തീകൊളുത്തി ചുണ്ടില്‍വെച്ചു രണ്ട് കവിൾ പുകയെടുത്ത് അലക്ഷ്യമായി ഊതിവിട്ടു കൊണ്ടിരിക്കുമ്പോഴാണ് വണ്ടിയിലെ വയർലെസ് സെറ്റ് ശബ്ദിച്ചത്.

“ഒരു ഇൻഫർമേഷൻ ഉണ്ട് ഓവർ…..ഒവർ”

കയ്യിലെ സിഗററ്റ് തറയില്‍ ഇട്ട് ബൂട്ട്സുകൊണ്ട് ഞെരിച്ച് വയർലെസ് സെറ്റ് കയ്യിലെടുത്തു.

“എസ്.ഐ ജോണ്‍ സക്കറിയ ഓവർ…”

“സാർ, രാജകുമാരി ടൗണിൽ നിന്നും കുറച്ച് ഉള്ളിലോട്ടായി തേയിലത്തോട്ടത്തിൽ ഒരു കാർ കിടക്കുന്നതായി വിവരം കിട്ടിയിട്ടുണ്ട്…”

സെമിത്തേരിയില്‍ രണ്ട് പോലീസുകാരെ കാവലേൽപ്പിച്ച് ബാക്കിയുള്ള പോലീസുകാരുമായി സന്ദേശത്തിൽ പറഞ്ഞ സ്ഥലത്തേക്ക് കുതിച്ചു .

രാജകുമാരി ടൗണിന്റേയും സെന്റ് ആന്റണീസ് ചർച്ചിന്റേയും മധ്യേ കുറച്ച് ഉള്ളിലേക്കായി തേയില തോട്ടത്തിന്റെ നടുവില്‍ ഒരു വെള്ള സ്കോടാ കാർ കിടക്കുന്നുണ്ട് . വണ്ടിയുടെ പാർക്കിം ലൈറ്റ് അപ്പോഴും ചെറുതായി മിന്നുന്നുണ്ടായിരുന്നു.

പുറകിലേ ഗ്ലാസിലും മുന്നിലും ഡോക്ടര്‍ എന്ന ചിഹ്നം പതിച്ചിട്ടുണ്ട് . വണ്ടി ലോക് ചെയ്തിട്ടുണ്ടായിരുന്നില്ല .

അവിടെ കൂടിയിരുന്ന തൊഴിലാളികളോട് ചോദിച്ചപ്പോള്‍ പുലർച്ചെ മുതല്‍ ഇതിവിടെ കിടക്കുന്നുണ്ട്,ആദ്യം ഏതെങ്കിലും സഞ്ചാരികളുടേതാണന്നാണ് കരുതിയത് എന്ന മറുപടിയാണ് കിട്ടിയത് .

ഡോർ തുറന്നുള്ള സൂക്ഷ്മ പരിശോധനയിൽ വണ്ടിയുടെ ആർസി കോപ്പിയും ചില ഫയല്‍സുംകിട്ടി .അതില്‍ ഓണറുടെ സ്ഥാനത്ത് ഡോക്ടര്‍ നാൻസി തോമസ് വട്ടേകാട് ഹൗസ്, ഇടുക്കി എന്നെഴുതിയിട്ടുണ്ടായിരുന്നു.

ഉടന്‍ തന്നെ എസ് ഐ ജോണ്‍ സെക്കറിയ ഇടുക്കി സ്റ്റേഷനുമായി ബന്ധപ്പെട്ട് വണ്ടിയില്‍ നിന്നും കിട്ടിയ അഡ്രസ്സിൽ അന്വേഷിക്കാന്‍ പറഞ്ഞു.

സ്കോട പോലീസ് സ്റ്റേഷനിലേക്ക് എടുക്കാന്‍ പറഞ്ഞ് ജോണ്‍ സെക്കറിയ അഡ്രസ്സിലുള്ള വീട് തപ്പി ഇടുക്കി സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു .

ഇടുക്കി സ്റ്റേഷനില്‍ എത്തിയ ജോണ്‍ സക്കറിയയ്ക്ക് മനസ്സിലായി കൊല്ലപ്പെട്ടത് ഡോക്ടര്‍ നാൻസി തോമസ് വട്ടേകാടനാണെന്ന് .

‘ഡോക്ടര്‍ നാൻസി തോമസ് വട്ടേകാടൻ’

അന്തരിച്ച പ്ലാന്റർ തോമസ് വട്ടേകാടന്റെ ഒരേ ഒരു മകളും വട്ടേകാടൻ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എംഡിയുമാണ് ഡോക്ടര്‍ നാൻസി .

ഭർത്താവുമായി പിരിഞ്ഞ ഡോക്ടര്‍ തനിച്ചാണ് താമസം .

“നമുക്ക് അവരുടെ വീട് വരെ ഒന്ന് പോയാലോ”

“അതിനെന്താ പോകാലോ”

“അല്ല ജോണ്‍ എന്താ ഡോക്ടറുമായി ബന്ധം ? എന്തിനാണ്‌ അവരേ തേടിയിറങ്ങിയിരിക്കുന്നത്…?”

ഇടുക്കി എസ് ഐ ദേവസ്യയുടെ ചോദ്യത്തിന് സെന്റ് ആന്റണീസ് സെമിത്തേരിയില്‍ കണ്ട മൃതശരീരവും തേയിലത്തോട്ടത്തിൽ കണ്ട ഡോക്ടര്‍ നാൻസി തോമസ് വട്ടേകാടന്റെ പേരിലുള്ള സ്കോട കാറിന്റെ കാര്യവും ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിച്ചു നൽകി.

അഞ്ചുമിനിറ്റിനുള്ളിൽ ഇടുക്കിടൗണിൽ നിന്നും കുറച്ച് ഉള്ളിലേക്ക് മാറി കൊട്ടാരസദൃശ്യമായ വീടിനു മുന്നില്‍ പോലീസ് ജീപ്പ് നിന്നു .

രണ്ടാൾ പൊക്കത്തിൽ കെട്ടിഉയര്‍ത്തിയ മതില്‍, അത്രയും പൊക്കത്തിൽ പടുകൂറ്റൻ ഇരുമ്പ്ഗെയ്റ്റ്… ഇടത് വശത്ത് കറുത്ത ഗ്രാനൈറ്റിൽ വട്ടേകാടൻ ഹൗസ് താഴെ ഡോക്ടര്‍ നാൻസി തോമസ് വട്ടേകാടൻ MBBS, MD, MRCP എന്ന് ഗോൾഡൻ കളറിൽ എഴുതി വെച്ചിട്ടുണ്ട് .

വലതുവശത്തുള്ള സെക്യൂരിറ്റി കാബിനിൽ നിന്നും പുറത്തേക്ക് വന്ന സെക്യൂരിറ്റി പുറത്തു പോലീസിനെ കണ്ടതും ചെറിയ ഗെയ്റ്റ് തുറന്ന് ചോദിച്ചു,

“മാഡത്തിനെ കാണാനാണോ?

“അതേ…”

“മാഡം ഇവിടെ ഇല്ല “

“എങ്ങോട്ട് പോയി…? “

“ഇന്നലെ പോയതാണ് ഇതുവരെ വന്നിട്ടില്ല. “

“എങ്ങോട്ടാണ് പോയതെന്ന് വല്ലോം അറിയോ?

“അറിയില്ല സാര്‍ , ചേട്ടത്തിയോട് ചോദിച്ചാല്‍ അറിയാമായിരിക്കും.”

“അതാരാണ്?

“അടുക്കളയിലെ ജോലിക്കാരിയാണ്”

അയാള്‍ തുറന്നു കൊടുത്ത ഗെയ്റ്റിലൂടെ അവര്‍ അകത്തേക്ക് കയറി . കാളിങ്ങ്ബെല്ലടിച്ചതും അമ്പതിനോടടുത്ത് പ്രായമുള്ള ഒരു സ്ത്രീ വന്ന് വാതില്‍ തുറന്നു. പുറത്ത് നിൽക്കുന്ന പോലീസുകാരെ കണ്ടപ്പോള്‍ അവര്‍ ഒന്ന് പരിഭ്രമിച്ചു .

അവരില്‍ നിന്നും കാര്യമായി ഒന്നും അറിയാന്‍ കഴിഞ്ഞില്ല . ഒന്ന്മാത്രം അവര്‍ പറഞ്ഞു ഇടയ്ക്ക് ഇതുപോലെ പോകാറുണ്ട്,ചിലപ്പോള്‍ നേരെ ഹോസ്പിറ്റലില്‍ പോകും ഉച്ചയ്ക്കെ പിന്നെ വരൂ എന്ന് .

എന്നാല്‍ സെന്റര്‍ ഹാളിൽ കണ്ട ഫോട്ടോ ജോണ്‍ സെക്കറിയക്ക് അവരാണ് മരിച്ചത് എന്ന് ബോധ്യമാക്കികൊടുത്തു.

പുറത്തേക്ക് ഇറങ്ങി പോലീസ്ജീപ്പിനടുത്തേക്ക് നടക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന മൊബൈല്‍ഫോണ്‍ റിങ്ങ് ചെയ്തത് .

ഫോണ്‍ എടുത്ത് ചെവിയോടടുപ്പിച്ച എസ് ഐ ജോണ്‍ സെക്കറിയ, അപ്പുറത്ത് നിന്നും അറിഞ്ഞ വാര്‍ത്ത കേട്ട് ഞെട്ടിപ്പോയി !!!!

പറഞ്ഞുനിർത്തി ഹരിയെ നോക്കുമ്പോള്‍ എന്തോ ഒരു സംശയം അവനുള്ളതു പോലെ തോന്നി. വിചാരിച്ച പോലെ അവന്‍ അത് ചോദിയ്ക്കുകയും ചെയ്തു

“അല്ല വിശ്വേട്ടാ ഇടുക്കിയിൽ നിന്നും രാജകുമാരിയിലേക്ക് ഏകദേശം അമ്പതു കിലോമീറ്ററിൽ കൂടുതല്‍ ഉണ്ട്. ഈ ഡോക്ടര്‍ എങ്ങനെ അവിടെ എത്തി? “

“മോനേ ഹരി , നിന്റെ സംശയം ശരിയാണ്. അതിന്റെ ഉത്തരമാണ് ഈ കഥയുടെ വഴിത്തിരവ് അതിനു മുന്‍പ് ഡോക്ടര്‍ നാൻസി തോമസ് വട്ടേകാടൻ അന്ന് രാത്രി സഞ്ചരിച്ച വഴികളിലൂടെ നമുക്ക് ഒന്ന് സഞ്ചരിക്കാം പക്ഷേ ഇപ്പോള്‍ സമയം ഒരുപാടായി.വിശ്വേട്ടന് ഒന്ന് ഉറങ്ങണം.അപ്പോള്‍ നാളെ ഈ ആൽത്തറയിൽ കാണാം “

യാത്ര പറഞ്ഞിറങ്ങുമ്പോൾ ജോണ്‍ സെക്കറിയക്ക് വന്ന ഫോണ്‍ കാളിന്റെ ഉള്ളടക്കവും അന്നത്തെ രാത്രി സംഭവിച്ചേക്കാവുന്നതും തമ്മില്‍ എന്തോ ഒന്ന് മറഞ്ഞിരിക്കുന്നതായി തോന്നി ……..

(തുടരും……….)