ശവക്കല്ലറയിലെ കൊലയാളി 1
Shavakkallarayile Kolayaali Part 1 bY വിശ്വനാഥൻ ഷൊർണ്ണൂർ
“സെന്റ് ആന്റണീസ് ചർച്ച് “
രാജകുമാരി ടൗണിൽ നിന്നും അരക്കിലോമീറ്റർ സഞ്ചരിച്ചാൽ വശ്യമനോഹരമായ കുന്നിന്റെ മുകളില്‍ പഴമയുടെ പ്രൗഡി വിളിച്ചോതുന്ന ആ പള്ളി കാണാം .
ബ്രിട്ടീഷ് ആധിപത്യകാലത്ത് പാശ്ചാത്യവാസ്തു ഭംഗിയിൽ പൂര്‍ണമായും കരിങ്കല്‍ഭിത്തിയില്‍ പണികഴിപ്പിച്ച മനോഹരമായ ദേവാലയം . കരിങ്കല്ലിൽ തീർത്ത പടിക്കെട്ടുകൾ കയറിവേണം പള്ളിമുറ്റത്തെത്താൻ . പള്ളിയുടെ മുറ്റത്ത് ഒരു കോണില്‍ സെന്റ് ആന്റണീസ് പുണ്യാളന്റെ പഴക്കംചെന്ന ഒരു കരിങ്കല്‍ പ്രതിമ നിൽക്കുന്നുണ്ട് .
പള്ളിയുടെ ഇടതു വശത്തായി മാർബിൾ കല്ലിൽ തീർത്ത ശവക്കല്ലറകളുള്ള പഴക്കം ചെന്ന ഒരു സെമിത്തേരിയും ഉണ്ട് . ചില കല്ലറകൾക്കു മുകളില്‍ വാടിയതും വാടാത്തതുമായ പനിനീർ പൂക്കള്‍ കിടക്കുന്നു .
ഫാദർ റോസാരിയോ ,
മുപ്പത്താറിനോടടുത്ത പ്രായം,വെളുത്ത് തുടുത്ത നിറം,കൂർമ്മതയോടെ തിളങ്ങുന്ന പൂച്ചക്കണ്ണുകൾ . കട്ടികൂടിയ വില്ലു പോലെ വളഞ്ഞു നിൽക്കുന്ന പുരികകൊടികൾ സദാ ക്ലീന്‍ ഷേവ് ചെയ്ത് ഭംഗിയാക്കുന്ന മുഖം. ഇത്രയുമായാൽ ഫാദർ റോസാരിയോയെ വായിച്ചെടുക്കാൻ കഴിയും.
ഫാദർ റോസാരിയോ സെന്റ് ആന്റണീസ് ചർച്ചിൽ ചാർജ്ജെടുത്തിട്ട് ഏതാനും ദിവസങ്ങള്‍ ആവുന്നതേയുള്ളൂ . വൈദികപഠനം കഴിഞ്ഞുള്ള രണ്ടാമത്തെ പോസ്റ്റിങ്ങാണ് രാജകുമാരിയിലെ കുന്നിൻ മുകളിലെ ആ പള്ളിയില്‍ .
ഇടവകയിൽ ഭൂരിപക്ഷവുംതേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളിക്കുടുംബങ്ങളാണ് താമസം .
ജനുവരിയിലെ തണുപ്പുള്ള പ്രഭാതത്തില്‍ സൂര്യന്‍ ഉദിച്ചു പൊങ്ങി രണ്ടര നാഴിക പിന്നിട്ടിട്ടും ആ പ്രദേശങ്ങളില്‍ സൂര്യവെളിച്ചം എത്തിയിരുന്നില്ല . കോടമഞ്ഞിന്റെ കുളിരിനെ വക വെയ്ക്കാതെ കലപില ശബ്ദിച്ചു കൊണ്ട് തേയിലത്തോട്ടങ്ങൾ ലക്ഷ്യമാക്കി നടന്നു പോകുന്ന തൊഴിലാളികള്‍ .
താഴെ ടൗണിൽ നിന്നും ഫാദർ റോസാരിയോക്കുള്ള പ്രഭാതഭക്ഷണവുമായി കപ്യാർ കുഞ്ഞവറ തന്റെ ഹീറോ സൈക്കിള്‍ ആഞ്ഞ് ചവിട്ടി . കുന്നിന്റെ താഴെ എത്തിയപ്പോള്‍ സൈക്കിളിൽ നിന്നും ഇറങ്ങി കുഞ്ഞവറ ഒരു ബീഡിക്ക് തീ കൊളുത്തി സൈക്കിള്‍ തള്ളിക്കയറ്റിക്കൊണ്ടിരുന്നു .
എതിരെ വന്ന ലോറൻസ് ചോദിച്ചു
“എന്നാ ഉണ്ട് കുഞ്ഞവറ വിശേഷം “
“ഹോ . അങ്ങനെ അങ്ങു പോകുന്നു “
“മേരിക്കുട്ടിക്ക് ആലോചനയൊന്നും വന്നില്ല്യോ”
“ഒന്ന് രണ്ട് പേര് വന്നു. അവര് ചോദിക്കുന്നത് കൊടുക്കാന്‍ വേണ്ടായോ”
“എങ്ങനെയുണ്ട് പുതിയ അച്ഛന്‍ “
“ഹോ , എന്നാ പറയാനാന്നേ, കണ്ടില്ലേ ഈ വെളുപ്പാന്‍ കാലത്ത് മഞ്ഞും കൊണ്ട് ? അങ്ങേര്ക്ക് അവിടെ പോയി കഴിച്ചാല്‍ പോരായോ? എന്നെ ബുദ്ധിമുട്ടിക്കണോ “
“പോട്ടെ കുഞ്ഞവറാ എന്നതായാലും നമ്മുടെ ഇടവക വികാരിയല്ലേ”
സംഭാഷണം അവസാനിപ്പിച്ചു ലോറൻസ് പോക്കറ്റിൽ നിന്നും ഒരു ബീഡിയും എടുത്ത്കത്തിച്ച് കുന്നിറങ്ങാൻ തുടങ്ങി .
കുഞ്ഞവറ പള്ളി ലക്ഷ്യമാക്കി സൈക്കിളും തള്ളി മുന്നോട്ടുനീങ്ങി .
കരിങ്കല്‍ പടിക്കെട്ടുകൾക്ക് താഴെ സൈക്കിള്‍വെച്ച് കുഞ്ഞവറ ഫാദർ റോസാരിയോക്കുള്ള പ്രഭാത ഭക്ഷണവുമായി ആ പടികൾ കയറി മുകളിലേക്ക് പോയി .
മേടയിൽ അച്ഛന്‍റെ മുറിക്കു മുന്നില്‍ ചെന്ന്നിന്ന് രണ്ട് മൂന്നു തവണ മുട്ടി വിളിച്ചപ്പോള്‍ ഫാദര്‍ റൊസാരിയോ വാതില്‍ തുറന്നു.
പ്രഭാത ഭക്ഷണം മേശയ്ക്കു മുകളില്‍ വെച്ച് കുഞ്ഞവറ ആ മുറിവിട്ട് പുറത്തേക്കിറങ്ങി
പള്ളി മുറ്റത്തെത്തിയ കുഞ്ഞവറ സെന്റ് ആന്റണീസ് പുണ്യാളന്റെ പ്രതിമക്കു മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച് പതിയെ പടികൾ ഇറങ്ങാന്‍ തുടങ്ങി .
രണ്ട് പടിക്കെട്ടുകൾ ഇറങ്ങിയ കുഞ്ഞവറയുടെ കണ്ണുകള്‍ യാദൃശ്ചികമായി സെമിത്തേരിയിലേക്ക് നീണ്ടു .
എന്തോ കണ്ടപോലെ കുഞ്ഞവറ സെമിത്തേരിയിലേക്ക് നടന്നു .അടുത്തേക്ക് എത്തും തോറും അയാളുടെ മനസ്സില്‍ ഉത്കണ്ഠയും ഭീതിയും പെരുമ്പറ കൊട്ടാൻ തുടങ്ങി .
സെമിത്തേരിയില്‍ എത്തിയതും ആ കാഴ്ച്ച കണ്ട കുഞ്ഞവറ നിലവിളിച്ചു കൊണ്ട് ഫാദർ റോസാരിയയുടെ മുറിയിലേക്ക് ഓടി
(തുടരും……….)