തിരുവട്ടൂർ കോവിലകം 5
Story Name : Thiruvattoor Kovilakam Part 5
Author : വിശ്വനാഥൻ ഷൊർണ്ണൂർ
Read from beginning
ജോലിക്കാരി അമ്മുവിന്റെ നിലവിളി കേട്ട് കുളപ്പുരയിലേക്ക്
ഓടിയെത്തിയ കൃഷ്ണന്‍ മേനോന്‍
“ചതിച്ചല്ലോ ഭഗവതി “എന്ന് നിലവിളിച്ചു. കാൽമുട്ടുകൾ തമ്മിൽ കൂട്ടിയിടിക്കാൻ
തുടങ്ങിയപ്പോൾ അയാൾ പരിസരം മറന്ന്
അവിടെയിരുന്നു.
കുളത്തിലേക്കിറങ്ങുന്ന പടികളിൽ പകുതി ശരീരം വെള്ളത്തിലും ബാക്കി കരയിലുമായി ആ കാവല്‍ക്കാരന്റെ ജീവനറ്റ ശരീരം കിടക്കുന്നു .
പാമ്പ് കൊത്തിയത് പോലേയുള്ള ഇടതു കാലിലെ മുറിവിൽ നിന്നും ചോര ഒഴുകിച്ചെന്ന് വെള്ളത്തില്‍ കലർന്നിട്ടുണ്ട്. ശരീരം നീലിച്ചിരിക്കുന്നു, കണ്ണുകള്‍ പുറത്തേക്ക് തള്ളി നാവ് കടിച്ചു പിടിച്ച നിലയിലായിരുന്നു കിടപ്പ്.
ഒന്നേ നോക്കിയുള്ളു..
വീണ്ടും നോക്കാന്‍ കഴിയാതെ മേനോൻ മുഖം തിരിച്ചിരിക്കുമ്പോഴാണ് പിന്നാലെ ഓടി വന്ന അവന്തിക ആ രംഗം കണ്ട് തളർന്നു വീഴുന്നത് അയാൾ കണ്ടത് .
അമ്മുവും മേനോനും താങ്ങി പിടിച്ച് അവന്തികയെ ഒരു വിധത്തില്‍ പൂമുഖത്തേ തിണ്ണയിലേക്കെത്തിച്ചു.
അമ്മു അകത്ത് പോയി തണുത്ത വെള്ളം കൊണ്ട് വന്ന് അവന്തികയുടെ മുഖത്തേക്ക് കുടഞ്ഞതും അവന്തിക എഴുന്നേറ്റു .
സമചിത്തത കൈവരിച്ച അവന്തിക ഫോണെടുത്ത് വാര്യർ സാറിന്റെ നമ്പര്‍ ഡയൽ ചെയ്തു .
ഓഫീസിലേക്കിറങ്ങിയ വാര്യർ അവന്തികയുടെ നമ്പര്‍ കണ്ടപ്പോൾ തന്നെ ഫോണ്‍ എടുത്ത് ചെവിയില്‍ വെച്ചു .
“വാര്യരമ്മാവാ പെട്ടെന്ന് ഒന്ന് കോവിലകം വരേ വരൂ”
“എന്താ കുഞ്ഞേ എന്തു പറ്റി”
“എല്ലാം ഇവിടെ വന്നിട്ട് പറയാം”
“വണ്ടി കോവിലകത്തേക്കു വിടൂ”
വാര്യർ ഡ്രൈവറോട് പറഞ്ഞു .
എകദേശം പത്തു മിനിറ്റ് കൊണ്ട് വാര്യരേയും വഹിച്ചു കൊണ്ട് ആ കാർ കോവിലകത്തിന്റെ ഗെയ്റ്റ് കടന്ന് പൂമുഖത്തിന്റെ മുന്നില്‍ ചെന്ന് നിന്നു.
“എന്താ മേനോന്‍ സാറെ ? എന്തു പറ്റി എന്താ എല്ലാവരും വല്ലാതിരിക്കുന്നത് ?
കാറില്‍ നിന്നും ഇറങ്ങിയ വാര്യർ ചോദിച്ചു .
കൃഷ്ണന്‍ മേനോന്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു .
വാര്യർ പോകറ്റിൽ നിന്നും ഫോണ്‍ എടുത്ത് പോലീസിനെ വിളിച്ചു .
അരമണിക്കൂറിന് ശേഷം
കോവിലകത്തിന്റെ ഗെയ്റ്റ് കടന്നു ഒരു പോലീസ് ജീപ്പും കൂടെ ഒരു ആംബുലൻസും വന്നു നിന്നു.
മുറ്റത്ത് നിർത്തിയ ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങിയ എസ് ഐ . ആരോടെന്നില്ലാതെ
ചോദിച്ചു.
” എവിടെയാണ് ബോഡി കിടക്കുന്നത് .?
“വരൂ……..” എന്ന് പറഞ്ഞ് വാര്യർ മുന്നേ നടന്നു . കുളപ്പുരയിൽ എത്തിയ എസ് ഐ തലയില്‍ നിന്നും തൊപ്പി ഊരി ഒരു നിമിഷം നിന്നു.
കൂടെ വന്ന പോലീസുകാരോട് ഇൻക്വസ്റ്റ് തെയ്യാറാക്കാൻ പറഞ്ഞ് വാര്യരേയും കൂട്ടി പൂമുഖത്തേക്ക് ചെന്നു .
“നിങ്ങൾ ഈ കോവിലകം വാങ്ങിച്ച് താമസം തുടങ്ങിയിട്ട് എത്രയായി?
“ഒരാഴ്ച്ച ആകുന്നേയുള്ളൂ”
വാര്യരാണ് മറുപടി പറഞ്ഞത്.
“എന്നാലും വാര്യരെ എങ്ങനെ അയാള്‍ അവിടെ എത്തി! ?
“അറിയില്ല സാര്‍ “
“കാലത്ത് ഗെയ്റ്റ് തുറന്ന് കിടക്കുന്നത് കണ്ടു. കൂട്ടിൽ പട്ടികളും ഉണ്ടായിരുന്നില്ല . പുറത്തേക്ക് പോയതാവും എന്നാണ് കരുതിയേ”
“ആദ്യം ആരാ കണ്ടത് ?
“ജോലിക്കാരിയാ “
“അവളെ വിളിക്കൂ ?
മറുപടി പറയുന്നതിനിടയിൽ മേനോന്‍ അവന്തികയെ ഒന്നു നോക്കി .
അവന്തിക അകത്തേക്ക് പോയി അമ്മുവിനേ വിളിച്ചു കൊണ്ട് വന്നു.
പേടിച്ച് വിറച്ചാണ് അമ്മു അങ്ങോട്ട് വന്നത് .
“നിങ്ങളാണോ ആദ്യം കണ്ടത്.?
“അതേ “എന്നവൾ ശബ്ദം ഉയർത്താതെ തല കുലുക്കിക്കൊണ്ട് മറുപടി പറഞ്ഞു. പിന്നെ ഒന്നും അവളോട് ചോദിച്ചില്ല.
“ഇന്നലെ രാത്രി പതിവില്ലാത്ത വല്ല ശബ്ദവും കേട്ടോ.?
മേനോന്‍ പറഞ്ഞു.. “ഇല്ല നല്ല ഉറക്കത്തിലായിരുന്നു “
ആ സമയം ഒരു പോലീസുകാരൻ വന്നു ചോദിച്ചു .
“സാർ , ബോഡി എടുക്കട്ടേ.?
“എല്ലാം രേഖപ്പെടുത്തിയില്ലേ.?
“ഉവ്വ് സാര്‍ “
പോലീസ് ജീപ്പ് വരുന്നത് കണ്ടപ്പോൾ തന്നെ ഒരാൾക്കൂട്ടം കോവിലകം ഗെയ്റ്റിനു മുന്നില്‍ തടിച്ചു കൂടിയിരുന്നു.
അവര്‍ പരസ്പരം സംസാരിച്ചതത്രയും കോവിലകത്തിന്റെ നിഗൂഡതകളളെ കുറിച്ചായിരുന്നു.
മൃതദേഹം കയറ്റിയ ആംബുലൻസിനു പിറകേ വാര്യരുടെ കാറും ഗെയ്റ്റ് കടന്നു പോയി.
കോവിലകത്തുള്ളവർ അപ്പോഴും ആ ഷോക്കിൽ നിന്നും മുക്തരായിരുന്നില്ല.
അവർ നിർത്താതെ എന്തൊക്കെയോ
പിറുപിറുത്തുകൊണ്ടേയിരുന്നു.
നാഴികകൾ ആർക്കും വേണ്ടി കാത്തുനിൽകാതെ ഇഴഞ്ഞു നീങ്ങിക്കൊണ്ടേയിരുന്നു.
നീലാകാശത്ത് ഇളം ചുവപ്പുള്ള മേഘങ്ങൾ
അങ്ങിങ്ങായി കാണപ്പെട്ടു.
പതിവ് തെറ്റിക്കാതെ
സൂര്യൻ പടിഞ്ഞാറൻ കടലിന്റെ
മാറിൽ തല ചായ്ച്ചു.
രാത്രിയുടെ കറുപ്പിന് കട്ടി കൂടുന്തോറും കോവിലകത്തിന്റെ നിഗൂഡതകളും കനം വെക്കാന്‍ തുടങ്ങി .
രാത്രിയുടെ യാമങ്ങൾ ഓരോന്നായി പിന്നിട്ടതും ദൂരെ നിന്നും നായകൾ കൂട്ടത്തോടെ ഓരിയിടാൻ തുടങ്ങി . ഇരുട്ടില്‍ കുളിച്ച് നിൽക്കുന്ന കോവിലകത്തിനു മുകളില്‍ ഭീതികരമായ ഒരു മൂകത തളം കെട്ടി നിന്നു.
ഉറക്കം വരാതെ കിടന്ന അവന്തികയുടെ കാതുകളിൽ പേടിയുടെ കടലിരമ്പം ഉയര്‍ന്നു .
ഈ സമയം തൊടിയുടെ തെക്കേ ഭാഗത്തേ പൂത്തു നിൽക്കുന്ന പാലമരത്തിന്റെ മുകളില്‍ നിന്നും മൂങ്ങയുടെ ഉടലും സ്ത്രീയുടെ മുഖവുമുള്ള ഒരു വിചിത്ര ജീവി ഭായാനകരമായ ശബ്ദം പുറപ്പെടുവിച്ച് കോവിലകത്തിന്റെ മുകളിലേക്ക് പറന്നടുത്തു..!
(തുടരും…….)