നക്ഷത്രക്കുപ്പായം

⭐ നക്ഷത്രക്കുപ്പായം ⭐
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
Nakshathrakkuppayam | Author : _shas_
അക്ഷരങ്ങളുടേ ലോകത്തേക്ക് ഞാൻ പറന്നടുക്കുമ്പോൾ..കാറ്റിന്റെ താളത്തിൽ ആടിയുലഞ്ഞ് കൂട്ടം തെറ്റിയ എന്റെ വാക്കുകൾ തെറ്റുകുറ്റങ്ങളായി നിങ്ങളുടെ മനതാരിൽ അലയടിച്ച് മടുപ്പുളവാക്കുന്നെങ്കിൽ ഈ എന്നോട് പൊറുക്കുക..
കഥയുടെ ലോകത്തേക്കിറങ്ങിത്തിരിച്ച് ഇതുവരേ എന്നെ പ്രോത്സാഹിപ്പിക്കുകയും വിമർശനങ്ങളാൽ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും നന്ദി..!!!
ഒരുപാട് നല്ല എഴുത്തുകാർ പിറവിയെടുക്കുമീ കാലഘട്ടത്തിൽ… സായാഹ്നവേളയിൽ കുത്തിക്കുറിച്ചെടുത്ത എന്റെ ഈ അക്ഷരക്കൂട്ടങ്ങൾക്ക് പ്രാധാന്യമർഹിക്കുന്നുണ്ടോ എന്നറിയില്ലാ..എങ്കിലും ഇതുവരേയുള്ള എന്റെ കഥകളെ സ്വീകരിച്ച പോലെ ഇതും സ്വീകരിക്കുമെന്ന വിശ്വാസത്തോടെ ഈ *നക്ഷത്രക്കുപ്പായം*എന്ന നോവലും നിങ്ങൾക്കു മുന്നിൽ സമർപ്പിക്കട്ടേ…!!

എന്ന്
സ്നേഹപൂർവ്വം..|
_ഷാസ്_

അസ്തമയെ സൂര്യൻ പതിയെ മിഴികളടക്കാൻ തുടങ്ങിയപ്പോഴേക്കും സോഫിയ ഓടിക്കിതച്ചു മാനേജർ കാസിംക്കായുടെ അടുത്തെത്തി..നെറ്റിത്തടങ്ങളിലേക്കിറങ്ങി നിൽക്കുന്ന മുടിയിഴകൾ അനുസരണയില്ലാതെ തെന്നിക്കളിക്കുന്നു..
“സാർ.. എനിക്കൊരു രണ്ടാായിരം രൂപ തര്വോ..”

അഴിഞ്ഞു വീണ തട്ടത്തിൻ തുണ്ട് തലയിലേക്ക് നീക്കിയിട്ട് അവൾ മാനേജറുടെ മുന്നിൽ ഭവ്യതയോടെ നിന്നു..
പകൽ വെളിച്ചം യാത്രപറഞ്ഞു പോവും മുമ്പേ ഇവിടെന്നിറങ്ങണം..കണക്കു പുസ്തകത്തിലേക്ക് മിഴികളും നട്ടിരിക്കുന്ന മാനേജർ കാസിംക്കായുടെ മറുപടിക്കായവൾ ആ മുഖത്തേക്കു മിഴികളും നട്ടിരുന്നു..അവഗണനാ വേഷത്തിൽ നിന്നതല്ലാതെ അയാളിൽ നിന്നവളുടെ ചോദ്യത്തിനൊരുത്തരം കിട്ടിയില്ലാ…ഏകദേശം നാല്പത്തഞ്ച് അമ്പതോളം പ്രായമുള്ള അയാളുടെ തലയിൽ പകുതി കഷണ്ടിയും ബാക്കി ഉള്ളത് പാതിയൊളം നര വന്നതായിരുന്നു..അവയാണെങ്കിൽ മൈലാഞ്ചി ചോപ്പിനാൽ മറച്ചു പിടിച്ചിരുന്നു
ഒരിക്കൽ കൂടി അയാളുടെ മുന്നിൽ ഒച്ചെയെടുക്കാൻ അവൾക്ക് ധൈര്യം വന്നില്ലാ..
അടിയാന്മാർ എപ്പോഴും മേലാൾക്കു മുന്നിൽ ഓച്ഛാനിച്ചു നിന്ന പാരമ്പര്യമാണല്ലോ നമ്മുടെ സമൂഹത്തിന്റെ..പാവപ്പെട്ടവനെന്നും പാവപ്പെട്ടവനായിരിക്കും..മുളച്ചുപൊന്തും മുമ്പേ അടിച്ചമർത്താൻ വിധിക്കപ്പെട്ടവരായിരുന്നു നമ്മുടേ പൂർവ്വികന്മാർ..അതെല്ലാം നോക്കുമ്പോൾ ദിവസങ്ങളായനുഭവിക്കുന്ന ഈ അവഗണനകളെത്രെയോ നിസ്സാരം..ചിന്തകളെ ചില്ലുകൂട്ടിൽ ബന്ധനസ്ഥയാക്കി അവൾ പ്രതീക്ഷയോടെ മുതലാളിയുടെ മുഖത്തേക്കുറ്റു നോക്കി കൊണ്ടിരുന്നു..ചോദിക്കണോ വേണ്ടയോ എന്നു ശങ്കിച്ചൊടുവിൽ പോകാനായി പിന്തിരിഞ്ഞപ്പോൾ
അടിമുടി അവളെയൊന്നു വീക്ഷിച്ചുകൊണ്ട് കാസിം മുതലാളി വട്ടക്കണ്ണടയിലൂടെ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു..
“എന്തിനാടീ അനക്കിപ്പോ ഒരു രണ്ടാായിരമുലുവ..”
പരിഹാസ രൂപേണയുള്ള അയാളുടെ ചോദ്യത്തിനു മുന്നിൽ അല്പം ശങ്കിച്ചാണേലും അവൾ മറുപടി നൽകി..

“സാർ …എനിക്ക് കയറിക്കിടക്കാനൊരിടമില്ലാ..രണ്ടായിരം രൂപ അഡ്വാൻസായി കൊടുത്താാൽ ഒരു റൂം തരപ്പെടുത്താം ..എന്റെ ശമ്പളത്തിൽ നിന്നു പിടിച്ചോളൂ സാർ.”

“ആഹാ..ആകെ രണ്ടായിരത്തഞ്ഞൂറാ അന്റെ ശമ്പളം അതിന്ന് രണ്ടായിരം ഞാനങ്ങു പിടിച്ചാൽ പിന്നെ അനക്കെന്താ ഉണ്ടാവാ..അല്ലാാ..അനക്കിപ്പോ എന്തിനാ ഒരു വീട്..ഇയ്യ് രാത്രീൽ ന്റെ ഒപ്പമങ്ങോട്ട് കൂടിക്കോ..അനക്ക് വേണ്ടതെന്താന്ന് വെച്ചാൽ ഞാൻ തന്നോളാമെടീ..”

സോഫിയ അയാളെ രൂക്ഷമായി ഒന്നു നോക്കി..
“സാർ ..സൂക്ഷിച്ച് സംസാരിക്കണം..”

“ഓ..എന്തോ എങ്ങനേ‌..നമ്മൾ സംസാരിച്ചതായോ കുറ്റം..ഇങ്ങൾക്കൊക്കെ എന്തും എങ്ങനേയും ആവാം ലേ..”
കാസിം മുതലാളി വിടുന്ന മട്ടില്ല എന്നു കണ്ടപ്പോൾ സോഫിയ മൗനം പൂണ്ടു..വാക്കുകൾ കൊണ്ട് ക്രൂരമ്പുകൾ എയ്തുവിടുന്ന അയാളുടെ വാക്കുകളുടെ അടുത്ത പടി എന്തുമാവാം..
“എന്താടീ..അന്റെ നാവിറങ്ങിപ്പോയോ..അനക്കൊക്കെ എന്റെ ഈ ബ്രഡ് കമ്പനീല് ജോലി തന്നത് എന്നെപ്പോലെ ഉള്ള മുതലാളിമാരുടെ നല്ല മനസ്സുകൊണ്ടു മാത്രാ..എന്റെ സ്ഥാപനത്തിനൊരു ചീത്തപ്പേരു ഉണ്ടാക്കാതിരുന്നാൽ നിനക്ക് കൊള്ളാം..”

ചുറ്റിലും ആളുകൾ തനിക്ക് നേര നടന്നടുക്കുന്നത് സോഫിയ അറിയുന്നുണ്ടായിരുന്നു..

“എന്താ സോഫി എന്താ പ്രശ്നം..?”
കൂട്ടത്തിലുള്ള സഹപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുന്നിലവൾ മൗനിയായി..
നിസ്സഹയായി തലകുനിച്ചു നിൽക്കുന്ന അവളെ നോക്കി സുഹ്റ അടുത്തു വന്നു..

“കാര്യമെന്താാന്ന് ഞാൻ പറയാം..നിങ്ങളുടെ സഹപ്രവർത്തകക്ക് വന്നിട്ട് ഒരാഴ്ച കൂടി ആയില്ല..അതിനു മുന്നേ കാശ് വേണമെന്ന്..രണ്ടായിരം രൂപ പോലും..”

“സാർ ..ഒന്നു മാന്യമായിട്ട് പെരുമാറിക്കൂടെ ..എനിക്ക് നിങ്ങളെ കാശ് വേണ്ടാ..പോരേ..”
സോഫിയ യാചിക്കുന്ന സ്വരത്തിൽ പറഞ്ഞു..
“അയ്യോ..മാന്യതയോ..തമ്പുരാട്ടിക്കുട്ടിയോട് ഞാനെത്രമാത്രം മാന്യത കാണിക്കണമാവോ..”
പരിഹാസം കലർന്ന ഒരു ചിരിയോടെ അയാൾ അവളെ ഒന്നു നോക്കി..

“എടീ..സ്വന്തം ഭർത്താവിനെ മറന്ന് കൂട്ടുകാരനെ കിടപ്പറയിലേക്ക് ക്ഷണിച്ചു വരുത്തിയവളല്ലേ നീ..”

കാതടപ്പിക്കുന്ന സ്വരത്തിലുള്ള ആ വാക്കുകൾ കേൾക്കാനുള്ള ശക്തിയില്ലാതെ അവൾ കൈകൾ കൊണ്ട് ഇരു ചെവികളും പൊത്തിപ്പിടിച്ചു..കേട്ടു നിന്നവരുടെ പരസ്പരം ഉള്ള പിറുപിറുക്കൽ അവൾക്കസഹനീയമായിരുന്നു..
‘എന്ത്..സോഫിയയോ..അവള ത്തരക്കാരിയാണോ.. ഹേയ് വിശ്വസിക്കാൻ പറ്റ്ണില്ലാ..’
അതോ ഇനി ചിലപ്പോ മുതലാളി വൈരാഗ്യം തീർക്കുവാണോ..’
രമേശനും ഇഖ്ബാലും തുളസിയും പരസ്പരം എന്തൊക്കെയോ പുലമ്പുന്നു..
കേട്ടു നിന്ന സുഹ്റക്ക് സഹിച്ചില്ലാ

“സാർ..ഒരു പെണ്ണിനോടെത്ര വൈരാഗ്യമുണ്ടേലും ഇങ്ങനെ അവളുടെ മാനത്തിനു വില പറയുന്ന രീതിയിൽ ആവരുത് ..”

“ഹും..മാനം..ഇവൾക്കാണോ മാനവും അഭിമാനവുമൊക്കെ..എന്നാ എല്ലാരും ഇത് കാണ്..”
നീട്ടിപ്പിടിച്ച ആ വീഡിയോ ദൃശ്യങ്ങൾ അയാൾ തൊഴിലാാളികൾക്കിടയിൽ പ്രദർശിപ്പിച്ചു..

സോഫിയാക്ക് തൊലിയുരിയുന്ന പോലെ തോന്നി..
കാസിം മുതലാളി ആ വീഡിയോ എല്ലാവരുടേയും മുന്നിൽ പ്രദർശിപ്പിച്ചു ഒരു വിജയിയെ പോലെ നിന്നു..
ഇയാൾക്കെന്താ തന്നോടിത്ര വൈരാഗ്യം..വന്ന നാളുതൊട്ടു തുടങ്ങിയതാണ് മുന വെച്ചുള്ള സംസാരവും ചൂഴ്ന്നുകൊണ്ടുള്ള ഈ നോട്ടവും..പെട്ടെന്ന് ഒരു ജോലി തരപ്പെടാത്തതുകൊണ്ടാണ് ..അല്ലെങ്കിൽ ഇയാളുടെ ഈ ബ്രഡ് കമ്പനിയിൽ നിന്നെങ്ങോട്ടെങ്കിലും ഒന്നു ഓടിയൊളിക്കാമായിരുന്നു..
ഇയാൾ എല്ലാവർക്കും മുന്നിൽ തന്നെ നാണം കെടുത്തുകയാണ്‌..ഇവിടെയും താൻ ഒറ്റപെടുവാണോ…ഭൂമീ ദേവിയേ..ഒന്നു കനിയുമോ..
നിന്റെ മാറുപിളർന്നെന്നെയും കൊണ്ടൊന്നൂളിയിടുമോ..നീയൊന്നു വാരിപുണർന്നെങ്കിൽ നിൻ നെഞ്ചിലലിഞ്ഞൊന്നില്ലാതായി തീരാമായിരുന്നെനിക്ക്…

“സോഫീ..”
പിന്നിൽ നിന്നുള്ള ആ വിളി അതും കുറച്ചു കനത്തിലാണ്..തിരിഞ്ഞു നോക്കിയപ്പോ സുഹ്റ..
“എന്താാ ഞാനീ കേട്ടതൊക്കെ..പറ..ഇതെല്ലാാം ശരിയാണോ..”

സോഫി ഒന്നും ഉരിയാടാതെ തലയും കുനിച്ചു നിന്നു..
“പറ സോഫീ..നിന്നോടാ ഞാൻ ചോദിച്ചത്…ആ വീഡിയോയിൽ കണ്ടതെല്ലാാം സത്യമാണോന്ന്…?”

സുഹ് റ സോഫിയയുടെ ചുമലിൽ പിടിച്ചു കുലുക്കി..നിറകണ്ണുകളുമായി സോഫി പകൽ ഇരുട്ടിനെ വിഴുങ്ങുന്ന ദൃശ്യത്തിന് സാക്ഷിയെന്നോണം ഏതോ വിദൂരതയിലേക്ക് മിഴികളും നട്ടിരുന്നു..

“അത് ..പിന്നെ….”
മറുപടിക്കായി കാത്തു നിൽക്കുന്ന സുഹ് റാാക്ക് മുന്നിൽ എന്തുത്തരം നൽകണമെന്ന് ചിന്തിക്കവെയാണ് പെടുന്നനെ അവൾക്ക് നേരെ ആരുടേയോ ശബ്ദം ഒരസ്ത്രം കണക്കേ പാഞ്ഞു വന്നത്..

“അതേ… സത്യാണ്…കേട്ടതൊക്കെ സത്യാണ്..”
അപ്രതീക്ഷിതമായി വിരുന്നത്തെത്തിയ ശബ്ദത്തിന്റെ ഉടമയെ തേടി ഒരു ഞെട്ടലോടെ സോഫിയും സുഹ്റയും തിരിഞ്ഞു നോക്കി..

ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അവൾക്കാശ്ചര്യം തോന്നി..

”ഷാഫി.. ”
സുഹ്റയുടെ ഒരേയൊരു കൂടപ്പിറപ്പ്..ജന്മം കൊണ്ടല്ലെങ്കിലും തന്റെ മനസ്സിലും അവനാ സ്ഥാനം പിടിച്ചിരുന്നു..
എപ്പോഴും പുഞ്ചിരി കൊണ്ടലങ്കരിച്ച ആ മുഖത്തുള്ള ഭാവം അതാണവളെ അദ്ഭുതപ്പെടുത്തിയത്..

“മോനെ..ഷാഫീ..”
കൃതിമമായൊരു പുഞ്ചിരി ആ മുഖത്ത് വിരിയ്ച്ച് സോഫി അവന്നരികിലേക്ക് നടന്നടുത്തു..

“മതി..നിർത്ത്..ഇനി എന്റ്റെ പേരു പോലും നിങ്ങളെ നാവ് കൊണ്ടുച്ചരിക്കരുത്..അത്രക്ക് എന്തോനിങ്ങളോടറപ്പ് തോന്നാാ എനിക്ക്..”

വാത്സല്യത്തിന്റെ കുത്തൊഴുക്കിലൊഴുകിയെത്തിയ വാക്കുകളെ നിഷ്ക്കരുണം തച്ചുടക്കുന്ന അവന്റെ ആ മുഖം
നിറഞ്ഞു തൂവാൻ വെമ്പി നിൽക്കുന്ന കണ്ണീർകണങ്ങൾക്കിടയിലൂടെ അവൾ നോക്കി കണ്ടു ..

സോഫി ആ സ്ഥാപനത്തിലേക്കാദ്യമായി കടന്നു വന്നപ്പോൾ‌ പരിചയപ്പെട്ട മുഖം..പന്ത്രണ്ടാം ക്ലാസിലെത്തീണേലും ഇപ്പോഴും ചെറിയ കുട്ടികളുടെ സ്വഭാവാണ്.. തന്റെ നിഴലൊന്നു കാണുമ്പോ ഓടിവരും.. എത്രെയോ തവണ പോക്കറ്റ് മണിയായി തന്റെ കയ്യിൽ നിന്നും പണം പിരിപ്പിച്ച് കൊണ്ടോയിട്ടുണ്ട്….അത്രക്ക് അവകാശവും സ്വാതന്ത്ര്യവുമായിരുന്നു..സുഹ്റയേക്കാൾ ഇഷ്ടവും ആയിരുന്നു സോഫിയെ..
ഇടക്കൊക്കെ അവൻ സുഹ്റയെ കൂട്ടാനായിട്ട് വരും..വന്നാലും സോഫിയെ ആദ്യം വീട്ടിലെത്തിച്ചിട്ടേ അവൻ സുഹ്റയുടെ അടുത്ത് എത്തൂ..
“എടാ..ചെക്കാ..അനക്ക് സോഫിത്താനെ പറ്റുള്ളോ..അന്റെ ചോര ഞാനാ..അത് ഇയ്യ് മറക്കണ്ട..”
പരിഭവത്തോടെ സുഹ്റ പറഞ്ഞാലും പുഞ്ചിരിയോടെ അവനൊരു മറുപടി ഉണ്ട്..

“ചോര ഇങ്ങളാാണേലും സ്നേഹം മുഴുവൻ ന്റെ സോഫിത്താന്റെ മനസ്സിലാ ഉള്ളെ..”
അങ്ങനെയുള്ളയാളുടെ വായിൽ നിന്ന് വന്ന വാക്ക് അത് സുഹ്റക്ക് അവിശ്വസനീയമായി തോന്നി ..
“ഷാഫീ…നീ..എന്തൊക്കെയാ മോനേ നീ ഈ പറയ്ണേ..”
സുഹ്റ വല്ലാണ്ടായി..

“അതേ ഇത്താ..ഇവരെ…ഇവരെത്തന്നെയാ ഞാൻ വാട്ട്സപ്പിൽ കണ്ടത്..മഹാ കള്ളിയാ ഇവർ..ഛെ..പറയാൻ തന്നെ എനിക്ക് ലജ്ജ തോന്നാ .. ഇവരെയാണല്ലോ ഇത്രേം കാലം ഞാൻ ഇത്താ എന്ന് വിളിച്ചത്..”
അതും പറഞ്ഞു ഷാഫി മുഖം തിരിച്ചു കളഞ്ഞു..
സോഫി അവളുട കണ്ണിൽ നിന്നു പൊടിയുന്ന കണ്ണുനീർ നിയന്ത്രിക്കാൻ പാടുപെടുന്നുണ്ടായിരുന്നു..

“പറ സോഫീ..നീയെനിക്കെന്റെ സ്വന്തം കൂടെപ്പിറപ്പിനെപോലെയാ…നിനക്കങ്ങനെത്തന്നെ ഇങ്ങോട്ടും തോന്നുന്നുണ്ടേൽ ഉണ്ടായതെന്താന്ന് പറ..”
സുഹ്റ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും സോഫിയുടെ ആ മൗനത്തിന്റെ അർത്ഥമെന്തെന്നറിയാൻ അവൾക്കായില്ലാ..

“ഇത്താത്താ..ഇങ്ങള് വര്ണണ്ടേൽ വാ..ഞാൻ പോവാ..അതെല്ലാ ഇത്തരം കൂട്ടുകെട്ടുമായി ഇനീം മുന്നോട്ട് പോവാനാണേൽ എനി ആ വീട്ടിലേക്ക് വര് ണോന്നില്ലാ..”

സോഫിക്ക് എന്തോ ഹൃദയം കീറി മുറിക്ക്ണ പോലെ തോന്നി..കാരണം താൻ കൂടെപ്പിറപ്പിനെപ്പോലെ കരുതുന്ന ഷാഫി മോൻ..എന്തൊക്കെയാ പറഞ്ഞത്..നിന്ന നിൽപ്പിൽ എന്തോ ഉറച്ചുപോയ ഒരു പ്രതിമയെപ്പോലെയവൾ നിന്നു..
ഇനിയും സോഫിയയോട് ഇതിനെ പറ്റി ചോദിച്ചതോണ്ടായില്ലാന്ന് മനസ്സിലാക്കിയ സുഹ്റ പിന്നീടൊന്നും അവളോട് ചോദിക്കാൻ നിന്നില്ല..
അപ്പോഴും സോഫിയിൽ പ്രകമ്പനം കൊണ്ടിരുന്നത് മറ്റൊരാളുടെ വാക്കുകളായിരുന്നു..
‘ഇറങ്ങിപ്പോടീ ഇവിടുന്നു…വെറുത്തുപോയി നിന്നെ..ഇനി നീ എന്നല്ല നിന്റെ നിഴൽ പോലും എനിക്ക് മുന്നിൽ കാണണ്ടാ..കാണാനെനിക്കിഷ്ടമില്ലാ’

വീണ്ടും വീണ്ടും ആ വാക്കുകൾ കാതിൽ അലയടിക്കുന്നു..ദിക്കറിയാത്ത മറ്റേതോ ലോകത്തേക്ക് ഓടിയടുക്കാനാണവൾക്ക് തോന്നിയത്..ആ വാക്കുകളിൽ നിന്നുമേറ്റ മുറിവോളം വരില്ലാ ഇതൊന്നും..
പതിയെ അവൾ അവിടെ നിന്ന് നടന്നകന്നു..കലങ്ങി മറിഞ്ഞ കണ്ണുകളും നിയന്ത്രിക്കാനാവാത്ത മനസ്സും അവളിലെ മുന്നോട്ടുള്ള വഴികളിൽ അവ്യക്തത തീർത്തിരുന്നു..നടന്നകലും തോറും വഴികളിലൊരകൽച്ച രൂപപ്പെട്ടുകൊണ്ടിരുന്നു..

ആ അകൽച്ച എല്ലാവരിൽ നിന്നും അവൾക്കനുഭവപ്പെട്ടു..അന്നു വരേ സോഫി ..സോഫി എന്ന് വിളിച്ചിരുന്നവരെല്ലാം അവൾക്ക് മറ്റൊരു നാമം കൂടി ചാർത്തികൊടുത്തു..തേവിടിശ്ശി..
അതല്ലേലും അങ്ങിനെയാ..ഒരു പെണ്ണ് പിഴച്ചെന്ന് കേട്ടാ മതി..മറ്റൊന്നും ആലോചിക്കാതെ സമൂഹം അവൾക്ക് സ്വയം ചാർത്തിക്കൊടുക്കുന്ന പേരാണ് വേശ്യ , തേവിടിശ്ശി അല്ലെങ്കിൽ അഴിഞ്ഞാട്ടക്കാരി എന്നൊക്കെ..ഒരു പെണ്ണ് നശിക്കണമെങ്കിൽ അതിന് പിറകിൽ ഒരു ആണുമുണ്ടാവും..എങ്കിലും അവനൊരിക്കലും വേശ്യൻ എന്നോ അഴിഞ്ഞാാട്ടക്കാരൻ എന്നോ ആരും വിശേഷിപ്പിക്കറില്ല..
ഓരോ ദിനങ്ങളും പലരുടേ വേഷത്തിലും അവളോട് ക്രൂരത കാട്ടികൊണ്ടേയിരുന്നു..
അപ്പോഴും അരങ്ങിൽ അവളറിയാതെ ചിലർ അവൾക്കു വേണ്ടി ചരടു വലിക്കുന്നുണ്ടായിരുന്നു..

‘ഹലോ…ആ
ടാ…നീ പറഞ്ഞപോലെ ഒക്കെ ചെയ്തിക്ക്ണ്..ഓൾക്ക് വേണ്ട പണി ഞാൻ കൊടുത്തിണ് ..അത് പോരേ നിനക്ക്..
ഓ..അതോർത്ത് നീ വിഷമിക്കണ്ടാ…ഇനീം സമയമുണ്ടല്ലോ..അതൊക്കെ ഞാനേറ്റു..പിന്നെയ് ഇയ്യ് ന്റെ കാര്യം മറക്കണ്ടാ..
എന്നാ ശരി..ഞാൻ പിന്നെ വിളിക്കാ…’

മറുതലക്കൽ മുഴങ്ങുന്ന മറുപടി അവ്യക്തമായിരുന്നെങ്കിലും അതും കേട്ട്കൊണ്ടായിരുന്നു ബിസിനസ്സ് പാർട്ട്ണർ കൂടിയായ അനസ് കടന്നുവന്നത്..

“എന്താ കാസിംക്കാ..ആർക്കോ ഇട്ട്പണിയുന്ന കാര്യാണല്ലോ ഫോണിൽ വെളമ്പ്ണേ..ആരാണാവോ ഇന്നത്തെ ഇര”

“ആ..അതൊരു നല്ല കോള് തന്നെയാടാ..ആള് ഇവടത്തെ സ്റ്റാഫ് തന്നെയാ..ഇത് മറ്റേ കേസ് ആണ്..ഇതിനിടക്ക് കഥകള്‍.കോംവാട്ടസപ്പിലൊക്കെ വന്ന് വല്യ വിവാദായ പുള്ളിയാ..ഇവളറിയാതെ ആരോ പറ്റിച്ച പണിയാ ഈ വീഡിയോ …സ്വന്തം ഭർത്താവിനെ പറ്റിച്ച് മറ്റൊരുത്തനൊപ്പം…..പേരു സോഫിയ..”

“ആ ..ഞാൻ കേട്ടിരിന്നു അങ്ങനൊരു സംഭവം..കണ്ടിട്ടില്ലാ..”
അനസ് ആകാംക്ഷയോടെ പറഞ്ഞു..
“അല്ലാ..അത് ശരിക്കും ഉള്ളതാണോ…”

“ആ ..ആർക്കറിയാ..അതൊന്നും നമ്മളറിയേണ്ട ആവശ്യല്ലാ..ബിസിനസ്സ് മൈൻഡോടെ കാണുമ്പോ അതൊന്നും ചികയേണ്ട ആവശ്യം നമുക്കില്ലല്ലോ..
അവളെ‌ വെച്ച് വേണം നാല് കാശുണ്ടാക്കാൻ…ചുമ്മാ കൊറച്ച് എരിവ് കേറ്റിട്ടാ മതി..ബാക്കി ജനങ്ങളായിക്കോളും.”

“സാർ ..ചായ..”
അകത്തേക്ക് കയറിവന്ന പ്യൂൺ രമേശൻ രണ്ടുപേർക്കുമായി ചാായ നൽകി..
ചൂട് ചായ ചുണ്ടോടടുപ്പിക്കുന്നതിനിടയിൽ കാസിം അയാളോട് പറഞ്ഞു
,”രമേശാ..നീ ആ സോഫിയയെ ഞാൻ വിളിക്കുന്നെന്ന് പറ‌…”

“ശരി സാർ..”

പാതി തുറന്ന വാതിലിനിടയിലൂടെ സോഫിയേയും പ്രതീക്ഷിച്ചുകൊണ്ട് അയാൾ വികൃതമായ ഒരു ചിരി പാസാക്കി അവളുടെ വരവിനായി കാത്തിരുന്നു..

“ആ..പിന്നെ …കാസിംക്കാ..സ്വീറ്റ്സ്നെല്ലാം കുറച്ചൂടെ ഓർഡർ കിട്ടിട്ടുണ്ട്..ബിസിനസ്സെല്ലാം നമ്മക്ക് ഒന്നൂടെയൊന്നു പൊലിപ്പിക്കണം..ഹെൽപ്പിനായി ഒരാളെ കൂടി വെച്ചാലോ എന്നാലോചിക്കാ ഞാൻ..”

“..അനസേ..എന്താ വേണ്ടതെന്ന് വെച്ചാൽ ഇയ്യ് ചെയ്യ്..കസ്റ്റമേർസിനു മടുപ്പുണ്ടാക്കുന്നയൊന്നും നമ്മളെ ഭാഗത്ത് നിന്നുമുണ്ടാവരുത് എനിക്കത്രേ പറയാനുള്ളു..”

“അതോർത്ത് ഇങ്ങൾ പേടിക്കണ്ടാ..ഉഷാറാക്കണ കാര്യം നമ്മളേറ്റു കാസിംക്കാ..”

“ആ ..എനിക്ക് അന്നെ ആ വിശ്വാസമുള്ളോണ്ടല്ലേ ചെറുപ്രായായിട്ടും അന്നെ നമ്മൾ പാർട്ട്ണറാക്കിയേ..ന്റെ ബേക്കറികളൊക്കെ അന്നെ ഏല്പിച്ചെ..”

“കൂടുതൽ സുഖിപ്പിക്കല്ലേ കാസിംക്കാ..കാശിന്റെ കാര്യത്തിലും ഇതൊക്കെ ഉണ്ടായാാ മതി..”

“എന്താാ അനസേ..ഇയ്യ് ന്നെ അങ്ങനാാണോ കരുതിയേക്ക്ണെ..ഇപ്പോ തന്നെ ഈ സോഫിയാന്റെ കാര്യത്തിൽ ലക്ഷങ്ങളാാ നമ്മക്ക്‌ കിട്ടാൻ പോണേ..ഓളെ ഒന്നു മെരുക്കി കൊടുത്താ മാത്രം മതി അയാൾക്ക്..”

“ആർക്ക്..ആർക്കാ അവളുടെ കാര്യത്തിലിത്ര താല്പര്യം..?”

“ആ..അതൊക്കെ ഇപ്പോ സസ്പെൻസ്…എല്ലാം ഞാൻ ലക്ഷ്യം കണ്ടിട്ട് പറയാ..”

മറ്റെന്തോ പറയാനൊരുങ്ങി വന്ന അനസിന്റെ കാതുകളിലേക്കൊരു സ്ത്രീ ശബ്ദം ഒഴുകിയെത്തി..

“സാർ..എന്നെ വിളിച്ചോ..”

മധുരമായ ആ ശബ്ദത്തിന്റെ ഉടമയെ തേടി അനസ് പിറകിലേക്കൊന്നു തിരിഞ്ഞു നോക്കി..

ആ മുഖം കണ്ട അവൻ ഒരു നിമിഷം സ്തബ്ദനായി ഇരുന്നു..
പതിയെ ചുണ്ടുകൾ ആ നാമം ഉരുവിട്ടു കൊണ്ടിരുന്നു..

‘സോ..സോഫി…സോഫിയ…’

അനസിനെന്തോ കണ്ണിൽ ഇരുട്ട് കയറ്ണ പോലെയൊക്കെ തോന്നി..
അങ്ങനൊരു കാഴ്ചയല്ലേ താൻ കണ്ടത്..കാലങ്ങളായി തിരഞ്ഞു നടന്ന പെണ്ണ്..ഇപ്പോഴിതാ കയ്യെത്തും ദൂരത്ത്..പക്ഷേ താൻ കേട്ട സത്യങ്ങൾ..?
പടച്ചോനേ ..ഒരു കാലം താൻ മനസ്സിൽ പൂവിട്ട് പൂജിച്ചിരുന്ന തന്റെ സോഫിയെ കുറിച്ചാണോ കാസിംക്കാ ഇത് വരേ പറഞ്ഞിരുന്നേ..ഇല്ലാാ ..ഞാനിത് വിശ്വസിക്കില്ലാ..എവിടെയോ എന്തോ ചതി പറ്റിയിരിക്കുന്നു..പക്ഷേ ആ വീഡിയോ..ആ വീഡിയോ ക്ലിപ് ഏറ്റവും വലിയ തെളിവാണല്ലോ..അത് എങ്ങനെ അവിശ്വസിക്കും..

“എന്താ അനസേ..ഇയ്യ് ഇരുന്നു പിറുപിറുക്ക്ണേ.. അനക്കെന്താ പറ്റിയെ”
കാസിംക്കായുടെ വാക്കുകൾ കാടുകയറിപ്പോവുന്ന അവന്റെ ചിന്തകളെ പിടിച്ചു നിർത്തി..

“എന്ത് ..എ..ന്താ….എന്താ പറഞ്ഞേ..” ചിന്തയിൽ നിന്നുണർന്നവൻ പിന്തിരിഞ്ഞു നോക്കിയപ്പോയേക്കും സോഫിയ അവിടെ നിന്നും മറഞ്ഞിരുന്നു..

“കാസിംക്കാ…അത്…അതാണോ ഇങ്ങൾ പറഞ്ഞ … ”
അനസിനു വല്ലാാത്തൊരു വിങ്ങലുണ്ടായി

“അതേടാ‌…അത് തന്നെയാ ഞാൻ പറഞ്ഞ ആ ചരക്ക്..ഇപ്പോ നമ്മളെ ഭാഗ്യക്കുറിയും..”
അയാളുടെ വാക്കുകൾ കേട്ടപ്പോ ചെവിയടച്ചൊന്ന് കൊടുക്കാനാണവനു തോന്നിയത്..പതിയേ ചെയറിൽ നിന്നെണീറ്റവൻ പോവാനായൊരുങ്ങി..

“അല്ല ..അനസേ.ഇയ്യ് പോവാണോ..ഇന്നത്തെ കണക്കൊന്നും ക്ലിയറല്ലല്ലോ..”
ബ്രഡ് കമ്പനിക്ക് പുറമേ ഒന്നു രണ്ടു ബേക്കറിയും കൂടി ഉണ്ട് കാസിംക്കാക്ക് എല്ലാറ്റിലും ഓർഡർ പിടിക്കുന്നതും സ്വീറ്റ്സ് എത്തിച്ചു കൊടുക്കുന്നതുമെല്ലാം അവനായിരുന്നു

“ആ..എനിക്ക് ഭയങ്കര തലവേദന..ഞാാൻ പിന്നെ വരാം കാസിംക്കാ..ഇന്നൊന്നു പോയി റെസ്റ്റെടുക്കട്ടെ…”

“എന്നാ ആയ്ക്കോട്ടെ..ഞാൻ നിർബന്ധിക്ക്ണില്ലാ..അനക്ക് കാശെന്തേലും വേണോ ഇപ്പോ..”

“വേണ്ടാ ഇക്കാ.. ”
അനസിന് എങ്ങനേയെങ്കിലും സോഫിയയുടെ അടുത്തെത്താനായിരുന്നു ധൃതി..
വൈകുന്നേരമായതോണ്ട് സ്റ്റാഫുകളെല്ലാം പോവാനുള്ള തയ്യാറെടുപ്പിലാണ്..ഏകദേശം പത്തിരുപതോളം പേർ വരും..അനസ് അവർക്കിടയിൽ സോഫിയയുടെ മുഖം പരതികൊണ്ടിരുന്നു..ചിലരോടെല്ലാം ചോദിച്ചെങ്കിലും പുച്ഛം കലർന്ന ചിരിയോടെ അവർ കൈമലർത്തി…

“അനസ്ക്കാ ആരെയാ അന്വേഷിക്ക്ണേ..”
ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയതും പിറകിൽ തന്നെയുണ്ടായിരുന്നു സുഹ്റ..
“കുറേ നേരായി ഞാൻ ശ്രദ്ധിക്ക്ണ്..എന്താ അനസ്ക്കാ കാര്യം..”

സുഹ് റ അവിടെ പണ്ടുമുതലേ ഉള്ള ഒരു അംഗമാണ് അതോണ്ട് കഴിഞ്ഞു പോയതും ഇപ്പോഴുള്ളതുമായ ഒട്ടു മിക്ക സ്റ്റാഫിനേയും മുതലാളിമാരേയും അവൾക്ക് നല്ല പരിചയമായിരുന്നു

“ആ..സുഹ് റയോ…ഞാൻ ഇവിടെ ഒരു സ്റ്റാഫില്ലേ ..സോഫിയ എന്നു പേരുള്ള… ”
അനസ് പറഞ്ഞു മുഴുമിക്കും മുമ്പേ സുഹ്റ ഇടയിൽ കയറി പറഞ്ഞു

“ഓ..അവളോ..അവളിപ്പോ അങ്ങോട്ടിറങ്ങിയല്ലോ ഇക്കാ.. വല്ലാതെ പിന്നാലെ കൂടണ്ടാ ട്ടോ..അത്ര നല്ല പുള്ളിയല്ലാന്നാ കേൾക്ക്ണേ..”

“എന്താ സുഹ്റാ .ആരെങ്കിലും എന്തെങ്കിലും പറയുന്നെന്ന് കരുതി ഒരാളെ പെട്ടെന്നങ്ങോട്ട് വിലയിരുത്താൻ പറ്റ്വോ…”

“ആ..അത് പിന്നെ…അതും ശരിയാ..””
കൂടുതൽ സുഹ്റയോട് കിന്നരിക്കാനൊന്നും അനസ് നിന്നില്ലാ..കാരണം സുഹ്റക്ക് അവനോടുള്ള ഒരു ഇഷ്ടം ..അതവനു നല്ലപോലെ അറിയാം..അറിഞ്ഞിട്ടും അറിയാാത്ത ഭാാവത്തിൽ നടിക്കാണ്..കാരണം ഇനിയൊരു പെണ്ണിനെ മനസ്സിൽ കുടിയിരുത്താൻ അവനാവില്ലാ എന്നുള്ളത് തന്നെ..ഒരു കുഞ്ഞിനെ നൽകി എന്നെന്നേക്കുമായി അവൾ…. തന്റെ തസ്ലി… ഈ ഭൂമുഖത്ത് നിന്ന് മറഞ്ഞു പോയതിനു ശേഷം മറ്റൊരു പെണ്ണിന്റെ മുഖത്ത് പോലുംനോക്കാൻ തോന്നീട്ടില്ലാ..പക്ഷേ ഇപ്പോ…താൻ ആദ്യമായി സ്നേഹിച്ച പെണ്ണിനെ മുന്നിൽ കണ്ടപ്പോ മനസ്സു വീണ്ടും പതറുകയാണോന്നൊരു തോന്നൽ…

ബൈക്കുമെടുത്ത് ഇറങ്ങി ആ മുഖം അന്വേഷിച്ചു..‌ചെറിയൊരു പോക്കറ്റ് റോഡ് താണ്ടിയെങ്കിൽ മാത്രമേ ബസ്റ്റോപ്പിലെത്തൂ..
ഓർമ്മകളേയും വഹിച്ചുകൊണ്ടവനാ ഇരു ചക്ര വാഹനത്തേ പതിയേ നിരത്തിലേക്കിറക്കി…സോഫിയേയും ലക്ഷ്യമാക്കിയുള്ള ഓട്ടമാണേലും ഓർമ്മകളവനെ നാലു വർഷം പിറകോട്ട് വലിച്ചു..
സോഫിയ എന്ന മാലാഖ കൊച്ചിനരികിലേക്ക്…
പ്രൈവറ്റ് ഹോസ്പിറ്റലിന്റെ വരാന്തയുടെ ഒരു മൂലയിൽ വേദന കൊണ്ട് പുളയുന്ന ആ ഇരുപത്തിമൂന്ന് വയസ്സായ യുവാവിന്റെ അരികിലേക്ക്..
രക്തത്തിൽ കുളിച്ച് കിടക്കുന്ന അവൻ വേദന കൊണ്ട് പിടയുമ്പോ അറിയാതെ മുറുകെപ്പിടിച്ചിരുന്നത് ആ കരങ്ങളെയായിരുന്നു..
സിസ്റ്റർ സോഫിയെ..
തന്നെ മുറുകെ പിടിച്ച കൈകളിലേക്കും മുഖത്തേക്കുമൊന്നു നോക്കിയ സോഫിയോട് അയാൾ തൊഴുകൈകളോടെ കെഞ്ചി..

“സിസ്റ്ററേ എന്നൊന്നു കൊന്നു തരാൻ പറയ്..നിക്ക് വയ്യ ഈ വേദന ഇനിം…
എന്നെ ചികിത്സിക്കാനാവൂലേൽ ആ ഡോക്ടറോട് പറ കൊല്ലാൻ…”

ആർത്തു കരയുന്ന ആ യുവാവിന്റെ തലയിലൊന്നു തലോടിയ
ശേഷം പതിയെ ആ കൈകൾ അടർത്തിമാറ്റി അവൾ നെഴ്സിങ് റൂമിലേക്കോടി…
അയാളുടെ കരച്ചിൽ സോഫിയുടെ മനസ്സിൽ ഏതോ ഓർമ്മകളുടെ കൂൂട്ടിലേക്ക് കൊണ്ടുപോയി..വിധി പണ്ടൊരിക്കൽ അങ്ങനൊരു രംഗത്തിനവളെ സാക്ഷിയാക്കിയതാണ്..ഈ ലോകത്ത് അവൾക്ക് സ്വന്തമാണെന്നാശ്വസിക്കാവുന്ന ഒരേയൊരാൾ.. അവളുടെ ഉമ്മ.. ഏഴ് വയസ്സുള്ളപ്പോ തന്റെ ഉമ്മയും ഇതുപോലൊരു ആശുപത്രി വരാന്തയിലിരുന്ന് കേണത് ഇന്നും മങ്ങാതെ ഈ കണ്ണുകളിൽ‌ തെളിഞ്ഞു നിൽപ്പുണ്ട്..അന്നെന്റെ ഉമ്മാനെ ഒന്നു രക്ഷപ്പെടുത്തിയിരുന്നെങ്കിൽ ഇന്നാ വാൽസല്യത്തിന്റെ നിറകുടമായ തന്റെ ഉമ്മ… കൂടെയുണ്ടാവുമായിരുന്നില്ലേ..ഒരിക്കലും താൻ തനിച്ചാവില്ലായിരുന്നു..ഇന്ന് ഒറ്റപ്പെട്ടവൾ എന്ന വാക്കിന്റെ പര്യായമായിരിക്കുകയാണീ സോഫി..
ഓർമ്മകളെ കൂട്ടുപിടിച്ചുള്ള ആ കണ്ണീർകണങ്ങളുടെ ഒഴുക്ക് മനസാക്ഷി വിളിച്ചുണർത്തും വരേ തുടർന്നുകൊണ്ടേയിരുന്നു..
‘എണീക്ക് സോഫീ..എണീക്ക്..അയാൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യ്..മരണത്തിനു വിട്ടുകൊടുക്കാതെ അയാളെ രക്ഷിക്ക്..’
ഒരു മന്ത്രണം പോലെ മനസ്സിനകത്ത് ഉരുവിട്ട് കൊണ്ടിരിക്കുന്ന വാക്കുകളെ അനുസരിക്കാനെന്നോണമായിരുന്നു പിന്നീടുള്ള അവളുടെ നീക്കങ്ങൾ…തുടച്ചു കളഞ്ഞു ആ കണ്ണീർ തുള്ളികളെ..ഇനിയൊരാളും തന്റെ കണ്മുന്നിൽ വെച്ച് ചികിത്സയില്ലാതെ മരണത്തെ പുൽകാതിരിക്കാൻ വേണ്ടി..ഉറച്ചൊരു കാൽ വെപ്പോടെയവൾ കടമകളെ മുറുകെപ്പിടിച്ച് മുന്നോട്ട് നടന്നു..
അല്ല നടക്കുകയല്ലാായിരുന്നു..ഓടുകയായിരുന്നു..സിസ്റ്റർ ആതിരയുടെ അരികിലേക്ക്…

“നോക്ക് ആതിരാ..നീ കണ്ടില്ലേ അവിടെ ഒരു പേഷ്യന്റ് വേദനയുമായി മല്ലിട്ട് ചോരയിൽ കുളിച്ച് കിടക്ക്ണേ..നിനക്കൊന്നു ഡോക്ടറെ അറീക്കായിരുന്നില്ലേ..നിന്റെ ബ്ലോക്കിലെ പേഷ്യന്റല്ലേ അത്..”

“എന്റെ സോഫീ ..ഞാനെന്താക്കാനാ..ഞാൻ പറഞ്ഞതാ ആ ഡോക്ടറോട്..അപ്പോ പറഞ്ഞു അയാൾക്ക് ഒരു സർജറി വേണം പോലും ..അതിനു ബന്ധുക്കളാരേലും വന്ന് സൈൻ ചെയ്ത് തരാതെ ചെയ്യൂലാാ എന്നുള്ള വാശിയിലാ അയാാൾ..ബന്ധുക്കളെ വിവരറിയിച്ചീണ്..അവരു വരാതെ നമ്മൾക്കൊന്നും ചെയ്യാൻ പറ്റൂലാാ..”
ഒരു നെടുവീർപ്പോടെ ആതിര തുടർന്നു…

“ഇപ്പോ കാലിനു മാത്രേ പരിക്ക് കാണുന്നുള്ളു..ഒരു സ്കാനിംഗ് കഴിഞ്ഞാലേ തലയുടെ കാര്യം പറയാൻ പറ്റൂന്നാ പറഞ്ഞേ..”
വാർഡിലെ പേഷ്യൻസിനുള്ള മരുന്ന് അടുക്കി വെക്കുകയായിരുന്നു ആതിര..സോഫിക്ക് എല്ലാം കൂടി കേട്ടപ്പോ വെപ്രാളമായി..

“അപ്പോ….അതിനിടയിൽ അയാൾക്ക് വല്ലതും സംഭവിച്ചാൽ…”

“സംഭവിച്ചാലെന്താ..ആ പേഷ്യന്റിനും കുടുംബത്തിനും നഷ്ടം..അത് ഒരു ആക്സിഡന്റ് കേസാ..ആരോ ഇവിടെ കൊണ്ടോന്ന് തട്ടീട്ട് പോയി…പിന്നാലേ നടന്നാൽ പുലിവാലാവൂന്ന് കരുതിണ്ടാവും..എന്നാലും ഹോസ്പിറ്റൽ വരേ കൊണ്ടോരാനുള്ള മനസ്സെങ്കിലും കാണിച്ചല്ലോ..അത്ര പോലും മനസ്സ് ഇവടത്തെ ഡോക്ടർക്കില്ലാാണ്ടെ പോയി..കേസ് രജിസ്ടർ ചെയ്തൊക്കെ വരുമ്പോഴേക്കും അയാളുടെ ജീവൻ ബാക്കി കിട്ടിയാലായി..”

“ആതിരാ..ഏത് ഡോക്ടറാ ഇന്ന് ഡ്യൂട്ടിയിലുള്ളെ..”

“ഡോ..അനിൽ.. അയാൾക്കാ ഇന്ന് ഡ്യൂട്ടി..നിനക്കറിയാവുന്നതല്ലേ അയാൾടെ സ്വഭാവം ..പറഞ്ഞാ പറഞ്ഞതാ..”

മനസാക്ഷി ദ്രവിച്ചു പോയ ആ മനുഷ്യനെ മനസ്സാൽ ശപിച്ചു കൊണ്ടവൾ
എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ അയാൾക്കരികിലേക്ക് ഓടി…

ഡോക്ടറുടെ അടുത്തേക്കോടുന്ന സോഫിയെ പിടിച്ചു നിർത്താൻ ആതിര ശ്രമിച്ചെങ്കിലും പരാജയമായിരുന്നു..

“സോഫീ നിക്ക്. ‌..നീയിതെന്തിനുള്ള പുറപ്പാടാ ..വേണ്ടാത്ത വയ്യാവേലി ഒന്നുമെടുത്ത് തലേൽ വെക്കണ്ടാട്ടോ…”

സിസ്റ്റർ ആതിരയുടെ വാക്കുകൾക്കൊന്നും ചെവി കൊടുക്കാതെ സോഫി ഡോക്ടർ അനിലിന്റെ അടുത്തെത്തി..

“ഡോക്ടർ..ആ ആക്സിഡന്റ് കേസിലെ പേഷ്യന്റ്…”
സോഫിയ നിന്ന് കിതച്ചു..

“എന്താ സിസ്റ്റർ ..എന്തുപറ്റി..?”

“രക്ഷിക്കണം ഡോക്ടർ..അയാളെ ..അതെന്റെ കസിനാ… ചെറുപ്പം മുതലേ കളിച്ചു വളർന്നവരാ ഞങ്ങൾ…അവനില്ലാതെ…..”
സോഫി ഡോക്ടർക്കു മുന്നിലിരുന്നു കരയാൻ തുടങ്ങി

“ഡോണ്ട് വെറി സിസ്റ്റർ..ഇങ്ങനെ വിഷമിക്കാതിരിക്കൂ…അയാൾക്കുടൻ ഒരു സർജറി വേണ്ടി വരും ..അതിനുള്ള കാശൊക്കെയുണ്ടോ ഇയാൾടെകയ്യിൽ..എങ്കിൽ ഓപ്പറേഷൻ ഉടനെ ചെയ്യാം…”

ഹോ..അപ്പോകാശാണ് മെയിൻ പ്രോബ്ലം..ഒരു നിമിഷം ഒന്നാലോചിച്ച ശേഷം സോഫി സമ്മതം മൂളി..പിന്നെ എല്ലാം പെട്ടെന്നായിരുന്നു..
സിസ്റ്റർ ആതിരയുടെ ശബ്ദം കേട്ടാണ് താൻ അന്ന് ആ മയക്കത്തിൽ നിന്നുണർന്നത്..

“ഹലോ..ഇയാൾടെ നെയിം എന്താ…?” ആതിര മെല്ലെ കവിളിൽ തട്ടി ചോദിച്ചു…
വേദന കടിച്ചമർത്തികൊണ്ടവൻ മറുപടി നൽകി

“അനസ്..”

“ഉം..ഇപ്പോ എങ്ങനെയുണ്ട്..?”
ഫയലിൽ നെയിമും അഡ്രസ്സും രേഖപ്പെടുത്തുന്നതിനിടയിൽ സിസ്റ്റർ ആതിര ചോദിച്ചു…
മുഖത്തൊരു പുഞ്ചിരി വരുത്തി പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു..

“ആഹാ..ഇയാൾ എങ്ങോട്ടാ ഇറങ്ങി ഓടുന്നേ..രണ്ട് മേജർ ഓപ്പറേഷൻ കഴിഞ്ഞിരിക്കാ..
ഇന്നലെ നടന്നത് വല്ലതും ഓർമ്മയുണ്ടോ..”

..ഇല്ലാ..ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ലാ..രക്തത്തിൽ കുളിച്ച് ഇവിടെ കിടക്കുമ്പോ ദൈവത്തിന്റെ മാലാഖ തനിക്കു മുന്നിൽ വന്ന് നിന്നത് ഓർമ്മയുണ്ട്..അതേ .ആ മാലാഖയുടെ മുന്നിൽ കേണപേക്ഷിച്ചതോർമ്മയുണ്ട്..പിന്നീടാണ് അറിഞ്ഞത് ആ മാലാഖ സോഫി ആയിരുന്നെന്ന് ..ആ കാരുണ്യം മാത്രാണ് തന്റെ ശരീരത്തിലൂടൊഴുകുന്ന ഈ ശ്വാസത്തിനു കാരണമെന്ന്..ഓപ്പറേഷൻ ഇത്തിരി വൈകിയിരുന്നെങ്കിൽ ഇന്നു താനില്ലാ… സ്വന്തം കഴുത്തിലും കാതിലുമുള്ള പൊന്ന് എടുത്ത് ഓപ്പറേഷനു വേണ്ടിയുള്ള മരുന്നു വാങ്ങിച്ചത് എന്നൊക്കെ പിന്നീട് ആതിര സിസ്റ്റർ പറഞ്ഞറിഞ്ഞത്..എല്ലാം ആ മാലാഖപെണ്ണിനു തോന്നിയ ദയ മാത്രം..ഐ സി യു വിൽ കിടക്കുമ്പോ ആദ്യം കാണാൻ കൊതിച്ചത് ഉമ്മയേയും ഉപ്പയേയും ആയിരുന്നില്ലാ സോഫിയെ ആയിരുന്നു..ഒരു മാസക്കാലം ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടിയപ്പോഴും ഒരു പ്രയാസം തോന്നിയില്ലാാ..പ്രയാസപ്പെട്ടത് അന്നു ഡിസ്ചാർജ് ആയി പോവുമ്പോ ആയിരുന്നു..കഴിഞ്ഞില്ലാാ അന്ന് മനസ്സിലെ ഇഷ്ടം പറയാനായി..പിന്നീട് റെസ്റ്റും അതു കഴിഞ്ഞു ഉപ്പാന്റെ മരണവും എല്ലാംകൂടി കഴിഞ്ഞ് തിരികെ വന്നപ്പോഴേക്കും സോഫിയും കൂട്ടുകാരിയും ഹോസ്പിറ്റൽ മാറിയിരുന്നു..പിന്നെ‌ തിരയാത്ത സ്ഥലങ്ങളില്ല..
കഴിഞ്ഞതെല്ലാം ഇപ്പോഴും ഇന്നലെയെന്ന പോലെ ഓർമ്മയിൽ മങ്ങാതെ തെളിഞ്ഞു കിടപ്പുണ്ട്..മഞ്ഞുതുള്ളിയുടെ നൈർമ്മല്യതയുള്ള ആ സോഫിയെ ആണിന്ന് കാസിംക്കാ പറഞ്ഞത്..ഓർമ്മകളെ കൂട്ടുപ്പിടിച്ചങ്ങനെ നടന്നടുത്ത് സോഫിക്ക് മുന്നിലെത്തിയതറിഞ്ഞില്ലാ…ബസ്റ്റോപ്പിൽ നിൽക്കുന്നവർക്കിടയിൽ നിന്നും സോഫിയെ പരതി കണ്ടെത്തിയപ്പോഴേക്കും അവൾക്ക് പോവാനുള്ള ബസ്സ് മുന്നിലെത്തിയിരുന്നു..
നിരാശയോടെ അനസ് അകന്നുപോവുന്ന സോഫിയേയും നോക്കിയിരുന്നു..

‘എന്റെ സോഫീ…എന്റെ മനസ്സമാധാനവും കയ്യിലേന്തിയാ നിന്റെ യാത്ര.. ഇതിന്റെ യാഥാർത്യമെന്തന്നറിയാതെ ഈ അനസിന് ഇനി ഉറക്കമില്ലാ…’