ശവക്കല്ലറയിലെ കൊലയാളി 12
Story : Shavakkallarayile Kolayaali 12 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts
ഫാദര്‍ ഗ്രിഗോറിയോസിനേയും കൊണ്ട് ഇന്നോവ കാർ രാജകുമാരി ലക്ഷ്യംവെച്ച് നീങ്ങി . ഏകദേശം ഒരുമണിക്കൂർ പിന്നിട്ടപ്പോഴേക്കും ഫാദർ രാജകുമാരിയിലെത്തി.
രാജകുമാരി പോലീസ് സ്റ്റേഷന്‍ എന്നെഴുതിയ കെട്ടിടത്തിന്റെ മുന്നില്‍ ഇന്നോവ കാർ നിന്നു . പുറകിലെ ഡോർ തുറന്ന് ഫാദർ ഗ്രിഗോറിയോസ് തന്റെ ഊന്നുവടി ഊന്നി പോലീസ് സ്റ്റേഷന്റെ അകത്തേക്ക് പ്രവേശിച്ചു.
റിസപ്ഷനിൽ ഉണ്ടായിരുന്ന പോലീസുകാരൻ നമസ്കാരം ഫാദർ എന്ന് പറഞ്ഞു പുഞ്ചിരിച്ചു .
“നമസ്കാരം , എസ് ഐ ജോണ്‍ സക്കറിയ ??”
“സാർ അകത്തുണ്ട്.പോയി കണ്ടോളൂ.”
പോലീസുകാരൻ ചൂണ്ടിക്കാണിച്ച മുറിയിലേക്ക് നടന്ന ഫാദർ മുറിക്കുമുന്നിലെ ഹാഫ് ഡോറിൽ പിടിച്ച് അകത്തേക്ക്നോക്കി.
“മേ ഐ കം ഇൻ ഇൻസ്പെക്ടർ”
എന്ന് ചോദിച്ചു
“യെസ്, കയറി വരൂ…” എന്ന് എസ് ഐ ജോണ്‍ സെക്കറിയ മറുപടി കൊടുത്തപ്പോൾ ഹാഫ് ഡോർതുറന്ന് ഫാദർ അകത്തേക്ക്കയറി .
അകത്തേക്ക്കയറിയ ഫാദർ ഗ്രിഗോറിയോസിനെ കണ്ടതും ജോണ്‍ സെക്കറിയ തന്റെ ഇരിപ്പിടത്തിൽ നിന്നും ചാടി എഴുന്നേറ്റു .
“ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ…. ഫാദർ.”
“ഇപ്പോഴും എപ്പോഴും സ്തുതിയാരിക്കട്ടെ…”
ഫാദർ തിരിച്ചു പ്രതിവദിച്ചു.
“ഇരിക്കു ഫാദർ , കുടിക്കാന്‍ എന്താണ് വേണ്ടത്? “
ഒന്നുംവേണ്ട കുഞ്ഞേ
എന്ന് ഫാദർ പറഞ്ഞുവെങ്കിലും ജോണ്‍ ഒരു പോലീസുകാരനെ വിളിച്ച് ഇളനീർ വാങ്ങി വരാന്‍ പറഞ്ഞു .
“ഡോക്ടർ ദേവാനന്ദ് വിളിച്ചിരുന്നു. ഫാദറിന്റെ നിഗമനങ്ങളെ പറ്റി സംസാരിച്ചിരുന്നു. “
എസ് ഐ ജോണ്‍ അന്ന് അവിടെ കണ്ട കാര്യങ്ങള്‍ വള്ളിപുള്ളി തെറ്റാതെ ഫാദറിനോട് വിശദീകരിച്ചു .
എല്ലാം മൂളിക്കേട്ടശേഷം ഫാദർ ചോദിച്ചു .
“ആ മൃതശരീരത്തിലേക്ക് ഒരു പ്രത്യേക തരത്തിലുള്ള ഉറുമ്പുകൾ വരിയിട്ടെത്തിയതായി ഓർക്കുന്നുണ്ടോ ?”
“കൃത്യമായി ഓർക്കുന്നില്ല , ഉണ്ടെന്ന് തോന്നുന്നു “
“അതെന്താ ഫാദർ ആ ഉറുമ്പുകൾക്ക് പ്രത്യേകത?”
“അവ ശവം തീനി ഉറുമ്പുകളാണ് , ഇങ്ങനെ കൊല്ലപ്പെടുന്ന ശരീരത്തില്‍ അവ നിമിഷങ്ങള്‍ കൊണ്ട് എത്തും . ഇത്തരം ആത്മാക്കളുടെ പ്രതീകങ്ങളായ അവയുടെ പിറക് വശം മറ്റ് ഉറുമ്പുകളിൽനിന്നും വ്യത്യസ്തമായിരിക്കും. കടുത്ത കറുപ്പ് നിറത്തോട് കൂടിയ അവയുടെ ചുണ്ടുകളുംതലയും വലുതായിരിക്കും. “
ജോണ്‍ സെക്കറിയ അത്ഭുതത്തോടെയാണ് ഫാദറിന്റെ വാക്കുകള്‍ കേട്ടത് .
അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ പോലീസുകാരൻ ഫാദറിന് ഇളനീർ കൊണ്ടുവന്നു കൊടുത്തിരുന്നു . അത് കുടിച്ച് കഴിഞ്ഞു ഫാദര്‍ ജോണിനോട് ചോദിച്ചു .
“ജോൺ നമുക്ക് ആ സെമിത്തേരിയില്‍ ഒന്ന് പോയാലോ ?”
“അതിനെന്താ ഫാദർ പോകാലോ…”
എസ് ഐ ജോണ്‍ സക്കറിയ പോലീസ് ജീപ്പിൽ മുന്നിലും ഫാദര്‍ ഗ്രിഗോറിയോസിന്റെ ഇന്നോവ പുറകിലുമായി രാജകുമാരി കുന്ന് കയറിത്തുടങ്ങി.
പഴകിയ മരപ്പലകയിൽ സെന്റ് ആന്റണീസ് ചർച്ച് എന്നെഴുതിയ തുരുമ്പിച്ച ഇരുമ്പ് ഗെയ്റ്റിനു മുന്നില്‍ അവരുടെ വണ്ടികൾ നിന്നു.
അവരുടെ ആഗമനം അറിഞ്ഞിട്ടെന്നപോലെ ആകാശത്ത് കറുത്ത മേഘങ്ങൾ ഉരുണ്ട് കൂടാന്‍ തുടങ്ങി . ഇടിവാൾ തുടരെ മിന്നി . ശക്തമായി ഇടിമുഴങ്ങി കാറ്റിന്റെ ശക്തി കൂടി വന്നു . കരിയിലകൾ അന്തരീക്ഷത്തില്‍ പാറി നടന്നു .
ആ പകൽ സമയത്തും വെളിച്ചം മങ്ങി ഇരുട്ട് മൂടപ്പെട്ടു . കാലൻ കോഴികൾ നീട്ടിക്കൂവാൻ തുടങ്ങി .
ഫാദർ ഗ്രിഗോറിയോസിന് മുന്നേ വണ്ടിയില്‍ നിന്നും ഇറങ്ങി ഇരുമ്പ് ഗെയ്റ്റിനടുത്തേക്ക് നീങ്ങിയ ജോണ്‍ സെക്കറിയ ശക്തമായ കാറ്റില്‍ പിറകോട്ടാഞ്ഞു . കാറ്റില്‍ പാറിവന്ന കരിയിലകളിൽ ഒന്ന് ജോണിന്റെ നെറ്റിയില്‍ വന്ന് ഒട്ടി നിന്നു എത്ര ശ്രമിച്ചിട്ടും ഇളകി മാറാതെ ആ കരിയില ജോണിന്റെ നെറ്റിയില്‍ ആരോ ഒട്ടിച്ചപോലെ നിന്നു .
ഇന്നോവയുടെ ഡോർ തുറന്ന് പുറത്തിറങ്ങിയ ഫാദർ ഗ്രിഗോറിയോസിന്റെ കണ്ണുകള്‍ ഈ രംഗം കണ്ട് ചുവന്നു തുടുത്തു. നെറ്റിത്തടത്തിലെ ഞരമ്പുകൾപിടഞ്ഞു .
ഫാദർ ഗ്രിഗോറിയോസ് ളോഹയുടെ കീശയിൽ നിന്നും പഞ്ചലോഹത്തിൽ നിർമ്മിച്ച ക്രൂശിത രൂപത്തോട് കൂടിയ ഒരു ചെറിയ കുരിശെടുത്ത് ജോണിന്റെ നെറ്റിക്കു നേരെ നീട്ടി . അതുവരെ ജോണ്‍ എത്ര പറിച്ചെറിയാൻ ശ്രമിച്ചിട്ടും പോകാതിരുന്ന കരിയില പഞ്ചലോഹ കുരിശ് നേരെ നീട്ടിയതും അടർന്നു താഴെവീണു .
കരിയില പറിഞ്ഞു വീണ നെറ്റിത്തടത്തിൽ നീറ്റല്‍ അനുഭവപെട്ടപ്പോൾ ജോണ്‍ വിരല്‍ കൊണ്ട് അവിടെ സ്പർശിച്ചു . തിരികെ എടുത്ത വിരലലിൽ രക്തത്തിന്റെ അംശം കാണപ്പെട്ടു .
ജോണിനെ മറികടന്ന് മുന്നോട്ട് നീങ്ങിയ ഫാദർ ഗ്രിഗോറിയോസ് സെന്റ് ആന്റണീസ് ചർച്ചിന്റെ പഴയ ഇരുമ്പ് ഗെയിറ്റിനു മുന്നില്‍ എത്തിയതും
പിന്നീട് കണ്ട കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ഊഹങ്ങൾക്കും അപ്പുറത്തായിരുന്നു …..!!!!!!
(തുടരും…….)