കാക്കച്ചി കൊത്തിപ്പോയി

കാക്കച്ചി കൊത്തിപ്പോയി
Kakkachi kothipoyi Author : സിദ്ദിഖ് പുലാത്തേത്ത്
ഞാൻ മൊയ്തു ഞാനും റസിയയും വളരെ ചെറുപ്പം തൊട്ടേ കളിക്കൂട്ടുകാരായി വളർന്നു വന്നതാ.
പോരാത്തതിന് ഞങ്ങൾ രണ്ടും അയൽ പക്കങ്ങളിൽ താമസിക്കുന്നവരുമാണ്
കളത്തിൽ ബീരാൻ ഹാജിയുടെ രണ്ടാമത്തെ കെട്ട്യോളുടെ രണ്ടാമത്തെ മോളാണ് റസിയ..
ബീരാൻ ഹാജിയുടെ വീട്ടിലെ സ്ഥിരമായ ജോലിക്കാരനായ കാദറുകുട്ടിയാണ് ഞമ്മളെ ബാപ്പ…..
വളരെ ചെറുപ്പം തൊട്ടേ കുടുംബമായും അതുപോലെ ഞങ്ങളായും ഉള്ള ഈ… അടുപ്പം സ്ക്കൂളിൽ പത്താം തരത്തിലെത്തിൽ വരേ എത്തി നിൽക്കുന്നു ഈ… സമയത്താണ് എനിക്ക് ഈ.. അടുപ്പം ഒരു പ്രണയമായി തോന്നി തുടങ്ങിയിട്ടുണ്ടോ എന്നൊരു സംശയം എന്റെ മനസ്സിൽ ഒരു മിന്നാമിനുങ്ങിനെപ്പോലെ മിന്നിക്കത്തി തുടങ്ങിയത്….
റസിയ ഒൻപതിലും ഞാൻ പത്തിലുമായി പഠിത്തം തുടർന്നു പോകുന്ന ഈ… സമയം
റസിയാനോട് ഈ.. പ്രണയം എങ്ങിനെ ഒന്ന് അവതരിപ്പിക്കും എന്ന് തല ചൊറിഞ്ഞും ചൊറിയാതെയുമെല്ലാം എത്ര അങ്ങണ്ട് ആലോചിച്ചിട്ടും ഒരു എത്തും പിടുത്തവും കിട്ടുന്നില്ല….
ഒന്നാമത്തെ കാര്യം പഴയതു പോലെയല്ല ഇന്നു കളിക്കൂട്ടു കാരിയാണ് എന്നൊക്കെ ഉള്ള വെറും പേരും സങ്കൽപ്പവും മാത്രേ ഒള്ളു.
അല്ലാതെ ഒറ്റക്കൊന്നും ഇന്നു എന്റെ കൂടെയൊന്നും കളിക്കാനൊന്നും കിട്ടുന്നില്ല ഈ… കളിക്കൂട്ടുകാരിയെ അതു മാത്രമാണെങ്കിൽ സഹിക്കാം.,,
പോരാത്തതിന് അവൾ പഴയതു പോലെ സ്കൂളിൽ പോലും വരുന്നത് അവളെന്റെ കൂടെയൊന്നുമല്ല അവൾ കൂടെ വരുന്നില്ലപ്പോ
അവളാ ജാനൂന്റെയും മാളൂന്റെയും മൈമൂനാന്റെയുമെല്ലാം കൂടെയാ ഇപ്പൊ നടക്കുന്നേ….
ശെരിക്കും അവളെയൊന്നു കണ്ടു കിട്ടാൻ പോലും പാടാണിപ്പോ
എന്റെ മനസ്സിലുള്ള തേനൂറും ഈ… മുഹബ്ബത്ത് അവളോട്‌ തുറന്നു പറയാൻ ഒരു ചാൻസ് കിട്ടേണ്ടേ എനിക്കിപ്പോ.,, മുൻപൊക്കെ ആയിരുന്നേൽ ഈ.. മോഹം കൈമാറുവാൻ പല.,, പല.,, സ്ഥലങ്ങളും ഉണ്ടായിരുന്നു..
എന്തിനേറെ അവളുടെ പറമ്പ് തന്നെ ധാരാളമായിരുന്നു ആ.. മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ മുൻപൊക്കെ അവൾ അവളുടെ വീട്ടിലെ പണിക്കാരി പാറുവിന്റെ കൂടെ ആടിനെ മേക്കാനായി അവരുടെ പറമ്പിൽ ഇങ്ങേ തലക്കൽ വരുമായിരുന്നു..
എന്റെ വീട് അവളുടെ ഈ… പറമ്പിന്റെ അതിരിന്നടുത്തായിരുന്നതിനാൽ
അവർ ഇവിടെ വന്നു എന്നറിഞ്ഞാൽ ഞാനും അവരുടെ കൂടെ അവിടേക്ക് പോകുമായിരുന്നു.
അന്നൊക്കെ അവൾക്കു വേണ്ടി. ഞാൻ പുളിയുറുമ്പുള്ള ആ…. ചുണങ്ങൻ മാവിന്റെ മുകളിൽ ആ.. ഉറുമ്പുകളുടെ കടി കൊണ്ടും സഹിച്ചും അവിടെ അള്ളിപ്പിടിച്ചിരുന്നു അവള്ക്കെത്ര മാങ്ങയാ ഞാൻ പറിച്ചു കൊടുത്തിട്ടുള്ളത് ” ഹും.,,,, അതെല്ലാം ഒരു കാലം.

ഇന്നവളൊന്നും ആ… ഭാഗത്തോട്ടെ വരുന്നില്ല അന്നായിരുന്നെങ്കിൽ അങ്ങിനെയുള്ള പല കുറുക്കു വഴികളും ഉണ്ടായിരുന്നു ഇന്ന് അതും അടഞ്ഞു..
ഇനി പിന്നേ ഒറ്റ വഴിയേ ഒള്ളു അവളോട്‌ എന്റെ ഈ… പ്രണയം തുറന്നു പറയാൻ ഞാൻ കാണുന്നത് പ്രേമ ലേഖനം എഴുതി കൊടുക്കുക. എന്ന ഒരൊറ്റ കാര്യമേ ഇനി നടക്കൂ..,,,
പക്ഷെ അതിനും ചെറിയ ഒരു കുഴപ്പം ഉണ്ടല്ലോ..
മലയാളം അത്ര കണ്ടു പോരാത്തതിനാൽ അതും റിസ്‌ക്കാ….
അങ്ങിനെ കൂട്ടുകാരൻ സൈതാലിയോടു
ഈ… കാര്യം സൂചിപ്പിച്ചപ്പോൾ സൈതാലി എന്നോട് പറഞ്ഞു “ഓഹോ.,,, നിനക്ക് അങ്ങിനെ ഒരു മോഹമുണ്ടോ. ഉള്ളിൽ
പക്ഷെ മൊയ്തു എനിക്ക് ഇഷ്ടമാ അവളെ ഞാനിതു അവളോട്‌ എങ്ങിനെ തുറന്നു പറയും എന്ന് കരുതി ഇരിക്യായിരുന്നു.
ഞാൻ പലപ്പോഴായി അവളോട്‌ ഇതു തുറന്നു പറയാൻ നിക്കും പക്ഷെ അവളെ കാണുമ്പോൾ എനിക്ക് അതിനു തോന്നുകയുമില്ല. കാരണം അവൾ എന്റെ മുറപ്പെണ്ണ് ആയതിനാൽ അവൾ മാമായോട് ഈ വിവരം പറഞ്ഞാൽ പിന്നെ എന്നെ എന്റെ വീട്ടിൽ നിന്നും പിടിച്ചു പുറത്താക്കും എന്നുള്ള പേടി കാരണം ഞാൻ പലപ്പോഴും പിൻവാങ്ങാറാണ് പതിവ്….
അവൾക്ക് നിന്നേ ഇഷ്ടമാണെങ്കിൽ അങ്ങിനെ നടക്കട്ടെ. ഞാൻ കത്ത് എഴുതി തരാം പക്ഷെ എനിക്ക് സ്ക്കൂളിൽ നിന്നും മിട്ടായിയും ചായയും കടിയുമൊക്കെ നീ വാങ്ങിച്ചു തരും എന്നുണ്ടെങ്കിൽ മാത്രം..
കൂടെ ഒരു കാര്യവും കൂടി ഓർമ്മിപ്പിക്കട്ടെ j
ഈ.. കാര്യം നീയും ഞാനും മാത്രമേ അറിയാൻ പാടുള്ളു ഈ… കണ്ടീഷൻ നീ സമ്മതിച്ചാൽ മാത്രം ഞാൻ എഴുതി തരാം
എന്ന് അവൻ സമ്മതിച്ചു.
ആ…കണ്ടീഷൻ അങ്ങിനെ ഞാനുംസമ്മതിച്ചു
സൈതാലി അങ്ങിനെ പ്രേമ ലേഖനങ്ങൾ എഴുതി നൽകി കൊണ്ടിരുന്നു ഞാൻ ഈ.. കത്തുകൾ ആരും കാണാതെ അവൾക്കു കൈമാറി കൊണ്ടും ഇരിന്നു.
മറുപടിയും ഇതുപോലെ വല്ലപ്പോഴും കിട്ടി കൊണ്ടും ഇരിന്നു.
അതും സൈതാലിയാണ് എനിക്ക് വായിച്ചു കേൾപ്പിച്ചിരുന്നത്
അങ്ങിനെ പത്താതരം മൂന്നു വട്ടം തോറ്റ ഞാനും പഠിപ്പു നിറുത്തി ഉപ്പയുടെ കൂടെ അതേ വീട്ടിൽ ജോലിക്ക് പോയി തുടങ്ങി റസിയയും പത്തു കഴിഞ്ഞു തെയ്യൽ ക്ലാസിനും പോയി തുടങ്ങി….
ഞാൻ പിന്നെ ഇവിടെ ജോലിക്ക് വരുന്നതിനാൽ റസിയാനെ പുറത്തു വെച്ചു കാണാനുള്ള സാഹചര്യവും തീരേ ഇല്ലാതായി
ഇവിടെ കൂടെ ബാപ്പ ഏതു നേരവും ഉള്ളത് കൊണ്ട് ഇവിടെന്നും ഒട്ടും അവളെ കാണൽ പോലും നടക്കില്ല.
അങ്ങിനെ കത്തുകൾ കൈമാറാനുള്ള ദൗത്യവും പിന്നീട് സൈതാലിയേ തന്നെ ഏൽപ്പിച്ചു അവനാ കാര്യം നല്ല ഭംഗിയായി നിറവേറ്റിപ്പോരുകയും ചെയ്തു..
ഒരു ദിവസം രാവിലെ ജോലിക്ക് ചെന്ന സമയം റസിയാന്റെ വീട്ടിൽ ഭയങ്കര ബഹളം
ഞാനും ഉപ്പയും മുറ്റത്ത് ഹാജിയെ കാത്തു നിന്നു അകത്തു നിൽക്കുന്ന ഹാജി പുറത്തു വന്നു ഇന്ന് ചെയ്യാനുള്ള ജോലികൾ എന്തെല്ലാം എന്ന് ഹാജി ഒന്നു പറഞ്ഞിട്ട് വേണം ഈ.. എനിക്കും ഉപ്പാക്കും ജോലിക്കായി തൊടിയിലേക്ക് ഇറങ്ങാൻ..
അങ്ങിനെ ഹാജിയുടെ ആ… വരവും കാത്തു നിക്കുന്ന നേരം അകത്തു നിന്നും ഒരു കത്തിനെ കുറിച്ചുള്ള സംസാരം പെട്ടെന്നു പുറത്തു കേട്ടതും വാഴക്ക് മണ്ണ് വെട്ടിയിടാൻ വന്ന ഞാൻ വാഴ വെട്ടിയിട്ട പോലെ ഒറ്റ വീഴ്ചയായിരുന്നു അവിടെ..
പിന്നെ കണ്ണു തുറന്നത് ആശുപത്രിയിൽ വെച്ചാ…..
അങ്ങിനെ കണ്ണു തുറന്നു നോക്കിയപ്പോൾ ഉമ്മയായിരുന്നു കൂടെ ആശുപത്രിയിൽ ഉണ്ടായിരുന്നത്.