തട്ടുകട

‘എന്നും വൈകുന്നേരം റെയിൽവേ സ്റ്റേഷനു സമീപം തട്ടുകടയിൽ ചായക്കുടിക്കാറുണ്ട് ഞാനും വിദ്യ ടീച്ചറും. ആദ്യമൊക്കെ റെയിൽവേ സ്റ്റേഷനെ അറപ്പോടെയാണ് നോക്കി കണ്ടതെങ്കിലും ഒന്നു രണ്ടു മാസം കൊണ്ട് ഞാനും കൂട്ടായി..

അതും പ്രിയപ്പെട്ട പഴംപൊരിയും. ഉള്ളി വടയും മധുരം കുറഞ്ഞ ഇലയടയും. ഒരു ദിവസം ചായ കുടിക്കാൻ കണ്ടില്ലങ്കിൽ
“എന്താ മോളേ”
ഇന്നലെ വരാത്തെയെന്ന കണ്ണേട്ടന്റെ ചോദ്യം ഒരച്ഛൻ മകളോട് ചോദിക്കുന്ന പോലെ തോന്നിട്ടുണ്ട്..
ഓരോരുത്തരുടെ ഇഷ്ട വിഭവങ്ങളും ചായയുടെ മധുരം കൂടിയും കുറച്ചും കടുപ്പം നോക്കിയും ചില്ലുകൂട്ടിലെ എണ്ണ പലഹാരങ്ങൾ എടുത്തു കൊടുക്കുമ്പോഴും ഞാനെന്നും ഓർമ്മിച്ചത് അച്ഛന്റെ ഒറ്റമുറി ഹോട്ടലിനെയായിരുന്നു..

‘രാവിലെ അച്ഛന് എന്നും കിട്ടിയിരുന്ന ഒരു ഒരു രൂപയുടെ കണക്കും പറഞ്ഞ് അമ്മ അച്ഛനോട് വഴക്കിടുന്നത് നിത്യ കാഴ്ച്ചയായിരുന്നു..
ആരുടെ കൈയിൽ നിന്നും കൈ ബോണി വാങ്ങാതെ രാവിലത്തെ ആദ്യ ചായ ലക്ഷ്മി ചേച്ചിക്കു കൊടുക്കുന്നതും തിരിച്ച് അവർ ഒരു രൂപ നൽകുന്നതും ഞാനെന്നും കണ്ടിരുന്നു..

വൈകിട്ട് മേശവലിപ്പിൽ നിന്നും രാവിലത്തെ കൈ പുണ്യത്തിനു പകരമായി കിട്ടിയതെന്നു പറഞ്ഞ് എണ്ണിയാൽ തീരാത്ത നോട്ടുകെട്ടുകളുമായി അച്ഛന്റെ ഒരു വരവുണ്ട്.. ക്രമേണ ലക്ഷമി ചേച്ചിയുടെ വരവ് നിന്നതോടെ ഹോട്ടലും അടച്ചു പൂട്ടേണ്ട അവസ്ഥയിലായിരുന്നു..
മാസാമാസം അടച്ചു തീർക്കേണ്ട ബാങ്ക് വായ്പകൾക്കും ചിട്ടികുറികൾക്കും തവണ വ്യവസ്ഥ മുടങ്ങിയപ്പോൾ അയൽപ്പക്കത്തെ വെള്ളമില്ലാത്ത കിണറിനെയാണ് അച്ഛൻ ആശ്രയിച്ചത്…

മൂന്നു നാലു ദിവസം പഴക്കം ചെന്ന അച്ഛന്റെ ശവശരീരം പുറം ലോകത്ത് എത്തിച്ചപ്പോൾ അതുവരെ എന്നും കലഹിച്ച അമ്മയുടെ മുഖം താഴുന്നതും കണ്ണുനീർ പൊടിയുന്നതും കണ്ടു ഞാൻ..

ആകെയുള്ള വീടും പറമ്പും വിറ്റ് ബാങ്ക് ലോണും മറ്റു കടങ്ങളും തീർത്തപ്പോൾ അച്ഛനുറങ്ങുന്ന ഹോട്ടൽ.. അതു മാത്രം എനിക്കായ് മാറ്റി വെച്ചേക്കണം എന്നു മാത്രമാണ് ഞാനമ്മയോട് ആവശ്യപ്പെട്ടത്..

ഓരോ വർഷവും അതിനകത്തെ ബഞ്ചും മേശയും നശിക്കുമ്പോഴും അച്ഛന്റെ ജീവിതത്തിലെ ഏറിയ ഭാഗവും ചെലവഴിച്ച ആ ഹോട്ടൽ എനിക്കേറെ പ്രിയമുള്ളതായി തീരുകയായിരുന്നു. അച്ഛന്റെ ആത്മാവ് അവിടെത്തന്നെയുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നു.
ആ ഓർമ്മകൾ വീണ്ടുമെനിക്ക് പൊടി തട്ടിയെടുക്കാൻ പ്രേരകമായത് ഈ കണ്ണേട്ടന്റെ
തട്ടുകട ഭക്ഷണമാണ്..

അച്ഛന്റെ അതേ കൈ പുണ്യം രുചിയോടെ ആസ്വദിച്ചത് ഇവിടെ നിന്നും മാത്രമാണ്..
അങ്ങനെ സ്ഥിരം ചായ കുടിക്കലും റെയിൽവേ സ്റ്റേഷനിലെ ആൾക്കാരുടെ എണ്ണമെടുക്കലും ഒക്കെയായി നടക്കുന്ന ഒരു വൈകുന്നേരമാണ് കണ്ണേട്ടന്റെ കടയ്ക്കു സമീപം ഒരാൾക്കൂട്ടവും ഒപ്പം ബഹളവും കേട്ടത്.

‘നിങ്ങൾ വലതു കൈ കൊണ്ട് പൈസ തിരക്കിട്ട് വാങ്ങുകയും അതേ കൈകൾ കൊണ്ട് പലഹാരങ്ങൾ എടുക്കുകയും ചെയ്യരുത്..

“തിരക്കാണെങ്കിൽ വല്ല ഒന്നു രണ്ടു ആൾക്കാരെ നിർത്തൂ ജോലിക്കായി..
ഇല്ലെങ്കിൽ പൈസ വാങ്ങിയിട്ട് കൈ നന്നായി കഴുകി പലഹാരങ്ങൾ എടുത്തേച്ചാൽ മതി..”

ഇതു കേട്ടതും എന്റെ ചോരയങ്ങു തിളച്ചു മറിഞ്ഞു…

“ശ്രീബാലാ.. നീ പ്രശ്നമുണ്ടാക്കണ്ട.. അവരന്തേലും ചെയ്യട്ടെ”

“വാ നമുക്കു പോവാന്നു പറഞ്ഞ് വിദ്യ എന്നേം പിടിച്ച് ട്രെയിനിൽ കയറി..

വല്ലാത്തൊരു ഭീകരാവസ്ഥയിൽ നിൽക്കുന്ന എന്നെ ഒരു പേടിയോടെയാണ് അവളും നോക്കിയത്.

എന്റെ അച്ഛനേക്കാളും പ്രായമുണ്ട് ആ മനുഷ്യന്.. എന്നിട്ട് ‘ അവരെ പഠിപ്പിക്കാൻ പോകുന്ന ഈ സത്രീയാരാ?

“ശ്രീ നീയൊന്നടങ്ങ്..’

അവളെന്റെ കൈയിൽ മുറുകെ പിടിച്ചു..
ആ യാത്രയിൽ ഞാൻ ചിന്തിച്ചത് ആ സ്ത്രീ പറഞ്ഞ വാക്കുകളായിരു ന്നു..

“നമ്മുടെ കൈയിൽ കിട്ടുന്ന കാശൊക്കെ നമ്മൾ പേഴ്സിലും ബാഗിലും വെയ്ക്കും.. മറ്റു ചിലർ അരയിലും ബ്ലൗസിനുള്ളിലും സാരി തുമ്പിലും ഒക്കെ ചുരുട്ടിവെക്കാറുണ്ട്..

‘ഇങ്ങനെ വൃത്തിഹീനമായ ഇടത്ത് സൂക്ഷിക്കുന്ന പൈസയല്ലേകണ്ണേട്ടന്റെ കൈയിലെത്തുന്നത്’

‘ഒരേ സമയം പൈസ വാങ്ങുകയും പലഹാരങ്ങൾ എടുത്തു കൊടുക്കുകയും ചെയ്യുമ്പോൾ എന്തു സുരക്ഷിതമാണ് നമ്മുക്ക് കിട്ടുന്നത്?

“ഇപ്പോൾ തോറ്റു പോയത് ഞാനായിരുന്നില്ലേ… ”

കണ്ണുകൾ നിറഞ്ഞപ്പോൾ വിദ്യയെന്നെ നോക്കി തെറ്റ് മനസ്സിലാക്കുമ്പോൾ നിന്റെ കണ്ണുകൾ എപ്പോഴും നിറയുന്നത് ഞാൻ കാണാറുണ്ട്..