മധുരമുള്ള ഓര്‍മ്മകള്‍

മധുരമുള്ള ഓര്‍മ്മകള്‍
Madhuramulla Ormakal Author: Sunil Tharakan

ചിന്തകളിലൂടെ ഭൂത കാലങ്ങളിലേക്കു ഊളിയിട്ടു പോകുന്നത് എനിക്കിപ്പോൾ ശീലമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും യാത്രകളിൽ. പിന്നോട്ട് മറയുന്ന കാഴ്ചകളെ വിസ്മരിച്ചു, ഓർമകൾ അയവിറക്കി മൂന്നു കാലങ്ങളിലൂടെയുമുള്ള യാത്ര. കണ്ടതും കാണുന്നതും കാണാൻ പോകുന്നതും. ഓരോ യാത്രയും മൂന്നു കാലങ്ങളിലൂടെ ഒപ്പമുള്ള സഞ്ചാരമാണെന്നു ചിലപ്പോൾ തോന്നും .പക്ഷെ മനസ്സിന്റെ സഹവാസം എപ്പോഴും ഭൂതകാലവുമൊത്താണ്.

ഇന്നലെ ഒരു നീണ്ട യാത്രയുണ്ടായിരുന്നു. പച്ചപുതച്ച മൊട്ട കുന്നുകളിൽ മേയുന്ന ചെമ്മരിയാടുകൾ .വേലി കെട്ടി തിരിച്ചിരിക്കുന്ന വിസ്തൃതമായ പുൽമേടുകളിൽ ഒറ്റപെട്ടു നിൽക്കുന്ന വീപ്പിങ് വില്ലോ ട്രീയുടെ ചുവട്ടിൽ വിശ്രമിക്കുന്ന കുതിരകൾ. ക്യാബേജു, ബ്രോക്കൊളിയും, ചോളവും കൃഷി ചെയ്തിരിക്കുന്ന നിരപ്പുള്ള കൃഷിയിടങ്ങൾ. പൈൻ മരങ്ങൾ കാവൽ നിൽക്കുന്ന ആപ്പിൾ തോട്ടങ്ങൾ, മുന്തിരി ചെടികൾ നിരന്നു നിൽക്കുന്ന വിന്യാർഡുകൾ. കാഴ്ചകൾക്ക് വൈവിധ്യമുണ്ട്. അവ പിന്നിലേക്ക് ഓടി മറയുന്നു. മറ്റൊരിക്കൽ മറ്റൊരു യാത്രയിൽ ഈ കാഴ്ചകൾ ഓർമകളായി വീണ്ടും കടന്നു വന്നേക്കാം.

കഴിഞ്ഞ ദിവസം റൈറ്റിംഗ് ക്ലാസ്സിൽ വായനക്കായി ശുപാർശ ചെയ്തിരുന്നത് ഗ്രേസ് പെയ്‌ലിയുടെ “അമ്മ ” എന്ന ചെറു കഥയായിരുന്നു. വെറും നാന്നൂറ്റി ഇരുപതു വാക്കുകൾ മാത്രമുള്ള ചെറിയ ഒരു കഥ. അമ്മ എന്ന മഹാ സാഗരത്തെ ഏറ്റവും കുറച്ചു വാക്കുകളിൽ മനോഹരമായി അവർ ആ കഥയിൽ കോറിയിട്ടിരുന്നു. വർക്ഷോപ്പിങ്ങിനായിഎന്റെയും ഒരു കഥയുണ്ടായിരുന്നു. മലയാളത്തിൽ എഴുതി ഇന്ഗ്ലീഷിലേക്കു ട്രാൻസ്ലേറ്റ് ചെയ്ത എന്റെ കഥയുടെ പേരും ‘അമ്മ എന്ന് തന്നെയായതു കേവലം യാദൃശ്ചീകത മാത്രം. മാതൃഭാഷയിൽ നാന്നൂറ്റി ഇരുപത്തിരണ്ടു വാക്കുകളിൽ എഴുതി തീർത്ത കഥയായിരുന്നു എന്റേത്.
ഉറവ വറ്റാത്ത സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കരുതലിന്റെയും പ്രതീകങ്ങളായിരുന്നു രണ്ടുകഥകളിലെയും അമ്മമാർ. ഇന്ഡിപെന്ഡന്റായ മകന്റെ, കാര്യങ്ങളിൽ സ്നേഹം,കരുതൽ എന്നൊക്കെ വ്യഖ്യാനങ്ങൾ നൽകി അനാവശ്യമായി ഇടപെടുന്ന ഒരു അമ്മയായി അവർ എന്റെ കഥയിലെ അമ്മയെ വ്യഖ്യാനിച്ചു.

“…ഇത്ര രാവിലെ എഴുന്നേൽക്കരുതെന്നു എത്ര വട്ടം പറഞ്ഞിരിക്കണൂ അമ്മാ..എത്ര പറഞ്ഞാലും കേൾക്കില്ലാന്നു വച്ചാൽ..” മകന്റെ അമ്മയെ കുറിച്ചുള്ള കരുതലിന്റെ വാക്കുകളെ അമ്മയോടുള്ള ഈർഷ്യയായി അവർ സങ്കൽപ്പിച്ചു…സംസ്കാരങ്ങളുടെ വ്യത്യാസത്തെ അവർ ഉൾക്കൊള്ളുവാൻ തുനിയുന്നതായി എനിക്ക് തോന്നിയില്ല. അവരുടെ വിമർശനത്തിൽ എനിക്ക് അത്ഭുതം തോന്നിയില്ല. അവർക്കു സ്വാതന്ത്ര്യമെന്ന വാക്കിന്റെ അർഥം മാത്രമേ കൂടുതൽ മനസ്സിലാവുകയുള്ളൂ . രണ്ടു കൊച്ചു കുട്ടികൾ തമ്മിലുള്ള സംസാരം ആകസ്മീകമായി ശ്രദ്ധിക്കുവാൻ ഇടയായ എനിക്ക് ഓർമയിൽ പിന്നെയും പിന്നെയും തികട്ടിവന്ന ഒരു കാര്യം ഒരിക്കൽ കേൾക്കുവാൻ ഇടയായി.

അതിങ്ങനെയായിരുന്നു .

“ഐ ആം നോട്ട് എ ബിഗ് ഫാൻ ഓഫ് മൈ മദർ..” അത് തുടർച്ചയായ ഒരു സംഭാഷണത്തിന്റെ ശകലം മാത്രമായിരുന്നു. ഞാൻ അദ്ഭുതത്തോടുകൂടി അവനെ ഒന്ന് നോക്കുക മാത്രം, ചെയ്തു… അവർക്കു നഷ്ട്ട പ്പെട്ടതെന്താണെന്നു ഞാൻ ആലോചിച്ചു നോക്കി.