തൃപ്തി

തൃപ്തി
Thripthi Author:Ani Azhakathu

ആറു മാസം മുമ്പായിരുന്നില്ലേ ആദ്യമായി അയാൾ തന്റെ അടുത്തുവന്നത്. ഒരു തുടക്കക്കാരന്റെ ജാള്യതയോടെ തന്റെ മുന്നിൽ കുനിഞ്ഞ ശിരസ്സോടെ നില്ക്കുന്ന ആരൂപം ഇപ്പോഴും മനസ്സിൽ വ്യക്തമായി തെളിഞ്ഞു നില്ക്കുന്നു.

എത്രയോ തവണ ഇതുപോലെയുള്ള സാഹചര്യത്തിലുടെ താൻ കടന്നു പോയിട്ടുണ്ട്. എത്രയോതരത്തിലുള്ള ആളുകൾ. അവരുടെ വ്യത്യസ്തങ്ങളായ അഭിരുചികൾ. കാഴ്ച്ചപ്പാടുകൾ. ഇവയ്ക്കു മുന്നിൽ തളരാതെ, അവരുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കണം. എന്നാലെ ഈ മേഖലയിൽ വിജയം നേടാൻ കഴിയൂ. അതെ താൻ തന്റെ മേഖലയിൽ വിജയം കൈവരിച്ച ഒരു സ്ത്രീ ആണ്. അതുകൊണ്ടല്ലേ ആളുകൾ പിന്നേയും തന്നെ തന്നെ തേടി വരുന്നത്.

അവരിൽ ഭൂരിഭാഗവും ആഗ്രഹിക്കുന്നത് ശാരീരികമായ തൃപ്തി ആയിരുന്നില്ല. മാനസ്സിക തലത്തിലേക്കു ആഴ്ന്നിറങ്ങാൻ പാകത്തിനുള്ള കുറേ നിമിഷങ്ങൾ. അവർ തന്റെയൊപ്പം ചിലവഴിച്ച നിമിഷങ്ങൾ അതെന്നും ഓർമ്മയിൽ നിറഞ്ഞു നില്ക്കണം.

അപ്പോഴാണ് തന്റെ വിജയം. കുറേവർഷത്തെ പ്രായോഗിക പരിജ്ഞാനത്തിൽ നിന്നും സായത്വമാക്കിയ വിജയമന്ത്രം, തന്റെ പരമമായ ലക്ഷ്യം.

പുരഷൻമാരുടെ മനസ്സു വായിക്കാൻ പഠിപ്പിച്ചു തന്നത് ഗുരുക്കൻമാരുടെ സ്ഥാനത്തു താൻ കാണുന്ന തന്റെ പൂർവ്വ സഹപ്രവർത്തകരായിരുന്നു. അവരുടെ മേഖലയിൽ വിജയിച്ചവരും പരാജയപ്പെട്ടുപോയവരും. അവരുടെ അനുഭവങ്ങളുടെ തീഷ്ണമായ ഏടുകൾ തനിക്കു പകർന്നു തന്നത്. വിജയത്തീലേക്കുള്ള വഴികളും…

രണ്ടു അപരിചിത ശരീരങ്ങളുടെ (മാംസങ്ങളുടെ) ഘർഷണത്തിലൂടെ ലഭിക്കുന്ന മൈദുന സുഖത്തിനപ്പുറം. രണ്ടാത്മാക്കളുടെ ഇഴുകിച്ചേരലിൽ ലഭിക്കുന്ന സായൂജ്യം, അത് സമയത്തിന്റെ പരിമിതിക്കുള്ളിൽ പകർന്നു നല്ക്കാൻ സാധിച്ചാൽ അവിടെയാണ് തന്റെ വിജയം.

അതിനായി തന്റെയുള്ളിൽ താൻ തന്നെ എഴുതിച്ചേർത്ത, അനുവർത്തിച്ചു പോന്ന ഒരു തത്ത്വസംഹിത ഉണ്ട്… അത് ഇപ്രകാരമായിരുന്നു.

തന്റെ മുന്നിലെത്തുന്ന ഓരോ പുരുഷൻമാരേയും വെറും മാംസദാഹികളായി കാണാതെ തന്റെ ജീവിതത്തിലേക്ക് ആദ്യമായി കടന്നു വന്ന പുതിയ കാമുകനായി കാണണം.

അവരുടെ ഇഷ്ടങ്ങളേയും, പ്രവർത്തികളേയും തന്റെ ഇഷ്ടങ്ങളായി കണക്കാക്കണം.

അവരുടെ മനസ്സിന്റെ ദുഃഖങ്ങളേയും, സന്തോഷങ്ങളേയും തന്റെതുകൂടി ആക്കിത്തീർക്കണം.

അതായത് അവർ അവിടം വിട്ടുപോകുന്നത് ഒരു പരമാന്‌ദത്തിന്റെ പാരമ്യതയിലെത്തിയ മനസ്സോടെ ആയിരിക്കണം.

ഇതല്ലെ യഥാർത്ഥമായ സാമൂഹിക സേവനം?

ഇനി വിജയത്തിന്റെ മറൊരു പരമരഹസ്യം.

തന്റെ പൂർവ്വകാലത്തിന്റെ ഓർമ്മയുടെ ഭിത്തിയിൽ വെളുത്ത ചായം പൂശുക.

പേര്, കുടുംബം….. എല്ലാമെല്ലാം മറക്കുക…..

എല്ലാ പുലരികളേയും ഒരു നവജാത ശിശുവിന്റെ മനസ്സോടെ വരവേൽക്കുക.

ഒരു പുതിയ വ്യക്തിയെ തന്റെ ജീവിതത്തിലേക്ക് കൊണ്ടുവരിക.

മണിക്കൂറുകൾക്കു ശേഷം അവരെ അപരിചിതരാക്കുക.

ഇതായിരുന്നു തന്റെ വിജയത്തിന്റെ ആണിക്കല്ല്.

ഇന്നും താൻ തന്റെ ശരീരത്തെ സ്നേഹിക്കുന്നു, ഒരു പതിനാറുവയസ്സുകാരിയുടെ മനസ്സോടെ.

തന്റെ ഭൂതകാലത്തിന്റെ ചുവരിന്റെ നിറം വെളുപ്പായതിനു ശേഷം ആളുകൾ തന്നെ തൃപ്തി……. എന്നു വിളിക്കാൻ തുടങ്ങി.

തൃപ്തി.. ഓർമ്മകളിൽ അധികം നിമിഷങ്ങളെ സൂക്ഷിക്കാൻ ശ്രമിച്ചിരുന്നില്ല.

ആറുമാസം മുമ്പ് തന്റെ മുന്നിൽ കുനിഞ്ഞ ശിരസ്സോടെ നിന്നിരുന്നു ആ ചെറുപ്പക്കാരൻ പറഞ്ഞ പേര് സന്ദീപ്….. എന്നായിരുന്നു….. അതുകൊണ്ട് താനും അയാളെ അങ്ങിനെ തന്നെ വിളിച്ചു.

തന്റെ മുന്നിൽ ആദ്യമായി എത്തപ്പെടുന്ന ഏതൊരു പുരുഷനെപ്പോലെയും അയാളിലും ചെയ്യാൻ പോകുന്ന ഒരു തെറ്റിന്റെ പാപഭാരം ഉണ്ടായിരുന്നു.

വിറയ്ക്കുന്ന ശരീരത്തോടെ അയാൾ മനോഹരമായി സജീകരിച്ച മെത്തയിൽ ഇരുന്നു. മുഖത്തു നിന്നും വിയർപ്പുതുള്ളികൾ ഒഴുകി മെത്തയിൽ വിരിച്ചിരുന്ന നിറം മങ്ങിത്തുടങ്ങിയ പുതപ്പിലേക്കുപതിച്ചു.

“ആദ്യമായാണോ…….” അയാളെ സ്വാന്തനിപ്പിക്കുംവിധം താൻ ചോദിച്ചു.

“അതെ……” അയാളുടെ ശബ്ദത്തിലെ പതറൽ തിരിച്ചറിഞ്ഞു.

“വിവാഹിതനാണോ……?”

തന്റെ ആ ചോദ്യം അയാളെ കൂടുതൽ അസ്വസ്‌ഥനാക്കി…… ഉള്ളിൽ അടക്കിവച്ചിരുന്ന എന്തോക്കെയോവികാരങ്ങൾ അണപൊട്ടി ഒഴുകി.

“പ്ലീസ്…. എന്നോട് ഇനി ഒന്നും ചോദിക്കരുത്……” അയാൾ ദയനീയമായ കണ്ണുകളോടെ അപേക്ഷിക്കുന്നു.

ഇവിടെ ആദ്യമായി കലുഷിതമായ അയാളുടെ മനസ്സിനാണ് സുഖം നല്ക്കേണ്ടത് എന്ന തിരിച്ചറിവ് അവളുടെ തൊഴിലിലെ പ്രാഗത്ഭ്യത്തെ തൊട്ടുണർത്തി.

അയാളുടെ അടുത്തെത്തി മുഖമുയർത്തി മാതൃവാത്സല്യത്തോടെ നെറുകയിൽ ചുംബിച്ചു. തന്റെ മാറോടു ചേർത്തുപിടിച്ചു.

സന്ദീപ്…… വാത്സല്യത്തിന്റെ പരകോടിലേക്ക് ശബ്ദം നേർപ്പിച്ച് അയാളുടെ കാതിൽ വിളിച്ചുകൊണ്ടിരുന്നു.

ഒരു കൊച്ചുകുഞ്ഞ് അമ്മയുടെ മാറിലെ മാതൃത്തം നുകരുന്ന പോലെ കുറേ നിമിഷങ്ങൾ അയാളിലേക്ക് പകർന്നു നല്കി. കുറേ നിമിഷങ്ങൾക്കു ശേഷം അയാൾ തന്റെ വാച്ചിലേക് നോക്കി. വീണ്ടും തന്റെ വിവേക ബുദ്ധി ഉണർന്നു. മെല്ലെ ആ വാച്ച് അഴിച്ചുമാറ്റി.

ഈ സമയം ആരുടേയും സ്വന്തമല്ല അതിന്, വിലയിടാൻ ആർക്കും അവകാശമില്ല. ഞാൻ ആ വലിയ തെറ്റിനു മുതിരില്ല. അയാളുടെ അനുസരണയില്ലാത്ത മുടിയിഴകളിലൂടെ താൻ അലസമായി വിരൾചലിപ്പിച്ചു കൊണ്ടേയിരുന്നു. അയാളുടെ മനസ്സിന്റെ താളം ആ വിരൽത്തുമ്പുകൾ നിയന്ത്രിക്കാൻ തുടങ്ങി.

കലുഷിതമായ മനസ്സിലേക്ക് ആശ്വാസത്തിന്റെ കുളിർ മഴപെയ്തിറങ്ങി. അയാളുടെ നെഞ്ചിലേക്കു മുഖമമർത്തി അതിന്റെ താളത്തിന്റെ തരംഗങ്ങൾ പൂർവ്വസ്ഥിതിയിൽ എത്തിച്ചേരാൻ കാതോർത്തു.