ചുറ്റുപാടും വീക്ഷിച്ച സുരേഷ് കൈ ചൂണ്ടി.സർ ദാ അവിടെ.അയാൾ കാട്ടിയ സ്ഥലത്തേക്ക് ഞങ്ങൾ നടന്നു.
മുൻപോട്ട് നടന്നാൽ വലിയ കല്ലുകളും പുല്ലും നിറഞ്ഞ അടഞ്ഞ പ്രദേശമാണ്.
അവിടെ ഇണക്കുരുവികളെപ്പോലെ രണ്ട് യുവമിഥുനങ്ങൾ പരസ്പരം വാരിപ്പുണർന്ന് ചുണ്ടോട് ചുണ്ട് ചേർത്തിരിക്കുന്നു.
എന്റെ ഉള്ളിലെ സദാചാര ബോധം സടകുടഞ്ഞെഴുന്നേറ്റു.ആരാ അത്, ഞാൻ ശബ്ദമുയർത്തി.
ഇരുവരും ഞെട്ടി അകന്നു.കാക്കി കണ്ടതും രണ്ടിന്റെയും കണ്ണുകളിൽ ഭയം നിഴലിച്ചു.
പെൺകുട്ടി അഴിഞ്ഞുലഞ്ഞ മുടി മാടിയൊതുക്കി.ഉടുപ്പിന്റെ വിട്ടു കിടന്ന കൊളുത്തുകൾ ബദ്ധപ്പെട്ട് ഇട്ടു.
മറ്റേ മക്കളെ നീയൊക്കെ ഇതിനാണ് രാവിലെ വീട്ടിൽ നിന്നുമിറങ്ങുന്നത് ല്ലേ.കലി കൊണ്ട് ഞാൻ വിറച്ചു തുള്ളി.
പെൺകുട്ടിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.നിനക്ക് എത്ര വയസ്സുണ്ട് ഞാൻ അവളെ നോക്കി.
പതിനെട്ട് വിറച്ചു കൊണ്ടവൾ പറഞ്ഞൊപ്പിച്ചു.പൈനെട്ട് അടിച്ച് അണപ്പല്ല് പറിക്കണം.
നിനക്കെത്ര വയസ്സുണ്ട് ഞാൻ കഥാനായകനെ നോക്കി.
26 അവൻ അൽപ്പം ഈർഷയോടെ പറഞ്ഞു.
അപ്പോൾ എങ്ങനാ മക്കളെ വീട്ടുകാർ അറിഞ്ഞോണ്ടാണോ ഈ കറക്കം.ഞാൻ അടുത്ത ചോദ്യം ഉന്നയിച്ചു.
അല്ല.മറുപടി പറഞ്ഞത് പെൺകുട്ടിയാണ്.
ഓഹോ.ന്നാൽ വീട്ടിലെ നമ്പർ പറഞ്ഞേ.ഞാൻ അവളെ നോക്കി.
വീട്ടിൽ അറിയിക്കല്ലേ സാറേ അവര് കൊന്ന് കളയും.ചെയ്യല്ലേ സാറേ അവൾ കരഞ്ഞു കൊണ്ട് എന്റെ കാലിൽ വീണു.
നിങ്ങളുടെ പേരെന്താ മക്കളെ.നാരാണേട്ടന്റെ ചോദ്യത്തിന് അവൾ മുറിച്ചു മുറിച്ചു ഉത്തരം പറഞ്ഞു.അനുപമ,ഏട്ടന്റെ പേര് അശ്വന്ത്.
അപ്പോഴാണ് കഥാനായകന്റെ പൗരുഷം ഉണർന്നത്.പെട്ടന്ന് കിട്ടിയ ഊർജ്ജത്തിൽ കക്ഷി എന്റെ നേരെ ചീറി.
അല്ല ഇതൊക്കെ ചോദിക്കാൻ നിങ്ങൾക്ക് എന്താ അവകാശം. ഞങ്ങൾക്ക് പ്രായപൂർത്തിയായി.
ഓഹോ,പ്രായപൂർത്തി എന്ന് പറയുന്നത് എവിടെ വേണമെങ്കിലും അഴിഞ്ഞാടാൻ ഉള്ള ലൈസൻസ് ആണോടാ.ഞാൻ സ്വരം കടുപ്പിച്ചു.
അവൻ ഒന്നും മിണ്ടാതെ എന്നെ തറച്ചു നോക്കി.നിങ്ങള് പോലീസാണോ അല്ലല്ലോ.
അത് കൊണ്ട്?നാരാണേട്ടൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.നീ എന്താ കുഞ്ഞേ ഉദ്ദേശിക്കുന്നത്.
നിങ്ങൾക്ക് ദോഷം വരാൻ ആണോ ഞങ്ങൾ ഓരോന്ന് ചെയ്യുന്നേ?
അദ്ദേഹത്തിന്റെ ആ ചോദ്യത്തിൽ ഒരച്ഛന്റെ വാത്സല്യം നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നി.
നിങ്ങൾ ഫോറസ്റ്റുകാർക്ക് ഞങ്ങളെ ചോദ്യം ചെയ്യാൻ എന്താ അധികാരം.കഥാനായകൻ അൽപ്പം ഒച്ചയുയർത്തി.
അവന്റെ ചോദ്യത്തിൽ ഫോറസ്ററ് ഡിപ്പാർട്മെന്റ് വെറും മൂന്നാം കിട കൂലിപ്പണിക്കാർ ആണ് എന്നുള്ള ധാർഷ്ട്യം നിറഞ്ഞത് പോലെ ഒരു തോന്നൽ.
എന്തായാലും എരി തീയിൽ എണ്ണ എന്നെപ്പോലുള്ള അവന്റെ വാക്കുകൾ എന്റെ ആത്മാഭിമാനത്തിനേറ്റ കനത്ത ക്ഷതമായി.
സർവ്വ ശക്തിയും വലതു കൈയ്യിലേക്ക് ആവാഹിച്ച് കണ്ണും മൂക്കും അടച്ച് ഒരെണ്ണം കൊടുത്തു.
മുഖം പൊത്തിക്കൊണ്ട് അവൻ നിലത്ത് കുത്തിയിരുന്നു.
പെൺകുട്ടിക്ക് എന്ത് ചെയ്യണമെന്ന് മനസ്സിലായില്ല.യ്യോ ന്റേട്ടാ എന്ന് വിളിച്ചു കൊണ്ട് അവൾ മുന്നോട്ട് നീങ്ങി.
മാറി നിക്കെടീ അങ്ങോട്ട്.ഇല്ലേൽ നിനക്കിട്ടും കിട്ടും.രാവിലെ ഓരോന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങും.
അവൾ ഭയന്ന് പിന്നോട്ട് മാറി.വാ പൊത്തി കരയാൻ തുടങ്ങി.
സമയം കളയാതെ രണ്ട് പേരെയും കൂട്ടി ഞങ്ങൾ മലയിറങ്ങി.
ഓഫീസിൽ എത്തിയ പാടെ ഇരുവരുടെയും വീട്ടിൽ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു.
പെണ്ണ് വീട്ടുകാരും ചെക്കൻ വീട്ടുകാരും നിമിഷങ്ങൾക്കുള്ളിൽ ഓഫീസിലെത്തി.
രാവിലെ കൂട്ട്കാരിയുടെ വീട്ടിലേക്കെന്നും പറഞ്ഞിറങ്ങിയ മകളെ ഇത് പോലൊരു സാഹചര്യത്തിൽ കാണേണ്ടി വന്നല്ലോ എന്ന് അമ്മയുടെ വിലാപം.
ക്യാമറിൽ പതിഞ്ഞ രംഗങ്ങൾ കൂടി കണ്ടതോടെ സങ്കടത്തിന്റെ പരകോടിയിലെത്തിയ പെൺകുട്ടിയുടെ അച്ഛൻ സമസ്ത രോക്ഷവും ആവാഹിച്ചു കൊണ്ട് മകളുടെ സുന്ദര കവിളിൽ ഒന്ന് കൊടുത്തു.
കൂടുതൽ കലാപരിപാടികൾക്ക് ഇട നൽകാതെ ഇരുവരുടെയും വീട്ടുകാരെ വിളിച്ചിരുത്തി ഒരു സന്ധിസംഭാഷണത്തിന് ഞാൻ തുടക്കമിട്ടു.
ഇതിപ്പോ ഇത്രയൊക്കെ ആയ സ്ഥിതിക്ക് അവരുടെ ആഗ്രഹം പോലെ കല്യാണം നടത്തിക്കൂടേ ഞാൻ ഇരുകൂട്ടരോടും ചോദിച്ചു.
എന്നാൽ സാമ്പത്തികമായി പെൺകുട്ടിയുടെ കുടുംബം ഉന്നതിയിൽ ആയതിനാൽ സമ്പത്തിന്റെയും കുടുംബ മഹിമയുടെയും
അളവ് തൂക്കങ്ങളിൽ അശ്വന്ത് എന്ന ചെറുപ്പക്കാരന്റെ കുടുംബം ഒരുപാട് ഉയർന്നു പോയി.
നടക്കില്ല സാറേ.അനുപമയുടെ അച്ഛൻ ചാടിയേറ്റു.എന്തൊക്കെ പറഞ്ഞാലും അവനെപ്പോലെ വേലയും കൂലിയും ഇല്ലാത്ത ഒരുത്തന് എന്റെ മോളെ ഞാൻ കൊടുക്കില്ല.
ഹാ.താങ്കൾ ഒന്ന് അടങ്ങൂ ഞാൻ പറയട്ടെ.അവർക്ക് എന്താ കുഴപ്പം.ഞാൻ അയാളെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു.
യ്യോ ഒരു കുഴപ്പവുമില്ലേ.അയാൾ ചിറി കോട്ടി ചിരിച്ചു.പറയാൻ നല്ലൊരു ജോലിയില്ല. പണമില്ല.കുടുംബ മഹിമ തൊട്ട് തീണ്ടിയിട്ടില്ല.
ഇവനെപ്പോലെ ഒരു തെണ്ടിക്ക് എന്റെ മോളെ കൊടുക്കില്ല പറഞ്ഞാൽ കൊടുക്കില്ല.
സമൂഹത്തിലുള്ള എന്റെ നിലയും വിലയും സാറിന് അറിയാത്തത് കൊണ്ടാണ്.
പിന്നെ എന്താണ് താങ്കളുടെ ഉദ്ദേശം.ഞാൻ അക്ഷമനായി.
പ്രത്യേകിച്ചു ഉദ്ദേശം ഒന്നുമില്ല.സാർ പറഞ്ഞ കാര്യം നടക്കില്ല.അവളെ കായലിൽ കെട്ടി താഴ്ത്തിയാലും അവന് ഞാൻ കൊടുക്കില്ല.
അയാൾ രോക്ഷത്തോടെ ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി.
കേസ് ചാർജ് ചെയ്യുന്നില്ല എന്ന് അറിയിച്ച് കമിതാക്കളെ ഒന്ന് താക്കീതും ചെയ്ത് വീട്ടുകാർക്കൊപ്പം അയച്ചു.
അൽപ്പം വിഷമം ആ നിമിഷത്തിൽ എനിക്കുണ്ടായിരുന്നു എന്നത് സത്യം.
ദയനീയമായ നോട്ടത്തോടെ വണ്ടികളിൽ കയറി ഇരുവരും രണ്ട് ദിക്കിലേക്ക് മറയുന്നത് ഞാൻ നോക്കി നിന്നു.
ഒരു കുലുക്കത്തോടെ വണ്ടി എവിടെയോ നിന്നു.
സർ,സ്ഥലമെത്തി.സുരേഷ് എന്റെ തോളിൽ തട്ടി.ഞാൻ കണ്ണ് തുറന്ന് പുറത്തേക്ക് നോക്കി.
ചുറ്റും ആളുകൾ തിങ്ങി നിറഞ്ഞിട്ടുണ്ട്.പോലീസുകാർ തിരക്ക് നിയന്ത്രിക്കാൻ നന്നേ പാട് പെടുന്നു.
മഴ ചിന്നിച്ചിതറി നിൽക്കുന്നു.ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി. ആളുകൾക്കിടയിൽ ഒരു മർമ്മരം.
ശിക്ഷിക്കപ്പെട്ട കുറ്റവാളിയെപ്പോലെ ഞാൻ ജീപ്പിന്റെ ബോണറ്റിൽ ചേർന്ന് നിന്നു.
അഡീഷണൽ എസ്ഐ ഗൗരീദാസ് ഓടിയെത്തി സല്യൂട്ട് ചെയ്തു.സർ ബോഡി അങ്ങ് താഴെയാണ്.
വെള്ളച്ചാട്ടത്തിന്റെ അരികിലുള്ള പാറക്കുഴിയിലാണ് കിടക്കുന്നത്. ഫയർ ഫോഴ്സ് ഇറങ്ങാൻ ഉള്ള തയ്യാറെടുപ്പിലാണ്.
മ്മ്മ്.ഞാൻ പതിഞ്ഞ ശബ്ദത്തിൽ മൂളി.രാവിലെ തേനെടുക്കാൻ വന്ന ആദിവാസികളാണ് താഴെ ബോഡി കിടക്കുന്നത് കണ്ടത്.ഗൗരിദാസ് പറഞ്ഞത് അവ്യക്തമായി ഞാൻ കേട്ടു.
സാർ അവർ ഇറങ്ങാൻ കാത്തിരിക്കുന്നു.പറയട്ടെ ഇറങ്ങിക്കോളാൻ.നാരാണേട്ടൻ ചോദിച്ചു.
ഞാൻ യാന്ത്രികമായി തലയാട്ടി.ഒരു നിമിഷത്തെ അബദ്ധചിന്ത. പൊലിഞ്ഞു പോയത് രണ്ട് യുവ മുകുളങ്ങൾ.
എനിക്കെന്നോട് തന്നെ പുച്ഛം തോന്നി,അത് പിന്നെ സ്വയമേ തോന്നുന്ന വെറുപ്പിന് വഴി മാറി.
ആളുകൾ തിക്കി തിരക്കുകയാണ്.
ആരുടെ അമ്മേ കെട്ടിക്കുന്ന കാഴ്ച്ച കാണാൻ നിൽക്കുവാടാ.
ഗൗരീ പിടിച്ചു മാറ്റ് അവന്മാരെയൊക്കെ.ഞാൻ സമനില തെറ്റിയവനെപ്പോലെ അലറി.
ഗൗരിയും ടീമും ലാത്തി വീശി ആളുകളെ അകറ്റി.
ഇയ്യാളെന്തിനാ ചാടിക്കടിക്കുന്നെ. അയാളെ തുള്ളൽ കണ്ടാൽ തോന്നും ആരോ അവരെ മനപ്പൂർവം തള്ളിയിട്ടതാണെന്ന്.
ചിതറി ഓടുന്നതിനിടയിൽ ആരൊക്കെയോ പിറുപിറുത്തു.
ആർക്കറിയാം ഇനിയിപ്പോ ഇവനൊക്കെക്കൂടി കൊന്നതാണോ എന്ന്.ഇടയിലാരോ അതേറ്റു പിടിച്ചു.
ഫയർഫോഴ്സിന്റെ നാലംഗ ടീം കയറിൽ താഴേക്ക് ഇറങ്ങിത്തുടങ്ങി.
അതിശക്തമായി മിടിക്കുന്ന ഹൃദയത്തോടെ ഞാൻ ജീപ്പിൽ ചാരി നിന്നു.