പടിപ്പുര കടന്നൊരാൾ
Padippura kadannoral bY ശാമിനി ഗിരീഷ്
തിളച്ചു മറിയുന്ന വെയിലിൽ ആ കുളത്തിലെ തെളിനീരിന്റെ അലകൾ തിളങ്ങി. കാറ്റിനൊത്ത് അവ നൃത്തമാടുന്നുണ്ടോ എന്ന് തോന്നും. അതിമനോഹരമാണ് ആ കാഴ്ച. വേനൽക്കാലമായതിനാൽ നല്ല ഉഷ്ണക്കാറ്റ് വീശുന്നുണ്ട്. അത് കുളത്തിലെ ജലപ്പരപ്പുകളിൽ തട്ടി എന്നിലേക്കടുത്തു വന്നു. ഓരോ രോമകൂപങ്ങളിലും വിയർപ്പ് കണികകൾ പൊടിഞ്ഞിരുന്നതിനാൽ എനിക്കത് കുളിർക്കാറ്റായി അനുഭവപ്പെട്ടു. ആ കൽപ്പടവുകളിൽ നിന്നപ്പോൾ ഒരു സിഗരറ്റ് പുകക്കാൻ തോന്നി. അതെടുത്ത് ചുണ്ടിൽ വച്ച് കത്തിച്ച് ഉള്ളിലേക്കാഞ്ഞ് വലിച്ചു. പുകമണം കലർന്ന വായു എന്റെ ഉള്ളിലേക്ക് കടന്ന് ശ്വാസകോശത്തിനോളം എത്തി. പിന്നെ അത് തിരികെ മൂക്കിലൂടെ പുറത്തേക്ക് പ്രവഹിച്ചു. എന്തോ ഒരു നിർവൃതി ലഭിച്ചതുപോലെ ഞാൻ കണ്ണുകളടച്ച് നിന്നു. പിന്നെ ആ പടവുകളിൽ ഇരിപ്പുറപ്പിച്ചു.
സുഖകരമായ അനുഭൂതിയായിരുന്നു അൽപനേരം. സിഗരറ്റ് വലിക്കുന്നത് വീട്ടിൽ ആർക്കും ഇഷ്ടമല്ലാത്തതുകൊണ്ടാണ് ഈ കുളപ്പുരയിൽ വന്നിരിക്കുന്നത്. അല്ലെങ്കിലും എനിക്ക് ഈ സ്ഥലത്തിനോട് അല്പം ഇഷ്ടക്കൂടുതൽ ഉണ്ട്. ഇവിടെ ഈ പച്ചനിറം കലർന്ന വെള്ളവും പായൽ നിറഞ്ഞ പടവുകളും കാണുമ്പോൾ മനസ്സിന് ഒരു ആനന്ദമാണ്. കൂട്ടിന് ഈ സിഗരറ്റും…
ആ സുഖത്തിലങ്ങനെ ആറാടി ഇരിക്കുമ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത്. എന്റെ രസച്ചരട് പൊട്ടിയതിന്റെ എല്ലാ അലോസരത്തോടും കൂടി ഞാൻ തിരിഞ്ഞ് നോക്കി. സൗമ്യ. അമ്മാവന്റെ മകളാണ്. ഓടിക്കിതച്ച് വന്നിരിക്കുകയാണ്. അല്ലെങ്കിലും എനിക്ക് ഇത്തിരി നേരം തനിച്ചിരിക്കാൻ പോലും സ്വസ്ഥത തരാതെ അവൾ എപ്പോഴും പുറകെ കാണും. അസ്വസ്ഥതയോടെ ഞാൻ അവളെ നോക്കി ചോദിച്ചു.
“എന്താടി… കുറച്ച് നേരം തനിച്ചിരിക്കാനും വിടില്ലേ നീ…?”
അവൾ നിന്നു കിതച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷെ അവളുടെ മുഖഭാവത്തിൽ എന്തോ ഗൗരവമുള്ള വിഷയം പറയാനാണ് വന്നതെന്ന് തോന്നി. സംശയത്തോടെ ഞാൻ അവളെ നോക്കി. അല്പം നേരം കഴിഞ്ഞപ്പോൾ അവൾ കിതപ്പൊതുക്കി പറഞ്ഞു.
“അവിടെ… അവിടെ… കിച്ചുവെട്ടനെ അന്വേഷിച്ച്…”
“എന്നെ അന്വേഷിച്ചോ? ആര്?”
“ആ… അറിയില്ല… ഒരു പെണ്ണാ…”
“പെണ്ണോ…?”
ആശ്ചര്യത്തോട് കൂടിയാണ് ഞാൻ ചോദിച്ചത്. എന്നെ അന്വേഷിച്ച് സ്ത്രീകൾ ആരെങ്കിലും വരാനുള്ള ഒരു സാഹചര്യവും ഉള്ളതായി എനിക്കപ്പോൾ തോന്നിയില്ല. കൈയിലുള്ള സിഗരറ്റ് വലിച്ചെറിഞ്ഞ് ഞാൻ കുളപ്പുരയിൽ നിന്ന് പുറത്തേക്ക് നടന്നു. ഒപ്പം അവളും. നടത്തിനിടയിൽ എന്റെ ചിന്ത മുഴുവൻ എന്നെ തേടി വന്ന സ്ത്രീ ആരെന്നുള്ളതായിരുന്നു. അതറിയാനുള്ള ആകാംക്ഷയിൽ കാലുകൾ വലിച്ചു വച്ച് ഞാൻ അതിവേഗം നടന്നു. എനിക്കൊപ്പം എത്താൻ സൗമ്യ വളരെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
പടിപ്പുരയിലേക്ക് കടന്നപ്പോൾ ആദ്യം കണ്ടത് ചെറിയമ്മാവനെ ആണ്. പിന്നെ പിന്തിരിഞ്ഞ് നിൽക്കുന്ന ഒരു സ്ത്രീരൂപവും. ആ പെൺകുട്ടിയോട് സംസാരിക്കുകയായിരുന്നു അമ്മാവൻ. പുറം തിരിഞ്ഞ് നിൽക്കുന്നതിനാൽ മുഖം കാണാനായില്ലെങ്കിലും ആ രൂപലാവണ്യം ഏറെ പരിചിതമായി തോന്നി.
അഴിഞ്ഞു കിടക്കുന്ന മുടിയിഴകൾ അവളുടെ ശരീരപ്രകൃതിയെ മറച്ചു പിടിച്ചുവെങ്കിലും ആ രൂപം ഏതൊരു പുരുഷനേയും ആകർഷിക്കും വിധം ആയിരുന്നു. എങ്കിലും മുഖം കാണാതെ ഞാൻ വല്ലാത്ത വിമ്മിഷ്ടത്തിലായി.
മുറ്റത്തേക്ക് കടന്ന എന്നെ ചെറിയമ്മാവൻ കണ്ടു. എന്നെ ചൂണ്ടി അദ്ദേഹം അവളോട് എന്തോ പറഞ്ഞു. അടുത്ത നിമിഷം അവൾ പിന്തിരിഞ്ഞ് എന്നെ നോക്കും എന്ന് ഞാൻ കരുതി. പക്ഷെ അതുണ്ടായില്ല. പിന്നെയും കുറച്ച് നിമിഷങ്ങൾ കഴിഞ്ഞാണ് അവൾ മുഖം തിരിച്ചത്. അപ്പോഴേക്കും ഞാൻ മുറ്റത്ത് നിന്നും പൂമുഖത്തേക്ക് കയറിയിരുന്നു.
എന്നെ കണ്ട മാത്രയിൽ അവൾ ഒന്ന് പുഞ്ചിരിച്ചു. പക്ഷെ ആ മുഖം കണ്ട ഞാൻ ഒന്ന് ഞെട്ടി. കണ്ണുകൾ വിടർത്തി ഞാനവളെ ഒന്ന് കൂടി നോക്കി. ആളെ തിരിച്ചറിഞ്ഞ നിമിഷം എന്റെ ഉള്ളിൽ ഒരു പെരുമ്പറ തന്നെ മുഴങ്ങി. എന്റെ മുഖം അപ്രതീക്ഷിതമായി അവളെ കണ്ടതിന്റെ എല്ലാ ഭാവങ്ങളും പ്രകടിപ്പിച്ചു. നിമിഷങ്ങൾ എടുത്തു ഞാൻ ആ അവസ്ഥയിൽ നിന്നും മോചിതനാവാൻ.
“നിന്നെ അന്വേഷിച്ച് വന്നതാ… ബാംഗ്ലൂരിൽ നിന്നാത്രെ…”
അമ്മാവന്റെ സംസാരത്തിൽ വല്ലാത്തൊരു സംശയം പ്രകടമായിരുന്നു. എന്റെ മുഖഭാവം അതിനൊരു പ്രധാന കാരണമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അമ്മാവന്റെ ശബ്ദം എന്നെ സ്ഥലകാലബോധത്തിലേക്ക് മടക്കി കൊണ്ടുവന്നു.
“നീ അറിയില്ലേ ഈ കുട്ടിയെ..?”
“ഉവ്വ്…”
അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് ഞാൻ മറുപടി പറഞ്ഞു. തെല്ലൊരാശ്വാസം ആ മുഖത്ത് കണ്ടുവോ? എനിക്ക് സംശയമായി. എന്തിനാണിവൾ വന്നത് എന്നറിയാനായിരുന്നു അടുത്ത ആകാംക്ഷ. അത് ചോദിച്ചറിയുന്നതിന് മുൻപ് അമ്മാവനെ അവിടെ നിന്നും ഒഴിവാക്കണം. ഒപ്പം സൗമ്യയെയും. എല്ലാവരുടെയും മുൻപിൽ വച്ച് വന്ന വിവരം ചോദിക്കുന്നത് പന്തിയല്ല.
“എനിക്കറിയാം അമ്മാവാ… ബാംഗ്ലൂരിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്.”
ആശ്വാസത്തിന്റെ ചെറു പുഞ്ചിരി അദ്ദേഹത്തിലുണ്ടായി. എങ്കിലും എന്നെ തേടി ഒരു പെൺകുട്ടി വരാൻ മാത്രം എന്താണ് കാര്യം എന്നറിയാനുള്ള ആകാംക്ഷയും ആ മുഖത്തുണ്ടായിരുന്നു. അത് പുറമെ കാണിക്കാതെ അദ്ദേഹം ഞങ്ങൾക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യം തന്നുകൊണ്ട് അകത്തേക്ക് പോയി.
സൗമ്യ അപ്പോഴും അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ സംസാരം കേൾക്കുക എന്നത് തന്നെയാണ് അവളുടെ ലക്‌ഷ്യം. ഒപ്പം വന്നതാരാണെന്ന് അറിയണം. അതറിഞ്ഞാൽ ഉടൻ അകത്ത് പോയി അമ്മയോടും അമ്മായിമാരോടും പറയും എന്നറിയാവുന്നതുകൊണ്ട് തന്നെ എത്രയും വേഗം അവളെ ഒഴിവാക്കാൻ ഞാൻ ധൃതിപ്പെട്ടു.
“നീ അകത്ത് ചെന്ന് കുടിക്കാൻ എന്തെങ്കിലും എടുക്ക്…”
ഞാൻ പറഞ്ഞത് ഒട്ടും ഇഷ്ടപ്പെടാതെ അവൾ എന്നെ നോക്കി. ആ നോട്ടത്തെ ഞാൻ അവഗണിച്ചു എന്ന് കണ്ടപ്പോൾ അവൾ മെല്ലെ അകത്തേക്ക് പോയി.
“ആരാത്?”
വർഷങ്ങൾക്ക് ശേഷം അവളുടെ ശബ്ദം കേട്ടപ്പോൾ തോന്നിയ വികാരം എന്തെന്ന് വേർതിരിച്ചെടുക്കാനായില്ല. ആ സ്വരമൊന്ന് കേൾക്കാൻ കാതോർത്തിരുന്ന കാലം മനസ്സിലേക്ക് ഓടിയെത്തി. അത് മറച്ചുവച്ച് ഞാൻ ചോദിച്ചു.
“നീ എന്താ ഇവിടെ?”
“ഞാൻ കിഷോറിനെ കാണാൻ വന്നതാണ്..”
“എന്തിന്?”
“കാണണം എന്ന് തോന്നി…”
“അതാ ചോദിച്ചത് എന്തിന്?”
“ചുമ്മാ… കാണാൻ ഒരു ആഗ്രഹം.”
ആ വാക്കുകളിൽ എനിക്കെന്തോ ഒരു പന്തികേട് മണത്തു. അൽപനേരം ഞാൻ അവളെ വീക്ഷിച്ചു. ഒട്ടും കൂസലില്ലാതെ നിൽക്കുന്നു. മുൻപൊരിക്കലും ഇവളെ ഇങ്ങനെ കണ്ടിട്ടില്ല. എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന പ്രകൃതമാണ്. ആ ഭാവമേ അല്ല ഇപ്പോൾ അവളുടെ മുഖത്ത്. വല്ലാത്തൊരു നിശ്ചയദാർഢ്യം ഉള്ളത് പോലെ. അതെന്നെ ആശങ്കയിലാക്കി.
“എന്താ നിന്റെ വരവിന്റെ ഉദ്ദേശ്യം…?”
“ഞാൻ പറഞ്ഞില്ലേ കിഷോർ… കാണാനാണ് വന്നത്.”
“എന്തിനാ എന്നെ കാണുന്നത് എന്നാ ചോദിച്ചത്…”
ഈർഷ്യയോടെ ഞാൻ ചോദിച്ചു.
“അത്… ഞാൻ അന്ന് അങ്ങനൊക്കെ പറഞ്ഞത് ശരിയായില്ല എന്ന് തോന്നി. നേരിൽ കണ്ട് സംസാരിക്കണം എന്ന് ഒരാഗ്രഹം. ഉടൻ പുറപ്പെട്ടു. അത്രതന്നെ.”
“വെറുതെ തോന്നിയ തോന്നലിന്റെ പേരിൽ ഇത്രേം ദൂരം നീ എന്നെ അന്വേഷിച്ച് വന്നു അല്ലെ…”
അവൾ മിണ്ടിയില്ല.
“അങ്ങനെ ഒന്നും ചിന്തിക്കാതെ നീ വരില്ലല്ലോ…”
പിന്നെയും മൗനം ആയിരുന്നു മറുപടി. പക്ഷെ മുഖഭാവത്തിൽ തെല്ലും കുലുക്കം ഉണ്ടായില്ല.
“മീര… തമാശ കള. എന്നെ അന്വേഷിച്ച് തറവാട്ടിലേക്ക് വരാൻ മാത്രം എന്താ കാര്യം…?”
“സത്യം കിഷോർ. അന്ന് പറഞ്ഞതൊക്കെ തെറ്റായി എന്ന് തോന്നി. ഒക്കെ തിരുത്തണം എന്നും തോന്നി. അതാണ് വന്നത്.”
“ഞാൻ ഇവിടെ ആണെന്ന് എങ്ങനെ നിനക്ക് മനസ്സിലായി..?”
“അതൊക്കെ എളുപ്പമല്ലേ… കിഷോറിന്റെ ബയോഡാറ്റ ഇപ്പോഴും എന്റെ കൈയ്യിൽ ഉണ്ട്.”
“അതിൽ ഫോൺ നമ്പറും ഉണ്ടായിരുന്നല്ലോ… നിനക്ക് വിളിക്കാമായിരുന്നില്ലേ…”
“വിളിക്കാമായിരുന്നു. പക്ഷെ അപ്പോൾ ഇങ്ങനെ എന്നെ കണ്ട് ഞെട്ടി നിൽക്കുന്ന കിഷോറിനെ കാണാൻ പറ്റില്ലല്ലോ…”
ഞാൻ അവളെ തന്നെ നോക്കി നിന്നു. പഴയ മീരയല്ല മുൻപിൽ നിൽക്കുന്നത്. എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്. ഈ വരവ് വെറുതെയല്ല എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. എത്രയും വേഗം അവളെ ഒഴിവാക്കുന്നതിനെക്കുറിച്ചായി അടുത്ത ചിന്ത.
“ആദ്യമായിട്ട് തറവാട്ടിലേക്ക് വന്നിട്ട് ഒന്നിരിക്കാൻ കൂടി പറഞ്ഞില്ലല്ലോ കിഷോർ..?”
“നീ എന്നെ കാണാൻ അല്ലെ വന്നത്. കണ്ടില്ലേ… ഇനി ഇരുന്ന് സുഖിക്കാതെ വേഗം പോവാൻ നോക്ക്…”
“എന്നോട് അത്രക്ക് ദേഷ്യമാണല്ലേ…”
“എന്നെ വേണ്ടെന്ന് പറഞ്ഞ് പോയവളെ സ്നേഹിക്കേണ്ട ആവശ്യം എനിക്കില്ല.”
അല്പം കടുപ്പിച്ച് തന്നെയാണ് അത് പറഞ്ഞത്. പക്ഷെ അതിൽ ഒട്ടും സത്യമില്ലെന്ന് ആ നിമിഷം എനിക്ക് തന്നെ തോന്നി. അവളുടെ മുഖം അല്പമൊന്ന് വാടിയോ എന്ന് സംശയിച്ച് നിൽക്കുമ്പോഴേക്കും ഒരു മുരടനക്കം കേട്ടു.
ചെറുതായി ഒന്ന് ഞെട്ടി ഞാൻ. പിന്നിൽ വല്യമ്മാവാൻ ആണ്. തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ ആണ് വല്യമ്മാവൻ. നാട്ടിലും വീട്ടിലും എല്ലാവരുടെയും അവസാന വാക്കാണ് അദ്ദേഹം. ആരോടും അങ്ങനെ ദേഷ്യപ്പെടുകയോ വഴക്ക് പറയുകയോ ചെയ്യുകയില്ലെങ്കിലും എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ മാത്രമേ അദ്ദേഹത്തെ നോക്കാറുള്ളൂ.
ഞാൻ പറഞ്ഞതെന്തെങ്കിലും അമ്മാവൻ കേട്ടുവോ എന്ന ഭയത്തിൽ നിന്നു. ഞങ്ങൾക്ക് നേരെ നടന്നടുത്ത അമ്മാവൻ എന്നെയും അവളെയും സൂക്ഷിച്ച് നോക്കി. ആരാണ് എന്ന ഭാവത്തിൽ എന്നെ നോക്കിയപ്പോൾ ഞാൻ പറഞ്ഞു.
“എന്റെ ഫ്രണ്ട് ആണ് അമ്മാവാ…”
ഒരു പുഞ്ചിരി അദ്ദേഹം അവൾക്ക് നൽകി. അവൾ പക്ഷെ ഒന്നും മിണ്ടാതെ അമ്മാവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
“എന്താ ഇവിടെ തന്നെ നിർത്തിയത്. അകത്തേക്ക് ഇരുത്താമായിരുന്നില്ലേ…”
അവളെ എത്രയും വേഗം ഒഴിവാക്കാൻ തുനിഞ്ഞ എനിക്ക് അവളെ അകത്തേക്ക് കടത്താൻ തെല്ലും താല്പര്യം തോന്നിയില്ല. അകത്തുള്ളവരുടെ ചോദ്യങ്ങളും സംശയങ്ങളും തന്നെയാണ് അതിന് കാരണം. എന്തെങ്കിലും മറുപടി പറയാൻ ഞാൻ ആലോചിക്കുമ്പോഴേക്കും അവൾ പറഞ്ഞു.
“ധൃതിയില്ല. ഞാൻ കുറച്ച് ദിവസം കാണും ഈ നാട്ടിൽ. എനിക്ക് ഇവിടെ ചില അത്യാവശ്യങ്ങൾ ഉണ്ട്. താമസിക്കാൻ ഒരു സ്ഥലം ഏർപ്പാടാക്കി തന്നാൽ മതി.”
അത്ഭുതത്തോടെ ഞാൻ അവളെ നോക്കി. എന്റെ മുഖത്തെ ഭാവം മനസ്സിലാക്കി തന്നെ അവൾ നന്നായൊന്ന് പുഞ്ചിരിച്ചു. അത് ആസ്വദിക്കാൻ അപ്പോഴത്തെ എന്റെ മാനസികാവസ്ഥ സമ്മതിച്ചില്ല.
“ഇവിടെ താമസിക്കാലോ… കിച്ചൂ… അകത്ത് ചെന്ന് ഈ കുട്ടിക്ക് ഒരു മുറി കൊടുക്കാൻ പറയൂ…”
വളരെ ആതിഥ്യ മര്യാദയോടെ അദ്ദേഹം അങ്ങനെ പറഞ്ഞിട്ട് അകത്തേക്ക് പോയി. എന്റെ സുഹൃത്തെന്ന വിശ്വാസത്തിലാണ് അമ്മാവൻ അവൾക്ക് തറവാട്ടിൽ താമസിക്കാൻ അനുവാദം കൊടുത്തത് എന്നെനിക്കറിയാം. ഞാൻ സ്നേഹിച്ചിരുന്ന പെണ്ണാണ് ഇവൾ എന്നറിഞ്ഞാൽ ഇതായിരിക്കില്ല അദ്ദേഹത്തിന്റെ പ്രതികരണം. തികച്ചും യാഥാസ്ഥികരായ എന്റെ വീട്ടുകാർക്ക് ഇതൊക്കെ ഒരു വലിയ വിഷയം തന്നെ ആകും എന്നെനിക്കുറപ്പായിരുന്നു. അതുകൊണ്ട് തന്നെ എത്രയും വേഗം മീരയെ ഒഴിവാക്കണം എന്ന് എനിക്ക് തോന്നി. വല്ലാത്തൊരു ടെൻഷനോടെ ഞാൻ അവളെ തുറിച്ച് നോക്കി. അത് മനസ്സിലാക്കിയെന്നോണം അവൾ തുടർന്നു.
“കിഷോർ… എനിക്ക് ചില അത്യാവശ്യങ്ങൾ ഉണ്ട്. അതിനാണ് വന്നത്. കിഷോറിനെ ഒരു തരത്തിലും ഞാൻ ബുദ്ധിമുട്ടിക്കില്ല. താമസിക്കാൻ ഒരു സ്ഥലം വേണം. അതിവിടെ ആയാൽ അത്രയും സന്തോഷം. കിഷോറിനെ ഒരു തരത്തിലും പ്രയാസപ്പെടുത്താതെ വന്ന കാര്യം കഴിഞ്ഞ് ഞാൻ മടങ്ങിപ്പോകും. അത് വരെ കിഷോർ എന്നെ സഹായിച്ചേ പറ്റൂ. പ്ലീസ്… “
അവൾ പറഞ്ഞതിന്റെ അർത്ഥം മുഴുവൻ വ്യക്തമാകാതെ ഞാൻ അവളെ തന്നെ നോക്കി നിന്നു.
രാത്രി ഏറെ വൈകിയിട്ടും തിരിച്ച് വീട്ടിലേക്ക് കയറാൻ തോന്നിയില്ല. ഇരുൾ മൂടിയ ആകാശത്ത് ചന്ദ്രൻ അതിന്റെ പ്രഭാവം പ്രകടമാക്കിക്കൊണ്ടിരുന്നു. നക്ഷത്രങ്ങൾ കുളത്തിലെ ജലപ്പരപ്പിൽ തെന്നിക്കളിക്കും പോലെ ഇളകിയാടി. സുഖശീതളമായ കാറ്റ് എന്നെ തഴുകി കടന്ന് പോയി. പക്ഷെ ഉള്ളിലെ കനൽ ഇതുകൊണ്ടൊന്നും കെട്ടടങ്ങിയില്ല.
മീരയുടെ വരവ് എന്നെ അത്രക്കും ആശങ്കയിലാഴ്ത്തിയിരിക്കുന്നു. അവൾ വന്നതിനേക്കാൾ അവളുടെ ഭാവമാറ്റം എന്നെ കൂടുതൽ ഭയപ്പെടുത്തി. ഒരു ശല്യവുമില്ലാതെ മടങ്ങിപ്പോകും എന്നവൾ പറഞ്ഞെങ്കിലും അവളുടെ വരവിന് വളരെ പ്രധാനപ്പെട്ട എന്തോ കാരണം ഉള്ളത് പോലെ തോന്നുന്നു. അനാവശ്യമായ ഒരു ഭയം എന്നെ മൂടുന്നത് ഞാനറിഞ്ഞു.
ഞാൻ പ്രണയിച്ചിരുന്ന പെൺകുട്ടിയാണ് തേടി വന്നിരിക്കുന്നത് എന്ന് തറവാട്ടിൽ അറിഞ്ഞാൽ പ്രശ്നങ്ങൾ ഉണ്ടാകും എന്നുറപ്പാണ്. അതിന് ശക്തമായ കാരണവും ഉണ്ട്.
അച്ഛൻ മരിച്ചതിൽ പിന്നെയാണ് അമ്മയുമായി അമ്മയുടെ തറവാട്ടിൽ താമസമാക്കിയത്. അതുകൊണ്ട് തന്നെ അമ്മ അവരുടെ വാക്കിന് മുകളിൽ ഒരു അഭിപ്രായവും പറയില്ല. അതറിഞ്ഞിട്ടും അന്ന് മീരയെ ഇഷ്ടപ്പെട്ടത് അവളുടെ സൗമ്യമായ പെരുമാറ്റവും ശാലീനതയും ഒതുക്കവും ഒക്കെ തന്നെയാണ്.
പക്ഷെ ഇപ്പോൾ വന്നിരിക്കുന്നത് അങ്ങനെ ഉള്ള ഒരാളെ അല്ല. വളരെ ബോൾഡ് ആയിട്ടാണ് അവൾ സംസാരിക്കുന്നത്. വല്ലാത്തൊരു ദൃഢനിശ്ചയം ഓരോ വാക്കുകളിലും പ്രകടമാണ്. എന്തായാലും അവൾ വന്നിരിക്കുന്നത് വെറുതെയല്ല. ഗൂഢമായ ഉദ്ദേശ്യം അവൾക്കുണ്ട്. അത് നല്ലതിനോ ചീത്തക്കോ എന്ന് മാത്രം നിശ്ചയമില്ല.
******
ദിവസങ്ങൾ കടന്ന് പോയി. മീര വളരെ പെട്ടെന്ന് എല്ലാവരുമായി അടുത്തു. അവളുടെ പെരുമാറ്റം എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. എന്തോ വലിയ അത്യാവശ്യത്തിന് വന്ന അവൾ വീട്ടിൽ നിന്നും പുറത്തിറങ്ങിയത് മാത്രം കണ്ടില്ല. സദാ സമയം അവൾ തറവാട്ടിൽ കഴിച്ച് കൂട്ടി. അവളുടെ ആഗമനോദ്ദേശ്യം മനസ്സിലാകാതെ ഞാൻ കുഴങ്ങി. കൂടുതൽ സംസാരത്തിന് പോകാതിരിക്കാൻ പ്രേത്യേകം ശ്രദ്ധിച്ചു. അവളും ഇങ്ങോട്ടൊന്നും സംസാരിക്കാൻ വന്നില്ല.
******
“ഏയ്… കിഷോർ…”
പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ഞാൻ പിൻവിളി കേട്ട് ഒന്ന് നിന്നു. തിരിഞ്ഞ് നോക്കാതെ തന്നെ അവളാണ് വിളിച്ചതെന്ന് വ്യക്തം. കിഷോർ എന്ന് വിളിക്കാൻ ഈ തറവാട്ടിൽ വേറെ ആരും ഇല്ലല്ലോ…
“പുറത്തേക്കാണെങ്കിൽ ഞാനും ഉണ്ട്.”
“എന്തിന്?”
അവളോടുള്ള നീരസം അത്രയും പ്രകടമാക്കിക്കൊണ്ട് ചോദിച്ചു. അത് മനസ്സിലായിട്ടും അവൾ ചിരിയോടെ മറുപടി പറഞ്ഞു.
“ചുമ്മാ… നടക്കാൻ..”
“നീ ഒറ്റക്ക് നടന്നാൽ മതി.”
“അങ്ങനെ പറയല്ലേ… നമ്മൾ ഫ്രണ്ട്സല്ലേ… എന്നെ ഈ നാട്ടിലൊക്കെ ചുറ്റികാണിക്കേണ്ടത് കിഷോറല്ലേ…”
“നിന്നേം കൊണ്ട് കറങ്ങി നടന്നാൽ എനിക്ക് വരുന്ന ചീത്തപ്പേരിന് നീ സമാധാനം പറയുമോ?”
“ചീത്തപ്പേരോ? അതെന്തിന്?”
“ഇത് ബാംഗ്ലൂർ അല്ല. നാട്ടിൻപുറം ആണ്. ഇവിടെ അത്ര സ്വാതന്ത്ര്യത്തോടെ നടക്കാൻ കഴിയില്ല. നിനക്ക് ഈ നാട് കാണണം എന്ന് അത്രക്ക് നിർബന്ധമാണെങ്കിൽ സൗമ്യയെ കൂട്ടി പൊയ്ക്കോ…”
അവളുടെ മുഖത്ത് തെല്ല് നിരാശ പടർന്നു. നാട് കാണുന്നതിനേക്കാൾ എന്റെ കൂടെ വരുന്നതാണ് അവൾക്ക് സന്തോഷം എന്ന് തോന്നി. ഉള്ളുകൊണ്ട് ഞാൻ സന്തോഷിച്ചു. പക്ഷെ ഒന്നും പ്രകടമാക്കിയില്ല.
“എന്താ രണ്ട് പേരും കൂടി…?”
ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങൾ രണ്ടുപേരും ഒരേ സമയം നോക്കി. ചിരിച്ചുകൊണ്ട് വല്യമ്മാവൻ ഞങ്ങൾക്ക് നേരെ വന്നു.
“പുറത്തേക്ക് പോവാണോ…?”
“ഹ്മ്…”
ഒന്ന് മൂളിയതല്ലാതെ ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. അവളുടെ മുഖത്ത് ആ നേരം സന്തോഷത്തിന്റെ പ്രകാശം വിരിയുന്നത് എനിക്ക് കാണാമായിരുന്നു. അതവളുടെ സൗന്ദര്യത്തിന് പലമടങ്ങ് മാറ്റ് കൂട്ടി.
“നന്നായി. അധികം വൈകാതെ മടങ്ങി വരണം ട്ടോ…”
“ഇല്ല വൈകില്ല.”
“ശരി പോയിട്ട് വാ…”
അമ്മാവന്റെ അനുവാദം കിട്ടിയതോടെ ധൈര്യത്തോടെ ഞാൻ നടന്നു. എനിക്ക് പുറകെ അവളും. പടിപ്പുര കടന്നപ്പോൾ ഞാൻ അവളെ തിരിഞ്ഞ് നോക്കി. പതിവില്ലാത്ത ഗൗരവം ആ മുഖത്ത് പ്രകടമായിരുന്നു. എന്തോ ഗഹനമായി ചിന്തിക്കും പോലെ അവൾ മുഖം കുനിച്ച് എനിക്കൊപ്പം നടന്നു.
“മീരാ..”
ഗൗരവം വിടാതെ ഞാൻ വിളിച്ചു. അവൾ മെല്ലെ മുഖമുയർത്തി എന്നെ നോക്കി. ആ കണ്ണുകളിൽ വല്ലാത്തൊരു ദൈന്യ ഭാവം ആയിരുന്നു അപ്പോഴുണ്ടായിരുന്നു. അതെന്നെ അല്പമൊന്ന് നോവിച്ചു. ആ കണ്ണുകൾ ഈറനണിയുന്നത് ഞാനറിഞ്ഞു. അവൾ മെല്ലെ മുഖം എനിക്കെതിരെ തിരിച്ചു. എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും എനിക്ക് മുന്നേ അവൾ പറഞ്ഞു തുടങ്ങി.
“എനിക്ക് കിഷോറിനോട് അല്പം സംസാരിക്കാനുണ്ടായിരുന്നു. അതിനാണ് ഞാൻ കൂടെ ഇറങ്ങിയത്.”
എന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു. എന്തോ ഗൗരവമുള്ള വിഷയമാണ് സംസാരിക്കാൻ ഉള്ളതെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഒന്നും മിണ്ടാതെ അവൾക്ക് സംസാരിക്കാൻ വേദിയൊരുക്കി.
“കിഷോറിന് എന്നോട് ദേഷ്യമാണ് എന്നെനിക്കറിയാം. ഇഷ്ടമാണെന്നു പറഞ്ഞ് വന്നപ്പോൾ ആ സ്നേഹം നിരസിച്ചിട്ട് ഇപ്പോൾ തേടി വന്നിരിക്കുന്നത് ഗൂഢ ഉദ്ദേശ്യത്തോടു കൂടിയാണെന്ന് തോന്നുണ്ടാകും. അല്ലെ…?”
മറുപടി പറഞ്ഞ് അവളുടെ വാക്കുകളെ തടസ്സപ്പെടുത്താതെ ഞാൻ മൗനമായി നിന്നു.
“അങ്ങനൊരു ഉദ്ദേശ്യം എനിക്കില്ല കിഷോർ. ഞാൻ വന്നത് മറ്റൊരു ലക്ഷ്യത്തിനാണ്. കുറച്ച് കഴിയുമ്പോൾ വന്നതുപോലെ ഞാൻ മടങ്ങിപ്പോകും. അതിനിടയിൽ കിഷോറിനെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നും ഞാൻ ചെയ്യില്ല.”
“നീ എന്തിനാണ് വന്നത്?”
വരണ്ട ഒരു ചിരി അവൾ മറുപടിയായി നൽകി. ഞാൻ അവൾ മനസ്സ് തുറക്കുന്നതും കാത്ത് നിന്നു.
“എന്റെ ലക്ഷ്യം എന്താണെന്ന് ഇപ്പോൾ എനിക്ക് ആരോടും പറയാൻ കഴിയില്ല.”
“അതെന്താ..?”
“അതങ്ങനെ ആണ് കിഷോർ.. ഒരായിരം ചോദ്യങ്ങൾ തനിക്കിപ്പോ എന്നോട് ചോദിക്കാനുണ്ടാകും. അത് തന്റെ അവകാശവുമാണ്. പക്ഷെ ഒന്നിനും ഇപ്പോൾ മറുപടിയില്ലെനിക്ക്. എല്ലാം ഞാൻ പറയാം. എനിക്ക് അല്പം കൂടി സമയം തരണം. അത് വരെ എന്നോടൊന്നും ചോദിക്കരുത്. എന്നെ ഇറക്കിവിടാൻ ശ്രമിക്കരുത്. എന്നോട് വിദ്വേഷവും കാണിക്കരുത്.”
ഒരു അപേക്ഷ പോലെ ആയിരുന്നു അവളുടെ വാക്കുകൾ. അത് തള്ളിക്കളയാൻ എനിക്ക് തോന്നിയില്ല. ഓരോ തവണയും അവളോട് തോന്നുന്ന അനുകമ്പയുടെ അർത്ഥം എനിക്ക് പിടി കിട്ടിയില്ല. എങ്കിലും ഒന്ന് മാത്രം മനസ്സിലായി. എന്റെ മനസ്സ് ഇപ്പോഴും അവളെ ആഗ്രഹിക്കുന്നുണ്ട്.
“എന്നോട് ഇപ്പോഴും ദേഷ്യമാണോ കിഷോറിന്? ഞാൻ പോകണമെന്ന് തന്നെയാണോ കിഷോർ ഇപ്പോഴും ആഗ്രഹിക്കുന്നത്?”
“മീരാ.. ഞാൻ..”
“ആണെങ്കിൽ തുറന്നു പറഞ്ഞോളൂ… ഇനിയും കിഷോറിനെ വിഷമിപ്പിക്കണ്ടെന്നാണ് ഞാൻ കരുതുന്നത്. എന്നെ കാണുന്നത് അലോസരമായി തോന്നുന്നുവെങ്കിൽ ഇന്ന് തന്നെ ഞാൻ…”
“വേണ്ട…”
ധൃതിയിൽ ഞാൻ മറുപടി പറഞ്ഞു. അവൾ എന്നെ വിട്ടു പോകുമോ എന്ന ഭയമാണോ എന്നെക്കൊണ്ട് അങ്ങനെ പറയിച്ചതെന്നു എനിക്ക് നിശ്ചയമുണ്ടായില്ല.
“തന്റെ വിഷമവും ബുദ്ധിമുട്ടും ഒക്കെ എനിക്ക് മനസ്സിലാവും. ഒന്നും വേണമെന്ന് കരുതിയതല്ല. പക്ഷെ എനിക്ക് മറ്റു മാർഗ്ഗങ്ങളൊന്നും തോന്നിയില്ല. ഒന്ന് ഞാൻ പറയാം. ഞാൻ തേടി വന്നത് കിഷോറിനെയല്ല. എന്റെ ലക്ഷ്യത്തിലേക്ക് കിഷോർ അല്ലാതെ മറ്റു വഴികളും ഇല്ല.”
വിസ്മയത്തോടെ ഞാൻ അവളെ നോക്കി. മീര പറഞ്ഞതിന്റെ അർത്ഥം ഒട്ടും എനിക്ക് മനസ്സിലായില്ല. എന്തൊക്കെയോ അവളുടെ ഉള്ളിൽ പുകയുന്നുണ്ട്. സംശയത്തിന്റെ കനലുകൾ എന്നിലേക്ക് പടർന്നത് ഞാൻ അറിഞ്ഞു. അവളെ ഉറ്റുനോക്കി നിന്നതല്ലാതെ ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
വെയിൽ മെല്ലെ ചാഞ്ഞു തുടങ്ങിയിരുന്നു. സൂര്യന്റെ സ്വർണ നിറമാർന്ന കിരണങ്ങൾ ഭൂമിയുടെ അഴക് കൂട്ടി. മരങ്ങൾക്കിടയിലൂടെ ഒഴുകി വന്നു ഞങ്ങൾക്ക് ചുറ്റും വലം വച്ച കാറ്റിനു ഉള്ളിലെ അഗ്നിയോളം ചൂടുണ്ടായിരുന്നു.
“നീ എന്താണ് ഈ പറയുന്നത് മീരാ.. എനിക്കൊന്നും മനസ്സിലാവുന്നില്ല.”
“അറിയാം കിഷോർ. ഞാൻ പറഞ്ഞല്ലോ. എല്ലാം ഞാൻ പറയാം. അല്പം കൂടി കഴിഞ്ഞോട്ടെ, അത് വരെ എന്നോടൊന്നും ചോദിക്കരുത്. മാത്രവുമല്ല ഒരു നല്ല കൂട്ടുകാരിയായി എന്നെ കാണുകയും വേണം.”
അവൾ പുഞ്ചിരിയോടെ എന്നെ നോക്കി. പക്ഷെ ആ ചിരിക്ക് മുൻപത്തെ അത്ര തെളിച്ചമുണ്ടായിരുന്നില്ല. വിഷാദം നിറഞ്ഞ, പ്രതീക്ഷയോടെയുള്ള ആ നോട്ടം കണ്ടപ്പോൾ എനിക്ക് കൂടുതൽ ഒന്നും ചോദിക്കാൻ തോന്നിയില്ല. ഞാനും ചിരിച്ചു. എന്റെ ആ ചിരിയിൽ അവളുടെ കണ്ണുകളിൽ ആശ്വാസവും സന്തോഷവും നിറയുന്നത് ഞാൻ കണ്ടു.
“ഇനി ഞാൻ തിരിച്ച് പൊയ്ക്കോട്ടേ?”
“എന്ത് പറ്റി?”
“ഒന്നുല്യാ… കിഷോറിനോട് സംസാരിക്കാൻ വേണ്ടി മാത്രമാണ് ഇറങ്ങിയത്.”
“അപ്പൊ ഇവിടെ ഒന്നും കാണണ്ടേ..?”
ആ സന്ദർഭത്തിലെ മാനസിക പിരിമുറുക്കത്തിന് അയവ് വരുത്തിക്കൊണ്ട് ഞാൻ ചിരിയോടെ ചോദിച്ചു. അതിൽ അവൾക്കും ആശ്വാസമുണ്ടായി എന്ന് അവളുടെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു.
“ഞാൻ കൂടെ വന്നാൽ ബുദ്ധിമുട്ടല്ലേ…”
“അതൊക്കെ ആണ്. എന്നാലും സാരമില്ല. ഇറങ്ങിയതല്ലേ… ഇനി ഇവിടെയൊക്കെ ഒന്ന് കണ്ടിട്ട് പോകാം.”
അവൾ മടിയൊന്നും കൂടാതെ എനിക്കൊപ്പം നടന്നു. ആ സമയത്ത് എനിക്ക് അവളെ ചേർത്ത് പിടിക്കാൻ തോന്നി. ആരോരുമില്ലാത്ത പെണ്ണിനെ എന്റേതാക്കാൻ വല്ലാതെ മോഹിച്ചു. അതൊരു നടക്കാത്ത സ്വപ്നമാണെന്ന തിരിച്ചറിവ് എനിക്ക് അടുത്ത നിമിഷം ഉണ്ടായി.
ഉള്ളിലെ ആശകളും പ്രതീക്ഷകളും സംശയങ്ങളും ഒന്നും പുറത്ത് കാണിക്കാതെ ആ നാട്ടു വഴിയിലൂടെ ഞങ്ങൾ മെല്ലെ നടന്നു.
ദിവസങ്ങൾ പിന്നെയും നീങ്ങി. മീര സദാസമയവും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഇടക്ക് പലപ്പോഴും എന്റെ കൂടെ ചില സായാഹ്ന സവാരികൾ മാത്രമുണ്ടായി. അവൾ ആരെ തേടി വന്നു, എന്തിന് വന്നു എന്ന ചോദ്യങ്ങൾ അപ്പോഴും അജ്ഞാതമായി തന്നെ അവശേഷിച്ചു. എങ്കിലും അവളുടെ സാമീപ്യം എന്നിൽ വീണ്ടും പ്രണയത്തിന്റെ വിത്തുകൾ മുളപ്പിച്ചു.
എന്തെന്നില്ലാത്ത സന്തോഷം ഞാൻ അനുഭവിക്കുന്നുണ്ടായിരുന്നു. വീണ്ടും അവളെ പിരിയുന്നതിനെക്കുറിച്ച് ഭയത്തോടെയും വേദനയുടെയും മാത്രമേ എനിക്ക് ഓർക്കാൻ കഴിഞ്ഞുള്ളു. അതിനെക്കുറിച്ച് ഓർക്കാൻ പോലും ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അവളോടുള്ള പ്രണയത്തിൽ മുങ്ങി നീരാടുകയായിരുന്നു ഞാൻ.
“മോനെ… കിച്ചൂ…”
മുറിയിലെ കട്ടിലിൽ മീരയെ സ്വപ്നം കണ്ട് കിടന്നിരുന്ന ഞാൻ അമ്മയുടെ ശബ്ദം കേട്ട് നോക്കി. അമ്മ എന്റെ അരികിലേക്ക് വന്ന് കട്ടിലിൽ ഇരുന്നു. ഗൗരവമുള്ള എന്തോ വിഷയം സംസാരിക്കാനാണ് അമ്മയുടെ വരവെന്ന് എനിക്ക് മനസ്സിലായി. ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു.
“എന്താ അമ്മെ…?”
“ഒന്നൂല്യ വെറുതെ…”
“അമ്മ കാര്യം പറയൂ…”
“അല്ല… ആ കുട്ടി… വന്നിട്ട് കുറച്ചൂസം ആയില്ലേ…”
മീരയാണ് അമ്മയുടെ വിഷയം എന്ന് എനിക്ക് പെട്ടെന്ന് പിടി കിട്ടി. അമ്മക്ക് എന്ത് മറുപടി കൊടുക്കണം എന്ന് എന്റെ മനസ്സ് തേടിക്കൊണ്ടിരുന്നു.
“എന്തോ അത്യാവശ്യത്തിന് വന്നതാണ് എന്ന് പറഞ്ഞിട്ട് പുറത്തേക്കൊന്നും ഇറങ്ങുന്നില്ല. പോകാൻ ഉള്ള തയ്യാറെടുപ്പും കാണുന്നില്ല. നിന്നോട് എന്തെങ്കിലും പറഞ്ഞോ…?”
അവൾ എന്തിനാണ് വന്നിരിക്കുന്നത് എന്ന് പോലും അറിയാത്ത ഞാൻ അമ്മക്ക് എന്ത് മറുപടി കൊടുക്കണം എന്ന് ആലോചിച്ചു. പെട്ടെന്ന് ഒരുത്തരം പറയാൻ എനിക്കായില്ല
“ഒരു പെൺകുട്ടി ഇത്രേം ദിവസം തറവാട്ടിൽ താമസിക്കുന്നത് ശരിയല്ല മോനെ… നാട്ടുകാർക്ക് ഓരോന്ന് പറയാൻ അത് മതി. പിന്നെ, വല്യേട്ടൻ നിന്റെയും സൗമ്യയുടെയും കല്ല്യാണക്കാര്യം സംസാരിച്ചു. അതിനി വച്ച് നീട്ടണ്ട എന്നാ പറയണേ… അത് തന്നെയാ എന്റെയും അഭിപ്രായം.”
“അമ്മെ… സൗമ്യ… അതെനിക്ക് ഇത്തിരി താല്പര്യക്കുറവുണ്ട്.”
അമ്മ എന്തോ അരുതാത്തത് കേട്ട മട്ടിൽ എന്നെ നോക്കി. കുറെ നാളായി ഈ വിഷയം മുൻപിൽ വരും എന്നെനിക്ക് അറിയാമായിരുന്നു. പെട്ടെന്ന് പ്രതികരിച്ച് ഒരു പ്രശ്നം വേണ്ട എന്ന് കരുതിയാണ് ഇത്രയും നാൾ മിണ്ടാഞ്ഞത്. മാത്രവുമല്ല, എന്റെ സ്വപ്നത്തിൽ മുഴുവൻ മീരയാണ് എന്നത് അതിനൊരു പ്രധാന കാരണവുമാണ്.
പക്ഷെ അതിപ്പോൾ പറയുന്നത് പന്തിയല്ല. അമ്മക്ക് അതിഷ്ടപ്പെടില്ല എന്ന് മാത്രമല്ല വലിയ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. തൽക്കാലം ഒന്നും പറയേണ്ട എന്ന് ഞാൻ തീരുമാനിച്ചു.
“നീ എന്താ മോനെ ഈ പറയുന്നത്? നമ്മൾ ഇത്രയും നാൾ ജീവിച്ചത് ഈ തറവാട്ടിലാ… അച്ഛൻ മരിച്ചതിൽ പിന്നെ നമ്മളുടെ എല്ലാ കാര്യങ്ങളും നോക്കിയത് എട്ടന്മാരാണെന്ന് നിനക്കറിയാലോ… ഏട്ടൻ ഇങ്ങനെ ഒരു ആവശ്യം പറഞ്ഞിട്ട് അത് തള്ളാൻ പറ്റില്ല മോനെ…”
“ഒക്കെ ശരിയാണ്. പക്ഷെ അവളെ ഞാൻ അങ്ങനെ കണ്ടിട്ടില്ല അമ്മേ… എനിക്ക് സൗമ്യയെ വിവാഹം കഴിക്കാൻ ബുദ്ധിമുട്ടുണ്ട്.”
അമ്മ അല്പം നേരം എന്നെ സൂക്ഷിച്ച് നോക്കി. ആ നോട്ടത്തിൽ അമ്മ എന്റെ മനസ്സ് വായിച്ചെടുക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ആ മുറിയിൽ അത്ര നേരം ഉണ്ടായിരുന്ന തണുത്ത വായുവിന് പെട്ടെന്ന് ചൂട് കൂടിയത് പോലെ അനുഭവപ്പെട്ടു. ഒന്നും മിണ്ടാതെ ഞാൻ ഇരുന്നു.
“ഈ വിഷയം പിന്നെ സംസാരിക്കാം. നീ ആദ്യം ആ കുട്ടിയെ പറഞ്ഞു വിട്…”
വളരെ ഗൗരവത്തിൽ അത്രയും പറഞ്ഞ് അമ്മ മുറി വിട്ട് പോയി. എന്റെ ഉള്ളിലിരുപ്പ് അമ്മക്ക് പിടി കിട്ടിയെന്ന് എനിക്ക് തോന്നി. മീരയോട് എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു. എന്തായാലും അവളോടൊന്ന് സംസാരിക്കാൻ തന്നെ ഞാൻ നിശ്ചയിച്ചു.
******
മീര എനിക്ക് മുൻപിൽ വലിയൊരു ചോദ്യചിഹ്നം ആയിരിക്കുന്നു. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ ആയി എനിക്ക്. അവളോട് ഒന്നും ചോദിക്കില്ല എന്ന് വാക്ക് കൊടുത്തു പോയി എന്നുള്ളത് കൊണ്ട് ധർമ്മസങ്കടത്തിലാവുകയാണ് ഞാൻ. വല്ലാത്തൊരു ആശങ്കയിൽ പെട്ടത് പോലെയായി.
ടെൻഷൻ കൂടി കൂടി വന്നപ്പോൾ ഒരു സിഗരറ്റ് എടുത്ത് പുകച്ചു. മീര വന്നതിന് ശേഷം കുളപ്പുരയും സിഗരറ്റ് വലിയും ഒക്കെ മറന്ന് തുടങ്ങിയതായിരുന്നു. ഇപ്പോൾ മനസ്സ് വല്ലാത്ത വൈഷമ്യത്തിലാണ്. ഒരു പുക എടുത്ത് കഴിഞ്ഞപ്പോൾ ഒരു ആശ്വാസം കിട്ടിയത് പോലെ തോന്നി. ജീവിതത്തിൽ ആദ്യമായി പുക വലിച്ചതും ഈ സ്ഥലത്ത് വച്ച് തന്നെ ആയിരുന്നു.
വല്ലാത്ത ഭയത്തോടെ ആരും കാണാതെ ഒരു സിഗരറ്റ് ചുണ്ടിൽ വച്ച് കത്തിച്ച് ധൃതിയിൽ വലിച്ചു. ആരെങ്കിലും കാണുന്നതിന് മുൻപ് വലിച്ചു തീർക്കുക എന്നതായിരുന്നു ഉദ്ദേശ്യം. പുക ചങ്കിലേക്കെത്തിയതും ശ്വാസം മുട്ടി ചുമക്കാൻ തുടങ്ങി. അടുത്ത നിമിഷം നെറ്റിയാകെ വേദനിച്ചു. അന്ന് ആ സിഗരറ്റ് വലിക്കാനാവാതെ ഉപേക്ഷിക്കുകയായിരുന്നു. പക്ഷെ പിന്നീടെപ്പോഴോ ഇതെന്റെ കൂട്ടുകാരനായി. തനിച്ചിരിക്കുന്ന സമയങ്ങളിലെല്ലാം ഒരു ആത്മമിത്രത്തെ പോലെ കൂടെ ഉണ്ടായിരുന്നു. മനസ്സ് വേദനിക്കുമ്പോഴും ഒരു ആശ്വാസമായി എന്റെ കൂടെ…
“ഇവിടെ വന്നിരിക്കുകയാണോ…?”
ശബ്ദം കേട്ട് ഞാനൊന്ന് ഞെട്ടി. ഈ ദുഃശീലം എനിക്കുള്ളതായി എല്ലാവർക്കും അറിയാമെങ്കിലും അതാരെങ്കിലും കാണുന്നത് എനിക്ക് ഇപ്പോഴും ഭയമാണ്. ആ ടെൻഷനിൽ തന്നെ തിരിഞ്ഞ് നോക്കി. പുഞ്ചിരിച്ച് കൊണ്ട് മീര എനിക്കടുത്തേക്ക് വന്നു.
അവളെ കണ്ട മാത്രയിൽ മനസ്സിനുള്ളിൽ ഒരു കുളിരനുഭവപ്പെട്ടു. അടുത്ത നിമിഷം അതൊരു കനൽ ചൂടായി മാറുകയും ചെയ്തു. പ്രയാസപ്പെട്ട് ഞാനൊന്ന് ചിരിച്ചു. അപ്പോഴേക്കും അവൾ എനിക്കരികിൽ ഇരുന്ന് കഴിഞ്ഞിരുന്നു.
എന്റെ മുഖത്തേക്ക് നോക്കാതെ അവൾ അല്പം നേരം കുളത്തിലേക്ക് നോക്കിയിരുന്നു. അന്നേരം അവൾ കാണുന്ന കാഴ്ചകൾ ആ കുളത്തിലെ ഓളങ്ങൾ ആയിരുന്നില്ലെന്ന് എനിക്ക് തോന്നി. ഞങ്ങൾക്ക് നേരെ വീശിയടിച്ച കാറ്റിൽ അവളുടെ മുടിയിഴകൾ പറന്ന് എന്റെ മുഖത്ത് ചിത്രം വരച്ചു. അതിലെല്ലാം ഒരു പ്രേത്യേക അനുഭൂതി അനുഭവിക്കുന്നുണ്ടായിരുന്നു ഞാൻ. അവൾ പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ മനസ്സിൽ മറ്റെന്തൊക്കെയോ നെയ്ത് കൂട്ടുകയായിരുന്നു.
“മീര…”
അവൾ എന്നെ നോക്കി. വളരെ കൃത്രിമമായ ഒരു പുഞ്ചിരി എനിക്ക് നീട്ടി. അതിൽ ഒട്ടും സൗന്ദര്യമില്ലായിരുന്നു.
“ഞാൻ കിഷോറിനെ അന്വേഷിച്ച് നടക്കുകയായിരുന്നു.”
“എന്തിന്?”
“ഞാൻ… ഞാൻ തിരിച്ച് പോകാൻ ആലോചിക്കുകയായിരുന്നു.”
“എന്ത് പറ്റി പെട്ടെന്ന്?”
“ഒന്നുമില്ല. വന്ന കാര്യം ഏകദേശം പൂർത്തിയായത് പോലെ. ഇനിയും നിന്നാൽ കിഷോറിന് അത് ബുദ്ധിമുട്ടാകും. അതിനും മുൻപ് എനിക്ക് പോണം.”
“അമ്മ നിന്നോട് വല്ലതും പറഞ്ഞോ?”
“ഹേയ്… അതൊന്നുമല്ല കിഷോർ… കുറെ ആയില്ലേ വന്നിട്ട്. കിഷോർ പറഞ്ഞത് പോലെ ഇത് ബാംഗ്ലൂർ അല്ലല്ലോ. നാട്ടിൻപുറമല്ലേ… ഇപ്പൊ തന്നെ ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ എന്ന് ആർക്കറിയാം.”
“മീര… നീ ഇപ്പോഴും ഒന്നും തുറന്ന് പറയുന്നില്ല. ഞാൻ നിന്നെ കാണാൻ തന്നെ ഇരിക്കുകയായിരുന്നു. ഇനിയെങ്കിലും പറഞ്ഞുകൂടെ നിനക്ക് എന്താ നിന്റെ വരവിന്റെ ലക്ഷ്യം എന്ന്?”
അവൾ എന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകൾ മെല്ലെ സജലങ്ങളായി. പിന്നെ പിന്നെ അവ ശക്തിയാർജിച്ച് പുറത്തേക്കൊഴുകി. അടുത്ത നിമിഷം അതൊരു പൊട്ടിക്കരച്ചിലായി.
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കുഴഞ്ഞു. അവൾ മെല്ലെ എന്റെ കൈകളിൽ പിടിച്ചു. അതൊരു ആശ്വാസത്തിനാണെന്ന് എനിക്ക് തോന്നി. അവൾക്കെന്തൊക്കെയോ പറയാനുണ്ടായിരുന്നു. ആ കണ്ണുനീരിനൊപ്പം പിടഞ്ഞു വന്ന വാക്കുകൾ എന്റെ ഉള്ളിൽ കൂരമ്പുകൾ പോലെ തറച്ചു. കേട്ടത് വിശ്വസിക്കാൻ പോലുമാകാതെ ഞാനിരുന്നു. ഒടുവിൽ പെയ്തൊഴിയും പോലെ മുഖം പൊത്തിക്കരയുന്ന അവളെ ചേർത്ത് പിടിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. ഒരാശ്വാസത്തിനെന്നോണം അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
അത്രയും നാൾ മീര ഒറ്റയ്ക്ക് കൊണ്ട് നടന്നിരുന്ന വലിയ ഭാരം എന്റെ നെഞ്ചിലേക്ക് പകർന്നു തരികയായിരുന്നു അന്ന്. ഒട്ടും പ്രതീക്ഷിക്കാതെ ചിലത് കേട്ടതിന്റെ എല്ലാ ആശങ്കകളും എന്നിൽ നിറഞ്ഞു. വന്ന കാര്യം മുഴുവനാക്കാൻ കഴിയാതെ മടങ്ങാൻ തുടങ്ങിയ അവളെ ഞാൻ പോകാൻ അനുവദിച്ചില്ല. എന്റെ കർക്കശമായ വാക്കുകൾക്ക് മുൻപിൽ ആദ്യമായി അവൾ തോറ്റു തന്നു.
അത്രയും ദിവസത്തെ മാനസികാവസ്ഥ ആയിരുന്നില്ല പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ. മീര മടങ്ങി പോകാത്തതിൽ തറവാടിനകത്ത് അല്പം മുറുമുറുപ്പുകൾ നടക്കുന്നുണ്ടായിരുന്നു. സൗമ്യയുമായുള്ള വിവാഹക്കാര്യത്തിൽ ഞാൻ കാണിച്ച താൽപര്യക്കുറവ് അതിന്റെ ശക്തി വർദ്ധിപ്പിച്ചു.
പിന്നീടുള്ള ഒരു ദിവസങ്ങളിലും മുൻപ് കണ്ട ആ ദൃഢ നിശ്ചയം അവളിൽ കാണാൻ കഴിഞ്ഞില്ല. ഒരു പരാജിതയുടെ മുഖമായിരുന്നു പിന്നീട് അവൾക്ക്. എന്നെ കാണുമ്പോൾ ആ വിഷാദത്തിനു ശക്തി കൂടുന്നത് പോലെ തോന്നിച്ചു. തിരിച്ചു പോകുവാൻ അവൾ വല്ലാതെ ആഗ്രഹിച്ചിരുന്നു. എന്നോടവൾ അത് പലവട്ടം സൂചിപ്പിച്ചു. പക്ഷെ ഞാൻ ചില തീരുമാനങ്ങൾ എടുത്ത് കഴിഞ്ഞിരുന്നു.
******
ഒരു ചെറിയ നടത്തം കഴിഞ്ഞെത്തിയപ്പോൾ അകത്തളത്തിൽ എന്തൊക്കെയോ സംസാരങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. ഈയിടെയായി സംസാരങ്ങളുടെ വിഷയം മീരയോ ഞാനോ ആകുന്നതുകൊണ്ട് ആ വഴിക്ക് അധികം ശ്രദ്ധ കൊടുത്തില്ല. എങ്കിലും ഒരു പാളിനോട്ടത്തിനിടയിൽ കണ്ടു ആ സദസ്സ്. തറവാട്ടിലെ തലമൂത്ത എല്ലാവരും അവിടെ ഉണ്ടായിരുന്നു. ഒഴിഞ്ഞ് മാറി മുറിയിലേക്ക് കടക്കാനുള്ള എന്റെ ശ്രമത്തെ തടഞ്ഞുകൊണ്ട് ഒരു പിൻവിളി വന്നു.
അതോടെ വിഷയം ഞാനാണെന്ന് എനിക്കുറപ്പായി. ഞാൻ മെല്ലെ നടന്ന് അവർക്കടുത്തെത്തി. എല്ലാ മുഖങ്ങളിലും പതിവിൽ കവിഞ്ഞ ഗൗരവം ഉണ്ടായിരുന്നു. ചോദ്യങ്ങൾ എന്തായിരിക്കും എന്നൊരു ഊഹം ഉള്ളതിനാൽ മനസ്സ് ഉത്തരങ്ങൾ തേടി തുടങ്ങിയിരുന്നു.
“നീ ഇരിക്ക്…”
വല്യമ്മാവൻ ഗൗരവം വിടാതെ പറഞ്ഞു. ഞാൻ അനുസരണയോടെ ഇരുന്നു.
“ചില കാര്യങ്ങൾ സംസാരിക്കാനാണ് വിളിച്ചത്. എന്താണെന്ന് നിനക്കും അറിയുമായിരിക്കുമല്ലോ…”
ഞാൻ ഒന്നും മിണ്ടിയില്ല. മൗനമായി തന്നെ തുടർന്നു.
“നിന്റെ കല്ല്യാണക്കാര്യം തീരുമാനിക്കാനുള്ള തയ്യാറെടുപ്പായിരുന്നു ഞങ്ങൾ. നിന്നോട് ചോദിക്കേണ്ട മര്യാദ ഉണ്ടല്ലോ…”
ഞാൻ അമ്മയെ തുറിച്ചു നോക്കി. അമ്മ എനിക്ക് മുഖം തരാതെ തിരിഞ്ഞ് നിന്നു. അമ്മ സംസാരിച്ചാൽ ആ വിഷയത്തിൽ എന്നിൽ നിന്ന് ഒരു അനുകൂല മറുപടി കിട്ടില്ലെന്ന് ഭയന്ന് അമ്മാവനെ കൊണ്ട് പറയിപ്പിക്കുകയാണ് അമ്മ. അമ്മാവനോട് ഞാൻ എതിർത്തൊന്നും പറയില്ലെന്ന് അമ്മക്ക് നല്ല ബോധ്യമുണ്ട്. അദ്ദേഹം തുടർന്നു.
“നല്ലൊരു മുഹൂർത്തം നോക്കി നമ്മുക്കതങ്ങ് നിശ്ചയിക്കാം അല്ലെ…”
പെട്ടെന്ന് ഒരുത്തരം പറയുന്നത് ആ അവസരത്തിൽ അഭികാമ്യമാണോ എന്ന് സംശയിച്ചു. പക്ഷെ ഇനിയും വൈകുന്നത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവക്കും എന്നുള്ളത്കൊണ്ട് എന്റെ പ്രതികരണം വൈകിക്കൂടാ എന്ന് തോന്നി.
“നീ ഒന്നും പറഞ്ഞില്ലല്ലോ…”
“അത്… എനിക്ക് ഒരു കാര്യം പറയാനുണ്ട്.”
അമ്മയുടെ മുഖഭാവം മാറുന്നത് എനിക്ക് കാണാമായിരുന്നു. അത് വകവെക്കാതെ ഞാൻ പറഞ്ഞു തുടങ്ങി.
“എനിക്ക്… എനിക്ക് ഈ കല്ല്യാണം വേണ്ട… ഞാൻ വേറൊരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നുണ്ട്. അവളെ മാത്രമേ വിവാഹം കഴിക്കാൻ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. എല്ലാവരും അതിന് സമ്മതിക്കണം.”
ഒരു തീരുമാനം പോലെ ഞാൻ പറഞ്ഞ് നിർത്തി. എല്ലാവരുടെയും കണ്ണുകൾ എനിക്ക് നേരെ ആയിരിക്കും എന്നുറപ്പുള്ളതുകൊണ്ട് ഞാൻ മുഖമുയർത്തി നോക്കിയില്ല. കനത്ത നിശബ്ദത അവിടെ തളംകെട്ടി നിന്നു. ഇനി വരുന്നതെന്തും നേരിടുക തന്നെ എന്ന് നിശ്ചയിച്ച് ഞാൻ മനസ്സിനെ ബലപ്പെടുത്തി.
“ഇതായിരുന്നല്ലേ നിന്റെ മനസ്സിൽ… ഞാൻ ജീവിച്ചിരിക്കുമ്പോ ഇത് നടക്കില്ല. നിന്റെ മനസ്സിൽ ആര് തന്നെ ഉണ്ടെങ്കിലും അത് മറന്നേക്ക്. ഞാൻ നിശ്ചയിക്കുന്ന കുട്ടിയെ അല്ലാതെ ആരെയും നീ വിവാഹം കഴിക്കില്ല. എന്നെ ധിക്കരിച്ചാൽ പിന്നെ ഒരു നിമിഷം ഞാൻ ജീവിച്ചിരിക്കില്ല.”
അമ്മയുടെ വാക്കുകൾക്ക് പ്രതിഷേധത്തിന്റെ സ്വരം. അവസാനമായപ്പോഴേക്കും നേർത്ത് നേർത്ത് കരച്ചിൽ രൂപത്തിലായി. ഇതായിരിക്കും അമ്മ പറയുക എന്നെനിക്ക് അറിയാമായിരുന്നു. അതിനാൽ ഒട്ടും ഞെട്ടൽ ഉണ്ടായില്ല.
“അമ്മ എന്ത് തന്നെ പറഞ്ഞാലും ശരി, അവളെ അല്ലാതെ വേറെ ആരെയും ഞാൻ വിവാഹം കഴിക്കില്ല. അതിനിനി നിങ്ങൾ സമ്മതിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ ഇങ്ങനെ നിന്നോളാം. അല്ലാതെ ആരെയും ധിക്കരിച്ച് ഇറങ്ങി പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അതിന്റെ തിക്തഫലങ്ങൾ അനുഭവിച്ചവർ ഇവിടെ തന്നെ ഉണ്ടല്ലോ… അല്ലെ അമ്മാവാ…”
അമ്മാവൻ ഒന്ന് ഞെട്ടിയത് പോലെ എന്നെ നോക്കി. ആ മുഖത്ത് നിറഞ്ഞ് നിന്നിരുന്ന ഗൗരവം പതിയെ ദയനീയമായി. ആ മുഖം വിളറുന്നത് എല്ലാവർക്കും കാണാമായിരുന്നു. ഇഷ്ടപ്പെട്ട പെണ്ണിന്റെ കൂടെ ഇറങ്ങിപ്പോയി ജീവിതം തുടങ്ങിയ ആളാണ് അമ്മാവൻ. ഒടുവിൽ ഭാര്യയെ ഉപേക്ഷിച്ച് മടങ്ങി വന്ന ശേഷമാണ് തറവാട്ടിൽ കാരണവരായി ജീവിതം തുടങ്ങിയത്. അമ്മാവനോടുള്ള സ്നേഹം മൂലം, അദ്ദേഹത്തെ വിഷമിപ്പിക്കണ്ട എന്ന് കരുതി ആരും ഇന്ന് വരെ പഴയ കാര്യങ്ങളൊന്നും ചികയാൻ പോയില്ല. അതിന് ശേഷമാണ് ഈ തറവാട്ടിൽ പ്രണയിക്കുന്നതിനോട് ഇത്രയും എതിർപ്പ് ഉണ്ടായത്.
അദ്ദേഹം പിന്നെയും ഒന്നും പറഞ്ഞില്ല. ആ മൗനത്തിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു. ആ മനസ്സ് ഭൂതകാലത്തിൽ ഉഴറുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായി.
“കിച്ചൂ….”
അമ്മയാണ്. അമ്മാവനോട് അങ്ങനെ ഒക്കെ സംസാരിച്ചതിലുള്ള പ്രതിഷേധം മുഴുവൻ ആ വിളിയിൽ ഉണ്ടായിരുന്നു. അത് മനസ്സിലാക്കി ഞാൻ അമ്മയെ രൂക്ഷമായി നോക്കി.
“ഇതൊന്നും ഈ തറവാട്ടിൽ നടക്കില്ല. നിന്റെ മനസ്സിൽ ആ പെങ്കൊച്ചാണെന്ന് എനിക്ക് നേരത്തെ മനസ്സിലായി. നീ വിളിച്ച് വരുത്തിയതാണ് ആ കുട്ടിയെ അല്ലെ… വെറുതെയല്ല അവൾ എവിടെയും പോകാതെ ഇവിടെ തന്നെ അടയിരുന്നത്. നിന്റെ ആശ നടക്കാൻ പോകുന്നില്ല. എവിടെ നിന്നോ വന്ന അനാഥപെണ്ണിനെ നിന്റെ പെണ്ണായി വാഴിക്കാൻ ഞാൻ സമ്മതിക്കില്ല. അതിന്റെ തന്തയും തള്ളയും എങ്ങനെ ഉള്ളവരാണെന്ന് ആർക്കറിയാം.”
“അമ്മെ…”
എന്റെ വിളിയിൽ അമ്മയുടെ വാക്കുകളോടുള്ള സകല ദേഷ്യവും ഉണ്ടായിരുന്നു.
“അവളെപ്പറ്റി അനാവശ്യം പറയരുത്. അമ്മക്ക് അവളെ ശരിക്കും അറിയില്ല. അമ്മ പറഞ്ഞത് ശരിയാ… മീര തന്നെയാണ് എന്റെ മനസ്സിൽ. അവളെ മാത്രമേ ഞാൻ വിവാഹം കഴിക്കുന്നുള്ളൂ. പിന്നെ അവൾ അനാഥ പെണ്ണൊന്നും അല്ല. അവളുടെ അമ്മ മാത്രമേ ജീവനോടെ ഇല്ലാത്തതുള്ളു. അച്ഛൻ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്. അവളുടെ മാതാപിതാക്കൾ മോശം ആളുകളാണെന്ന് ഞാൻ കരുതുന്നില്ല. കാരണം, എന്റെ വല്യമ്മാവൻ നല്ലവനാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.”
ഞെട്ടലോടെ അദ്ദേഹം മുഖമുയർത്തി എന്നെ നോക്കി. ഉൾക്കൊള്ളാനാവാത്ത സത്യം കേട്ടതിന്റെ അമ്പരപ്പ് എല്ലാ മുഖങ്ങളിലും ഉണ്ടായിരുന്നു. അമ്മാവന്റെ മനസ്സിൽ അപ്പോൾ നടക്കുന്ന സംഘർഷങ്ങൾ എന്തൊക്കെയാണെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞില്ല. ഞാൻ ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
“നീ പറഞ്ഞത് സത്യമാണോ കിച്ചൂ…?”
ചെറിയമ്മാവന്റെ ചോദ്യം കേട്ട് ഞാൻ അദ്ദേഹത്തെ നോക്കി.
“സത്യം. അവൾ വല്യമ്മാവന്റെ മകൾ ആണ്. അമ്മാവൻ അവളെയും അമ്മയെയും ഉപേക്ഷിച്ച് പോന്നതാണ്. അതിന് ശേഷം ഒരു ആക്‌സിഡന്റിൽ അവളുടെ അമ്മ മരിച്ചു. പിന്നേയുള്ള ജീവിതം അനാഥാലയത്തിൽ ആയിരുന്നു.
മുതിർന്നപ്പോൾ മുതൽ അവൾ അച്ഛനെ അന്വേഷിക്കുകയാണ്. അച്ഛന്റെ പേരല്ലാതെ മറ്റൊന്നും അവൾക്കറിയില്ല. അതുകൊണ്ട് തന്നെ കണ്ടു പിടിക്കാൻ വല്ലാതെ പ്രയാസപ്പെട്ടു. ഈയടുത്താണ് അവൾ കണ്ടെത്തിയത്. അവളുടെ അച്ഛൻ എന്റെ അമ്മാവനാണെന്ന അറിവാണ് എന്നെ അന്വേഷിച്ച് വരാൻ അവളെ പ്രേരിപ്പിച്ചത്.
ഞാനും മീരയും ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്. അന്നും എനിക്കവളെ ഇഷ്ടമായിരുന്നു. പക്ഷെ അവൾ ഒഴിഞ്ഞ് മാറുകയായിരുന്നു. ആ വിഷമമാണ് ഞാൻ ബാംഗ്ലൂർ വിടാൻ തന്നെ കാരണം. മീര എന്നെ തേടി വന്നപ്പോൾ എനിക്ക് സന്തോഷം തോന്നി. പക്ഷെ അവൾ തേടി വന്നത് എന്നെയല്ല, അവളുടെ അച്ഛനെയാണ്.”
എല്ലാവരും ഞെട്ടിനിൽക്കുകയാണ്. കേട്ട സത്യം അത്രപെട്ടെന്നൊന്നും ആരും ഉൾക്കൊള്ളില്ല എന്നെനിക്ക് അറിയാമായിരുന്നു. ഒരു ആശങ്ക ആ ഹൃദയങ്ങളിൽ പടരുന്നത് ഞാനറിഞ്ഞു.
അമ്മാവൻ ഒരക്ഷരം പോലും മിണ്ടിയില്ല. മുഖം കുനിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ മടിയിലേക്ക് കണ്ണുനീർ തുള്ളികൾ വീഴുന്നത് ഞാനറിഞ്ഞു. അത് ആ ഹൃദയത്തിൽ നിന്നുമാണ് വരുന്നതെന്ന് എനിക്ക് തോന്നി. അത്രയും ദിവസം എനിക്ക് അദ്ദേഹത്തിനോട് തോന്നിയ വെറുപ്പും ദേഷ്യവും ആ നിമിഷം അലിഞ്ഞ് ഇല്ലാതായി.
ഇനിയൊന്നും പറയാനില്ലെന്ന് തോന്നിയതുകൊണ്ട് ഞാൻ തിരിഞ്ഞ് നടക്കാൻ ഭാവിച്ചു. അപ്പോഴാണ് അവിടെ നടന്ന കോലാഹലങ്ങൾ ഒന്നും അറിയാതെ മീര അകത്തളത്തിലേക്ക് കടന്ന് വന്നത്. പെട്ടെന്ന് എല്ലാവരും ഒന്ന് ഞെട്ടി. പിന്നീട് സകല മുഖങ്ങളും അവൾക്ക് നേരെ ആയി.
മീര ഓരോരുത്തരേയും മാറി മാറി നോക്കി. പിന്നെ എന്നെയും. അവിടെ നടന്ന സംഭവങ്ങൾ അവൾ ഊഹിച്ചിട്ടുണ്ടായിരുന്നു. എനിക്ക് നേരെ വന്ന നോട്ടം ദയനീയമായി. ഞാൻ മുഖം കുനിച്ചു. അവൾ നിറഞ്ഞ് വന്ന കണ്ണുനീർ മറച്ചു പിടിച്ചുകൊണ്ട് തിരിഞ്ഞ് നടന്നു.
ആ സംഭവത്തിന് ശേഷം തറവാട് വല്ലാത്ത മൗനത്തിലായിരുന്നു. ആരും പരസ്പരം സംസാരിക്കുന്നത് പോലും മിതപ്പെടുത്തി. അമ്മാവനോ മീരയോ പരസ്പരം മിണ്ടിയില്ല. അവരുടെ മുറികളിൽ നിന്നും വെളിയിലേക്ക് പോലും വന്നില്ല. വല്ലാത്തൊരു അവസ്ഥ ആ വീടിന്റെ അന്തരീക്ഷം മോശമാക്കിക്കൊണ്ടിരുന്നു.
മീര തിരിച്ച് പോകാനുള്ള ഉറച്ച തീരുമാനം എടുത്തുകഴിഞ്ഞിരുന്നു. എന്റെ വാക്കുകൾ കേൾക്കാൻ അവൾ തയ്യാറായില്ല. അവളെ നഷ്ടപ്പെടുന്നതോർത്ത് എനിക്ക് നിരാശയായി. അതുപോലെ തന്നെ ഒരു നിരാശ അവളിലും ഉണ്ടായിരുന്നു. പക്ഷെ അത് എന്നെ നഷ്ടപ്പെടുത്തുന്നതിന്റെ ആയിരുന്നില്ല. മകളാണ് എന്നറിയുമ്പോൾ അമ്മാവൻ അവളെ ഉപേക്ഷിക്കില്ലെന്ന് ഒരു പ്രതീക്ഷ അവളിൽ ബാക്കിയുണ്ടായിരുന്നു. അതിനെ തെറ്റിച്ചുകൊണ്ട് അദ്ദേഹം അവൾക്ക് മുഖം കൊടുക്കുക പോലും ഉണ്ടായില്ല.
പോകാനുള്ള ബാഗുകൾ എല്ലാം തയ്യാറാക്കി അവൾ ഉമ്മറത്തേക്ക് എത്തി. പിന്നെ എന്തോ ഓർത്തത് പോലെ ബാഗുകൾ അവിടെ വച്ച് അകത്തേക്ക് നടന്നു. അമ്മാവന്റെ മുറിയിലേക്കായിരുന്നു അവൾ പോയത്.
വാതിലിൽ മെല്ലെ തട്ടിക്കൊണ്ട് അവൾ മുറിക്കകത്തേക്ക് കയറി. കിടക്കുകയായിരുന്ന അദ്ദേഹം അവളെക്കണ്ട് ഞെട്ടി. പിന്നെ മെല്ലെ എഴുന്നേറ്റ് മുഖം താഴ്ത്തി ഇരുന്നു. ആ കണ്ണുകൾ അപ്പോഴും ഈറനോടെയായിരുന്നു. ഒരു കുറ്റവാളിയെപ്പോലെ ഉള്ള ആ ഇരുപ്പ് എനിക്ക് വല്ലാത്ത വിഷമം ഉണ്ടാക്കി.
“ഞാൻ പോവാണ്…”
അദ്ദേഹം ഒരു ഞെട്ടലോടെ മുഖമുയർത്തി നോക്കി.
“ഒന്ന് കാണാൻ ആണ് വന്നത്. എല്ലാവരോടും സത്യം പറയണം എന്ന് കരുതിത്തന്നെയാണ് വന്നത്. പക്ഷെ, ഇവിടെ വന്നപ്പോൾ ഞാനായിട്ട് ഈ വീടിന്റെ സന്തോഷം കളയേണ്ട എന്ന് തോന്നി. മിണ്ടാതെ മടങ്ങിപ്പോകാൻ തുടങ്ങിയതാണ്. കിഷോറിനോട് ഒന്നും പറയാതിരിക്കാൻ കഴിഞ്ഞില്ല. ക്ഷമിക്കണം.
എല്ലാവർക്കും ബുദ്ധിമുട്ടായി എന്നെനിക്കറിയാം. ഞാൻ പോകുന്നതോടെ എല്ലാം പഴയ പടി ആകട്ടെ. ഇനിയൊരിക്കലും ഈ വഴി വന്ന് ശല്യപ്പെടുത്തില്ല. പോട്ടെ…”
അമ്മാവൻ ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. ഒരു മറുപടിക്ക് കാക്കാതെ അവൾ തിരിഞ്ഞ് നടന്നു. നിറഞ്ഞ് താഴെക്കൊഴുകുന്ന കണ്ണുനീർ മറച്ച് പിടിക്കാൻ അവൾ ശ്രമിച്ചില്ല.
ബാഗുകൾ എടുത്ത് അവൾ മുറ്റത്തേക്കിറങ്ങി. പടിപ്പുര എത്തുന്നതിന് മുൻപേ ഒരു പിൻവിളി അവളെ തേടിയെത്തി.
“ഉണ്ണിമോളെ…”
ഒരുപാട് വർഷങ്ങൾക്കപ്പുറത്ത് നിന്നും ആ വിളി കേട്ടത് പോലെ അവൾ നിന്നു. പക്ഷെ തിരിഞ്ഞ് നോക്കിയില്ല.
അമ്മാവൻ മെല്ലെ നടന്ന് അവൾക്കരികിൽ എത്തി. അപ്പോഴേക്കും ആ നാല് കണ്ണുകളും പെയ്തുതുടങ്ങിയിരുന്നു. പിന്നീടത് ഒരു പേമാരിപോലെ തിമിർത്ത് പെയ്യാൻ തുടങ്ങി. അദ്ദേഹം നീട്ടിയ കൈകൾക്കുള്ളിലേക്ക് ഒരു കൊടുങ്കാറ്റ് പോലെ അവൾ പായുകയായിരുന്നു. ആ കാഴ്ച കണ്ടുനിന്ന എല്ലാ കണ്ണുകളിലും സന്തോഷത്തിന്റെ മഴത്തുള്ളികൾ പെയ്തിറങ്ങി.
(അവസാനിച്ചു)
-ശാമിനി ഗിരീഷ്-