ശവക്കല്ലറയിലെ കൊലയാളി 2
Shavakkallarayile Kolayaali Part 2 bY വിശ്വനാഥൻ ഷൊർണ്ണൂർ
“അച്ചോ …. അച്ചോ ….
ഒന്ന് പുറത്തേക്ക് വാന്നേ അച്ചോ….”
കുഞ്ഞവറ ഫാദർ റോസാരിയയുടെ മുറിക്കു മുന്നില്‍ നിന്ന് നിലവിളിച്ചു . കുഞ്ഞവറയുടെ നിലവിളി കേട്ട ഫാദർ റോസാരിയോ മുറിയില്‍ നിന്നും പുറത്തേക്ക് വന്നുചോദിച്ചു,
“എന്നതാ കപ്യാരെ കാലത്ത്തന്നെ കിടന്ന് കൂവുന്നേ , എന്നതാ ഒരു ഏനക്കേടുണ്ടല്ലോ ? “
“അച്ചോ, ദേ അവിടെ… സെമിത്തേരിയില്‍ കല്ലറയ്ക്ക്മുകളില്… “
“കല്ലറയ്ക്ക്മുകളില് എന്നതാ…?”
“വരൂ പോയിനോക്കട്ടെ “
ഫാദർ റൊസാരിയോ മുന്നിലും പേടിച്ചരണ്ട് കുഞ്ഞവറ പിറകിലുമായി സെമിത്തേരിയിലേക്ക് നടന്നു .
രണ്ട്സ്റ്റെപ്പുകൾ ഇറങ്ങിയപ്പോഴേ ഫാദർ റൊസാരിയോ കണ്ടു, പഴക്കം ചെന്ന ആ കല്ലറയ്ക്കുമുകളിൽ എന്തൊ ഒരു വസ്തു കിടക്കുന്നത് . മൂടൽമഞ്ഞ്കാരണം ഫാദറിനു വ്യക്തമായി അതെന്താണെന്ന് മനസ്സിലായില്ല .
കല്ലറയ്ക്കടുത്തെത്തിയ ഫാദർ റൊസാരിയോ ആ കാഴ്ച്ച കണ്ട് ജീസസ് എന്ന് വിളിച്ച് ഞെട്ടിപിറകോട്ട്മാറി…
അവിടെ ആ കല്ലറയ്ക്ക് മുകളില്‍ ഏകദേശം നാല്പതിനോടടുത്ത് പ്രായമുള്ള കുലീനയായ ഒരുയുവതി കണ്ണുകള്‍ തുറിച്ച് നാക്ക് കടിച്ചു മുറിച്ചനിലയില്‍ പകുതി കല്ലറയ്ക്ക് മുകളിലും ബാക്കിഭാഗം നിലത്തുമായി മരിച്ചു കിടക്കുന്നു .
തലച്ചോറിലേക്ക് പോകുന്ന ഞെരമ്പുകളിൽ ഒന്ന് ഏതോ മൃഗം തന്റെ കൂർത്തഉളിപ്പല്ലുകൾ കൊണ്ട് കടിച്ചുമുറിച്ചപോലെ കാണപ്പെട്ടു.
മുറിവില്‍നിന്നും ഒലിച്ചിറങ്ങിയ രക്തം ശവക്കല്ലറയ്ക്ക് മുകളിൽ ഒഴുകിപ്പടർന്നിട്ടുണ്ട് . അപ്പോഴും മുറിവായിൽ നിന്ന് രക്തം കിനിയുന്നുണ്ടോ എന്ന് പോലും ഫാദർ റോസാരിയോ സംശയിച്ചു.
രക്തത്തിന്റെ മണംപിടിച്ച് ശവംതീനി ഉറുമ്പുകൾ നിരയായി ആ മൃതദേഹത്തിന്നടുത്തേക്ക് ഒഴുകിഎത്തുന്നുണ്ട് .
ഫാദർ റൊസാരിയോ കുഞ്ഞവറയോട് കൂട്ടമണിയടിക്കാൻ പറഞ്ഞ് വേഗത്തില്‍ പടിക്കെട്ടുകൾ കയറി തന്റെ മുറിയിലേക്ക് പോയി. ഫോണ്‍ എടുത്തു ആർക്കോ വിളിച്ചു .
വിറയ്ക്കുന്നകൈകളോടെ കുഞ്ഞവറ വലിയ കയറിൽ പിടിച്ച് മണിയടിക്കാൻ തുടങ്ങി.
അസമയത്തെ മണിമുഴക്കം കേട്ട് താഴെ തേയിലത്തോട്ടത്തിൽ പണി എടുത്തിരുന്നവർ പള്ളിയിലേക്ക് ഓടിയെത്തി.
അല്പസമയത്തിനകം കുന്ന്കയറി അതിവേഗത്തില്‍ വന്ന പോലീസ് ജീപ്പ് പള്ളിക്കുമുന്നിൽ നിന്നു .
പോലീസ് ജീപ്പിൽ നിന്നും സബ് ഇൻസ്പെക്ടർ ജോണ്‍ സെക്കറിയ പുറത്തേക്കിറങ്ങി മൃതദേഹത്തിനടുത്ത് കൂട്ടം കൂടി നിൽക്കുന്ന തൊഴിലാളികളെ മാറ്റാന്‍ കൂടെവന്ന പോലീസുകാർക്ക് നിർദ്ദേശം നൽകി തലയില്‍ വെച്ച തൊപ്പി ഊരി കയ്യില്‍ പിടിച്ച് പതിയേ അങ്ങോട്ട് നടന്നു ചെന്നു .
മൃതശരീരത്തിലേക്ക് ഒന്ന് നോക്കിയതും “മൈ ഗോഡ് ” എന്ന് വിളിച്ചു തിരിച്ചു നടന്നു . പാർക്ക് ചെയ്ത പോലീസ് ജീപ്പിനടുത്തേക്ക് ചെന്ന് കൂടെവന്ന ഒരു പോലീസുകാരനോട് എന്തോപറഞ്ഞു .
പോലീസുകാരനേയും കൊണ്ട് ആ ജീപ്പ് തിരിച്ചു പോയി .ശേഷം ജോണ്‍ സെക്കറിയ ഫാദർ റോസാ രിയോയുടെ അടുത്തേക്ക് ചെന്നു .
“ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ “
“ഇപ്പോഴുമെപ്പോഴും സ്തുതിയായിരിക്കട്ടെ”
“ഫാദർ ആരാണ് ആദ്യം കണ്ടത്?…”
“കപ്യാരാണ് ആദ്യം കണ്ടത് “
“എന്നിട്ട് അയാള്‍ എവിടെ ഫാദർ?..”
“അയാൾ ആകെ ഭയന്നിരിക്കുകയാണ് , വിളിക്കാം. “
കുഞ്ഞവറ പേടിച്ച് വിറച്ചാണ് അങ്ങോട്ട് വന്നത് .
“നിങ്ങളാണോ ആദ്യം കണ്ടത് ?
അതേ എന്നയാള്‍ തലയാട്ടി . പിന്നെയും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. പേടികൊണ്ട് കുഞ്ഞവറയുടെ ശബ്ദം പോലും മാറിയിരുന്നു.
“ശരി പൊയ്ക്കോളൂ… വിളിക്കുമ്പോള്‍ വരണം.”
ശേഷം ഫാദർ റോസാരിയയോട് ചോദിച്ചു,
“ഫാദർ ഇന്നലെ രാത്രി എന്തെങ്കിലും ശബ്ദമോ നിലവിളിയോ കേട്ടിരുന്നോ..?”
ഫാദർ അല്പസമയം ചിന്തിച്ച് എന്തോ ഓർത്തപോലെ പറയാന്‍ തുടങ്ങി ..
ഈ സമയം മുന്നിലായി പോലീസ് ജീപ്പും പിറകിലായി ഒരു തൂവെള്ള ലാൻസർ കാറും കുന്ന്കയറി വരുന്നുണ്ടായിരുന്നു..
(തുടരും …..)