സാമന്തപഞ്ചകം

സാമന്തപഞ്ചകം
Story Name : Samantha Panchakam Author: Ansari Nigz

ചുട്ടെടുത്ത കളിമൺ കട്ടകളിൽ വർണ്ണചിത്രങ്ങളാൽ പണിതീർത്ത പ്രജാപതിയുടെ വീടിന്റെ അകത്തളങ്ങളിലെ മൺചിരാതിൽ നിന്നും രാത്രിയുടെ മൂന്നാം യാമത്തിൽ വെളിച്ചം തെളിഞ്ഞിരിക്കുന്നു….
ദുഃസ്വപ്നം കണ്ട്‌ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നിരിക്കുന്നു വൈശമ്പായനൻ…
മൺകൂജയിലെ തണുത്ത വെള്ളം ആർത്തിയോടെ കുടിക്കുമ്പോഴും ഭാര്യ സുമാദേവിയുടെ ആധിയോടുള്ള ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ വൈശമ്പായനൻ ജനല്പാളിയിൽ കൂടി പുറത്തേക്ക് നോക്കി..
“രാത്രിയുടെ മുന്നാം യാമം കഴിഞ്ഞിരിക്കുന്നു. പുലർകാലത്ത് താൻ കണ്ട ദുഃസ്വപ്നം യാഥാർഥ്യം ആകുമോ?”…
“എന്റെ നാടും എന്റെ പ്രജകളെയും കാത്തുകൊള്ളുക അഷ്ടദിക്കുകൾ
കാക്കും ചാമുണ്ഡി അമ്മേ”…………….
………………………..
ഗോത്ര സംസ്കാരത്തിൽ നിന്നും മനുഷ്യവംശത്തിന്റെ പ്രയാണം ജനപഥങ്ങളിലേക്കും മഹാജനപഥങ്ങളിലേക്കും അവിടെ നിന്നും അധികാരത്തിന്റെ അളവുകോലിന്റെ അവസാന ബിംബമായ സാമ്രാജ്യങ്ങളുടെ ഉദയത്തിലേക്ക് പ്രവേശിക്കുന്ന കാലഘട്ടം..
മഗധ സാമ്രാജ്യത്തിന്റെ വടക്ക്
ചന്ദ്രമുഖി നദിയുടെ തീരത്ത് മായാസുരമലയുടെ അടിവാരത്ത് പരാശരന്റെ പുത്രൻ വൈശമ്പായനൻ പ്രജാപതിയായ പുതിയ ജനപഥമായി ഉയർന്നു വരികയാണ്‌ സാമന്തപഞ്ചകം…
കൃഷിയും കാലിവളർത്തലുമായി ജീവിക്കുന്ന ഗ്രാമീണ ജനസമൂഹം………
…………………………………….
രാശിപ്പലകയിലെ ഗ്രഹസ്ഥാനങ്ങളിൽ മിഴികൾ വെട്ടാതെ ആലോചനയിൽ മുഴുകിയിരിക്കുകയാണ് മുഖ്യ പുരോഹിതനായ “പുരൂരവസ്‌”
ദിർഘ നേരത്തെ നിശബ്ദതയെ ബേധിച്ചു
പുരൂരവസിന്റെ ശബ്ദമുയർന്നു…..
“അങ്ങയുടെ ദുഃസ്വപ്നം ഒരു നിമിത്തമാണ് രാജൻ”
“സാമന്തപഞ്ചകത്തിന്റെ നാശത്തിന്റെ മുന്നറിയിപ്പാണ് ”
“കറുത്ത് കലങ്ങി രൗദ്രഭാവം പൂണ്ടുനിൽകുന്ന ചന്ദ്രമുഖി. വിരൂപികളായ മെലിഞ്ഞു നിൽക്കുന്ന ഗോക്കൾ,വട്ടമിട്ടു പറക്കുന്ന കഴുകന്മാർ. ചാപിള്ളകളായി പിറക്കുന്ന കുഞ്ഞുങ്ങൾ എല്ലാം വലിയ ദുരന്തത്തിന്റെ മുന്നൊരുക്കമാണ് പ്രജാപതി”…..
ദീർഘമായ നെടുവീർപ്പിന്റെ ഒടുവിൽ
പതറിയ ശബ്ദത്തിൽ
വൈശമ്പായനന്റെ കണ്ഠത്തിൽ നിന്നും…..
“പുരോഹിത ശ്രേഷ്ഠാ എന്താണ് ഇതിന് ഒരു പരിഹാരം”…..
ഒരു നിമിഷത്തെ മൗനത്തിന് ശേഷം പുരൂരവസ്‌ രാശിപ്പലകയിൽ നിന്നും തലയുയർത്തി സാമന്തപഞ്ചകത്തിലെ സഭാനേതൃത്തത്തിനോടായി പറഞ്ഞു
“അഷ്ടദിക്കുകൾ കാക്കും
സാമന്തപഞ്ചകത്തിന്റെ മാതാ ചാമുണ്ഡി ദേവിയെ
പ്രീതിപ്പെടുത്തുക…..

ദിവ്യബലിയും മൃഗബലിയും നൽകി സാമന്തപഞ്ചകത്തിന്റെ രക്ഷക്കായി വിശാഖം നക്ഷത്രത്തിൽ പിറന്ന പുരുഷപ്രജയുടെ രക്താഭിഷേകം
നടക്കണം അതാണ് ദേവിഹിതം”….
“നരബലി, നരബലി!” കേട്ടവർ പരസ്പരം ചോദിച്ചു…
“പുരോഹിത ശ്രേഷ്ഠാ നരബലി അല്ലാതെ മറ്റൊരു പരിഹാരവുമില്ല?”. വൈശമ്പായനന്റെ ചോദ്യത്തിന്……
“സാമന്തപഞ്ചകത്തിന്റെയും പ്രജകളുടെയും രക്ഷയാണോ അതോ ഒരുവന്റെ ജീവനാണോ പ്രാധാന്യം അത് അവിടന്നു തിരുമാനിക്കാം”….
പുരൂരവസ്‌ മറുപടി നൽകി……
അല്പനേരത്തെ മൗനത്തിന് ശേഷം വൈശമ്പായനൻ പീഠത്തിൽ നിന്നും എഴുന്നേറ്റു സഭയോടായി കല്പിച്ചു…
“സാമന്തപഞ്ചകത്തിന്റെ ഐശ്വര്യത്തിനും സമ്പത്സമൃദ്ധിക്കും പ്രജകളുടെ ദീർഘ ആയുസ്സിനും വേണ്ടി സാമന്തപഞ്ചകത്തിന്റെ നാഥനായ പരാശരന്റെ പുത്രൻ വൈശമ്പായനൻ കല്പിക്കുന്നു”.
ഇന്നേക്ക് ഒമ്പതാം നാൾ വസന്ത പഞ്ചമം ആ ശുഭദിനത്തിൽ ദിവ്യബലിയും ശേഷം മൃഗബലിയോട് കൂടെ ദേവിക്ക് രക്താഭിഷേകം കൊണ്ടുള്ള നരബലി”
“ഇതാണ് പ്രജാപതിയുടെ കൽപ്പന ഇത് തന്നെ
സാമന്തപഞ്ചകത്തിന്റെ നിയമം”….
“സാമന്തപഞ്ചകത്തിന്റെ രക്ഷാപാലകർ ഗ്രാമത്തിന്റെ നാലുദിക്കിലേക്കും യാത്രയാവുക…
വിശാഖം നക്ഷത്രജാതനെ കണ്ടെത്തുക”………
വൈശമ്പായനന്റെ ആജ്ഞ അനുസരിച്ച്
സാമന്തപഞ്ചകത്തിന്റെ
രക്ഷാപാലകർ നാടിന്റെ നാലുഭാഗത്തേക്കും യാത്രയായി………………
………………………………..
സൂര്യരശ്മികളുടെ തിളക്കത്തിൽ വിളഞ്ഞു നിൽക്കുന്ന റാഗി പാടങ്ങളുടെ അക്കരെ കൃഷിയും കാലിവളർത്തലും കളിമൺ പാത്ര നിർമാണവുമായി ജീവിക്കുന്ന ഗ്രാമവാസികളുടെ വീടിന് മുന്നിലൂടെ
രക്ഷാപാലകർ നീങ്ങുകയാണ്..
അവരുടെ പിറകിൽ ആട്ടിൻപറ്റങ്ങളെ പോലെ ഗ്രാമവാസികളും…. അവരുടെ ലക്ഷ്യസ്ഥാനം
സൂക്താങ്കാരിന്റെ കളിമൺവീടായിരുന്നു…..
സൂക്താങ്കാർ കല്ലിൽ കവിത രചിക്കുന്ന സാമന്തപഞ്ചകത്തിന്റെ മഹാശില്പി…
ഗ്രാമവാസികൾ ഒന്നടക്കം തന്റെ വീടിന്റെ മുന്നിൽ വന്നു നിൽക്കുന്നത് കണ്ട്‌
സൂക്താങ്കാർ അമ്പരപ്പോടെ ചോദിച്ചു…
“എന്താ എല്ലാവരും കൂടി പുതിയ പ്രതിഷ്ഠയും മറ്റും?”….
ഗ്രാമവാസികൾ ഒരേസ്വാരത്തിൽ വിളിച്ചു പറഞ്ഞു…..
” സൂക്താങ്കാർ നിങ്ങളും നിങ്ങളുടെ കുടുംബവും പുണ്യം ചെയ്യ്തവരാണ്
ദേവി നിങ്ങളിൽ പ്രസാദിച്ചിരിക്കുന്നു”…
ഒന്നും മനസിലാകാതെ സൂക്താങ്കാർ ഗ്രാമവാസികളെയും
സാമന്തപഞ്ചക

രക്ഷാപാലകരെയും നോക്കി……..
“ദേവിയുടെ ദാസനായി ദേവി പ്രസാദിച്ചിരിക്കുന്നത് സൂക്താങ്കാരിന്റെ മകൻ ശതാനീകനിലാണ് “…
“സാമന്തപഞ്ചകത്തിന്റെ പ്രജാപതി വൈശമ്പായനന്റെ ശാസനം………
ഇന്നേക്ക് ഒമ്പതാം നാൾ വസന്ത പഞ്ചമം അന്നേക്ക്
സൂക്താങ്കാരിന്റെ മകൻ
ശതാനീകനെ ദേവിക്കായി സമർപ്പിക്കുക”…..
രക്ഷാപാലകന്റെ വാക്കുകൾ കേട്ടതും സൂക്താങ്കാരിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ വെള്ളിയിടി വെട്ടിയതും ഒരുമിച്ചായിരുന്നു…
തന്റെ മകൻ ശതാനീകനെ
സാമന്തപഞ്ചകത്തിന്റെ രക്ഷയ്ക്കായി കുരുതി കൊടുക്കണമെന്നോ?…
മറുത്തൊന്ന് പറയും മുൻപ് വൈശമ്പായനൻ കൊടുത്തയച്ച ഉപഹാരങ്ങളും സമ്മാനങ്ങളും സൂക്താങ്കാരിന്റെ കൈയിൽ നൽകി രക്ഷാപാലകർ നടന്നകന്നു….
തന്റെ മുന്നിലൂടെ ആർത്തു വിളിച്ചു പോകുന്ന ഗ്രാമവാസികളെയും രക്ഷാപാലകനെയും നോക്കി നിസ്സഹാനായി നിൽക്കാൻ മാത്രമേ സൂക്താങ്കാരിന് കഴിഞ്ഞുള്ളൂ….
തന്റെ അരുമ കണ്മണി
തനിക്ക് ശേഷം തന്റെ പേരും പ്രശസ്തിയും ഉയർത്തേണ്ടവൻ. തന്നേക്കാൾ മിടുക്കൻ കല്ലിൽ ജീവൻ തുടിക്കുന്ന ശില്പങ്ങൾ സൃഷ്ടിക്കുന്നവൻ..
അവന്റെ ജീവന്റെ വിലയാണ്
പ്രജാപതി വെച്ചു നീട്ടിയിരിക്കുന്ന ഈ സമ്മാനങ്ങൾ……
എങ്ങനെ താൻ സഹിക്കും ഇരുപതാം വയസ്സിൽ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ അവനെ…….
ആലോചിക്കാൻ പോലും കഴിയുന്നില്ല…
തളർന്ന ശരിരവും അതിനെക്കാൾ തളർന്ന മനസ്സുമായി തന്റെ കളിമൺ വീടിന്റെ ചാണകം കൊണ്ട് മെഴുകിയ ഉമ്മറപ്പടിയിൽ അവശനായി ഇരികുമ്പോൾ വീടിന്റെ അകത്തളത്തു നിന്നും അടക്കിപ്പിടിച്ച തേങ്ങൽ സൂക്താങ്കാരിന്റെ ചെവികളിൽ വന്നു പതിച്ചു…………………
………………………….
തനിക്കും ബലധാരക്കും പിറക്കാതെ പോയവൾ
തന്റെ മകൻ ശതാനീകന്റെ പ്രിയതമാ…യോഗിത……
സാമന്തപഞ്ചകത്തിൽ യോഗിതയെ പോലെ സുന്ദരിയായ മറ്റൊരു സ്ത്രീരത്നം വേറെയില്ല…
സുബല ദേശത്തു നിന്നും ആഘോഷപൂർവ്വമായി വിവാഹം കഴിഞ്ഞു. ശതാനീകന്റെ കൈപിടിച്ച് അധികം നാളുകളിയിട്ടില്ല…
ജീവിതത്തിന്റെ അർത്ഥങ്ങളും രസങ്ങളും അറിഞ്ഞു വരുന്ന സമയത്ത് വിധിയും വിശ്വാസവും നാടും പ്രജാപതിയും എല്ലാം തന്റെ പ്രിയതമന്റെ ബലി ശരീരത്തിനായി കഴുകന്മാരെ പോലെ വട്ടം ചുറ്റി കാത്തിരിക്കുന്നു…
എതിർക്കാനോ അനുസരിക്കാതിരിക്കാനോ കഴിയാത്ത വൈശമ്പായനന്റെ കല്പനയും ശാസനയുമാണ്….
…………………………
ശതാനീകന്റെ മാറിൽ മുഖമമർത്തി കിടക്കുമ്പോൾ ആ മിഴികൾ തോരാമഴ പോലെ പെയ്യുകയായിരുന്നു….
നാടിന് വേണ്ടി തന്റെ പാതിജീവനെയാണ് ബലി നൽകേണ്ടത്…
താങ്കൾ ഒരുമിച്ചു കണ്ടിരുന്നു സ്വപ്നങ്ങൾ ജീവിതാഭിലാഷങ്ങൾ എല്ലാം ചന്ദ്രമുഖിയുടെ തീരത്ത് പണിത മണൽ കൊട്ടാരം പോലെ തകർന്നു വീണിരിക്കുന്നു…

“എന്റെ തന്നെ ജീവനെയാണ് ദേവിക്ക് നൽകുന്നത് നാഥാ ഈ അവസാന യാമവും കഴിഞ്ഞാൽ എന്നെ തനിച്ചാക്കി നീ യാത്രയാക്കുകയാണ്”…
“നാളത്തെ സൂര്യോദയം കഴിഞ്ഞാൽ നിന്നിൽ എനിക്കുള്ള അവസാന അവകാശവും നഷ്ടപ്പെടുകയാണ്…. നാടിനും പ്രജകൾക്കും വേണ്ടി ജീവത്യാഗം ചെയ്യ്ത വീരനായകന്റെ വീരചരിതം സാമന്തപഞ്ചകത്തിലെ വരും തലമുറയിലെ ഓരോ പിഞ്ചു പൈതലും പാടി പുകഴ്ത്തും….അത് കേട്ട്
സാമന്തപഞ്ചകത്തിലെ ഓരോ മണൽത്തരിയും കോരിത്തരിക്കും..
പക്ഷേ എന്റെ ജീവന്റെ തുടിപ്പും ചൈതന്യവുമാണ് കരളുപറിക്കുന്ന വേദനയോടെ എന്നിൽ നിന്നും പറിച്ചെടുക്കുന്നതെന്ന സത്യം ഈ ലോകമറഞ്ഞിട്ടും അറിഞ്ഞില്ല എന്ന് ധരിക്കുകയാണ് നാഥാ”…
യോഗിതയുടെ കണ്ണീരിനാൽ കുതിർന്ന വാക്കുകൾക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ ശതാനീകന്റെ നെഞ്ച് തകർന്നു പോയി…
“നീ എനിക്ക് നൽകിയ കളങ്കമില്ലാത്ത സ്നേഹത്തിന് പകരമായി എന്റെ ജീവൻ പോലും നൽകാൻ അവകാശമില്ലാത്ത അടിമയായി മാറിയിരിക്കുന്നു ഞാൻ.. എങ്കിലും പ്രിയേ എന്താണ് അവസാനമായി ഞാൻ നിനക്കായി നൽകേണ്ടത്?”…..
തേങ്ങി കരയുന്ന ഇടറിയ ശബ്ദത്തിൽ യോഗിത ശതാനീകന്റെ ചെവിയിൽ മന്ത്രിച്ചു…
“നിന്റെ പാതി എന്റെ ഉദരത്തിൽ നിക്ഷേപിക്കുക..ഈ ജന്മം മുഴുവൻ ഓർത്തിരിക്കാൻ എനിക്ക്
മറ്റൊന്നും വേണ്ട”……………
രാത്രിയുടെ യാമങ്ങൾ പോയതറിയാതെ പ്രകൃതിയുടെ ലിഖിത നിയമങ്ങളിൽ ഇനിയൊരു കുടിച്ചേരലുകൾ ഉണ്ടാകില്ല എന്ന ഉത്തമ ബോധ്യത്തോടെ അവസാന യാമത്തിന്റെ മടിത്തട്ടിലേക്ക് ഒരു മെയ്യോടെ അവർ ആഴ്ന്നിറങ്ങി…
അതെ യാമത്തിൽ
ചന്ദ്രമുഖിയുടെ അടിത്തട്ടിൽ ചില അപശബ്ദങ്ങളും ഭാവമാറ്റവും പ്രകടമായിരിക്കുന്നു…
ഏതോ ദുരന്തത്തിന്റെ മുന്നൊരുക്കം പോലെ കുറുനരികളുടെയും കാട്ടുനായകളുടെയും നിർത്താതെയുള്ള ഓരിയിടൽ മായാസുരന്റെ മാറിൽ തട്ടി പ്രേതിധ്വനിച്ചു കൊണ്ടിരുന്നു ………
…………………………….
ഹോമകുണ്ഡത്തിൽ നിന്നും ഉയരുന്ന അഗ്‌നിയിലേക്ക് നെയ്യും മലരും നിവേദ്യവും അർപ്പിച്ചു പുരൂരവസ്‌ ഉച്ചത്തിൽ മന്ത്രങ്ങൾ ഉരുവിടുകയാണ്………
നെറ്റിയിൽ കുങ്കുമം ചാർത്തി നിരനിരയായി നിർത്തിയിരിക്കുന്ന നൂറ്റിയൊന്ന് കാളക്കുട്ടന്മാർ…..
അന്തരീക്ഷത്തിൽ ഉയർന്നു കേൾക്കുന്ന മന്ത്രധ്വനികൾക്ക് കൊഴുപ്പുകൂടാൻ ശിവതാളലയമായ ഡമരുവും കൂടെ വലംപിരി ശംഖിന്റെ ഭേരിമുഴക്കവും. ബലിപീഠത്തിന്റെ അരികിൽ സൂര്യന്റെ പൊൻകിരണങ്ങൾ ഏറ്റു വെട്ടിത്തിളങ്ങുന്ന ഇരുതല മൂർച്ചയുള്ള കൊടുവാൾ….
ദേവിപ്രസാദത്തിനായി ദിവ്യബലി കഴിഞ്ഞിരിക്കുന്നു ഇനി മൃഗബലി……

മൃഗബലിക്ക് ശേഷം ഒരു നാഴിക കഴിഞ്ഞാൽ ശുഭ മുഹൂർത്തത്തിൽ ദേവീപ്രീതിക്കായുള്ള രക്താഭിഷേകം……………………………………………………..
കുളികഴിഞ്ഞു ചുവന്ന കോടിയെടുത്ത് നെറ്റിയിൽ ചുവന്ന ചാന്തും ചാർത്തി ശരീരം നിറയെ വെളുത്ത ഭസ്മം പൂശി ശതാനീകൻ അവസാന അന്നവും കഴിക്കാൻ ദർഭപ്പുൽ പായയിൽ ഇരുന്നു…
തന്റെ അരുമ മകന് ഏറ്റവും ഇഷ്ടപ്പെട്ട
മുൻഗാബീനും റാഗി റൊട്ടിയും പാകം ചെയ്യ്ത ശേഷം ബലധാര നിറഞ്ഞു തുളുമ്പുന്ന കണ്ണുകളാൽ ഹൃദയം പൊട്ടുന്ന വേദനയോടെ ശതാനീകന്റെ വായിൽ ഒരു പിടി അവസാന അന്നം നൽകുമ്പോൾ, താൻ കല്ലിൽ കൊത്തിയെടുത്ത മുഴുവൻ ദൈവങ്ങളെയും മനസ്സാ ശപിച്ചു. നിസ്സഹായനായി നോക്കി നിൽക്കാനേ സൂക്താങ്കാരിന് കഴിഞ്ഞുള്ളൂ…
നീലാകാശം പോലെ തെളിഞ്ഞ് നിന്നിരുന്ന യോഗിതയുടെ സുന്ദരമായ മുഖം കാർമേഘം മൂടിയ മാനം പോലെ ഒന്ന് പെയ്തൊഴിയാൻ വെമ്പി നിൽക്കുകയാണ്…..
വാടി തളർന്ന താമരത്തണ്ട് പോലെ ഇരിക്കുന്ന യോഗിതയുടെ നിറമിഴികളിൽ നിന്നും ഇറ്റിറ്റു വീഴുന്ന കണ്ണുനീർ തുള്ളികളിൽ നിന്നും മാത്രമാണ് അതൊരു ജീവനുള്ള ശിലയാണെന്ന് മനസിലാകുന്നത്….
കൊട്ടും കുരവയുമായി തന്റെ നാഥനെ ദേവി സന്നിധിയിലേക്ക് കൊണ്ട് പോകാൻ രക്ഷാപാലകരും ഗ്രാമവാസികളും എത്തിയിരിക്കുന്നു…….
അവസാന അന്ത്യചുംബനം നൽകാൻ യോഗിത ശതാനീകന്റെ അടുത്തേക്ക് ചെന്നു…….
ചുവന്ന കോടിയെടുത്തു നിൽക്കുന്ന തന്റെ കാന്തനെ കണ്ട നിമിഷം അണപൊട്ടിയ മലവെള്ള പ്രവാഹം പോലെ പൊട്ടികരഞ്ഞു പോയി യോഗിത……….
എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ സൂക്താങ്കാരും.
തകർന്ന മനസ്സും തളർന്ന ശരീരവുമായി ബലധാരയും…..
മരവും മനുഷ്യനുമല്ലാത്ത ഒരു ജീവച്ഛയം പോലെ എല്ലാം കണ്ട്‌ നിർവികാരാധിതനായി നിൽക്കാൻ മാത്രമേ ശതാനീകന് കഴിഞ്ഞുള്ളൂ…….
തന്റെ സ്വപ്നങ്ങളും മോഹങ്ങളും ഉപേക്ഷിച്ച്. തിരിച്ചു വരാത്ത ലോകത്തേക്ക് പുറപ്പെടുകയാണ്.
ജന്മം നൽകിയ മാതാപിതാക്കളെ തനിച്ചാക്കി……
തന്റെ പാതി ശരീരത്തെ വിധിയുടെ വിപീരിത നിമിത്തം മൂലം കൂരിരുട്ടിൽ ഒറ്റയ്ക്ക് നിർത്തി താൻ യാത്രയാകുകയാണ്……..
പിതാവിന്റെയും മാതാവിന്റെയും കാലുകളിൽ തൊട്ട് സ്രാഷ്ടാംഗം നമസ്കരിച്ച് തന്റെ പ്രിയതമക്ക്‌ അന്ത്യചുംബനം നൽകി ശതാനീകൻ നിറഞ്ഞ മിഴികളോടെ പിന്തിരിഞ്ഞു നോകാതെ രക്ഷാപാലകരുടെ കൂടെ ബലിയാഗ തറയിലേക്ക് യാത്രയായി…..
തന്റെ പ്രിയതമന്റെ മുഖം അവസാനമായി ഒരു നോക്ക് ദർശിക്കണമെന്ന യോഗിതയുടെ ആവശ്യത്തിന് മുന്നിൽ സൂക്താങ്കാരിന് മൗനാനുവാദം നൽകേണ്ടി വന്നു……………………………..
…………………………………….
ബലിയാഗത്തറയിലെ വാദ്യമേളഘോഷങ്ങൾ ചെവിയിലേക്ക് അടുക്കും തോറും യോഗിതയുടെ ഇടനെഞ്ചിന്റെ പിടപ്പും വേദനയും കൂടി വന്നു…