”ഇപ്പോള്‍ പനിയ്ക്ക് കുറവുണ്ട്… തന്‍റെ ശരീരമാകെ തണുത്തിട്ടുണ്ട്..” ശ്രീനന്ദനയുടെ നെറ്റിയിലും കൈകളിലും കൈവച്ച് നോക്കി ദേവനന്ദ് പറഞ്ഞു…
പെട്ടെന്നവള്‍ ദേവാനന്ദിനെ കെട്ടിപ്പുണര്‍ന്നു…
അവന്‍ അവളെ ചേര്‍ത്തണച്ചു അവളുടെ തലമുടിയിഴകളില്‍ തലോടി…
”എനിയ്ക്ക് ഒരു കുഞ്ഞിനെ വേണം…”
അവളുടെ മന്ത്രണം കേട്ട് അവന്‍ അന്ധാളിച്ചു…
”എന്താ.. എന്താടാ നീ പറഞ്ഞേ…” ദേവാനന്ദ് എടുത്ത് ചോദിച്ചു…
”എനിയ്ക്ക് ഒരു കുഞ്ഞിനെ വേണം… അതൊരു പെണ്‍കുഞ്ഞാണെങ്കില്‍ അവള്‍ക്ക് ഭദ്ര എന്ന പേരിടണം…”
അവള്‍ മന്ത്രിച്ചു…
ദേവാനന്ദ് അവളുടെ താടി മെല്ലെ ഉയര്‍ത്തി…
അപ്പോള്‍ അവളുടെ ചെംചുണ്ടുകള്‍ ദാഹാര്‍ത്തമായിരുന്നു…
മെല്ലെയവന്‍റെ അധരങ്ങള്‍ അവളുടെ ചെംചുണ്ടില്‍ അമര്‍ന്നു…
മഴത്തുളളികള്‍ നാണത്തോടെ ചിരിച്ച് കൊണ്ട് പരസ്പരം മൊഴിഞ്ഞു:
”ഭദ്ര… ഭദ്ര…. ഭദ്ര”
വാടിത്തളര്‍ന്ന് ദേവനന്ദന്‍റെ നഗ്നമായ മാര്‍വ്വിടത്തില്‍ കവിള്‍ ചേര്‍ത്തു ഒരിക്കല്‍ കൂടി അവള്‍ മന്ത്രിച്ചു:
“നമ്മള്‍ക്ക് ഒരു കുഞ്ഞുണ്ടാകും ദേവേട്ടാ… ഒരു പെണ്‍കുഞ്ഞ്…”
”നിനക്ക് എന്തുപറ്റിയെടീ… പനി വന്നപ്പോള്‍ ബാധ കയറിയോ…?” അവളുടെ നഗ്നമായ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് പൂര്‍വ്വാധികം അവളെ തന്നിലേക്കമര്‍ത്തി ദേവാനന്ദ് ആശ്ചര്യത്തോടെ ചോദിച്ചു…
സ്നേഹത്തോടെ അവന്‍ അവളുടെ മൂര്‍ദ്ധാവ്വില്‍ ചുംബിച്ചു…
***************
”ശ്രീനന്ദനാ…”
ആരാണ് തന്നെ പേര് ചൊല്ലി വിളിക്കുന്നത്… ഒരു മന്ത്രണം പോലെ
അവള്‍ എഴുന്നേറ്റ് കനത്ത ഇരുട്ടിലേക്ക് തറച്ച് നോക്കി….
”ശ്രീനന്ദനാ….” വീണ്ടും തന്നെ ആരോ പേര് ചൊല്ലി വിളിക്കുന്നു..
ആ മന്ത്രണം കേള്‍ക്കുന്നത് എവിടെയെന്ന് ചെവി വട്ടംപിടിച്ചു..
അവളുടെ നോട്ടം മേശമേല്‍ നീണ്ടു…
മേശമേലിരുന്ന കടലാസ്സുകളും തൂലികയും തന്നെ അങ്ങോട്ടേക്ക് മാടി വിളിക്കുന്നു…
അവള്‍ പെട്ടെന്ന് എഴുന്നേറ്റ് മേശയ്ക്ക് അരികില്‍ ചെന്നു….
കൈകളിലേക്ക് ഒരു തരിപ്പ് പടര്‍ന്ന് കയറുന്നു…
അവള്‍ തൂലിക കയ്യിലെടുത്തു…
തൂലിക തുമ്പില്‍ തുളുമ്പി നിന്ന ആ രഹസ്യം എഴുതുന്നതിനോടൊപ്പം അവള്‍ വായിച്ചു…
ഭദ്ര പറഞ്ഞ് തുടങ്ങി:
”എന്തായിരുന്നു ഞാന്‍ ചെയ്ത ഏറ്റവും വലിയ പാതകം….?”
ശ്രീനന്ദന ഉദ്വേഗത്തോടെ തുടര്‍ന്ന് വരുന്ന വാക്കുകള്‍ വായിച്ചു…
”ഒരേ രക്തത്തില്‍ പിറന്ന സ്വന്തം സഹോദരനെ പ്രണയിച്ചത്… സ്വന്തം സഹോദരനില്‍ നിന്നും ഗര്‍ഭം ധരിച്ചത്…!!!”
അതിശക്തമായ ഞെട്ടലോടെ അവിശ്വസനീയമായി ശ്രീനന്ദന വീണ്ടും വീണ്ടും ആ വരികള്‍ വായിച്ചു…
അത് കണ്ട് മഴത്തുളളികള്‍ അസ്വസ്ഥമായി ചിലമ്പി കൊണ്ടിരുന്നു…
”സ്വന്തം സഹോദരനെ പ്രണയിച്ചെന്നോ…?
സ്വന്തം സഹോദരനില്‍ നിന്നും ഗര്‍ഭം ധരിച്ചെന്നോ…?
അപ്പോള്‍…?”
ശ്രീനന്ദനയുടെ മനസ്സിലെ സമസ്യയ്ക്ക് ഉത്തരം നല്‍കാന്‍ കൈകളിലെ തൂലിക വീണ്ടും ചലിച്ച് തുടങ്ങി…
”അതെ… നരേന്‍ എന്‍റെ സ്വന്തം സഹോദരന്‍ തന്നെയായിരുന്നു…!!!”
ശ്രീനന്ദനയുടെ കണ്ണുകളില്‍ ഞെട്ടല്‍ പടര്‍ന്നു…
”എന്‍റെ അച്ഛന്‍ മഹാദേവന്‍ തമ്പുരാനും കാര്യസ്ഥന്‍ മാധവമാമയ്ക്കും മാത്രം അറിയാന്‍ കഴിഞ്ഞിരുന്ന ഒരു വലിയ രഹസ്യം…”
ശ്രീനന്ദന ഉദ്വേഗത്തോടെ എഴുതിവരുന്ന വാചകങ്ങളിലേക്ക് നോക്കി…
”സാവിത്രിയെന്ന സ്ത്രീയില്‍ അച്ഛന് ജനിച്ച മകനാണ് നരേന്‍… സാവിത്രിയെന്ന സ്ത്രീയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച അച്ഛന്‍റെ ഒരു നിമിഷത്തെ ദുര്‍ബലതയില്‍ ജനിച്ച മകന്‍… ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് കണ്ണീരോടെ അച്ഛന് മുന്നിലെത്തിയ അവരെ തളളാനും അച്ഛന്‍റെ മനസ്സ് അനുവദിച്ചില്ല… അമ്മയുടേയും നാല് മക്കളുടെയും മുഖം ഓര്‍ത്തപ്പോള്‍ അവരെ സ്വീകരിയ്ക്കാനും… ധര്‍മ്മസങ്കടത്തില്‍ നില്‍ക്കുന്ന അച്ഛന്‍റെ രക്ഷയ്ക്ക് എത്തിയത് കോവിലകത്തെ വിശ്വസ്ത സേവകനായ മാധവന്‍മാമയാണ്… ഒടുവില്‍ മാധവന്‍ മാമ സ്വന്തം ഇഷ്ടപ്രകാരം സാവിത്രിയെന്ന സ്ത്രീയെ വേളി കഴിച്ചു… നരേന്‍ എന്ന അച്ഛന്‍റെ മകനെ സ്വന്തം മകനെപ്പോലെ വളര്‍ത്തി…
അച്ഛന്‍ നരേന് കോവിലകത്ത് ഞങ്ങള്‍ എല്ലാ മക്കളെയും പോലെ സ്വാതന്ത്യം നല്‍കി… സ്വന്തം കൂടപ്പിറപ്പുകളാണെന്ന അറിവില്‍ ഞങ്ങള്‍ രണ്ട് പേരും അടുത്തിടപഴകുന്നതിന് പോലും വിലക്കേര്‍പ്പെടുത്തിയില്ല… പക്ഷെ അച്ഛന്‍റെ എല്ലാ ധാരണയും ഞങ്ങള്‍ തകര്‍ത്തു….”
ശ്രീനന്ദന ഭദ്രയുടെ കഥയിലുണ്ടായ അപ്രതീക്ഷിത വഴിത്തിരിവുകളിലേക്ക് ഉറ്റുനോക്കി…
”അച്ഛന്‍റെ ഉഗ്രകോപം എന്‍റെ മരണത്തില്‍ കലാശിച്ചതില്‍ എനിയ്ക്കിപ്പോള്‍ ഒരു സങ്കടവുമില്ല… അല്ലായിരുന്നെങ്കില്‍ ഒരു പാപഭാരവും ചുമന്ന് എന്‍റെ ജീവന്‍ എരിതീയില്‍ ഉരുകിത്തീരുമായിരുന്നു…”
ഭദ്ര പറഞ്ഞ് നിര്‍ത്തി…
ഒരു തേങ്ങല്‍ തന്‍റെ കാതുകളില്‍ പതിച്ചുവോ… അവള്‍ കാതോര്‍ത്തു…
ഇപ്പോള്‍ മഴത്തുളളി കിലുക്കം മാത്രം കേള്‍ക്കാം…
ആ കിലുക്കം ഒരു തേങ്ങലായി അവള്‍ക്ക് അനുഭവപ്പെട്ടു…
ഉത്തരം കിട്ടാതെ ചില ചോദ്യങ്ങള്‍ മനസ്സില്‍ അവശേഷിപ്പിച്ച് കൊണ്ട്
മെല്ലെയവള്‍ കടലാസ്സും തൂലികയും മേശവലിപ്പില്‍ ഭദ്രമായി വച്ച് കട്ടിലിലേക്ക് ചാഞ്ഞു…
മെല്ലെയവള്‍ ഗാഡനിദ്രയിലാണ്ട് കിടക്കുന്ന ദേവാനന്ദിനോട് അമര്‍ന്ന് ചേര്‍ന്നു കിടന്നു…
******************
”ദേവേട്ടാ… എഴുന്നേല്‍ക്ക്…”
ശ്രീനന്ദനയുടെ ശബ്ദം കേട്ട് ദേവാനന്ദ് കണ്ണുകള്‍ വലിച്ച് തുറന്നു..
മുന്നില്‍ ആവി പറക്കുന്ന ചായയുമായി രാവിലെ തന്നെ കുളിച്ചൊരുങ്ങി നെറ്റിയില്‍ കളഭം ചാര്‍ത്തി നില്‍ക്കുന്ന ശ്രീനന്ദനയെ കണ്ട് ദേവാനന്ദിന്‍റെ കണ്ണുകള്‍ അതിശയത്താല്‍ വിടര്‍ന്നു…
”ഇവിടെ വന്നതിന് ശേഷം ആദ്യമായാണ് രാവിലെ തന്നെയിങ്ങനെ കാണുന്നത്… വരി ക്യൂട്ട്…”
അരക്കെട്ടില്‍ നിന്നും സ്ഥാനത്തെറ്റി മാറിക്കിടന്ന മുണ്ട് അവന്‍ ധരിക്കുന്നത് നാണത്തോടെ നോക്കി നില്‍ക്കുന്നത് കണ്ട് ദേവാനന്ദ് കളിയായി പറഞ്ഞു:
“നീ ആദ്യമായല്ലല്ലോടീ ചക്കരെ എന്നെ ഇങ്ങനെ കാണുന്നത്…”
”ശ്ശെ… പോ ദേവേട്ടാ….” അവള്‍ നാണത്താല്‍ പിന്തിരിഞ്ഞു നടന്നപ്പോള്‍ ദേവാനന്ദ് അവള്‍ കേള്‍ക്കേ മന്ത്രിച്ചു…
”ഭദ്ര….”
ആ പേര് കേട്ടതും അവള്‍ ഒരു ഞെട്ടലോടെ ദേവാനന്ദിനെ നോക്കി…
”എന്‍റെ ഭദ്രമൊളുടെ ജീവന്‍റെ തുടിപ്പ് നിന്‍റെ ഉദരത്തില്‍ പിറവിയെടുത്തോ…?”
ദേവാനന്ദ് അവളുടെ ഉദരത്തിലേക്ക് കൈ ചൂണ്ടി പറഞ്ഞു…
ലജ്ജയില്‍ കുതിര്‍ന്ന ഒരു ചിരിയോടെ ശ്രീനന്ദനയുടെ കൈവിരലുകള്‍ അറിയാതെ തന്‍റെ ഉദരത്തിന് മേല്‍ തലോടിപ്പോയി…
ദേവാനന്ദിനെ യാത്രയാക്കി തിരിയുമ്പോള്‍ മഴത്തുളളികളുടെ ചിലമ്പല്‍ അവള്‍ വീണ്ടും കേട്ടു…
മനസ്സില്‍ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ശ്രീനന്ദനയുടെ മനസ്സില്‍ വീണ്ടും ഉയര്‍ന്ന് വന്നു…
”ഭദ്ര തന്നെ പിന്തുടര്‍ന്നതെന്തിന്..?
തന്നെ കണ്ടപ്പോള്‍ മഹാദേവന്‍ തമ്പുരന്‍റെ കണ്ണുകളില്‍ ഞെട്ടലുണ്ടായതിന്‍റെ കാരണം…?
പാര്‍വ്വതിദേവി തമ്പുരാട്ടിയുടെ കണ്ണുകള്‍ ഈറനണിഞ്ഞതെന്തിന്…?”
”ശ്രീനന്ദനാ…”
ഒരു മന്ത്രണം പോലെ ആരോ തന്‍റെ പേര് ചൊല്ലി വിളിക്കുന്നു….
അവള്‍ തിരിഞ്ഞു നോക്കി…
”വരൂ… നീയാ മഴത്തുളളികളിലേക്ക് നോക്കൂ… നിന്‍റെ എല്ലാ ചോദ്യത്തിനുമുളള ഉത്തരം അതിലുണ്ട്…”
പൂമുഖപ്പടിയില്‍ മഴത്തുളളികള്‍ പടര്‍ന്ന് കയറി സൃഷ്ടിച്ച ജലകണ്ണാടിയിലേക്ക് ശ്രീനന്ദന യാന്ത്രികമായി നോക്കി പോയി…
അതിന്‍റെ തെളിമയില്‍ ചുവന്ന പട്ട് പാവാടയും ഉടുപ്പുമണിഞ്ഞ ഒരു പതിനെട്ടുകാരിയുടെ പ്രതിരൂപം തെളിഞ്ഞു…
അപ്പോള്‍ മഴയുടെ ഇരമ്പം അവള്‍ക്ക് ചുറ്റും ശക്തമായി പ്രതിഫലിക്കുന്നതായി അവള്‍ക്ക് തോന്നി…
ശ്രീനന്ദനയുടെ കണ്ണുകളില്‍ ആശ്ചര്യമെന്നോ അമ്പരപ്പെന്നോ വേര്‍തിരിച്ചറിയാനാകാത്ത ഒരു വികാരം പടര്‍ന്നു കയറി…
കാരണം ജലകണ്ണാടിയില്‍ തെളിഞ്ഞ ആ പെണ്‍കുട്ടിയുടെ മുഖം ശ്രീനന്ദനയുടെ മുഖവുമായി വേര്‍തിരിക്കാന്‍ പറ്റാത്തത്ര സാമ്യമുളളതായിരുന്നു…!!!
അവിശ്വസനീയമായി വീണ്ടും വീണ്ടും അവള്‍ കണ്‍ചിമ്മി നോക്കുമ്പോള്‍ മെല്ലെ മെല്ലെ ആ രൂപം ജലക്കണ്ണാടിയില്‍ നിന്നും അപ്രത്യക്ഷമായി…
”ഞാനാണോ ഭദ്ര…?”
അവള്‍ സ്വയം ചോദിച്ചു…
ഒരുള്‍പ്രേരണയാല്‍ അവള്‍ മഴയിലേക്ക് ഇറങ്ങി ഓടി…
നനഞ്ഞ് കുളിച്ച് ഓടി വരുന്ന ശ്രീനന്ദനയെ കണ്ട് മഹാദേവന്‍ തമ്പുരാനും പാര്‍വ്വതീദേവി തമ്പുരാട്ടിയും അമ്പരന്നുപോയി…
”എന്താ കുട്ട്യേ… എന്താ പറ്റ്യേ…?” അന്ധാളിപ്പോടെ പാര്‍വ്വതീദേവി ചോദിച്ചു…
”പറയൂ അമ്മേ… അമ്മയുടെ ഇളയമകളുടെ പേരെന്താണ്…?” ശ്രീനന്ദന ചോദിച്ചു…
”എന്താ കുട്ടി എന്നെ വിളിച്ചേയ്….?” പാര്‍വ്വതീദേവിയുടെ കണ്ണുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത എന്തൊക്കെയോ ഭാവങ്ങള്‍ മിന്നിമറഞ്ഞു..
”അമ്മ…” ശ്രീനന്ദന ഒന്ന് ചൂളിപ്പോയി… ഒരാവേശത്തില്‍ പാര്‍വ്വതീദേവി തമ്പുരാട്ടിയെ വിളിച്ച് പോയതാണ്…
”ഒന്നൂടെ വിളിയ്ക്കൂ കുട്ട്യേ എന്നെ അമ്മേയെന്ന്…”
ഒരു തേങ്ങലോടെ പാര്‍വ്വതീദേവി തമ്പുരാട്ടി ശ്രീനന്ദനയെ തന്‍റെ മാറോട് ചേര്‍ത്തു…
”അമ്മ…”
വീണ്ടും അവള്‍ പാര്‍വ്വതീദേവി തമ്പുരാട്ടി കേള്‍ക്കേ മന്ത്രിച്ചു…
”എന്‍റെ കുട്ടി തന്ന്യാ നീ… മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട് പോയ എന്‍റെയ് ഭദ്രമോളുടെ രൂപം തന്ന്യാ കുട്ടിക്കുളളത്…”
അവളെ ചേര്‍ത്ത് പിടിച്ച് അവര്‍ വാത്സല്യത്തോടെ അവളുടെ മൂര്‍ദ്ധാവ്വില്‍ ചുംബിച്ചു…
എല്ലാം കണ്ടു നിന്ന മഹാദേവന്‍ തമ്പുരാന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു…
പക്ഷെ പാര്‍വ്വതീദേവി തമ്പുരാട്ടി പറഞ്ഞ വാക്കുകള്‍ കേട്ട് ശ്രീനന്ദന പകച്ചു നിന്നു പോയി…
മുപ്പത് കൊല്ലത്തിന് മുന്‍പ് മരണമടഞ്ഞ ഭദ്ര…
ഇപ്പോള്‍ തന്‍റെ വയസ്സ് മുപ്പത്…!!!
ഭദ്രയുടെ പുനര്‍ജ്ജന്മമാണോ താനെന്ന് ഒരു നിമിഷം അവള്‍ സംശയിച്ചു…
മഴത്തുളളികളിലൂടെ ഭദ്ര പറഞ്ഞ കഥ തീര്‍ത്തും യാഥാര്‍ത്ഥ്യമാണെന്ന തിരിച്ചറിവില്‍ ശ്രീനന്ദന മെല്ലെ കുനിഞ്ഞ് മഹാദേവന്‍ തമ്പുരാന്‍റെ കാല്‍ തൊട്ട് വന്ദിച്ചു…
”അച്ഛാ… ഭദ്രയ്ക്ക് വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു… ഒരു മഹാപാതകം ചെയ്തതിന്… ഒരു മഹാപാപം ചെയ്യിപ്പിച്ചതിന്…അതിന്‍റെ ഫലമായി ഒരു ജീവിതകാലം മുഴുവന്‍ ഒരു മകളെ ഓര്‍ത്ത് ഉരുകിത്തീര്‍ന്ന് കൊണ്ടിരിക്കുന്ന അച്ഛന്‍റെ വെന്ത് നീറുന്ന ഹൃദയത്തിന് വേണ്ടി…”
ശ്രീനന്ദനയുടെ മനസ്സ് മന്ത്രിച്ചു…
”ഛേയ്… എന്താ കുട്ട്യേ.. എന്തേയ് ഈ കാണിക്കുന്നേയ്…”
മഹാദേവന്‍ തമ്പുരാന്‍ അവളെ പിടിച്ച് ഉയര്‍ത്തി…
”എന്‍റെ കുട്ട്യോടാ ഞാന്‍ തെറ്റ് ചെയ്തത്… എന്‍റെ ഭദ്ര മോളോടേയ്…”
വര്‍ഷങ്ങളായി വെന്തുരുകുന്ന മനസ്സിലെ കുറ്റബോധം ഏതാനം ചില വാക്കുകളായി അദ്ദേഹത്തിന്‍റെ ചുണ്ടുകളില്‍ നിന്നും ഉതിര്‍ന്നു…
”എല്ലാം മറന്നേക്കൂ അച്ഛാ… എല്ലാ ശരികള്‍ക്ക് പിന്നിലും ഒരു തെറ്റുണ്ട്… എല്ലാ തെറ്റുകള്‍ക്ക് പിന്നില്‍ ഒരു ശരിയും…”
അവള്‍ പറഞ്ഞ വാക്കുകളിലെ അര്‍ത്ഥം ഗ്രഹിക്കാന്‍ ആ വൃദ്ധമനസ്സിന് കഴിഞ്ഞില്ലെങ്കിലും വര്‍ഷങ്ങളായി വെന്തുരുകുന്ന അദ്ദേഹത്തിന്‍റെ ഹൃദയത്തിലെ തീയണയ്ക്കാന്‍ അവള്‍ക്ക് കഴിഞ്ഞു… ”അച്ഛാ..” എന്ന് ശ്രീനന്ദനയുടെ വിളി കേട്ടപ്പോള്‍…
********************
”മഴത്തുളളികള്‍ പറഞ്ഞ കഥ…”
അവള്‍ കഥയ്ക്ക് പേര് നല്‍കി…
കഥാപാത്രങ്ങളുടെ പേരും രൂപവും ഭാവവും മാറ്റി അവള്‍ മഴത്തുളളികളിലൂടേ ഭദ്ര പറഞ്ഞ കഥ മറ്റൊരു വെളളക്കടലാസിലേക്ക് പകര്‍ത്തി എഴുതി തുടങ്ങി….
ഇന്ന് ആ സുദിനമാണ്…
”മഴത്തുളളികള്‍ പറഞ്ഞ കഥ”യുടെ പ്രകാശന ചടങ്ങാണ്…
ഒരു പ്രശസ്തമായ പബ്ലിക്കേഷന്‍സാണ് വന്‍തുക മുടക്കി അതിന്‍റെ കോപ്പിറൈറ്റ് ഏറ്റെടുത്തിരിക്കുന്നത്…
വമ്പിച്ച കയ്യടിയോടെ പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങ് കഴിഞ്ഞു…
”എനിയ്ക്ക് തലകറങ്ങുന്നത് പോലെ…”
പുസ്തക പ്രകാശന ചടങ്ങ് കഴിഞ്ഞുളള മടക്കയാത്രയ്ക്ക് ഇടയില്‍ അസ്വസ്ഥതതയോടെ ശ്രീനന്ദന നെറ്റിയില്‍ കൈ വച്ച് പറഞ്ഞു…
”ഹോസ്പിറ്റലില്‍ പോകണോ…?”
ദേവാനന്ദ് ആശങ്കയോടെ ചോദിച്ചു..
”ഹിം…” അവള്‍ വേണമെന്ന് തലയനക്കി…
”ഗൈനക്കോളജസ്റ്റിനെ കണ്ടാല്‍ മതിയോ…?” തമാശയായി ആണ് ദേവനന്ദ് അങ്ങനെ ചോദിച്ചത്..
”ഹിം…” നാണത്തില്‍ കുതിര്‍ന്ന ചിരിയോടെ അവള്‍ കൈകളില്‍ കരുതിയിരുന്ന തന്‍റെ കഥാപുസ്തകത്തിന്‍റെ പുറംചട്ടയ്ക്ക് മേല്‍ മെല്ലെ വിരലോടിച്ചു…
ദേവാനന്ദിന്‍റെ ഹൃദയതാളം ഒരു നിമിഷം നിലച്ചു…
”റിയലീ…”
വിശ്വസിക്കാന്‍ കഴിയാതെ അവന്‍ ആവേശത്തോടെ ചോദിച്ചു…
”ഒരു കുഞ്ഞ് ഭദ്ര എന്നിലേക്ക് ആവേശിച്ചോന്ന് ഒരു സംശയം…”
സന്തോഷവും ഉദ്വേഗവും കലര്‍ന്ന ഭാവത്തോടെ ദേവനന്ദന്‍ കാറിന്‍റെ വേഗം കൂടി…
കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ കാര്‍ പറന്നു…
”കണ്‍ഗ്രാജുലേഷന്‍സ്… യൂ ആര്‍ ക്യാരിയിങ്ങ് എ ബേബി…” പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ താന്‍ ഇന്നേവരെ കേട്ടതില്‍ വച്ച് ഏറ്റവും മനോഹരമായ വാക്കുകളാണെന്ന് ശ്രീനന്ദനയ്ക്ക് തോന്നി… എത്ര നാളുകളായി താന്‍ കേള്‍ക്കാന്‍ കൊതിക്കുന്ന വാക്കുകള്‍…
ഈ സന്തോഷവാര്‍ത്ത ദേവാനന്ദിലേക്ക് പകരുമ്പോള്‍ ലോകം കീഴടക്കിയ സന്തോഷം അവന്‍റെ മുഖത്ത് പടര്‍ന്നു…
”എന്‍റെ പോന്ന് മോളൂട്ടിയ്ക്ക് ഈ അച്ഛന്‍റെ വക ആദ്യ സമ്മാനം…”
കാറില്‍ കയറിയ ഉടന്‍ സന്തോഷാവേശം സഹിക്കാന്‍ കഴിയാതെ ദേവാനന്ദ് കുനിഞ്ഞ് ശ്രീനന്ദനയുടെ ഉദരത്തിന്‍മേല്‍ ചുംബിച്ചു…
”അയ്യേ… ദേവേട്ടാ ആളുകള്‍ ശ്രദ്ധിക്കും…” ലജ്ജയോടെ ശ്രീനന്ദന ചുറ്റുപാടും വീക്ഷിച്ച് പറഞ്ഞു…
”ആര് കണ്ടാലെന്താ… ഞാനെന്‍റെ സ്വന്തം ഭാര്യയെയും കുഞ്ഞിനെയുമല്ലേ ഉമ്മ വയ്ക്കുന്നത്…”
അവന്‍ പറഞ്ഞത് കെട്ട് അവള്‍ കുലുങ്ങിച്ചിരിച്ചു.. ഒരു മഴത്തുളളി കിലുക്കം പോലെ…
മുന്നിലുളള കാഴ്ചകളെ മറച്ച് മഴ പെയ്ത് തുടങ്ങിയിരുന്നു…
വൈപ്പര്‍ പ്രവര്‍ത്തിപ്പിച്ച് കാറ് മുന്നോട്ട് നീങ്ങി…
മഴത്തുളളികള്‍ കാറിന്‍റെ ഗ്ലാസ്സില്‍ തട്ടിവീണ് ചിണുങ്ങുന്നത് പോലെ ശ്രീനന്ദനയ്ക്ക് തോന്നി…
”അവര്‍ക്ക് എന്നോട് എന്തോ പറയാനുണ്ട്…”
ദേവാനന്ദിനോട് ശ്രീനന്ദന പറഞ്ഞു…
”ആര്‍ക്ക്…?”
ഒന്നും മനസ്സിലാകാതെ ദേവാനന്ദ് ചോദിച്ചു…
”മഴത്തുളളികള്‍ക്ക്…” അവളുടെ മറുപടി അയാളെ അത്ഭുതപ്പെടുത്തി…
മെല്ലെയവള്‍ കാറിന്‍റെ വിന്‍റോഗ്ലാസ് താഴ്ത്തി…
മഴയുടെ ഇരമ്പങ്ങളിലേക്ക് കാതോര്‍ത്തു…
അവളുടെ മുഖത്ത് നാണത്താല്‍ ഒരു ചിരി വിടര്‍ന്നു…
മെല്ലെയവള്‍ വിന്‍റോ ഗ്ലാസ് ഉയര്‍ത്തി…
”എന്താ മഴത്തുളളികള്‍ തന്നോട് പറഞ്ഞത്…?”
അല്‍പ്പം ആകാംശയോടെയും കുസൃതിയോടെയും ദേവാനന്ദ് ചോദിച്ചു…
”ഭദ്രയുടെ സ്നേഹസമ്മാനമാണ് ഈ കുഞ്ഞ് ഭദ്രയെന്ന്…”
ശ്രീനന്ദന പറഞ്ഞ മറുപടികേട്ട് ഒന്നും മനസ്സിലാകാതെ ദേവാനന്ദ് പകച്ചു..
”ആരാണ് ഭദ്ര…?” അവന്‍റെ ചോദ്യത്തിന് മുന്നില്‍ അവള്‍ ചിരിച്ചു കൊണ്ട് മെല്ലെ അവന്‍റെ കാതില്‍ മന്ത്രിച്ചു.:
”അതൊരു രഹസ്യമാണ്… മഴത്തുളളികള്‍ എനിയ്ക്ക് മാത്രമായി പറഞ്ഞു തന്ന ഒരു വലിയ രഹസ്യം…”
ശ്രീനന്ദന മെല്ലെ കാറിന്‍റെ ഡാഷ്ബോര്‍ഡ് തുറന്ന് താനെഴുതിയ കഥാ പുസ്തകമെടുത്തു…
അതിന്‍റെ പുറംചട്ടയിലെ എഴുതിയിരിക്കുന്ന കഥയുടെ പേരിന്‍മേല്‍ മെല്ലെ മെല്ലെയവള്‍ വിരലോടിച്ചു ഒരു മന്ത്രണം പോലെ അവന്‍റെ കാതില്‍ പ്രണയാതുരമായി മന്ത്രിച്ചു:
”മഴത്തുളളികള്‍ പറഞ്ഞ കഥ…”
നന്ദി..
(ഹണി ശിവരാജന്‍)