ആണായി പിറന്നവൻ

ആണായി പിറന്നവൻ
Anayi Pirannavan by എസ്.കെ

കഥയും കഥാപാത്രങ്ങളും കഥാപാത്രങ്ങളുടെ പേരും തികച്ചും സാങ്കൽപ്പികം മാത്രം.കോടതി വരാന്തയിൽ പോലീസുകാരോടൊപ്പം അയാൾ നിർവികാരനായി നിന്നു. ക്ലോക്കിൽ സമയം പതിനൊന്ന്.മണിയടി ശബ്ദം ഉയർന്നു.കോടതി വരാന്തയും പരിസരവും നിശബ്ദം ചേമ്പറിൽ നിന്നും കോളിംഗ് ബൽ ശബ്ദിച്ചു.കോടതി ഹാളിലേക്ക് ജഡ്ജി പ്രവേശിച്ചു. ഹാളിലുള്ളവരെ നോക്കി കൈകൂപ്പി വണങ്ങി ഇരുന്നു. ഹാളിൽ ഉള്ളവരെല്ലാം തിരികെ കൈകൂപ്പി വണങ്ങി അവരവരുടെ ഇരിപ്പിടത്തിൽ ഇരുന്നു.മുന്നിലെ മേശയിൽ അടുക്കി വച്ചിരിക്കുന്ന കേസ് ഫയലുകളിൽ നിന്നും ഒന്നെടുത്ത് ബഞ്ച് ക്ലർക്ക് ഉറക്കെ വിളിച്ചു.
“സി സി 368 / 2009 അജയൻ.” പോലീസുകാരുടെ നിർദ്ദേശ പ്രകാരം അയാൾ പ്രതികൂട്ടിലേക്ക് കയറി നിന്നു. അൻപത് വയസ് പ്രായം തോന്നിക്കും, പൊക്കം കുറഞ്ഞ്‌ ,മുടി അങ്ങിങ്ങായി നരച്ചിട്ടുണ്ട് മാൻ നിറമുള്ള അയാൾ ജഡ്ജിയേനോക്കി കൈകൂപ്പി നിന്നു. സി ഡബ്ല്യൂ ഒൺ സുനിത ഉണ്ടോ ബഞ്ച് ക്ലർക്ക് വീണ്ടും ഉറക്കെ വിളിച്ചു പുറത്ത് നിന്ന പോലീസുകാരൻ ഹാളിന് പുറത്തേക്ക് തലയിട്ട് വിളിച്ചു ചോദിച്ചു സുനിതയുണ്ടോ……. സുനിത… കൂടി നിന്നവരുടെ ഇടയിൽ നിന്നും ഒരു സ്ത്രീ മുന്നോട്ട് നടന്ന് വന്ന് ജഡ്ജിയുടെ ചേമ്പറിലേക്ക് നോക്കി നിന്നു. ജഡ്ജ് അവരെ ഒന്ന് നോക്കി കയ്യിലിരുന്ന പേപ്പറിൽ എന്തോ എഴുതി ക്ലർക്കിന് നേരെ നീട്ടി അത് വാങ്ങിവായിച്ച കർക്ക് പറഞ്ഞു. കേസ് വീണ്ടും വിളിക്കും. കോടതി വരാന്തയിലേക്ക് അയാളെയുമായി പോലീസുകാർ നടന്നു. വരാന്തയുടെ ഒരു മൂലയ്ക്കായി കിടന്ന ബഞ്ചിൽ അയാൾ ഇരുന്നു. തനിക്കഭിമുഖമായി അവൾ നിൽക്കുന്നത് അയാൾ കണ്ടു. അവളെ നോക്കി ഒന്ന് ചിരിച്ചു. ഇല്ല അവൾ ചിരിച്ചില്ല കാണാത്ത മട്ടിൽ തിരിഞ്ഞ് കൂടെ നിന്ന അമ്മയോട് എന്തൊെക്കയോ പറയുന്നു.നിന്നെ കാണാൻ ആരും വന്നില്ലെ പോലീസുകാരന്റെ ചോദ്യം. സർ , എന്നെ കാണാൻ വരേണ്ടവരാ ആ നിൽക്കുന്നത്. അതാരാ ? എന്റെ ഭാര്യയും, അവളുടെ അമ്മയും . പോലീസുകാരൻ അയാളെയും, അവളെയും ഒന്നു നോക്കി അവൾ ചെറുപ്പം ആണല്ലോ പോലീസുകാരൻ പറഞ്ഞു. അല്ല എന്താ കേസ് മോഷണം നിർവികാരനായി അയാൾ പറഞ്ഞു. നല്ല ആരോഗ്യം ഉണ്ടല്ലോടാ വല്ല പണിയെടുത്തും ജീവിച്ചു ടായിരുന്നോ. മോഷ്ട്ടിക്കാൻ നടക്കുന്നു പോലീസു കാരന്റെ ചുച്ഛം കലർന്നുള്ള സംസാരം അവൻ തല കുനിച്ച് മിണ്ടാതിരുന്നു. കേസ് വിളിക്കാൻ ഇനിയും കുറേ സമയം എടുക്കും നല്ല തിരക്കാ ഇന്ന് . നമുക്കിവന് ചായ വാങ്ങി കൊടുത്താലോ , അതാകുമ്പോൾ കഴിഞ്ഞുടനെ പോകാം. കൂടെ ഉള്ള രണ്ടാമത്തെ പോലീസുകാരൻ പറഞ്ഞു. ചായ വേണോടാ . ഉം അയാൾ ഒന്ന് മൂളി. അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു. നീ എന്താ മോഷ്ടിച്ചത് വീണ്ടും പോലീസുകാരന്റെ ചോദ്യം മാല എവിടുന്ന് മകളുടെ ആരുടെ നിന്റെ മകളുടേയോ.? ആശ്ചര്യത്തോടെ പോലീസുകാർ അവനെ നോക്കി. സ്വന്തം മകളുടെ മാല മോഷ്ടിക്കണോ എന്ന് ഓർത്തിട്ടാകും. അതെ അതെ അങ്ങനെയാ കേസ്. ആര് കൊടുത്തു.

അവിടെ കണ്ടില്ലെ അവൾ എന്റെ ഭാര്യ സുനിത. അയാൾ ചായക്കടയിലേക്ക് കയറി. മൂന്ന് ചായ പോലീസുകാരൻ പറഞ്ഞു. പിന്നെങ്ങനെ പോലീസുകാരന് വീണ്ടും സംശയം. പറയാം ഓർമകളിലേക്കു അയാൾ തിരിഞ്ഞ് നടന്നു ഇതുപോലെ ഒരു ചായയുമായി വന്നപ്പോഴാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്……….. “മോനേ……. എത്രയെന്നും പറഞ്ഞാ ഇങ്ങനെ, നിനക്കും ഒരു കൂട്ട് വേണ്ടേ” അമ്മയുടെ നിർബന്ധം ശരിയാ എത്രയോ നാളായി ഞാൻ ജോലിക്ക് പോയാൽ പിന്നെ അമ്മയും വീട്ടിൽ ഒറ്റക്കാണ്. അതൊക്കെ ഓർത്തപ്പോൾ അമ്മ പറഞ്ഞത് സമ്മതിച്ചു. പാവപ്പെട്ട വീട്ടിലെ കുട്ടി ആണെന്നും പറഞ്ഞു. അങ്ങനെയാണ് ഞാൻ അവളെ പെണ്ണ് കാണാൻ ചെന്നത് . അവിടെയും അവൾക്ക് അമ്മ മാത്രമാണുണ്ടായിരുന്നത്.
ചായ വാങ്ങി അവളുടെ മുഖത്തേക്കൊന്ന് നോക്കി.അവർക്കെന്തെങ്കിലും പറയാൻ കാണും നീ അകത്തുവാ അമ്മയെയും വിളിച്ച് അവർ അകത്ത് പോയി. “എന്താ പേര് ” എന്റെ ചോദ്യം
“എന്റെ പേര് സുനിത ഞാൻ പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ , വയസ് ഇരുപത്തിനാല് ” അച്ഛൻ മരിച്ചിട്ടിപ്പോൾ അഞ്ച് വർഷമായി അമ്മയ്ക്ക് പെട്ടെന്നെന്നെ കല്യാണം കഴിച്ചയക്കാൻ പറ്റില്ല, ഞാനും പോയാൽ അമ്മ ഒറ്റയ്ക്കാണ്. “അവൾ പറഞ്ഞ് നിർത്തി “അതേ എനിക്ക് വയസ് മുപ്പത്തി അഞ്ചായി കുട്ടിക്ക് കുറച്ചും കൂടി പ്രായം കുറഞ്ഞൊരാളെ കിട്ടും വേറെ ആലോചനകൾ വരും” വയസ് ഒരു പ്രശ്നമാണോ മുപ്പത്തി അഞ്ച് അത്ര വല്യ പ്രായമൊന്നുമല്ലല്ലോ അവർ കൂടുതൽ പക്വതയും ഉള്ളവരാകില്ലെ, എനിക്കത് ഇഷ്ടമാണ് ” അവളുടെ തുറന്നു പറച്ചിൽ എനിക്ക് ഇഷ്ടമായി പതിനൊന്ന് വയസ് വ്യത്യാസം അത് പ്രശ്നമല്ലെന്ന് അവളും പറഞ്ഞിരിക്കുന്നു. അവിടെ നിന്നും ഇറങ്ങുമ്പോഴേക്കും അവളെ എന്റെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാൻ ഞാൻ തയ്യാറായിരുന്നു. “അമ്മേ പതിനൊന്നു വയസ് വ്യത്യാസം ഉണ്ട് ശരിയാകുമോ?” “അതിനെന്താടാ ഞാനും നിന്റെ അച്ഛനും തമ്മിൽ പന്ത്രണ്ട് വയസ്സ് വ്യത്യാസം ഉണ്ടായിരുന്നു. അതിനെന്താ കുഴപ്പം . ” “കുഴപ്പം ഇല്ലല്ലേ ” “അല്ല അമ്മേ അവൾ പറഞ്ഞു ഉടനെയൊന്നും കല്യാണം നടത്താൻ പറ്റില്ലെന്ന്. ” “എടാ അത് അവർ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആയത് കൊണ്ടാണ്. നമുക്ക് സ്ത്രീധനമായി ഒന്നും വേണ്ട ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. മാർച്ച് മാസത്തിൽ കല്യാണം നടത്താമോ എന്ന് അവർ എന്നോട് ചോദിച്ചു. “”മാർച്ചിലോ? അതിന് ഇനി ഒരു മാസമല്ലെ ഉള്ളൂ” “ഉം അതെ നമുക്ക് ഒരുപാട് പേരെയൊന്നും വിളിക്കണ്ട ലളിതമായി നടത്തിയാൽ പോരെ അവർക്കും അത്രക്ക് ആർഭാടമൊന്നും കാണിക്കാനും ഇല്ലല്ലോ.”അമ്മ പറയുന്നത് എന്റെ നന്മക്കാകും അതിൽ തർക്കമില്ല. മാർച്ച് മാസം ഇരുപത്തിനാലിന് വിവാഹം ഉറപ്പിച്ചു. വലിയ ആർഭാടങ്ങളൊന്നുമില്ലാതെ കുടുംബ ക്ഷേത്രത്തിൽ വച്ചു ഞങ്ങളുടെ വിവാഹം നടന്നു.എന്റെ കൈ പിടിച്ച് അനുസരണയുള്ളൊരു കുട്ടിയെ പോലെ അവൾ എന്റെ വീടിന്റെ പടി ചവിട്ടി .ഇല്ലായിമകൾ ഏറെ അറിഞ്ഞ അവൾക്ക് എന്റെ ഒപ്പം ഉള്ള ജീവിതം സ്വർഗ്ഗതുല്യം ആയിരുന്നു. അതവൾ പലപ്പോഴും പറഞ്ഞിട്ടും ഉണ്ട്.

അന്നന്നത്തേക്ക് ജോലി ചെയ്ത് സമ്പാദിച്ച് വന്നാലും അല്ലലില്ലാതെ ഞങ്ങൾ ജീവിച്ചു. വളരെ പക്വമായി അവൾ കാര്യങ്ങൾ കൈകാര്യം ചെയ്തു. അമ്മയ്ക്ക് അവൾ മകളായി മാറി. അവളുടെ അമ്മ ഒറ്റയ്ക്കാണ് അപ്പോഴും ,ഞങ്ങൾ ഒപ്പം വന്ന് നിൽക്കാൻ ക്ഷണിച്ചു പക്ഷേ അവർ തന്റെ വീടും അവിടവും വിട്ട് വരാൻ തയ്യാറായില്ല.വിവാഹം കഴിഞ്ഞ് രണ്ട് വർഷം ആയപ്പോഴാണ് ഞങ്ങൾക്ക് ഒരു മോള് ജനിച്ചത്. ജീവിത പ്രാരാബ്ദങ്ങൾ കൂടി വന്ന് തുടങ്ങി, അമ്മയ്ക്ക് അസുഖങ്ങളും മോളുടെ കാര്യവും വീട്ടുകാര്യവുമൊക്കെയായി ചിലവ് കൂടി, ഞാൻ കൂടുതൽ ശ്രദ്ധ ജോലിയിലേക്ക് തിരിച്ചു.ആർക്ക് വേണ്ടി അവർക്ക് വേണ്ടി. അവരെ അല്ലലറിയിക്കാതെ നോക്കാൻ വേണ്ടി . സ്ഥിരം ചെയ്യുന്ന പെയിന്റിംഗ് വർക്ക് ഇല്ലാതിരുന്നാൽ അന്ന് മറ്റ് കൂലി പണിക്കെങ്കിലും പോകാൻ തുടങ്ങി. അപ്പോഴെല്ലാം അവർക്കൊന്നും ഒരു കുറവും വരാതെ നോക്കി.വർഷങ്ങൾ വേഗം കടന്നു പോയി, മകൾ വളർന്നു. അവൾക്കിപ്പോൾ എട്ട് വയസായി വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷവും. ഇന്ന് വരെ ഞാൻ എന്റെ ഭാര്യയെ ജോലിക്കൊന്നും പറഞ്ഞ് അയച്ചതുമില്ല. അവൾ സമ്പാദിച്ച് കൊണ്ട് വന്ന് എനിക്കു ജീവിക്കണ്ട എനിക്ക് ആരോഗ്യം ഉണ്ടല്ലോ. ഞാൻ അങ്ങനെ ചിന്തിച്ചു. കയ്യിലിരുന്ന ചായ തീർന്നു.നിനക്കിനി വേറെന്തെങ്കിലും വേണോ? പോലീസുകാരന്റെ ചോദ്യം” ഒരു ……. ഒരു സിഗരറ്റ് അയാൾ മടിച്ചു മടിച്ചു പറഞ്ഞു. ഉം ഒരെണ്ണം ആരും കാണാതെ അങ്ങോട്ട് മാറി നിന്ന് വലിക്കു സിഗരറ്റ് വാങ്ങി അയാൾ ഒരു ഒഴിഞ്ഞ മൂലയിലേക്ക് പോയി നിന്നു.
“എത്രയായി ചേട്ടാ ” പോലീസുകാരൻ കടക്കാരനോടായി ചോദിച്ചു. ഇരുപത്തി ആറ് പൈസ കൊടുത്ത് ബാലൻസ് വാങ്ങി പോക്കറ്റിൽ ഇട്ടു വീണ്ടും കോടതി വരാന്തയിലേക്ക് നടന്നു തിരക്ക് കുറഞ്ഞിരിക്കുന്നു ആൾക്കാർ ഏറെക്കുറേ പോയി കഴിഞ്ഞു. ആ സ്ത്രീയും അമ്മയും അവിടെ ബഞ്ചിൽ ഇരിക്കുന്നുണ്ട്. അതിന്റെ മറുവശത്തായി അയാളും പോലീസുകാരും പോയിരുന്നു.അകത്ത് ഏതോ കേസിന്റെ വാദം നടക്കുന്നു “എന്നിട്ട് ബാക്കി പറ ” പോലീസുകാരൻ അവനോടായി പറഞ്ഞു. ഞങ്ങളുടെ പതിനൊന്നാം വിവാഹ വാർഷിക ദിനം . സത്യത്തിൽ ഈ വിവാഹ വാർഷികങ്ങൾ ഒന്നും ഞങ്ങൾ ഓർമ്മിച്ചിട്ടില്ല. ഞാൻ ഓർമ്മിച്ചിട്ടില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി.ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്ര സുഗമമാകാൻ പലതും മറന്ന് പോയി. “അതേ നാളെ മാർച്ച് ഇരുപത്തിനാലാണ് .”അവൾ പറഞ്ഞു “അതിനെന്താ എല്ലാവർഷവും വരുന്നതല്ലെ ആ ദിവസം ” നമ്മുടെ വിവാഹവാർഷികം അല്ലേ ” “അതല്ല നാളെയാണ് മഞ്ചുവിന്റെ കല്യാണം പോകണം എല്ലാ പേരേയും വിളിച്ചതാ നിങ്ങളും ഉണ്ടാകണം” “ഓ അപ്പൊ നാളെ ഞാനും വരണം അത്രയല്ലേ ശരി വരാം.” അവൾക്ക് സമാധാനം ആയി ഞാൻ അവളെ കെട്ടിയത് മുതൽ അവൾ എന്നെ അതെ, ദാണ്ടെ, പിന്നേ, നിങ്ങൾ, കേട്ടാ എന്നൊക്കെയാണ് വിളിക്കുന്നത് . അത് അവളുടെ ഇഷ്ടം. നാളെ വിവാഹത്തിന് പോകണം. എന്ത് കൊടുക്കും പിന്നെ എന്റെ ചിന്ത അതായിരുന്നു. കാര്യമായി എന്തെങ്കിലും കൊടുക്കേണ്ടി വരും.

കയ്യിൽ അതിനുള്ള പൈസയും ഇല്ല. മഞ്ചു അവളുടെ കൂട്ടുകാരി ആണ് . കുട്ടിക്കാലം മുതൽ ഒരുമിച്ച് പഠിച്ചവർ . വയസ് മുപ്പത്തിനാല് ആയെങ്കിലും ഇപ്പോഴാണ് കല്യാണം ആയത്.
അല്ല. ഇപ്പോഴാണ് കല്യാണത്തിന് അവസരം കിട്ടിയത് എന്ന് പറയുന്നതാകും ശരി. അവൾ ഇന്ന് അറിയപ്പെടുന്ന ഒരു അഡ്വക്കേറ്റാണ് . കോളേജ് ജീവിതം മുതൽ കൂടെ പഠിച്ച വിനീതിനെ സ്നേഹിച്ചവൾ, സമപ്രായക്കാർ , താഴ്ന്ന ജാതിക്കാരൻ , അഭിമാനിയായ അച്ഛൻ സമ്മതിക്കാത്തതിനാൽ വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചവൾ. ഇപ്പോൾ അച്ഛൻ മരിച്ച് ഒരു വർഷം കഴിഞ്ഞു . തന്റെ ആഗ്രഹത്തിന് എതിര് നിൽക്കാൻ ആളില്ലാതായി. അവരാണ് നാളെ വിവാഹം കഴിക്കാൻ പോകുന്നത്. നാളെ എന്ത് കൊടുക്കും .
മോളേയും കൂട്ടി കവലയിലേക്ക് പോയി ആദ്യം കണ്ട തുണിക്കടയിൽ കയറി. സാരി, ചുരിദാർ അങ്ങനെ ഓരോന്നായി നോക്കി. കയ്യിലുള്ള പൈസക്ക് ഒടുവിൽ ഒരു സാരി വാങ്ങി മോളുടെ കളർ സെലക്ഷൻ .ഒപ്പം മോൾക്ക് ഒരു മിഡിയും വാങ്ങി. തിരികെ വന്നു. ഞങ്ങളെക്കാത്ത് ഉമ്മറപ്പടിയിൽ അവൾ നിൽക്കുന്നുണ്ടായിരുന്നു.
സാരി അവളെ കാണിച്ചു. ”ഇതു കുറച്ചു കൂടെ നല്ലത് വാങ്ങാമായിരുന്നില്ലെ ” അവളുടെ ചോദ്യം ‘
“കയ്യിൽ ഉള്ള പൈസക്കല്ലേ വാങ്ങാൻ പറ്റുള്ളു .”
“അല്ലെങ്കിൽ എപ്പഴാ നിങ്ങളുടെ കയ്യിൽ വല്ലതും കാണുന്നത്. “അതും പറഞ്ഞ് അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി.
ഇതിപ്പോൾ സ്ഥിരമായി പറയുന്ന കാര്യമാണ്. അവരുടെ കാര്യത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല. പിന്നെന്തിനാ അവൾ ഇപ്പോൾ ഇങ്ങനെ പറയുന്നത്. മോൾക്ക് ഒരു മാല വാങ്ങണം എന്ന് കുറേ നാളായി പറഞ്ഞപ്പോൾ , ഞാനെന്റെ സ്വന്തം ചിലവ് ചുരുക്കി. മിച്ചം പിടിച്ച് വാങ്ങി കൊടുത്തു ഒരു പവൻ വരുന്നൊരു മാല . കൊണ്ട് വന്നപ്പോഴെ. അതങ്ങ് വാങ്ങി. എവിടെയെങ്കിലും പോകുമ്പോൾ ഇട്ട് കൊടുക്കാം ഇപ്പോൾ എന്റെ കഴുത്തിൽ കിടക്കട്ടെ എന്നും പറഞ്ഞ്.
പൊന്നിനോട് പെണ്ണിനെന്നും ആർത്തിയാണ്. എന്റെ ജീവിതത്തിലേക്ക് അവൾ വന്നപ്പോഴും കഴുത്തിലോ, കാതിലോ ഉണ്ടായിരുന്നും ഇല്ല. ഇതു വരെ എനിക്കൊന്നും വാങ്ങി കൊടുക്കാൻ കഴിഞ്ഞിട്ടുമില്ലായിരുന്നു.
വർഷങ്ങൾക്ക് ശേഷം കൂട്ടുകാരെ കാണാനുള്ള ഒരു അവസരം അവൾ വളരെ സന്തോഷവതി ആയിരുന്നു. അതിരാവിലെ തന്നെ ഞങ്ങൾ യാത്ര തിരിച്ചു. ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും എല്ലാം സ്വന്തമായി വാഹനം ഉണ്ട്. ഞങ്ങൾക്കും ഉണ്ട് . സാധാരണക്കാരന്റെ സ്വന്തം വാഹനം . കെ.എസ് . ആർ.ടി.സി ബസ്സിൽ. ഒരു മണിക്കൂർ യാത്ര ഉണ്ട് വിവാഹ സ്ഥലം വരെ എത്താൻ അവളും മോളും മുന്നിൽ ലേഡീസ് സീറ്റിൽ ഇരുന്നു. ഞാൻ പിറകിലായി കണ്ടക്ടർ സീറ്റിന് മുന്നിലായി സൈസ് സീറ്റിലും ,