മോഹനഹേമന്തം

“മോളെ മേശപ്പുറത്തിരിക്കുന്ന ചായയെങ്കിലും കുടിച്ചിട്ട് പോ, രാവിലെ തന്നെ ഒന്നും ഇറക്കാതെ എങ്ങനാ!”

“ഓ ഒന്നും വേണ്ടമ്മേ, ഇപ്പോൾ തന്നെ വൈകി” ഹേമ ധൃതിയിൽ അമ്മയോട് പറഞ്ഞു.

‘സമയം ഏഴു കഴിഞ്ഞു. ഏഴരയ്ക്ക് ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ആ ഹെഡ്‍ നേഴ്സിന്റെ മുഖം കറുക്കും! ഇരുപതു മിനിറ്റ് കൊണ്ട് ആസ്പത്രിയിൽ എത്തുമോ?? എത്തും, നേഴ്‌സായി ജോലി തുടങ്ങിയ കഴിഞ്ഞ ഒരു കൊല്ലം ഇതല്ലേ പതിവ്.’

‘സമയം ഏഴു കഴിഞ്ഞു. അവൾ എത്തിയില്ലയോ!’ വീടിന്റെ ബാൽക്കണിയിലെ ചാരുകസേരയിൽ ഇരുന്നു മോഹനൻ അക്ഷമനായി. ‘ഇനി അവധി എടുത്തു കാണുമോ? ഹേയ് അല്ല, ദാ അവൾ എത്തി!.’ മുന്നോട്ടാഞ്ഞിരുന്നു പത്രത്താളുകൾക്കിടയിലൂടെ മോഹൻ ഹേമയെ ഏറുകണ്ണിട്ടു നോക്കി.

‘ഇയാൾക്ക് വേറെ ഒരു പണിയും ഇല്ലേ!’ ഈ സ്ഥിരം വായ്‌നോട്ടക്കാരനെ ഹേമ ശ്രദ്ധിക്കാത്ത മട്ടിൽ ശ്രദ്ധിച്ചിരുന്നു. ബസ്‌സ്റ്റോപ്പിന് നേരെ എതിർവശത്തുള്ള വീട്. ‘ആഢ്യത്വം ഉള്ള വീടൊക്കെ തന്നെ ആണെങ്കിലും അയാൾ അത്ര മാന്യൻ അല്ല.’ ബസ് നീങ്ങവേ ഹേമ അയാളെ രൂക്ഷമായി നോക്കി.

പതിവുപോലൊരു ദിവസം ഡ്യൂട്ടി കഴിഞ്ഞു ഹേമ വീട്ടിലെത്തുമ്പോൾ അകത്തു നിന്നും ശബ്ദം ഉയർത്തി സംസാരം. ‘ഓ, അമ്മാവൻ എത്തിയെന്നു തോന്നുന്നു. ഏന്താണാവോ വരവിന്റെ ഉദ്ദേശം. സ്ഥിരം കല്യാണാലോചന ആവുമോ?’

“ആഹാ നീ എത്തിയോ. ഹേമേ നീ അങ്ങു ക്ഷീണിച്ച പോയല്ലോ!”

“ആശുപത്രിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം അല്ലേ അമ്മാവാ” ഹേമ ചിരിച്ചു.

“നീ ഇരിക്ക്, ഒരു കാര്യം പറയാനുണ്ട്” അമ്മ അടുക്കളയിൽ നിന്നും ചായയുമായി എത്തി.

“എന്താമ്മേ, എന്തേലും അന്താരാഷ്ട്ര വിഷയമാണോ.”

“അല്ല മോളെ തദ്ദേശീയമാ. നിന്റെ കല്യാണം. എത്ര നാളെന്ന് വെച്ചാ നീ ഇങ്ങനെ. വയസ്സിരുപത്തേഴായി” അമ്മാവൻ ഗൗരവത്തിലായി പറഞ്ഞു.

“എനിക്ക് ഉടനെ ഒരു കല്യാണം വേണ്ടമ്മാവാ” ഹേമ പരിഭവിച്ചു: ” ഗൾഫിൽ പോയി ജോലി നോക്കണമെന്നുണ്ട്. ഒരു രണ്ടു വർഷം കഴിഞ്ഞു മതി കല്യാണം ഒക്കെ.”

“നീ നാട്ടിലേം ഗൾഫിലേം പരീക്ഷകൾ ഒക്കെ എഴുതിക്കോ. കല്യാണം അതിനൊരു തടസാവില്ല” അമ്മ അമ്മാവനെ പിന്തുണച്ചു.

“പയ്യനാണേൽ ഗവണ്മെന്റ് ഉദ്യോഗം ഉണ്ട്. ബാങ്കിൽ മാനേജർ ആണത്രേ!.”

“ഓഹോ! ആരായാലും എനിക്കിപ്പോ വേണ്ട!.”

“നീ മിണ്ടാതിരിക്കുന്നുണ്ടോ ഹേമേ. ഒരു ആൺതുണ ഇല്ലാത്ത ഈ വീട്ടിൽ നിന്റെ അമ്മാവൻ വേണം എല്ലാം നോക്കി നടത്താൻ. അമ്മാവനും പ്രായം ആയി വരികാ.”

“അതെ അമ്മേ. അമ്മാവൻ ഞങ്ങളുടെ ഹോസ്പിറ്റലിലെ സ്ഥിരം വിസിറ്ററാ.”

“നിനക്കെല്ലാം ഒരു തമാശ.”

“അവളെ നിർബന്ധിക്കണ്ട. വീടിനടുത്തൂന്നു ഇത്രേം നല്ലൊരു ആലോചന വന്നപ്പോ. നല്ല കുടുംബക്കാരും ആരുന്നു. ആഹ് മോൾക്ക്‌ ഇഷ്ടം ഇല്ലേൽ വേണ്ട. ഞാൻ ഇറങ്ങുന്നു. പറമ്പിലെ പണിക്കാർക്ക് കൂലി കൊടുക്കാനൊണ്ട്.”

“അമ്മാവാ പിണങ്ങിയോ. എല്ലാർക്കും അതാണു താല്പര്യം എങ്കിൽ.. എനിക്ക് എതിർപ്പ് ഒന്നും ഇല്ല.”

“മിടുക്കീ! ഞാൻ രണ്ടു ദിവസം കഴിഞ്ഞിങ്ങോട്ട് ഇറങ്ങാം” അമ്മാവന്റെ മുഖം തെളിഞ്ഞു.

”അമ്മേ വീടിനു അടുത്തൂന്നെന്നു പറയുമ്പോ, എവിടുന്നാ?”

“വാര്യത് വീടില്ലേ, നമ്മുടെ ബസ്‌സ്റ്റോപ്പിന് നേരെ കിഴക്ക്. നല്ല ആൾക്കാരാ. ആ വീട്ടിലെ ഇളയ പയ്യനാ.”

‘ആ വായിനോക്കിയോ!’ ഹേമ മനസ്സിലൊന്ന് നിലവിളിച്ചു.

“നിന്നെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. പയ്യന്റെ അച്ഛനാ അമ്മാവനോട് ആദ്യം കാര്യം അവതരിപ്പിച്ചത്.”

‘കുടുങ്ങിയല്ലോ!’ ഹേമ തലയിൽ കൈ വെച്ച് പോയി. അവളുടെ മനസ്സിൽ സന്ദേഹങ്ങൾ മിന്നിമാഞ്ഞു.

പിന്നീട് കാര്യങ്ങൾ മുറ പോലെ നടന്നു. പെണ്ണുകാണൽ ചടങ്ങിൽ ഹേമ മോഹനോട് അധികം ഒന്നും സംസാരിച്ചില്ല, ചിരിക്കുക മാത്രം ചെയ്തു. ഹേമയുടെ നല്ല പെരുമാറ്റവും ഇടപെടലും മോഹനെ കൂടാതെ അയാളുടെ വീട്ടുകാർക്കും ബന്ധുക്കൾക്കും നന്നേ ഇഷ്ടപ്പെട്ടു.

“പയ്യന്റെ സഹോദരി അങ്ങ് അമേരിക്കയിൽ ഉണ്ട്. നേഴ്സ്സാണ്. ഹേമയ്ക്ക് താല്പര്യം ഉണ്ടേൽ അങ്ങോട്ട് ഉള്ള പരീക്ഷകളും നോക്കാം. നേഴ്സുമാർക്ക് അവിടെ ഒക്കെ നല്ല ശമ്പളം ആണെന്നു അവൾ പറയുന്ന കേൾക്കാം” മോഹന്റെ അച്ഛൻ പെണ്ണുകാണൽ സമയത്ത് പറഞ്ഞു.

ഹേമ സമ്മതഭാവത്തിൽ തല കുലുക്കി.

ആ ഉറപ്പിന്മേൽ ആണോ എന്തോ സ്ത്രീധനത്തിൽ അവർ വല്യ താല്പര്യം കാണിച്ചില്ല. ഇഷ്ടം ഉള്ളത് തന്നാൽ മതിയെന്നറിയിച്ചു. സ്ത്രീധനത്തേക്കാൾ വലുത് ഹേമ ആണെന്ന് മോഹൻ ഫോണിലൂടെ പറഞ്ഞപ്പോൾ ഹേമയ്ക്ക് അയാളോടു എന്തെന്നില്ലാത്ത മതിപ്പ് തോന്നി. കൂടാതെ അയാളുടെ ശാന്ത സ്വഭാവവും സംസാരവും അവളെ ആകർഷിച്ചു. ഫോണിന്റെ മറുതലയ്ക്കൽ ഹേമ ഇടതടവില്ലാതെ സംസാരിക്കുമ്പോളും അയാൾ മൂളിക്കൊണ്ടേ ഇരിക്കും.”ചേട്ടന്റെ ക്ഷമാ ശീലത്തിന് നൂറു മാർക്ക്” എന്ന് പറഞ്ഞുകൊണ്ട് അവൾ പൊട്ടി ചിരിക്കും.

പെണ്ണ് കാണലിനു ഒരു മാസത്തിനു ശേഷം വിവാഹം ഗംഭീരമായി നടന്നു. അമ്മാവനും അമ്മയ്ക്കും പിടിപ്പതു പണി ആരുന്നു. കടം വാങ്ങിയും, ഭൂമി വിറ്റും അവർ ആ കല്യാണം കെങ്കേമമായി നടത്തി. ഹേമയെ അവളുടെ വീട്ടുകാർ ഒരു ബുദ്ധിമുട്ടും അറിയിച്ചില്ല. ഹേമ അറിയാതെ മോഹൻ ഒരു നല്ല തുക അമ്മാവന്റെ കയ്യിൽ വെച്ച് കൊടുത്തെങ്കിലും അദ്ദേഹം അത് സ്നേഹപൂർവ്വം തിരികെ നൽകി. ഹെഡ്‍ നേഴ്സിന്റെ കയ്യും കാലും പിടിച്ചു കല്യാണശേഷം ഹേമയ്ക്ക് രണ്ടാഴ്ചത്തെ ലീവ് കിട്ടി.

~~~~~~~~~~~

“ഹേമേ. എന്റെ ഒരു കറുത്ത പാന്റ് എവിടെയാ. ഇന്നു ഒരു കോൺഫെറൻസിന്റെ കാര്യം ഞാൻ പറഞ്ഞില്ലാരുന്നോ” രാവിലെ തന്നെ മോഹന് വെപ്രാളം.

“ചേട്ടാ, പാന്റ് ഞാൻ ഇന്നലെ തന്നെ സ്യൂട്കേസിൽ മടക്കി വെച്ചാരുന്നു.”

മോഹന്റെ ഈ വെപ്രാളം കാണുമ്പോൾ ഹേമ നിന്നും ചിരിക്കും. ‘എല്ലാത്തിനും താൻ തന്നെ വേണം. കൊച്ചുകുട്ടികളെ പോലെയാ. ഇന്നലെ എല്ലാം റെഡി ആക്കി വെക്കുന്നത് ചേട്ടനും കണ്ടതാ. പക്ഷെ വെപ്രാളം കേറിയാൽ പുള്ളിക്ക് ഒന്നും തലയിൽ നിക്കില്ല!.’

ഹേമയുടെ ചിരി കണ്ട മോഹൻ പറഞ്ഞു: ” ഓഹ് തനിക്കൊന്നും അറിയണ്ടല്ലോ ഈ ബാങ്ക് ജോലീടെ പ്രഷർ!പൈസ വെച്ചുള്ള കളിയാ മോളെ. പാവപ്പെട്ട രോഗികൾക്ക് നേരെയൊള്ള നിങ്ങളുടെ സൂചിയേറു പോലെയല്ല.”

“അയ്യോ പിന്നേയ്, നിങ്ങൾ എന്നല്ല ഏതൊരു മനുഷ്യജീവി ആയാലും രോഗം വന്നു വയ്യാണ്ടായാൽ ഞങ്ങൾ ഈ നേഴ്സുമാരെ അടുത്തൊക്കെ കാണൂ! അത് മറക്കണ്ട” ഹേമ കലിതുള്ളി.

“ഹഹ കണ്ടോ കണ്ടോ സ്വന്തം ഭർത്താവിനേക്കാൾ വലുതാണ് ഒരാൾക്കു മാലാഖപ്പണി. നമ്മൾ ഒടക്കാൻ വരുന്നില്ലേ, ശംഭോ മഹാദേവ.”

“അങ്ങനെ വഴിക്കു വാ. പാവം ആ ആമാശയത്തെ ഇട്ടു കഷ്ടപ്പെടുത്താതെ കഴിക്കാൻ വാ” ഹേമ അടുക്കളയിലേക്ക് നടക്കവേ പറഞ്ഞു.

“ഉത്തരവ് പോലെ” മോഹൻ തൊഴുതു.

പ്രായമായ മോഹന്റെ അച്ഛനും അമ്മയ്ക്കും ഹേമ മരുമകൾ എന്നതിലുപരി മകൾ തന്നെ ആയിരുന്നു. അവരുടെ എല്ലാ കാര്യങ്ങളിലും അവൾ ശ്രദ്ധ വെച്ചു. വേലക്കാരി ഉള്ളപ്പോഴും വീട്ടിലെ എല്ലാ ജോലികളും ഒരു മടിയും കൂടാതെ അവൾ ചെയ്തു. ഹേമയുടെ അസ്സലു പാചകം എല്ലാരുടെയും കയ്യടി വാങ്ങി.

മോഹനും വളരെ സ്നേഹസമ്പന്നനായ ഭർത്താവായിരുന്നു. രണ്ടു പേർക്കും പലസമയം ഡ്യൂട്ടി ആയിരുന്നെങ്കിലും, സമയം കണ്ടെത്തി ഹേമയെ പുറത്തു കൊണ്ടുപോകും. അവൾക്ക് ഏറെ ഇഷ്ടമുള്ള പാനീ പൂരി വാങ്ങിക്കൊടുക്കും. ഹേമയ്ക്ക് പോകണം എന്ന് തോന്നുമ്പോഴൊക്കെ അവളുടെ വീട്ടിൽ പോയിവരും. വിശേഷദിനങ്ങളിൽ അമ്മയ്ക്കും അമ്മാവനും വസ്ത്രം എടുത്തുകൊടുക്കും.

“ഈ വായിനോക്കിയുടെ ഹൃദയവും വിശാലം ആണല്ലോ” എന്ന് ഹേമ ഒരിക്കൽ തമാശരൂപേണ മോഹനോട് പറഞ്ഞു.

“നിന്നെ അല്ലാതെ വേറെയാരെയും അങ്ങനെ നോക്കിയിട്ടേ ഇല്ലാ” എന്ന മോഹന്റെ മറുപടിയിൽ ഹേമ മനസാ സന്തോഷിച്ചു.

മോഹൻ ഒരിക്കൽ ഹേമയോടായി പറഞ്ഞു: “നിനക്ക് അമേരിക്കയിൽ പോകണം എങ്കിൽ പൊയ്ക്കോ കേട്ടോ, ഞാൻ എതിരല്ല”

“ആഹാ അങ്ങനിപ്പോ പോകുന്നില്ല. നിങ്ങൾക്ക് വേറെ ആരെ എങ്കിലും വായിനോക്കണം എന്ന് തോന്നിയാലോ?” ഹേമ കളിയാക്കി.

“നിന്നെ ഞാൻ” മോഹൻ എന്തോ ബാധ കയറിയ പോലെ അവളെ ചെവിക്ക് കിഴുക്കി.

ഹേമ അപ്പോഴും കുലുങ്ങിചിരിച്ചു.

അങ്ങനെ കളിച്ചും ചിരിച്ചു പരിഭവിച്ചും ജീവിതമാകുന്ന പുഴയിലൂടെ അവരുടെ ദാമ്പത്യം എന്ന തോണി ഒഴുകിനീങ്ങി.

~~~~~~~~~~~~

“ഹേമേ നാളെ മാത്രേ ഒള്ളു കേട്ടോ ലീവ്. മറ്റന്നാൾ എന്തേലും കാര്യമായിട്ട് കഴിക്കാൻ ഒള്ളതുമായിട്ട് ഇങ്ങെത്തിയേക്കണം.”

“ശെരി ചേച്ചീ” ഹെഡ്‍ നേഴ്സിന്റെ സ്നേഹവും താക്കീതും കലർന്ന വാക്കുകൾ കൂടുതൽ ശ്രവിക്കാതെ ഹേമ ഡ്യൂട്ടി കഴിഞ്ഞു തിടുക്കത്തിൽ ഇറങ്ങി. നാളെ ഒന്നാം വിവാഹവാർഷികം ആണെന്ന് പറഞ്ഞിട്ടുകൂടി അവധികിട്ടാൻ അല്പം പാടുപെട്ടു. ‘നഴ്സുമാരുടെ ഒരു അവസ്ഥ!’ അവൾ പരിതപിച്ചു.

വീട്ടിൽ ചെന്ന പാടെ ഹേമ അമ്മയോട് മോഹനെ പറ്റി തിരക്കി. ക്ഷീണം കാരണം മുറിയിൽ കിടന്നു ഉറങ്ങുവാണത്രെ! ‘ജോലി അതുകണക്കിനല്ലേ’ അമ്മ പിറുപിറുത്തു.

‘എന്തുപറ്റി? താനും ശ്രദ്ധിക്കാതിരുന്നില്ല, ഒന്നു രണ്ടാഴ്ചയായി ചേട്ടനൊരു ഉന്മേഷക്കുറവ് പോലെ’.

ഹേമ റൂമിലെത്തി മോഹനെ നോക്കി. കട്ടിലിൽ ചെരിഞ്ഞു കിടന്നു സുഖനിദ്ര. തനിക്കു തരാമെന്നേറ്റ സർപ്രൈസ് എന്തായിരിക്കും. ഹേമ അധികം തല പുണ്ണാക്കാതെ മോഹന്റെ അടുക്കലെത്തി അയാളുടെ തലയിൽ തലോടി.

അവളുടെ സ്പർശം മനസിലാക്കിയ പോലെ മോഹൻ കണ്ണുകൾ മെല്ലെ തുറന്നു.

“എന്തു പറ്റി ചേട്ടാ ക്ഷീണായോ?

“ഹേയ് എന്തു ക്ഷീണം! ചെറിയൊരു തലവേദന. കഴിഞ്ഞ ദിവസം ഒക്കെ ഒറക്കം അളച്ചുള്ള എഴുത്തുകുത്തുകൾ അല്ലാരുന്നോ, അതാവും.”

“അതെ, സാരമില്ല. ഒന്നൊറങ്ങി എഴുന്നേക്കുമ്പോ എല്ലാം ശെരിയാകും” ഹേമ ആശ്വസിപ്പിച്ചു.

“മോൾക്കുള്ള സമ്മാനം അലമാരയിൽ ഇരിക്കുന്നു.”

“ഏയ് അതൊന്നും ഇപ്പോ വേണ്ട.”

അടുത്ത ദിവസം നടന്ന വിവാഹ വാർഷിക പാർട്ടിയിൽ ക്ഷണം കിട്ടിയ എല്ലാവരും വന്നിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേക്ക് മുറിക്കലും, മനം മയക്കുന്ന സംഗീതവും, ഫോട്ടോ എടുക്കലും, ഭക്ഷണം വിളമ്പലും, കുട്ടികളുടെ കലപിലയും ഒക്കെകൊണ്ട് ആകെ മൊത്തം സന്തോഷഭരിതമായി ആ സായാഹ്നം.

ആ ശബ്ദ കോലാഹലങ്ങൾക്കിടയിൽ നിന്നും മോഹൻ ഹേമയുടെ കൈപിടിച്ചു മുറിയിലേക്കു പോയി. ഹേമയോട് കണ്ണടച്ച് നിൽക്കാൻ അയാൾ ആംഗ്യം കാണിച്ചു.

“വിsഷൂന്റെ സമയം ആയില്ലല്ലോ ചേട്ടാ” ഹേമ കണ്ണുകളടച്ചുകൊണ്ട് ആരാഞ്ഞു.

“മതിയെടോ തന്റെ ഇളിച്ച കോമഡി.”

മോഹൻ അലമാരയിലെ ഷെൽഫിൽ നിന്നും ആ സമ്മാനം എടുത്തു അവളുടെ കൈവിരലിൽ അണിയിച്ചു. കണ്ണ് തുറന്ന ഹേമ അതിശയിച്ചു. ‘ഡയമണ്ട് റിങ്!.’

“അയ്യോ! ഇത്‌, ഇത്രേം ഒന്നും വേണ്ടീരുന്നില്ല ചേട്ടാ.”

“വേണം! ഇത്‌ തന്നെ പോരാന്നെനിക്ക് തോന്നുന്നു.”