മേരികുട്ടിമാർ

ഞങ്ങൾ ആഴ്ച്ച തോറും ഉള്ള ചെക്കപ്പിന് ഹോസ്പിറ്റലിൽ പോയതാണ്. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ എന്റെ പേഷ്യന്റ് അവരുടെ മകൾ. ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. നേരത്തേ ടോക്കൺ എടുത്തതുകൊണ്ട് നേരേ ഡോക്ടറുടെ റൂമിനു വെളിയിൽ കാത്തിരുന്നു. ‌ഞങ്ങളേ പോലെ വേറെ കുറച്ചു പേർ കൂടി അവിടെ ഉണ്ടായിരുന്നു. എല്ലാവരും ഡോക്ടറേ കാണാൻ വന്നതാണ്. ഞങ്ങൾ ഞങ്ങളുടെ നംബർ ആകാൻ കാത്തിരിക്കാൻ തുടങ്ങി..

അപ്പോളാണ് ഒരു ഫലിപ്പീനി യുവാവ് അയാളുടെ പേഷ്യന്റിനേ കൊണ്ട് അങ്ങോട്ട് വന്നത്. ആദ്യ കാഴ്ചയിൽ കുഴപ്പം തോന്നിയില്ല. എന്നാൽ അടുത്ത് വന്നപ്പോൾ എന്തോ ഒരു കുഴപ്പം പോലെ. നടപ്പ് ഒക്കെ ഒരു പെണ്ണിനേ പോലെ. കുറച്ചു കൂടി അടുത്തു വന്നപ്പോൾ മനസിലായി ശരിക്കും ഒരു പെണ്ണിനേ പോലെ തന്നെ. കണ്ണൊക്കെ എഴുതി ചുണ്ടിൽ നേരിയ തോതിൽ ലിപ്റ്റിക്ക് കൈയ്യിലും കാലിലും നെയില്പോളീഷ്. എന്റെ അടുത്തിരുന്ന മലയാളി കൊച്ച് എന്നോട് പറഞ്ഞു ചേച്ചി ഇത് മറ്റേതാ. മറ്റേതോ? ഞാൻ തിരിച്ചു ചോദിച്ചു. ആ!!!”ഹിജഡ” അവൾ പറഞ്ഞപ്പോൾ ഞാൻ അവളേ ഒന്ന് സൂക്ഷിച്ചു നോക്കി അവളുടെ മുഖത്തേ പരിഹാസം എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു.

അയാൾ പേഷ്യന്റുമായി ഞങ്ങൾക്ക് “ശാലോം” പറഞ്ഞ് എതിർ വശത്തേ കസേരയിൽ ഇരുന്നു. ഞങ്ങൾ തിരിച്ചു അഭിവാദനം ചെയ്തു. ഇവിടെ അഭിവാദനം ചെയ്യുന്നതിന് ഉപയോഗിക്കുന്ന വാക്കാണ് “ശാലോം”. അയാൾ എന്റെ പേഷ്യന്റിന്റെ മകളോട് ചോദിച്ചു ” മാർ മിസ്പാർ ഷെല്ലാ?= എത്രയാണ് നിങ്ങളുടെ നംബർ? അവൾ ചിരിച്ചു കൊണ്ട് ടോക്കൺ കാണിച്ചു കൊടുത്തു. അവൻ ഹീബ്രുവിൽ പറയുന്നുണ്ടായിരുന്നു ഞങ്ങൾ കുറച്ചു താമസിച്ചു പോയി. ഞാൻ ആദ്യമായാണ് ഒരു ട്രാൻസ്ജന്ററേ കാണുന്നത്. ഞാൻ അയാളേ സാകൂതം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ നോട്ടം കണ്ടിട്ട് അവൻ എന്നേ നോക്കൻ തുടങ്ങിയപ്പോൾ ഞാൻ നോട്ടം നിർത്തി. എന്റെ അടുത്തിരുന്നവൾ അപ്പോഴേക്കും ഡോക്ടറുടെ അടുത്തേക്ക് പോയിരുന്നു.

ഈ സംഭവം നമ്മുടെ നാട്ടിലാണ് നടന്നതെന്ന് ഓർക്കുക എന്താണ് സംഭവിക്കുക? ആ വ്യക്തിയേ കാണുമ്പോൾ നമ്മൾ വെറുപ്പോടും അറപ്പോടും കൂടി മുഖം തിരിക്കും. നമ്മുടെ നട്ടിൽ മാത്രമേ ഇങ്ങനെയുള്ളു എന്ന് തോന്നുന്നു. മൂന്നാം

ലിംഗകാർക്ക് അയിത്തം കൽപ്പിക്കുന്നത്. വേറേ ഒരു രാജ്യത്തും അവർക്ക് ഒരു വേർതിരിവും ഇല്ല.ആരും അവരേ തുറിച്ചു നോക്കുകയോ ആട്ടിപായിക്കുകയോ ഇല്ല.

മനുഷ്യൻ എന്ന വാക്കിന് വലിയ അർത്ഥം ഉണ്ട്. അവർ അങ്ങനെ ആയത് അവരുടെ തെറ്റുകൊണ്ടോ നമ്മൾ ഇങ്ങനെ ആയത് നമ്മുടെ മേന്മകൊണ്ടോ അല്ല. ആണിനുള്ളി ഒളിഞ്ഞിരിക്കുന്ന പെണ്ണും പെണ്ണിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ആണും എന്നും ശ്വാസം മുട്ടിക്കുന്ന അവസ്ഥ തന്നെയാണ്. തന്റെ ഉള്ളിൽ എതിർ ലിംഗത്തിൽ പെട്ട ഒരാൾ ഉണ്ട് എന്ന് മനസിലാക്കുന്ന ഒരാൾ അനുഭവിക്കുന്ന മാനസിക സംഘർഷം ആർക്കും മനസിലാവുകയില്ല. സ്വന്തം കുടുംബക്കാർ പോലും അവരേ ഉപേക്ഷിച്ചു കളയും.

ഞാൻ കേട്ടിട്ടുണ്ട് ഗർഭിണി ആയിരിക്കുന്നവർ ഒരു ട്രാൻസ്ജന്ററേ കണ്ടാൽ ജനിക്കാൻ പോകുന്ന കുട്ടിക്കും ഈ വൈകല്യം ഉണ്ടാവും എന്ന്. എത്ര നീചമായ ഒരു കാഴ്ചപ്പാട് അത്. അതുപോലെ അവർ നമ്മുടെ വീട്ടിൽ വന്ന് ശപിച്ചാൽ കുടുംബത്തിലും അങ്ങനെ സംഭവിക്കും പോലും.

ഞാൻ വിചാരിക്കുന്നു എഴുത്തുകാർക്ക് അവർ വലിയവരാകട്ടേ ചെറിയവർ ആകട്ടേ സമൂഹത്തോട് ഒരു കടമയുണ്ട്. നമുക്ക് പറയാനുള്ളത് നമ്മൾ എഴുത്തിലൂടെ പറയണം. ആർക്കെങ്കിലും മാറി ചിന്തിക്കാൻ തോന്നിയാൽ അത് ഒരു നേട്ടമല്ലേ.

കഴിഞ്ഞ ദിവസം ആരോടോ”ഞാൻ മേരികുട്ടി”സിനിമയേ കുറിച്ച് പറഞ്ഞപ്പോൾ പറയുന്നത് കേട്ടു അയ്യേ അത് ഹിജടകളുടെ സിനിമയല്ലേ എന്ന്. എന്റെയൊന്നും മക്കൾക്ക് അങ്ങനെ ഒരു ആൾക്കാർ ജീവിച്ചിരിപ്പുണ്ട് എന്ന് തന്നെ അറിയില്ല. കുട്ടികൾ

അറിയണം നമ്മുടെ ഇടയിൽ ഇങ്ങനെ ഉള്ളവരും ഉണ്ടെന്ന്.

മേരികുട്ടി ഞാൻ കണ്ടില്ല. പ്രൊമോ കണ്ടു. അഭിപ്രായങ്ങൾ കേട്ടു. ജയസൂര്യ എന്ന നടനോടുള്ള ബഹുമാനം കൂടീട്ടേ ഉള്ളു. അദ്ദേഹത്തിനും സംവിധായകനും ഇങ്ങനെ ഒരു സിനിമ എടുക്കാൻ കാണിച്ച ചങ്കൂറ്റത്തിന് ഒരു ബിഗ് സല്യൂട്ട്.അവരേ ആണോ പെണ്ണോ എന്നല്ല പരിഗണിക്കേണ്ടത് മനുഷ്യൻ എന്നാണ് പരിഗണിക്കേണ്ടത്. അവർക്കും വിചാരങ്ങളും വുകാരങ്ങളും ഉണ്ട്. അവരുടെ ശരീരം മുറിഞ്ഞാലും വരുന്നത് രക്തം തന്നെയാണ്. ആ രക്തത്തിന് ചുവപ്പ് നിറമാണ്.ഇനി എങ്കിലും നമുക്ക് മാറി ചിന്തിക്കാൻ നോക്കാം. സമൂഹത്തിന്റെ പിന്നാം പുറത്തേക്ക് അവരേ തള്ളി കളയാതേ ഒരു കൈ കൊടുത്ത് മുൻ നിരയിലേക്ക് അവരേയും കൊണ്ട് വരാം. ചുരുങ്ങിയ പക്ഷം അവരേ തുറിച്ചു നോക്കാതെ അവർ അടുത്ത് വരുമ്പോൾ ഒരു പുഞ്ചിരി അവർക്കായി കരുതി വെയ്ക്കാം. അത് അവർക്കുള്ള നമ്മുടെ സമ്മാനമാകട്ടേ.ആവശ്യമില്ലാതെ നാം എന്തുമാത്രം ചിരിക്കുന്നു. അവർക്കായി നമ്മൾ ഒരു പുഞ്ചിരിയെങ്കിലും കരുതുമ്പോൾ അവരുടെ പ്രാർത്ഥനയിൽ നമ്മളും ഉണ്ടാകും. ആ പ്രാർത്ഥന ദൈവം കേൾക്കും കാരണം ദൈവത്തിന് അവർ അത്ര പ്രിയപെട്ടവരാണ്. ഇത് വായിച്ച് ഒരാളെങ്കിലും മാറി ചിന്തിച്ചാൽ എന്റെ എഴുത്തിൻ അർത്ഥം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ലോകം മാറുകയാണ് അപ്പോൾ നമ്മളും മാറണം അത് പ്രകൃതുയുടെ നിയമം.