ജന്നത്തിലെ മുഹബ്ബത്ത് 3

ജന്നത്തിലെ മുഹബ്ബത്ത് 3
Jannathikle Muhabath Part 3 രചന : റഷീദ് എം ആർ ക്കെ
Click here to read Previous Parts

നജ്മ പറഞ്ഞു തന്ന വഴിയിലൂടെ യാത്ര ചെയ്‌തവസാനം ഞാനും മുസ്തഫയും അവളുടെ വീട് കണ്ടുപിടിച്ചു . റോഡിനോട് ചാരി നിൽക്കുന്ന കൊട്ടാരം പോലെയുള്ള വലിയ ഒരു വീട്.. നാട്ടിലെ അറിയപ്പെടുന്ന പ്രമാണിമാരുടെ കുടുംബമാണ് അവളുടേതെന്ന് അന്നാണ് ഞാനറിയുന്നത് കാരണം അവൾ അന്നുവരെ സ്വന്തം കുടുംബത്തിന്റെ പോരിശ നിറഞ്ഞ ഒരു വാക്ക് പോലും എന്നോട് പറയുകയോ അതിന്റെ അഹങ്കാരം കാണിക്കുകയോ ചെയ്തിട്ടില്ലായിരുന്നു .

ഗെയ്റ്റ് കടന്ന് വീടിന്റെ മുന്നിലെത്തിയ ഞങ്ങൾ മുറ്റത്ത് നിന്ന് കാളിംഗ് ബെൽ അമർത്തിയതും ഒരു സ്ത്രീ വന്നു വാതിൽ തുറന്നു. അവരാണ് നജ്മയെ ദു:ഖങ്ങളുടെ കാവൽക്കാരിയാക്കിയ ആ ദുഷിച്ച മനസ്സിനുടമയെന്ന് മനസ്സിലായതും എന്റെ അണപ്പല്ലുകൾ കടിച്ചമർന്നതും ഒരുമിച്ചായിരുന്നു . ഞങ്ങൾ അവളെ പരിചയമുള്ളത് പറയാതെ ഉപ്പയെ തിരക്കിയപ്പോൾ ഉപ്പ പുറത്ത് പോയ സമയമാണ് ” വിളിച്ചു നോക്കാം” എന്ന് പറഞ്ഞ് ആ സ്ത്രീ അകത്തേക്ക് പോയപ്പോൾ അവൾ അകത്തു നിന്നും ഒന്നെത്തി നോക്കി എന്നോട് കൈ കാണിച്ച് ചിരിച്ചു.

കൂടുതൽ വൈകാതെ ആ സ്ത്രീ വന്ന് “ഉപ്പ വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുകയാണ് ഞങ്ങളോട് അൽപ്പനേരം ഇരിക്കാൻ പറഞ്ഞ്” കൂടുതലൊന്നും ചോദിക്കാതെയും പറയാതെയും അവർ അകത്തേക്ക് പോയി.

ഞാനും മുസ്തഫയും അവിടെയിരുന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ ശ്രദ്ധ മുഴുവൻ അകത്തായിരുന്നു. ആ സ്ത്രീ നജ്മയുമായി സംസാരിക്കുന്നതോ ഒന്ന് നോക്കുന്നതോ എനിക്കപ്പോൾ കാണാനോ കേൾക്കാനോ കഴിഞ്ഞില്ല. സ്വന്തം ഉമ്മയില്ലാത്ത വീട്ടിൽ ആ സ്ത്രീ ഇവളെ എത്രമാത്രം മാനസികമായി പീഡിപ്പിക്കുന്നുണ്ടാവും എന്ന് ഞാനൂഹിച്ചു.

നിശബ്ദത നിറഞ്ഞു നിൽക്കുന്ന നജ്മയുടെ വീട്ടിൽ സ്നേഹിക്കുന്ന പെണ്ണിന്റെ സങ്കടം നിറഞ്ഞ ജീവിതമോർത്ത് ഞാൻ അവളുടെ ഉപ്പയുടെ വരവും പ്രതീക്ഷിച്ച് കാത്തിരുന്നു. മനസ്സിലാകെ ടെൻഷനായിരുന്നു. ഇടക്ക് അവൾ വന്ന് കൊണ്ട് കുടിക്കാൻ എന്താണ് വേണ്ടതെന്ന് അങ്ങോട്ടുമിങ്ങോട്ടും നോക്കി പേടിയോടെ ചോദിച്ചെങ്കിലും ഒന്നും വേണ്ട “നീ പോയി പ്രാർത്ഥിക്ക്” എന്ന് ഞാൻ ആംഗ്യം കാണിച്ച് സൂചിപ്പിച്ച് ഞങ്ങൾ അവിടെയങ്ങനെ ഇരുന്നു. കൂടുതൽ വൈകിയില്ല ഉപ്പ ഒരു കാറിൽ വന്നിറങ്ങി ഞങ്ങളോട് സലാം പറഞ്ഞ് അടുത്തേക്ക് വന്നു.

അവൾ പറയാറുള്ളത് പോലെ ഒരു പാവം മനുഷ്യനായിരുന്നു അദ്ദേഹം. ഒരുപാട് നേരം ഞങ്ങളോട് സംസാരിച്ചിരുന്നു. അവസാനം ഞങ്ങൾ വന്ന കാര്യങ്ങൾ മുസ്തഫ അവരോട് പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട്
” അവൾ പഠിക്കുകയല്ലേ… കല്യാണത്തെ കുറിച്ചൊന്നും ഞാൻ ആലോചിച്ചിട്ടില്ല… പിന്നെ പഠിപ്പിക്കുന്ന ഒരു സാറിനെ വിവാഹം കഴിക്കാൻ മോൾക്ക്‌ സമ്മതം ഉണ്ടോ എന്നറിയില്ല ഞാൻ അവളോട്‌ കാര്യങ്ങൾ വിശദമായി സംസാരിച്ച് നിങ്ങളെ ഇന്ന് തന്നെ വിളിക്കാം… എന്റെ തീരുമാനം മാത്രം നോക്കിയാൽ പോരല്ലോ. ഇപ്പോഴത്തെ കുട്ടികളല്ലേ അവരുടെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും കൂടി നോക്കണ്ടേ നമ്മൾ അതുകൊണ്ടാ വേറെ ഒന്നും തോന്നരുത്…” എന്ന് പറഞ്ഞ് അവളുടെ ഉപ്പ ആ നല്ല മനസ്സ് ഞങ്ങൾക്ക് കാണിച്ചു തന്നു.

നമ്പർ നൽകി ഞങ്ങൾ തിരികെ വീട്ടിലേക്ക് തിരിച്ചെങ്കിലും ഞാൻ അസ്വസ്ഥതനാവുന്നത് ശ്രദ്ധിച്ച മുസ്തഫ “അവളെ നിനക്കല്ലാതെ ആർക്കും കിട്ടൂല.. നീ ടെൻഷൻ അടിക്കല്ലേ” എന്ന് പറഞ്ഞ് അവനെന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. അന്ന് രാത്രി അവളുടെ ഉപ്പ വിളിച്ചു കൊണ്ട് പറഞ്ഞു “എന്നോട് ഒന്നും തോന്നരുത് കുട്ടിക്ക് ഇഷ്ടമില്ല എന്നാണ് പറയുന്നത്. അവള്ക്ക് ഇഷ്ടമില്ലെങ്കിൽ നമ്മൾക്ക് നിർബന്ധിക്കാനും കഴിയില്ലല്ലോ.. ഞാൻ ഒരുപാട് പറഞ്ഞു നോക്കി പക്ഷെ അവൾ സമ്മതിക്കുന്നില്ല.. ” എന്ന് പറഞ്ഞ് കൂടുതലൊന്നും പറയാതെ അവർ ഫോൺ കട്ട് ചെയ്തു.

അന്ന് രാത്രി അവളെനിക്ക് വിളിച്ചപ്പോഴാണ് അവളങ്ങനെ പറഞ്ഞിട്ടില്ല എന്നും, ഉപ്പാക്ക് സമ്മതം ആണെന്നും മുടക്കിയത് അവരുടെ ഭാര്യയായ ആ സ്ത്രീ ആണെന്നുമുള്ള സത്യങ്ങൾ അറിയുന്നത്. ഉപ്പയാണെങ്കിൽ ആ സ്ത്രീ പറയുന്നത് മാത്രമേ അനുസരിക്കൂ എന്ന് അവൾ മുൻപ് പറഞ്ഞത് അപ്പോൾ ഞാനോർത്തു.

അന്ന് മുതൽ ആ പ്രണയം എന്നെയും വല്ലാതെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു. അവളെ നഷ്ടപ്പെടുമോ എന്ന തോന്നൽ എന്നെ നിശ്ശബ്ദനാക്കി കളഞ്ഞു. ചിന്തകൾ കാട് കയറി നജ്മയെ ഫെയ്‌സ് ചെയ്യാൻ കഴിയാതെ വരികയാണെന്ന് തോന്നിയപ്പോൾ സ്കൂളിൽ നിന്നും ആവശ്യമില്ലാതെ ലീവെടുക്കൽ പതിവായി. അത് മനസ്സിലാക്കിയ നജ്മ

” സാർ എന്താണിങ്ങനെ… നാളെ ഉച്ച വരെ ക്ലാസ്സ് ഒള്ളൂ.. എനിക്കൊന്ന് കാണണം.. ” എന്ന് പറഞ്ഞ് ഒരു ദിവസം വിളിക്കുന്നത്.

പിറ്റേന്ന് സ്കൂൾ നേരത്തെ വിട്ട സമയത്ത് ഞാനും അവളും പതിവില്ലാതെ ഒരുമിച്ചാണ് ബസ്സ്റ്റാൻഡിലേക്ക് നടന്നത്. അന്ന് എന്ത് ചെയ്യണമെന്നറിയാതെ കുറെ സംസാരിച്ചു. എന്റെ വീട്ടുകാർ സമ്മതിച്ചാൽ നടക്കില്ലല്ലോ അവളുടെ വീട്ടുകാർ അല്ലേ ആദ്യം സമ്മതിക്കേണ്ടത്.
ഇതിനിടയിൽ മുസ്തഫയെ വീണ്ടും ഞാൻ അവളുടെ ഉപ്പയുടെ അടുത്തേക്ക് പറഞ്ഞയച്ചിരുന്നു പക്ഷെ അയാൾക്ക്‌ സ്വന്തമായി ഒരു മറുപടി പറയാൻ കഴിയില്ലെന്നാണ് ഉപ്പ അവനോട് പറഞ്ഞത് .

നടന്നു പോകുന്നതിനിടയിൽ ” എന്താണ് എനിക്കിനി ചെയ്യേണ്ടത് എന്നറിയില്ല നജ്മാ.. എന്റെ വീട്ടുകാർ ഞാൻ കണ്ടെത്തുന്ന ഏത് കുട്ടിയേയും രണ്ട് കയ്യും നീട്ടി സ്വീകരിക്കും ഉറപ്പാണ് പക്ഷെ നിന്റെ വീട്ടുകാർ സമ്മതിക്കാതെ… ???” ബാക്കി മുഴുവനാക്കാതെ ഞാൻ നിർത്തി.
ഒന്നും പറയാതെ അൽപ്പം മുന്നോട്ട് നടന്ന്
ആളൊഴിഞ്ഞ ഒരു ഭാഗത്ത് ഞങ്ങൾ എത്തിയതും നജ്മ എന്റെ മുന്നിൽ നിന്നു. പെട്ടെന്നങ്ങനെ കണ്ടപ്പോൾ കാര്യമെന്താണെന്നറിയാതെ
“എന്താ നജ്മാ.. ? “എന്ന് ഞാൻ ചോദിച്ചപ്പോൾ നിറഞ്ഞ കണ്ണുകൾ തുടച്ച് അവൾ പറഞ്ഞു
” സാറെന്നെ വീട്ടിൽ വന്ന് ആലോചിച്ചത് കാരണം എന്റെ വിവാഹം നടത്താൻ ആ സ്ത്രീ അവരുടെ കുടുംബത്തിൽ പെട്ട ഏതോ കച്ചറ ചെക്കനെ എനിക്ക് വേണ്ടി കണ്ടു വെച്ചിട്ടുണ്ട് . എനിക്കവനെ വേണ്ട സാർ.. അവർ ഉടനെ നടത്തണം എന്നൊക്കെയാണ് പറയുന്നത് പക്ഷെ സാറെനിക്ക് വാക്ക് തന്നാൽ
നമ്മളൊരുമിക്കുന്നത് എന്നാണോ അന്ന് വരെ ഞാൻ കാത്തിരിക്കും… “

എന്റെ മനസ്സൊരുപാട് സ്നേഹിക്കുന്ന അവളോട്‌ എനിക്കപ്പോൾ മറ്റ് മറുപടികളൊന്നും പറയാനുണ്ടായിരുന്നില്ല ഞാൻ ഒന്നും ആലോചിക്കാതെ മറുപടിയായി പറഞ്ഞു
” നിനക്ക് തോന്നുന്നുണ്ടോ നജ്മാ നിന്നെയീ ലോകത്ത് തനിച്ചാക്കി ഞാൻ വിടുമെന്ന്.. ? ജീവിതപങ്കാളിയായി എനിക്കൊരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും.. കാത്തിരിക്കണം നമ്മളോരുമിക്കുന്ന ദിവസം വരെ… ”
എന്നുള്ള വാക്കുകൾ കേട്ടതും സന്തോഷത്തോടെ അവൾ പറഞ്ഞ വാക്കുകളായിരുന്നു…
” ഈ നജ്മ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ സാറിന്റേത് മാത്രമായിരിക്കും..!! “.

പ്രണയവും ഇഷ്ടവും നിറഞ്ഞു നിന്ന ആ അഞ്ചു മിനുട്ടിൽ എന്റെ ഉറപ്പിനേക്കാൾ ആയിരം മടങ്ങ് ഉറപ്പുണ്ടായിരുന്നു അവളുടെ ആ വാക്കുകൾക്കെന്ന് കാലം എനിക്ക് കാണിച്ചു തന്നു.

അന്ന് ഞങ്ങൾ പിരിഞ്ഞതിന് ശേഷം ഞാൻ വീട്ടിലെത്തുമ്പോൾ എന്നെയും പ്രതീക്ഷിച്ച് കൊണ്ടാണ് വീട്ടുകാർ കാത്തിരിക്കുന്നത്. അകത്തേക്ക് കയറുന്ന എന്നോട് ഉപ്പ പിറകിൽ നിന്നും ” അല്ല നീ എന്താ കണ്ടിരിക്കുന്നത് കല്ല്യാണം കഴിക്കാൻ തീരുമാനിച്ചിട്ടില്ലേ.. ? ഇല്ലെങ്കിൽ തുറന്നു പറ എന്നാ ഞാനിങ്ങനെ ഓരോരുത്തരോട് പറഞ്ഞ് നിനക്ക് ആലോചനകൾ കൊണ്ട് വരണ്ടല്ലോ..

ഇനി അതല്ല മറ്റെന്തെങ്കിലും കാരണം മനസ്സിൽ ഉണ്ടെങ്കിൽ അതും പറ എന്നാലല്ലേ ഞങ്ങൾക്ക് മനസ്സിലാകൂ”
എന്ന് പറഞ്ഞപ്പോൾ ” ഞാൻ മുസ്തഫയോട് എല്ലാം പറഞ്ഞിട്ടുണ്ട് ഉപ്പാ .. അവൻ നിങ്ങളോട് ഇന്ന് സംസാരിക്കും..!” എന്ന് പറഞ്ഞ് ഞാൻ അകത്തേക്ക് കയറി മുസ്തഫയെ വിളിച്ചു.

അവനോട് ഉപ്പയെ ഒന്ന് കാണുവാനും ഉപ്പയെ കൂട്ടി ഞാനും നജ്മയും തമ്മിൽ പ്രണയമാണെന്ന് പറയാതെയും, നമ്മളവിടെ പോയത്‌ സൂചിപ്പിക്കാതെയും ഒരുവട്ടം കൂടി അവളുടെ ഉപ്പയെ കണ്ട്‌ സംസാരിക്കാനും, ശ്രമിച്ച് നോക്കുവാനും പറഞ്ഞപ്പോൾ എതിർത്തതൊന്നും പറയാതെ അവൻ ഓക്കേ പറഞ്ഞു.

ഈ സമയത്താണ് അവളുടെ പ്ലസ് ടൂ പരീക്ഷകളൊക്കെ അവസാനിച്ച് സ്കൂൾ ക്ലോസ് ചെയ്യുന്നതും. അവളെ വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും കാണുന്നതിന് മുൻപ് അവസാനമായി നേരിട്ട് കണ്ടതും അന്നാണ്. അന്ന് അവസാനമായി സ്കൂളിലെ ഒരു ക്ലാസ് മുറിയിൽ വെച്ച് സംസാരിക്കുമ്പോൾ അവളെന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു
” ഹേയ്.. എന്താണ് നീയിങ്ങനെ പതിവില്ലാത്ത നോട്ടം നോക്കുന്നത്.. ?” എന്ന് ചോദിച്ചപ്പോൾ ” ഇനി എന്നാണ് നമ്മൾ കാണുക എന്നറിയില്ലല്ലോ.. അതോണ്ട് സാറിനെ കുറെ നേരം കണ്ട്‌ നിൽക്കാനുള്ള പൂതി കൊണ്ടാണ്.. ” എന്ന് വേദനയോടെയവൾ പറഞ്ഞപ്പോൾ ഈ ലോകം എനിക്ക് സമ്മാനിച്ച മാണിക്യ കല്ലാണ് എന്റെ മുന്നിൽ നിൽക്കുന്നതെന്ന് മനസ്സ് ഉറക്കെ പറഞ്ഞു..

” ഫോൺ ഉണ്ടല്ലോ ഞാൻ എന്നും വിളിക്കാം.. വീട്ടിൽ നിന്നും വരാൻ കഴിയുകയാണെങ്കിൽ എവിടെയെങ്കിലും വെച്ച് നമുക്ക് കാണുകയും ചെയ്യാം.. ” എന്നൊക്കെ ഉറപ്പ് കൊടുത്താണ് ഞങ്ങളന്ന് പിരിഞ്ഞത് പക്ഷെ പിന്നീട് അവൾ വീട്ടിൽ കെട്ടിയിട്ട പോലെ ആ സ്ത്രീ അവളെ വീട്ടിൽ നിന്നും ഇറങ്ങാൻ അനുവദിക്കാതെ തടഞ്ഞു വെക്കുകയാണുണ്ടായത്.

ഉപ്പയും, മുസ്തഫയും കൂടി കൂടുതൽ വൈകാതെ അവളുടെ വീട്ടിൽ പോയി വീണ്ടും അവളുടെ ഉപ്പയോട്‌ സംസാരിച്ചെങ്കിലും മാറ്റം
ഒന്നുമുണ്ടായില്ല. ഇതിന്റെ കൂടെ അന്നവർ പോയപ്പോൾ “ഒരിക്കൽ പറഞ്ഞതല്ലേ കെട്ടിച്ചു തരാൻ പറ്റില്ലെന്ന് പിന്നെയും വന്നു ശല്ല്യം ചെയ്യണോ..?” എന്ന് ആ സ്ത്രീ എന്റെ ഉപ്പയെ കേൾപ്പിച്ച് പറഞ്ഞത് കാരണം മുൻപ് പോയതൊക്കെ മറച്ചു വെച്ചതിന് ഉപ്പ എന്നെ വീട്ടിൽ വന്ന ശേഷം വല്ലാതെ വഴക്ക് പറഞ്ഞു.

ദിവസങ്ങൾ കഴിയും തോറും ഒന്നും ചെയ്യാൻ കഴിയാതെ ഞങ്ങൾ അകലാൻ തുടങ്ങുന്ന കാഴച്ചയാണ് പിന്നീട് കണ്ടത്. എന്റെ അവസ്ഥയും അവളുടെ മാനസികാവസ്ഥയും ആകെ താളം തെറ്റുന്നത് പോലെയൊക്കെ തോന്നി തുടങ്ങി .

വിളിച്ചിറക്കി കൊണ്ടുവരാമായിരുന്നില്ലേ ഇക്കാ നിങ്ങൾക്ക്…? എന്ന് കഥ കേട്ടിരിക്കുന്ന യാസിർ പരിസരം മറന്ന് നവാസ്ക്കയോട് വിഷമത്തോടെ ചോദിച്ചതും ഇക്ക പറഞ്ഞു ” യാസീ എനിക്ക് വേണമെങ്കിൽ പോയി അവളെ വിളിച്ചിറക്കി കൊണ്ടുവരാമായിരുന്നു പക്ഷെ നജ്മയുടെ പവിത്രമായ മുഹബ്ബത്തിന്റെ പരിശുദ്ധി നഷ്ടപെടുത്തിയും , അവളുടെ സാധുവായ ഉപ്പയുടെ കണ്ണീര് വറ്റിച്ചും, മരണപ്പെട്ട അവളുടെ ഉമ്മയുടെ ഖബറിലെ സമാധാനം കളഞ്ഞും, ഒരു കുടുംബത്തിന്റെയും, ആളുകളുടെയും ശാപങ്ങൾ വാങ്ങി കൂട്ടിയും അത്തരമൊരു പ്രവർത്തി ചെയ്യാൻ എന്റെ മനസാക്ഷി സമ്മതിച്ചില്ല .

ഇതിനിടയിൽ അവളുടെ വീട്ടിൽ നിന്നും അവളുടെ കല്യാണം നോക്കി തുടങ്ങിയെന്നും പറഞ്ഞ് അവൾ മെസേജ് അയച്ചു. എന്ത് ചെയ്യും എന്നറിയാതെ എല്ലാം കൈവിട്ടു പോവുകയാണ് എന്നുറപ്പായപ്പോൾ മുസ്തഫയോട് മനസ്സിലുള്ള വിഷമങ്ങൾ ഒരു ദിവസം പറഞ്ഞതും അവൻ പറഞ്ഞു ” നീ അതും ആലോചിച്ച് ഇനി സങ്കടപെടല്ലേ.. കിട്ടില്ലെടാ.. എന്താണ് ഇനി നമ്മൾ ചെയ്യുക.. അയാളുടെ കാല് നമ്മൾ പോയി പിടിച്ചാലും അവളുടെ ഉപ്പ ആ സ്ത്രീ പറയുന്നതേ കേൾക്കൂ.. നജ്മക്ക് നല്ലൊരു ജീവിതം കിട്ടുന്നത് ഇഷ്ടമില്ലാത്ത ആ നശിച്ച സ്ത്രീ ഉള്ളടത്തോളം കാലം നിനക്കവളേ കിട്ടില്ല.. മറന്നേക്ക്.. !” എന്ന് പറഞ്ഞ് മുസ്തഫ എന്റെ കൈ പിടിച്ച് തല താഴ്ത്തി. അവൻ അവനെ കൊണ്ട് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തു നോക്കിയിരുന്നു എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ഇനിയും അവനെനിക്ക് വേണ്ടി ചെയ്യുമായിരുന്നു പക്ഷെ മുന്നിൽ എല്ലാ വഴികളും അടച്ചു കളഞ്ഞത് മനുഷ്യത്വമില്ലാത്ത ആ സ്ത്രീയായിരുന്നു.

ഇതിനിടയിൽ പെട്ടെന്ന് അവളുടെ ഫോൺ വിളികളും മെസേജ് അയക്കലും നിന്നു . എന്ത് സംഭവിച്ചു എന്നറിയാതെ ഭ്രാന്ത് പിടിച്ച് നടക്കുമ്പോഴാണ് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആരുടെയോ നമ്പറിൽ നിന്നും “അവളുടെ മൊബൈൽ ആ സ്ത്രീ വാങ്ങി വെച്ചെന്നും ഇനി വിളിക്കാനും മെസേജ് അയക്കാനും കഴിയില്ലെന്നും, അവൾക്കെന്നെ കാണാനും സംസാരിക്കാനുമൊക്കെ മോഹമുണ്ടെന്നൊക്കെ പറഞ്ഞ്.. ” ഒരു ദിവസം അൽപ്പം നേരം സംസാരിച്ചത് .. പക്ഷെ എനിക്കവളെ അവളുടെ നാട്ടിൽ പോയി കാണുവാനോ, മിണ്ടുവാനോ പറ്റിയ സാഹചര്യങ്ങൾ ഒന്നും എനിക്കന്നുണ്ടായിരുന്നില്ല.

ക്ഷമ നശിച്ച് ഒരു ദിവസം അവളുടെ പഴയ നമ്പറിൽ തിരിച്ചു വിളിക്കരുതെന്ന് അവൾ പറഞ്ഞിട്ടും സഹിക്കാൻ കഴിയാതെ ഞാൻ വിളിച്ചു. അന്ന് ആ സ്ത്രീയാണ് ഫോൺ എടുത്തത്. അതോടെ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്യേണ്ടി വന്നു. കൂടുതൽ വൈകാതെ വീണ്ടുമൊരു ദിവസം വിളിച്ചെങ്കിലും നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു.

എന്നെങ്കിലുംആ ഫോൺ നമ്പർ അവളുടെ കയ്യിൽ കിട്ടും എന്ന് പ്രതീക്ഷിച്ച് മാസങ്ങളോളം ആ നമ്പറിലേക്ക് വിളിച്ച് നോക്കിയിരുന്ന ഞാൻ ഒരു ദിവസം ഏതോ നാട്ടിലുള്ള ഒരാൾ ഫോൺ അറ്റൻഡ് ചെയ്തപ്പോഴാണ് നമ്പർ ആ സ്ത്രീ ഒഴിവാക്കിയത് അറിയുന്നത് അതോടെ ഞാൻ ഒറ്റപ്പെട്ടത് പോലെ തോന്നി .

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു പോയെങ്കിലും നജ്മയെ മറക്കാൻ കഴിയാതെ ഞാൻ ആകെ തളരുകയായിരുന്നു. അവളുടെ അവസ്ഥകൾ ആലോചിക്കുമ്പോൾ അതിനേക്കാൾ സങ്കടമായിരുന്നു എനിക്ക്. അതെന്നെ പിന്തുടർന്ന് മാനസികമായി തളർത്തി കൊണ്ടിരുന്നു. അവളുടെ നാട്ടിൽ പോയി അന്വേഷിക്കുന്നതും മറ്റും അവള്ക്ക് കൂടുതൽ ദോഷം ചെയ്യുമെന്നുള്ളത് കാരണം അതിനൊന്നും ഞാൻ നിന്നില്ല.

അങ്ങനെ ഒരു വർഷം കഴിയാൻ തുടങ്ങുമ്പോഴാണ് മുസ്തഫ ഖത്തറിലേക്ക് രണ്ട് വിസയുണ്ട് നല്ല ജോലിയാണ് നീയുണ്ടെങ്കിൽ ഞാനും വരാം എന്ന് പറയുന്നത്..

ഞാനപ്പോൾ സ്കൂളിൽ നല്ല ശമ്പളത്തിനായിരുന്നു ജോലി ചെയ്തിരുന്നത് പക്ഷെ എനിക്കവിടെ അവളുടെ ഓർമ്മകളുമായി തുടരാൻ കഴിയാതെ സങ്കടം സഹിച്ചു നടക്കുകയാണെന്ന് മുസ്തഫക്ക് അറിയാമായിരുന്നു. എന്റെ ആത്മാവിലേക്ക്‌ ആളിപടർന്ന പ്രണയമായിരുന്നു അതെന്ന് അവളെ കാണാതായപ്പോഴാണ് ഞാനറിയുന്നത്.

അവൾ എന്താണോ സ്വപ്നം കണ്ടത് ആ ജീവിതം എനിക്ക് നൽകാൻ കഴിയുമായിരുന്നു. അവള്ക്ക് നഷ്ട്ടപെട്ട ഉമ്മയുടെ സ്നേഹം വേണ്ടുവോളം നൽകാൻ എന്റെ ഉമ്മാക്ക് കഴിയുമെന്നും നല്ലൊരു ദാമ്പത്യ ജീവിതം എനിക്കും കിട്ടുമായിരുന്നു എന്ന ചിന്തകൾ എല്ലാം കൂടി എന്റെ പിന്നാലെ നടന്ന് വേദനിപ്പിച്ചു കൊണ്ടിരുന്നു.
അവൾ ഉറങ്ങാതെയിരുന്ന് കരഞ്ഞ രാത്രികളെയെല്ലാം മറക്കാൻ പാകത്തിൽ സ്നേഹിക്കാൻ എനിക്കല്ലാതെ ആർക്കാണ് കഴിയുക.. ? അതിനേക്കാൾ ഉപരി അവളെന്നേയും എന്റെ കുടുംബത്തെയും ആത്മാർത്ഥമായി സ്നേഹിക്കുമെന്ന് എനിക്കുറപ്പായിരുന്നു.

അതുകൊണ്ട് ഇതെല്ലാം മനസ്സിൽ നിന്നൊന്ന് മായ്ക്കാൻ ഒരു മാറി നിൽക്കൽ നല്ലതായിരിക്കും എന്ന തോന്നൽ വന്നതോടെ ഞാൻ സ്കൂളിലെ ജോലി തൽക്കാലം നിർത്തി ഖത്തറിലേക്ക് വരാമെന്ന് മുസ്തഫയോട് സമ്മതിച്ചു. മരുഭൂമിയിലേക്കുള്ള
ആ പോക്ക് എന്റെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിക്കുമെന്ന് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാനറിയുന്നത്… !!

( തുടരും )
°°°°°°°°°°°°

“പരിശുദ്ധമായതിനെ തൊട്ട് വേദനിപ്പിക്കാനുള്ള ശക്തിയൊന്നും പടച്ചവൻ വിധിക്ക് നൽകിയിട്ടില്ല …!!”

കാത്തിരിക്കണേ..
അഭിപ്രായങ്ങൾ അറിയിക്കണം..

സ്നേഹത്തോടെ
റഷീദ് എം ആർ ക്കെ – സലാല