ജന്നത്തിലെ മുഹബ്ബത്ത് 4
Jannathikle Muhabath Part 4 രചന : റഷീദ് എം ആർ ക്കെ
Click here to read Previous Parts
ഗൾഫിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് അവളെ കുറിച്ച് ഒന്ന് അന്വേഷിക്കണം എന്നുണ്ടായിരുന്നു പക്ഷെ മുസ്തഫയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അവൻ പറഞ്ഞു ” വേണ്ട ഇനി അന്വേഷിക്കണ്ട കാരണം അവൾ ചിലപ്പോൾ നിന്നെ മറക്കാൻ ശ്രമിച്ചു തുടങ്ങിയിട്ടുണ്ടാവും ഇപ്പോൾ നിങ്ങൾ വീണ്ടും കണ്ടാൽ നീയും അവളും ഇനിയും വേദനിക്കും. അവള്ക്ക് നല്ലൊരു ബന്ധമൊക്കെ കിട്ടുമ്പൊ എല്ലാം ശെരിയായിക്കോളും.. വിധിയില്ലെങ്കിൽ നമുക്കെന്താ ചെയ്യാൻ കഴിയുക..
നീ ക്ഷമിക്ക്.. നമ്മൾ ഇവിടുന്നൊന്ന് മാറി നിൽകുമ്പോൾ എല്ലാം ശെരിയായിക്കോളും.. അല്ലാതെ നമുക്കിപ്പോൾ ഒന്നും ചെയ്യാനില്ല … ” എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞതാണ് ശെരി എന്ന് എനിക്കും തോന്നി കാരണം കിട്ടില്ലെന്ന് ഉറപ്പായിട്ടെന്തിനാ ആ പാവത്തിനെ മോഹിപ്പിച്ച് ഇനിയും വേദനിപ്പിക്കുന്നത് എന്ന് ചിന്തിച്ചപ്പോൾ വേദനയോടെയാണെങ്കിലും അതിൽ നിന്ന് ഞാനും പിന്തിരിഞ്ഞു.
അങ്ങനെ കൂടുതൽ വൈകാതെ ഞാനും മുസ്തഫയും ഖത്തറിലേക്ക് വിമാനം കയറി . എന്റെ വീട്ടുകാർക്കും കൂടെയുള്ള സ്റ്റാഫിനുമെല്ലാം വളരെ അതിശയമായിരുന്നു ഞാൻ സ്കൂളിലെ ആ നല്ലൊരു ജോലി ഒഴിവാക്കി ഗൾഫിലേക്ക് പോവുകയാണ് എന്നറിഞ്ഞപ്പോൾ . എന്ത് ചെയ്യാനാ ഈ ആയുസ്സ് തന്നെ വേണ്ടാന്ന് വെക്കാൻ കെൽപ്പുള്ള വല്ലാത്തൊരു അനുഭവമാണ് പ്രണയമെന്ന് അവരോട് പറയാൻ എനിക്ക് കഴിയില്ലല്ലോ…
ഖത്തറിൽ എത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും നജ്മയുടെ ഓർമ്മകൾ ഖബറടക്കാനും, അവളുടെ മുഖം മറക്കാനും സമ്മതിക്കാതെ മടിച്ചു നിൽക്കുന്ന മരുഭൂമിയെയാണ് പിന്നീട് ഞാൻ കണ്ടത് . എന്താണ് അവളുടെ ഇപ്പോഴത്തെ അവസ്ഥ എന്നറിയാൻ കഴിയാതെ ഉറക്കം നഷ്ടപ്പെട്ട് കുറെ വിഷമിച്ചു നടന്നു. അവസാനം ജോലിയുടെ കാര്യങ്ങളിൽ ശ്രദ്ധ തിരിഞ്ഞപ്പോൾ അവളെ കുറിച്ചുള്ള ഓർമ്മകൾ നെടുവീർപ്പുകളായി മാറി കൊണ്ടിരുന്നു.
വർഷങ്ങൾ പോയതറിഞ്ഞില്ല. ഖത്തറിൽ നല്ലൊരു കമ്പനിയിൽ ആയിരുന്നു ഞാനും മുസ്തഫയും ജോലി ചെയ്തിരുന്നത്. ഞങ്ങൾ രണ്ടാളും ഒരേ ജോലിയിൽ ഒരേ റൂമിൽ എല്ലാം കൊണ്ടും
സുഖമായിരുന്നു . മുസ്തഫ കൂടെ ഉണ്ടായിരുന്നത് കൊണ്ട് ദുഃഖങ്ങൾ പറഞ്ഞിരിക്കാൻ ഒരാളെ ആവശ്യമായി വന്നില്ല. കുട്ടികാലം മുതൽ എന്റെ കൂടെയുള്ള കൂട്ടുകാരനാണ് മുസ്തഫ. പഠിച്ചതും, കളിച്ചതും, വളർന്നതും എല്ലാം ഒരുമിച്ചായിരുന്നു. എന്തിനും കൂടെ നിൽക്കും. ഒരു ദിവസമെങ്ങാനും കാണാതിരുന്നാൽ രണ്ടുപേർക്കും പരിഭവം തോന്നുന്ന ബന്ധം. നാട്ടിൽ ഞങ്ങൾ അറിയപ്പെട്ടിരുന്നത് തന്നെ ഇരട്ടകൾ എന്ന പേരിലായിരുന്നു .
“ഈ ലോകം മനോഹരമാക്കാൻ നമുക്ക് പണം കൊണ്ട് മാത്രം കഴിയില്ലെന്നാണ് എന്റെ വിശ്വാസം അതിന് കഴിയണമെങ്കിൽ ജീവനെ പോലെ കൂടെ നിൽക്കുന്ന ഒരൊറ്റ സുഹൃത്ത് കുട്ടികാലം മുതൽ മരണപ്പെടുന്നത് വരെ നമുക്കുണ്ടായിരിക്കണം.”
മുസ്തഫയുടെ കഥ പറയുകയാണെങ്കിൽ പറയാൻ ഒരുപാടുണ്ട് പിന്നീടൊരിക്കലാവാം എന്ന് പറഞ്ഞ് നവാസ്ക്ക തുടർന്ന് പറയാൻ തുടങ്ങി.
അങ്ങനെ മുസ്തഫ രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ ഖത്തറിൽ നിന്നും നാട്ടിലൊന്ന് പോയി വന്നു നാല് കൊല്ലം കഴിഞ്ഞ ശേഷം ആദ്യമായി ഞാനും അവനും ഒരുമിച്ച് നാട്ടിൽ പോയി അവന്റെ കല്ല്യാണം കൂടി വന്നെങ്കിലും നജ്മയെ കുറിച്ച് അന്വേഷിച്ചില്ല. ഞാൻ അവളോട് കാണിച്ച ഏറ്റവും വലിയ തെറ്റായിരുന്നു ആ ചെയ്തതെന്ന് പിന്നീട് എനിക്ക് ബോധ്യപ്പെടുകയുണ്ടായി പക്ഷെ ആ സമയത്തും എനിക്ക് നജ്മയെ മറക്കാൻ കഴിയാത്തതിനാൽ വിവാഹാലോചനകൾ ഒരുപാട് വന്നിട്ടും ഞാൻ കല്ല്യാണത്തിന് സമ്മതിച്ചിരുന്നില്ല. വയസ്സ് കൂടുകയാണ് എന്ന് ഉമ്മയും ഉപ്പയും കുടുംബങ്ങളും എപ്പോഴും പറഞ്ഞിട്ടും അവളെ ഓർമ്മകളിൽ നിന്നും മാറ്റി നിർത്താൻ കഴിയാത്ത കാരണം വീട്ടുകാരോട് ഗൾഫ് നിർത്തട്ടെ എന്നിട്ട് മതി എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി കൊണ്ടിരുന്നു. നജ്മയെ മറക്കാൻ കഴിയാതെ ഞാൻ മറ്റൊരു വിവാഹത്തിന് സമ്മതിച്ച് കെട്ടുന്ന പെണ്ണിനെ സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവളുടെ കണ്ണീരും കൂടി കാണേണ്ടി വരും എന്ന ഭയമായിരുന്നു മനസ്സിൽ.
ഗൾഫിലെ ജീവിതം കലണ്ടറുകൾ മാറുന്നതറിയാതെ മുന്നോട്ട് പോയി കൊണ്ടിരുന്നു ആയിടക്കാണ് ഞാനും മുസ്തഫയും റൂമിലിരുന്ന് സംസാരിക്കുന്നതിനിടയിൽ
“എടാ നിനക്ക് എത്ര വയസ്സ് ആയെന്നാ നിന്റെ വിചാരം. നിന്റെ വീട്ടുകാർക്കും ഉണ്ട് നിന്നെ കൊണ്ടൊരു കല്ല്യാണം കഴിപ്പിക്കാനുള്ള മോഹങ്ങളൊക്കെ . അതും കൂടി നീ ഓർക്കണം നവാസ്.. അതോണ്ട് ഇനിയും നമ്മൾ ഇവിടെ നിന്നാൽ നിന്റെ കല്യാണം നടക്കില്ല. കഴിഞ്ഞതൊക്കെ കുറെ മറന്നില്ലേ ബാക്കി വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളൊക്കെ ആകുമ്പോൾ മറന്നോളും അതോണ്ട് നമ്മൾ കുറച്ചു കാലത്തേക്ക് ഈ ഗൾഫ് നിർത്തുന്നു.. ” എന്നൊക്കെ മുസ്തഫ പറഞ്ഞപ്പോൾ സത്യങ്ങൾ ഒരുപാടുണ്ടായിരുന്നു ആ വാക്കുകളിലെന്ന് അറിയാവുന്നത് കാരണം സമ്മതമാണെന്ന മട്ടിൽ ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.
ഒൻപത് വർഷത്തെ ഗൾഫ് ജീവിതത്തിന് ശേഷം അടുത്ത കൊല്ലം ഖത്തറിൽ നിന്നും എക്സിറ്റ് അടിച്ച് നാട്ടിൽ പോയി വിവാഹം കഴിക്കണം എന്നൊക്കെ തീരുമാനിച്ച് ഞങ്ങൾ മടങ്ങാൻ നിൽക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ എനിക്ക് മാറാത്ത പനി പിടിക്കുന്നത്. പനി മൂർച്ഛിച്ചതോടെ എന്റെ ആരോഗ്യനില ഗുരുതരമായി കൊണ്ടിരുന്നു.
ഖത്തറിൽ വെച്ച് ഒരുപാട് ചികിൽസിച്ചെങ്കിലും മാറ്റമൊന്നും കാണാഞ്ഞതിനാലും ദിവസങ്ങൾ കഴിയും തോറും പനി വല്ലാതെ കൂടി കൊണ്ടിരിക്കുകയും ചെയ്തപ്പോൾ ഞാനും മുസ്തഫയും കൂടുതൽ കാത്തുനിൽക്കാതെ വിസ ക്യാൻസൽ ചെയ്ത് നാട്ടിലേക്ക് തിരിച്ചു.
മരണത്തെ മുന്നിൽ കണ്ട സമയമായിരുന്നു ആ അസുഖം വന്നപ്പോൾ . അത്തരമൊരു പനി ജീവിതത്തിൽ മുൻപും പിന്നീടും എനിക്കുണ്ടായിട്ടില്ല . ആ അസുഖത്തിലൂടെ പടച്ചോന്റെ മറ്റൊരു തീരുമാനം എന്റെ ജീവിതത്തിലേക്ക് വഴിയെ കടന്നു വരുന്നത് എനിക്ക് ഊഹിക്കാൻ പോലും കഴിയാത്തതായിരുന്നു.
നാട്ടിൽ ചെന്നയുടനെ ഞാനും മുസ്തഫയും അടുത്തുള്ള ഒരു ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങിച്ച് കഴിച്ചെങ്കിലും പനിക്ക് ഒരു മാറ്റവും കാണാതെ ഞാൻ തളരുകയും കൂടി ചെയ്തപ്പോൾ കൂടുതൽ വൈകാതെ വേറെ നല്ലൊരു ഹോസ്‌പിറ്റലിൽ കാണിക്കാൻ വേണ്ടിയാണ് മുസ്തഫയും വീട്ടുകാരും ചേർന്ന് നാട്ടിൽ നിന്നും അൽപ്പം അകലെയുള്ള ആ ഹോസ്പിറ്റലിൽ എന്നെ കൊണ്ടു പോകുന്നത് .
ഡോക്ടർ പരിശോധിച്ച ശേഷം ഇൻജെക്ഷൻ വെച്ച് രണ്ടു ദിവസത്തേക്ക് മരുന്ന് എഴുതുന്നുണ്ട് കുറവില്ലെങ്കിൽ അഡ്മിറ്റ് ചെയ്യാൻ വരിക എന്ന് കൂടെയുള്ളവരോട് പറഞ്ഞതനുസരിച്ച് എഴുതി തന്ന മരുന്നും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.
അന്നത്തെ ദിവസം കഴിഞ്ഞ് പിറ്റേന്ന് ഉമ്മ എടുത്തു തന്ന മരുന്ന് കുടിക്കാൻ റൂമിലിരുന്ന് ഒരുങ്ങുമ്പോഴാണ് മരുന്നുകൾ പൊതിഞ്ഞ കവറിനുള്ളിൽ കണ്ട ഡോക്ടർ തന്ന ലിസ്റ്റ് വെറുതെ വായിച്ചു നോക്കുന്നത്. പെട്ടെന്ന് ലിസ്റ്റ് ശ്രദ്ധിച്ച് നോക്കിയപ്പോൾ കണ്ണുകൾ പാതി തുറന്ന് പനിച്ച് വിറച്ച എന്നെ താങ്ങി പിടിച്ച് മുസ്തഫ ഹോസ്‌പിറ്റലിൽ കൊണ്ടു പോയ സമയത്ത് ഹോസ്പിറ്റലിൽ വെച്ച് നടന്ന ചിലതെല്ലാം എന്റെ ഓർമ്മയിൽ തെളിഞ്ഞു വന്നു..
( തുടരും)
°°°°°°°°°°°°
( അൽപ്പം തിരക്കിലാണ്.. അടുത്ത ഭാഗം അവസാന ഭാഗം ആയത് കൊണ്ട് അൽപ്പം ക്ഷമിക്കുമല്ലോ… !
അഭിപ്രായങ്ങൾ അറിയിക്കണം .. )
സ്നേഹത്തോടെ
റഷീദ് എം ആർ ക്കെ – സലാല