സ്നേഹം

“എടാ അവർക്കു ഏട്ടന്റെ ഫോട്ടോ കണ്ട് ഇഷ്ടായിട്ടുണ്ട് ഇന്ന് നമ്മളെല്ലാവരും ഒന്ന് കാണാൻ പോണം എന്ന് പറഞ്ഞിരുന്നു…. രണ്ട് പെണ്മക്കൾ ആണ്…. മൂത്ത ആളിനെയാണ് ഏട്ടന് പറഞ്ഞത്…. ഇളയ കുട്ടിക്ക് ചെറിയ വൈകല്യം ഉണ്ട്…. അരയ്ക്ക് കീഴ്പോട്ട് സ്വാധീനം ഇല്ല….. ഇത് നടക്കും എന്ന എനിക്ക് തോന്നുന്നേ… ” അമ്മ അരുണിനോട് പറഞ്ഞു…

“ശെരി അമ്മേ സന്തോഷം…. അപ്പൊ ഞാൻ അവിടെ വേണ്ട അമ്മേ അത് ശെരിയാവില്ല…. നിങ്ങളെല്ലാരും കണ്ടു അതങ്ങോട്ട് ഉറപ്പിക്കു…. ” അരുൺ പോകാതിരിക്കാൻ അമ്മയോട് പറഞ്ഞു….

പക്ഷെ ഏട്ടന്റെ കല്യാണം മനസ്സാൽ ഉറപ്പിക്കുമ്പോൾ അനിയനും അവിടെ വേണമെന്ന അമ്മയുടെ വാശിയിൽ അരുണിനും അവരുടെ കൂടെ ഇറങ്ങേണ്ടി വന്നു….

എന്തോ അത്യാവശ്യം ഉണ്ടെന്നുള്ള രീതിയിൽ അമ്മ പറഞ്ഞതിൽ ആണ് അവൻ അന്ന് നാട്ടിൽ എത്തിയത്…. ചേട്ടൻ അനൂപിന്റെ കല്യാണാലോചന എത്രയോ ആയി നടക്കുന്നു… വിവാഹമാര്കെറ്റിലെ അളവുതൂക്കങ്ങൾ അതിൽ പലതും വില കുറച്ചു കണ്ടതിനാൽ ചില അതിഥിസത്കാരങ്ങൾ മാത്രമായി അതൊക്കെ ഒതുങ്ങി…..

ഏട്ടന് അതിൽ ഒരുപാട് വിഷമം ഉണ്ടായിരുന്നു അറിഞ്ഞുകൊണ്ടല്ലെങ്കിലും താനും ചിലതിനു പരോക്ഷമായി കാരണമായിരുന്നു എന്നത് അമ്മ തന്നോട് രഹസ്യമായി പറഞ്ഞിരുന്നു….

ഒരുപക്ഷെ ഇതെങ്കിലും ഒരു പ്രശ്നവുമില്ലാതെ നടക്കാണെങ്കിൽ അരുണിന് അതൊരു സന്തോഷമാണ്…. അതാണ് അവൻ അതിൽനിന്നും ഒഴിഞ്ഞു നിൽക്കാൻ ആഗ്രഹിച്ചത്….

ചേട്ടന്റെ മുഖത്തു നോക്കാൻ പോലും അരുൺ ഇന്ന് മടിക്കുന്നത് ചില കാര്യങ്ങൾ ഏട്ടനെ വിഷമിപ്പിച്ചു എന്നതിൽ ആണ്…..

പറഞ്ഞ സമയത്തു തന്നെ അവർ അവിടെ ചെന്നു…. പക്ഷെ കാറിൽ നിന്നും അരുണിനെ ഇറക്കാൻ അമ്മ ഒരുപാട് പണിപ്പെട്ടു….

അതിഥികളെ സ്വീകരിക്കാൻ വീട്ടുകാർ ഉമ്മറത്തെത്തി…. അകത്തേക്ക് ക്ഷണിച്ചിരുത്തി അരുണിന് മുള്ളിന്റെ മുകളിൽ ഇരിക്കുന്ന പോലെയാണ് അപ്പോൾ തോന്നിയത്…..

പെണ്ണിന്റെ അച്ഛനും അമ്മാവനും കുശലാന്വേഷണം തുടങ്ങി…. ഏട്ടനോടും അച്ഛനോടും അമ്മയോടും എല്ലാം ചോദിച്ച ശേഷം അരുണിന്റെ അടുത്തേക്ക് തിരിഞ്ഞു ചോദിച്ചു…

” അനിയനെന്താ ഒന്നും മിണ്ടാതിരിക്കുന്നെ….. ജോലി ഇവിടെ അല്ലാന്നു അച്ഛൻ പറഞ്ഞു…… ”

” ഏയ്‌ അങ്ങനെ ഒന്നുല്ല…. ഞാൻ എറണാംകുളത്താണ് ഇന്നലെ വന്നതാണ്…. ” അരുൺ ഉത്തരം പറഞ്ഞു…..

” അവിടെ എന്താണ് ജോലി ?” അവരിലൊരാൾ ചോദിച്ചു

അവിടെയാണ് അരുൺ ഒന്ന് മിണ്ടാതെയിരുന്നത്… അതുകണ്ടു അമ്മ ഇടയിൽ കയറി പറഞ്ഞു….

” അവൻ അവിടെ സിവിൽസ്റ്റേഷനിൽ ആണ് യൂ ഡി ക്ലർക്കാണ്…. ”

വാതിലിന്റെ അപ്പുറത്തുനിന്ന് ഒരു എത്തിനോട്ടം അപ്പോൾ അരുൺ ശ്രദ്ധിച്ചു….. ഉള്ളിൽ നിന്നും സ്ത്രീകളുടെ അടക്കിപ്പിടിച്ചുള്ള സംസാരവും കേട്ടു…. അരുൺ ഒരു കാൾ വന്നു പുറത്തക്ക് ഇറങ്ങി….

കുറച്ചു കഴിഞ്ഞു ഉള്ളിലേക്ക് വന്നപ്പോൾ അവിടെ എന്തോ ഒരു നിശബ്ദത കെട്ടിനിൽക്കുന്ന പോലെ തോന്നി….. ഏട്ടൻ തലതാഴ്ത്തി ഇരിക്കുന്നുണ്ടായിരുന്നു….

” എന്താ അമ്മേ ?എന്തുപറ്റി ?” അരുൺ ഒന്നും മനസ്സിലാകാതെ അമ്മയോട് തിരക്കി…

പെണ്ണിന്റെ അച്ഛൻ ഇത് കണ്ടു അരുണിനോട് പറഞ്ഞു “മോനെ അത് നിന്നെ എന്റെ മോൾക്ക്‌ ഒരുപാടിഷ്ടായി നമുക്ക് അത് അങ്ങു നടത്താം എന്നാ ആലോചന.. ”

“അതിനു എനിക്ക് പെണ്ണുകാണാനല്ലല്ലോ ഞങ്ങൾ ഇവിടെ വന്നത് എന്റെ ഏട്ടനാണ്…. ” അരുൺ പറഞ്ഞു

” അതൊക്കെ ശെരിതന്നെ പക്ഷെ ആ ബന്ധത്തിൽ എന്റെ മകൾക്കു താല്പര്യം ഇല്ല….. എനിക്കെന്റെ മകളുടെ ഇഷ്ടമല്ലേ നോക്കണ്ടേ….. “അയാൾ പറഞ്ഞു

” നിങ്ങളൊക്കെ തീരുമാനിച്ചല്ലേ ഇന്ന് ഏട്ടനിവിടെ പെണ്ണുകാണാൻ വന്നത് അല്ലാതെ പറയതൊന്നും അല്ലല്ലോ… ഇപ്പൊ മാറ്റിപ്പറയാൻ എന്താണ് കാരണം…. “അരുൺ തിരിച്ചു ചോദിച്ചു…..

” എന്റെ മകൾക്കു ഒരു സർക്കാർ ജോലിക്കാരനെ മതി എന്നാണ് ആഗ്രഹം….. അതുകൊണ്ട് മോന്റെ ഇഷ്ടം അറിഞ്ഞിട്ടു നമുക്ക് ഇതങ്ങു നടത്താം….. എന്താ ” അയാൾ പറഞ്ഞു…..

“അതെയോ മോൾക്ക്‌ സർക്കാർ ജോലിയാണോ ?”അരുൺ ചോദിച്ചു

” അല്ല അവൾ ഒരു പ്രൈവറ്റ് ഓഫീസിലാണ്….. എന്താ ” അയാൾ ചോദിച്ചു

” അല്ല അപ്പൊ അങ്ങനെ ഉള്ളോരല്ലേ ഇങ്ങനെയുള്ള ഡിമാൻഡ് വെക്കുകയുള്ളു… മോള് പഠിച്ചത് സർക്കാർ സ്കൂളിലാണോ, ഇവിടെ റേഷനരി വാങ്ങാറുണ്ടോ സർക്കാർ ആശുപത്രിയിൽ ഇടയ്ക്ക് പോകാറുണ്ടോ ” അരുൺ ചോദിച്ചു….

” അവൾ ഇംഗ്ലീഷ് മീഡിയം ആയിരുന്നു…. എല്ലാ ക്ലാസ്സിലും ഒന്നാമത്…. അവൾക്കീ റേഷനരി കാണുന്നതുകൂടി ഇഷ്ടമല്ല….. അസുഖമ് വന്നാൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണല്ലോ നല്ല സൗകര്യങ്ങൾ പിന്നെ ഗോവെര്മെന്റ് ഹോസ്പിറ്റലിലെ ഒരു മണം അതൊന്നും അവൾക്കു ഇഷ്ടമല്ല…. അപ്പൊ അതും ഇല്ല എന്തെ മോനെ ” അയാളുടെ മറുപടി അതായിരുന്നു…..

” ഇതൊക്കെ കുറച്ചിലാണ് പറയാൻ ഒരു പ്രശ്നവും ഇല്ല…. എന്നാലും സർക്കാർ ജോലി നിർബന്ധം പറയുന്നതിൽ ഒരു നാണവും തോന്നുന്നില്ലേ….. ആദ്യം അവളും പഠിച്ചു ഒരു ജോലി വാങ്ങാൻ നോക്കട്ടെ….. എന്നിട്ട് ആഗ്രഹിച്ചാൽ പോരെ കെട്ടാൻ വരുന്നവൻ എന്തായിരിക്കണം എന്ന ചിന്ത…. ” അരുൺ ദേഷ്യത്തോടെ പറഞ്ഞു……

അയാൾ ഒന്നും മിണ്ടിയില്ല അരുൺ തുടർന്നു….
” ഇപ്പോഴത്തെ അച്ഛനമ്മമാരും ഇതിലൊക്കെ ഒരു കാരണം ആകുന്നുണ്ട്….. സർക്കാർ ജോലിക്കാരന്റെ കൂടെയുള്ള ജീവിതം മാത്രമാണോ സുരക്ഷിതം…. ഞങ്ങൾ ഇവിടെ വന്നിട്ട് ഇന്നേരം വരെ ഒരു ചായയെങ്കിലും പെൺകുട്ടി കൊണ്ടതന്നോ….. ഏതു ജോലിക്കും ഉള്ള മഹത്വം ഇന്നത്തെകാലത്ത ആരും ചിന്തിക്കുക പോലും ഇല്ല…. തെങ്ങുകേറാൻ സർക്കാർ ജോലിക്കാർ വരില്ലല്ലോ….. വീട് കെട്ടാൻ അവര് ഉണ്ടാകില്ല അത് പോലെ ഓരോ ജോലി ചെയ്യാനും അതിന്റെതായ ആളുകൾ വേണം…. അതൊന്നു മനസ്സിലാക്കിയാൽ നല്ലത്… ”

” സ്വന്തം മക്കള് നന്നായി കാണാൻ അല്ലെ എല്ലാ അച്ഛനും അമ്മയും ആഗ്രഹിക്കുന്നെ…. അപ്പൊ ഞങ്ങൾക്ക് ഇതേ പറ്റു…. ” അയാൾ പറഞ്ഞു….

“മ്മ്…. നിങ്ങൾക്കൊരു കാര്യം അറിയോ…. ഒരുപക്ഷെ ഞാൻ വീട് നോക്കിയതിനേക്കാൾ എത്രയോ നന്നായി എനിക്കൊരു ജോലി കിട്ടുന്നതുവരെയും ഇന്നും നന്നായി ഒരു കുറവും ആർക്കും വരാതെ എന്റെ ഏട്ടൻ എല്ലാം ഭംഗിയായി ചെയ്തിട്ടുണ്ട് അറിയോ…. അന്ന്

ഏട്ടനും സർക്കാർ ജോലി വേണം എന്ന പറഞ്ഞു പോക്കായിരുന്നു….. അത് ചെയ്തില്ലല്ലോ….. പിന്നെ ഞാൻ ഇത് കഷ്ടപ്പെട്ട് പഠിച്ചു വാങ്ങിയത് എനിക്ക് ഇതേ ജോലിയുള്ള ഒരു പെണ്ണിനെ കല്യാണം കഴിച്ചു പോകാനല്ല…. എനിക്ക് വേണ്ടത് എന്റെ വീട്ടുകാരെ അനുസരിച്ചു ജീവിക്കുന്ന ആളെ ആണ്…. അല്ലാതെ മാസമാസത്തെ ശമ്പളക്കണക്കിനെ സ്നേഹിക്കുന്ന പെണ്ണിനെ അല്ല….. അങ്ങനെ ഉള്ള ഒരു പെണ്ണിനെ മതി ഏട്ടന് കിട്ടുമോ എന്ന് ഞങ്ങൾ നോക്കട്ടെ…. പിന്നെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അതങ്ങു പോട്ടെ….. നിങ്ങള് വാ….. ” അരുൺ അവരോടു പറഞ്ഞു…..

അവർ ഇറങ്ങി വണ്ടിയിൽ കേറാൻ നേരം പിറകിൽ നിന്നൊരു വിളി ” പറഞ്ഞതൊക്കെ ശെരിയാണെങ്കിൽ ആ ഏട്ടനെ കെട്ടാൻ എനിക്ക് സമ്മതം….. ”

എല്ലാവരും തിരിഞ്ഞു നോക്കി…. അത് വീൽ ചെയറിൽ കഴിയുന്ന പെണ്ണിന്റെ അനിയത്തി ആയിരുന്നു……

അവൾ പറഞ്ഞു…. ” ആഘോഷങ്ങൾ ഇല്ല സ്ത്രീധനം ഇല്ല…. കാലുകൾക്ക് സ്വാധീനം പോലും ഇല്ല…. എന്നെ ഇഷ്ടപ്പെടാൻ പറ്റുമോ ഈ ഏട്ടന്…. ”

അരുൺ ഏട്ടന്റെ മുഖത്തേക്ക് നോക്കി….. ഏട്ടന് അവന്റെ അച്ഛനോടും അമ്മയോടും ആയി പറഞ്ഞു….
” എന്നോട് ദേഷ്യം തോന്നരുത്…. ഇന്നിവിടെ നിന്ന് ഇറങ്ങുമ്പോ ഇനി ഒരിക്കലും ഒരു പെണ്ണിനും ചിരിക്കാനുള്ള വകയായി മുന്നിൽപോയി നിൽക്കരുത് എന്ന് ആഗ്രഹിച്ചിരുന്നു….. പക്ഷെ എനിക്കുള്ളത് ദൈവം ഇവിടെത്തന്നെ കാത്തുവച്ചിരുന്നു…. എനിക്കിവളെ മതി…… ”
അവളുടെ മുഖത്തേക്ക് നോക്കി ഏട്ടന് പറഞ്ഞു
” കുറവുകൾ ശരീരത്തിൽ ആയിരിക്കാം പക്ഷെ കൂടുതൽ മനസ്സിൽ ഉണ്ട്….. എനിക്ക് നിന്നെ വേണം…. ഇപ്പൊ എന്റെ കൂടെ വരാൻ സമ്മതം ആണോ….. ”

” നൂറുവട്ടം ” അവൾ പറഞ്ഞു….

ഏട്ടൻ അവളുടെ അച്ഛനോടും അമ്മയോടും പറഞ്ഞു ” ഞാനിവിടെ വന്നപ്പോ മുതൽ സ്വന്തം മകളെ പറ്റി പറയുന്ന നിങ്ങളെ കണ്ടു…. പക്ഷെ ഇവളെ പറ്റി പറയുന്നത് കേട്ടില്ല…. എന്റെ കണ്ണുകൾ തിരഞ്ഞതും ഇവളെ ആയിരുന്നു…. കൊണ്ടുപോകാന് എന്റെ സ്വന്തം ആണെന്ന വിശ്വാസത്തോടെ…. കാണണം എന്ന് തോന്നുമ്പോൾ എന്റെ വീട്ടിലേക്കു വരാം…. ”

ഏട്ടൻ സന്തോഷത്തോടെ ചെന്നു അവളെ ആ വീൽചെയറിൽ നിന്നും പൊക്കിയെടുത്തു….. അരുൺ സന്തോഷത്തോടെ ഏട്ടനും ഏട്ടത്തിക്കും വേണ്ടി കാറിന്റെ ഡോർ തുറന്നുകൊടുത്തു…….

വലതുകാൽ വെച്ചു കയറാൻ പറ്റില്ലാത്തതുകൊണ്ട് ഏട്ടൻ അവളെ എടുത്തു പടികൾ കയറി അവരുടെ ജീവിതത്തിലേക്ക്…..

ആദ്യ രാത്രിയിൽ ഏട്ടനോട് നെഞ്ചിൽ ചേർന്ന് കിടന്നു അവൾ പറഞ്ഞു…..

“ഒരുപാട് സോറി…..”
” എന്തിനു ”

“അന്ന് ഏട്ടനെ അവോയ്ഡ് ചെയ്തതിനു ”

” അതൊന്നും സാരല്യ ഇന്ന് മറ്റൊരു അവസരത്തിൽ എനിക്ക് നിന്നെ കിട്ടിയില്ലേ….. ഞാൻ പോലും അതിശയിച്ചുപോയി…. അത് നീയാണെന്ന് അറിഞ്ഞപ്പോൾ…… ”

” ശെരിയാണ്… അന്നെന്റെ കുറ്റവും കുറവും പറഞ്ഞു ഞാൻ ഏട്ടനിൽ നിന്നകന്നു…. പക്ഷെ ഇന്ന് ഏട്ടൻ അവിടെ ചെറുതായി പോക എന്ന് കണ്ടപ്പോൾ മനസ്സ് പിടഞ്ഞു…. ”

“അതൊക്കെ പോട്ടെ…. നമുക്കിനി നമ്മളുണ്ട്….. എന്റെ കാലുകൾ….. മനസ്സ്…. ജീവിതം…. എല്ലാമുണ്ട്….. ”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
” ശെരി എന്റെ സീനിയർ ചേട്ടാ…. i love you…..Forever…..”

ലൈറ്റുകൾ അണഞ്ഞു…..