പറയാൻ ബാക്കിവെച്ചത്

പറയാൻ ബാക്കിവെച്ചത്
(Based on a true story)
Paryan bakkivachathu Author : Abdu Rahman Pattamby

നമ്മൾ പട്ടാമ്പി കൈത്തളി ക്ഷേത്രക്കുളത്തിന്റെ പടവിലിരിക്കുമ്പോൾ വരുന്ന ഓണത്തിന് ഏട്ടൻ സമ്മാനിച്ച ഒരു സാരി ഉടുക്കണമെന്ന് നീ ആഗ്രഹം പറഞ്ഞതും….

അതിനായി ഞാൻ വാങ്ങിവെച്ച സ്വർണ നിറംകൊണ്ട് കര നെയ്ത സാരിയുടെ അറ്റത്തു ഞാനിട്ട കുരുക്കിൽ എന്റെ കഴുത്തിലെ ഞെരമ്പുകൾ മുറുകുമ്പോൾ ദൈവ വിധിയേക്കാൾ എന്റെ നിന്നോടുള്ള പ്രായശ്ചിത്തമായാണ് ധനു ഞാനിതിനെ കാണുന്നത്.

പുറത്തു പെയ്യുന്ന മഴയും മഴത്തുള്ളികളെ കീറിമുറിച്ചു വീശുന്ന കാറ്റും മഴ നനഞ്ഞു തണുത്തു വിറങ്ങലിച്ചു നിൽക്കുന്ന മരങ്ങളും നിന്നെപ്പോലെ എന്തെ എന്റെ മനസ്സ് വായിക്കാതെ പോയി,
എന്തെ നീയെനിക്കായി കാത്ത്നിൽക്കാതെ മുൻപേ നടന്നകന്നു.

നമ്മൾ കൈകോർത്തു നടന്ന നെല്പാട വരമ്പുകളും നിന്റെ കൈവിരലുകളാൽ നീ ഞൊടിച്ചിട്ട ചെറുപുൽ നാമ്പുകളും പ്രഭാത മഞ്ഞിൽ വെള്ളിക്കിണ്ണം പോലെ തിളങ്ങിയിരുന്ന മഞ്ഞുകണങ്ങളും നീ പോയി മറഞ്ഞപ്പോൾ എന്റെ നൊമ്പരമറിയാതെ എന്നെ പഴിചാരുകയാണ്.

നീ പോയതിനു ശേഷം നിനക്കേറ്റവും ഇഷ്ടമായിരുന്ന നെല്പാട വരമ്പും ആ ചെറിയ കുളവുമെല്ലാം ഞാൻ പോയിക്കണ്ടിരുന്നു.

എല്ലാം വിട്ടു പോയാലും എന്നെയും നിന്റെ ഇഷ്ടങ്ങളെയും നീ മറക്കില്ലല്ലോ
പക്ഷെ നിരാശനായി അതെല്ലാം കണ്ടു ഞാൻ മടങ്ങുമ്പോൾ എന്റെ കണ്ണുകളെ ഇരുട്ടിലാക്കി കണ്ണുനീർ ചാലിട്ടൊഴുകിയിരുന്നു.

പലകുറി നിദ്രയെ മനസ്സിന്റെ പടിക്കു പുറത്താക്കി രാത്രിയുടെ യാമങ്ങളിൽ നമ്മൾ കൈമാറിയ പ്രണയാക്ഷരങ്ങളിലെ കാവ്യ ഭാവനയെപ്പോഴോ നമ്മുടെ വികാരത്തിന്റെ അതിർവരമ്പ് ബേധിച്ചപ്പോൾ നിന്റെ നെറ്റിത്തടത്തിൽ ഞാനൊരു സ്നേഹ ചുംബനം അർപ്പിച്ചതും തുറന്നിട്ട ജനാലയിലൂടെ ആകാശച്ചോലയിൽ നീരാടാനെത്തിയ കുഞ്ഞ് നക്ഷത്രങ്ങൾ എന്നെനോക്കി മിന്നിത്തിളങ്ങിയിരുന്നു.

നീയറിഞ്ഞോ അല്ലെങ്കിൽ എന്നെക്കുറിച്ച് നീ ഒരു നിമിഷമെങ്കിലും ചിന്തിച്ചോ,
ഇന്ന് ജനങ്ങൾക്കിടയിൽ ഞാനൊരു കുറ്റവാളിയുടെ മുഷിഞ്ഞു നാറിയ പടച്ചട്ടയുമണിഞ്ഞാണ് നടക്കുന്നത്.

ചിലരെന്റെ മുഖത്ത് നോക്കി ചോദിച്ചു മറ്റ് ചിലർ തമ്മിൽ തമ്മിൽ പറഞ്ഞു….
“നിന്റെ മരണത്തിനുത്തരവാദി ഞാനാണത്രെ,
നിന്നെ കൊന്നത് ഞാനാണത്രെ.

നീ പോയതിനു ശേഷം ഓരോ നിമിഷവും ഞാൻ തെന്നെ എന്നോട് ചോദിച്ചു ഉത്തരം കണ്ടെത്താൻ കഴിയാതെപോയ ചോദ്യമാണ് നിന്റെ മരണത്തിനുത്തരവാദി ഞാനാണോ എന്നത്.

എന്നിലെ കുറ്റബോധം എന്നെ ഒരു മുഴുഭ്രാന്തനാക്കി മാറ്റിയിരിക്കുന്നു ധനു.
സ്വപ്നത്തിൽ പോലും ഒരിക്കലെങ്കിലും എന്റെയടുക്കൽ വരാൻ തോന്നാത്തത്രയും നീയെന്നെ വെറുത്തിരുന്നോ.
നിന്റെ കഴുത്തിൽ കയറു മുറുകിയപ്പോൾ ആരെക്കുറിച്ചാണ് നീ ചിന്തിച്ചത്, എന്നെക്കുറിച്ചാണോ.. ?
ആയിരിക്കും അല്ലേ !.

എന്റെ വീട്ടുകാർക്ക് എന്റെ കാര്യത്തിൽ വല്ലാത്ത പേടി തോന്നുന്നുണ്ടെന്ന് അമ്മ ഇടക്കിടക്കു പറയുന്നുണ്ട്.
അവർക്കു മുന്നിൽ ആത്മാവില്ലാത്ത വെറുമൊരു ശരീരം മാത്രമാണ് ഞാനിപ്പോൾ.
…………………………………………………………………………………………

പട്ടാമ്പി പെരിന്തൽമണ്ണ റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ഞാൻ കൃത്യം എട്ട് മണിക്ക് പട്ടാമ്പി സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസ് പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രത്തിനു മുന്നിലെത്തുമ്പോൾ ഞാൻ ബസ്സൊന്നു വേഗത കുറച്ച് ഗുരുവായൂരപ്പനെ തൊഴുതിട്ടേ പോകാറുണ്ടായിരുന്നുള്ളു.
തൊഴുതു കഴിഞ്ഞാൽ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു മനസ്സുഖമാണ് എനിക്ക് കിട്ടിയിരുന്നത്.

അന്ന് തൊഴുതുകഴിഞ്ഞു മുഖം തിരിച്ച എന്റെ ദേഹം മുഴുവൻ വൃത്തികേടാക്കിക്കൊണ്ട് നിന്റെ ശർദിലിന്റെ അവശിഷ്ടങ്ങൾ ഒലിച്ചിറങ്ങിയപ്പോൾ നിന്നോട് തോന്നിയ ദേഷ്യവും പിന്നീടുള്ള ദിവസങ്ങളിലെപ്പോഴോ ആ ദേഷ്യം നിന്നോടുള്ള അനുരാഗമായി മാറിയതും നിന്റെ സമ്മതം അറിഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷവും എന്നെ ചെറുതൊന്നുമല്ല ധനു സ്വപ്നം കാണാൻ പഠിപ്പിച്ചത്.

ആ ഒഴിവു ദിവസങ്ങളിലെ സായാഹ്നങ്ങളിൽ നിന്റെ തോളോട്തോൾ ചേർന്ന് വെള്ളിയാങ്കല്ല് പാലത്തിന് മുകളിൽ നിന്ന് അസ്തമയ സൂര്യനെ നോക്കുമ്പോൾ അനുരാഗത്തിൻ ചുവപ്പ് നിന്റെ മുഖത്ത് ചായം തീർക്കുമ്പോൾ അത്‌ നുള്ളിയെടുക്കാൻ എന്റെ കൈകൾ വല്ലാതെ കൊതിച്ചിരുന്നു ധനു.

നാലര വർഷത്തെ നമ്മുടെ പ്രണയം നമ്മുടെ ആത്മാക്കളെപ്പോലും പിരിക്കാൻ കഴിയില്ലെന്ന് നീ പറഞ്ഞിട്ടും എന്തെ നീ മാത്രം പിരിഞ്ഞുപോയി.

വേറെ വേറെ ജാതിയായിരുന്ന നമ്മുടെ പ്രണയം വീട്ടുകാരും നാട്ടുകാരും അറിഞ്ഞപ്പോൾ നിന്നെയുംകൊണ്ട് നാട് വിടാൻ ഞാൻ തീരുമാനിച്ചത് നീയില്ലാത്തൊരു ജീവിതം എനിക്കില്ല എന്നത്കൊണ്ട് മാത്രമായിരുന്നു ധനു.

നാട്ടിൽനിന്ന് നമ്മൾ പോകാൻ തീരുമാനിച്ച ദിവസത്തിനു രണ്ട് ദിവസം മുൻപ് നിന്റെ അച്ഛനെന്നെ പട്ടാമ്പി ബസ് സ്റ്റാൻഡിൽ വന്നു കണ്ടിരുന്നു.

എന്നെക്കണ്ടതും വാർധക്യത്താൽ ചുളിവ് വീണ കൈകൾ കൂപ്പി “ഞങ്ങൾക്ക് ആണായിട്ടും പെണ്ണായിട്ടും അവള് മാത്രമേയുള്ളു,
നീ ഇതിൽ നിന്ന് പിന്മാറണം എന്ന് പറഞ്ഞു യാചിച്ചെന്റെ കാൽക്കൽ വീഴാൻ തുനിഞ്ഞപ്പോൾ ഞാൻ നിന്നെ മറന്നുകൊള്ളാം എന്നെനിക്കു വാക്ക് കൊടുക്കേണ്ടി വന്നു.

നരച്ച താടി രോമങ്ങൾക്കിടയിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ കൈകൊണ്ടു തുടച്ചുകൊണ്ട് നിന്റെ അച്ഛൻ എന്നിൽ നിന്ന് നടന്നകന്നപ്പോൾ എന്റെ അച്ഛനാണ് ഈ ഗതി വന്നിരുന്നെങ്കിലെന്ന് അറിയാതെയാണെങ്കിലും എന്റെ മനസ്സൊന്നു ചിന്തിച്ചുപോയി.

എന്റെ ജീവന്റെ ജീവനായ നിന്നെ മറക്കുക എന്നത് എന്റെ മരണത്തിനു തുല്യമാണെന്നറിഞ്ഞിട്ടും ആ വൃദ്ധന്റെ കണ്ണീരിനു മുൻപിൽ എനിക്കത് ചെയ്യേണ്ടി വന്നു.

എന്ത് വന്നാലും ഞാൻ ഏട്ടനെ മറക്കില്ല എന്നും മറ്റന്നാൾ ഏട്ടനെന്നെ കൊണ്ടുപോയില്ലെങ്കിൽ ഞാനീ ലോകത്തുണ്ടാവില്ലയെന്നും നീയെന്നോട് പറഞ്ഞപ്പോൾ നിന്റെ മനസ്സിന്റെ നൊമ്പരം കാണാതെ പോയത് എന്റെ തെറ്റാണെന്നു ഞാൻ സമ്മതിക്കുന്നു ധനു.

രണ്ട് ദിവസങ്ങൾക്കു ശേഷം ബസ് ഓടിച്ചുകൊണ്ടിരിക്കുകയായിരുന്ന എന്റെ മൊബൈലിലേക്ക് “ഏട്ടനിപ്പോൾ വന്നില്ലെങ്കിൽ ഞാൻ ചത്തു കളയുമെന്ന്” പറഞ്ഞു നീ വിളിച്ചപ്പോൾ ഞാൻ വരില്ലയെന്നു പറഞ്ഞത് ഒരു ജന്മം മുഴുവൻ നിനക്കായി മാത്രം ജീവിച്ചു തീർത്ത നിന്റെ അച്ഛനെ ഓർത്തിട്ടായിരുന്നു

അവിടന്ന് പതിനഞ്ചു മിനിറ്റിനു ശേഷം ഞാൻ ബസ് കിളിയുടെ കൈയിൽ ഏല്പിച്ചു നിന്റെ വീട്ടിലേക്ക് ഓടിക്കിതച്ചെത്തിയപ്പോൾ ഞാൻ കണ്ടതോ ഒരു മുഴം കയറിൽ നിന്നാടുന്ന നിന്നെയാണ്.

വാതിൽ തള്ളിത്തുറന്ന് കയറു അറുത്തു നിന്നെയെന്റെ കൈകളിലേന്തി ആശുപത്രിയിലേക്കോടിയപ്പോഴും എന്റെ മനസ്സിന്റെ വിങ്ങൽ നിയന്ത്രിക്കാൻ ഞാൻ പാടുപെടുന്നുണ്ടായിരുന്നു.

നീ ഈ കടുംകൈ ചെയ്യുന്നതിന് മുൻപ് ഈ എന്നെയൊന്നു ഓർക്കാമായിരുന്നു അല്ലെങ്കിൽ നിനക്കായി മാത്രം ജീവിച്ചിരുന്ന നിന്റെ അച്ഛനെയും അമ്മയെയും കുറിച്ചോർക്കാമായിരുന്നു.

ആത്മഹത്യാ പ്രേരണക്ക് എന്റെ മേൽ കുറ്റം ചാർത്തി കൈകൾ രണ്ടും വിലങ്ങുകളാൽ ബന്ധിച്ചു നിന്റെ ചേതനയറ്റ ശരീരം അവസാനമായി ഒരു നോക്ക് കാണാൻ എന്നെ നിന്റെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ നാട്ടുകാരുടെ നോട്ടമെനിക്ക് ഒരു അപരാധിയുടെ വേഷം അണിയിച്ചു തന്നിരുന്നു.

നിന്റെ അടുത്തുവന്നു നിന്റെ വിറങ്ങലിച്ച ചുണ്ടുകളിലേക്ക് നോക്കി നിന്നപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞില്ല ധനു,
ഞാൻ കരഞ്ഞില്ല.

ആർത്തിരമ്പി അലയടിക്കുന്ന തിരമാലകൾ കണക്കെ എന്റെ ഉള്ളം പിടഞ്ഞിരുന്നത് ഒരു പക്ഷെ നീ കേട്ടുകാണും.

അഞ്ചു ദിവസത്തെ ജയിലിൽ വാസം കഴിഞ്ഞു നാട്ടിലെത്തിയപ്പോൾ ഒരു കുറ്റവാളിയായി ഞാൻ മുദ്ര കുത്തപ്പെട്ടിരുന്നു.

എല്ലാറ്റിനുമപരി എന്നെ വല്ലാതെ ഉലച്ചിരുന്നത് നിന്റെ മരണമാണ്.
അതിന് ശേഷം പുറത്തേക്കൊന്നും ഇറങ്ങാതെയായി.
ആകെ ഒരു മരവിപ്പായിരുന്നു മനസ്സിൽ.

അറിയാതെയാണെങ്കിലും നിന്നോട് ചെയ്ത തെറ്റിന് മാപ്പ് പറയണം അതിനുവേണ്ടി ഞാൻ നിന്റെ അടുക്കലേക്ക് വരികയാണ് ധനു.

ഈ സാരിത്തുമ്പിൽ കിടന്നു പിടഞ്ഞു എന്റെ ജീവൻ എന്നിൽ നിന്ന് അകന്ന് പോകുന്ന ഈ നിമിഷത്തിൽ ഞാൻ നിന്നോട് മാപ്പ് പറയട്ടെ.

എന്റെ ജീവന്റെ അവസാന തുടിപ്പും നിലച്ചപ്പോൾ മഴക്ക് ശക്തിയേകാൻ ആകാശം കറുത്തിരുണ്ട് എന്റെ ആത്മാവിനെ മേഘ പാളികൾക്കിടയിൽ മറച്ചു കളഞ്ഞു.