അങ്ങനെ മോളോട് ആരെങ്കിലും പറഞ്ഞോ? അവള്, ദേവു, എനിക്ക് എന്റെ സ്വന്തം മകളാ. അരുൺ അവിടെ പോയി താമസിക്കുന്നത് ഞാൻ പറഞ്ഞിട്ടാ.
ദേവുമോൾക്ക് അമ്മ മാത്രേ ഉള്ളൂ, മോൾടെ അച്ഛൻ പണ്ട് വേറെ ഒരുത്തിയുടെ കൂടെ താമസമാക്കിയതാ. ദേവൂന്റെ അമ്മ പാവം സ്ത്രീ ആണ്, ആരോടും ഒരു പരാതിയും പറഞ്ഞില്ല, പല പല പണികൾ ചെയ്ത് മോളെ നന്നായി പഠിപ്പിച്ച് വളർത്തി വലുതാക്കി. പഠിക്കാൻ പോയി വരുന്ന മോളെ കണ്ടിട്ട് കണ്ണന് ഇഷ്ടായി, അപ്പൊ അവൻ ജോലിക്ക് കയറിയിട്ടേ ഉള്ളൂ. അവൻ പോയിട്ട് ഇഷ്ടാണെന്ന് പറഞ്ഞു, മോള് ഇഷ്ടല്ലാന്നും. എന്തോ ഇവന് ആ കുട്ടിയെ മറക്കാൻ പറ്റിയില്ല , അങ്ങനെയാണ് എന്നോട് പറഞ്ഞത്. കുട്ട്യോൾടെ ഇഷ്ടമല്ലേ വലുത്, ഞാൻ നേരിട്ട് പോയി അവരോട് പെണ്ണ് ചോദിച്ചു. കുട്ടീടെ പഠിപ്പ് കഴിഞ്ഞിട്ട് ആലോചിക്കാം എന്ന് അവരും’
‘എന്നിട്ട്?’
‘കാത്തിരിക്കാൻ കണ്ണൻ തയ്യാറായിരുന്നു, കണ്ണൻ വേണ്ടെന്ന് പറഞ്ഞാൽ മാത്രേ വേറെ ചെക്കനെ ആലോചിക്കൂ എന്ന ഒരു ഉറപ്പ് അവരിൽ നിന്ന് വാങ്ങി ഞാൻ ഇങ്ങോട്ട് പോന്നു. പിന്നെ എല്ലാം ദൈവനിശ്ചയം. ഒന്നര കൊല്ലം രണ്ടാളും കാത്തിരുന്നു. പക്ഷെ ഞങ്ങൾ അറിയാതെ അവര് ഇടയ്ക്കൊക്കെ കണ്ടിരുന്നു ട്ടോ.
നല്ല രീതിയിൽ തന്നെ അവരുടെ കല്യാണം നടന്നു. പക്ഷെ ഞങ്ങൾ എല്ലാവർക്കും സങ്കടം ആ അമ്മയെപറ്റിയായിരുന്നു. അവര് അവിടെ തനിച്ചായില്ലേ. ഇവിടെ വന്ന് താമസിക്കാൻ അവർക്ക് പറ്റില്ലായിരുന്നു. അവരുടെ വിയർപ്പിൽ നിന്നുണ്ടാക്കിയ മണ്ണാണ്. അതിൽ കിടന്ന് മരിക്കാനാ അവരുടെ ആഗ്രഹം.
എനിക്ക് രണ്ട് ആണ്മക്കളെയാണ് ദൈവം തന്നത്, അരികിൽ ഇല്ലെങ്കിലും അവർ എന്റെ മക്കൾ തന്നെയാണ്, ഞാൻതന്നെയാണ് അവനോട് അവിടെ പോയി നില്ക്കാൻ പറഞ്ഞത്. ഇപ്പൊ ആർക്കും ഒരു കുഴപ്പവുമില്ലല്ലോ. ഇവിടെ അടുത്തല്ലേ അത്കൊണ്ട് അവര് എല്ലാ ആഴ്ചയും വരുമായിരുന്നു. ഈയിടെ ദേവൂന്റെ അമ്മ ഒന്ന് വീണു, കാലിന് ഒരു പൊട്ടലുണ്ട്. അത്കൊണ്ട് ഇപ്പൊ ദേവൂന് എങ്ങോട്ടും പോകാൻ പറ്റാതായി. അതാ ഇപ്പൊ ഇങ്ങോട്ടൊന്നും വരാത്തത്’
‘അമ്മയ്ക്ക് എന്നാ കുറച്ച് ദിവസം അവിടെ പോയി നിന്നൂടെ? ഇപ്പൊ ഇവിടെ ഞാനുണ്ടല്ലോ’
‘പോകാൻ കൊതിയില്ലാഞ്ഞിട്ടല്ല. ഇവിടെ ഈ പശുവിനേം കോഴിയേം എല്ലാം മോള് ഒറ്റയ്ക്ക് നോക്കണ്ടേ’
‘അതൊന്നും സാരല്ല്യ അമ്മേ. അമ്മ പോയി ഒരു പത്ത് ദിവസം അവിടെ നിന്നിട്ട് വാ’
‘ഉം, അനിയോട് ചോദിക്കട്ടെ’
‘അനിയേട്ടൻ ദേഷ്യക്കാരനാ ലെ അമ്മേ?’
‘അനിയോ? അവൻ ആയിരുന്നു, പണ്ട്. ആ കഥയൊന്നും മോളോട് പറഞ്ഞില്ലേ?’
‘ഇല്ല. എനിക്ക് ചോദിയ്ക്കാൻ പേടി ആണ്’
‘ഈ കാണുന്നതൊന്നുമായിരുന്നില്ല എന്റെ കുട്ടി. ഒറ്റവാക്കിൽ തെമ്മാടി എന്ന് പറയണം. സകല തോന്നിയവാസങ്ങളും ഉണ്ടായിരുന്നു, കള്ള് കുടിയും ബീഡിവലിയും.
പഠിക്കാൻ കണ്ണനേക്കാൾ ബുദ്ധി ഉണ്ടായിരുന്നു, പക്ഷേ എന്താകാര്യം, കുരുത്തക്കേടുകൾക്കായിരുന്നു അവന് താല്പര്യം. പ്ലസ് വണ്ണിൽ പകുതിവരയെ പോയുള്ളു. പിന്നെ ഒരു വർക് ഷോപ്പിൽ പണിക്ക് കയറി. പണിയൊക്കെ പെട്ടന്ന് പഠിച്ചു, പക്ഷെ നാട്ടിലെ ചില താന്തോന്നികളുമായിട്ട് അവൻ കൂട്ടുകൂടാൻ തുടങ്ങി. ആ കൂട്ടാണ് അവന്റെ ജീവിതം നശിപ്പിച്ചത്. അവരുടെ കൂടെ അടിക്കും വഴക്കിനും മുന്നും പിന്നും നോക്കാതെ ഇറങ്ങും. പിന്നെ പോലീസ് കേസും ആശുപത്രിയും കോടതിയും ഒക്കെയായി ചുറ്റിത്തിരിയൽ ആണ്. അവന്റെ അച്ഛന് മരിക്കുന്നത് വരെയും നാട്ടിൽ നല്ല ഒരു പേരുണ്ടായിരുന്നു. അവനായി അത് കളഞ്ഞ് കുളിച്ചു. അവന് എല്ലാ പാർട്ടിയിലും കൂട്ടുകാർ ഉണ്ടായിരുന്നു. ഒരാൾ പറയുമ്പോൾ മറ്റേ ആളെ തല്ലാനും ഇയാൾ പറഞ്ഞാൽ അയാളെ തല്ലാനും അവൻ ഇറങ്ങും. അതിന്റെയൊക്കെ ദോഷം എന്റെ കുട്ടി ശരിക്കും മനസ്സിലാക്കി’
‘എന്ത് പറ്റി അമ്മേ?’
‘മോള് അവന്റെ ദേഹത്തെ മുറിപ്പാടുകൾ കണ്ടിട്ടില്ലേ? പുറമെയുള്ളവർക്ക് കയ്യിലെ മാത്രമേ കാണാൻ പറ്റൂ, നമുക്കല്ലേ അവനെ അറിയൂ’
‘ആ കണ്ടിട്ടുണ്ട്
അനിയുടെ കയ്യിലെ മുറിപ്പാട് മാത്രമേ ഗീതുവും കണ്ടിട്ടുണ്ടായിരുന്നുള്ളു. കറുത്ത ശരീരത്തിലെ പാടുകൾ പെട്ടന്ന് ശ്രദ്ധിക്കപ്പെടില്ല എന്നാലും ഒരു ഭാര്യ അത് കണ്ടില്ലെന്ന് പറയാൻ പാടില്ല എന്നവൾക്ക് തോന്നി. ഭർത്താവിന്റെ ശരീരത്തിലെ ഒരോ മറുകിന്റെയും സ്ഥാനം ഭാര്യയ്ക്ക് അറിഞ്ഞിരിക്കണം.
അത് എങ്ങനെയാ അമ്മേ? ഞാൻ ചോദിച്ചപ്പോൾ മുറി ആയി എന്ന് മാത്രേ പറഞ്ഞുള്ളു. പിന്നെ കൂടുതൽ ചോദിച്ച് ഞാൻ ബുദ്ധിമുട്ടിച്ചില്ല’
താൻ അമ്മയോട് ഒരുപാട് കള്ളങ്ങളായി പറയുന്നു എന്ന് ഗീതുവിന് അറിയാമായിരുന്നു. പക്ഷേ അനിയെപ്പറ്റി അവൾക്ക് എല്ലാം അറിഞ്ഞേ മതിയായിരുന്നുള്ളു.
‘കൊന്നു എന്ന് വേണമെങ്കിൽ പറയാം. കുറച്ച് ജീവൻ മാത്രേ ഉണ്ടായിരുന്നുള്ളു ഞങ്ങൾക്ക് കിട്ടുമ്പോൾ.
രാത്രി വീട്ടിലേക്ക് വരുമ്പോഴാ, അഞ്ചാറ് ആളുകൾ ഉണ്ടായിരുന്നുത്രെ, വെട്ടി നുറുക്കി എന്റെ കുട്ടിയെ…’
അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, മുണ്ടിന്റെ തലപ്പ് കൊണ്ട് അവർ കണ്ണ് തുടച്ചു.
‘ആള് മാറി വെട്ടിയതാ എന്ന് ചിലര് പറഞ്ഞു, പണ്ട് ഇവൻ ചെയ്തതിന് പകരം വീട്ടിയതാണെന്ന് ചിലർ. ദൈവം അവന്റെ ജീവൻ മാത്രം ഞങ്ങൾക്ക് ബാക്കി തന്നു’
‘അപ്പൊ ഈ കൂട്ടുകാരൊന്നും വന്നില്ലേ?’
‘അവനെക്കൊണ്ട് ഇനി ഉപകാരമില്ലെന്ന് തോന്നിയത് കൊണ്ടാവും എല്ലാവരും ഒന്ന് വന്ന് കണ്ടിട്ട് പോയി. ഏതെങ്കിലും ഒരു പാർട്ടിയിൽ നിന്നിരുന്നെങ്കിൽ അവരെങ്കിലും സഹായിക്കുമായിരുന്നു. അവനെ ഇപ്പൊ കാണുന്നത് പോലെ ആക്കിയെടുക്കാൻ എത്ര കഷ്ടപ്പെട്ടു എന്നറിയോ. ഉള്ള സമ്പാദ്യം എല്ലാം വിൽക്കുകയും പണയം വെക്കുകയും ചെയ്തു. അതിലൊന്നും ഒരു സങ്കടം തോന്നിയില്ല ട്ടോ, എന്റെ കുട്ടിയെ എനിക്ക് തിരിച്ച് കിട്ടി. അവന്റെ രണ്ടാം ജന്മം അതും ഇരുപത്തിയഞ്ചാം വയസ്സിൽ. അവന് വേണ്ടി നഷ്ടപ്പെടുത്തിയതെല്ലാം അവൻതന്നെ തിരിച്ചെടുത്തു ട്ടോ. ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ അവൻ വേറെ ആളായിരുന്നു. കുറെ വേദന എന്റെ കുട്ടി സഹിച്ചു, എന്നാലും എന്റെ മകനായിട്ട് എനിക്കവനെ കിട്ടി. ഒരു കൊല്ലം വീട്ടിൽത്തന്നെ ഇരിക്കേണ്ടിവന്നു. അന്ന് മുതൽ അവൻ ജീവിതം എന്താണെന്ന് പഠിച്ചു. പതുക്കെ വർക്ക് ഷോപ്പിലെ ജോലിക്ക് പോകാൻ തുടങ്ങി, രണ്ട് കൊല്ലം കൊണ്ട്തന്നെ അവൻ സ്വന്തമായി ഒരു കട ഇട്ടു. ഒരു രൂപ പോലും അനാവശ്യമായി കളയില്ല, കള്ളുകുടിയൊക്കെ അന്ന് നിർത്തിയതാ. എല്ലാ കടങ്ങളും വീട്ടി, നാലാളെകൊണ്ട് നല്ലത് പറയിച്ചു.
കല്യാണത്തിന്റെ കാര്യം വന്നപ്പോൾ മാത്രാ അവൻ ആകെ ഒഴിഞ്ഞ് മാറിയത്’
‘അതെന്താ അമ്മേ? ഏട്ടന് നല്ല താല്പര്യം ഉള്ളപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നോട് എപ്പോഴും സ്നേഹത്തിൽ മാത്രേ സംസാരിച്ചിട്ടുള്ളു’
‘അവൻ കല്യാണം വേണ്ടെന്ന് പറയാൻ ഞാനും ഒരു കാരണമാണ്. താന്തോന്നിയായ അവനെ ഒരു മനുഷ്യനാക്കിയത് അവളാണ്, എന്റെ ലക്ഷ്മിമോൾ’
‘ലക്ഷ്മിയോ? അതാരാ?’
‘അവൻ കിടന്നിരുന്ന ആശുപത്രിയിലെ നേഴ്സ് ആണ്, ശരിക്കും ഒരു മാലാഖ. ആ മോള് കാരണമാണ് അവന് ജീവനും ജീവിതവും തിരിച്ച് കിട്ടിയത്. മൂന്ന് മാസത്തോളം എന്റെ കുട്ടി ആശുപത്രിയിൽ കിടന്നു, അപ്പോൾ ഒരു മാലാഖയെപ്പോലെ അവനെ നോക്കിയത് ആ മോളാണ്.
അവന്റെ എല്ലാ കാര്യവും നോക്കും, അവന്റെ മാത്രമല്ല ആ വാർഡിലെ എല്ലാവരുടെയും. ലക്ഷ്മി മോളുടെ കൈപ്പുണ്യത്തെപറ്റി പറയാതെ വയ്യ. ആ കൈകൊണ്ട് പച്ചവെള്ളം എടുത്ത് തന്നാലും അത് മരുന്നാകും.
അത്യാവശ്യം ചുറ്റുപാടൊക്കെ ഉള്ള വീട്ടിലെ കുട്ടിയാണ്, പണ്ട് തൊട്ടേ നഴ്സിങ്ങിൽ ഇഷ്ടായിരുന്നുത്രേ. നല്ല ഒരു സുന്ദരിക്കുട്ടിയാണ്, എല്ലാ അമ്മമാരും ആഗ്രഹിക്കുന്ന സ്വഭാവവും. അങ്ങനെ ഒരു മോളെ ദൈവം എനിക്ക് തന്നില്ലല്ലോ എന്ന് ഞാൻ വിഷമിച്ചിട്ടുണ്ട്.
എപ്പോഴാണ് എങ്ങനെയാണ് എന്നറിയില്ല, മുറി കൂടുന്ന അനിയുടെ മനസ്സിൽ ലക്ഷ്മിമോളും കൂടി. എല്ലാവരോടും ഉള്ളപോലെയാണ് അവൾ അനിയോടും പെരുമാറിയത്, പക്ഷേ അവന് എന്തോ ഇഷ്ടം തോന്നിയിരുന്നതായി എനിക്ക് തോന്നി. അതൊക്കെ അവന്റെ പ്രായത്തിന്റെ ചാഞ്ചാട്ടമായിട്ടേ എനിക്ക് തോന്നിയുള്ളൂ. പിന്നെ അവർ രണ്ടാളും തമ്മിൽ ഒരു ചേർച്ചയും ഉണ്ടായിരുന്നില്ല. ഇവന്റെ കഥകളൊക്കെ ഞാൻ ആ മോളോട് പറയുകയും ചെയ്തിരുന്നു, അത്കൊണ്ട് ഇവനെ ഒരിക്കലും ഇഷ്ടപ്പെടാനും കഴിയില്ല’
‘എന്നിട്ട്?’
‘അനിയുടെ അച്ഛൻ കോണ്ട്രാക്റ്റ് വർക്കിന് വന്ന് എന്നെക്കണ്ട് ഇഷ്ടപ്പെട്ട് കെട്ടിയതാണ്. കൂലിപ്പണിക്കാരായ എന്റെ വീട്ടുകാർക്ക് അത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. കെട്ട് കഴിഞ്ഞ് ഞങ്ങളെ വിട്ട് പോകുന്നത് വരെയും അദ്ദേഹം എന്നെ വിഷമിപ്പിച്ചിട്ടില്ല, ഇത്തിരി മുൻകോപം ഉണ്ടെന്നേയുള്ളു. അത്കൊണ്ട് പ്രേമത്തെപ്പറ്റി എനിക്കൊരു ധാരണ ഉണ്ടായിരുന്നു. പക്ഷേ എന്റെ ധാരണകൾ തെറ്റിച്ചത് ലക്ഷ്മി മോളായിരുന്നു, അവൾക്കും അവനോട് ഇഷ്ടം തോന്നിയിരുന്നു, എങ്ങനെയാണ് അത് സംഭവിച്ചത് എന്നെനിക്ക് അറിയില്ല. മനസ്സിലോ ശരീരത്തിലോ എന്റെ മകന് വെളുപ്പ് ഉണ്ടായിരുന്നില്ല. ഇത് രണ്ടും ഉള്ളതാണ് ലക്ഷ്മിമോള്. രണ്ടാളും ഒരുമിച്ച് പോകുന്നത് കണ്ടാൽ ആളുകൾ കളിയാക്കും. എനിക്ക് ഒരു വിശ്വാസവും ഉണ്ടായിരുന്നില്ല മോൾക്ക് അവനെ ഇഷ്ടാവും എന്ന്.
പക്ഷേ അവന്റെ ഉള്ളിന്റെയുള്ളിൽ എവിടെയോ ഉള്ള വെളിച്ചം ആ കുട്ടി കണ്ടു, അതിനെ ആളിക്കത്തിച്ച് അവനെ ഒരു മനുഷ്യനാക്കി മാറ്റി. ലക്ഷ്മി മോള് തന്ന മരുന്നും, അവൾ പറഞ്ഞ വാക്കുകളുമാണ് അനിയെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. അവരുടെ കളികളൊക്കെ ഞാൻ ആരുമറിയാതെ കാണുന്നുണ്ടായിരുന്നു, ഒടുവിൽ രണ്ടാളും കൂടിയാണ് എന്നോട് അവരുടെ കാര്യം പറഞ്ഞത്. എനിക്ക് അതിൽ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. അർഹതയില്ലെങ്കിലും അനി മനസ്സിൽ കാണുന്നതിന് മുന്നേ എന്റെ മരുമകളായി അവളെ ഞാൻ ആഗ്രഹിച്ചിരുന്നു.
പിന്നെ അങ്ങോട്ട് അവിടം ആശുപത്രിയായിരുന്നില്ല, ഒരു പൂങ്കാവനം ആയിരുന്നു. എന്റെ കുട്ടികൾ അവിടെ ജീവിച്ച് തീർക്കുകയായിരുന്നു. അവിടെ എല്ലാവരും അവരുടെ കാര്യമൊക്കെയറിഞ്ഞു. അനിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് കൊണ്ടുവരുമ്പോൾ ലക്ഷ്മിയും കൂടെ വന്നു. ഈ മുറ്റത്ത് വരെയേ അവൾ വന്ന് നിന്നുള്ളൂ. അകത്തേക്ക് ഞാൻ വിളിച്ചതാ, അനിയുടെ താലി കഴുത്തിൽ ഇട്ടിട്ട് ഒരു നിലവിളക്കും പിടിച്ച് ഒരു ദിവസം ഈ പടി ചവിട്ടാം എന്ന് പറഞ്ഞാ മോള് പോയത്’
‘എന്നിട്ട്? ആ കുട്ടിയെ എന്താ ഏട്ടൻ കെട്ടാഞ്ഞത്?’
തുടരും…