ഹോം നഴ്സ് – 1

ഹോം നഴ്സിനേ വേണമെന്ന പരസ്യം കണ്ടാണ് ടെസ അതിൽ കൊടുത്ത നംബറിൽ വിളിച്ചത്. എടുത്തത് ആ അമ്മയുടെ ഇളയ മകൻ സണ്ണികുട്ടിയും.

അവൾ കാര്യങ്ങൾ അന്വേഷിച്ചു. അമ്മച്ചിയുടെ മക്കളെല്ലാം വിദേശത്താണ്. കൂടെ ഉള്ളത് ഈ മകൻ മാത്രമാണ്. അമ്മച്ചിക്ക് പത്തെൺപത്തി അഞ്ച് വയസുണ്ട്. അടുത്ത കാലം വരേ ഒരു കുഴപ്പവും ഇല്ലാതെ ഓടി നടന്ന ആളാണ്. ബാത് റൂമിൽ ഒന്ന് വീണു. ഇപ്പോൾ എണീക്കാനോ നടക്കാനോ ഒന്നും പറ്റില്ല. ഒരാളുടെ സഹായമില്ലാതെ പറ്റില്ല. അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രിയാണ് ഇപ്പോൾ കാര്യങ്ങൾ നോക്കുന്നത്. അവർക്ക് അതി രാവിലേ വന്ന് കാര്യങ്ങൾ ചെയ്യാൻ പറ്റില്ല. അതുകൊണ്ടാണ് ആളെ നിർത്താമെന്ന് വെച്ചത്. അവൻ പറഞ്ഞു നിർത്തി.

ടെസി സാലറിയുടെ കാര്യം ചോദിച്ചപ്പോൾ പറഞ്ഞു അത് നമുക്ക് ശരിയാക്കാം. കൊച്ച് പ്രതീക്ഷിക്കുന്നതിനേക്കാൾ കിട്ടും. അവൾക്ക് അത് അത്ര വിശ്വാസം പോരാ എന്ന് തോന്നിയപ്പോൾ പറഞ്ഞു മാസാം ഇരുപതിനായിരം ഇപ്പോൾ. അമ്മച്ചിക്ക് ഇഷ്ടപെട്ടാൽ കൂടുതൽ കിട്ടും. മാസം ഇരുപതിനായിരം എന്ന് കേട്ടപ്പോൾ അവൾക്ക് സന്തോഷമായി.

തന്റെ മോൾക്ക് ഹോസ്റ്റൽ ഫീസും പഠന ചിലവിനും അത് മതി. അപ്പനും അമ്മയും നഷ്ടപെട്ട തന്റെ മോൾക്ക് ഈ തുക ധാരാളം. എന്ന് ജോയിൻ ചെയ്യണം എന്ന് ചോദിച്ചപ്പോൾ എത്രയും പെട്ടന്നായാൽ അത്രയും നല്ലത് എന്ന് മറുപടി കിട്ടി. അവൾ പിറ്റേന്ന് വരാം എന്ന് പറഞ്ഞ് ഫോൺ കട്ടാക്കി.

അപ്പനും അമ്മയും ചേച്ചി ലിസയും അടങ്ങിയതാണ് ടെസയുടെ കുടുംബം. സാമ്പത്തികം അധികമില്ലെങ്കിലും അല്ലാലില്ലാതെയാണ് ആ മാതാപിതാക്കൾ മക്കളേ വളർത്തികൊണ്ട് വന്നത്. മലയുടെ അടിവാരത്തോട് ചേർന്നാണ് അവരുടെ വീട്.

അവരുടെ അപ്പൻ വർക്കിച്ചൻ നല്ല അദ്ധ്വാനിയായ മനുഷ്യനാണ്. കുടുംബത്തേ കുറിച്ചു മക്കളേ കുറിച്ചും ചിന്ത ഉള്ള ആൾ. സ്വന്തം പറമ്പിലും മറ്റുള്ളവരുടെ പറമ്പിലും പണി ചെയ്താണ് അയാൾ തന്റെ കുടുംബം പുലർത്തിയിരുന്നത്.

അയാളുടെ ഭാര്യ കത്രികുട്ടിയും ഒപ്പത്തിനൊപ്പം നിക്കുമായിരുന്നു. അടുത്ത് വീടുകളിൽ അടുക്കള പണിയും പുറം പണിയുമൊക്കയായി കാലം കടന്നു പോയി. ഇപ്പോൾ വർക്കിച്ചൻ മാത്രമേ പണിക്കുപോകാറുള്ളു. വീട്ടിൽ രണ്ട് പശുക്കളേ വാങ്ങിയതോടെ കത്രികുട്ടി പണിക്ക് പോകാതായി. രണ്ടു പെണ്മക്കളും നന്നായി പഠിക്കും. എല്ലാ കാര്യങ്ങൾക്കും അവർ മുൻപന്തിയിലാണ്. നല്ല സുന്ദരികളും. ആരണ് കൂടുതൽ സുന്ദരി? എന്ന് ചോദിച്ചാൽ ഉത്തരം മുട്ടിപോകും.

അപ്രതീക്ഷിതമായി വേനൽമഴ പെയ്ത ഒരു പകൽ ഉരുൾ പൊട്ടലിൽ അവരുടെ വീടും അപ്പനും അമ്മയും ഒലിച്ചു പോയപ്പോൾ അനാഥരായി പോയത് ആ രണ്ടു പെൺകുട്ടികളായിരുന്നു. സർക്കാറിന്റെ വാഗ്ദാനങ്ങൾ എല്ലാം കടലാസിൽ മാത്രം ഒതുങ്ങി.

പണ്ട് പാലായിൽ നിന്ന് പ്രേമിച്ച് ഒളിച്ചോടി പോന്നതുകൊണ്ട് അവർക്ക് പറയത്തക്ക ബന്ധുക്കൾ ഒന്നും ഉണ്ടായിരുന്നില്ല. ആരും ഏറ്റെടുക്കാനില്ലാത്തതുകൊണ്ട് ആ മക്കളേ പള്ളി വക അനാഥാലയത്തിലേക്ക് മാറ്റി. പിന്നീട് അവർ അവിടെയാണ് വളർന്നത്.

അപ്പനും അമ്മയും ഒന്നിച്ചു പോയത് ഏറെ തളർത്തിയത് ലിസയേ ആയിരുന്നു. അവളുടെ ഉൽസാഹവും ചൊടിയും എല്ലാം എവിടയോ നഷടമായി. പത്തിൽ കഷ്ടി പാസായ അവൾ പ്ലസ് റ്റൂന് തോറ്റു. പിന്നീട് അനാഥാലയത്തിൽ തന്നെ ഹാന്റ് എമ്പ്രോയിഡറിയും തൈയ്യലും ഒക്കെ പഠിച്ചു. നല്ല ഒരു തയ്യൽകാരി ആയി.

എപ്പോഴും അവൾ ടെസയുടെ കാര്യത്തിൽ ശ്രദ്ധാലുവായിരുന്നു. അവളേ എങ്കിലും നന്നായി പഠിപ്പിക്കണം നല്ല നിലയിൽ എത്തിക്കണം എന്ന് തീരുമാനിച്ചു.

ടെസ പത്തിൽ പഠിക്കുമ്പോളാണ് ലസയുടെ കല്യാണം നടക്കുന്നത്. ഇമ്മാനുവേൽ എന്ന മനുവുമായിട്ട്. അവനും ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപെട്ടവനായിരുന്നു. ഒരു വെത്യാസം മാത്രം മനുവിന് അവന്റെ കൂടെ ബന്ധുക്കൾ ഉണ്ട്. ലിസയേ അവൻ നേരത്തേ കണ്ടുട്ടും ഉണ്ട്. അതുകൊണ്ട് വലിയ എതിർപ്പില്ലാതെ കല്യാണം നടന്നു. കെട്ടികേറി ചെല്ലുമ്പോൾ മനു ടെസയേ കൂടെ നിർത്തണം എന്ന് പറഞ്ഞു. ലിസക്ക് അത് വലിയ ആശ്വാസമായി. ഇമ്മാനുവേൽ ശരിക്കും ഒരു രക്ഷകൻ തന്നെയായിരുന്നു ആ പെൺകുട്ടികൾക്ക്.

കൂടപിറപ്പുകൾ ഇല്ലാത്ത മനൂന് ടെസ ശരിക്കും പെങ്ങൾ തന്നെയായിരുന്നു. അവൾക്ക് മനു മനുവേട്ടായിയും ലിസക്ക് അവൻ ഇച്ചായനുമായി.

അവർ പെട്ടന്ന് ആ വീടുമായി ഇണങ്ങി. ടെസ ആ വീട് ഒരു പൂങ്കാവനമാക്കി. അവന്റെ ബന്ധുക്കൾക്ക് എല്ലാം ആ രണ്ടുപെൺകുട്ടികളേയും വലിയ ഇഷ്ടമായിരുന്നു. മനുവിന്റെ ഭാഗ്യമാണ് അവർ എന്ന് എല്ലാവരും പറഞ്ഞു.

കല്യാണം കഴിഞ്ഞ് അധികം താമസിയാതെ ലിസ ഗർഭിണി ആയി. തങ്ങളുടെ ഇടയിലേക്ക് ഒരാൾകൂടി വരുന്നു എന്ന അറിവ് അവർക്ക് കുറച്ചൊന്നുമല്ല സന്തോഷം പകർന്നത്.

ലിസ പ്രസവിച്ചു അവളേപോലെ ഒരു സുന്ദരി വാവ. മാമോദീസായ്ക്ക് അവന്റെ അമ്മയുടെ പേരായ റോസമ്മ എന്ന് പേരിട്ടു. വീട്ടിൽ അവൾ എല്ലാവരുടേയും റോസ് മോളാണ് കണ്ണിലുണ്ണി.

കുന്നിനൊരു കുഴിയുണ്ട് എന്ന് പറയുന്നത് ശരി വെയ്ക്കുന്നതുപോലെയാണ് ജീവിതം. നല്ല അദ്ധ്വാനിയും അവരുടെ അപ്പനേപോലെ തന്നെ കുടുംബസ്നേഹമുള്ളവനാണ് മനു. അവൻ സ്വന്തമായ സ്ഥലത്ത് കൃഷി ചെയ്തു. ലിസയും അതുപോലെ തന്നെ. അവൾ അവിടെ ഒരു തയ്യൽ യൂണിറ്റ് തുടങ്ങി. അവരുടെ എറ്റവും വലിയ ആശ ടെസയേ നന്നായി പഠിപ്പിക്കണം എന്നാണ്. അതിനായി അവർ അത്യദ്ധ്വാനം ചെയ്യാൻ തുടങ്ങി. റോസ്മോളുടെ രണ്ടാം പിറന്നാളിന് എല്ലാവർക്കും ഡ്രസും മറ്റും വാങ്ങാൻ പോയതാണ് മനുവും ലിസയും. അവർ ഓടിച്ചിരുന്ന ബൈക്കിലേക്ക് ഒരു ടിപ്പർ പാഞ്ഞ് കയറി അപ്പോൾ

തന്നെ രണ്ടാളും മരിച്ചു.വീണ്ടും അനാഥത്തിന്റെ ലോകത്തേക്ക്. ടെസ പക്ഷേ തോൽക്കാൻ ഒരുക്കമായിരുന്നില്ല. അവൾ ഡിഗ്രി പോർത്തിയാക്കി. അടുത്തുള്ള വീട്ടിലേ കുട്ടികൾക്ക് റ്റ്യൂഷൻ എടുത്തും കാലം കഴിച്ചു.

റോസ് സ്കൂളിൽ പോകാൻ തുടങ്ങിയതോടെ ചിലവും കൂടി വന്നു. ഏറ്റവും നല്ല സ്കൂളിൽ തന്നെ അവളേ ചേർത്തു. അതിൽ മനുവിന്റെ ബന്ധുക്കൾക്ക് പിറുപിറുപ്പുണ്ട്. ടെസ അത് കാര്യമാക്കിയില്ല. ഇപ്പോൾ റോസ്മോൾ അഞ്ചിലാണ് പഠിക്കുന്നത്. ടെസ ജോലി അന്വേഷിച്ച് തുടങ്ങിയപ്പോൾ മുതൽ റോസ്മോൾ ഹോസ്റ്റലിലാണ്.

രാവിലേ തന്നെ ടെസ സണ്ണികുട്ടിയുടെ വീട്ടിലേക്ക് തിരിച്ചു. അടുത്ത ജില്ലയിലാണ് അഡ്രസ്സിൽ പറഞ്ഞ വീട്. അവൾ ഉച്ച കഴിഞ്ഞപ്പോൾ ആ വീട്ടിൽ എത്തി. വലിയ ഒരു ബംഗ്ലാവ് പോലുള്ള വീട്. പണകൊഴുപ്പിന്റെ ആർഭാടം എങ്ങും കാണാം.

അവൾ കോളിങ്ങ് ബെൽ അടിച്ചു. ഒരു യുവാവ് വന്ന് വാതിൽ തുറന്നു. അവൾ സ്വയം പരിചയപെടുത്തി. അയൾ പറഞ്ഞു ഞാൻ സണ്ണികുട്ടി. കാണാൻ നല്ല സുന്ദരൻ. അവന്റെ കണ്ണിലേ വഷളത്തം അവൾക്ക് പിടിച്ചില്ല.അവളേ കണ്ടപ്പോൾ അവന്റെ മനസിൽ ലഡു പൊട്ടിയതിന് ഒരു കയ്യും കണക്കും ഇല്ല. കാരണം ഹോം നഴ്സിന് വരുന്ന പെണ്ണുങ്ങൾ എല്ലാം പോക്ക് കേസാണെന്നാണ് അവൻ കേട്ടിട്ടുള്ളത്.അവൻ അവളേ അമ്മച്ചുയുടെ മുറിയിലേക്ക് ആനയിച്ചു. ഈ പ്രായത്തിലും അമ്മച്ചി നല്ല സുന്ദരിയാണ്. നല്ല തറവാടിത്തം തോന്നുന്ന മുഖം.

അവൾ പെട്ടന്ന് അമ്മച്ചിയുമായി അടുത്തു. അമ്മച്ചിക്ക് നാല് മക്കൾ രണ്ടാൺ മക്കളും രണ്ട് പെണ്മക്കളും. എല്ലാവരും അമേരിക്കയുലും ഓസ്ട്രേലിയിലും ഒക്കെയാണ്. മക്കളേ ഈ നിലയിലാക്കാൻ അമ്മച്ചി ഒത്തിരി കഷടപെട്ടിട്ടുണ്ട്. ഇപ്പോൾ ഒരു നേരം അവർക്ക് വന്ന് നിൽക്കാൻ പറ്റില്ല അത്രക്ക് തിരക്ക്.

ഇളയവൻ സണ്ണികുട്ടി ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ് സിസ്വർലാന്റിനു പറക്കാൻ ഇരിക്കുമ്പോളാണ് അമ്മച്ചി വീഴുന്നത്. അതുകൊണ്ട് അവൻ മാത്രമുണ്ട് കൂടെ. അമ്മച്ചി ഇടക്ക് പഴയ കാര്യങ്ങൾ പറയും. അമ്മച്ചിക്കും അവളേ വലിയ ഇഷ്ടമായി. എപ്പോഴും പറയും എന്റെ മക്കൾ പോലും ഇങ്ങനെ എന്നോട് പെരുമാറാറില്ലാന്ന്. ജീവിതം മെല്ലെ ഒഴുകാൻ തുടങ്ങി.

സണ്ണികുട്ടി ആദ്യമൊക്കെ മാന്യമായാണ് അവളോട് പെരുമാറിയതെങ്കിലും പിന്നീട് അവന്റെ പെരുമാറ്റത്തിൽ മെല്ലെ മാറ്റം കണ്ടു തുടങ്ങി. അവൻ മെല്ല അവളോട് ദ്വയാർഥത്തിൽ സംസാരിക്കാനും തട്ടാനും മുട്ടാനും തുടങ്ങി. അവൾ ആദ്യം അത് കാര്യമാക്കിയില്ല.

ഒരു ദിവസം രാത്രി അവൾ തന്റെ മുറിയിൽ വന്നപ്പോൾ അവനുണ്ട് അവിടെ. സണ്ണിച്ചന് എന്താ വേണ്ടതെന്ന് ചോദിച്ചപ്പോൾ ഞാൻ ചേദിക്കുന്നത് എല്ലാം നീ തരുമോ? എന്ന് ഒരു വഷളൻ ചിരിയോടെ അവൻ തിരിച്ചു ചോദിച്ചു. തരാൻ പറ്റുന്നതാണെങ്കിൽ തരും എന്ന് അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു ഒപ്പം തീ പാറുന്ന ഒരു നോട്ടവും.

എടി ഈ പണിക്ക് വരുന്നവളുമാരെല്ലാം പൈസക്ക് വേണ്ടി എന്തും ചെയ്യുന്നവരാണ് നീ ഒരു ആറ്റം ചരക്കാ ഈ രാത്രിയിൽ നിനക്ക് എന്തു വേണമെന്ന് പറ. അവന്റെ സംസാരം കേട്ട അവൾ ഒരു നിമിഷം അവന്റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി എന്നിട്ട് പറഞ്ഞു ആരാ സണ്ണിച്ചനോട് ഇത് പറഞ്ഞത്? എന്നേപോലെ രോഗികളേ നോക്കാൻ വരുന്നവർ എന്തിനും തയ്യാറാണെന്ന്? സണ്ണിച്ചാ എന്റെ അപ്പനോ എന്റെ മനുവേട്ടായിയോ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ചിലപ്പോൾ ഞാൻ നിങ്ങളേക്കാൾ അന്തസുള്ള ഒരുവന്റെ ഭാര്യയായി ജീവിച്ചേനേ.

നിങ്ങൾ പറഞ്ഞത് സത്യമാണ് ചിലർ ഉണ്ട് അങ്ങനെ. പക്ഷേ എല്ലാവരേയും ആ കണ്ണികൂടി കാണരുത്. പറഞ്ഞു കഴിഞ്ഞപ്പോളേക്കും അവളുടെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി.

ഞാൻ എന്റെ മോൾക്ക് വേണ്ടിയാണ് ഈ പണിക്ക് വന്നത് അല്ലാതെ നിങ്ങളേ പോലുള്ളവരുടെ മുന്നിൽ തുണി ഉരിയാനല്ല. ഇനി ഇവിടെ നിന്നാൽ ഞാൻ ഞാനല്ലാതാവും സണ്ണിച്ചൻ ഇറങ്ങിക്കേ.

അമ്മച്ചിയേ ഓർത്താ ഞാൻ ക്ഷമിക്കുന്നത്. ഇല്ലെങ്കിൽ ഈ കോലത്തിൽ താൻ എന്റെ മുന്നിൽ നിക്കില്ല. അവൾ അമർത്തിയ ശബ്ദത്തിൽ പറഞ്ഞു. കാരണം അമ്മച്ചി അറിയുന്നത് അവൾക്ക് ബുദ്ധിമുട്ടാണ്. കുറച്ച് മാസമേ ആയിട്ടുള്ളു എങ്കിലും അവൾക്ക് അമ്മച്ചി സ്വന്തം അമ്മച്ചിയേ പോലെ ആയിരുന്നു.

പിറ്റേന്ന് രാവിലെ അവൾ അമ്മച്ചിയുടെ അടുത്ത് ചെന്നത് ഇന്ന് അവൾ ജോലി നിർത്തി പോകുവാണ് എന്ന് പറയാൻ വേണ്ടിയാണ്. അമ്മച്ചിയുടെ കണ്ണ് വല്ലാതെ കലങ്ങി ഇരിക്കുന്നതാണ് കണ്ടത്.

പറയാൻ വന്നത് മറന്നിട്ട് അമ്മച്ചി ഉറങ്ങീല്ലേ എന്ന് ചോദിച്ചപ്പോൾ അവളേ കെട്ടി പിടിച്ച് ഒറ്റ കരച്ചിൽ എന്റെ മോള് അമ്മച്ചിയോട് ക്ഷമിക്കടി. എന്റെ മോനേ ഞാൻ നന്നായി വളർത്താത്തതുകൊണ്ടല്ലേ അവൻ നിന്റെ നേരേ കൈ ഉയർത്താൻ ധൈര്യപെട്ടത്?

അമ്മച്ചിക്ക് എല്ലാം മനസിലായെന്ന് അവൾക്ക് മനസിലായി. ഒരു നിമിഷം എന്തു പറയണം എന്ന് അറിയാതെ അവൾ കുഴങ്ങി.എന്നിട്ട് അവരേ ആശ്വസിപ്പിക്കാനായി പറഞ്ഞു അത് സാരമില്ല അമ്മച്ചി സണ്ണിച്ചന് ഒരു തെറ്റു പറ്റിയതല്ലേ. ഞാൻ അത് അപ്പളേ ക്ഷമിച്ചു. അമ്മച്ചി അറിയരുതെന്ന് വച്ചിട്ടും അറിഞ്ഞല്ലോ എന്നതായിരുന്നു അവളുടെ സങ്കടം.

നീ അവനേ ഇങ്ങ് വിളിച്ചേ എന്ന് പറഞ്ഞപ്പോൾ അവൾ അവനേ വിളിച്ചു. അവൻ വന്നപ്പോൾ പറഞ്ഞു എന്റെ മോൻ കാരണം ഒരു പെണ്ണിന്റേയും ശാപം ഈ കുടുംബത്തിൽ ഉണ്ടാകരുത്. നിങ്ങളുടെ അപ്പന്റെ പേര് നീ ആയിട്ട് നശിപ്പിക്കരുത് പറഞ്ഞത് കേട്ടോ.

അവന് മുഖം അടച്ച് ഒരു അടി കിട്ടിയപോലെ തോന്നി. അവർ കൂട്ടി ചേർത്തു നിനക്ക് അത്രക്ക് ഇഷ്ടമാണെങ്കിൽ ഒരു താലി കെട്ടി കൂടെ കൂട്ട് അതാണ് അന്തസ്. എനിക്ക് അവളേ അത്രക്ക് ഇഷ്ടമാണ്. അവൾ അനാഥയായത് അവളുടെ തെറ്റുകൊണ്ടല്ലല്ലോ? തീരുമാനം നിന്റേതാണ്. അവളാകുമ്പോൾ എനിക്ക് ഒരു കൂട്ടാകും നീ ഒരുത്തിയേ കണ്ടു പിടിച്ചു കൊണ്ടു വന്നാൽ അവൾക്ക് എന്നെ പിടിക്കണം എന്നില്ല. ഇതാകുമ്പോൾ ആ പ്രശ്നമില്ലല്ലോ അവർ പറഞ്ഞു നിർത്തി.

അവനും ഓർത്തു ടെസ എന്തുകൊണ്ടും തനിക്ക് ചേർന്നവൾ തന്നെ. പിന്നെ തന്റെ ബലഹീനത മനസിലാക്കിയവളും. തനിക്ക് സമ്മതമാണെന്ന് പറഞ്ഞ് അമ്മച്ചിയുടെ അടുത്തുനിന്ന് പോരുമ്പോൾ അമ്മച്ചി മുന്നറിയിപ്പ് പോലെ പറയുന്നുണ്ടായിരുന്നു അതുവരേ കുരുത്തക്കേടൊന്നും ഒപ്പിച്ചേക്കരുത് കേട്ടോടാ എന്ന്.

അത് കേട്ട് ഒരു വിളറിയ ചിരിയോടെ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ ഇതൊന്നും അറിയാതെ ടെസ അമ്മച്ചിക്ക് രാവിലുത്തേക്കുള്ള ഭക്ഷണം കൊണ്ട് അമ്മച്ചിയുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു.