ചാരിത്ര്യം

പരസ്പരം പാലുകുടി നടത്തിയ ശേഷം
മുല്ലപ്പൂതോരണങ്ങള്‍ക്കിടയില്‍ നിന്നും നിമിഷയെ പതുക്കയെഴുന്നേല്‍പ്പിച്ച് സന്ദീപ് ബെഡ്ഡില്‍ ഒരു വെള്ളമുണ്ട് വിരിച്ചു…

ഇതെന്തിനാണേട്ടാ…?

അതിശയോക്തിയോടെയുള്ള അവളുടെ ചോദ്യത്തിന് സന്ദീപ് ചിരിച്ചുകൊണ്ട് പറഞ്ഞു…

നിമിഷാ….
നീ തെറ്റിദ്ധരിയ്ക്കുകയൊന്നും വേണ്ട…
ഞാനൊരബദ്ധവിശ്വാസിയുമല്ല..

പക്ഷേ പരമ്പരാഗതശെെലികള്‍ പലതും പുനരാവര്‍ത്തനം ചെയ്യുന്ന ഈ കാലത്ത് പണ്ടത്തെ അമ്മായിയമ്മമാര്‍ ചെയ്തു പോന്നിരുന്ന ഒരു ചാരിത്ര്യവിശേഷം വെറുതെയൊരു രസത്തിന് നിന്റെ മുന്നിലവതരിപ്പിച്ചെന്നു മാത്രം…

നീ പരിശുദ്ധയാണെങ്കില്‍ നാളെരാവിലെ ഒരു റോസാപ്പൂപോലെ ഈ മുണ്ട് ചുവന്നിരിയ്ക്കും…

ഇത് കേട്ട് ടെന്‍ഷനടിയ്ക്കുകയൊന്നും വേണ്ടട്ടോ..

കാരണം ഇപ്പൊഴത്തെ പെണ്‍കുട്ടികള്‍ക്ക് കായികാഭ്യാസം കൂടുതലായതിനാല്‍ അങ്ങിനെ സംഭവിയ്ക്കണംന്നുംല്ല്യാലോ ..

ഒരു സംശയാലുവിന്റെ തൊഴുത്തിലേയ്ക്കാണല്ലോ തന്നെ കെട്ടിച്ചുവിട്ടിരിയ്ക്കുന്നതെന്ന സങ്കടത്താല്‍ അവളുടെയുള്ളം ഒന്നു പിടഞ്ഞു….

ദരിദ്രനായ അച്ഛന്റെ പ്രസന്നവദനം ഒരു തിരിച്ചുപോക്കിലൂടെ തച്ചുടയ്ക്കപ്പെടരുതെന്ന മനോബോധത്താല്‍ അവള്‍ കൂടുതല്‍ ചിന്തിയ്ക്കാന്‍ തുടങ്ങി….

ഓട്ടവും ചാട്ടവും സെെക്കിളും സ്കൂട്ടിയുമൊക്കെ കെെകാര്യം ചെയ്ത സ്ഥിതിയ്ക്ക് എന്തായാലും ‘അതൊ’ന്നും സംഭവിയ്ക്കാന്‍ പോണില്ല്യ….

സന്ദീപ് മനസിലൊരു കാര്യം അരക്കിട്ടുറപ്പിച്ച സ്ഥിതിയ്ക്ക് എന്തെങ്കിലുമൊരു പോംവഴി ചെയ്തില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ സംശയത്തിന്റെ മുള്‍മുനയിലൂടെ ഇഴഞ്ഞു നീങ്ങേണ്ടിയും വരും….

എന്തായാലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അല്‍പ്പം സിന്ദൂരച്ചാറൊഴിച്ചേയ്ക്കാം എന്ന ചിന്താബലത്തോടു കൂടി അവളവനില്‍ പരിപൂര്‍ണ്ണമായും ലയിച്ചു ചേര്‍ന്നു…

പുലര്‍ച്ചെ നാലുമണിയ്ക്ക് നിമിഷയെപ്പിടിച്ചെഴുന്നേല്‍പ്പിച്ച് തുരുതുരാ ഉമ്മവച്ച സന്ദീപ് കണ്ണീര്‍ച്ചിരിയോടെ, ചുവന്നു തുടുത്ത മുണ്ടെടുത്ത് അവളെക്കാണിച്ച് പറഞ്ഞു…

ഇത് നോക്കിയേ…

ബഹുഭൂരിപക്ഷം പെണ്‍കുട്ടികളും വഴിപിഴയ്ക്കാന്‍ സാധ്യതയുള്ള ഈ കാലത്ത് എന്റെ നിമിഷയെപ്പോലെ പരിശുദ്ധിയുള്ളൊരു പെണ്ണിനെ കിട്ടിയ ഞാന്‍ ഭാഗ്യവാനല്ലേ ?

അപ്പൊഴാണവളും അല്‍ഭുതത്തോടെ ആ സംഗതി ഉറ്റുനോക്കുന്നത്….

നാണമുഖിയായ് സന്ദീപിനെ പ്രോല്‍സാഹിപ്പിച്ചെങ്കിലും, ഇതെങ്ങിനെ സംഭവിച്ചെന്ന ജിജ്ഞാസയോടെ ബാത്ത് റൂമിലേയ്ക്ക് കയറിയപ്പോഴാണ് ചുവന്ന നിറത്തില്‍ മുറതെറ്റി വന്ന ദെെവത്തെ അവള്‍ ശരിയ്ക്കും കാണുന്നത്….

ഷവറിലെ വെള്ളം തലയിലൂടെയൊഴുകുമ്പോള്‍ ചിന്നിച്ചിതറിയ പളുങ്കുമണികള്‍ക്കിടയിലൂടെ
അവളുടെ കണ്ണന്‍ ചിരിച്ചു ചോദിച്ചു…

ഇന്നെന്നെക്കാണാന്‍ അമ്പലത്തില് വരാന്‍ പാടില്ലാന്ന് ആരോടും പറയണ്ടാട്ടോ…

നിന്റെ കെട്ടിയോന്റെ തറവാട്ടില് ഒരു പ്രസവപ്പുല കൊടുക്കണുണ്ട്…..

അപ്പോപ്പിന്നേ…ഹഹഹ

കണ്ണന്റെ ചിരിയ്ക്കൊപ്പം നന്ദിയോടെ അവളും ചിരിച്ചു……