ഗൗരി നിഴലിനോട് പടവെട്ടുന്നവൾ

ഗൗരി …. നിഴലിനോട് പടവെട്ടുന്നവൾ
Gaury Nizhalinodu padavettunnaval Author : അൻസാരി മുഹമ്മദ് കെട്ടുങ്ങൽ

കൈകൾ കൂപ്പി ഗംഗാനദിയിൽ നിന്നും മുങ്ങിപ്പൊങ്ങുമ്പോൾ ഒരു വ്യാഴവട്ടത്തിന്റെ ഇപ്പുറം ചെയ്തുകൂട്ടിയ പാപങ്ങളുടെ കണക്കെടുപ്പ് നടത്തിയാൽ
“നായയായും നരിയായും നരനായും” ഒരായിരം വർഷം ജന്മമെടുത്താലും തീരാത്ത അത്രയും പാപത്തിന്റെ കറ ശരീരത്തിലും മനസ്സിലും പിന്നെയും അവശേഷിക്കുന്നു ……..
എത്ര തവണ ഗംഗയിൽ മുങ്ങിയാലും കാലാന്തരത്തോളം ഉമിത്തീയിൽ വെന്തുരുകിയാലും തനിക്ക് ശാപമോക്ഷം ലഭിക്കില്ലെന്നറിയാം……..
എങ്കിലും പുതിയ ജന്മത്തിന്റെ പരകായകല്പത്തിലേക്ക് പ്രവേശിക്കാനായി മനസ്സിനെയും ശരീരത്തെയും ഒരുക്കി കഴിഞ്ഞിരിക്കുന്നു ഹരിഗോവിന്ദൻ…
കൊൽക്കത്തയിലെ രാമകൃഷണ മിഷനിൽ നിന്നും സന്യാസം സ്വികരിച്ച് പരിത്യാഗത്തിന്റെ കർമ്മഭൂമിയിലേക്കുള്ള ശാപമോക്ഷവും തേടിയുള്ള
യാത്ര……
ഗംഗാനദിയുടെ കല്പടവുകൾ കയറി ശരീരത്തിന് കുറുകെ കാഷായവസ്‌ത്രവും കഴുത്തിൽ രുദ്രാക്ഷമാലയും ധരിച്ച ശേഷം ഹരിദ്വാരിൽ നിന്നും കൊൽക്കത്തയിലേക്ക് പോകുന്ന ട്രെയിനിന്റെ സെക്കന്റ്‌ ക്ലാസ്സ്‌ കമ്പാർട്ട്മെന്റിന്റെ ജനലരികിലുള്ള സീറ്റിൽ സ്ഥാനം പിടിച്ചിരിക്കുമ്പോഴും പുറം കാഴ്ച്ചകൾ കാണാൻ താല്പര്യമില്ലാത്ത ഏകാഗ്രത നഷ്ടമായ തന്റെ മനസ്സ് ഓർമ്മകളുടെ നിലവറയിലേക്ക് കടിഞ്ഞാൺ ഇല്ലാത്ത കുതിരയെ പോലെ പായുകയാണ്……
പന്ത്രണ്ടു വർഷത്തെ ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ…പട്ടാമ്പിയിലെ തറവാട്ടിൽ നിന്നും ഹിമാലയം വരെയുള്ള ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലൂടെയുള്ള സഞ്ചാരത്തിൽ ചവിട്ടിമെതിച്ചു പോയ ജീവിതങ്ങൾ,വെട്ടിപ്പിടിച്ച സമ്പത്തുക്കൾ എല്ലാം എന്തിന്നു വേണ്ടിയായിരുന്നു.. “ഇന്ദുമതി” എന്ന സ്ത്രീയോടുള്ള പകയും പ്രതികാരവും മാത്രം ആയിരുന്നോ?……ഇന്ദുമതി ഒരു പുകമറ മാത്രമായിരുന്നു എല്ലാ തെറ്റുകളെയും പാപങ്ങളെയും ന്യായികരിക്കാൻ സൃഷ്ടിച്ച വെറുമൊരു പുകമറ….
ആ പന്ത്രണ്ടു വർഷത്തെ കീചകജന്മത്തിൽ അഴുക്കുചാലുകൾ നീന്തിക്കയറിയും ചതുപ്പുനിലങ്ങളിൽ മുങ്ങിത്താന്നും എന്തല്ലാം ചെയ്തു………
കാമാട്ടിപുറത്തെ കൂട്ടിക്കൊടുപ്പുക്കാരൻ മുതൽ ശവപൂജ ചെയുന്ന ആഭിചാരകാർമ്മികൻ വരെ.. എല്ലാം പൊന്നിനും പെണ്ണിനും വേണ്ടി…അവസാനം നശ്വരമായ ജീവിതത്തിൽ നേടിയതെലാം ഉപേക്ഷിച്ച് അനശ്വരത തേടിയുള്ള ഹിമാലയൻ യാത്ര….
പരമശിവന്റെ ഭൂതഗണങ്ങളുടെ പടത്തലവൻ ഭൈരവന്റെ മൂർത്തികളാണ് താങ്ങൾ എന്നു വിശ്വസിച്ചു ജീവിക്കുന്ന അഘോരികളുടെ കുടെയുള്ള ഹിമാലയം ജീവിതം.. കഞ്ചാവിന്റെയും ഭാംഗിന്റെയും മായികലോകത്തു നിന്നും പ്രയാഗിലെ കുംഭമേളയിലേക്കുള്ള യാത്രയിൽ താൻ പരിചയപ്പെട്ട സ്വാമി പൂർണ്ണതീർത്ഥാ…. കാട്ടാളജീവിതത്തിൽ നിന്നും വാത്മീകി മഹർഷിയെ പോലെ പരിവർത്തനം നേടി ജ്ഞാനത്തിന്റെ കൈലാസം കിഴടക്കിയ സന്യാസി ശ്രേഷ്‌ഠൻ…… അദ്ദേഹമൊത്തുള്ള സഹവാസം പശ്ചാത്താപത്തിന്റെയും പാപമോചനത്തിന്റെയും മറ്റൊരു ലോകത്തേക്കുള്ള വാതിൽ തന്റെ മുന്നിൽ തുറക്കപ്പെടുകയായിരുന്നു….ആ മഹാനുഭാവനിൽ നിന്നും സന്യാസം സ്വികരിച്ചു അവിടത്തെ ശിഷ്യനായി മാനവസേവനത്തിനായി തന്റെ ശിഷ്ടകാലജീവിതം നയിക്കുന്നതിനാണ് ഈ യാത്ര…………..

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്നും പഠനത്തിന് ശേഷം തറവാട്ടിലേക്ക് എത്തിയപ്പോഴാണ് തന്റെ വിവാഹം അമ്മ നിശ്ചയിച്ചിരിക്കുന്നു എന്ന് അറിയുന്നത്. മറുത്തൊന്നും പറയാതെ അമ്മയുടെ ആഗ്രഹത്തിന് സമ്മതം നൽകുകയായിരുന്നു…..
“ഇന്ദുമതി”… തന്റെ പ്രതിശ്രുത വധു……
വിവാഹ തലേദിവസം കാമുകനുമായി ഒളിച്ചോടിപ്പോയ ആകസ്മിതയിൽ തനിക്ക് നഷ്ടപ്പെട്ടുപോയ തന്റെ പെറ്റമ്മ……
നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ഇടയിൽ അപഹസ്യനും കോമാളിയും ആയി മാറ്റിനിർത്തപ്പെട്ടവനാക്കിയ നാളുകൾ….
അവളോടുള്ള വെറുപ്പിന്റെയും
പകയുടെയും പ്രതികാരത്തിന്റെയും അഗ്നിയിൽ ഈയാംപാറ്റകളെ പോലെ വെന്തൊടുങ്ങാൻ വിധിക്കപ്പെട്ട കുറെ മനുഷ്യജന്മങ്ങൾ……താൻ കിഴ്പെടുത്തിയവരും തനിക്ക് കിഴ്‌പെട്ടവരുമായ എല്ലാവരിലും ഒരേയൊരു മുഖവും ഒരു ഉടലുമായി മാത്രം കാണാനേ താൻ ശ്രമിച്ചിരുന്നുള്ളു……
സിംഹത്തിന്റെ മുന്നിൽ അകപ്പെട്ട മാൻപേടയെ പോലെ തന്റെ മുന്നിൽ മാനത്തിന്നു വേണ്ടി കൂപ്പുകൈകളോടെ യാചിച്ച ഒരു പാവം പതിനേഴുകാരി…
തന്റെ പകയുടെയും പ്രതികാരത്തിന്റെയും തീക്ഷ്ണത ആദ്യമായി അനുഭവിക്കപ്പെട്ടവൾ…….
ഒരു സ്ത്രീക്ക് വിലപിടിച്ചതെല്ലാം അവളിൽ നിന്നും കവർന്നെടുത്ത ശേഷം പതിനായിരം നാണയത്തുട്ടുകൾക്ക് കിഷോർ ലാൽ എന്നാ മാർവാഡിക്ക് കേവലം ഒരു വിൽപ്പന ചരക്കാക്കി അവളെ കൈമാറുമ്പോഴും ദയയുടെ ഒരു അംശമെങ്കിലും തന്നോട് കാണിക്കണമേയെന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു…..
ആ മാർവാഡിയുടെ കൂടെ പിന്തിരിഞ്ഞു നടന്നകലുമ്പോഴും തന്റെ ഒരു വിളിക്കായി കാതുകൾ കൂർപ്പിച്ചിരുന്നു അവൾ… നാണയത്തുട്ടുകളുടെ എണ്ണത്തിൽ മാത്രം ശ്രദ്ധയോടെ കണ്ണുനട്ടിരിക്കുന്ന തനിക്ക് അവളുടെ എന്നല്ല ഒരു ദയനീയ മുഖത്തെയും തന്നെ സ്വാധിനിക്കാൻ കഴിയില്ല എന്ന സത്യം അവൾ അപ്പോഴാണ് കൂടുതൽ മനസിലാക്കിയത്…….
ഏത് ആൾക്കൂട്ടത്തിന്റെ ഇടയിലും തിരിച്ചറിയാവുന്ന ആ മുഖം……നിലയില്ലാ കയത്തിലേക്ക് താൻ ചവിട്ടിത്താഴ്ത്തിയ ആദ്യത്തെ ഇര… “ഗൗരി”……….
പൂർവ്വാശ്രമത്തിൽ നിന്നും പരിത്യാഗത്തിലേക്ക് പ്രവേശിക്കുന്നതിന്റെ മുൻപ് ആദ്യം അന്വേഷിച്ചതും കൈപിടിച്ച് കൂടെ കൂട്ടാൻ ആഗ്രഹിച്ചതും അവളെ ആയിരുന്നു “ഗൗരിയെ”…………….
…………………….
ഓർമകളുടെ താഴ്‌വരയിൽ കൂടിയുള്ള സഞ്ചാരത്തിൽ നാഴികയും വിനാഴികയും പോയതറിയാതെ ദൂരങ്ങൾ
താണ്ടി ഒരു യാഗാശ്വത്തെപ്പോലെ ഓടിക്കിതച്ചു കൊണ്ട്
ചിത്പുർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വന്നു നിൽകുമ്പോൾ പുറത്ത് നല്ല ചാറ്റൽ മഴ………..
മഹാശ്വേതാ ദേവിയുടെയും സുനിൽ ഗംഗോപാധ്യായയുടെയും നോവലുകളിൽ വായിച്ച് മാത്രം പരിചയമുള്ള കൊൽക്കത്ത നഗരം….
എന്തോ മനസ്സ് പറയുന്നു ഈ കൊൽക്കത്ത നഗരത്തിന്റെ ഏതോ തെരുവീഥിയിൽ ഗൗരി ജീവിച്ചിരിപ്പുണ്ടന്ന്……
ജീവിച്ചിരിപ്പുണ്ടെങ്കിൽ കടലിൽ കായം കലക്കിയത് പോലെ ഈ മഹാനഗരത്തിൽ അലിഞ്ഞു ചേർന്നവളെ എങ്ങിനെ കണ്ടെത്തും?………………………….
റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ഹരി മനസ്സിൽ ആദ്യം കുറിച്ചു.
ഭദ്രകാളി ക്ഷേത്രത്തിൽ പോയി ദേവിയുടെ അനുഗ്രഹം നേടിയ ശേഷം ബേലൂർ മത്തിലെ രാമകൃഷ്ണ മിഷനിലേക്ക് യാത്ര തിരിക്കാം….
ഒരു ടാക്സിയിൽ കയറി നേരെ കാളിഘടിലെ ഭദ്രകാളി ക്ഷേത്രം ലക്‌ഷ്യമാക്കി നീങ്ങി…….
ഹൗറ പാലത്തിന്റെ താഴെ ആ ചാറ്റൽ മഴയിലും ശാന്തമായി ഒഴുക്കുന്ന ഹുഗ്ലി നദിയെ കണ്ടപ്പോൾ ഒരു നിമിഷമെങ്കിലും മനസമാധാനം തനിക്ക് ലഭിച്ചിരുന്നെങ്കിൽ……
ഇല്ല താൻ അതിനു യോഗ്യനല്ല എന്ന തിരിച്ചറിവ് ഉണ്ടായിട്ടു പോലും വെറുതെ ആഗ്രഹിച്ചു പോയി…
കാളിഘട്ടിലേക്കുള്ള യാത്രക്ക് ഇടയിൽ പെട്ടന്ന് ഉൾവിളി പോലെ….
“ടാക്സി സോനാഗച്ചിയില്ലേക്ക് തിരിക്കു”…..
അതു കേട്ടാ ഡ്രൈവർ ഒന്നു ഞെട്ടി…
“സ്വാമിജി എങ്ങോട്ട്!”…
“സോനാഗച്ചി അങ്ങോട്ട്‌ തന്നെ”….ഹരി മറുപടി പറഞ്ഞു…
“സ്വാമിജി ഇപ്പോൾ അങ്ങോട്ട്‌ പോയിട്ട് കാര്യമില്ല നമ്മൾ അവിടെ എത്തുമ്പോഴേക്കും നേരം പുലർന്നിരിക്കും”… ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു
“പറഞ്ഞ സ്ഥലത്തേക്ക് ടാക്സി എടുക്കു”…..
ഡ്രൈവർ മറുത്തൊന്നും പറഞ്ഞില്ല. സോനാഗച്ചി ലക്‌ഷ്യമാക്കി ടാക്സി മുന്നോട്ട് നിങ്ങി……….
സോനാഗച്ചി സ്ത്രീമാംസാ വില്പനയുടെ ഈറ്റില്ലം……. അവിടെ അവൾ ഉണ്ടായിരിക്കാം എന്നാ വിശ്വാസത്തിൽ ഹരിഗോവിന്ദൻ ആ തെരുവിൽ വന്നിറങ്ങി…….
പുറത്തെ ചാറ്റൽ മഴയ്ക്ക് ശക്തി കുറഞ്ഞു തെരുവോരങ്ങളിൽ അവിടെയിടെയായി മഴവെള്ളം കെട്ടിനിൽക്കുന്നു… കൊൽക്കത്ത നഗരം ഉറക്കത്തിൽ നിന്നും ഉണർന്ന് സൂര്യോദയത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ. സോനാഗച്ചിയിലെ തെരുവുകളും അഭിസാരിക ഗൃഹങ്ങളും ചന്ദ്രോദയത്തിന്റെ ആലസ്യത്തിലേക്ക് വീണിരിക്കുന്നു…..
പാട്ടും കൂത്തും ആട്ടവും എല്ലാം അവസാനിച്ചു തെരുവോരം വിജനമായിരിക്കുന്നു…
ഇവിടെ ആരോട് ചോദിക്കും എവിടെ അന്വേഷിക്കും …
ആ തെരുവ് മുഴുവൻ അന്വേഷിച്ചിട്ടും എങ്ങും ഗൗരിയെ കണ്ടെത്താൻ കഴിയുന്നില്ല……
രാമകൃഷ്ണ മഠത്തിൽ താൻ സന്നിഹിതൻ ആയിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…..
നിരാശയോടെ തെരുവിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ
കുറച്ചു ദൂരെ ഒരു സൈക്കിൾറിക്ഷ വന്നു നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു.
സൈക്കിൾറിക്ഷയിൽ നിന്നും പത്ത് പന്ത്രണ്ട് വയസ്സ് പ്രായം വരുന്ന ഒരു കുട്ടിയെ തോളിൽ കിടത്തി ഒരു സ്ത്രീ പുറത്തക്ക് ഇറങ്ങി തെരുവോരത്തെ കൊച്ചുവീട്ടിലേക്ക് കയറുന്നത് കണ്ടു…
അത് അവൾ തന്നെ അല്ലേ? ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഗൗരി!…..
ആ കൊച്ചുവീടും ലക്‌ഷ്യമാക്കി ഹരി വേഗത്തിൽ നടന്നു…
ഒറ്റമുറിയും ഒരു ചെറിയ അടുക്കളയുമുള്ള ഒരു കൊച്ചു വീട്..
അകത്തുകയറി ഹരി അവിടം മുഴുവൻ വീക്ഷിച്ചു…
ആ സ്ത്രീയുടെ തോളിൽ കിടന്നിരുന്ന ആ കുട്ടി കട്ടിലിൽ കിടക്കുന്നു… ബുദ്ധി വൈകല്യവും അരക്കു താഴെ രണ്ടു കാലുകൾക്കും സ്വാധീനമില്ലാത്ത ആ കുട്ടി തന്നെ കണ്ടപ്പോൾ വ്യക്തമാകാത്ത ശബ്ദത്തിൽ മമ്മ്…. മമ്മ്…. എന്നു പറയുന്നുണ്ട്…

“അമ്മ ദേ വരുന്നടാ കണ്ണാ…മോനുള്ള ഭക്ഷണം എടുത്തിട്ട് ഇപ്പോ വരാം”… അടുകളയിൽ നിന്നും കേൾക്കുന്ന ആ ശബ്ദത്തിന്റെ ഉടമ ഗൗരി തന്നെ എന്നു വ്യക്തമായി…
“ഗൗരി…ഞാൻ.. ഞാൻ”…. വാക്കുകൾ പുറത്ത് വരാതെ പറഞ്ഞു മുഴുവിക്കാൻ അയാൾക്ക് സാധിക്കുന്നില്ല..
ആ ശബ്ദം കേട്ടമാത്രയിൽ ഞെട്ടിത്തരിച്ചെങ്കിലും അതു പുറമേക്ക് കാണിക്കാതെ ഗൗരി പറഞ്ഞു…
“ആരായാലും പുറത്ത് കാത്തുനിൽക്കു… മകന് ഭക്ഷണം നൽക്കുകയാണ്”…
മകന് ഭക്ഷണം നൽകിയ ശേഷം ഹരിഗോവിന്ദന്റെ അടുത്തു ചെന്നു കൊണ്ട് ഗൗരി ചോദിച്ചു…
“ഉം എന്തു വേണം?”….
“ഗൗരി ഞാൻ… ഞാനാണ്‌ ഹരി”….
“മുഖവുരയുടെ ആവിശ്യമില്ല
മരിച്ചു മണ്ണടിഞ്ഞു പോയാൽ പോലും ഈ മുഖവും ഈ ശബ്ദവും എനിക്ക് മറക്കാൻ കഴിയില്ല.. പുതിയ അവതാരപിറവിയായിരിക്കും ഈ വേഷം കെട്ടൽ ….
ഏതു ചെകുത്താനും ഒളിച്ചിരിക്കാവുന്ന വേഷവിധാനമല്ല സന്യാസം അതിനൊരു പവിത്രതയുണ്ട്”…….
“ഈശ്വരൻ ഇല്ല എന്നു തന്നെ ആയിരുന്നു എന്റെ വിശ്വാസം.
എങ്കിലും എന്നെങ്കിലും ഒരു ദിവസമെങ്കിൽ ഒരു ദിവസം പച്ചമനുഷ്യനായി എന്റെ മുന്നിൽ നിങ്ങളെ കൊണ്ടുനിർത്തണം അതായിരുന്നു ഈ കാലം മുഴുവൻ ഞാൻ പ്രാർത്ഥിച്ചതും
ആഗ്രഹിച്ചതും”…….
ഒരു നിമിഷം ഹരി കട്ടിലിൽ കിടക്കുന്ന കുട്ടിയെ ശ്രദ്ധിച്ചു…
“സംശയിക്കേണ്ട…… ഹരിഗോവിന്ദൻ എന്നാ കാളകൂടവിഷം ഗൗരിയുടെ ഉദരത്തിൽ ആണത്വം പ്രകടിപ്പിച്ചതിന്റെ തെളിവ്….
നിങ്ങൾ പാകിയ വിത്തായതു കൊണ്ടാകാം ബുദ്ധിവളർച്ചയില്ലാത്ത അരക്കുതാഴെ സ്വാധീനമില്ലാത്ത ഒരു മകനെയാണ് ദൈവം എനിക്ക് തന്നത്”…..
“അല്ലാ… ആ മാർവാഡി ഇങ്ങോട്ട് പോരുമ്പോൾ ഈ കഥയൊന്നും പറഞ്ഞില്ലേ?….
തിരിച്ചു കിട്ടിയാൽ എന്റെ ശരീരത്തിൽ നിന്നും ഊറ്റിയെടുക്കാവുന്ന ലാഭത്തിന്റെ കണക്കുകൾ കൂട്ടി നോക്കിയിട്ടാകും ഇങ്ങോട്ട് പറഞ്ഞു വിട്ടത് അല്ലേ?”….
“ഗർഭിണിയാണ് എന്നു അറിഞ്ഞപ്പോൾ ദുരിതം നിറഞ്ഞ ആർക്കും വേണ്ടാത്ത ഭൂമിക്ക് ഭാരമായ ഈ പാഴ്ജന്മം മാർവാഡിയുടെ കൊലക്കത്തിയിൽ അവസാനിക്കുന്നു എന്നു ആശിച്ച നിമിഷം…
ആ കൊലകത്തിയിൽ നിന്നും മോചനം നൽകിയതിന്റെ രഹസ്യം മനസിലാക്കിയെടുക്കാൻ അധികം സമയം വേണ്ടി വന്നില്ല”….
“പിറവികൊള്ളുന്നത് പെൺ ഉടൽ ആണെങ്കിൽ പത്തുവർഷത്തിന് അപ്പുറം കിട്ടാവുന്ന ആദായകണക്കിൽ കണ്ണുവെച്ചിരിക്കുകയായിന്നു മാർവാഡി”….
“വിധി മറ്റൊന്നായിരുന്നു…..
അയാളുടെ കണക്കുകൂട്ടൽ മുഴുവൻ തെറ്റിയതവിടെയായിരുന്നു….
ഒരു പെൺജന്മത്തെ മോഹിച്ച അയാൾക്ക് ഇവന്റെ ജന്മം നൽകിയ നഷ്ടം വളരെ വലുതായിരുന്നു”…..
“അതിന് ഞാൻ അനുഭവിക്കേണ്ടി വന്ന ശിക്ഷ വളരെ ക്രൂരവും ….
നൊന്തുപ്രസവിച്ച സ്വന്തം കുഞ്ഞിന്

മുലപ്പാൽ നൽക്കാൻ യാചിക്കേണ്ടി വരുന്ന ഒരമ്മയുടെ വേദന……
ആ മുലപ്പാലിനും ശരിരം വിറ്റ ലാഭത്തിന്റെ കണക്കു ബോധിപ്പിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ അവസ്ഥ”….
“ഒരു മനുഷ്യജീവിയാണ് എന്ന പരിഗണന പോലും നൽകാതെ എന്റെ മകൻ ഈ ഉദരത്തിൽ വളരുമ്പോൾ ജീവൻ നിലനിർത്താൻ എനിക്ക് നൽകിയ ഓരോ മണി ഭക്ഷണത്തിനും കണക്കു പറഞ്ഞു എന്റെ ശരിരം വിറ്റു കൊഴുത്തു വീർത്ത ആ മാർവാഡി നിങ്ങൾ നടത്തിയ ക്രൂരതയെക്കാൾ വലുതൊന്നും എന്നോട് ചെയ്തതായി തോന്നിയിട്ടില്ല”…
“ഒരു സ്ത്രീയോടുള്ള പ്രതികാരത്തിൽ നിങ്ങൾ തകർത്ത നിരാലംബരായ
ഒരുപാട് ജീവിതങ്ങൾ….
സ്ത്രീ എന്നാൽ ഭോഗിക്കാനും പണത്തിനായി കച്ചവടം നടത്താനുമുള്ള ഒരു വസ്തു എന്നാണ് നിങ്ങളെ പോലുള്ള മനുഷ്യരുടെ ധാരണ”….
“പെണ്ണിന്റെ മാനം കവർന്നെടുത്ത് അതിന് വിലയിടുന്നവനല്ല പുരുഷൻ..അവളെ സംരക്ഷിച്ച് വികാരമുള്ള ഒരു മനസ്സ് അവൾക്കും ഉണ്ട് എന്നു തിരിച്ചറിയുന്നവനാണ് യഥാർത്ഥ പുരുഷൻ”…..
ഈ നിമിഷം പ്രളയം വന്നു മുഴുവൻ നശിച്ചുപോയെങ്കിൽ അല്ലെങ്കിൽ ഭൂമി പിളർന്നു എല്ലാം അവസാനിച്ചെങ്കിൽ എന്നു ആഗ്രഹിച്ചു പോയി ഹരിഗോവിന്ദൻ….
പെട്ടന്ന് ഗൗരിയുടെ കാൽപ്പാദത്തിൽ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു ഹരി..
“ഇനിയും കേൾക്കാനുള്ള ശക്തി എനിക്കില്ല…….
ഗൗരി നീയും നമ്മുടെ മോനും ഇല്ലാതെ… നിങ്ങൾ എന്റെ കൂടെ വരണം.. ഞാൻ ചെയ്ത തെറ്റുകളിൽ ഒന്നിനെങ്കിലും പരിഹാരം കണ്ടെത്താൻ.. നിനക്കും നമ്മുടെ മകനും തുണയായി എന്നും ഞാൻ ഉണ്ടാകും”….
“ഹരിഗോവിന്ദനു മനസ്താപമോ?…..
“കാഷായവസ്ത്രം ശരീരത്തിന്റെ കുറുകെ വന്നു എന്നല്ലാതെ മനസ്സ് ഇപ്പോഴും
ചുവന്ന തെരുവോരങ്ങളിൽ പെണ്ണിന്റെ മാനത്തിന് കാലിച്ചന്തകളിലെ കന്ന്കച്ചവടക്കാരെ പോലും നാണിപ്പിക്കുന്ന തരത്തിൽ വിലപേശി വിൽപ്പന നടത്തുന്ന ആ പഴയ ഹരിഗോവിന്ദൻ തന്നെ അല്ലേ നിങ്ങൾ…..
ഞാൻ അനുഭവിച്ച ദുരിതത്തിന്റെ ഒരംശം പോലും കേൾക്കാനുള്ള മനശക്തി ഇല്ലാതെ പോയെന്നോ നിങ്ങൾക്ക്!”…..
“ഏഴുജന്മത്തിന്റെ ദുരിതം ഈ പന്ത്രണ്ട് വർഷത്തിനുള്ളിൽ ഞാൻ അനുഭവിച്ചു തീർത്തു.. ഒരു പുരുഷന്റെ തുണയാണ് എനിക്ക് വേണ്ടിയിരുന്നതെങ്കിൽ നിങ്ങളെക്കാൾ യോഗ്യന്മാരായ പുരുഷന്മാരെ കിട്ടുമായിരുന്നു”…..
“ചെയ്ത പാപങ്ങളുടെ പഞ്ചാഗ്നിയിൽ വെന്തുരുകുന്ന എന്നോട് ഗൗരി നീയെങ്കിലും അൽപ്പം ദയവു കാണിക്കണം”…..
“ഒരുസ്ത്രീക്കും പൊറുക്കാൻ കഴിയാത്ത ക്രൂരതയാണ് നിന്നോട് ഞാൻ ചെയ്തുകൂട്ടിയത്
എല്ലാം മറക്കാനും ക്ഷമിക്കാനും പറയുന്നതിൽ അർത്ഥമില്ല എന്ന് അറിയാം
എങ്കിലും നീയും നമ്മുടെ മകനും എന്റെ കൂടെ വരണം….
ഒരു ദിവസമെങ്കിലും മനസമാധാനം എന്താണെന്ന് അറിയാൻ നീ എന്റെ കൂടെ വരണം…. നിന്നെ സ്വികരിക്കാൻ ഞാൻ തയ്യാറാണ് ഗൗരി”…
“സന്യാസം സ്വികരിച്ച നിങ്ങൾക്ക് എന്റെയും മകന്റെയും നിഴൽവെട്ടം പോലും ഇനി അരോചകമായിരിക്കും”….
“എനിക്ക് ജീവിക്കണം എന്റെ മകനു വേണ്ടി ജീവന്റെ തുടിപ്പ് അവസാനിക്കുന്നത് വരെ.. ഈ ഭൂമിയിൽ എനിക്ക് സ്വന്തമെന്നു പറയാൻ ഇവൻ മാത്രം മതി ഇനി എന്നും “….
“ഒരുപാട് ക്രൂരതകൾ നിങ്ങൾ
എന്നോട് ചെയ്‌തെങ്കിലും എപ്പോഴോ നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു…
“പെണ്ണിന്റെ ചാപല്യം
ആയിരിക്കാം അത്..”

“നിങ്ങൾക്ക് മുന്നിൽ കൊട്ടിയടക്കപ്പെടുന്ന ഈ വാതിൽ ഇനിയൊരിക്കലെങ്കിലും തുറക്കപ്പെടും എന്ന പ്രതീക്ഷയും വെച്ചുകൊണ്ട്
ഗൗരിയെയും ഗൗരിയിൽ നിങ്ങൾക്ക് പിറന്ന ഈ മകനെയും അന്വേഷിച്ചു ഇനിയും ഈ വഴി വരരുത്.. എല്ലാം ഇവിടെ അവസാനിച്ചിരിക്കുന്നു”…..
മറുത്തൊന്ന് പറയും മുൻപ് തന്നെ പുറം തള്ളിക്കൊണ്ട് ആ വാതിലുകൾ എന്നന്നേക്കുമായി തന്റെ മുന്നിൽ കൊട്ടിയടച്ചു..
ഉച്ചത്തിൽ അലറി വിളിച്ചു അപേക്ഷിച്ചിട്ടും ഗൗരി എന്ന ദേവി തന്നിൽ കടാക്ഷിച്ചില്ല……
എങ്കിലും ആ ഒറ്റമുറി വിടിന്റെ അകത്തു നിന്നും അടക്കി പിടിച്ച തേങ്ങലിന്റെ അർത്ഥം മനസിലാക്കിയെടുക്കാൻ അധികം സമയം വേണ്ടി വന്നില്ല….
“ഗൗരി, അവൾ തന്നെ സ്നേഹിച്ചിരുന്നു” എന്ന സത്യം……
പെറ്റമ്മ മരിച്ചതിനു ശേഷം ജീവിതത്തിൽ ഇത്രയും ദുഃഖവും സങ്കടവും അനുഭവിച്ച നിമിഷം വേറെയുണ്ടായിട്ടില്ല…
കരഞ്ഞു കലങ്ങിയാ കണ്ണിൽ നിന്നും പ്രവഹിക്കുന്ന കണ്ണുനീർ തുടച്ചുകൊണ്ട് പുറത്തേക്ക് ഇറക്കപ്പെടുമ്പോഴും പിന്നിൽ നിന്നും അവൾ ഒന്നു വിളിച്ചെങ്കിൽ എന്നു വെറുതെയെങ്കിലും ഒന്നു ആശിച്ചു പോയി…..
കാലം തന്നോട് ചെയ്യുന്ന മധുരപ്രതികാരം…..
വർഷങ്ങൾക്ക് മുൻപ് ഒരു വിളിക്കായി കാതുകൂർപ്പിച്ച ഗൗരിയുടെ മുഖം തന്റെ മുന്നിൽ തെളിഞ്ഞു വരുമ്പോൾ അവൾ അന്ന് അനുഭവിച്ച വേദനയുടെ ആഴം എത്രയോ വലുതായിരുന്നു എന്നു ഈ നിമിഷമാണ് തനിക്ക് ബോധ്യമായത്……..
കഴുത്തിലെ രുദ്രാക്ഷമാലയും കാഷായ വസ്‌ത്രവും അവിടെ തന്നെ ഉപേക്ഷിച്ച്,
ഈ സന്യാസജീവിതത്തിന് ഇനി യോഗ്യനല്ല എന്നാ പരമമായ സത്യം താൻ മനസിലാക്കുന്നു…
കണ്ണിൽ നിന്നും മറയുന്നത് വരെ ആ വാതിലുകൾ തന്റെ മുന്നിൽ തുറന്നുവെങ്കിലോ എന്ന നേർത്ത പ്രതിക്ഷയോടെ വീണ്ടും വീണ്ടും പിന്തിരിഞ്ഞു നോക്കികൊണ്ടിരുന്നു….
അശ്വത്മാവിനെ പോലെ ശാപങ്ങളും പേറി ഈ ഭൂമിയിൽ നരകിച്ചു ജീവിക്കാനാണ് തന്റെ വിധി…
ഇല്ല ഈ പാപജന്മത്തിൽ നിന്നും തനിക്ക് ശാപമോക്ഷമില്ല….
വിദൂരതയിലേക്ക് നടന്നു നീങ്ങുന്ന ഹരിഗോവിന്ദനെ പെയ്തൊഴിയാൻ വെമ്പിനിൽക്കുന്ന ആ മിഴികൾ ജനല്പാളികൾക്ക് ഇടയിൽകൂടി അപ്പോഴും പിന്തുടരുന്നുണ്ടായിരുന്നു..
അൻസാരി മുഹമ്മദ് കെട്ടുങ്ങൽ….