ഊട്ടി

വര്‍ണ്ണാഭമായ പൂക്കളുടേയും പുല്‍മേടുകളുടേയും ഇടയിലൂടെ നടന്നു നീങ്ങവെയാണ് കേരറ്റു വില്‍ക്കുന്ന സുന്ദരിയായ ആ സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചത്….

ഞങ്ങളുടെ മലയാളിത്തം മനസിലാക്കിയ അവള്‍ വരൂ സാര്‍ ..ഇപ്പൊ പറിച്ച ഫ്രഷ് കേരറ്റാണ് …
ഒരു കെട്ടിന് പത്തുരൂപ ..വരൂ സാര്‍…
എന്നിങ്ങനെ ദയനീയമായി വിളിച്ചു കൊണ്ടിരുന്നു ….

ഇലയടക്കമുള്ള അഞ്ച് കെട്ട് വാങ്ങി കാശ് കൊടുത്തപ്പോഴാണ് അവളുടെ സുന്ദരമായ വെള്ളാരം കണ്ണുകളില്‍ ഇതുവരെ വെളിച്ചമെത്തിയിട്ടില്ലെന്ന് മനസിലായത്…

കൂടെയുള്ളവര്‍ നീട്ടിമൂളി നടന്നു നീങ്ങിയെങ്കിലും കൃത്യതയോടെ നോട്ട് മനസിലാക്കി ചില്ലറ തിരിച്ചു തരുമ്പോള്‍ ഞാനവളുടെ പേരും നാടും ചോദിച്ചു…

ഊട്ടിയില്‍ തന്നെ സാര്‍…പേര് ശിവമയി….

ശിവമയിയുടെ കല്ല്യാണം കഴിഞ്ഞുവോ ?

കഴിഞ്ഞു സാര്‍..രണ്ടു കുട്ടികളുമുണ്ട്.
മോളഞ്ചിലും മോന്‍ മൂന്നിലും…
ഏട്ടന്റെയമ്മ അവരെ പൊന്നുപോലെ നോക്കും.

ഏട്ടന്‍ സീസണനുസരിച്ച് ഓരോ സാധനങ്ങള്‍ പറിച്ചുകൊണ്ടുവരും…

അതൊക്കെ ഞാനിവിടെയിരുന്ന് വില്‍ക്കും …

രാത്രിയാകുമ്പോള്‍ സെെക്കിളുമായി വന്നെന്നെ കൊണ്ടുപോവും….

എന്റെ മനസറിയാവുന്നതുപോലെയാണ് അവളെനിയ്ക്ക് ഒറ്റച്ചോദ്യത്തിന് ഇത്രയുമുത്തരങ്ങള്‍ ഇടതടവില്ലാതെ തന്നത് …

തിരിച്ചു പോരുമ്പോഴും മനസില്‍ കെെകൂപ്പി പുഞ്ചിരിച്ച ആ മാലാഖയുടെ മുഖമായിരുന്നു…

പൂക്കളുടെ മഹാറാണിയായ ഊട്ടിയുടെ മകളായ് ജനിച്ചിട്ടും ആ വര്‍ണ്ണസുരഭിലത ആസ്വദിയ്ക്കാന്‍ കഴിയാത്തൊരു പാവം രാജകുമാരി….

ഞാനൊന്നു കൂടി ആഴത്തില്‍ ചിന്തിച്ചു…

അല്ലെങ്കിലും കണ്ണുള്ള ഞാനെന്താണിവിടെ ആസ്വദിച്ചത്..

കൂട്ടുകാരാരൊക്കെയോ നിര്‍ബന്ധിച്ചു..

ആരുടെയൊക്കെയോ കൂടെപ്പോന്നു …

ഒരു പാട് കറങ്ങിത്തിരിഞ്ഞു …

അതിനപ്പുറം എന്തിലെങ്കിലും സൂഷ്മതയുണ്ടായോ…

ഇല്ല…

സുഹൃത്തുക്കളില്‍ നിന്നും കണ്ണടച്ച് വീട്ടിലേയ്ക്കൊന്നു മനസ് പായിച്ചപ്പോള്‍ അവിടം ആയിരമായിരം പൂക്കള്‍ക്കും മഞ്ഞുമലകള്‍ക്കുമിടയില്‍ കുട്ടികളും കുടുംബവും പരിലസിയ്ക്കുന്നു..

വീടൊരു വൃന്ദവാനമാക്കാന്‍ ഇനിയെന്റെ സാന്നിധ്യം കൂടി മതിയല്ലോ…

ഹൃദയമറിഞ്ഞ സാന്നിധ്യം..

പിന്നെയെന്തു തിരഞ്ഞാലാണ് എനിയ്ക്കിവിടെ കാണാനാവുക? നുകരാനാവുക? ആസ്വദിയ്ക്കാനാവുക?…

അതുപോലെത്തന്നെ ശിവമയിയും അവളുടെ സന്തുഷ്ടകുടുംബത്തിലൂടെ എല്ലാം കാണുന്നുണ്ടാവില്ലേ …

പൂക്കള്‍, മലകള്‍, ഹിമബിന്ദുക്കള്‍ അങ്ങിനെയെല്ലാം…

ശരിയ്ക്കും അപ്പോഴായിരുന്നു വണ്ടി ഊട്ടിയിലേയ്ക്കാണ് പോകുന്നതെന്ന തിരിച്ചറിവ് എനിയ്ക്കുണ്ടായത് …

വീടെന്ന ഊട്ടിയിലേയ്ക്ക്….