ചെന്നിക്കുത്ത്

വിവേകിൽ നിന്ന് പതിമൂന്നാമത്തെ മെസേജും സ്വീകരിക്കപ്പെട്ടു എന്ന് മെസഞ്ചർ മണിയടി ശബ്ദത്തോടെ ഓർമ്മിപ്പിച്ചു.
അനുപമയ്ക്ക് തലവേദനയുടെ ദിവസമായിരുന്നു അന്ന്.
അവൻ മാസത്തിൽ ഒരു വിരുന്നു വരവുണ്ട്.
തലച്ചോറിലെ ചെറിയൊരു മൂളലോടെയാണ് ആരംഭം.
ഒരു തേനീച്ച കൂകി വരുന്നതു പോലെ ശാന്തതയോടെ..
ക്രമേണ തേനീച്ചകളുടെ എണ്ണം പെരുകുകയായി.
മൂളലിന്റെ ഫ്രീക്വൻസികൾ ഉയർന്നു വരും. മണിക്കൂറുകൾക്കുള്ളിൽ തലച്ചോർ തേൻകൂടാവുകയാണ്.
കണ്ണിന്റെ ഒരു പാതിയിൽ ജലപാതത്തിലൂടെ എന്നവണ്ണം അവ്യക്തമായിത്തീരുന്ന കാഴ്ച.
വെളിച്ചം കണ്ടു കൂടാ..
ശബ്ദം കേൾക്കുന്നതേ അസഹ്യത!

അനുപമ കമ്പ്യൂട്ടർ സ്ക്രീനിൽ നിന്ന് നോട്ടം മാറ്റി.
തന്റെ കസേരയുടെ ഹെഡ് റെസ്റ്റിലേക്ക് തല മലർത്തി വെച്ച് കണ്ണുകൾ അടച്ചു പിടിച്ചു.
മൈഗ്രേയ്നിന്റെ മൂന്നിൽ രണ്ടു ദിനങ്ങൾ പരിപൂർണ്ണ വിശ്രമമാണ് പതിവ്.
ഇന്ന് പക്ഷേ പതിവു തെറ്റി. സാമ്പത്തികവർഷത്തിന്റെ അവസാന ദിവസങ്ങളാണ്.
കമ്പനിയുടെയും മാനേജുമെന്റിന്റെയും തലവേദനകൾക്ക് മുൻപിൽ സി ഗ്രേഡു ജീവനക്കാരിയുടെ ചെന്നിക്കുത്തിന് എന്ത് പ്രാധാന്യം.

‘അനൂ.. എ കോൾ ഫോർ യൂ .. ‘

രഞ്ജിതയുടെ മൃദുല ശബ്ദം പോലും പരുക്കനായി തോന്നിക്കുന്നു.
അനുപമ പതുക്കെ കണ്ണുകൾ വലിച്ചു തുറന്നു.
രഞ്ജിത അവളുടെ മൊബൈൽ നീട്ടിപ്പിടിച്ചു നില്ക്കുന്നു.
വാങ്ങി ചെവിയോടു ചേർത്ത് അസ്വസ്ഥതയോടെ ‘ഹലോ ‘ പറഞ്ഞു.

‘ഞാനൊന്നു വിളിച്ചാൽ എടുക്കാൻ പോലും വയ്യേ അനു..?’

വിവേകിന്റെ നിരാശ പുരണ്ട ശബ്ദം. ദേഷ്യമാണ് വന്നത് – തന്നോടു തന്നെ !
ഒരക്ഷരം പോലും മറുപടി പറയാതെ കോൾ കട്ട് ചെയ്തു.
ആകാംഷയോടെ നോക്കി നിന്ന രഞ്ജിതയോടാണ് ദേഷ്യം തീർത്തത്.

‘ എന്നെ വിളിക്കണമെന്നുള്ളവർക്ക് ഞാൻ നമ്പർ കൊടുത്തിട്ടുണ്ട്. ആ നമ്പറിലേയ്ക്ക് വിളിക്കുമ്പോൾ എടുക്കാത്തതിന് എന്റേതായ കാരണങ്ങളുമുണ്ട്. മേലിൽ ഈ ബ്രോക്കറു കളി വേണ്ട.. ‘

അടി കൊണ്ടതു പോൽ ചുവന്ന മുഖത്തോടെ ഫോണുമായി രഞ്ജിത അവളുടെ സീറ്റിലേക്ക് മടങ്ങുമ്പോൾ സ്വയം മുറിവേല്പിച്ച വേദന സുഖദമായൊരു ലഹരിയായി അനുപമയുടെ ഞരമ്പുകളിൽ പതഞ്ഞുയർന്നു.
അവൾ പിന്നിലേക്ക് ചാഞ്ഞു കിടന്ന് മനസ്സിൽ പിറുപിറുത്തു.

ആരും എന്നെ സ്നേഹിക്കണ്ട..
സ്നേഹം കൊണ്ട് ശ്വാസം മുട്ടിക്കെണ്ട. മുറിവുകളാണ് എനിക്കിഷ്ടം. രക്തമൊഴുകുന്ന മുറിവുകൾ. അസ്ഥിയിൽ കൂടി വേദന നിറയ്ക്കുന്നവ.

പക്ഷേ എന്തുകൊണ്ടോ വിവേകിന്റെ പ്രണയം തുളുമ്പുന്ന കണ്ണുകൾ ഓർമ്മ വരുന്നു.
സ്നേഹലോലമായ വാക്കുകൾ. നനവുള്ള ചുണ്ടുകളുടെ സിഗരറ്റ് മണം.

പിന്നെ … ഓർക്കെണ്ടാ എന്ന് വിചാരിച്ചതാണ്.
പക്ഷേ ഓർത്തു പോകുന്നു.
ബലിഷ്ഠ കരങ്ങളുടെ ആലിംഗനം.
കുതറി മാറാൻ ഒരുങ്ങുമ്പോൾ, ആ പ്രേമാതുര മല്പിടുത്തങ്ങൾക്കിടയിൽ വിടർന്ന ഷർട്ടിന്റെ മൂന്നാമത്തെ ബട്ടണുകൾക്കിടയിലൂടെ ഉയർന്നു വന്ന രോമസമൃദ്ധി.
എക്സിക്യുട്ടീവ് സ്പെഷ്യൽ പെർഫ്യൂം ഗന്ധത്തെ തോല്പിച്ചു കടന്നു കയറിയ പുരുഷന്റെ വിയർപ്പു ഗന്ധം.
അനുപമയ്ക്ക് ഇപ്പോൾ ഓക്കാനം വന്നു. അവൾ എഴുന്നേറ്റ് വാഷ് റൂമിനു നേർക്ക് ഓടി.

രണ്ടാം ദിവസം തലവേദനയ്ക്ക് ശമനമായി.
അവൾ വീണ്ടും തന്റെ ഫെയ്സ് ബുക്ക് പേജ് തുറന്നു.
നോട്ടിഫിക്കേഷനുകൾ.. മെസേജുകൾ..

വിവേകിന്റെ മെസേജുകൾ വന്നു കിടപ്പുണ്ട്.
പതിമൂന്നിൽ നിന്ന് ഇരുപത്തിരണ്ടായി പെരുകിയിരിക്കുന്നു.
അവൾക്കത് വായിക്കണമെന്ന് തോന്നിയില്ല.
പകരം കുറേ ദിവസങ്ങൾക്ക് ശേഷം ഒരു കഥയെഴുതണമെന്ന് തോന്നി.
അങ്ങനെ തന്നെ ചെയ്തു.

അനുപമയുടെ ഫേയ്സ്ബുക്ക് കഥ – ആദ്യഭാഗം

ചെന്നായ്ക്കൾക്കിടയിൽ പെടാതെ ആട്ടിൻ കുഞ്ഞിനെ തള്ളയാടിന് അടുത്തേയ്ക്ക് എത്തിക്കാനുള്ള വഴി വരച്ചു വരുമ്പോൾ അമ്മുവിന്റെ സ്കെച്ചിലെ ചുവന്ന മഷി നേർത്ത് അവ്യക്തമായി.
അവൾക്ക് സങ്കടം തോന്നി.
അമ്മ വാങ്ങി നല്കിയ സ്കെച്ച് പാക്കറ്റിലെ അവസാന നിറവും വറ്റിയുണങ്ങിയിരിക്കുന്നു. വ്യാകുലതയോടെ ബാലമാസികയുടെ വലിയ താളിലേക്ക് മുഖമമർത്തി കിടക്കുമ്പോൾ അമ്മ നേരത്തെ വന്നിരുന്നെങ്കിലെന്ന് അമ്മു ആശിച്ചു. രാവിലെ തിരക്കിട്ട് ലഞ്ച് ബോക്സിലേക്ക് ടോസ്റ്റഡ് ബ്രെഡ് പീസുകൾ തിക്കി നിറച്ച് അടയ്ക്കുന്ന അമ്മയെ അവൾ കളർ പെന്നുകളെ കുറിച്ച് ഓർമ്മിപ്പിച്ചതാണ്.

‘ലാസ്റ്റ് വീക്കല്ലേ പെണ്ണേ ഒരു പാക്കറ്റ് വാങ്ങിയത്… ഇത്ര പെട്ടന്ന് തീർന്നോ?

‘ലാസ്റ്റ് വീക്കല്ല… ലാസ്റ്റ് മന്ത്…’

അമ്മയുടെ മറവി ശകാരമായി മാറുമെന്ന് അറിയാവുന്നതു കൊണ്ടു തന്നെ അമ്മു ഡേറ്റുകൾ ഓർമ്മിച്ചു വച്ചിരുന്നു. അവൾക്കെല്ലാ തീയതികളും ഓർമ്മയുണ്ടായിരുന്നു.
അമ്മ പിങ്ക് പൂവുകൾ തുന്നിച്ചേർത്ത്, സ്വർണ്ണ അലുക്കുകൾ ഞൊറി പിടിച്ച ഫ്രോക്ക് ഒരു ജൂലായ് നാലിനാണ് വാങ്ങി നല്കിയത്.
പിറ്റേന്ന് അമ്മുവിന്റെ അഞ്ചാം പിറന്നാളായിരുന്നു.
അന്ന് കേക്ക് മുറിക്കാനും ഹാപ്പി ബർത്ത് ഡേ പാടാനും അമ്മ മാത്രമേ ഉണ്ടായിരുന്നൊള്ളു.
അച്ഛൻ മാസങ്ങൾക്കു മുൻപേ വാടക ഫ്ലാറ്റിൽ അവരെ തനിച്ചു വിട്ട് വലിയ ബാഗുമായി ഇറങ്ങി പോയിരുന്നു.
പോകും മുൻപ് അവിടെ വലിയ വഴക്കു നടന്നിരുന്നു.
ദേഷ്യത്തിൽ അച്ഛൻ വലിച്ചെറിഞ്ഞ മഞ്ഞപ്പൂവുകൾ നിറച്ചു വച്ച വലിയ ഫ്ലവർവെയ്സ് ഭിത്തിയിൽ ഇടിച്ചു ചിതറുമ്പോൾ അമ്മു ഭയന്ന് വലിയ ടെഡി ബെയറിന്റെ വീർത്ത വയറിൽ മുറുകെ പിടിച്ച് കരച്ചിലിനെ അടക്കി നിന്നു.
അമ്മ അക്ഷോഭ്യയായി അച്ഛനെ എതിർത്തു.

‘ഇവിടുള്ള സാധനങ്ങൾ തല്ലിപ്പൊട്ടിച്ചും , ഒച്ച വച്ചും എന്നെ ഭയപ്പെടുത്താമെന്ന് കരുതണ്ട. മര്യാദകേട് കാണിക്കാനാണെങ്കിൽ വേറെ സ്ഥലം നോക്ക്. ഇത് ഞാൻ റെന്റ് കൊടുക്കുന്ന ഫ്ലാറ്റാ..’

‘ഏതെങ്കിലും ഒരു തൊലി വെളുത്തവനെ കാണുമ്പോൾ കിടക്ക വിരിയ്ക്കാൻ തയ്യാറായി നില്ക്കുന്നവളോട് ഇത്രയും മര്യാദയേ എനിക്ക് പറ്റൂ. വേശ്യകളോട് പെരുമാറേണ്ട വിധം അത്ര നിശ്ചയമില്ല.’

അച്ഛൻ പറയുന്നതും ചെയ്യുന്നതും അമ്മുവിന് പലപ്പോഴും മനസ്സിലാകാറേയില്ല.
അമ്മയ്ക്ക് പക്ഷെ എല്ലാം മനസ്സിലാകുന്ന ഭാവമാണ്.

‘ആ പുഴുത്ത നാക്ക് വളയ്ക്കെണ്ട. രവിയോടുള്ള എന്റെ സ്നേഹത്തെ നിങ്ങൾ മനസ്സിലാക്കണമെന്നുള്ള വാശിയൊന്നുമില്ല. പക്ഷേ എന്റെ ഇഷ്ടത്തിന് ജീവിക്കാനേ എനിക്ക് പറ്റൂ. പ്രോസ്റ്റിറ്റ്യൂഷൻ തൊഴിലാക്കേണ്ട ഗതികേട് തല്ക്കാലം വന്നിട്ടില്ല. ആ പദം കേട്ടു നില്കേണ്ട ആവശ്യവുമില്ല. ഇറങ്ങി പോകാൻ എന്നെക്കൊണ്ടു തന്നെ പറയിക്കരുത്.’

‘നീ പറയെണ്ട. ഞാൻ തന്നെ ഇറങ്ങുവാ. ഒരുകാര്യം ഓർമ്മ വച്ചോ – ആ തൊഴിൽ ചെയ്യുന്നവരു പോലും നിന്നേക്കാൾ ഭേദമാ. പുതിയ പറ്റുകാർ വരുമ്പോൾ ശല്യമായി തോന്നിയാൽ എന്റെ മോളെ എനിക്ക് വിട്ടു തന്നേക്കണം.’

‘കുറച്ചു വർഷം ഒരുമിച്ചു ജീവിച്ചൂന്നല്ലാതെ എന്ത് ബന്ധമാ നമ്മളു തമ്മിൽ. നിങ്ങളല്ല അവളുടെ അച്ഛൻ, രവിയാണ് എന്ന് ഞാൻ പറഞ്ഞാൽ അത്രേ ഉള്ളു .’

നനഞ്ഞ പടക്കം പൊട്ടുന്ന ശബ്ദത്തിൽ അടി വീണു.
ഒരു വശത്തേക്ക് ചെരിഞ്ഞു പോയ അമ്മ ഭിത്തിയിൽ പിടി കിട്ടിയതു കൊണ്ടു മാത്രമാണ് വീഴാഞ്ഞത്.
പോകും മുൻപ് അച്ഛൻ അമ്മുവിന്റെ അടുത്തു വന്നു.
അവളുടെ മുടിയിഴകളിൽ തഴുകി. അമ്മയെ തല്ലിയതിന്റെ ദേഷ്യം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു എന്ന് കണ്ടപ്പോൾ അമ്മുവിന് സങ്കടമായി.

അവൾ അലിവോടെ പറഞ്ഞു.

‘പോണം. അച്ഛൻ പോകുന്നതാ മോളെ നല്ലത്.. ഇല്ലെങ്കിൽ.. ‘

നിനക്ക് അമ്മയില്ലാതെയാകുമെന്ന് അയാൾ അപ്പോൾ പറഞ്ഞില്ല.
പറയാതെ പോയി.
അതോടെയാണ് അമ്മുവിന് അച്ഛനില്ലാതെ ആയത്.
വൈകിട്ട് ക്ലാസ് കഴിഞ്ഞ് വന്ന് അമ്മ വരും വരെ ഫ്ലാറ്റിൽ തനിച്ച് ഇരുന്ന് കളറിംഗ് ബുക്കുകളോടും വീഡിയോ ഗെയിംസിനോടും കൂട്ടു കൂട്ടേണ്ടി വന്നത്.

അമ്മ കളറുകൾ കൊണ്ടു വരാൻ മറക്കല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ടേബിളിൽ തല ചേർത്ത് കിടക്കുമ്പോൾ കോളിംഗ് ബെൽ മുഴങ്ങി.
ഒരു സാധാരണ ബെൽ ശബ്ദമായിരുന്നു അത്.
അപായസൂചനകളില്ലാത്തത്!

(തുടരും)

ടൈപ്പ് ചെയ്ത് നിർത്തുമ്പോൾ താനൊരു സാധാ പൈങ്കിളി എഴുത്തുകാരിയുടെ മൂന്നാംകിട സസ്പെൻസിന്റെ നിലവാരത്തിലേക്ക് ഇറങ്ങി ചെന്നുവോ എന്ന ഖേദം അനുപമയെ അലട്ടി. എങ്കിലും തുടർ ഭാഗത്തിലേക്ക് പോകുവാൻ എഴുത്തുകാരനും വായനക്കാരനും ഒരു ആകാംഷാ ജനകമായ നിർത്തൽ അനിവാര്യമാണല്ലോ എന്ന് സമാധാനിച്ച് പോസ്റ്റ് ചെയ്ത ശേഷം സമാധാനത്തോടെ അവൾ കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ ഓഫീസിലേക്ക് പോകുമ്പോൾ വിവേകിനെ കാണരുതേ എന്നതായിരുന്നു പ്രാർത്ഥന.
സ്കൂട്ടി പാർക്ക് ചെയ്ത് ഓഫിസിനുള്ളിലേക്ക് കയറുമ്പോൾ ആദ്യം കണ്ണിൽ പതിഞ്ഞത് ആ നീല ഷർട്ടായിരുന്നു.
കഴിഞ്ഞ ബർത്ത്ഡേക്ക് അവൾ തന്നെ സമ്മാനിച്ചത് – മെയ് 14 ന് !

അനുപമയ്ക്ക് പിൻമാറാനുള്ള സമയം കിട്ടുന്നതിനു മുൻപേ വിവേക് ഓടി അരികിലേക്ക് വന്നു.
അനുപമ ഭീതിയോടെ അവനെ നോക്കി. കഠിനമായ വികാര വിക്ഷോഭം കൊണ്ട് വിവേകിന്റെ മുഖം ചുവന്നു വിങ്ങിയിരുന്നു.

‘എന്താ നിന്റെ പ്രശ്നം? കാര്യം പറ.’

‘ഒന്നുമില്ല.. നമുക്ക് പിന്നെ സംസാരിക്കാം ‘

അനുപമ ഒഴിഞ്ഞു മാറി.

‘ പറ്റില്ല. ഞാൻ ലീവെടുത്തു വന്നതാ. നീ ഇപ്പോൾ സംസാരിച്ചേ പറ്റൂ. അന്ന് ഫ്ലാറ്റിൽ നിന്ന് ഒന്നും പറയാതെ ഇറങ്ങി പോന്നതല്ലേ.. എത്ര തവണ വിളിച്ചു. ഞാൻ ഉറങ്ങിയിട്ട് ദിവസങ്ങളായി. ‘

വിവേകിന്റെ ശബ്ദമുയർന്നു.

‘ഇവിടെ വച്ച് വെറുതെ ഒരു സീനുണ്ടാക്കരുത്. നീ ഫോൺ വിളിച്ചാൽ മതി.’

വിവേക് അടിക്കുമെന്ന് അനുപമ കരുതിയതേയില്ല.
അടിയുടെ ശക്തിയിൽ വേച്ചു വീഴാൻ ഒരുങ്ങിയ അവളെ അവൻ തന്നെ താങ്ങി.

‘ആറു ദിവസം. അതിനിടയിൽ അറുനൂറ്റി മുപ്പത്തിരണ്ടു തവണ ഞാൻ വിളിച്ചു. നിനക്ക് എടുക്കാൻ വയ്യ. ഫേയ്സ്ബുക്കിൽ തുടർ കഥയെഴുതി ഇടുന്നു. എന്റെ നമ്പറിലേക്ക് രണ്ടുവരി മെസേജ് എഴുതി അയക്കാൻ വയ്യ.’

വിവേക് ചീറും പോലെയാണ് സംസാരിച്ചത്.
അനുപമ അവനെ നിർമമതയോടെ നോക്കി.

‘നിന്നെ സ്നേഹിച്ച തെറ്റിന് ഞാൻ ഇത്രയും ദിവസം എരിയുകയായിരുന്നു. യൂ ആർ പ്ലേയിംഗ് വിത് മൈ ഹേർട്ട് ഫീലിംഗ്സ്.. ഒരു പട്ടിയെ പോലെ പിറകെ നടക്കാൻ ഇനി ഞാനില്ല. ഗുഡ് ബൈ..’

അനുപമയുടെ മേൽ നിന്ന് പിടിവിട്ട് വിവേക് പിന്തിരിഞ്ഞു.
അവൾ ആ പോക്ക് നോക്കി നിന്നു. പതിയെ വലിയ തൂണിലേക്ക് തല ചായ്ച്ചു വച്ചു.
ആരൊക്കെയോ ചുറ്റും കൂടിയിട്ടുണ്ട്. വായ്ക്കുള്ളിൽ ചോര ചുവച്ചു.
ചെറിയ നീറ്റൽ.
പോരാ എന്നു തോന്നി…. വലിയ വേദനകൾ തരൂ… നിന്നെ സ്നേഹിച്ച തെറ്റിന്.. അർഹതയില്ലാത്തത് ആഗ്രഹിച്ച തെറ്റിന്.

ഒരു പുരുഷനെയും സ്നേഹിക്കുവാൻ വയ്യ.
അവന്റെ ഗന്ധം, നെഞ്ചിലെ വനനിബിഡത..
അനുപമ കണ്ണുകളിറുക്കി അടച്ചു – അവളുടെ മനസ്സിൽ ഇരുന്ന് ആരോ ‘പോണ്ടാ’ന്ന് വിവേകിനോട് യാചിച്ചു. നഷ്ടപ്പെടാൻ ഒരുങ്ങി നില്ക്കുന്ന ലാളനകളെ തിരികെ വിളിച്ചു.
രണ്ടു ദിവസങ്ങൾക്ക് ശേഷം അനുപമയ്ക്ക് വീണ്ടും എഴുത്തിന്റെ വിളി വന്നു.

അനുപമയുടെ ഫേയ്സ്ബുക്ക് കഥ – രണ്ടാം ഭാഗം

തുറന്ന വാതിലിനപ്പുറത്തു നിന്ന് രവിയങ്കിൾ അമ്മുവിനെ നോക്കി പുഞ്ചിരിച്ചു.
അവൾക്ക് ചിരി വന്നില്ല.
അങ്കിളിന്റെ ചിരി അമ്മുവിന് ഇഷ്ടമായിരുന്നില്ല.
ചിരി മാത്രമല്ല, പലതും!
രവിയങ്കിൾ കൈയിൽ പിടച്ചിരുന്ന ചെറിയ പാക്കറ്റ് അവൾക്കു നേരെ നീട്ടി.

‘അമ്മുക്കുട്ടിക്ക് സർപ്രൈസ്.. എന്താണെന്ന് പറയ്യോ..? ‘

താത്പര്യമില്ലാതെ തളർന്ന കണ്ണുകളോടെ അമ്മു അയാളെ നോക്കി. രവിയങ്കിളിനോട് മിണ്ടിയില്ലെങ്കിൽ അമ്മയ്ക്ക് ദേഷ്യം വരുമെന്ന് അവൾക്ക് അറിയാം.
അച്ഛനോട് മിണ്ടിയാലാണ് ദേഷ്യം. പലതരം ദേഷ്യങ്ങൾക്കിടയിൽ ഞെരിഞ്ഞ് ശ്വാസം മുട്ടിയാണ് ഒരു കുഞ്ഞു ജീവിതം.
ദേഷ്യപ്പെടാൻ ഇപ്പോൾ അമ്മയില്ലല്ലോ എന്ന ധൈര്യത്തിൽ അമ്മു മിണ്ടാതെ നിന്നു.
വാത്സല്ല്യച്ചിരിയോടെ രവിയങ്കിൾ അമ്മുവിനെ വാരിയെടുത്തു.

‘അമ്മ പറഞ്ഞല്ലോ മോൾടെ സ്കെച്ച് പെൻസ് തീർന്നൂന്ന്… ഇത് അങ്കിളു വാങ്ങിയതാ..’

അയാളുടെ മീശ അസ്വസ്ഥ പടർത്തി അമ്മുവിന്റെ മുഖത്തുരഞ്ഞു.
അച്ഛൻ ഉമ്മ വയ്ക്കുന്നത് അമ്മുവിന് ഇഷ്ടമായിരുന്നു.
അച്ഛന്റെ മീശയ്ക്കു പോലും മോളെന്ന കരുതൽ ഉണ്ടായിരുന്നു.
നോവിക്കാതെ, മുറുകാതെ അച്ഛൻ ഉമ്മ വച്ചു.
അച്ഛന്റെ കരുതൽ ഇല്ലാത്ത ഉമ്മകളിൽ അമ്മുവിന് ശ്വാസം മുട്ടി.

‘വാ നമുക്ക് കളറു ചെയ്യാം..’

വഴിയറിയാതെ പെട്ടു പോയ കുഞ്ഞാടിനെ കുറിച്ച് ഓർത്തപ്പോൾ അമ്മു വഴങ്ങി. രവിയങ്കിളിന്റെ മടിയിലെ അസ്വസ്ഥതയിലിരുന്ന് അവൾ ചുവന്ന സകെച്ച് എടുത്തു.
അന്ന് അമ്മ വൈകി തിരിച്ചു വരുമ്പോൾ അമ്മു ബോധമില്ലാത്ത ഉറക്കത്തിലായിരുന്നു.
ബാലമാസികയുടെ താളുകളിൽ അവൾ ആട്ടിൻ കുഞ്ഞിന് യഥാർത്ഥ വഴി കാണിച്ചു കൊടുത്തിരുന്നു.
പക്ഷേ അതിൻമേൽ കട്ടി കൂടിയ മറ്റൊരു ചുവപ്പു നിറം പടർന്ന് വഴി അവ്യക്തമായി തീർന്നിരുന്നു.
സ്കെച്ചിന്റെ ചുവപ്പിനേക്കാൾ അമ്മുവിന്റെ തുടകളിലൂടൊഴുകിയ രക്തത്തിനായിരുന്നു ചുവപ്പു കൂടുതൽ. അന്നു മുതൽ അമ്മുവിന് ഭയമായിരുന്നു. എല്ലാത്തിനേയും .. എല്ലാവരേയും ..

എല്ലായിടത്തും രവിയങ്കിൾ ഒളിച്ചു നിന്നു. ശ്വാസം മുട്ടിക്കും വിധം കെട്ടിപ്പിടിക്കാൻ കൈ നീട്ടി.
രക്തം കല്ലിക്കും വിധം ഞെരിച്ചു തടവാൻ വിരലുകൾ കൊണ്ട് പരതി.
ഇതിനിടയിൽ അവളുടെ അച്ഛന്റെ കത്തിമുനയിൽ കോർത്ത് ജീവൻ പറന്നു പോയിട്ടും രവിയങ്കിൾ ചിലതൊക്കെ ബാക്കി വച്ചിട്ടുണ്ടായിരുന്നു.
ചില ഗന്ധങ്ങൾ, നോട്ടങ്ങൾ, ചിരികൾ. വർഷങ്ങൾക്കിപ്പുറവും അവ അമ്മുവിനെ ശ്വാസം മുട്ടിച്ചു.
മനം പുരട്ടിച്ചു.
എല്ലാ അച്ഛനമ്മമാരും തിരക്കിട്ട് ഓടി നടക്കാതെ, വഴക്കിട്ട് പിരിയാതെ, സ്നേഹത്തിൽ മക്കളെ വളർത്തിയിരുന്നെങ്കിൽ എന്ന് അവൾ വെറുതെ ആശിക്കാറുണ്ടായിരുന്നു.. ഇപ്പോഴും..

(അവസാനിച്ചു)

അനുപമയ്ക്ക് തിരക്കിന്റെ ദിവസങ്ങളായിരുന്നു പിന്നീട്.
ഫേയ്സ് ബുക്കിൽ കഥയുടെ അവസാന ഭാഗം പോസ്റ്റു ചെയ്തതിൽ പിന്നെ കയറിയിട്ടില്ല.
രഞ്ജിത ഒരു ദിവസം ലഞ്ച് ടൈമിൽ അവളോട് പരിഭവം പറഞ്ഞു.

‘ആ കഥ എഴുതെണ്ടായിരുന്നു അനൂ. വല്ലാതെ വിഷമം തോന്നി. നീ അതിനു വന്ന കമന്റ്സ് കണ്ടിരുന്നോ..?’

അനുപമ മിണ്ടിയില്ല.
അന്ന് വൈകിട്ട് ഓഫീസിൽ നിന്നിറങ്ങി ചെല്ലുമ്പോൾ വിവേക് മുറ്റത്തെ അക്കേഷ്യയുടെ ചുവട്ടിൽ പാർക്ക് ചെയ്ത ബൈക്കിൽ ചാരി നില്ക്കുന്നത് കണ്ടു.
അനുപമ അവനെ നോക്കാതെ പിൻവശത്തെ പാർക്കിംഗ് ഏരിയായിൽ വച്ചിരിക്കുന്ന തന്റെ സ്കൂട്ടിക്ക് അരികിലേക്ക് നടന്നു.

‘അനു..’

വിവേക് വിളിച്ചു കൊണ്ട് പിന്നാലെ വരുന്നു.
അവൾ നോക്കാതെ നടന്നു.

‘അമ്മൂ… ‘

വീണ്ടുമൊരു പിൻവിളി.
ഇത്തവണ അനുപമയുടെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു.
അവൾ അറിയാതെ നിന്നു പോയി. വിവേക് അവൾക്കരികിലേക്ക് നടന്നു ചെന്നു.
പിന്നിൽ നിന്ന് തോളിൽ പിടിച്ച് അഭിമുഖമായി തിരിച്ചു

‘എല്ലാ പുരുഷന്മാരും രവിയങ്കിളുമാരല്ല. ഒന്നോർക്കുക നീ ഏറെ സ്നേഹിച്ച നിന്റച്ഛനും ഒരു പുരുഷനായിരുന്നില്ലേ..’

അനുപമയുടെ കണ്ണുകൾ ഇപ്പോൾ നിറഞ്ഞു.
വിവേകിന് അവളെ ഒന്നു കെട്ടിപ്പിടിച്ച് ആശ്വസിപ്പിയ്ക്കണമെന്ന് തോന്നി.
അവൻ അങ്ങനെ തന്നെ ചെയ്തു.

ആഴ്ചകൾക്കപ്പുറം ഒരു രാത്രി വിവേകിന്റെ നെഞ്ചിലെ സുരക്ഷിതത്വത്തിൽ നിന്ന് പിൻവലിഞ്ഞ് അനുപമ തന്റെ ഫോണെടുത്തു. ഫേയ്സ് ബുക്ക് പേജിൽ പഴയ കഥയ്ക്കു താഴെയുള്ള കമന്റ്സിലൂടെ കണ്ണോടിച്ചു. പിന്നെ എഡിറ്റിംഗ് ഓപ്ഷനെടുത്തു.

‘എല്ലാ സങ്കടങ്ങളും സന്തോഷമാക്കി മാറ്റാൻ അമ്മുവിനെ അറിയുന്ന ഒരാൾ വന്നു. അവൻ വറ്റാത്ത സ്നേഹം കൊണ്ട് അവളെ വീണ്ടെടുത്തു. ഇതൊരു കഥ മാത്രമാണ്.’

എന്ന അവസാന വാചകം കൂടി ടൈപ്പ് ചെയ്തിട്ട് അവൾ പോസ്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്തു.
പിന്നെ വീണ്ടും എല്ലാമറിയുന്ന ഒരു പുരുഷന്റെ സുരക്ഷിത കരവലയത്തിലേക്ക് ചേർന്നു കിടന്നു. തന്റെ തലവേദനകൾ എന്നെന്നേയ്ക്കുമായി അവസാനിക്കുകയാണെല്ലോയെന്ന ഓർമ്മയിൽ അനുപമ നിശ്വസിച്ചു.