രക്തരക്ഷസ്സ് 7

രക്തരക്ഷസ്സ് 7
Raktharakshassu Part 7 bY അഖിലേഷ് പരമേശ്വർ
previous Parts

പുറത്ത് കണ്ട കാഴ്ച്ച ശങ്കര നാരായണ തന്ത്രിയെ ഞെട്ടിച്ചു. ദേവീ ചതിച്ചുവോ. അയാൾ നെഞ്ചിൽ കൈ അമർത്തി.

പുറത്ത് ഒരു ബലിക്കാക്ക ചിറകടിച്ചു പറക്കുന്നു. മേനോനെ ഈ നിമിത്തങ്ങൾ സൂചിപ്പിക്കുന്നത് ശ്രീപാർവ്വതി അതീവ ശക്തയായി എന്നാണ്. അത് എങ്ങനെ എന്നാണ് ഇനി അറിയേണ്ടത്. മ്മ്മ് നോക്കാം.

തന്ത്രി ഒരു നുള്ള് ഭസ്മം കൈയ്യിലെടുത്ത് മന്ത്രം ചൊല്ലി.

സിന്ദുരാരുണവിഗ്രഹാം ത്രിണയനാം
മാണിക്യമൗലിസ്‌ഫുരത്‌-
താരാനായകശേഖരാം സ്മിതമുഖീ-
മാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂര്‍ണ്ണരത്നചഷകം
രക്തോത്‌പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥരക്തചരണാം ധ്യായേത്‌ പരാമംബികാം. ശേഷം ഭസ്മം അഗ്നിയിൽ അർപ്പിച്ചു. അഗ്നി ആളി ഉയർന്നു.

കത്തി ജ്വലിക്കുന്ന ഹോമകുണ്ഡത്തിലെ അഗ്നിയിൽ ശങ്കര നാരായണ തന്ത്രി ശ്രീപാർവ്വതിയുടെ വിശ്വരൂപം കണ്ടു.

ഇടതൂർന്ന മുടി, തിരുനെറ്റി മുറിഞ്ഞു രക്തം മുഖത്താകെ പടർന്നിരിക്കുന്നു. നീണ്ട ദംഷ്ട്രകൾ കീഴ്ച്ചുണ്ട് തുളച്ചിറങ്ങിയിരിക്കുന്നു. കണ്ണുകളിൽ രക്തവർണ്ണം. ചുണ്ടുകൾക്കിടയിലൂടെ രക്തം ഒഴുകിയിറങ്ങുന്നു.

ഒരു നിമിഷം ശ്വാസം നിലച്ചിരുന്നുപോയി ആ മഹാ മാന്ത്രികൻ.

തന്ത്രികൾ തന്റെ വാക്കുകൾക്കായി ചെവിയോർത്തിരുന്ന കൃഷ്ണ മേനോന്റെ മുഖത്തേക്ക് നോക്കി.

മേനോനെ അവൾ നോം ഉദേശിച്ചത്‌ പോലെ അല്ല. ഉഗ്ര രൂപത്തിൽ ആയിരിക്കുന്നു.

കൃഷ്ണ മേനോന്റെ തൊണ്ട വരണ്ടു. അയാൾ വിയർത്തു തുടങ്ങി. ഉഗ്രരൂപത്തിൽ എന്ന് പറയുമ്പോൾ, കാര്യസ്ഥന്റെ ചോദ്യത്തിന് തന്ത്രി നൽകിയ മറുപടി വെള്ളിടി പോലെയാണ് മേനോനും കുമാരനും കേട്ടത്.

അവളിപ്പോൾ വെറുമൊരു യക്ഷിയല്ല രക്ഷസ്സാണ് രക്തരക്ഷസ്സ്.
ഇയാളുടെ രക്തത്തിന്റെ അംശം ഞാൻ അവളെ ആവാഹിച്ചു ബന്ധിച്ച ആണിയിൽ പറ്റിയതാണ് എല്ലാം മേൽ കീഴ് മറിഞ്ഞത്.

മേനോനെ യൗവ്വനത്തിൽ തന്നെ പടുമരണം സംഭവിച്ച ശ്രീപാർവ്വതി രക്തരക്ഷസ്സ് ആയ സ്ഥിതിക്ക് താനും തന്റെ ഈ കൈയ്യാളും പിന്നെ ആരൊക്കെ അവളെ കൊല്ലാൻ കൂട്ട് നിന്നോ അവരൊക്കെ സൂക്ഷിച്ചോളൂ.. നിങ്ങളുടെ സർവ്വ നാശം, അതൊന്ന് മാത്രമാണ് അവളുടെ ലക്ഷ്യം.

തന്ത്രിയുടെ വാക്കുകൾ ഇടി നാദം പോലെ മേനോന്റെ മനസ്സിൽ പെരുംമ്പറ മുഴക്കി.

ഇനിയിപ്പോ അവളെ ബന്ധിക്കുക എന്നത് എന്നാൽ ആവുന്ന ഒന്നല്ല. തിരുമേനി അങ്ങനെ പറയരുത്. മേനോന്റെ ശബ്ദത്തിൽ ഭയത്തിന്റെ പതർച്ച ഉയർന്നു നിന്നു.

അങ്ങയെക്കൊണ്ട് അല്ലാതെ മറ്റാരാണ് അവളെ ബന്ധിക്കുവാൻ. ഞങ്ങളെ കൈവിടരുത്. കൃഷ്ണ മേനോന്റെ കണ്ണുകൾ നിറഞ്ഞു.

ആദ്യമായാണ് മേനോന്റെ കണ്ണുകൾ നിറഞ്ഞു കാണുന്നതെന്ന് കുമാരൻ ഓർത്തു.

അയാൾ കത്തുന്ന ഒരു നോട്ടം അഭിക്ക് നേരെ അയച്ചു. നിനക്ക് ഏത് നേരത്താണ് ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത് എന്ന് അയാൾ മനസ്സിൽ അഭിയെ നോക്കി ചോദിച്ചു.

കുമാരന്റെ നോട്ടം കണ്ട അഭിമന്യു തല താഴ്ത്തി. ആ ചെമ്പകച്ചോട്ടിലേക്ക് പോകാൻ തോന്നിയ നിമിഷത്തെ അയാൾ സ്വയം പഴിച്ചു.

മേനോൻ തന്ത്രികളുടെ കാൽക്കൽ സാഷ്ടംഗം വീണ് തൊഴുതു. തന്ത്രികൾ മേനോനെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് തന്റെ പിന്നിലെ ദേവീ വിഗ്രഹത്തിലേക്ക് നോക്കി. അമ്മേ മഹാമായേ എന്റെ ഉണ്ണിയെ വിളിക്കേണ്ട സമയം ആയി ല്ലേ.

തന്ത്രിയുടെ ചോദ്യത്തിന് ഉത്തരമെന്നോണം ഉത്തരത്തിൽ ഇരുന്ന ഗൗളി മൂന്ന് വട്ടം ചിലച്ചു.

മേനോൻ പ്രത്യാശായോടെ ശങ്കര നാരായണ തന്ത്രിയുടെ മുഖത്തേക്ക് നോക്കി.

താൻ ഭയക്കണ്ടാ. എന്നേക്കാൾ കേമനായ എന്റെ ഉണ്ണി വരും. അവളെ അവൻ ബന്ധിക്കും. എന്നേക്കാൾ ഏറെ പഠിച്ചവനാണ് ന്റെ ഉണ്ണി.

ത്രികാല ഞ്ജാനി, സകല വേദത്തിലും മന്ത്ര തന്ത്രത്തിലും അഗ്രഗണ്യൻ. ഇപ്പോൾ ഒരു യാത്രയിലാണ് ഹിമാലയത്തിൽ എവിടെയോ ഉണ്ട്.

രക്ഷസ്സായി മാറിയ ശ്രീപാർവ്വതിക്ക് അവന്റെ മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ല്യ.

തന്ത്രികൾ അത് പറഞ്ഞു തീർക്കും മുൻപേ പുറത്ത് ചിറകടിച്ചു പറന്ന ബലിക്കാക്ക പിടഞ്ഞു വീണു.

അദ്ദേഹം വെട്ടിത്തിരിഞ്ഞു ഉരുളിയിലെ ജലത്തിലേക്ക് നോക്കി,അത് ചുവന്ന് രക്തവർണ്ണമായിരുന്നു.അപകടം, തന്ത്രിയുടെ ചുണ്ടുകൾ മന്ത്രിച്ചു.

മേനോനെ നിങ്ങൾ കഴിയുന്നതും വേഗം മടങ്ങിക്കോളു, തന്റെ തറവാട്ടിൽ മരണം കരിനിഴൽ പതിക്കുന്നതായി പ്രതീതമാവുന്നു.

ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന പോലെയുള്ള തന്ത്രിയുടെ പ്രവചനങ്ങൾ മേനോനെയും കൂട്ടരെയും തെല്ലൊന്നുമല്ല അസ്വസ്ഥമാക്കിയിരുന്നത്.

മൂവരും അതിവേഗം തന്നെ അവിടെ നിന്നുമിറങ്ങി. തന്ത്രി പറഞ്ഞ വാക്കുകൾ മേനോന്റെ മനസ്സിനെ അലട്ടുന്നുണ്ട് എന്ന് അഭിക്ക് മനസ്സിലായി.

ഞാൻ കാരണം വല്ല്യച്ഛന്റെ ജീവൻ അപകടത്തിൽ ആയി ല്ലേ. അയാൾ മേനോനെ നോക്കി. പക്ഷേ എത്രയും വേഗം തറവാട്ടിൽ എത്തണം എന്ന് മാത്രമാണ് അയാൾ മറുപടി പറഞ്ഞത്.

നിമിഷ നേരം കൊണ്ട് പ്രകൃതിക്ക് മാറ്റം സംഭവിച്ചു. മാനം കറുത്തു കൊള്ളിയാന്റെ അകമ്പടിയോടെ മഴ ആർത്തിരമ്പി.

മംഗലത്ത് തറവാടിന്റെ പൂമുഖത്ത് ദേവീമാഹാത്മ്യം വായിച്ചു കൊണ്ടിരുന്ന ദേവകിയമ്മ ഇടിയും മഴയും കണ്ടമാത്രയിൽ ലക്ഷ്മിയെ വിളിച്ചു.

കുട്ടീ മഴ കനത്തു എന്ന് തോന്നുന്നു. അവർ ഇനിയും എത്തിയിട്ടില്യലൊ. മഴ കണ്ടോണ്ട് കാളകെട്ടിയിൽ താങ്ങിട്ടുണ്ടാവും തമ്പ്രാട്ടി. ലക്ഷ്മി മറുപടി പറഞ്ഞു.

ഹാ. അമ്മേ ദേവീ നീയേ തുണ ദേവകിയമ്മ ദേവീമാഹാത്മ്യം തൊട്ട് തൊഴുതു.

കുട്ടീ മഴ വീഴും മുന്നേ പടിപ്പുര അടച്ചേക്കൂ. ദേവകിയമ്മ ലക്ഷ്മിയെ നോക്കി. അവൾ പടിപ്പുര ലക്ഷ്യമാക്കി നടന്നു.

നിമിഷ നേരം കൊണ്ട് മഴ തിമർത്ത് പെയ്തു തുടങ്ങി. ദേവകിയമ്മയ്ക്ക് മുന്നിൽ ഉള്ളതൊന്നും കാണാൻ സാധിച്ചില്ല.

കുട്ടീ ഇങ്ങട് പോന്നോളൂ മഴ വീഴണ കണ്ടില്ലേ. അവർ ലക്ഷ്മിയെ തിരിച്ചു വിളിച്ചു. എന്നാൽ അവരുടെ ശബ്ദം മഴയുടെ രുദ്രതാളത്തിൽ അലിഞ്ഞു പോയി.

കുട്ടി നനയൂലോ ന്റെ ദേവീ, അവർ ചുവരിൽ തൂക്കിയ കുടയുമായി പടിപ്പുരയിലേക്ക് നടന്നു.

മഴത്തുള്ളികൾ അനുസരണയില്ലാത്ത കുട്ടിയെപ്പോലെ അവരുടെ മേലെ പടർന്നു കയറി.

മുഖത്തേക്ക് തെറിച്ചു വീണ മഴ വെള്ളം തുടച്ചു കൊണ്ട് അവർ മുന്നോട്ട് നോക്കി.

പടിപ്പുര അടച്ചിരിക്കുന്നു. എന്നാൽ ലക്ഷ്മിയെ കാണാനില്ല. ഈ കുട്ടി ഇതെങ്ങോട്ടാ പോയെ. മഴയത്താ കുട്ടിക്കളി.

ലക്ഷ്മി, ലക്ഷ്മി, അവർ ഉറക്കെ വിളിച്ചു. എന്നാൽ പ്രതികരണമുണ്ടായില്ല.

അഭിയുടെ വാക്കുകൾ പെട്ടന്ന് ദേവകിയമ്മയുടെ മനസ്സിലേക്ക് ഓടിയെത്തി. കൂടെ ലക്ഷ്മിക്ക് ഉണ്ടായ അനുഭവവും.

തനിക്ക് പിന്നിൽ ആരോ നിൽക്കുന്നത് പോലെ അവർക്ക് തോന്നി, ഒരു ഞെട്ടലോടെ അവർ തിരിഞ്ഞു നോക്കി. ലക്ഷ്മി പുറകിൽ നിൽക്കുന്നു.

ഹോ, ഭയപ്പെടുത്തി കളഞ്ഞൂലോ കുട്ട്യേ. എവിടെ പോയതായിരുന്നു ഈ മഴയിൽ. നനഞ്ഞു കുളിച്ചു നിൽക്കണ കണ്ടില്ല്യേ. ഇനിയിപ്പോ അസുഖം വരുത്തി വയ്ക്കാനാ ഭാവം, അവർ അവളെ ശകാരിച്ചുകൊണ്ട് അടുത്തേക്ക് നീങ്ങി.

പെട്ടെന്ന് അതിശക്തമായ ഒരു കൊള്ളിയാൻ ദേവകിയമ്മയുടെ കാഴ്ച മറച്ചു. കണ്ണ് ചിമ്മി മുന്നോട്ട് നോക്കിയ അവർ ഞെട്ടി.ലക്ഷ്മി നിന്നിടം ശൂന്യം.

നിമിഷ നേരം കൊണ്ട് അവർ ഭയത്തിന്റെ കരങ്ങളിൽ അകപ്പെട്ടു. ആർത്തലയ്ക്കുന്ന മഴയിലും ദേവകിയമ്മയെ വിയർത്തൊഴുകി.
#തുടരും