രക്തരക്ഷസ്സ് 27

നഷ്ട്ടമായ സിദ്ധികളുടെ പുന:രാഗിരണം താങ്ങാൻ സാധിക്കാതെ തന്റെ ബോധമണ്ഡലം മറയുന്നത് അവനറിഞ്ഞു.

അർദ്ധബോധാവസ്ഥയിലും കൈയ്യിലിരുന്ന താളിയോല ഗ്രന്ഥം മുറുകെ പിടിച്ചു കൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു.

അതെ സമയം തന്റെ മുൻപിൽ തെളിഞ്ഞു വരുന്ന ദേവിയുടെ വിശ്വരൂപത്തെ കൺനിറഞ്ഞു കണ്ടു.

തിളങ്ങുന്ന കണ്ണുകളും കൂർത്ത നഖങ്ങളും വജ്ര സമാനമായ ദംഷ്ട്രകളുമുള്ള സിംഹ വാഹനം.

വലത് കൈകളിൽ വാളും, ത്രിശൂലവും,ചക്രവും ഐശ്വര്യ ശ്രീചക്ര ലേഖിതവും.

ഇടം കൈകളിൽ ശത്രുവിന്റെ നെഞ്ച് തകർക്കുന്ന ഗദയും,വലംപിരി ശംഖും സാക്ഷാൽ കൈലാസവാസൻ നൽകിയ ഢമരുവും പിന്നെയാ അഗ്നിവമിക്കും താലവുമേന്തി മഹിഷാസുര മർദ്ധിനിയായ മഹാമായ മൃഗരാജ കേസരിയുടെ പുറത്ത് വിരാജിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവലയത്തിൽ സൂര്യ തേജസ്സോടെ വിളങ്ങുന്ന ആദിശക്തിയുടെ മുഖം നോക്കി അപ്പോൾ ഭൂജാതനായ ശിശുവിനെപ്പോലെ കിടന്നു രുദ്ര ശങ്കരൻ.

അപ്സരസുകൾ പോലും നാണിച്ചു തല താഴ്ത്തിയ,പ്രകൃതിയിലെ സർവ്വ സൗന്ദര്യവും സംഗമിച്ച,പൂനിലാവിന്റെ തെളിമയുള്ള മോഹന രൂപത്താൽ മഹിഷാസുരന്റെ മാറ് പിളർത്തിയ സത്യത്തെ അന്നാദ്യമായി രുദ്രൻ കൺ നിറഞ്ഞു കണ്ടു.

കൈകാലുകൾ അനക്കാൻ സാധിക്കാത്ത അപൂർവ്വ ദർശന നിമിഷത്തിലും അടഞ്ഞു പോകുന്ന മിഴികൾ വലിച്ചു തുറന്ന് വിറയ്ക്കുന്ന ചുണ്ടുകളാലവൻ ലളിതാ സഹസ്ര നാമ ധ്യാനം ഉരുവിട്ടു.

“സിന്ദുരാരുണവിഗ്രഹാംത്രിണയനാംമാണിക്യമൗലിസ്‌ഫുരത്‌-
താരാനായകശേഖരാംസ്മിതമുഖീമാപീനവക്ഷോരുഹാം,പാണിഭ്യാമളിപൂർണ്ണരത്നചഷകംരക്തോത്‌പലംബിഭ്രതീം,സൗമ്യാംരത്നഘടസ്ഥരക്തചരണാംധ്യായേത്‌പരാമംബികാം.

ധ്യായേത്‌പദ്‌മാസനസ്‌ഥാംവികസിതവദനാംപദ്‌മപത്രായതാക്ഷീം
ഹേമാഭാംപീതവസ്ത്രാംകരകലിതലസത്‌ഹേമപദ്‌മാംവരാംഗീം
സർവ്വാലങ്കാരയുക്താംസതതമഭയദാംഭക്തനമ്രാംഭവാനീം ശ്രീവിദ്യാംശാന്തമുർത്തിംസകലസുരനുതാംസർവ്വസമ്പദ്‌പ്രദാത്രീം.

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.

അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശ പുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ ഭവാനിം.”

അഷ്ട ദിക്കും വിറപ്പിക്കുന്ന ഗർജ്ജനത്തോടെ ദേവിയുടെ വാഹന ശ്രേഷ്ഠൻ തന്റെ വലത് കൈ ആ മഹാമാന്ത്രികന്റെ ഇടം നെഞ്ചിലേക്ക് അമർത്തി.

എവിടെ നിന്നോ ഉയർന്ന ശംഖൊലിയും മണിയൊച്ചയും അറയുടെ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു.

തന്റെ ഇടം നെഞ്ചിലമർന്ന കേസരി വീരന്റെ കൂർത്ത നഖങ്ങൾ ശരീരത്തിൽ ആഴ്ന്നിറങ്ങുന്നത് രുദ്രനറിഞ്ഞു.

വേദനയുടെ ചെറു ലാഞ്ചന പോലുമില്ലാതെ താൻ സുഖലോലുപതയുടെ മറ്റൊരു ലോകത്തിലേക്ക് സഞ്ചരിക്കും പോലെയാണ് രുദ്രന് അനുഭവപ്പെട്ടത്.

ആഴ്ന്നിറങ്ങിയ നഖങ്ങൾക്കിടയിലൂടെ പുറത്തേക്ക് ചാലിട്ടൊഴുകിയ ചുടു നിണം ആ മൃഗേന്ദ്രൻ നാവ് നീട്ടി നുണഞ്ഞപ്പോൾ രുദ്രന്റെ ഉള്ളിലടങ്ങിയ അഹന്തയുടെ അവസാന കണികയുടെ നാശം സംഭവിക്കുകയായിരുന്നു.

നിമിഷങ്ങളുടെ ഇടവേളയിൽ എപ്പഴോ രുദ്രന്റെ കണ്ണുകൾ അടഞ്ഞു.

അതേ സമയം വള്ളക്കടത്ത് ദേവീ ക്ഷേത്രത്തിൽ ഗ്രാമവാസികൾ അന്നേ ദിവസത്തെ ശുചീകരണത്തിന് തുടക്കം കുറിച്ചു തുടങ്ങിയിരുന്നു.

കാടും പടലും വെട്ടി നീക്കുമ്പോഴാണ് വെളിച്ചപ്പാട് ആ കാഴ്ച്ച കാണുന്നത്.കാട്ടിൽ ഒളിപ്പിച്ച നിലയിൽ ഒരു മുന്തിയ ഇനം കാർ കിടക്കുന്നു.

പരിഭ്രാന്തിയോടെ അയാൾ ആളുകളെ വിളിച്ചു കൂട്ടി.കൂട്ടത്തിൽ ഒരാൾ കാർ തിരിച്ചറിഞ്ഞു.വിവരം മംഗലത്ത് കൃഷ്ണ മേനോന്റെ ചെവിയിലുമെത്തി.

കേട്ടത് സത്യമാവല്ലേ എന്ന പ്രാർത്ഥനയോടെ അയാൾ അങ്ങോട്ടേക്ക് കുതിച്ചു.

കൂട്ടം കൂടി നിൽക്കുന്ന ആളുകളെ വകഞ്ഞു മാറ്റി മുൻപോട്ട് നോക്കിയതും മേനോൻ നെഞ്ചിൽ കൈ വച്ചു.

എല്ലാത്തിനും സാക്ഷിയായ കാളകെട്ടിയിലെ ശങ്കര നാരായണ തന്ത്രികൾ അയാളുടെ ചുമലിൽ കൈ അമർത്തി.

മേനോന് കാര്യങ്ങൾ വ്യക്തമായെന്ന് നമുക്കറിയാം.തന്നോട് ബോധപൂർവം ഞാനത് മറച്ചു വയ്ക്കുകയായിരുന്നു.

കൃഷ്ണ മേനോനെ വെട്ടി വിറയ്ക്കാൻ തുടങ്ങി. ശ്രീപാർവ്വതിയുടെ പ്രതികാരം ഇനി തന്നോട് മാത്രമെന്ന സത്യം അയാളെ തളർത്തി.

എന്റെ വലത് കൈയ്യാണ് അവളെടുത്തത്.ഒരു നോക്ക് കാണാൻ പോലും എന്റെ കുമാരനെ അവളെനിക്ക് തന്നില്ലല്ലോ.

ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ മേനോൻ തലകുനിച്ച് നടന്നകന്നു.

ആദിത്യ കിരണങ്ങൾക്ക് കടുപ്പമേറിയപ്പോഴാണ് ശങ്കര നാരായണ തന്ത്രികൾ തപം പൂർത്തിയാക്കി പുറത്ത് വരുന്ന മകനെക്കുറിച്ചോർത്തത്.

ക്ഷേത്രത്തിൽ ബാക്കിയുള്ള കാര്യങ്ങൾ സഹായ തന്ത്രിമാരെ ഏൽപ്പിച്ച് അദ്ദേഹം ഇല്ലത്തേക്ക് ഗമിച്ചു.

കാറ്റിന്റെ വേഗതയിൽ ഇല്ലത്തെത്തിയ തന്ത്രികൾ അറവാതിൽ അടഞ്ഞു കിടക്കുന്നത് കണ്ട് നടുമുറ്റത്ത് അക്ഷമനായി കാത്ത് നിന്നു.

അറയിലപ്പോഴും ബോധരഹിതനായി കിടക്കുകയായിരുന്നു രുദ്ര ശങ്കരൻ.

അതിശക്തമായ സിദ്ധിവൈഭവങ്ങളുടെ പുന:രാഗിരണം ആ യുവാവിന്റെ ശരീരത്തെ കൂടുതൽ തേജസ്സുള്ളതാക്കിയിരുന്നു.

ദേവീ വിഗ്രഹത്തിൽ നിന്നും മഞ്ഞു തുള്ളിയുടെ നൈർമല്യമുള്ള ഒരു ജലകണം അടർന്ന് രുദ്രന്റെ മുഖത്ത് പതിച്ചു.

കണ്ണ് തുറന്നെഴുന്നേറ്റപ്പോൾ എല്ലാം പഴയ പോലെ തന്നെ.നിമിഷങ്ങൾ പാഴാക്കാതെ അറ തുറന്ന് പുറത്തേക്ക് കാൽ നീട്ടുമ്പോൾ സംഭവ്യമായതൊക്കെയും യാഥാത്ഥ്യമെന്നതിന് തെളിവായി ദേവി സമ്മാനിച്ച താളിയോല ഗ്രന്ഥവും ഇടം നെഞ്ചിലെ സിംഹ പാദ മുദ്രയും അവശേഷിച്ചു.

വലിയൊരു ശബ്ദത്തോടെ അറവാതിൽ തുറക്കപ്പെട്ടത് കണ്ട് മകനെ സ്വീകരിക്കാൻ ശങ്കര നാരായണ തന്ത്രികൾ ഒരുങ്ങി നിന്നു.

നീണ്ട് വളർന്ന ദീക്ഷയും തിളങ്ങുന്ന കണ്ണുകളും ബലിഷ്ഠവും തേജസ്സുറ്റതുമായ ശരീരവുമായി സൃഷ്ടിയുടെ മറ്റൊരു കലാവിരുത്തിൽ രൂപ കൊണ്ട മനുഷ്യനെപ്പോലെ അവൻ പുറത്തേക്ക് കടന്നു.

ഏഴ് നാളത്തെ നിലവറവാസം തന്റെ മകനിൽ വരുത്തിയ മാറ്റങ്ങൾ ഒരച്ഛനെന്ന നിലയിൽ ശങ്കര നാരായണ തന്ത്രിയെ ആകുലപ്പെടുത്തിയെങ്കിലും രുദ്രനിൽ നിന്നുമറിഞ്ഞ പുതുവൃത്താന്തങ്ങൾ ആ മഹാമാന്ത്രികനെ പുളകം കൊള്ളിച്ചു.

അച്ഛാ സമയമിനിയും പാഴാക്കാനില്ല.എത്രയും പെട്ടന്ന് നമുക്ക് ക്ഷേത്രത്തിലെത്തണം. അവളെ ബന്ധിക്കുക എന്നത് ഇന്നെന്റെ ആവശ്യം കൂടിയായിരിക്കുന്നു.

രുദ്രനിൽ തെളിഞ്ഞ ആവേശം പക്ഷേ ശങ്കര നാരായണ തന്ത്രിയെ കൂടുതൽ വിഷമിപ്പിച്ചു.

ഇടറിയ സ്വരത്തോടെ മകനോട് ആ അച്ഛൻ പുലർകാലേ രാശിയിൽ തെളിഞ്ഞ കാര്യമവതരിപ്പിച്ചു.

പക്ഷേ രുദ്രന്റെ മുഖത്ത് അപ്പോഴും മൗനം തിങ്ങിയില്ല.ആശങ്കകൾക്ക് സ്ഥാനമില്ല എന്ന് മാത്രം പറഞ്ഞു കൊണ്ട് ദേവിയിൽ നിന്നും ലഭ്യമായ വര പ്രസാദത്തെ നെഞ്ചോടടക്കി അവൻ ക്ഷേത്രത്തിലേക്ക് യാത്രയാവാൻ തിരക്ക് കൂട്ടി.

ഇരുവരും തിരികെ എത്തുമ്പോഴേക്കും ക്ഷേത്രത്തിൽ പണികൾ പൂർത്തിയായിരുന്നു.

പാതി പൊളിഞ്ഞ ചുറ്റു മതിലും നിറം മങ്ങിയ ബലിക്കല്ലും,പായലും ക്ലാവും വാശിയോടെ വിഴുങ്ങിയ കൽവിളക്കുമൊഴിച്ചാൽ പഴയ കാല പ്രൗഢിയൊട്ടും നശിക്കാതെ ആ മഹാക്ഷേത്രം തലയുയർത്തി നിൽക്കുന്നു.

രുദ്രനെ കണ്ടതും ആളുകൾ ഭക്തിപുരസ്സരം വഴിയൊതുങ്ങി നിന്നു.

രുദ്ര ശങ്കരൻ അൽപ്പ സമയം അവിടെ നിന്നു.നാളുകൾക്കപ്പുറം തനിക്ക് സംഭവിച്ച അപചയത്തിന്റെ മടുപ്പിക്കുന്ന ഓർമ്മ അയാളുടെ ചിന്തയിലേക്ക് കടന്ന് വന്നു.

ഒരു നിമിഷം കണ്ണടച്ച് ദുർഗ്ഗാ ദേവിയെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് രുദ്രൻ മണ്ണിലൊരു നക്ഷത്ര രൂപം വരച്ചു.

ആധിപരാശക്തിയെ പ്രാർത്ഥിച്ചു കൊണ്ട് കൈയ്യിലിരുന്ന താളിയോല ഗ്രന്ഥം നിവർത്തി ഏഴാം ഏഡിലെ മായ പ്രത്യക്ഷ മന്ത്രം ഉരുവിട്ട് കൊണ്ട് നക്ഷത്രച്ചിഹ്നത്തിന്റെ നടുവിൽ പെരുവിരലമർത്തി.

അടുത്ത നിമിഷം ഉറവ പൊട്ടിയത് പോലെ അവിടെ നിന്നു ജലം പൊങ്ങിത്തുടങ്ങി.

ചെറു ചിരിയോടെ മുഖമുയർത്തിയ രുദ്രൻ ആകാംക്ഷാഭരിതരായി തന്നെ നോക്കി നിൽക്കുന്ന അച്ഛനേയും പരി തന്ത്രിമാരെയും നോക്കി.

ഇനിയാർക്കും ആശങ്ക വേണ്ട. പുനഃപ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോളൂ.

ശ്രീകോവിൽ തുറന്ന് ചൈതന്യം നശിച്ച പഴയ ബിംബം ഇളക്കി മാറ്റുന്ന മുറയ്ക്ക് പുനഃപ്രതിഷ്ഠയ്ക്കുള്ള ദേവിയുടെ പൂർണ്ണകായ വിഗ്രഹം കണ്ട് കിട്ടും.

രുദ്രന്റെ വാക്കുകൾ തേന്മഴ പോലെയാണ് ഏവർക്കും തോന്നിയത്.

ശങ്കര നാരായണ തന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ദ്രുതഗതിയിൽ ശ്രീകോവിൽ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

നിഷ്കളങ്കയായ കന്യകയുടെ നിണം കൊണ്ട് അശുദ്ധമായ ബലിക്കല്ല് ആരൊക്കെയോ ചേർന്ന് ഇളക്കി മാറ്റി.

നാട്ടിലെ സന്നദ്ധരായ ചില ചെറുപ്പക്കാർ അതെടുത്ത് വള്ളക്കടത്ത് പുഴയിലേക്ക് തള്ളി.

ഇരു വശത്തേക്കും ചിതറി മാറിയ പുഴയുടെ കൈകൾ ആ സ്മാരക ശിലയെ തന്നിലേക്ക് വലിച്ചെടുത്തു.

ശങ്കര നാരായണ തന്ത്രികൾ കഴുകി മിനുക്കിയ സോപാനപ്പടി തൊട്ട് തൊഴുതു കൊണ്ട് കൊട്ടിയടച്ച ശ്രീകോവിന്റെ വാതിലിൽ ഒന്ന് തൊട്ടു.

പുനഃർജന്മം കാത്ത് കിടന്ന അഹല്യയെപ്പോലെ ആ വാതിൽ ഒന്ന് തേങ്ങിയോ എന്നദ്ദേഹത്തിന് തോന്നി.

വസുദേവൻ ഭട്ടതിരി വച്ച് നീട്ടിയ ആമാടപ്പെട്ടിയിൽ നിന്നും താക്കോലെടുത്ത് മണിച്ചിത്രപ്പൂട്ട് തുറക്കാൻ ശ്രമിച്ചെങ്കിലും കാലപ്പഴക്കം കൊണ്ടും അനാഥത്വം കൊണ്ടും കടുംപൂട്ട് വീണ് പോയ ആ വാതിൽ ഇഷ്ട കളിപ്പാട്ടം കിട്ടാത്ത കുട്ടിയെപ്പോലെ ഞരങ്ങി.

പൂട്ട് തുറക്കാൻ അച്ഛൻ ബദ്ധപ്പെടുന്നത് കണ്ട രുദ്ര ശങ്കരൻ അദ്ദേഹത്തിന്റെ സഹായത്തിനെത്തി.

കഠിന പരിശ്രമത്തിൽ വശം കെട്ട ആ വയോവൃദ്ധൻ പൂട്ട് തുറക്കുക എന്ന ഉദ്യമം മകന് വിട്ട് നൽകി.

ഏതൊരു തടസ്സത്തെയും അതിജീവിക്കാൻ സാക്ഷാൽ വിഘ്ന വിനായകന് മാത്രമേ സാധിക്കൂ എന്ന സത്യം അച്ഛൻ മറന്നപ്പോൾ മകൻ ഓർമ്മിച്ചു.

ക്ഷിപ്ര ഗണപതീ മന്ത്രം നൂറ്റൊന്ന് ഉരു ജപിച്ചു കൊണ്ട് രുദ്ര ശങ്കരൻ താക്കോൽ തിരിച്ചു.

ചെറിയൊരു ഞരക്കത്തോടെ പൂട്ട് തുറക്കപ്പെട്ടു.മകന്റെ കഴിവുകൾ തന്നെക്കാൾ മെച്ചപ്പെട്ടതിൽ ശങ്കര നാരായണ തന്ത്രികൾ അഭിമാനിച്ചു.

ക്ഷേത്രത്തിൽ ഒരുക്കങ്ങൾ തകൃതിയാവുമ്പോൾ മംഗലത്ത് തറവാട്ടിലെ ഒഴിമുറിയിൽ ലക്ഷ്മി വെടിയേറ്റ വെരുകിനെപ്പോലെ ഉഴറി നടന്നു.

യാഥാർഥ്യത്തിൽ ലക്ഷ്മിയിൽ ആവേശിച്ച ശ്രീപാർവ്വതിക്ക് ക്ഷേത്രത്തിൽ അരങ്ങേറുന്ന കാര്യങ്ങൾ അസ്വസ്ഥത ഉളവാക്കുകയായിരുന്നു.

രുദ്ര ശങ്കരൻ ശ്രീകോവിലിന്റെ വാതിൽ ശക്തിയിൽ അകത്തേക്ക് തള്ളി.

പെട്ടെന്നു പ്രകൃതിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഉരുണ്ട് കൂടിയ കാർമുകിൽ ഗർജ്ജിച്ചു.

വെള്ളിനൂൽ പോലെയുള്ള മഴയ്ക്കൊപ്പം വെണ്മയുള്ള പ്രഭയോട് കൂടി ഒരു കൊള്ളിയാൻ മിന്നി.

ആദ്യം മടിച്ചു നിന്ന വാതിൽ കര കര ശബ്ദത്തോടെ മലർക്കെ തുറക്കപ്പെട്ടതും ശ്രീപാർവ്വതി ലക്ഷ്മിയുടെ ശരീരത്തിൽ നിന്നും എടുത്തെറിഞ്ഞത് പോലെ പുറത്തേക്ക് തെറിച്ചു.

അവളുടെ മുഖം വികൃതമായി. പല്ലുകൾ പുറത്തേക്ക് വളർന്നു. വിശ്വരൂപം കൈക്കൊണ്ടവൾ മംഗലത്ത് തറവാടിന്റെ മുറ്റത്ത് ഉഴറി.

കുമാരന്റെയും രാഘവന്റെയും മരണം മാനസികമായി തളർത്തിയ കൃഷ്ണ മേനോൻ പൂമുഖത്തെ ചാരു കസേരയിൽ കണ്ണടച്ച് കിടന്നു.

ക്ഷേത്രത്തിൽ നടക്കുന്ന വിശേഷങ്ങൾ അപ്പപ്പോൾ തന്നെ അയാൾ അറിയുന്നുണ്ടായിരുന്നു.

ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ തടസ്സമില്ലാതെ നടക്കുമെന്നറിഞ്ഞിട്ടും അയാളുടെ മനസ്സ് സ്വസ്ഥത കൈവരിച്ചില്ല.

കൂട്ടാളികളുടെ മരണത്തിനപ്പുറം തന്നിലേക്കുള്ള ശ്രീപാർവ്വതിയുടെ ദൃഷ്ടിയെപ്പറ്റിയുള്ള ചിന്ത അയാളുടെ മനസ്സ് അസ്വസ്ഥമാക്കി.

ചിന്താഭാരത്താൽ അടഞ്ഞു തുടങ്ങിയ കണ്ണുകൾക്കിടയിലൂടെ പടിപ്പുര കടന്ന് വരുന്ന വ്യക്തിയെക്കണ്ടതും ഉറക്കം മറന്നയാൾ ചാടിയേറ്റു.

നിറഞ്ഞ ചിരിയോടെ കടന്ന് വന്ന കാളകെട്ടിയിലെ തന്ത്രിമാരുടെ കൈക്കാരൻ ദേവദത്തൻ പഴയ പോലെ തന്നെ മുറ്റത്ത് നിന്ന് ആഗമനോദ്ദേശം അറിയിച്ചു.

മേനോൻ അദ്ദേഹം കാര്യങ്ങൾ അറിഞ്ഞുവല്ലോ.ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നടക്കുകയാണ്.ഈ സമയം താങ്കൾ കൂടി പങ്കെടുക്കണമെന്ന് വല്ല്യ തിരുമേനി അറിയിച്ചു.

ഓ.അതിനെന്താ ഇപ്പോൾ തന്നെ പോകാം.മേനോൻ സന്നദ്ധത അറിയിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.

ഒരു നിമിഷം,പെട്ടെന്ന് ദേവദത്തൻ അയാളെ കൈയ്യുയർത്തി തടഞ്ഞു.

ഇപ്പോൾ ധരിച്ചിട്ടുള്ള ഈ രക്ഷ ഊരി പൂജാമുറിയിലെ വിളക്കിന് മുൻപിൽ വച്ചിട്ട് വരാൻ അറിയിച്ചിട്ടുണ്ട്.

മേനോൻ ഒരു നിമിഷം സംശയത്തോടെ ദേവദത്തന്റെ മുഖത്തേക്കും തന്റെ കഴുത്തിലെ രക്ഷയിലേക്കും മാറി മാറി നോക്കി.

നമുക്ക് സമയമില്ല.എത്രയും വേഗം അവിടേക്ക് എത്താനാണ് അറിയിച്ചത്.ദേവൻ തിരക്ക് കൂട്ടി.

മനസ്സില്ലാ മനസ്സോടെ കൃഷ്ണ മേനോൻ അയാൾ പറഞ്ഞതനുസരിച്ചു കൊണ്ട് രക്ഷ ഊരി പൂജാമുറിയിൽ വച്ച് പുറത്തേക്ക് നടന്നു.
തുടരും.

NB: നോവലിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ചേർത്തിട്ടുള്ള മന്ത്രങ്ങൾ ഗുരുമുഖത്ത് നിന്നും അഭ്യസിക്കാതെ ഉപയോഗിക്കാൻ പാടില്ല.

മറ്റേതെങ്കിലും രീതിയിൽ അവ ഉപയോഗിച്ചാൽ ഉണ്ടാവുന്ന ഭവിഷ്യത്തുകൾക്ക് എനിക്ക് ഉത്തരവാദിത്വമില്ല.