രക്തരക്ഷസ്സ് 5
Raktharakshassu Part 5 bY അഖിലേഷ് പരമേശ്വർ
previous Parts
ഇല്ല്യാ, ദേവീടെ സ്വത്ത് ഞാൻ എടുത്തൂന്നോ,ഒരിക്കലുമില്ല. എന്നെ വിശ്വസിക്കണം.ദയവായി എന്നെ വിശ്വസിക്കൂ. ഞാൻ ചെയ്തിട്ടില്ല.
മൂന്ന് പൂജ തൊഴുത് ഞാൻ വിളിക്കണ ഈ ദേവി സത്യം ഞാൻ കള്ളനല്ല. ഞാൻ കള്ളനല്ലാ. മേനോൻ അദ്ദേഹം എന്നെ വിശ്വസിക്കണം.
ഹയ്, ദേവീടെ മുതൽ കക്കുക എന്നിട്ട് പിടിച്ചപ്പോ ഇല്ല്യാന്ന് കള്ള സത്യം ചെയ്യുന്നോ.
മേനോൻ കലിതുള്ളി. ഇനി ഒരക്ഷരം മിണ്ടിയാൽ നാവ് ഞാൻ പിഴുതെടുക്കും.
പെട്ടന്ന് വണ്ടി ഒന്ന് കുലുങ്ങി, മേനോൻ ഞെട്ടി കണ്ണ് തുറന്നു. വണ്ടി ഒരു വലിയ പടിപ്പുരയ്ക്ക് മുൻപിൽ നിൽക്കുന്നു.
പടിപ്പുരയുടെ മുകളിൽ വലിയ അക്ഷരങ്ങളിൽ കാളകെട്ടി എന്ന് ആലേഖനം ചെയ്തിരിക്കുന്നു.
അഭി അകത്തേക്ക് നോക്കി ആകെ കാട് പിടിച്ചു കിടക്കുന്നു. ഉണ്ണീ ഇറങ്ങാം. ഇങ്ങട് ആരും വരില്ല, നമ്മൾ അങ്ങോട്ട് ചെല്ലണം.
മൂവരും പടിപ്പുര കടന്ന് അകത്തേക്ക് നടന്നു. ഉണ്ണീ അതാണ് മാന്ത്രികപ്പുര, അവിടെ നിന്നാണ് കൈകര ഭഗവതി എന്ന മൂർത്തിയെ ഇവിടുത്തെ വല്ല്യ തിരുമേനി എടുത്തെറിഞ്ഞത്.
അഭി കൃഷ്ണ മേനോൻ കൈ ചൂണ്ടിയ ദിക്കിലേക്ക് നോക്കി, ചുറ്റി പിണഞ്ഞു കിടക്കുന്ന കാട്ടു വള്ളികൾക്കിടയിൽ മാന്ത്രികപ്പുര.
മൂർത്തിയെ എടുത്തെറിയുകേ, എന്താപ്പോ അങ്ങനെ. അഭി ആകാംഷയോടെ മേനോനെ നോക്കി.
അതൊരു വല്ല്യ കഥയാണ് കുട്ടീ. നിന്റെ അറിവിലേക്ക് ചുരുക്കി പറയാ.
പണ്ട്, പണ്ട് എന്നു വച്ചാല്‍ വളരെപ്പണ്ട്. ഒരു ദിവസം തിരുമേനി കുളി കഴിഞ്ഞു പൂജ ചെയ്യുന്ന സമയം തിരുമേനിയുടെ കുഞ്ഞുണര്‍ന്നു കരഞ്ഞു.
അകത്തുള്ളവരൊക്കെ എന്തോ തിരിക്കിലാവണം. കുഞ്ഞു നിര്‍ത്താതെ കരഞ്ഞിട്ടും ആരും കരച്ചിലടക്കാനെത്തിയില്ല. നമ്പൂതിരിക്ക് ദേഷ്യം വന്നു.
അതിനെ അടക്കാനാരുമില്ലേ എന്ന് തന്ത്രി ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം കുഞ്ഞിന്റെ കരച്ചില്‍ നിന്നു.
പൂജ കഴിഞ്ഞ് പുറത്തിറങ്ങിയ നമ്പൂതിരി നടുങ്ങിപ്പോയി. ഇല്ലപ്പറമ്പിലെ കാഞ്ഞിര മരത്തില്‍ കൊന്നു കെട്ടിത്തൂക്കിയ നിലയില്‍ കുഞ്ഞിന്റെ ശരീരം.
കൈകര ഭഗവതിയുടെ സ്ഥാനത്തെ പള്ളിവാളില്‍ നിന്നും ഇറ്റുവീഴുന്ന ചോരത്തുള്ളികള്‍ കണ്ട താന്ത്രികൾക്ക് കാര്യം മനസ്സിലായി.
അടക്കാനാരുമില്ലേ എന്ന തന്റെ ചോദ്യത്തിന്റെ ഉത്തരം ഭഗവതി നടപ്പിലാക്കിയിരിക്കുന്നു. കുഞ്ഞിനെ കൊന്ന് കരച്ചില്‍ അടക്കിയിരിക്കുന്നു.
കോപത്താല്‍ സമനില തെറ്റിയ നമ്പൂതിരി ഭഗവതിയുടെ ശക്തി കുടിയിരിക്കുന്ന വാളു വലിച്ചെടുത്ത് തൊട്ടരിരികലെ പുഴയിലേക്കെറിഞ്ഞു.
അഭി പിന്നെ ഒന്നും മിണ്ടിയില്ല. എത്തിച്ചേർന്ന സ്ഥലം അത്ര കണ്ട് നിസ്സാരമല്ല എന്ന് അയാൾക്ക് തോന്നി.
അവർ ഇല്ലത്തിന്റെ മുറ്റത്തെത്തി. കാടും വള്ളികളും നിറഞ്ഞ മുറ്റം നിറയെ കരികിലകൾ വീണു കിടക്കുന്നു. ചുറ്റും ഇരുട്ട് പരന്നത് പോലെ, ഒറ്റ നോട്ടത്തിൽ ആൾപ്പാർപ്പില്ലാ എന്ന് തോന്നും.
ഇതൊരു ഭാർഗ്ഗവീ നിലയം പോലുണ്ടല്ലോ,അഭി അത് പറഞ്ഞു തീർക്കും മുൻപേ കിഴക്കൻ കാറ്റ് ആഞ്ഞു വീശാൻ തുടങ്ങി.
ഇല്ലത്തിന്റെ സമീപം നിന്ന മരങ്ങൾ ബാധ ആവേശിച്ചത് പോലെ ഉറഞ്ഞു തുള്ളി. കരികിലകൾ പറന്നുയർന്നു. അഭിക്ക് ഒന്നും കാണാൻ സാധിച്ചില്ല.
താൻ പറന്നു പോകും പോലെ അയാൾക്ക് തോന്നി. പെട്ടന്ന് ആരോ പിടിച്ചു നിർത്തിയത് പോലെ കാറ്റ് ശമിച്ചു.
കണ്ണ് തിരുമി മുന്നോട്ടു നോക്കിയ അഭി ഇല്ലത്തിന്റെ പൂമുഖത്തെ ചാരു കസേരയിൽ ഒരാൾ ഇരിക്കുന്നത് കണ്ടു.
ആദ്യം അങ്ങനെ ഒരാൾ അവിടെ ഉണ്ടായിരുന്നില്ല, ഇപ്പോൾ എവിടെ നിന്നും വന്നു. അഭിയുടെ മനസ്സ് ചിന്തിതമായി.
ആ മനുഷ്യൻ തങ്ങളെ തന്നെയാണ് നോക്കുന്നത് എന്ന് അഅയാൾക്ക് മനസ്സിലായി.
കൃഷ്ണ മേനോനും കുമാരനും വേഗം ചെന്ന് ആ മനുഷ്യന്റെ കാല് തൊട്ട് നമസ്കരിച്ചു. അഭിമന്യുവിന് ഒന്നും മനസിലായില്ല. അഭി അയാളെ ആകെ ഒന്ന് നോക്കി.
പ്രായം 80- 85 തോന്നിക്കും. നീണ്ട മുടി ഒതുക്കി ഒരു സൈഡിൽ കെട്ടിയിരിക്കുന്നു. ഒതുങ്ങിയിരിക്കുന്ന താടി, മീശ വെട്ടി ഒതുക്കി പിരിച്ചു വച്ചിരിക്കുന്നു.
വെള്ള മുണ്ടാണ് വേഷം, അതിനു മുകളിൽ ചുവന്ന പട്ടുടുത്തിരിക്കുന്നു. കഴുത്തിൽ രുദ്രാക്ഷ മാല.
കൈയ്യിൽ എന്തൊക്കെയോ ജപിച്ചു കെട്ടിയിട്ടുണ്ട്. ഇടം കൈയ്യിൽ നാഗമുദ്രയുള്ള മോതിരം.
നെറ്റിൽ നീട്ടി വരച്ച ഭസ്മക്കുറി,നടുവിൽ ചന്ദനവും കുങ്കുമവും.
കസേരയിൽ ഇരുന്ന ആൾ പതിയെ എഴുന്നേറ്റു. കൃഷ്ണ മേനോനും കാര്യസ്ഥനും ഭയ ഭക്തി ബഹുമാന പൂർവ്വം ഒതുങ്ങി നിന്നു. അയാൾ അഭിയെ കൈ കാട്ടി വിളിച്ചു. അഭി പതിയെ അകത്തേക്ക് കയറി.
അഭിമന്യു, അമാവാസിയിൽ മൂന്നാം പാദത്തിൽ ജനനം. തിരുവോണം നക്ഷത്രം. ഒന്നിനെയും വകവയ്ക്കാത്ത പ്രകൃതം. തന്നെക്കുറിച്ച് അയാൾ പറഞ്ഞത് കേട്ട് അഭി ഞെട്ടി.
മിണ്ടാതെ നിന്ന കൃഷ്ണ മേനോൻ അഭിയുടെ മുഖത്തെ പകപ്പ് കണ്ട് ചിരിക്കുക മാത്രം ചെയ്തു.
ഇങ്ങോട്ടുള്ള യാത്രാ മദ്ധ്യേ താൻ പറഞ്ഞ ഫ്രോഡ്കളിൽ ഒരാൾ ഞാനാണ്, പേര് ശങ്കര നാരായണ തന്ത്രി. എങ്ങനെ ഉണ്ട് എന്റെ ഭാർഗ്ഗവീ നിലയം?.
തന്ത്രികളുടെ മുൻപിൽ താൻ ഉരുകിപ്പോകും പോലെ അഭിക്ക് തോന്നി. ഒന്നും മിണ്ടാതെ അയാൾ തല താഴ്ത്തി നിന്നു.
കൃഷ്ണ മേനോന്റെ വാക്കുകൾ അഭിയുടെ മനസ്സിലേക്ക് കടന്നു വന്നു. വല്ല്യച്ഛൻ പറഞ്ഞത് എത്രയോ ശരിയാണ്.
മ്മ് മൂവരും കൈ കാൽ കഴുകി വരിക. യാത്ര കഴിഞ്ഞു വന്നതല്ലേ സംഭാരം കുടിച്ചു ക്ഷീണം മാറ്റിയതിന് ശേഷം അറയിലേക്ക് വന്നോളൂ. തന്ത്രി അകത്തേക്ക് കടന്നു.
ദാഹമകറ്റി തന്ത്രിയുടെ അറയിലേക്ക് നടക്കുമ്പോൾ അഭിമന്യുവിന്റെ കണ്ണുകൾ കൃഷ്ണ മേനോൻ പറഞ്ഞ ദേവീ വിഗ്രഹം തേടുകയായിരുന്നു.
എങ്ങനെയെങ്കിലും ഇവിടുത്തെ ചാത്തനെ ഒന്ന് കാണണം. മേനോൻ അറിഞ്ഞാൽ അനുവദിക്കില്ല എന്ന് അഭിക്ക് ഉറപ്പായിരുന്നു.
അത് കൊണ്ട് അവരിരുവരെയും ഒഴിവാക്കാൻ അഭി ഒരു വഴി കണ്ടെത്തി.
ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വരാം കൃഷ്ണ മേനോനോട് അങ്ങനെയൊരു കള്ളം പറഞ്ഞ് അഭി അവിടെ നിന്നും മാറി.
ഒടുവിൽ പടിഞ്ഞാറ്റയോട് ചേർന്നുള്ള മറ്റൊരു ഇടനാഴി അയാളുടെ കണ്ണിൽപ്പെട്ടു.
അവിടെ ദുർഗ്ഗ ദേവിയുടെ പൂർണ്ണകായ വിഗ്രഹം, ദേവിയുടെ കൈകൾക്കിടയിലൂടെ അകത്തേക്ക് അരിച്ചിറങ്ങുന്ന നെയ്യ് വിളക്കിന്റെ ചെറിയ പ്രകാശം.
അഭി അങ്ങോട്ടേക്ക് സൂക്ഷിച്ചു നോക്കി, ദേവിയുടെ പിന്നിൽ നിന്നും ആരോ തന്നെ തുറിച്ചു നോക്കുന്നത് പോലെ അയാൾക്ക് തോന്നി.
അൽപ്പം കൂടി അടുത്തേക്ക് നീങ്ങി അയാൾ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. തോന്നലല്ല ആരോ അവിടെ നിന്നും തന്നെ തുറിച്ചു നോക്കുന്നുണ്ട് എന്ന് അഭിക്ക് ഉറപ്പായി.
ആരാ അത് ഉള്ളിൽ അൽപ്പം ധൈര്യത്തോടെ അഭി വിളിച്ചു ചോദിച്ചു. ചോദ്യത്തിന് ഉത്തരമെന്നോണം ഒരു ചിരി ഉയർന്നു. പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി.
#തുടരും