ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 9

ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 9
Bahrainakkare Oru Nilavundayirunnu Part 9 | Previous Parts

വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങി വണ്ടിക്കരികിലേക്ക് നടക്കുന്ന ഞാൻ സൗദിയിലേക്കുള്ള എന്റെ ആദ്യത്തെ യാത്രയിൽ എന്നെ ഉറങ്ങാതെ കാത്ത് നിന്ന് യാത്രയാക്കിയ എന്റെ റൈഹാനത്തില്ലാത്ത അവളുടെ വീടിന് മുന്നിലൂടെ പോയപ്പോൾ അവളവിടെ ഇല്ലെന്നറിയാമെങ്കിലും വെറുതെയാ ജനലിനരികത്തേക്ക് നോക്കി ഞാൻ മുന്നോട്ട് നടന്നു. ജീപ്പ് നിർത്തിയിട്ട സ്ഥലത്തേക്കെത്തിയതും ഉപ്പ കാണാതെ നിറഞ്ഞൊലിച്ച കണ്ണുകൾ പെട്ടെന്ന് തുടച്ച് ഉപ്പയുടെ അടുത്തേക്ക് കയറിയിരുന്നു.

ജീപ്പ് ഡ്രൈവർ നാട്ടുകാരനും, കൂട്ടുകാരനുമായ ഷറഫു എല്ലാവരും കയറിയതോടെ ” ന്നാ പോവല്ലേ ” എന്നും പറഞ്ഞ് ബിസ്മി ചൊല്ലി വണ്ടി സ്റ്റാർട്ട് ചെയ്തു . യാത്രയായി തുടങ്ങുമ്പോൾ കളിച്ച് വളർന്ന പരിസരങ്ങളോട് വിട പറയുന്ന കാഴ്ച എന്നെ കാണിക്കാതിരിക്കാൻ ഇരുട്ട് ശ്രമിക്കുന്നത് പോലെ തോന്നി.

പ്രവാസം മടുപ്പുണ്ടാക്കുമെങ്കിലും ചില നേരത്ത് അതൊരു വല്ലാത്ത ആശ്വാസമാണ് … എന്നെപ്പോലെ ആരോടും പറയാൻ കഴിയാത്ത വിഷമങ്ങൾ അനുഭവിക്കുന്നവർക്ക് പ്രവാസമെന്ന വിലങ്ങുകളില്ലാത്ത ജയിലറ നൽകുന്ന ഒറ്റപ്പെടൽ ഒരാശ്വാസം തന്നെയാണ്.

പിറന്ന മണ്ണ് കാണിച്ച സ്വപ്‌നങ്ങൾ പൂവണിയിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് നാട് കൈ മലർത്തുമ്പോൾ സഹായിക്കാൻ മാത്രമല്ല പറയാതെ വരുന്ന ജീവിതാനുഭവങ്ങളെ മറച്ച് വെക്കാനും ആ ചൂട് പതക്കുന്ന ഗൾഫെന്ന ബർക്കത്ത്ന്റെ നാട് സഹായിക്കാറുണ്ട്‌.

ആരും സംസാരിക്കാതിരിക്കുന്ന വണ്ടിയിൽ ഉപ്പയാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്. മകന്റെ മടങ്ങി പോക്ക് കണ്ട് ദുഖങ്ങളൊരുപാടുണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഉപ്പ ഓരോ കഥകൾ പറഞ്ഞ് ഞങ്ങളെ ചിരിപ്പിച്ചു കൊണ്ടിരുന്നു. ഉപ്പ അങ്ങനെയായിരുന്നു സങ്കടങ്ങളോടും, ജീവിതത്തോടും ഒറ്റക്ക് പോരാടും ജയിച്ചാലും തോറ്റാലും ആരേയും അറിയിക്കില്ല.

വിഷമങ്ങൾ ഒറ്റക്കനുഭവിച്ച് ആരോടും പറയാതെ നടക്കുന്ന എന്റെ സ്വഭാവം ഉപ്പയുടേതാണെന്ന് ഉമ്മ എപ്പോഴും പറയാറുണ്ട്‌. താങ്ങും തണലുമായി ഒരായുസ്സിന്റെ പകുതിയിലേറെയും പിന്നിട്ട് ഉപ്പാന്റെ കൂടെയുള്ള ഉമ്മാക്കല്ലാതെ ആർക്കാണ് ഉപ്പാനെ മനസ്സിലാവുക .

ഉപ്പ വണ്ടിയിലിരുന്ന് പണ്ട് ഗള്ഫിലേക്ക് പോയതും വന്നതുമെല്ലാം രസം കലർത്തി പറയുന്നത് കേട്ടിരിക്കുമ്പോൾ ഞാനെന്റെ ദുഃഖങ്ങൾ കുറച്ച് നേരത്തേക്കെങ്കിലും മറന്നിരുന്നു. ഉപ്പാക്ക് ഒരു പ്രത്യേക കഴിവാണ് ജീവിതം പറയാൻ. അനുഭവങ്ങളിൽ നിന്ന് കനലോളം വെന്തത് മാറ്റി വെച്ച് മധുരമുള്ളത് മാത്രം നുള്ളിപ്പെറുക്കിയെടുത്ത് പറഞ്ഞ് തന്ന് ഉപ്പയെന്റെ മനസ്സ് മാറ്റുകയാണെന്ന് എനിക്കാ നേരത്ത് അറിയില്ലായിരുന്നു കാരണം ഞാനെത്ര വളർന്നാലും

ഉപ്പാന്റെ അടുത്തിരിക്കുമ്പോൾ ഇന്നും കുട്ടിയാണ്.

കിഴക്ക് നിന്നും
ഉദയ സൂര്യന്റെ വരവറിയിച്ചു കൊണ്ട് നേരം പതുക്കെ വെളുത്ത് തുടങ്ങിയിരിക്കുന്നു.

കരിപ്പൂരിലേക്ക് പായുന്ന വണ്ടിയിലിരുന്ന് ഉപ്പയും ഷറഫുവും പല വിശേഷങ്ങളും പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ വിമാന താവളം എത്താറായി എന്ന സൂചന പോലെ സിഗ്നൽ ലൈറ്റുകൾ ദൂരെ നിന്നും ഞാൻ കണ്ടപ്പോൾ അറിയാതെയാണെങ്കിലും എന്റെ ഹൃദയമിടിപ്പും കൂടി കൊണ്ടിരുന്നു.

ഗള്ഫിലേക്ക് പോകുന്നവന്റെ സിറാത്ത് പാലമാണല്ലോ എയർപോർട്ട്. അതിലൂടെ ചിലർ പ്രതീക്ഷിക്കാതെ സ്വർഗ്ഗത്തിലേക്ക് എത്തും . മറ്റു ചിലർ ചെയ്ത പാപങ്ങളെന്താണെന്നറിയാതെ നരകത്തിലേക്കും ചെന്നെത്തുന്നു .

പ്രവാസി എത്ര തവണ ഗൾഫിൽ പോയി വന്നാലും തിരിച്ചു പോകുമ്പോൾ വല്ലാത്തൊരു മനസ്സായിരിക്കും . സാഹചര്യങ്ങളും, പ്രാരാബ്ധങ്ങളും നാട്ടിൽ നിന്നും പിടിച്ചുന്തുകയും, ഇരട്ടി മൂല്യമുള്ള റിയാലിന്റെയും, ദിർഹംസിന്റെയും വശീകരണ ശേഷിയുള്ള മൊഞ്ച് നമ്മളെ വലിച്ചങ്ങനെ കൊണ്ട് പോവുകയും ചെയ്യും. പക്ഷേ എനിക്കപ്പോഴും നാട്ടിൽ നിന്നും പോകുന്ന സങ്കടമല്ലായിരുന്നു. പേടിപ്പിച്ച് വിട്ട ജീവിതാനുഭവങ്ങളുടെ മുഖം മനസ്സിനെ അപ്പോഴും വല്ലാതെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്നുണ്ടായിരുന്നു .

അടുത്തിരിക്കുന്ന ഉപ്പയുടെ തോളിലേക്ക് കുറച്ചു നേരം തലവെച്ചങ്ങനെ കിടന്നു. ഈ ദുനിയാവിൽ എനിക്ക്‌ കിട്ടിയ ഉപമകളില്ലാത്ത രണ്ടനുഗ്രഹങ്ങളാണ് എന്റെ ഉപ്പയും, ഉമ്മയും.

ഐർപോർട്ടിലേക്ക് എത്തുന്നതിന് മുൻപ്‌ ഇടക്കൊരു ചായ കുടിക്കാൻ വണ്ടിയിൽ നിന്നുമിറങ്ങിയപ്പോഴാണ് ഉമ്മ വീട്ടിൽ നിന്നും വിളിക്കുന്നത് ഫോണെടുത്ത് ഹെലോ പറഞ്ഞപ്പോൾ എവിടെ എത്തി എന്ന് ചോദിക്കാൻ വിളിച്ചതാണെന്ന് ഉമ്മ പറഞ്ഞെങ്കിലും വീട്ടിലിരുന്ന് എന്റെ അവസ്ഥയറിയാതെ പിടിച്ച് നിൽക്കാൻ കഴിയാഞ്ഞിട്ടായിരുന്നു ആ വിളിയെന്ന് സംസാരത്തിൽ നിന്നും മനസ്സിലായി.

പരിഭവങ്ങൾ പുറത്തേക്ക് കാണിക്കാതെ ഞാനവിടെ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞ് ഫോൺ വെച്ച് ഞാൻ വീണ്ടും വണ്ടിയിലേക്ക് കയറി.കൂടുതൽ വൈകാതെ ഞങ്ങൾ വിമാനത്താവളത്തിലേക്ക് പ്രവേശിച്ചു .

സൌദിയിലെ എന്റെ റൂമിൽ കൂടെയാരും ഇല്ലാത്തതിനാൽ ഭക്ഷണ സാധനങ്ങൾ ഒന്നും തന്നെ കയ്യിലുണ്ടാവാറില്ല. പിന്നെ എന്തെങ്കിലും കൊണ്ട് പോകാൻ മാത്രം സന്തോഷം വേണ്ടേ മനസ്സിൽ. ഒന്നും ഉമ്മയോട് ഉണ്ടാക്കാൻ പറഞ്ഞില്ല .

ഡ്രസ്സ്‌ നിറച്ച ഹാൻഡ് ബേഗ് വണ്ടിയിൽ നിന്നെടുത്ത് അവസാനമായി ഉപ്പയുടെ കൈ പിടിച്ചു. ‘പോയി വരട്ടെ ‘ എന്ന് ഇടറിയ സ്വരത്തിൽ ചോദിച്ചപ്പോൾ ഉപ്പ എന്നെ പിരിയുന്ന വേദന താങ്ങാൻ കഴിയാഞ്ഞിട്ട് മുഖത്തേക്ക് നോക്കാതെ തലയാട്ടി.

എയർപോർട്ടിന്റെ ഒരു ഭാഗത്ത് പുഞ്ചിരിച്ച് സന്തോഷത്തോടെ മടങ്ങി വരുന്നവരും അവരെ പ്രതീക്ഷിച്ച് കാത്ത് നിൽക്കുന്നവരുമാണെങ്കിൽ , മറു ഭാഗത്ത് പ്രാണൻ പോകുന്ന വേദനയോടെ, കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മടങ്ങി പോകുന്ന പ്രവാസികളും അവരെ യാത്രയാകുന്ന അവരുടെ ബന്ധുക്കളുമായിരിക്കും . എല്ലാം കണ്ട് താങ്ങാൻ കഴിയാതെ സഹിച്ച് നിൽക്കുകയാണെന്ന് തോന്നിപ്പിക്കുന്ന എയർപോർട്ടിനുള്ളിലേക്ക് കൂടെ വന്നവരോട് യാത്ര പറഞ്ഞ് ഞാൻ നടന്നു .

അകത്തേക്ക് കയറി ഗ്ലാസ്സിനുള്ളിലൂടെ ഉപ്പയെ ഒന്നും കൂടി കാണാൻ പുറത്തേക്ക് നോക്കിയപ്പോൾ ആളുകൾക്കിടയിലൂടെ കാണുന്ന ജീപ്പിനരികിൽ നിന്ന് കണ്ണ് തുടച്ച് ഉള്ളിലേക്ക് പോയ മോനെ നോക്കി നിൽക്കുന്ന ഉപ്പയെ കണ്ടതും കൂടുതലാ കാഴ്ച്ച കണ്ടു നിൽക്കാൻ എനിക്ക്‌ കഴിഞ്ഞില്ല.

ലൈനിൽ നിന്ന് പെട്ടെന്ന് ബോർഡിങ് പാസ് വാങ്ങി ഉപ്പാക്ക് വിളിച്ച് അവരോട് വീട്ടിലേക്ക് പോകാൻ പറഞ്ഞ് ഞാൻ ഫ്‌ളൈറ്റ് വെയ്റ്റ് ചെയ്യുന്ന ഭാഗത്തേക്ക് നടന്നു . എമിഗ്രെഷൻ ചെക്കിങ് എല്ലാം കഴിഞ്ഞതും യാത്രക്കാർ ഇരിക്കുന്ന ഭാഗത്തേക്ക് ചെന്ന് സൗദിയിലേക്ക് കൂടെ പോകാനൊരുങ്ങി വരുന്നവരെയും നോക്കി അവിടെയിരുന്നു .

‘കിട്ടിയ ലീവിൽ
കെട്ടിയ പെണ്ണിന്റെ കൂടെ നിന്ന് മതിവരാതെ യാത്ര പറഞ്ഞിറങ്ങുമ്പോൾ വിരഹത്തിന്റെ നാട്ടിൽ ചെന്ന് ഫോണിന്റെ രണ്ടറ്റത്തിരുന്ന് സ്നേഹിക്കാൻ വിധിക്കപ്പെട്ട തന്റെ മാരനെ പിരിയാൻ കഴിയാതെ കാണ്ണീരൊഴുക്കി നിൽക്കുന്ന പ്രിയതമയെ നെഞ്ചോട് ചേർത്ത്
പിടിച്ചാശ്വസിപ്പിച്ച് പോയി വരാമെന്നു പറഞ്ഞിറങ്ങുന്നത് സ്വപ്നം കണ്ട് നാട്ടിലെത്തി വിവാഹം കഴിച്ച എനിക്ക്‌ വിധിയേൽപ്പിച്ച തിരിച്ചടികൾ ആ നേരത്തും വന്ന് മനസ്സിനെ അസ്വസ്ഥനാക്കിയപ്പോൾ ഞാനാ സീറ്റിൽ നിന്നും എഴുന്നേറ്റ് കുറെ അങ്ങോമിങ്ങോട്ടും നടന്നു.’

കൂടുതൽ വൈകിയില്ല യാത്രക്കാരോട് ലൈനിൽ നിൽക്കുവാനും ഫ്‌ളൈറ്റ് വന്നിട്ടുണ്ടെന്നുമുള്ള അനൗൺസ് കേട്ടതോടെ ഞാൻ ഹാൻഡ് ബേഗുമെടുത്ത് ഫ്ളൈറ്റിലേക്ക് നടന്നു.

നാട്ടിലേക്ക് നമ്മളിപ്പോൾ പോകുന്നത് പോലെയുള്ള ഒരു സന്തോഷമൊന്നും ലീവ് കഴിഞ്ഞ് തിരിച്ച് വരുമ്പോൾ കിട്ടില്ല. ആരെങ്കിലും ഒന്ന് തടഞ്ഞിരുന്നെങ്കിൽ അവരെ അനുസരിക്കാമായിരുന്നു എന്നല്ലാം നമുക്ക് തോന്നി പോകുന്ന നിമിഷങ്ങളാണ് ഗള്ഫിലേക്ക് തിരികെ വരുമ്പോൾ നമുക്കുണ്ടാവുക.